പേഞ്ഞാളും എന്നത് അത്ര ഗുരുതരമായ കുറ്റമോ അസുഖമോ ഒന്നുമല്ല.
മല്‍ബു അത് പഠിച്ചതും പയറ്റുന്നതും പ്രവാസ ലോകത്താണ്.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ് എന്നൊക്കെ ചൊല്ലി പഠിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ മല്‍ബു പേഞ്ഞാളനല്ല. ഒന്നിനും വിലപേശില്ലെന്നര്‍ഥം. അങ്ങനെയെങ്ങാനും ഒരു മല്‍ബു നാട്ടിലെത്തിപ്പെട്ടാല്‍ ചുറ്റുമുള്ളവര്‍ മൂക്കത്തു വിരല്‍വെക്കും.
തല്ലിക്കൊല്ലണമെന്ന് മീന്‍കാരും ഇറച്ചിക്കാരും ആശാരിമാരും വിധിയെഴുതും.
നാട്ടില്‍ മല്‍ബുവിനില്ലാത്ത പേരുദോഷങ്ങളൊന്നുമില്ല. കൂലി വര്‍ധിപ്പിച്ചവന്‍, മീനിന് വില കയറ്റിയവന്‍ തുടങ്ങി എത്രയോ അപകീര്‍ത്തികള്‍.
പക്ഷേ, വിയര്‍പ്പൊഴുക്കുന്ന നാട്ടില്‍ പേഞ്ഞാളനാകാതെ തരമില്ലല്ലോ. പേയാതെ എങ്ങനെ മറുനാട്ടില്‍ കാത്തിരിക്കുന്നവര്‍ക്ക് പുഞ്ചിരി സമ്മാനിക്കും?
ലിമോസിന്‍ ജോലി എങ്ങനുണ്ട്?
പാരകളുടെ ഇരയായി വലിയ ഫാക്‌ടറിയിലെ ജോലി നഷ്‌ടപ്പെട്ട ശേഷം ലിമോസിന്‍ കമ്പനിയില്‍ അഭയം തേടിയ മല്‍ബുവിനോടാണ് ചോദ്യം.
മനസ്സമാധാനം തന്നെ പ്രധാനം. ബോസ് ചമയുന്ന മല്‍ബുകളെ കാണേണ്ടതില്ലല്ലോ. കുത്തിത്തിരിപ്പില്‍നിന്നും പാരകളില്‍നിന്നും മോചനം. പണിയെടുത്താല്‍ മെച്ചം തന്നെയാ. നടുവേദന വന്ന് വെറുതെ ഇരുന്നാല്‍ അന്ന് കമ്പനിയില്‍ അടക്കേണ്ട കാശ് വെറെ കാണണം.
പിന്നെ മല്‍ബുകളും ഈ നാട്ടുകാരും കയറാതിരുന്നാല്‍ മതി.
അതെന്താ അങ്ങനെ?
പേഞ്ഞാളൂന്നേ. കിട്ടുന്നെങ്കില്‍ യൂറോപ്യന്മാരെ കിട്ടണം. മറ്റേതു നാട്ടുകാരായാലും കൊള്ളാം. മല്‍ബുകളെ വേണ്ട.
യൂറോപ്യരുമായി മല്‍ബുകളെ താരതമ്യം ചെയ്യാനൊക്കുമോ? അവര്‍ക്കൊക്കെ കിട്ടുന്ന ശമ്പളവും സൗകര്യങ്ങളുമൊക്കെ നോക്കിയാല്‍ മല്‍ബുവിന് രണ്ട് റിയാല്‍ ബസില്‍ കയറാന്‍ പോലും പാങ്ങില്ല. അതോണ്ട് അവരെ വേറെ തന്നെ കാണണം.
ന്നാലും ഇങ്ങനെയുണ്ടോ ഒരു പേഞ്ഞാളത്തം. ഇരുപതും പതിനഞ്ചും ആരും നല്‍കുന്ന ഓട്ടത്തിന് മല്‍ബു പത്ത് റിയാലേ നല്‍കൂ. അഞ്ചിന് പോകാമോ എന്ന് ചോദിക്കുന്നവരുമുണ്ട്.
പത്ത് മല്‍ബൂനെ കിട്ടുന്നിടത്ത് ഒരു വെളുത്തോനെ കിട്ടിയാല്‍ മതി.
അങ്ങനെയൊന്നുമല്ല.
കഥ പറഞ്ഞാല്‍ മല്‍ബു മനസ്സറിഞ്ഞു കൊടുക്കും.
അതെങ്ങനാ?
പത്ത് റിയാല്‍ പറഞ്ഞുറപ്പിച്ച് ലിമോസിനില്‍ കയറിയ മല്‍ബൂനോട് പന്ത്രണ്ടര റിയാലെങ്കിലും തന്നൂടെ എന്നു ചോദിച്ചായിരുന്നു പാക്കിസ്ഥാനി ഡ്രൈവര്‍ കഥ തുടങ്ങിയത്.
ആദ്യം ഒരു സ്‌ത്രീയുടെ കഥ. പിന്നെ ഒരു ഒമാനിയുടേയും.
പത്ത് റിയാല്‍ പറഞ്ഞുറപ്പിച്ചായിരുന്നു യാത്രക്കാരി കാറില്‍ കയറിയത്. ഇടയ്‌ക്കൊന്ന് ബാങ്കിലും മെഡിക്കല്‍ ഷോപ്പിലും കയറി.
സമയം നീണ്ടപ്പോള്‍ അക്കാര്യം ഓര്‍മിപ്പിച്ച ഡ്രൈവറോട് സാരമില്ല, അധികം റിയാല്‍ നല്‍കിക്കോളാമെന്നായിരുന്നു അവരുടെ മറുപടി.
പറഞ്ഞുറപ്പിച്ചതിന്റെ മൂന്നിരട്ടിയെങ്കിലും വാങ്ങണമെന്ന് മനസ്സില്‍ കണക്കുകൂട്ടിയ ഡ്രൈവറെ അമ്പത് റിയാല്‍ നല്‍കി അമ്പരപ്പിച്ചുകളഞ്ഞു യാത്രക്കാരി.
മുപ്പത് മതി.
വിനയാന്വിതനായി മാറിയ ഡ്രൈവറോട് തൃപ്‌തിപ്പെട്ടു നല്‍കുന്നതാണെന്ന് യാത്രക്കാരി.
പിന്നെ എന്തിനു വാങ്ങാതിരിക്കണം?
വിമാനത്താവളത്തിലേക്കായിരുന്നു ഒമാനിയുടെ യാത്ര.
യാത്ര അവസാനിച്ചപ്പോള്‍ എത്രയായെന്ന് ചോദ്യം.
500 റിയാലായെന്ന മറുപടി കേട്ട് ഒമാനി ഞെട്ടിയൊന്നുമില്ല.
പോക്കറ്റിലും പഴ്‌സിലുമൊക്കെ തപ്പി 440 തികച്ചു. തല്‍ക്കാലം ഇത്രയേയുള്ളൂ.
ഇതൊന്നും വേണ്ട. എനിക്ക് 50 മതി.
അല്ല എടുത്തോളൂ. ഞാന്‍ തൃപ്‌തിപ്പെട്ടു നല്‍കുന്നതാ. ഞാന്‍ ഏതായാലും നാട്ടിലേക്ക് പോകുന്നതാ. സന്തോഷായിട്ട് തരുന്നതാ. എടുത്തോളൂന്നേ.
പിന്നെ എന്തിനു മടിക്കണം?
50 റിയാലിന്റെ ഓട്ടത്തിനു കിട്ടിയത് 440.
പിന്നെ അന്ന് എന്താണ് ചെയ്‌തതെന്നോ?
എന്തോന്നാ ചെയ്‌തത്?
കുളിച്ച്, സുഖമായി കിടന്നുറങ്ങി. അത്ര തന്നെ.
കഥ തീര്‍ന്നപ്പോഴേക്കും മല്‍ബുവിന് ഇറങ്ങാറായിരുന്നു.
പന്ത്രണ്ടരക്ക് പകരം പതിനഞ്ച് റിയാലെടുത്തു കൊടുത്ത മല്‍ബുവിനോട് ഡ്രൈവര്‍-
ബാക്കി വേണോ?
ഏയ് വേണ്ട എടുത്തോളൂ.
തൃപ്‌തിപ്പെട്ട് നല്‍കുന്നതാണല്ലോ?
അതെ, അതെ.
പത്തിനുറപ്പിച്ച് ലിമോസിനില്‍ കയറിയ മറ്റൊരു മല്‍ബുവും വീണത് ഡ്രൈവറുടെ വാഗ്വിലാസത്തില്‍തന്നെ.
ശരിക്കും ഇത് പതിനഞ്ച് റിയാലിന്റെ ഓട്ടമുണ്ട്.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്.
പത്തിനു സമ്മതിക്കുന്ന ഡ്രൈവര്‍മാര്‍ യാത്ര അവസാനിക്കുന്നതുവരെ നിങ്ങളെ ശപിക്കുകയായിരിക്കും.
കണ്ടില്ലേ റോഡിലെ തിരക്ക്. ഇവിടെ കുടുങ്ങിയാല്‍ നിങ്ങളെ ശപിക്കാത്ത ഒരു ഡ്രൈവറുമുണ്ടാകില്ല.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്.
മറ്റുള്ളവര്‍ മനസ്സിലിങ്ങനെ ശപിച്ചു ശപിച്ചുകൊണ്ടായിരിക്കും ഓടിക്കുക.
ശാപത്തെ കുറിച്ച് പറഞ്ഞുപറഞ്ഞ് യാത്ര അവസാനിച്ചപ്പോള്‍ ഇരുപത് റിയാല്‍ കൊടുത്ത മല്‍ബൂനോട് ബാക്കി അഞ്ച് മതിയല്ലോ അല്ലേ?
മതി.
അതും ഒരു പാക്കിസ്ഥാനി ഡ്രൈവറായിരുന്നു.
പാവം മല്ബുകള്‍. വര്‍ഗ സ്വഭാവം കാണിക്കതിരിക്കുമോ? ഇതാണ് സംസ്കാരം !
ReplyDelete~റെമിസ്