12/7/13

ഫലസ്തീനികളെ സ്‌നേഹിച്ച മണ്ടേല




ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു.

ഫലസ്തീനികളെ
സ്‌നേഹിച്ച മണ്ടേല


പശ്ചിമേഷ്യയുടെ പ്രശ്‌ന സങ്കീര്‍ണതകള്‍ മനസ്സിലാക്കുകയും അവയുടെ പരിഹാരം നീതിയിലധിഷ്ഠിതമായിരിക്കണമെന്ന ഉറച്ച നിലപാടെടുക്കകയും ചെയ്ത നേതാവായിരുന്നു നെല്‍സണ്‍ മണ്ടേല. ഫലസ്തീനികളെ ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരു നേതാവുണ്ടാകില്ല. ജൂതന്മാരേയും അവരുടെ വിശാലദേശ സങ്കല്‍പത്തേയും വംശവെറിയേയും പ്രകോപിപ്പിക്കുമെന്നറിഞ്ഞിട്ടും തന്റെ സുചിന്തിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയാറായില്ല. നിലപാടുണ്ടായിട്ടും അത് ഉറക്കെ പറയാന്‍ മടിക്കുകയോ ഇരട്ടത്താപ്പ് സ്വീകരിക്കുകയോ ചെയ്യുന്ന നേതാക്കളുടെ  ഇരട്ടിപ്പും മണ്ടേലയെ പോലെ ധീരന്മാരായ നേതാക്കളുടെ അഭാവവുമാണ് ഒരര്‍ഥത്തില്‍ ഫലസ്തീന്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോകുകയും മേഖലയിലാകെ അസ്വസ്ഥത പടര്‍ത്തുകയും ചെയ്യുന്നത്.
ഫലസ്തീനികള്‍ മോചിതരാകാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കന്‍ വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു കരുതാനാവില്ലെന്ന മണ്ടേലയുടെ പ്രഖ്യാപനം ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു. സ്വന്തം രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുകയും ഫലസ്തീന്‍ സമാധാനമെന്ന് നാഴികക്ക് നൂറുവട്ടം ആവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കിടയില്‍ മണ്ടേല സ്വീകരിച്ച ധീരമായ നിലപാടാണ് അദ്ദേഹത്തെ ഫലസ്തീനികള്‍ക്ക് പ്രിയങ്കരനാക്കുന്നത്. ഫലസ്തീന്‍ പ്രദേശം സന്ദര്‍ശിക്കുകയും ജനകീയ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത മണ്ടേല ജൂത വംശവെറിയന്മാര്‍ക്ക് എന്നും കണ്ണിലെ കരടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ വംശവെറിക്കെതിരെ മണ്ടേല നേടിയ ഐതിഹാസിക വിജയം ഇസ്രായില്‍ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടത്തിനു പ്രചോദനവുമാണ്. 1999-ലാണ് മണ്ടേല ഫലസ്തീന്‍ പ്രദേശങ്ങളും ഇസ്രായിലും സന്ദര്‍ശിച്ചത്.
ഇന്നിപ്പോള്‍ ഏതു ഫലസ്തീന്‍ ചര്‍ച്ചയിലും കടന്നുവരരുതെന്ന് ഇസ്രായില്‍ ശഠിക്കുന്ന അഭയാര്‍ഥികളുടെ തിരിച്ചുവരവ് മുഖ്യവിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ നേതാവായിരുന്നു മണ്ടേല. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫലസ്തീന്‍ സമാധാന ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അലയുന്ന ഫലസ്തീനികളുടെ മടക്കം വിഷയമാകാറേയില്ല.
ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷം കേവലം സൈനിക അധിനിവേശത്തിന്റേതു മാത്രമല്ലെന്നും ഇസ്രായില്‍ സാധാരണഗതിയില്‍ സ്ഥാപിതമായ രാഷ്ട്രമല്ലെന്നും 1967-ലെ അധിനിവേശത്തെ കേന്ദ്രീകരിച്ചു മാത്രം ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മണ്ടേല എല്ലാവരേയും ഓര്‍മിപ്പിച്ചു.
1948-ലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് പറയാന്‍ അദ്ദേഹം ആരേയും ഭയപ്പെട്ടില്ല. കേവലം ഒരു രാഷ്ട്രപദവിക്കുവേണ്ടി മാത്രമല്ല, ദക്ഷിണാഫ്രിക്കയില്‍ തങ്ങള്‍ നടത്തിയതുപോലെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും സമത്വത്തിനുംവേണ്ടിയാണ് ഫലസ്തീനികള്‍ പൊരുതുന്നതെന്നും അദ്ദേഹം ജനങ്ങളേയും നേതാക്കളേയും ബോധ്യപ്പെടുത്തി. 1967-ല്‍ അധിനിവേശം നടത്തിയ ഭൂമി പോലും വിട്ടുകൊടുക്കില്ല, കുടിയേറ്റ കേന്ദ്രങ്ങള്‍ അതുപോലെ നിലനിര്‍ത്തും, ജറൂസലം ഇസ്രായില്‍ പരമാധികാരത്തിനു കീഴിലായിരിക്കും, ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രം അനുവദിച്ചാല്‍പോലും അത് ഇസ്രായിലി സമ്പദ്ഘടനക്ക് കീഴിലായിരിക്കുമെന്നും കര,കടല്‍,വ്യോമ അതിര്‍ത്തികളൊക്കെയും തങ്ങളുടെ കീഴിലായിരിക്കുമെന്നും ജൂതരാഷ്ട്രം കര്‍ക്കശ നിലപാട് സ്വീകരിക്കുമ്പോഴാണ് യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയാന്‍ ഒരു മണ്ടേല ഉണ്ടായിരുന്നത്.
ഞാന്‍ അറബികളെ വെറുക്കുന്നു, അറബികള്‍ കൊല്ലപ്പെടുന്നത് കാണാന്‍ കൊതിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഇസ്രായിലില്‍ ശക്തിപ്പെട്ട വംശീയ വിദ്വേഷത്തിലേക്ക് വിരല്‍ ചൂണ്ടാനും വെളുത്തവരുടേയും കറുത്തവരുടേയും വംശീയതക്കെതിരെ ശബ്ദമുയര്‍ത്തിയ ഈ മഹാ നേതാവിനു സാധിച്ചു. ഇസ്രായിലില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് സ്വയംതന്നെ വംശീയ വെറിയന്മാരെന്ന് പ്രഖ്യാപിക്കുന്ന ജൂത വംശീയതയിലേക്ക് അദ്ദേഹം ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഇസ്രായിലിലെ നീതിന്യായ വ്യവസ്ഥ പോലും വംശീയതയിലധിഷ്ഠിതമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടി. ഫലസതീനികളോട് വിവേചനം പുലര്‍ത്തുന്നതാണ് ഇസ്രായിലി ജുഡീഷ്യല്‍ സംവിധാനം. ഫലസ്തീനികളുടേയും ജൂതന്മാരുടേയും ജീവനുകള്‍ക്ക് വെവ്വേറെ വിലകല്‍പിച്ചുകൊണ്ടാണ് ഇവിടെ നീതി നടപ്പിലാക്കപ്പെടുന്നത്. ഫലസ്തീനികളുടെ സ്വത്തുക്കള്‍ ഏതുസമയത്തും കൂട്ടിച്ചേര്‍ക്കേണ്ടതായതിനാല്‍ സ്വകാര്യ സ്വത്തായി പരിഗണിക്കുന്നില്ല. ഫലസ്തീനികളുടെ സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട ഗാസയും വെസ്റ്റ് ബാങ്കും ഇസ്രായിലി വംശീയ വ്യവസ്ഥയുടെ ഭാഗമാണെന്ന് മണ്ടേല ചൂണ്ടിക്കാട്ടിയത് ശരിവെക്കുന്നതായിരുന്നു പിന്നീട് ഈ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ അതിക്രമങ്ങളും നരനായാട്ടും. വംശവെറി മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് കണക്കാക്കിയ മണ്ടേലക്ക് ദശലക്ഷക്കണക്കിനു ഫലസ്തീനികളുടെ സ്വാതന്ത്ര്യവും സ്വത്തുക്കളും കയ്യടക്കിയ ജൂതരാഷ്ട്രത്തോട് പൊറുക്കാന്‍ സാധിക്കുമായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലും നിരന്തര ഭീകരത നടപ്പിലാക്കിയ ഇസ്രായിലിന്റെ എല്ല ചെയ്തികള്‍ക്കു പിന്നിലും വംശവെറിയുടെ കനലുകളാണ് മണ്ടേല കണ്ടത്. അന്താരാഷ്ട ചട്ടങ്ങള്‍ക്കു വിരുദ്ധമായി ആയിരക്കണക്കിനു ഫലസ്തീനികളെ നിരന്തരം പീഡിപ്പിച്ച ജൂതരാഷ്ട്രത്തിന്റെ മുഖത്തുനോക്കി ഇത്രമേല്‍ ശക്തിയായി പറയാന്‍ മറ്റൊരു രാഷ്ട്ര നേതാവിനും സാധിച്ചിട്ടില്ല. ഇസ്രായിലിന്റെ സാങ്കേതിക പുരോഗതിയും ജൂതന്മാര്‍ക്ക് ആഗോള സമ്പദ്ഘടനയിലുള്ള സ്വാധീനവും പല രാഷ്ട്ര നേതാക്കളേയും തങ്ങളുടെ രാജ്യങ്ങളുടെ മുന്‍നിലപാട് വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യങ്ങള്‍ ഇസ്രായില്‍ താല്‍പര്യത്തിനു നിന്നുകൊടുക്കുകയും അവരെ വെള്ളപൂശാന്‍ ഒരുമ്പെടുകയും ചെയ്യുന്നു.
ജൂതരാഷ്ട്രത്തിന്റെ ഒരു ഉപോല്‍പന്നമാകരുത് ഫലസ്തീനെന്ന് പറയാന്‍ മണ്ടേലയെ പ്രേരിപ്പിച്ച സുപ്രധാന ഘടകം ഫലസ്തീനികളോട് ജൂതന്മാര്‍ തുടരുന്ന പകയും വിദ്വേഷവും തന്നെയാണ്.




9/23/13

വിദ്യാഭ്യാസ രംഗത്ത് വനിതകളുടെ കുതിപ്പ്



സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികള്‍ക്ക് മടക്കയാത്രയെ കുറിച്ച് ആലോചിക്കാന്‍ അവസരം നല്‍കിയ നിതാഖാത്തിന്റെ പ്രഥമലക്ഷ്യം അഭ്യസ്തവിദ്യരായ സ്വദേശി യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ്. തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവ് രാജ്യത്തെ വിദ്യാഭ്യാസത്തിനു നല്‍കി വരുന്ന പ്രധാന്യം സൗദി യുവജനങ്ങളുടെ ഈ രംഗത്തെ കുതിച്ചുചാട്ടത്തിനാണ് തുടക്കമിട്ടത്. സാങ്കേതിക വിദ്യാഭ്യാസത്തിലടക്കം സൗദിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന പുത്തനുണര്‍വ് അവിദഗ്ധ തൊഴിലിനു മാതം വിദേശികളെ ആശ്രിയിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അവരുടെ തൊഴില്‍ പദവി മാറ്റത്തോട് ഉദാര സമീപനം കൈക്കൊണ്ടിട്ടുണ്ടെങ്കിലും സമീപ ഭാവിയില്‍തന്നെ ഒട്ടുമിക്ക മേഖലകളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് അധികൃതര്‍ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മേഖലയുടെ കവാടങ്ങളാണ് വിദേശികള്‍ക്ക്മുന്നില്‍ പൂര്‍ണമായും അടയ്ക്കുന്നത്.
സ്വന്തം പൗര•ാര്‍ക്ക് തൊഴിലും ക്ഷേമവും ഉറപ്പുവരുത്തുക എന്നത് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ പ്രയത്‌നിക്കുന്ന ഏതൊരു ഭരണാധികാരിയുടേയും പ്രഥമ ലക്ഷ്യമാണ്.
പുരുഷ•ാരുമായി ഇടകലരാതെ തന്നെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസ, തൊഴില്‍, സാമൂഹിക രംഗങ്ങളില്‍ വളരാനുതകുന്ന സൗകര്യങ്ങളാണ് സൗദി ഭരണാധികാരികള്‍ ഒരുക്കുന്നത്. സ്ത്രീ-പുരുഷ സമത്വം വെറും മുദ്രാവാക്യങ്ങളില്‍ ഒതുക്കാതെ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് അബ്ദുല്ലാ രാജാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളില്‍ മുന്നിട്ട് കാണുന്നത്.
പുരഷ•ാരെ ആശ്രയിച്ച് മാത്രം കഴിയുന്ന ദുര്‍ബലരായ സ്ത്രീകളാണ് സൗദിയിലുള്ളതെന്ന വിമര്‍ശനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല.
മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹത്തിന്റെ തുടക്കം കുടുംബത്തില്‍നിന്നാവണമെന്ന ഇസ്‌ലാമിക കാഴ്ചപ്പാടിനെ വികലമാക്കി അവതരിപ്പിക്കുന്നവരാണ് സ്ത്രീകള്‍ മക്കളുടെ വിദ്യാഭ്യാസത്തിലും അവരുടെ ധാര്‍മിക ശിക്ഷണത്തിലും ശ്രദ്ധിച്ചുകൊണ്ട് വീടുകളില്‍ കഴിയുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സാര്‍വത്രികമായി തൊഴിലെടുക്കുന്നില്ലെങ്കിലും സൗദി സ്ത്രീകള്‍ വിദ്യാസമ്പന്നകളാണ്. രാജ്യത്ത് പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആ വിജയഗാഥയാണ് വിളിച്ചോതുന്നത്. തൊഴിലിനുവേണ്ടി മാത്രമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും ഇവിടെ തിരുത്തിയെഴുതപ്പെടുന്നു.
ആരോഗ്യ, വിദ്യാഭ്യാസ, ബിസിനസ് മേഖലകളിലേക്ക് കടന്നുവന്നിരിക്കുന്ന സൗദി വനിതകള്‍ പ്രകടിപ്പിക്കുന്ന കാര്യശേഷി അതിശയാവഹമാണ്. ഏതുമേഖലയിലേക്കുള്ള കുതിപ്പിനും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഒരു തടസ്സമില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന സൗദി വനിതകള്‍ക്കുമുന്നില്‍ പര്‍ദയെ വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള എല്ലാ ശ്രമങ്ങളും പരാജയമടയുന്നു.
ദേശീയ വരുമാനത്തിന്റെ എട്ടുശതമാനത്തോളം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന സൗദി അറേബ്യ ഓരോ വര്‍ഷവും അതു കൂട്ടിക്കൊണ്ടിരിക്കയാണ്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും രാജ്യത്ത് വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വനിതാ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും ഈ നാട് നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതാണ് തലസ്ഥാനമായ റിയാദിലെ അമീറ നൂറ സര്‍വകലാശാല. ലോകത്തിലെ ഏറ്റവും വിശാലമായ ക്യാമ്പസുള്ള യൂനിവേഴ്‌സിറ്റിയാണിത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വനിതാ സര്‍വകലാശാല അമീറ നൂറ വാഴ്‌സിറ്റി 80 ലക്ഷം ചതു. അടി സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.  15 കോളേജുകളിലായി 40,000 വിദ്യാര്‍ഥിനികളെ ഉള്‍ക്കൊള്ളുന്ന സര്‍വകലാശാല ക്യാമ്പസിനകത്തു യാത്രചെയ്യുവാന്‍ മെട്രോ ട്രെയിന്‍ സര്‍വീസുമുണ്ട്.
തലസ്ഥാന നഗരിയുടെ വടക്ക് കിഴക്കന്‍ പ്രദേശത്ത് വിമാനത്താവളത്തിലേക്കുള്ള ഹൈവേയുടെ ചാരത്താണ് അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.
ഇവിടത്തെ കെട്ടിടങ്ങള്‍ തന്നെ 30 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്താരമുള്ളതാണ്. 20 ബില്യന്‍ റിയാല്‍ ചെലവഴിച്ചാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍, ലേഡീസ് ഹോസ്റ്റല്‍, ജുമാ മസ്ജിദ്, ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രി, റിസര്‍ച്ച് സെന്റര്‍ എന്നിവയും സര്‍വകലാശാലാ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് 700 കട്ടിലുകളു ആശുപത്രികളുണ്ട്. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുമായി (കാസ്റ്റ്) സഹകരിച്ച് മൂന്ന് റിസര്‍ച്ച് സെന്ററുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. നാനോ ടെക്‌നോളജി, ബയോ സയന്‍സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലയിലാണ് ഗവേഷണ കേന്ദ്രങ്ങള്‍.
രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിനെ ഏറ്റവും സ്വാധീനിച്ച സഹോദരി അമീറ നൂറയുടെ പേരിലുള്ള സര്‍വകലാശാല വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റിയാദിന്റെ കിഴക്ക് ഭാഗത്തുള്ള ഗര്‍നാതയില്‍ ആരംഭിച്ചിരുന്നെങ്കിലും കൂടുതല്‍ വിശാലമായ സമുച്ചയത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു.
വിദ്യാസമ്പന്നരായ വനിതകളെ വാര്‍ത്തെടുക്കുന്നതില്‍ രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളും  കലയാലങ്ങളും സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്.  ഇതില്‍ എടുത്തുപറയേണ്ട ഒരു സ്ഥാപനമാണ് ഇഫത്ത് സര്‍വകലശാല. ലോകത്തിന്റെ വിവിധ ഭാഗങ്ങളി#െ പ്രമുഖ കമ്പനികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, തുടങ്ങിയവയുടെ സഹകരണത്തോടെ നല്‍കുന്ന പരിശീലനങ്ങളും കോഴ്‌സുകളും ഇഫത്തിന്റെ സവിശേഷതയാണ്. ഫൈസല്‍ രാജാവിന്റെ പത്‌നി ഇഫത്ത് 1999- ല്‍   തന്റെ മക്കളുടെയും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടേയും നേതൃത്ത്വത്തില്‍ തുടക്കമിട്ട സ്ഥാപനമാണ് ഇഫത്ത് വനിതാ കോളേജ്. കിംഗ് ഫൈസല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സ്വകാര്യ വനിതാ കോളേജായി ആരംഭിച്ച സ്ഥാപനം 2005-ലാണ്  മൂന്ന് കോളേജുകളെ ഉള്‍പ്പെടുത്തി സര്‍വകലാശാലയായി മാറിയത്.  അമേരിക്കയിലെയും ബ്രിട്ടനിലെയും ലോകപ്രശസ്ത സര്‍വകലാശാലകളുമായി ഇഫത്തിന് അക്കാദമിക്ക് സഹകരണ കരാറുകളുണ്ട്. 2008-ല്‍ മൈക്രോസോഫ്റ്റ് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ മൈക്രോസോഫ്റ്റ് അക്കാദമി തുടങ്ങിയത് ഇഫത്തിലാണ്.
ഇസ്‌ലാമിന്റെ ധാര്‍മിക അധ്യാപനങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ധാരാളം ഗേള്‍സ് സ്‌കൂളുകളും കലാലയങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ രംഗത്തും വനിതകളുടെ കൂടി മികവിനായി യത്‌നിക്കുന്ന സൗദി അറേബ്യയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മാത്രമായി ടെലവിഷന്‍ ചാനല്‍ കൂടി തുടങ്ങുകയാണ്. എല്ലാ രംഗവും വനിതകള്‍ തന്നെ കൈകാര്യം ചെയ്യുന്ന ഈ ചാനലിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് കരുതുന്നത്.

8/17/13

വാര്‍ത്തകളുടെ പാചകം





സംഭവങ്ങളെ പര്‍വതീകരിക്കുകയും ന്യൂനീകരിക്കുകയും വികലമാക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍പോലും ചര്‍ച്ചാ വിഷയമാണ്. വിവാദങ്ങള്‍ക്ക് അര്‍ഹമായതിലേറേ സ്ഥാനവും പ്രാധാന്യവും ലഭിക്കുമ്പോള്‍ സാധാരണക്കാരന്‍ പത്രം ചുരുട്ടിവെക്കുകയോ ചാനല്‍ മാറ്റി നോക്കുകയോ ചെയ്യുന്നു.
ആളുകളെ പിടിച്ചിരുത്താനും റേറ്റിംഗ് കൂട്ടാനും ടെലിവിഷന്‍ ചാനലുകള്‍ ഏതറ്റംവരേയും പോകാന്‍ തയാറാണ് എന്നു തെളിയിക്കുന്നതാണ് വ്യക്തിഹത്യകളിലേക്ക് പോലും നീങ്ങുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗും ചര്‍ച്ചകളും. ഗോപ്യമായത് കാണാനുള്ള ആളുകളുടെ ത്വര വാര്‍ത്തകളില്‍ സന്നിവേശിപ്പിച്ച് അതുവഴി റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പെണ്ണുടലുകള്‍ക്കും വേണ്ടിവന്നാല്‍ കിടപ്പറ രംഗങ്ങള്‍ക്കുപോലും ദൃശ്യമൊരുക്കാന്‍ ചാനലുകള്‍ ധൈര്യം കാണിക്കുന്നു. ഒളിക്യാമറാ ദൃശ്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും അത് ഏതുനിമിഷവും സ്‌ക്രീനില്‍ തെളിയാമെന്നും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പ്രമുഖരെ ക്ഷണിച്ചുവരുത്തി പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുമ്പെടുകയാണ് ചാനലുകള്‍.
കണക്കില്ലാത്ത കോടികള്‍ തട്ടിയെന്ന് പ്രതിപക്ഷവും ഓ, അത് വെറും ഏഴ് കോടിയേ ഉള്ളൂവെന്ന് ഭരണപക്ഷവും പറയുന്ന സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ദൃശ്യമായ മാധ്യമ പടയൊരുക്കം സമാനതകളില്ലാത്തതാണ്. സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന മറ്റുപല വിഷയങ്ങള്‍ കടന്നുവന്നെങ്കിലും അതെല്ലാം ഈയാംപാറ്റകളെ പോലെ ചത്തുവീണു. സോളാര്‍ താപത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളായിരുന്നവരും അവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ജ്വലിച്ചുനിന്നു.
വ്യക്തികളും പാര്‍ട്ടികളും പാര്‍ട്ടികളിലെ ഗ്രൂപ്പുകളും അതോടൊപ്പം ഏതാനും മാധ്യമ പ്രവര്‍ത്തകരുടെ താല്‍പര്യങ്ങളും ഒത്തുചേര്‍ന്നപ്പോഴാണ് പ്രതിപക്ഷ സമരത്തിനപ്പുറം സോളാര്‍ വാര്‍ത്തകള്‍ക്ക് എപ്പോഴും എരിവും പുളിയും പകര്‍ന്നു കിട്ടിയത്.
ഈ മാധ്യമ പടയൊരുക്കത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനകളും പണമൊഴുക്കും സംബന്ധിച്ച ആരോപണങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വഴിത്തിരിവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സാക്ഷര കേരളത്തില്‍പോലും ഇതാണ് സ്ഥിതിയെങ്കില്‍ വിശ്വാസ്യത വേണ്ടെന്നുവെച്ച മാധ്യമങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയും ജനവികാരത്തെയും എങ്ങനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. പട്ടിണിയോട് മല്ലിടുന്ന സാധാരണ ജനം ഇതൊന്നും കാണാന്‍ ഇടയില്ലെന്ന് ആശ്വസിക്കാന്‍ തരമില്ല, കാരണം അവരുടെ കൈകളിലേക്ക് ടെലിവിഷന്‍ സെറ്റുകളും കംപ്യൂട്ടറുകളും എത്തിക്കാന്‍ ഭരണകൂടങ്ങളും പാര്‍ട്ടികളും കോര്‍പറേറ്റുകളും മത്സരിക്കുകയാണ്.
വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞിടത്ത് മാധ്യമ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളുമാണ് നേരും നീതിയും വേണമെന്ന് ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകരെപോലും ഇന്ന് ചലിപ്പിക്കുന്നത്.
മാധ്യമ അപചയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സാധാരണമാണെങ്കിലും പ്രസ് കൗണ്‍സിലും സര്‍ക്കാരുകളുമൊക്കെ ഇരുട്ടില്‍ തപ്പുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നതില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ എപ്പോഴും വിജയം വരിക്കുന്നു.
ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിച്ചെങ്കില്‍, മാധ്യമങ്ങള്‍ ഇന്ന് ജനപക്ഷത്തെ വിസ്മരിച്ചുകൊണ്ട് കോര്‍പറേറ്റുകളുടെ സ്വാധീനത്തിലാണ്. സാമ്പത്തിക ഉദാരീകരണത്തോടെ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് വന്‍വളര്‍ച്ചയാണ് ദൃശ്യമായതെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളോടൊപ്പം കോര്‍പറേറ്റുകളുടെ കൈകടത്തലുകളാണ് ഏറ്റവും വലിയ വെല്ലുവിളി.
സാമൂഹിക സ്ഥാപനങ്ങളെന്ന നിലയില്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതലയാണ് മാധ്യമങ്ങള്‍ നിറവേറ്റേണ്ടത്. നവഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന ധാരണ തിരുത്തുന്നതാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്റര്‍നെറ്റ് ചോര്‍ത്തലില്‍ തുടങ്ങി വെബ്‌സൈറ്റുകളുടെ നിരീക്ഷണത്തിലും അവ ബ്ലോക്ക് ചെയ്യുന്നതിലും എത്തിനില്‍ക്കുന്ന നടപടികള്‍.
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച പട്ടാള അധികാരികള്‍ അതോടൊപ്പം ചെയ്ത ആദ്യത്തെ നടപടി എതിരുനില്‍ക്കുന്ന മാധ്യമങ്ങളെ തച്ചുടക്കുകയായിരുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അധികാരമാണ് ഇന്ത്യയില്‍ ഭേദഗതി ചെയ്യപ്പെട്ട വിവര സാങ്കേതിക വിദ്യാ നിയമം സര്‍ക്കാരിന് നല്‍കുന്നത്.
സ്വാത്രന്ത്യത്തിനുശേഷം അരനൂറ്റാണ്ടോളം മാധ്യമങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനായിരുന്നുവെങ്കില്‍ 1990-കളില്‍ രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍കരണത്തോടെ തഴച്ചുവളര്‍ന്ന സ്വകാര്യ മേഖലയിലെ മാധ്യമങ്ങളെ ഇപ്പോള്‍ കോര്‍പറേറ്റുകളാണ് സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നത്.
ഇന്ത്യയിലെ പല മാധ്യമങ്ങളുടേയും പിറകില്‍ വന്‍കിട ബിസിനസുകാര്‍ ഒളിച്ചിരിപ്പുണ്ട്. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ബിസിനസുകാര്‍ നടത്തുന്ന ചാനലുകളും പത്രങ്ങളും വെബ്‌സൈറ്റുകളുമുണ്ട്. വന്‍കിട മാധ്യമ സ്ഥാപനങ്ങളായ സണ്‍ ടി.വിക്കും സ്റ്റാര്‍ ഇന്ത്യക്കും മറ്റു ഗ്രൂപ്പുകള്‍ക്കും ചില്ലറ മാധ്യമങ്ങളല്ല ഉള്ളത്. ചില ചാനലുകളുടെ യഥാര്‍ഥ ഉടമകളാരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് ഘടന. പശ്ചിമബംഗാളിലെ സാധാരണക്കാരെ വഴിയാധാരമാക്കി ചിട്ടിത്തട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ് മാധ്യമ സ്ഥാപനങ്ങളുടെ കൂടി ഉടമകളാണ്.  ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പിനെ തുടര്‍ന്ന് ചാനലുകളോട് ഓഹരി ഘടന വെളിപ്പെടുത്താന്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു പിന്നിലുള്ള രാഷ്ട്രീയക്കാരുടെ പേരുവിവരങ്ങളാണ് ഇതുവഴി പുറത്തുവന്നത്.
കോര്‍പറേറ്റ്, രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ മുതല്‍മുടക്കിയിട്ടുണ്ട് എന്നതില്‍ ഒട്ടും സംശയമില്ല. തമിഴ്‌നാട്ടില്‍ മിക്ക പാര്‍ട്ടികള്‍ക്കും സ്വന്തം ചാനലുകളുണ്ട്. മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകന്‍ നടത്തുന്ന സണ്‍ ഗ്രൂപ്പിന് 32 ടെലിവിഷന്‍ ചാനലുകളും 45 റേഡിയോ നിലയങ്ങളുമാണ് ഉള്ളത്. കേബിള്‍ വിതരണ ശൃംഖലയും ഇവര്‍ക്കു സ്വന്തം. കുത്തകകളെ തച്ചുടച്ച് ഒരു കമ്പനിക്ക് ഒന്നോ രണ്ടോ മാധ്യമങ്ങളെന്ന ആലോചനപോലും സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്.
സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കാന്‍ ലോകത്തെമ്പാടും ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് ഇന്ത്യന്‍ മാധ്യമങ്ങളും വിശ്വാസ്യത കളഞ്ഞുകുളിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി ജനകോടികള്‍ തെരുവിലിറങ്ങിയ അറബ് വസന്ത വര്‍ഷമായ 2011-ല്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം 16 ശതമാനത്തില്‍നിന്ന് 66 ശതമാനമായാണ് ഉയര്‍ന്നത്. അറസ്റ്റും ഭീഷണിയും 43 ശതമാനം വര്‍ധിച്ചു. തട്ടിക്കൊണ്ടുപോകലുകളും കൂടിക്കൊണ്ടിരിക്കുന്നു. ധാരാളം പത്രപ്രവര്‍ത്തകര്‍ സ്വന്തം രാജ്യംവിടാനും മറ്റു നാടുകളില്‍ ജോലി തുടരാനും നിര്‍ബന്ധിതരായി. സെന്‍സര്‍ഷിപ്പ് കഠിനമാക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വസ്തുനിഷ്ഠമായ വിവരങ്ങള്‍ മറച്ചുവെച്ച് തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കും അവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്കും വേണ്ടി കുഴലൂത്ത് നടത്തുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ വീണ്ടും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുപോകേണ്ടിവരുമോ എന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറി വരികയാണ്.
മാധ്യമങ്ങളെ നിയന്ത്രിക്കുകയല്ല, അവ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം വരെ പറയുമ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനകളും പെയ്ഡ് ന്യൂസുകളുടെ അതിപ്രസരവുമാണ് തെളിഞ്ഞുവരുന്നത്.
തങ്ങളാണ് ഉടമകളെന്നതിനാല്‍ മാധ്യമങ്ങളുടെ നിയന്ത്രണം തങ്ങള്‍ തന്നെയാണ് നിര്‍വഹിക്കേണ്ടതെന്ന് പുതിയ കുത്തക മുതലാളികമാര്‍ ശഠിക്കുന്നു. സത്യസന്ധതക്കും നീതിക്കും നിലകൊള്ളുന്ന പത്രപ്രവര്‍ത്തകരെ ചൊല്‍പടിക്കു നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ പുറന്തള്ളി സ്വന്തക്കാരെ വെച്ചുകൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കുകയോ ചെയ്യുന്നു മാധ്യമ മുതലാളിമാര്‍. സാമ്പത്തിക ക്രമക്കേടുകള്‍ മറച്ചുവെക്കാനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും മാധ്യമങ്ങള്‍ ചരടുവലിച്ച എത്രയോ സംഭവങ്ങള്‍ ഈയടുത്ത കാലത്ത് ഇന്ത്യയില്‍ പ്രകടമായി. മാധ്യമ ഉടമകളില്‍നിന്നു മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരെ സമര്‍ഥമായി സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും പുതുമയല്ലാതായിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും സമ്മാനിച്ച് സ്വന്തം ചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ വരുത്തിക്കുന്ന തുക്കടാ നേതാക്കള്‍ മുതല്‍ കോടികളൊഴുക്കുന്ന വമ്പന്‍ സ്രാവുകള്‍വരെയുണ്ട്.
നീരാ റാഡിയ ടേപ്പ് കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടര്‍മാരേയും മാധ്യമങ്ങളേയും എങ്ങനെയൊക്കെ ഉപയോഗിക്കുന്നുവെന്ന് ജനം കണ്ടു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയ രംഗത്തെ വന്‍തോക്കുകളും സ്വാധീനമുള്ള പത്രപവര്‍ത്തകരും ലോബിയിസ്റ്റുകളുമൊക്കെ ഉള്‍പ്പെടുന്ന സംഘങ്ങള്‍ പിന്നാമ്പുറത്ത് സജീവമായിരിക്കുമ്പോള്‍ വിശ്വസ്തമെന്നു കരുതി ഒരു വാര്‍ത്ത വായിക്കാനോ കേള്‍ക്കാനോ സാധിക്കാതെ വരുന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും അവ ചത്തൊടുങ്ങാതെ നിലനര്‍ത്തുന്നതിലും അഹിതകരമായ വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതിലും വിപണി ശക്തികളാണ് മുഖ്യപങ്കു വഹിക്കുന്നതെന്നാണ് നീരാ റാഡിയ ടേപ്പ് കേസും സമീപകാലത്തു പുറത്തുവന്ന നിരവധി പെയ്ഡ് ന്യൂസ് സംഭവങ്ങളും അടിവരയിടുന്നത്. ഇതിനിടയില്‍ യഥാര്‍ഥ വാര്‍ത്തകളായി മാറേണ്ടതും വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യേണ്ടതുമായ എത്രയോ സംഭവങ്ങള്‍ ആരോരുമറിയാതെ പോകുന്നു.




2/4/13

പ്രവാസികളുടെ പണം ആരു കൊണ്ടുപോകുന്നു?



പ്രവാസികള്‍ അയക്കുന്ന പണത്തെ കുറിച്ച് പ്രകീര്‍ത്തിക്കാന്‍ നമ്മുടെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നൂറുനാക്കാണ്. കുടുംബം പുലര്‍ത്താന്‍ നാടു വിട്ടുപോയവര്‍ പണം അയച്ചിരുന്നില്ലെങ്കില്‍ നാടിന്റെ നടുവൊടിഞ്ഞേനേ എന്നു പറയുമ്പോള്‍ പ്രവാസികള്‍ സുഖിക്കുന്ന കാലം കഴിഞ്ഞുപോയ കാര്യം എല്ലാവരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കൊച്ചിയില്‍ ഈ മാസം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്നെ പ്രവാസിപ്പണത്തിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 
ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികള്‍ നാട്ടിലയച്ച പണത്തിന്റെ കണക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളും അതു സ്വീകരിച്ച ഇന്ത്യയും പുറത്തു വിടാറുണ്ട്. കഴിഞ്ഞ മാസം അയച്ച പണം ഒന്നിനും തികഞ്ഞില്ലെന്ന കുടുംബക്കാരുടെ പരാതികളുടെ ഷോക്കില്‍നിന്ന് മുക്തമാകാന്‍ പ്രവാസി ടി.വിക്കു മുന്നില്‍ ചടഞ്ഞിരിക്കുമ്പോഴായിരിക്കും അമ്പരപ്പിക്കുന്ന കോടികളുടെ കണക്കു കേള്‍ക്കുന്നത്.
ഗള്‍ഫില്‍നിന്നു കിട്ടുന്ന ശമ്പളത്തില്‍ ഒട്ടും മിച്ചം വെക്കാതെ അയച്ചിട്ടും കുടുംബത്തിന്റെ ആവശ്യങ്ങള്‍ തീരുന്നില്ല. അടുത്ത മാസം പണം അയക്കാനാകുമ്പോഴേക്കും അവിടുന്നും ഇവിടുന്നും  വായ്പ വാങ്ങിയതിന്റെ കണക്കു കൂടി എത്തുകയായി. 
വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് നേതാക്കളും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിലെ വസ്തുത തൊട്ടറിയുന്നവനാണ് പ്രവാസി. ഇവിടെയും അവിടെയും ഒരുപോലെ വിലക്കയറ്റം. രണ്ടിടത്തും പ്രവാസിക്ക് വരുമാനത്തില്‍ ചെറിയൊരു ഭാഗം പോലും മിച്ചം വെക്കാന്‍ സാധിക്കുന്നില്ല. രൂക്ഷമായിക്കൊണ്ടേയിരിക്കുന്ന വിലക്കയറ്റമാണ് പ്രവാസികളുടെ നടുവൊടിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഗള്‍ഫുകാര്‍ ആഡംബരത്തിനും പൊങ്ങച്ചത്തിനും പണം വാരിക്കോരി ചെലവഴിക്കുന്നുവെന്ന് ആദ്യമൊക്കെ നാട്ടില്‍ ഒരു പറച്ചിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ പ്രവാസികളുടെ കുടുംബങ്ങളും രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നു.
അയ്യോ, നാട്ടില്‍ ഒരു മാസം തികച്ചുനില്‍ക്കാനാവില്ലെന്ന പരിഭവങ്ങളാണ് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികള്‍ പങ്കുവെക്കുന്നത്. 
വിലക്കയറ്റം ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല, ലോകാടിസ്ഥാനത്തില്‍ തന്നെ ഇന്ന് ചര്‍ച്ചാവിഷയമാണ്  -പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. വരുമാനത്തിന്റെ ഭൂരിഭാഗവും വിശപ്പടക്കാന്‍ വേണ്ടി മാത്രം വിനിയോഗിക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഫുഡ് ഇന്‍ഫ്‌ളേഷന്‍ എന്നു പേരിട്ട് സാമ്പത്തിക ശാസ്ത്രജ്ഞരും വിദഗ്ധരും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും പാവങ്ങളുടെയും സാധാരണക്കാരുടെയും സ്ഥിതി ദയനീയമായിക്കൊണ്ടിരിക്കുന്നു. 
പാവങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു മാത്രമാണ് പഞ്ഞമില്ലാത്തത്. കഴിഞ്ഞയാഴ്ച ജയ്പൂരില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറും അതുപോലുള്ള സമ്മേളനങ്ങളും പാവങ്ങള്‍ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിനു കണക്കില്ല.
പണിയും വരുമാനവുമില്ലാതെ കോടികള്‍ ജീവിക്കുന്ന ഇന്ത്യയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പി.ചിദംബരവും അതുപോലെ സാമ്പത്തിക ശാസ്ത്രജ്ഞരും നൂറുകൂട്ടം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു. സിദ്ധാന്തങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ പാവങ്ങളും സിദ്ധാന്തങ്ങളില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടി വരുമാനം വര്‍ധിപ്പിക്കാന്‍ ധനികരും എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. രാജ്യത്തെ പാവങ്ങള്‍ കൂടുതല്‍ പാവങ്ങളും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്നുവെന്ന് പൊതുവെ പറയാറുണ്ട്. 
ഏറ്റവും ഒടുവില്‍ സ്വര്‍ണം ഇറക്കുമതിയുടെ തീരുവ 50 ശതമാനം വര്‍ധിപ്പിച്ച് പുറത്തേക്കുള്ള ഡോളറിന്റെ ഒഴുക്കിനു തടയിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇറക്കുമതി ചുങ്കം നാല് ശതമാനത്തില്‍നിന്ന് ആറു ശതമാനമായി വര്‍ധിപ്പിച്ചത് സ്വര്‍ണത്തിന്റെ നിക്ഷേപ ഡിമാന്റ് കുറക്കുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്. സവാള വാങ്ങുന്നതു പോലെ സാധാരണക്കാരന്‍ സ്വര്‍ണം വാങ്ങില്ലെങ്കിലും ഈ തീരുവവര്‍ധനയും സ്വര്‍ണ നിരക്കില്‍ വര്‍ധന വരുത്തി അവനെ തന്നെയാണ് അന്തിമമായി ബാധിക്കുക. പുതിയ തീരുവ മറികടക്കാന്‍ കള്ളക്കടത്തിന്റെ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നു. അത് കള്ളപ്പണത്തിന്റെ ഒഴുക്ക് ഒന്നു കൂടി വര്‍ധിപ്പിച്ച് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കുമെന്നത് സിദ്ധാന്തത്തിനുമപ്പുറത്ത് സാധാരണക്കാരനു മനസ്സിലാകുന്ന പ്രായോഗിക വശം. 
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും ആഘാതത്തില്‍ നഷ്ടപ്പെട്ടുപോയ വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാന്‍ വെമ്പുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന ഇന്ത്യയുടെ മറുഭാഗത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അവശേഷിക്കുന്ന ധാന്യമണികള്‍ക്കായി അടിപിടി കൂടുന്ന പാവങ്ങളുണ്ട്. ഇക്കൂട്ടരെ വിസ്മരിച്ചുകൊണ്ടാണ് അമേരിക്കയടക്കമുള്ള സാമ്പത്തിക ശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് അനുസൃതമായ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വളര്‍ച്ചാ നിരക്ക് മാത്രം മുന്നില്‍ കണ്ട് പരക്കം പായുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡികളുടെ ബലത്തിലെങ്കിലും ജീവിതം മുന്നോട്ടു നീക്കിയിരുന്ന പാവങ്ങള്‍ ഞെരിഞ്ഞമരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഫലമായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നും അവര്‍ ധാരാളമായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിച്ചു തുടങ്ങിയെന്നും അതുകൊണ്ടാണ് വില വര്‍ധിക്കുന്നതെന്നും ഇവിടെ സിദ്ധാന്തങ്ങള്‍ മെനയപ്പെട്ടു.  സബ്‌സിഡി ഒഴിവാക്കിയും മറ്റും പൊതുവിതരണ ശൃംഖല തകര്‍ക്കുമ്പോള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും സാധാരണമാവുകയും വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉല്‍പാദകനും ഉപഭോക്താവിനും ഇടയിലുള്ള ഏജന്റുമാര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള മാര്‍ഗങ്ങളാണ് എല്ലാ മേഖലയിലും സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നത്. അവശ്യ വസ്തുക്കള്‍ പൊതുവിതരണം വഴി ന്യായവിലക്ക് ലഭ്യമാക്കിയാല്‍ വിലക്കയറ്റം തടയാനാകുമെന്ന സാധാരണക്കാരന്റെ പക്കലുള്ള സിദ്ധാന്തം മുദ്രാവാക്യങ്ങളായി പരിണമിക്കുന്നു.  എല്ലാം വിപണി അധിഷ്ഠിതമാകണമെന്ന് ശഠിക്കുമ്പോള്‍ വിപണി ശക്തികള്‍ നിര്‍ണയിക്കുന്ന വിളകള്‍ക്കു മാത്രമായി സ്ഥാനം. 
വിലക്കയറ്റത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും  കൂട്ടത്തില്‍ തന്നെയാണ് പ്രവാസി സാധാരണക്കാരുടെ കുടുംബങ്ങളുമിന്ന്. പണിയെടുക്കുന്ന സ്ഥലങ്ങളില്‍ ജീവിതച്ചെലവിന്റെ വര്‍ധനയും നാട്ടില്‍ അതിരൂക്ഷമായ വലിക്കയറ്റവും പ്രവാസിയെ ഒരുപോലെ പിടിച്ചുമുറുക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള തിരിച്ചുപോക്ക് പല കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. 
പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്ര, സംസ്ഥാന  പ്രവാസി മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നതെന്നു പോലും പ്രവാസികള്‍ക്ക് മനസ്സിലാകുന്നില്ല. ദശാബ്ദങ്ങളുടെ പ്രവാസത്തിനു ശേഷം തിരിച്ചെത്തുന്നവര്‍ക്ക് ശിഷ്ട ജീവിതം തള്ളിനീക്കുന്നതിനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടാക്കി നല്‍കണമെന്ന  ആവശ്യങ്ങള്‍ നിരാകരിച്ചവര്‍ ഇന്നു വാഗ്ദാനം ചെയ്യുന്നത്  നിശ്ചിത വിഹിതം അടച്ചാല്‍ ആയിരവും രണ്ടായിരവും രൂപ പെന്‍ഷനാെണന്നാണ്. 
വലിയ നോട്ടുകെട്ടുകള്‍ സഞ്ചിയില്‍ നിറച്ച് കടകളില്‍ പോകുന്നത് ഇന്തോനേഷ്യക്കാരെ കുറിച്ച് മാത്രമല്ല, നമ്മളെ കുറിച്ച് കൂടിയാകുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. റിയാലിന് കൂടുതല്‍ രൂപ കിട്ടി എന്ന് ആശ്വസിക്കുമ്പോള്‍, അത് ഒന്നിനും തികയാത്ത കടലാസുകളായി മാറുകയാണ് മറുഭാഗത്ത്. പോക്കറ്റില്‍ കാശുമായി പോയി സഞ്ചി നിറയെ സാധനങ്ങള്‍ വാങ്ങിയിരുന്ന സ്ഥാനത്ത് സഞ്ചിയില്‍ പണം കൊണ്ടുപോയാല്‍ പോക്കറ്റില്‍ വെക്കാവുന്ന സാധനങ്ങള്‍ മാത്രം ലഭിക്കുന്ന സാഹചര്യമാണ് മടങ്ങുന്ന പ്രവാസികളെയും ഇവിടെ തുടരാന്‍ ഭാഗ്യമുള്ളവരെയും ഒരുപോലെ തുറിച്ചുനോക്കുന്നത്. 




Related Posts Plugin for WordPress, Blogger...