2/15/14

വോട്ടിനു വേണ്ടി ഓസുകള്‍

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ജനവിധിയില്‍ നിര്‍ണായകമാകുമെന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ വെച്ച് കേന്ദ്രം ഭരിക്കുന്ന യു.പി.എയും കോണ്‍ഗ്രസും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അവസാന നാളുകളില്‍ നിരക്കു വര്‍ധനകളുടേയും വിലവര്‍ധനയുടേയും അതുപോലെ സബ്‌സിഡികളുടേയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സാധാരണക്കാരന് തൊട്ടറിയാനാവുന്ന ജനക്ഷേമ പരിപാടികള്‍ അവതരിപ്പിച്ചെങ്കില്‍ മാത്രമേ, യു.പി.എ സര്‍ക്കാരിന്മേലുള്ള അഴിമതിക്കറകള്‍ അല്‍പമെങ്കിലും ജനമനസ്സില്‍നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂ. ഈയൊരു പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍, അതും ഒരു ഇടക്കാല റെയില്‍ വേ ബജറ്റില്‍ യാത്രാനിരക്കില്‍ വര്‍ധന വരുത്താത്തത് വലിയ സംഭവമല്ല. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന നിരക്ക് വര്‍ധനക്കു പകരം നിര്‍ദേശിച്ചിരിക്കുന്ന പുതിയ സംവിധാനം ഇടക്കിടെയുള്ള നിരക്ക് വര്‍ധനയിലേക്കായിരിക്കുമോ എത്തിക്കുകയെന്ന് കണ്ടറിയണം.
സൗജന്യങ്ങളും ഇളവുകളും പഞ്ചായത്ത് തെരഞ്ഞടുപ്പായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പായാലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം സ്വഭാവമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലാപ്‌ടോപ്പുകളാണ് നല്‍കിയത്. കര്‍ഷകര്‍ക്കാകട്ടെ പശുക്കളും ആടുകളും ലഭിച്ചു. വീടുകളില്‍ മിക്‌സികളും ഫാനുകളും നല്‍കി. പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് ഈ സൗജന്യങ്ങളെന്ന് മുഖ്യമന്ത്രി ജയലളിത വാദിച്ചു.
യു.പി.എ അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന രാഹുല്‍ ഗാന്ധി ഇഫക്‌ടെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പാചകവാതക സബ്‌സിഡി സിലിണ്ടറുകളുടെ വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചത് 5000 കോടി രൂപയുടെ അധിക ബാധ്യതയോടാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളും ഉദാരവല്‍ക്കരണവും ഫലപ്രാപ്തിയിലെത്തി വളര്‍ച്ച ത്വരിതപ്പെടാത്തതിന് സബ്‌സിഡിയേയും  സര്‍ക്കാര്‍ നിയന്ത്രണങ്ങളേയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ പഴിച്ചുകൊണ്ടിരിക്കുമ്പോഴാണിത്.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ലാപ്‌ടോപ്പുകള്‍ നല്‍കി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമിച്ചു. കംപ്യൂട്ടറുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കേ എല്ലാവര്‍ക്കും സ്വന്തമായി അതു നേടുകയെന്നതും എളുപ്പമല്ലെന്ന് കിട്ടിയവര്‍ ആശ്വാസം കൊണ്ടു.
മഹാരാഷ്ട്രയില്‍ വൈദ്യുതി ബില്‍ 20 ശതമാനം കുറക്കുന്ന തരത്തില്‍ സബ്‌സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആരംഭിച്ച നിരാഹാരം നാലു ദിവസത്തിനു ശേഷം അവസാനിപ്പിച്ചത് സര്‍ക്കാരില്‍നിന്ന് ഉറപ്പു ലഭിച്ച ശേഷമാണ്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാവങ്ങളായ വീട്ടുടമകള്‍ക്കു വേണ്ടി വൈദ്യുതി ബില്‍ പകുതിയായി കുറച്ചു. ഛത്തീസ്ഗഢില്‍ പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
കന്നുകാലികളും ലാപ്‌ടോപ്പും പാചക വാതകവും മാത്രമല്ല, സൗജന്യങ്ങള്‍ രാഷ്ട്രീയത്തിന്റെ ജീവവായുവാണ്. വൈദ്യുതിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പാചക വാതകത്തിനും വില കുറക്കുമെന്ന മുദ്രാവാക്യങ്ങള്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍  യു.പി.എയും ബി.ജെ.പിയും മൂന്നാം മുന്നണിയും ഒരുപോലെ ഉയര്‍ത്തുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
മേയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്യുന്ന ക്ഷേമപദ്ധതികള്‍ എങ്ങനെ നടപ്പിലാക്കുമെന്നു കൂടി വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലും തേനുമൊഴുക്കുമെന്ന വാഗ്ദാനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണ്. അധികാരത്തിലേറി ഇവ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ മാത്രമാണ് പാര്‍ട്ടികളും സര്‍ക്കാരുകളും പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് രംഗത്തു വരിക. ജനസംഖ്യയുടെ 22 ശതമാനം ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്ന ഒരു രാജ്യത്ത് ഒഴിച്ചുകൂടാനാവത്തതാണ് ജനപ്രിയ പ്രഖ്യാപനങ്ങള്‍. വോട്ടെടുപ്പിന്റെ തലേന്നാള്‍ വീടുകളിലെത്തി മദ്യവും പണവും നല്‍കി വോട്ട് നേടാനാവുമെന്നത് നമ്മുടെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
ജനക്ഷേമം മുന്‍നിര്‍ത്തി ഒരു സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് സാങ്കേതികമായി മാത്രമാണ് അഴിമതി അല്ലാതാകുന്നത്. ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി ഏതു തരത്തിലുള്ള സൗജന്യങ്ങള്‍ നല്‍കുന്നതും തെറ്റായ കീഴ്‌വഴക്കമാണെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകളുടെ അടിവേരിളക്കുന്നതാണ് ഇത്തരം പരിപാടികളെന്നും കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
സാങ്കേതികമായി അഴിമതിയല്ലെന്ന് വാദിക്കുന്ന ഈ സൗജന്യങ്ങള്‍ വില വാണം പോലെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വേളയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. വീണ്ടും വീണ്ടും സമ്പന്നരായിക്കൊണ്ടിരിക്കുന്ന ധനികര്‍ക്കല്ല, വീണ്ടും വീണ്ടും പാവങ്ങളായിക്കൊണ്ടിരിക്കുന്ന പാവങ്ങളാണ് സൗജന്യങ്ങള്‍ക്കു വേണ്ടി ക്യൂ നില്‍ക്കുക. കാലാകാലങ്ങളായി വോട്ട് ചെയ്യുന്ന പാര്‍ട്ടിയെ വിസ്മരിച്ച് വോട്ട് മറിച്ചു കുത്താന്‍ ഒരാളെ പ്രേരിപ്പിക്കാന്‍ ഒരു ലാപ്‌ടോപ്പിനും പശുവിനും ആടിനുമൊക്കെ സാധിക്കുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒട്ടും അതിശയോക്തിയല്ല. വലിയ വലിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന പാര്‍ട്ടികളേക്കാള്‍ പ്രായോഗികമായി ഒരു മിക്‌സി നല്‍കുന്ന പാര്‍ട്ടിയെ ആയിരിക്കും അടുക്കളയില്‍ കഷ്ടപ്പെടുന്ന ഒരു വീട്ടമ്മ ഇഷ്ടപ്പെടുക.
അപ്പോഴും ഒരു ചോദ്യം പ്രസക്തമാണ്. സൗജന്യങ്ങള്‍ നല്‍കി വോട്ട് മറിക്കുന്ന ഏര്‍പ്പാടിനെ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് എന്നു വിളിക്കാമോ?Related Posts Plugin for WordPress, Blogger...