8/28/12

സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഉസ്മാന്റെ കിണര്‍

 പുതിയ സംരക്ഷണ വേലി കെട്ടിയിരിക്കുന്ന മദീനയിലെ ബിഅ്‌റു ഉസ്മാന്‍. വലത്ത്: കിണറില്‍നിന്നുള്ള വെള്ളം ശേഖരിക്കുന്നവരെ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന മലയാളികള്‍.

മദീന: ഇസ്‌ലാമിക ചരിത്രത്തില്‍ കുടിവെള്ള ചൂഷണത്തിനെതിരായ ഇടപെടലിന്റെ കഥ പറയുന്ന ബിഅ്‌റു ഉസ്മാന്‍ കാണാനെത്തുന്നവര്‍ വര്‍ധിച്ചു. പെരുന്നാള്‍ അവധി ദിനങ്ങള്‍ ചരിത്രപഠന യാത്രക്ക് വിനിയോഗിച്ച ധാരാളം സംഘങ്ങള്‍ ഇത്തവണ ഈ ചരിത്ര കിണര്‍ കാണാനെത്തി. സൗദി അറേബ്യന്‍ മണ്ണിലെ ചരിത്ര സാക്ഷ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ പ്രവാസി മലയാളികള്‍ എന്നും മുന്നിലാണ്.
പ്രവാചകന്റെ കാലത്ത് ജൂതന്റെ ജലചൂഷണത്തെ പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ ഉറവ ചുരത്തുന്ന കിണറാണ് ബിഅ്‌റു ഉസ്മാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 
ഹജ്, ഉംറ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തില്‍ സാധാരണ ഉള്‍പ്പെടുത്താത്തതാണ് ഖിബ്‌ലത്തൈന്‍ മസ്ജിദിന് അടുത്തുള്ള ഈ കിണര്‍. ഒരു തോട്ടത്തിനകത്ത് സംരക്ഷിച്ചിരിക്കുന്ന കിണറില്‍ ഇപ്പോഴും നല്ല ഉറവയുണ്ട്. വെള്ളം പമ്പ് ചെയ്ത് തോട്ടത്തിനകത്തെ ഈത്തപ്പനകള്‍ക്ക് നനക്കാന്‍ ഉപയോഗിക്കുന്നു.
മദീനയിലെ വരള്‍ച്ച സമയത്ത് ജനങ്ങള്‍ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഉടമ ജൂതനായ റൂമല്‍ ഗിഫാരി  സ്വന്തം കിണറിലെ വെള്ളം വില്‍പന നടത്തിയതോടെയാണ് അതുവരെ ബിഅ്‌റു റൂമ എന്ന് അറിയപ്പെട്ടിരുന്ന കിണര്‍ ബിഅ്‌റു ഉസ്മാന്‍ ആയി ചരിത്രത്തില്‍ ഇടം നേടിയത്.
മുസ്‌ലിംകളില്‍നിന്ന് കൂടുതല്‍ വില ഈടാക്കി ജൂതന്‍ ജലചൂഷണം തുടര്‍ന്നപ്പോള്‍ പ്രവാചകന്‍ ആ കിണര്‍ വിലക്കു വാങ്ങി എല്ലാവര്‍ക്കും ജലം വിതരണം ചെയ്യാന്‍ ആഹ്വാനം  ചെയ്യുകയായിരുന്നു. ആരെങ്കിലും റൂമയില്‍നിന്ന് കിണര്‍ വാങ്ങി എല്ലാവര്‍ക്കും വെള്ളമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പാനീയം ലഭിക്കുമെന്ന പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി ഉടന്‍ തന്നെ ഉസ്മാനുബ്‌നു അഫ്ഫാന്‍ അതു വില കൊടുത്തു വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി ജലമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ചരിത്രം പറയുന്നു. ഉസ്മാന്റെ സേവനത്തെ സുന്ദര ദാനമെന്ന് പ്രവാചകന്‍ പ്രകീര്‍ത്തിച്ചതോടെ കിണര്‍ പിന്നീട് ബിഅ്‌റു ഉസ്മാനായി മാറി.
കുടിവെള്ളത്തിനു വേണ്ടി ലോകം പുതിയ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജലചൂഷണം മുഖ്യ വിഷയമാകുമ്പോഴും വറ്റാത്ത ഉറവയുള്ള ഈ കിണര്‍ നല്‍കുന്ന ചരിത്രപാഠം ചെറുതല്ല.
ചുറ്റും വേലിയും കവാടവും നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കിണറും അതിനോടു ചേര്‍ന്നുള്ള പമ്പ് ഹൗസും വേര്‍തിരിക്കാന്‍ ഇപ്പോള്‍ ഇരുമ്പ് വേലി നിര്‍മിച്ചിരിക്കയാണ്. ഒരാഴ്ച മുമ്പാണ് ഈ വേലി നിര്‍മിച്ചതെന്ന് മദീന സന്ദര്‍ശകരോടൊപ്പം ഇവിടെ എത്താറുള്ള ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു.
വേലി നിര്‍മിച്ചുവെങ്കിലും കിണറിലെ വെള്ളം കൗതുകത്തിനു രുചിച്ചു നോക്കുന്നവരെയും പുണ്യം കല്‍പിച്ചോ അല്ലാതെയോ കുപ്പിയിലാക്കി കൊണ്ടുപോകുന്നവരെയും കാണാന്‍ കഴിഞ്ഞു. കുടിവെള്ളം പോലുള്ള പ്രശ്‌നങ്ങളോട് മുഖം തിരിക്കരുതെന്ന ആഹ്വാനത്തിനപ്പുറം മദീനയിലെ സംസമെന്നും വിളിക്കാറുള്ള ഈ കിണറിലെ വെള്ളത്തിന്  യാതൊരു പുണ്യവുമില്ലെന്ന് ഗ്രന്ഥകാരന്‍ കൂടിയായ ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു. ചരിത്രശേഷിപ്പുകള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കേ അവ കാണാനുള്ള പ്രവാസി മലയാളികളുടെ താല്‍പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

8/27/12

പാല്‍ക്കാരിയും ലോക് പാലും


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഖലീഫാ ഉമറിന്റെ ഭരണം കൊതിച്ചപ്പോള്‍ മനസ്സില്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു ഭരണാധികാരിയുടെ ചിത്രമായിരുന്നു. രാമരാജ്യമെന്ന് അടയാളപ്പെടുത്തിയപ്പോഴും ഭരണത്തിലെ നേരും നെറിയുമാണ് അദ്ദേഹം സൂചിപ്പിച്ചത്.
മനുഷ്യരെ അന്യരുടെ അവകാശം കവര്‍ന്നെടുക്കാതെ, സൂക്ഷ്മതയോടെയും ഭക്തിയോടെയും ജീവിക്കുന്നവരാക്കി മാറ്റാന്‍ എല്ലാ മതങ്ങളും നിര്‍ദേശിച്ച ഉപവാസത്തെ ഗാന്ധി മറ്റൊരു തരത്തില്‍ കൂടി ഉപയോഗപ്പെടുത്തി. ആര്‍ത്തിക്കും മോഹങ്ങള്‍ക്കും മീതെ ആത്മാവിന്റെ ബലം നേടുകയാണ് മതങ്ങളിലെ ഉപവാസത്തിന്റെ ലക്ഷ്യമെങ്കില്‍ പ്രതിഷേധ സൂചകമായും മനഃസാക്ഷി ഉണര്‍ത്തുന്നതിനുള്ള ആയുധമായും ഗാന്ധി നിരാഹാര സമരത്തെ കണ്ടു.
ഇന്ത്യയിലെ ഭരണാധികാരികളെക്കൊണ്ട് കണക്കു പറയിക്കാന്‍ ഉപവാസമെന്ന സമര മുറയുമായി ഇറങ്ങിപ്പുറപ്പെട്ട അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ തോറ്റു തൊപ്പിയിട്ടതിന്റെ ആഘോഷത്തിലാണ് എല്ലാവരും. ഗാന്ധി ശിഷ്യന്മാര്‍ ഒത്തുകൂടി മഹത്തായ ഒരു സമര മാര്‍ഗത്തെ കൊന്നു എന്നു പറയുന്നതാകും ശരി. തടി കേടാകുമെന്ന് ചിന്തിക്കാതെ നിരാഹാരമിരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹസാരെയും അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ സംഘവും ഉപവാസത്തെ പ്രഹസനമാക്കി മാറ്റി. അധികാരത്തിലുള്ള ഗാന്ധി ശിഷ്യന്മാര്‍ കഴുത്തു ഞെരിക്കുകയും ഹസാരെ സംഘത്തിലെ ആശാന്മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്ത മഹാസംഭവമാണ്  ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രക്ഷോഭം.  ഗാന്ധിയുടെ തൊപ്പിയില്‍നിന്ന് ഗാന്ധിത്തൊപ്പികളിലെത്തുമ്പോള്‍ ഖദറിനു മാത്രമല്ല, മഹത്തായ സമര മുറക്കും വിലയിടിഞ്ഞു പോയി.
ഗാന്ധിജി പിറന്ന ഗുജറാത്തില്‍, കൈയില്‍ ചോരപ്പാടുകളുള്ള മുഖ്യമന്ത്രി നരേന്ദ്ര മോഡി സൗഹാര്‍ദത്തിനു വേണ്ടി ഉപവാസമിരുന്നപ്പോള്‍ സംഭവിച്ചതും മറ്റൊന്നായിരുന്നില്ല.
ലോകത്തെ സമ്പന്നര്‍ നികുതി വെട്ടിച്ചും അല്ലാതെയുമുണ്ടാക്കിയ 32 ട്രില്യണ്‍ ഡോളറിന്റെ സമ്പാദ്യം സുരക്ഷിത കേന്ദ്രങ്ങളിലുണ്ടെന്ന പഠന റിപ്പോര്‍ട്ട് പുറത്തു വന്ന വേളയില്‍ തന്നെയാണ് ഭരണാധികാരികളെ ഭയപ്പെടുത്താനുതകുന്ന ശക്തമായ ലോക്പാലിനു വേണ്ടിയുള്ള മുറവിളി ഇന്ത്യയില്‍ പ്രഹസനമായി കലാശിച്ചത്. സ്വര്‍ണമായും യാനങ്ങളായും സ്വത്തുക്കളായുമുള്ള ഈ അനധികൃത സമ്പാദ്യത്തില്‍ 2800 കോടി ഡോളറും ആദായ നികുതി വെട്ടിച്ചതാണെന്ന് ടാക്‌സ് ജസ്റ്റിസ് നെറ്റ് വര്‍ക്ക് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇങ്ങനെ കടല്‍ കടന്ന പണം 139 വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയിലാണ് ആഘാതമേല്‍പിച്ചത്. അതിസമ്പന്നരുടെ ഈ കവര്‍ച്ച എങ്ങനെ തടയാമെന്ന് വിവിധ രാജ്യങ്ങള്‍ തല പുകയ്ക്കുമ്പോഴാണ് നമ്മുടെ രാജ്യം 40 വര്‍ഷം മുമ്പ് ആരംഭിച്ച ലോക്പാല്‍ ദൗത്യം ഇപ്പോഴും തുടരുന്നത്. ഇന്ത്യയിലെ കോടീശ്വരന്മാര്‍ 25 ലക്ഷം കോടി രൂപയാണ് നികുതി വെട്ടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചത്. ടു ജി സ്‌പെക്ട്രം അഴിമതിയില്‍  കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കിയ നഷ്ടം 1,76,000 കോടി രൂപയാണ്.
സമ്പന്നര്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്ന രാജ്യമെന്ന ഖ്യാതിയോടെയാണ് നാം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. നാലു ശതമാനം അതിസമ്പന്നരും 18 ശതമാനം ഇടത്തരക്കാരും 78 ശതമാനം പട്ടിണിപ്പാവങ്ങളും ചേര്‍ന്നതാണ് നമ്മുടെ രാജ്യം. സമ്പന്നരും പാവങ്ങളും തമ്മിലുള്ള അകലം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.   ലോകത്തിലെ ഏറ്റവും വലിയ പത്ത് കോടീശ്വരന്മാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. നൂറ് കോടിയിലധികം വരുമാനമുള്ള ശതകോടീശ്വരന്മാര്‍ 300.
5000 കോടിയിലധികം ആസ്തിയുള്ളവര്‍ ഇന്ത്യയില്‍ 50 വരും.
 പാര്‍പ്പിടമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത പാവങ്ങള്‍ നമ്മുടെ വികസന സ്വപ്‌നങ്ങളില്‍ കടന്നുവരുന്നില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മെട്രോ നഗരങ്ങളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആഡംബര കാറുകളും അതിവേഗ പാതയുമൊക്കെയാണ് നമ്മുടെ സ്വപ്‌നങ്ങള്‍. കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കോടികളുടെ നികുതിയിളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വ്യവസായികളില്‍നിന്ന് വേണ്ടെന്നുവെച്ച വരുമാനം ബജറ്റില്‍ കാണിച്ച ധനക്കമ്മിയേക്കാള്‍ കൂടുതലാണ്.
പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന സബ്‌സിഡികള്‍ എല്ലാ മേഖലയില്‍നിന്നും ഇല്ലാതാക്കിക്കൊണ്ടാണ് സമ്പന്നരുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഉദാരവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഉദാരീകരണ നടപടികളുടെ വേഗം കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധരും മാധ്യമങ്ങളും ആവര്‍ത്തിക്കമ്പോള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും മേലുള്ള ജനകീയ സമ്മര്‍ദമെന്ന അവസാനത്തെ കെട്ടു കൂടി പൊട്ടിക്കാനുള്ള തന്ത്രമാണ് അതെന്നു പോലും തിരിച്ചറിയാനാവുന്നില്ല.
കഴിഞ്ഞ വര്‍ഷത്തെ മനുഷ്യ വികസന റിപ്പോര്‍ട്ടിലെ ദാരിദ്ര്യ സൂചികയനുസരിച്ച് 55 ശതമാനം ഇന്ത്യക്കാരും ദരിദ്രരാണ്. 200 ദശലക്ഷം ഇന്ത്യക്കാര്‍ എല്ലാ ദിവസവും ആവശ്യമായ ഭക്ഷണം കഴിക്കാത്തവരാണെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടനയും പറയുന്നു. 20 ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് ഓരോ വര്‍ഷവും  പോഷകാഹാരം കിട്ടാതെയും ചികിത്സ ലഭിക്കാതെയും മരിക്കുന്നത്. രാജ്യത്തെ 85 കോടിയോളം ജനങ്ങളുടെ ദിവസ വരുമാനം 20 രൂപയില്‍ താഴെ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.
കാര്യക്ഷമതയില്ലാത്തവനെന്ന പഴി കേട്ടുതുടങ്ങിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനു കീഴില്‍ വീണ്ടും ധനകാര്യം ഏറ്റെടുത്ത പി. ചിദംബരം കുറേക്കൂടി പ്രത്യക്ഷമായ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കാരണം വളര്‍ച്ചാ നിരക്ക് ഇനിയും കൂട്ടിക്കാണിച്ച് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കണമെങ്കില്‍ നാല് ശതമാനം വരുന്ന നാലര കോടി സമ്പന്നര്‍ക്ക് വീണ്ടും വളരാന്‍ സാഹചര്യമൊരുക്കിയേ പറ്റൂ.
ഒരു ലോക്പാല്‍ നിയമം  വരുന്നതോടെ രാജ്യത്തെ അധികാരി വര്‍ഗം അഴിമതി നിര്‍ത്തി സമ്പൂര്‍ണ ജനസേവകരായി മാറുമെന്ന് കരുതാനാവില്ലെങ്കിലും ജയിലില്‍ പോകേണ്ടിവരുമെന്ന ചെറിയൊരു പേടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
ഗള്‍ഫ് നാടുകളില്‍ ഉള്ളതുപോലെ കട്ടവന്റെ കരം ഛേദിക്കപ്പെടുമെന്ന ഭയമെങ്കിലും രാഷ്ട്രീയക്കാരില്‍ ഉണ്ടാക്കാന്‍ ശക്തമായ ലോക്പാലിനു കഴിയുമെന്നാണ് ഹസാരെ സംഘത്തിലെ കിരണ്‍ ബേദിയെന്ന മുന്‍ പോലീസ് ഓഫീസര്‍ പറഞ്ഞത്.
സമ്പന്നര്‍ക്ക് വേണ്ടി നിലകൊള്ളുന്ന അധികാരികളുള്ള രാജ്യത്ത് ഖലീഫ ഉമറിന്റേതുപോലുള്ള ഭരണമെന്ന ഗാന്ധിയുടെ സ്വപ്‌നം വെറും സ്വപ്‌നം മാത്രം. ഒരു സുപ്രഭാതത്തില്‍ രൂപപ്പെടുത്തുന്ന നിയമത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ഇന്ത്യയുടെ ശരീരത്തെ ആമൂലാഗ്രം ഗ്രസിച്ചിരിക്കുന്ന അഴിമതിയെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്കാരെ പിടികൂടണമെന്ന ഉറച്ച നിലപാടുണ്ടെങ്കില്‍ നിലവിലെ നിയമങ്ങള്‍ തന്നെ ധാരാളം മതി. പക്ഷേ, ഇന്ത്യയുടെ സ്വഭാവം നിര്‍ണയിക്കാന്‍ ഒരു നിയമത്തിലൂടെ സാധിക്കില്ല. ഒരു കുറ്റവാളിയെ അയാള്‍ കുറ്റവാളിയെന്നു തെളിഞ്ഞാല്‍ മാത്രമേ നിയമം കൊണ്ട് ശിക്ഷിക്കാന്‍ കഴിയൂ. അണ്ണാ ഹസാരെയെ നിര്‍മിച്ചതും ഇല്ലാതാക്കിയതും ടെലിവിഷന്‍ ക്യാമറകളാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടു മാത്രമല്ല അദ്ദേഹം ഉയര്‍ത്തിയ മഹിത മുദ്രാവാക്യത്തിന്റെ പകിട്ടില്‍നിന്ന് ജനങ്ങള്‍ മടങ്ങിപ്പോയത്. തിരിഞ്ഞുനടക്കാതെ അവര്‍ക്ക് നിവൃത്തിയില്ലായിരുന്നു.
അഴിമതിയില്ലാത്ത സമൂഹമെന്ന സ്വപ്‌നം പൂവണിയണമെങ്കില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കും ചെന്നു കയറാന്‍ സാധിച്ചിട്ടില്ലാത്ത അടിത്തട്ടില്‍നിന്നു തുടങ്ങണം. അവിടെ ഗാന്ധിജി കണ്ട ഉമറിന്റെ വിദ്യാഭ്യാസം പ്രസക്തമാണ്. പാലില്‍ വെള്ളം ചേര്‍ക്കുന്നത് ഭരണാധികാരിയായ ഉമര്‍ കണ്ടില്ലെങ്കിലും എല്ലാം കാണുന്ന ഒരാളുണ്ടെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞ ധാര്‍മികപാഠം.
കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ച് സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേര്‍ത്താണ് അദ്ദേഹം ധരിച്ചിരുന്നത്. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിന്‍കുട്ടി വിശന്നു ചത്താല്‍ പോലും താനതിന്റെ പേരില്‍ പരലോകത്ത് ഉത്തരം പറയേണ്ടി വരുമെന്ന ചിന്തയായിരുന്നു ഖലീഫാ ഉമറിന്റെ ലോക്പാല്‍. ഗാന്ധിജി മാത്രമല്ല, പില്‍ക്കാലത്തു വന്ന അനേകം ചിന്തകരും ഭരണ തന്ത്രജ്ഞരും ഉമറിന്റെ മാര്‍ഗം കൊതിച്ചു.

Related Posts Plugin for WordPress, Blogger...