1/21/09

ദവാദ്‌മിയും ദോ ആദ്‌മിയും

ചെറുപ്പക്കാരായ രണ്ട്‌ മല്‍ബുകള്‍ കാറില്‍ കയറിയതിനു ജയിലിലായി.
അങ്ങനെ സംഭവിക്കുമോ? കാറില്‍ കയറിയതിനു ജയിലിലാവുകയോ? അവിശ്വസനീയം.
വാര്‍ത്തക്ക്‌ ഇത്രയൊക്കെ മതീട്ടോ. കഥകള്‍ പിന്നീട്‌ മെനയുകയാണ്‌ മാധ്യമങ്ങളുടെ ഇപ്പോഴത്തെ രീതി. കഥകള്‍ നീണ്ടു നീണ്ടുപോയി ഒടുവിലായിരിക്കും വാര്‍ത്തയുടെ ഗുട്ടന്‍സ്‌ വായനക്കാര്‍ക്ക്‌ പിടികിട്ടുക.
ഇതങ്ങനെയല്ലാട്ടോ.
കാറില്‍ കയറി എന്നതല്ലാതെ, മറ്റൊരു കുറ്റവും അവര്‍ ചെയ്‌തിട്ടില്ല.
അങ്ങനെ പറഞ്ഞൂടാ. കാര്‍ ഓടിച്ചിരുന്ന ബംഗാളി അടുത്ത സുഹൃത്താണെന്നുകൂടി പറഞ്ഞു.
പത്ത്‌ മിനുട്ടിന്റെ പരിചയമാണെങ്കിലും ബംഗാളി ഡ്രൈവര്‍ മല്‍ബുകളുടേയും അവര്‍ തിരിച്ചും പേരുകള്‍ ചൊല്ലി പഠിച്ചു. മിയാന്‍ തൂഫൈല്‍ എന്ന ബംഗാളി പേര്‌ പഠിക്കാന്‍ എളുപ്പമായിരുന്നെങ്കിലും മല്‍ബു പേരുകള്‍ മനഃപാഠമാക്കാന്‍ ബംഗാളി കുറച്ചു മെനക്കെട്ടിരുന്നു.
അതങ്ങനെന്യാ. ഈയിടെ ദവാദ്‌മിയിലേക്ക്‌ പോകേണ്ടിയിരുന്ന രണ്ട്‌ ബംഗാളികളെ ടാക്‌സി ഡ്രൈവര്‍ മദീനയില്‍ കൊണ്ടുപോയി.
ബംഗാളികള്‍ ദവാദ്‌മി എന്നുതന്നെയാണ്‌ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും ഡ്രൈവര്‍ കേട്ടത്‌ ദോ ആദ്‌മി എന്നതായിരുന്നു. മദീന എന്നു ഡ്രൈവര്‍ വിളിച്ചികൊണ്ടിരുന്നെങ്കിലും ബംഗാളികള്‍ അതു കേട്ടിരുന്നില്ല. മദീനയിലേക്ക്‌ രണ്ട്‌ പേര്‍ എന്നാണ്‌ ഡ്രൈവര്‍ മനസ്സിലാക്കിയതും.
ബംഗാളികളുടെ ഉര്‍ദു, ഹിന്ദി സംസാരത്തെ കുറിച്ച്‌ കഥകള്‍ ധാരാളമുണ്ടെങ്കിലും ഇവിടെ കാറില്‍ കയറിയവരും ഡ്രൈവറും ഇഖാമയിലുള്ളതുപോലെ തന്നെയാണ്‌ പേരുകള്‍ പഠിച്ചത്‌.
പോലീസ്‌ ചോദിച്ചാല്‍ മൂവരും സുഹൃത്തുക്കളാണെന്നു പറയാന്‍ ശട്ടം കെട്ടുകുയും ചെയ്‌തു.
പ്രതീക്ഷിച്ചതുപോലെ പോലീസ്‌ കൈ നീട്ടി. ഒട്ടും തെറ്റാതെ മല്‍ബുകള്‍ ഡ്രൈവര്‍ തങ്ങളുടെ ഉറ്റ സുഹൃത്താണെന്ന്‌ പോലീസിനെ ധരിപ്പിക്കുകയും ചെയ്‌തു.
ഓ, കള്ള ടാക്‌സിയായിരിക്കും. അത്‌ എല്ലാവരും ചെയ്യുന്നതാ. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന്‌ പറഞ്ഞാണ്‌ അങ്ങനെയുള്ള അവസരങ്ങളില്‍ കള്ള ടാക്‌സിക്കാര്‍ രക്ഷപ്പെടുക. എന്നാല്‍ അതിന്‌ യാത്രക്കാര്‍ എങ്ങന്യാ ജയിലിലാകുന്നേ. അപ്പോള്‍ അത്‌ വാര്‍ത്ത തന്ന്യാ.
ദേ പിന്നേം തോക്കില്‍ കയറി വെടിവെക്കുന്നു. മുഴുവന്‍ കഴിയട്ടെ, എന്നിട്ടാകാം നിഗമനം.
അത്‌ കള്ളക്കാറായിരുന്നില്ല, ശരിക്കും കള്ളുംകാറായിരുന്നു.
സുഹൃത്തുക്കളാണോ എന്ന്‌ പോലീസ്‌ രണ്ടു തവണ മല്‍ബുകളോട്‌ ചോദിച്ചതാ.
പിന്നെ, സംശയമെന്താ? മിയാന്‍ ഞങ്ങളുടെ ഉറ്റ സുഹൃത്താ. അറബിയിലും ഇംഗ്ലീഷിലുമൊക്കെയായി മല്‍ബുകള്‍ പറഞ്ഞൊപ്പിച്ചു.
പിന്നീടാണ്‌ പോലീസ്‌ കാര്‍ പരിശോധിച്ചത്‌. കിട്ടിയതോ, രണ്ടു കുപ്പികള്‍.
വെറും കുപ്പികളല്ല, അതിനകത്ത്‌ ഉഗ്രന്‍ സാധനമുണ്ടായിരുന്നു. അങ്ങനെയാണ്‌ ഒരിക്കലും കുടിക്കുകയോ, കുപ്പികള്‍ കടത്തുകയോ ചെയ്യാത്ത, നിരപരാധികളായ മല്‍ബുകള്‍ ജയിലിലായത്‌.
കഷ്‌ടായിപ്പോയി അല്ലേ.
എത്രയോ ആളുകള്‍ കള്ള ടാക്‌സികളെ ആശ്രയിക്കുന്നു. എത്രയോ മല്‍ബുകള്‍ അതുകൊണ്ട്‌ ഉപജീവനം തേടുന്നു.
ടാക്‌സിക്കൂലിയില്‍ ചില്ലറ ലാഭം നോക്കിയും അവര്‍ക്കൊരു സഹായമായിക്കോട്ടെ എന്നു കരുതിയും കള്ള ടാക്‌സിയില്‍ കയറുന്നവരുണ്ട്‌. ലിമോസിന്‍ തന്നെയാണ്‌ സുരക്ഷിതമെന്ന്‌ അറിയാവുന്നവര്‍ പോലും മല്‍ബുവല്ലേ, കയറിക്കളയാം എന്നു കരുതി ഇത്തരം ടാക്‌സികളെ ആശ്രയിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ലാഭം നോക്കുന്നവര്‍ തന്നെയാണ്‌ കൂടുതലും.
കാര്‍ ഇത്തിരി പഴഞ്ചനാണെങ്കിലും എ.സി ഇല്ലെങ്കിലും അഞ്ച്‌ റിയാല്‍ കുറയുമല്ലോ എന്നതാണ്‌ അവരുടെ നോട്ടം.
അങ്ങനെയൊന്നും അല്ലാട്ടോ...
കള്ള ടാക്‌സിക്കാരില്‍ ലിമോസിനേക്കാള്‍ വാടക വാങ്ങുന്നവരുമുണ്ട്‌. അവരില്‍ ചിലര്‍ ലിമോസിന്‍ കാര്‍ നല്‍കുന്ന ഇളവ്‌ പോലും നല്‍കാറുമില്ല.
വന്നുവന്ന്‌ അവര്‍ നാട്ടിലെ പോലെ യൂനിയനായാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ശരിക്കും.
അതേ ശരിക്കും തന്ന്യാ. നഗരത്തിലെ ചില ആശുപത്രിക്ക്‌ പുറത്ത്‌ കാത്തുനില്‍ക്കുന്ന
മല്‍ബു ടാക്‌സികള്‍ നിരക്ക്‌ ഏകീകരിച്ചിട്ടുണ്ട്‌. അവര്‍ ടേണ്‍ വെച്ചാണ്‌ ആളുകളെ എടുക്കുക. അതു തെറ്റിച്ചാല്‍ നാട്ടിലെ എയര്‍പോര്‍ട്ടിലെ പോലെ കശപിശയും പതിവായിട്ടുണ്ട്‌.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഒരു യാത്രക്കാരനെ എടുക്കാന്‍ വന്ന കാറില്‍, ടാക്‌സി അന്വേഷിക്കുന്നതായി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്ന മറ്റൊരു യാത്രക്കാരനെ കയറ്റിയാല്‍ പിന്നെ രക്ഷ ഉണ്ടാവാറില്ല. ബഹളം കയ്യാങ്കളിയില്‍ വരെ എത്താം.
ഇവിടെ ഏതായാലും അത്രത്തോളം എത്തിയിട്ടില്ല. കാരണം മല്‍ബൂനറിയാലോ, കള്ള ടാക്‌സിയുടെ അതിരും ഗതിയും.

1/18/09

പഴ്‌സിന്റെ കനവും രതിമൂര്‍ഛയും



പുരുഷന്‍ ധരിക്കുന്ന പാന്റ്‌സിന്റെ പോക്കിറ്റിലെ കനംതൂങ്ങുന്ന പഴ്‌സ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനം കൂട്ടുമെന്ന്‌ പഠനം. വേറെ വിഷയങ്ങളൊന്നുമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, ബ്രിട്ടനിലെ ഗവേഷകരാണ്‌ കൗതുകമുള്ള പഠനം നടത്തിയത്‌. പങ്കാളിയുടെ ബാങ്ക്‌ ബാലന്‍സിലാണ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനത്തിന്റെ താക്കോല്‍ കിടക്കുന്നതെന്ന്‌. സമ്പന്നനാണെങ്കില്‍ പങ്കാളിയുടെ രതിമൂര്‍ഛ ഉറപ്പിക്കാമെന്നും പഠനം പറയുന്നു.
പണം കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീകളുടെ രതിമൂര്‍ഛ കൂടുമെന്ന്‌ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂ കാസ്‌ല്‍ യൂനിവേഴ്‌സിറ്റിയിലെ തോമസ്‌ പൊള്ളറ്റ്‌ പറയുന്നു. ദ സണ്‍ഡേ ടൈംസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ഇത്‌ വെറുതെ തട്ടിവിടുന്നതല്ല കേട്ടോ. ലൈംഗികതയേയും വരുമാനത്തേയും കുറിച്ച്‌ അയ്യായിരം ആളുകളുമായി അഭിമുഖം നടത്തി തയാറാക്കിയ ചൈനീസ്‌ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി സര്‍വേയിലൂടെ ലഭിച്ച നിഗമനമാണിത്‌.
ഈ പഠനത്തെ കുറിച്ച്‌ ബൂലോഗത്തെ അഭിപ്രായമെന്താണ്‌. പാന്റസില്‍ പൊങ്ങി നില്‍ക്കുന്ന പഴ്‌സിലേക്കാണോ സ്‌ത്രീകളുടെ നോട്ടം.

1/17/09

ന്റെ ഉംറീ, ഇത്‌ കൊലച്ചതി

മല്‍ബു നിസ്സഹായനാണ്‌. മാത്രമല്ല, നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ നിര്‍ബന്ധിതന്‍ കൂടിയാണ്‌. പരാജയപ്പെട്ടാല്‍ വരാന്‍ പോകുന്നത്‌ വലിയ പേരുദോഷം.
ടെലിഫോണ്‍ കമ്പനിക്ക്‌ നന്ദി പറയാം. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഇക്കുറി ശരിക്കും കുഴങ്ങിയേനേ. നാട്ടുകാരും വീട്ടുകാരുമൊക്കെ എത്തുന്ന വേളയില്‍ മല്‍ബു നേരിടാനിരിക്കുന്ന നിസ്സഹായാവസ്ഥ അറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം ടെലിഫോണ്‍ കമ്പനികളുടെ ബംബര്‍ ഓഫര്‍. ഉറ്റവരായാലും അല്ലെങ്കിലും ഹജിനായി എത്തുന്നവരെ മക്കയില്‍ പോയി കാണുന്നതും അവര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും ജിദ്ദയിലും പരിസരങ്ങളിലുമുള്ള മല്‍ബുകള്‍ കാലങ്ങളായി തുടരുന്ന പതിവാണ്‌.
ക്ഷേമാന്വേഷണത്തിലുപരി, വിശുദ്ധ ഹജിന്റെ പശ്ചാത്തലത്തില്‍ മക്കയിലേക്കുള്ള യാത്രക്ക്‌ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്താല്‍ വന്നു ചേര്‍ന്ന നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താനാണ്‌ ഈ വിളി.
ഹലോ. . . . ഹലോ.. .
ചുമയൊന്നും പിടിച്ചില്ലല്ലോ എന്ന ക്ഷേമാന്വേഷണം നിസ്സഹായവസ്ഥ ബോധ്യപ്പെടുത്തുന്നതിലേക്ക്‌ മാറി.
ഇങ്ങോട്ട്‌ കൊണ്ടുവരണം. സിറ്റിയൊക്കെ കാണിക്കണം. രണ്ട്‌ ദിവസം ഇവിടെ താമസിപ്പിക്കണം. കുറച്ച്‌ സാധനങ്ങള്‍ വാങ്ങിത്തരണം എന്നൊക്കെ കണക്കു കൂട്ടിയതായിരുന്നു. ഇക്കാക്ക കുറച്ച്‌ സ്വര്‍ണം വാങ്ങിത്തരാനും പറഞ്ഞിരുന്നു.
കുട്ടികളാണെങ്കില്‍ ങ്ങളെ കാണാന്‍ കാത്തിരക്കയാ. ന്താ ചെയ്യാ. എല്ലാം അല്‍ക്കുല്‍ത്തായി.
ഇത്തവണ നിയമം ഇങ്ങനെ കര്‍ശനമാക്കുമെന്ന്‌ വിചാരിച്ചതല്ല. കഴിഞ്ഞ വര്‍ഷം മുതലേ നിയമം ഉണ്ടെങ്കിലും ഇത്തവണ ഇതാ വലിയ വലിയ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നു. ഹജിന്‌ അനുമതി പത്രം ലഭിച്ചവര്‍ക്കു മാത്രമേ ഹജ്‌ കര്‍മം കഴിയുന്നതുവരെ മക്കയിലേക്ക്‌ പ്രവേശനമുള്ളൂ.
ചെക്ക്‌ പോസ്റ്റില്‍ മാത്രമല്ല. അവിടെ എത്തിയാലും ചുറ്റും സി.ഐ.ഡികളാ. എപ്പോഴാ പരിശോധിക്കാന്ന്‌ പറയാന്‍ പറ്റൂല.
പിടിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. നേരേ നാട്ടിലേക്കാ.. പലരേയും പിടിച്ചു. കുറച്ചു പേരെ കയറ്റിവിട്ടു. കുറച്ചു പേര്‌ ഇപ്പോഴും ജയിലിലാ.

ങാ പോട്ടെ, സാരമില്ല. ഫോണിന്റെ അങ്ങേ തലക്കല്‍നിന്ന്‌ മല്‍ബൂന്‌ ഇങ്ങോട്ട്‌ ആശ്വസ വാചകം.
പിന്നെ നീ ഇവിടെ വന്നാ കാര്യമുണ്ടായിരുന്നു. ആ അമീറും ഞാനും തെറ്റി.
അയ്യോ ഹജിന്‌ വന്നാല്‍ അങ്ങനെ തെറ്റാനൊന്നും പാടില്ല.
നല്ല കാര്യത്തിനു തന്നെയാ തെറ്റീത്‌.
അതെന്താ.
അയാള്‍ ഞങ്ങള്‌ പെണ്ണുങ്ങളെ പള്ളീ പോകാന്‍ വിടുന്നില്ല.
ഞങ്ങള്‍ റൂമിലെ മൂന്നാല്‌ പെണ്ണുങ്ങള്‍ ഇന്നലെ പള്ളിയിലേക്കിറങ്ങിയപ്പോള്‍ വിലക്കി. ക്ലാസിലിരുന്നാ മതീ. പള്ളീ പോകേണ്ട എന്നാ പറഞ്ഞത്‌.
നിങ്ങള്‍ നാട്ടീന്ന്‌ പള്ളീ പോകാറുണ്ടോന്നും ചോദിച്ചു.
ഞാനും വിട്ടുകൊടുത്തില്ല.
ഇത്രേം പണം ചെലവാക്കി ഇവിടെ വന്നത്‌ റൂമിന്ന്‌ നിസ്‌കരിക്കാനാണോ എന്നു തിരിച്ചുചോദിച്ചു.
ഞങ്ങള്‍ക്ക്‌ ഇവിടെ റൂമീന്ന്‌ നിസ്‌കരിക്കാന്‍ സൗകര്യമൊക്കെ ഒരുക്കിട്ടൂണ്ട്‌. അമീറും മറ്റും പള്ളീ പോയി തിരിച്ചെത്തിയാല്‍ പിന്നെ ക്ലാസും ഹദ്ദാദും തുടങ്ങും.
ദേ ഇവിടെ പതിനായിരക്കണക്കിന്‌ പെണ്ണുങ്ങളല്ലേ ഹറമില്‍ പോയി നിസ്‌കരിക്കുന്നത്‌. ഞങ്ങക്കും വേണ്ടേ ലക്ഷക്കണക്കിനു കൂലി. അതില്ലാതാക്കുന്നത്‌ ശരിയാണോന്ന്‌ ഞാന്‍ അമീറിനോട്‌ ചോദിച്ചപ്പം അങ്ങേര്‌ പറയാ, ആരാ ഇതൊക്കെ പഠിപ്പിച്ചതീന്ന്‌. ഞാന്‍ പറഞ്ഞു. നാട്ടിലെ ഖത്തീബാന്ന്‌. അമീര്‍ എന്നിട്ട്‌ ഖത്തീബിന്റെ ടെലിഫോണ്‍ നമ്പര്‍ വാങ്ങീരിക്കാ.
അതെന്തിനാ?
അങ്ങേരെ പഠിപ്പിക്കാനാരിക്കും. വിളിച്ചോന്നറിയില്ല. വിളിച്ചാല്‍ ഖത്തീബ്‌ നല്ല മറുപടി കൊടുത്തോളും. അയാള്‍ ഇയാളേക്കാളും വലിയ ഉസ്‌താദാ.

ഹറമീന്ന്‌ തന്നെ നിസ്‌കരിക്കണോങ്കില്‍ ങ്ങള്‌ ഇവരുടെ കൂടെ വരണ്ടായിരന്നു. ഹറമില്‍ നിസ്‌കരിക്കാന്‍ വിടാത്തവരാണ്‌ ഇവരെന്ന്‌ അറിയില്ലേ. ഹറമില്‍ ബാങ്ക്‌ വിളിക്കുന്നതിന്‌ തൊട്ടു മുമ്പ്‌ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുന്ന ശബ്‌ദം ഹറമിലുള്ള പെണ്ണുങ്ങള്‍ റൂമിലേക്ക്‌ മടങ്ങാനുള്ള ഊത്താണെന്ന്‌ അവര്‌ പറയാറുണ്ടല്ലോ.. ഇനിയിപ്പോ എന്താ ചെയ്യാ. തവാഫിനാന്നും പറഞ്ഞ്‌ പോയി നിസ്‌കരിച്ചിട്ടു വന്നോ. അവരോട്‌ അധികം തര്‍ക്കിക്കാന്‍ നിക്കണ്ട. ഹജിനു വന്നാല്‍ കലമ്പും കൂട്ടോന്നും പാടില്ല.

അയ്യോ, അമീറിന്റെ കല്‍പന അനുസരിക്കാതിരുന്നാല്‍ പിന്നെങ്ങനാ ഹജ്‌ ശരിയാവുക. അതു മാത്രല്ല, നമ്മള്‍ പോകുന്നതൊക്കെ നോക്കാന്‍ ഗ്രൂപ്പിലെ സഹായികളുണ്ട്‌. ക്ലാസിനും ഹദ്ദാദിനൊന്നും സമയത്ത്‌ ചെന്നില്ലെങ്കില്‍ പിന്നെ പോലീസ്‌ സ്റ്റേഷനിലെ പോലാ. ചോദ്യം ചെയ്യാതെ വിടില്ല. ദാ ഇവിടെ ഒരാളുണ്ട്‌ . മറ്റേ റൂമിലെ താത്താനെ കാണാന്‍ ജിദ്ദേന്ന്‌ വന്നതാ. ഇങ്ങോട്ട്‌ വരാന്‍ ഒരു പ്രശ്‌നോം ഇല്ലെന്നാ അയാള്‌ പറയുന്നത്‌. നിനക്ക്‌ മാത്രാണോ ചെക്കിംഗും തടയലുമൊക്കെ. അയാളിത്‌ അഞ്ചാമത്തെ തവണയാ വന്നത്‌. താത്താക്ക്‌ ജിദ്ദേന്ന്‌ തന്നെയാ എല്ലാ സാധനങ്ങളും കൊണ്ടുകൊടുത്തത്‌.

ശരിക്കുമൊന്ന്‌ }ഞെട്ടിയ മല്‍ബുവിന്റെ നാവിറങ്ങിയപ്പോള്‍ ദാ വീണ്ടും.
ഞാനയാള്‍ക്ക്‌ ഫോണ്‍ കൊടുക്കാം. നീ തന്നെ ചോദിച്ചുനോക്ക്‌.

അല്ല മാഷേ, ഇതെങ്ങനാ ങ്ങള്‌ അവിടെ എത്തീത്‌.

അയിനെന്താ. ങ്ങളൊക്കെ പേടിക്കൊടല�ാരാ. ഞാന്‍ അഞ്ച്‌ തവണ വന്നിട്ടും ഇതുവരെ ഒരാളും ചെക്ക്‌ ചെയ്‌തിട്ടില്ല. പിടിച്ചൂന്നും ജയിലിട്ടൂന്നും നാട്ടിലയച്ചൂന്നും ഒക്കെ പറയുന്നുണ്ട്‌. അതൊക്കെ ലുങ്കി ന്യൂസുകളാ. . . .ശരിക്കും ലുങ്കി.

ങ്ങള്‌ ബോര്‍ഡും പരസ്യങ്ങളൊന്നും കണ്ടിട്ടില്ലേ. നിയമം ഇക്കുറി വളരെ കര്‍ശനമായി നടപ്പാക്കൂന്ന്‌ പല തവണ മുന്നറിയിപ്പ്‌ നല്‍കീട്ടുണ്ട്‌. എത്രയോ പേരെ മടക്കി അയക്കേം ചെയ്‌തു. ദാ ഇന്നലെ ന്റെ ഒരു സുഹൃത്തും കുടുംബവും പോയി ചെക്ക്‌ പോയന്റീന്ന്‌ മടങ്ങീതാ. ങ്ങളെ ഭയങ്കര ധൈര്യം തന്നെയാ.. സമ്മതിച്ചിരിക്കുന്നു.

എന്നെ ഇതുവരെ ആരും ചെക്ക്‌ ചെയ്‌തിട്ടില്ല. ഇനി ചെക്ക്‌ ചെയ്‌താ തന്നെ എനിക്ക്‌ പേടീം ഇല്ല. ഞാന്‍ ഉംറിയാ. നാട്ടീ പോകാന്‍ രാജാവിന്റെ ടിക്കറ്റും കാത്തുനില്‍ക്കുവാ. മൂന്ന്‌ കൊല്ലായി വന്നിട്ട്‌. . എത്ര നോക്കീട്ടും പിടിക്കുന്നില്ല. പോലീസും ജവാസാത്തും എന്നെ മാത്രം ചെക്ക്‌ ചെയ്യൂല.
മല്‍ബുവിന്റെ നാവ്‌ വീണ്ടും ഇറങ്ങി. സ്വബോധം വീണ്ടു കിട്ടിയപ്പോള്‍ പറഞ്ഞുപോയി.
ന്റെ ഉംറീ ഇതെന്തൊരു കൊലച്ചതി.

സര്‍പ്പീപ്പോക്ക്‌

മല്‍ബു കണ്ണാടിയിലും ഇടത്തും വലത്തും ചാഞ്ഞും ചെരിഞ്ഞുമെല്ലാം നോക്കി.
കൊള്ളാം.
മല്‍ബിയുടെ സെലക്‌ഷന്‍ ഇക്കുറി സൂപ്പറായിരിക്കുന്നു.
സാധാരണ മല്‍ബി കുപ്പായം കൊടുത്തയച്ചാല്‍ ഏതെങ്കിലും പാര്‍ട്ടിക്കാരുടെ കൊടി പുതച്ചാലെന്ന പോലെയാണിരിക്കുക. അല്ലെങ്കില്‍ മെക്കെയിന്റെ കുപ്പായം ഒബാമയിട്ടതു പോലെ. അതുമല്ലെങ്കില്‍ മുഖ്യമന്ത്രി വി.എസിന്റെ ജുബ്ബ പിണറായി ധരിച്ചതുപോലെ.
മെക്കെയ്‌നേക്കാളും കൂടെ ഉണ്ടായിരുന്ന പെയ്‌ലിന്‍ സുന്ദരിയേക്കാളും മല്‍ബുവിനെ ആകര്‍ഷിച്ചത്‌ ഒബാമയുടെ ചുറുചുറുക്കായിരുന്നു. വോട്ടുണ്ടായിരുന്നെങ്കില്‍ അത്‌ ഒബാമക്ക്‌ തന്നെയെന്ന്‌ മല്‍ബു മെസ്‌ റൂമില്‍ പ്രഖ്യാപിച്ചപ്പോള്‍ കറുമ്പനെന്ന്‌ പറഞ്ഞ്‌ കളിയാക്കിയവരൊക്കെ ഫലം വന്നപ്പോള്‍ പത്തി താഴ്‌ത്തി. നിറം ഇത്തിരി കറുപ്പായതിനാലും ഒബാമയെ ഇഷ്‌ടപ്പെടുന്നതിനാലും ചിലരൊക്കെ ഇപ്പോഴും ഒബാമയെന്ന്‌ വിളിക്കാറുണ്ട്‌.
മുടി പറ്റെ വെട്ടിച്ച്‌ ഒബാമയെ പോലെ ചുറുചുറുക്കോടെ നടക്കാന്‍ അരക്കൈ കുപ്പായം തന്നെ കൊടുത്തയക്കാന്‍ മല്‍ബിയോട്‌ പ്രത്യേകം പറഞ്ഞതായിരുന്നു.
ഷര്‍ട്ടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട്‌ മല്‍ബു കഴിഞ്ഞയാഴ്‌ച വാങ്ങിയ സുഗന്ധ തൈലമെടുത്തു. പുറംകൈയില്‍ തേച്ച ശേഷം മറുകൈയുടെ പുറംഭാഗത്തുമാക്കി ഷര്‍ട്ടിന്റെ ഇരു ഭാഗത്തും പുരട്ടി. പിന്നെ കൈ ഒന്ന്‌ മണത്ത്‌ നോക്കിയ മല്‍ബു ശരിക്കും ഞെട്ടി.
ശ്ശൊ ഇങ്ങനെയൊരു പറ്റു പറ്റിയല്ലോ.. ഒറ്റ മല്‍ബൂനേം വിശ്വസിച്ചൂടാ. . . �
സാധാരണ പെര്‍ഫ്യൂം വാങ്ങുമ്പോള്‍ സ്‌പ്രേ തെരഞ്ഞെടുക്കാറുള്ള മല്‍ബൂനെ തൈലത്തിന്റെ മഹിമ പറഞ്ഞ്‌ ഒരു മല്‍ബുക്കുട്ടി കുപ്പിയിലിറക്കിയതായിരുന്നു.
തൈലം വിരലിലാക്കി മണത്തപ്പോള്‍ അങ്ങനെ പാടില്ലെന്നു പറഞ്ഞു കൊണ്ട്‌ അത്‌ പുറംകൈയിലാക്കിയ ശേഷം കുപ്പായത്തില്‍ പുരട്ടേണ്ട രീതിയും ആ സെയില്‍സ്‌ മാന്‍ തന്നെ പഠിപ്പിച്ചതാണ്‌.
പത്തോ പതിനഞ്ചോ റിയാല്‍ കൊടുത്തു വാങ്ങാവുന്ന സ്‌പ്രേ ഒഴിവാക്കി തൈലം വാങ്ങാന്‍ ഇരട്ടി റിയാലാണ്‌ കൊടുത്തത്‌.
അത്തറ്‌ കടയുടെ പോരിശ പറയുമ്പോള്‍ കുട്ടി മല്‍ബുവിന്‌ നൂറു നാവായിരുന്നു.
കഥ മുഴുവന്‍ കേട്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനും കഴിഞ്ഞില്ല. രണ്ടു മല്‍ബുമാര്‍ കഠിനാധ്വാനത്തിലൂടെ സാധിച്ചെടുത്തതാണത്രേ ഈ അത്തര്‍ സാമ്രാജ്യം. എളിയ തുടക്കം. വീട്ടില്‍വെച്ച്‌ ഭാര്യമാര്‍ കുപ്പിയില്‍ നിറച്ചുകൊടുത്തിരുന്ന അത്തര്‍ കൊണ്ടു നടന്ന്‌ വിറ്റിരുന്നവര്‍. അവരുടെ സൗഹൃദവും വിശ്വാസ്യതയും ഇവര്‍ മല്‍ബുകള്‍ തന്നെയോ എന്നു പോലും സംശയിക്കത്തക്ക നിലയിലായിരുന്നു. ഇപ്പോള്‍ കടകള്‍ നിരവധി. നൂറുകണക്കിനു ജോലിക്കാര്‍.
കടയില്‍ മല്‍ബുവാണെങ്കില്‍ ഒറിജിനല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്‌ക്കു ലഭിക്കുമെന്ന ധാരണ തെറ്റാണെന്ന്‌ ഒരിക്കല്‍ കൂടി തെളിഞ്ഞ സംഭവം.
ങാ പോട്ടെ, അവരു നന്നാവട്ടെയെന്ന ആത്മഗതത്തോടെ മല്‍ബു ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി ഇസ്‌തിരി ചുളിഞ്ഞിട്ടില്ലെന്ന്‌ ഉറപ്പു വരുത്തി.
പ്രിയപ്പെട്ട സര്‍പ്പീലേക്കുള്ള വാരാന്ത്യ യാത്രയാണ്‌. പല നഗരങ്ങളിലും ഷറഫിയ ഉണ്ടെങ്കിലും ജിദ്ദയില്‍ ഇത്‌ മല്‍ബൂന്റെ സ്വന്തം `സര്‍പ്പി'യാണ്‌. ആഴ്‌ചയിലൊരിക്കല്‍ അവിടെ ചെന്നില്ലെങ്കില്‍, അണിഞ്ഞൊരുങ്ങി ഇതാ ഇവിടെ ഒരു ഉരുപ്പടി എന്ന പോലെ നിന്നില്ലെങ്കില്‍, ഷര്‍ട്ടിനെ കുറിച്ചും പാന്റ്‌സിനെ കുറിച്ചും നാലു പേരൊന്ന്‌ കേമം പറഞ്ഞില്ലെങ്കില്‍ അടുത്തയാഴ്‌ച മുഴുവന്‍ മല്‍ബൂന്‌ ദഹനക്കേടാണ്‌. മല്‍ബൂന്‌ സര്‍പ്പി പോലെ ഫില്‍ബൂനും ബംഗ്ലൂവിനുമൊക്കെ ഈ മഹാ നഗരം തുരുത്തുകളൊരുക്കിയിട്ടുണ്ട്‌. പ്രവാസ ജീവിതത്തിലെ കയ്‌പുകള്‍ ഇറക്കിവെക്കാന്‍.
സമയം വൈകിയോ എന്നു വാച്ചില്‍ നോക്കി സംശയിച്ചുകൊണ്ട്‌ മല്‍ബു രണ്ട്‌ റിയാല്‍ ബസിനു കൈനീട്ടി. ഷര്‍ട്ടിന്റെ ഇസ്‌തിരി ചുളിയാതിരിക്കാന്‍ ഇരട്ടി ശ്രദ്ധയോടെ ബസില്‍ കയറിയ മല്‍ബു ആദ്യം കണ്ട സീറ്റില്‍ തന്നെ എവിടെയും തട്ടാതെ ഇരുന്നു. ഇനിയും കയറുന്നവര്‍ ശല്യം ചെയ്യാതെ പിറകോട്ടോ മുമ്പോട്ടോ പോകണേ എന്ന പ്രാര്‍ഥനയോടെ.
മുമ്പിലും പിറകിലും ഇരിക്കുന്നതെല്ലാം മല്‍ബുകള്‍ തന്നെയെങ്കിലും പരിചിത മുഖങ്ങളൊന്നുമില്ല. തുറിച്ചു നോക്കിയ ഒരാളെ തിരിച്ചും തുറിച്ചു നോക്കി.
ഡ്രൈവര്‍ ഇടക്കിടെ തിരിഞ്ഞു നോക്കി അറബിയില്‍ പറയുന്നുണ്ട്‌. ഇത്രയും വര്‍ഷായിട്ടും ബോസ്‌ പോലും തന്നോട്‌ അറബിയില്‍ പറഞ്ഞിട്ടില്ലെന്ന ഗമയിലാണ്‌ മല്‍ബുവിന്റെ ഇരിപ്പ്‌. ഇടതു വശത്തെ ഒഴിഞ്ഞ സീറ്റില്‍ നീങ്ങിയിരിക്കാനാണ്‌ ഡ്രൈവര്‍ പറയുന്നതെന്ന്‌ മനസ്സിലായിട്ടും തിരിയാതെ പോലെ ഇരുന്നു. എല്ലാ സീറ്റിലും ആളായാല്‍ വേണമെങ്കില്‍ നീങ്ങാമെന്ന്‌ മനസ്സില്‍ കരുതുകയും ചെയ്‌തു.
പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്‌. ബസ്‌ സഡന്‍ ബ്രേക്കിട്ട്‌ നിര്‍ത്തിയ ഡ്രൈവര്‍ പാഞ്ഞെത്തി മല്‍ബുവിന്റെ മുഖത്ത്‌ രണ്ടടി. കുറെ നേരായില്ലേ തന്നോട്‌ നീങ്ങിയിരിക്കാന്‍ പറയുന്നതെന്ന ഗര്‍ജനവും.
മൂന്നാമതും അടിക്കാന്‍ ഉയര്‍ത്തിയ ഡ്രൈവറുടെ കൈ മറ്റേതോ ദേശക്കാരനാണ്‌ പിടിച്ചത്‌. സര്‍പ്പീലെത്താന്‍ സമയം വൈകിയല്ലോ എന്ന ചിന്തയിലായിരുന്നു ബസിലുണ്ടായിരുന്ന മറ്റു മല്‍ബുകളെല്ലാം.
രണ്ടു റിയാല്‍ ബസിലെ ഡ്രൈവറെയോ റിയാല്‍ വാങ്ങാന്‍ മുന്‍ സീറ്റിലിരിക്കുന്ന സഹായിയെയോ
ഒരിക്കലും പ്രകോപിപ്പിക്കരുതെന്ന്‌ അവര്‍ക്കൊക്കെ അറിയാം.

മല്‍ബു ജയിച്ചു, കഷ്‌ടംസ്‌ തോറ്റു

കഷ്‌ടംസുകാര്‍ യാചിക്കാറുണ്ടോ?
അതാരാ കഷ്‌ടംസുകാര്‍?
ഗള്‍ഫുകാരന്‍ പാടുപെട്ട്‌ നിറച്ചുകൊണ്ടു പോകുന്ന പെട്ടിക്കായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്ന കശ്‌മലന്മാര്‍.
ഓ കസ്റ്റംസുകാര്‍.
കേന്ദ്ര സര്‍ക്കാരില്‍നിന്ന്‌ മോശമല്ലാത്ത ശമ്പളം പറ്റുന്നത്‌ പോരാഞ്ഞിട്ട്‌, നാടും കുടുംബവും വിട്ട്‌ മരുഭൂമിയിലെത്തി കഷ്‌ടപ്പെടുന്നവരോട്‌ യാചിക്കുന്ന ഇവരെ കുറിച്ച്‌ കഷ്‌ടം എന്നല്ലാതെ എന്താ പറയാ. ക എന്നല്ല, ദീര്‍ഘം കൂട്ടി കാ എന്നാണ്‌ ശരിക്കും പറയേണ്ടത്‌.
എന്നാല്‍ കേട്ടോളൂ ഒരു കഥ.
കൊണ്ടോട്ടിക്കാരനായ ഒരു മല്‍ബൂനെ തേടി ഈയിടെ ഒരു കസ്റ്റംസ്‌ ഓഫീസര്‍ക്ക്‌ പുരയില്‍ പോകേണ്ടിവന്നു.
അതെന്താ, ഇപ്പോള്‍ റെയ്‌ഡിന്റെ കാലമാണല്ലോ, അല്ലേ.
അതൊന്നും അല്ല, കര്‍മഫലം തന്ന്യാ കാരണം.
ആരുടെ കര്‍മം? കര്‍മം ചെയ്യാന്‍ വിധിക്കപ്പെട്ടവനാണല്ലോ പ്രവാസി മല്‍ബു.
മല്‍ബൂന്റെ കര്‍മമല്ല, ഇത്‌ ഓഫീസറുടെ കര്‍മം തന്ന്യാ.
തോക്കില്‍ കയറി വെടിവെക്കുന്ന സാധാരണ മല്‍ബുവാകാതെ, മുഴുവന്‍ കേള്‍ക്ക്‌.
രണ്ട്‌ ഡസന്‍ ഓട്‌സ്‌ കൊണ്ടുപോയതായിരുന്നു നമ്മുടെ കൊണ്ടോട്ടിക്കാരന്‍ മല്‍ബു. പ്രമേഹ രോഗിയായ ബാപ്പയെ ശുശ്രൂഷിക്കാനുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ ഭക്ഷണമായ ഓട്‌സല്ലതെ മറ്റു സാധനങ്ങളൊന്നും കൊണ്ടുപോയിരുന്നുമില്ല.
കൈയിലുള്ള റിയാല്‍ തന്ന്‌ വേഗം പോയിക്കോളൂ എന്ന കസ്റ്റംസ്‌ പല്ലവി എല്ലാ യാത്രയിലും കേള്‍ക്കാറുണ്ടെങ്കിലും ഇത്തവണ വിചാരണയും കുറിപ്പടി തയാറാക്കലുമൊക്കെ നേരിടേണ്ടിവന്നു.
ഇതെന്തിനാ ഇത്രയും ഓട്‌സ്‌ കൊണ്ടുപോകുന്നത്‌? കച്ചവടമുണ്ടാകും അല്ലേ?
അയ്യോ, ഇതെന്റെ ഭക്ഷണമാ. മറ്റൊന്നും എനിക്ക്‌ കഴിക്കാന്‍ പാടില്ല. മടങ്ങുന്നതുവരെ ഇതുകൊണ്ട്‌ ഒപ്പിക്കണം.
രക്ഷപ്പെടാനായി ബാപ്പയുടെ കാര്യം മാറ്റിവെച്ച്‌ മല്‍ബു ഒന്നു കാച്ചിനോക്കി.
എന്താ അവിടെ ജോലി?
കൂലിപ്പണിയാണേ. ഇവിടെ ഗതി കിട്ടാഞ്ഞിട്ട്‌ പോയതാ. അവിടെ കിട്ടിയതും കൂലിപ്പണി തന്നെ.
ഇംപോര്‍ട്ടിംഗ്‌ ലൈസന്‍സ്‌ ഉണ്ടോ?
അതെന്തിനാ സാറേ...?
ലൈസന്‍സില്ലാതെ ഇത്രയും സാധനം കൊണ്ടുപോകാന്‍ പാടില്ല എന്നറിയില്ലേ?
കസ്റ്റംസ്‌ ഓഫീസര്‍ നീളമുള്ള പേപ്പറെടുത്ത്‌ മല്‍ബൂന്റെ പേരെഴുതി.
അയ്യോ. ഇതാര്‍ക്കും കൊടുക്കാനൊന്നും അല്ല. ക്ക്‌ തന്നെ കഴിക്കാനാ.
എന്നു പറഞ്ഞോണ്ട്‌ ബോര്‍ഡിംഗ്‌ പാസ്‌ കഷ്‌ണത്തിന്റെ മറുഭാഗത്ത്‌ മല്‍ബു കസ്റ്റംസ്‌ ഓഫീസറുടെ പേരും എഴുതി.
സു...
വേണോങ്കില്‍ പാസ്‌പോര്‍ട്ടില്‍ എഴുതിക്കോളൂ സാറേ. ഞാന്‍ തിരിച്ചുവരുമ്പോള്‍ കഴിച്ച ഓട്‌സിന്റെ ടിന്‍ മുഴുവന്‍ കൊണ്ടുവരാം.
സ്വര്‍ണവും ഇലക്‌ട്രോണിക്‌ സാധനങ്ങളുമൊക്കെ കൊണ്ടുപോകുമ്പോള്‍ എഴുതാറുണ്ടല്ലോ അതു പോലെ.
അതൊന്നും പറ്റില്ല. ഫൈനടച്ച്‌ സാധനം കൊണ്ടുപോയിക്കോളൂ.
അപ്പോഴാണ്‌ പേരെഴുതിയെടുത്തത്‌ ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടത്‌.
അതന്തിനാ നീ എന്റെ പേരെഴുതിയത്‌?
അതെന്താ സാറേ. അറിയാന്‍ വേണ്ടി തന്നെയാണല്ലോ ഇത്ര നന്നായി ബാഡ്‌ജില്‍ പേര്‌ എഴുതിവെച്ചിരിക്കുന്നത്‌.
വാദവും മറുവാദവും മുറുകിയപ്പോള്‍ പിന്നില്‍ രണ്ടുമൂന്ന്‌ ഇരകള്‍ കാത്തുനില്‍പുണ്ടായിരുന്നു.
ഒന്നും തടയില്ലെന്ന്‌ തോന്നിയ ഓഫീസര്‍ വെറുതെ വിടാനൊരുങ്ങിയ മല്‍ബു പോകാന്‍ ഒരുക്കമല്ലായിരുന്നു.
അങ്ങനെയങ്ങ്‌ പോകാന്‍ പറ്റില്ല സാറേ.
കേന്ദ്ര സര്‍ക്കാരിന്റെ കടലാസില്‍ അങ്ങ്‌ എന്റെ പേരെഴുതിയത്‌ കാന്‍സല്‍ ചെയ്യാതെ പോകാനൊക്കൂല.
അതൊക്കെ ഞാന്‍ നോക്കിക്കോളും. വേഗം സ്ഥലം കാലിയാക്കിയാട്ടെ.
ഇല്ല സാര്‍. അത്‌ റദ്ദാക്കി കോപ്പി കിട്ടാതെ പോകൂല്ല. നിങ്ങള്‍ അവിടെ എന്തൊക്കെയാണ്‌ എഴുതി ചേര്‍ക്കുകയെന്ന്‌ ആര്‍ക്കാ നിശ്ചയം.
പേടിക്കേണ്ട. അത്‌ ഞാന്‍ കാന്‍സല്‍ ആക്കിക്കൊള്ളാം.
അതെങ്ങന്യാ സാറേ. വെറുമൊരു കൗണ്ടര്‍ ഉദ്യോഗസ്ഥനായ നിങ്ങള്‍ക്ക്‌ അത്‌ കാന്‍സലാക്കാന്‍ പറ്റ്വോ. കലക്‌ടര്‍ തന്നെ കാന്‍സല്‍ ചെയ്‌ത്‌ സീല്‍വെച്ചുള്ള കോപ്പി കിട്ടിയാലേ ഞാന്‍ പോകൂ.
ഓഫീസറുടെ പക്കലുള്ളത്‌ വ്യാജ കടലാസാണെന്ന്‌ ബോധ്യപ്പെട്ട മല്‍ബു വിടാന്‍ ഭാവമില്ല.
ഒന്നു ചോദിച്ചോട്ടെ, അതെങ്ങന്യാ വ്യാജനാണെന്ന്‌ മല്‍ബൂന്‌ ബോധ്യായത്‌.
സീരിയല്‍ നമ്പരൊന്നും ഇല്ലാത്ത വ്യാജ പേപ്പറിലെഴുതിയാണ്‌ കസ്റ്റംസ്‌ ഓഫീസര്‍മാര്‍ ഗള്‍ഫുകാരെ വിരട്ടി സംതിങ്ങ്‌ നേടാറുള്ളതെന്ന്‌ മല്‍ബു പണ്ടെവിടെയോ വായിച്ചിട്ടുണ്ട്‌. പേപ്പറില്‍ നോക്കിയപ്പോള്‍ സീരിയല്‍ നമ്പറില്ല.
ശരി, എന്നിട്ടെന്തുണ്ടായി?
ബഹളം കേട്ട്‌ ഉദ്യോഗസ്ഥനെ സഹായിക്കാനൊരാളെത്തി.
വീട്ടില്‍ പോണ്ടേ, കോംപ്രമൈസ്‌ ആക്കിക്കൂടേ?
ഇല്ല, എനിക്ക്‌ തീരെ തിരക്കില്ല. ഇവിടെ അടുത്താ സാറേ വീട്‌. എത്ര സമയവും കാത്തുനില്‍ക്കാം. കാന്‍സല്‍ ചെയ്‌ത്‌ കലക്‌ടര്‍ ഒപ്പിട്ട കടലാസില്ലാതെ പോകുന്ന പ്രശ്‌നമില്ല.
കഥാനായകന്‍ കടലാസുമെടുത്ത്‌ കലക്‌ടറേയും തേടി പോയി.
രക്ഷയില്ല സാറേ, കലക്‌ടര്‍ കാര്‍ഗോ നോക്കുകയാ. തിരക്ക്‌ ഇപ്പോഴൊന്നും തീരില്ല.
ഇങ്ങോട്ടുള്ള സാറേ വിളി കേട്ടപ്പോള്‍ മല്‍ബൂന്‌ കുളിരുകോരി.
ന്നാല്‌ ഒരു കാര്യം ചെയ്യാം. നിങ്ങളെ ഐഡന്റിറ്റി കാര്‍ഡ്‌ എന്റെ കൈയില്‍ താ. വൈകിട്ട്‌ കാന്‍സല്‍ ചെയ്‌ത ഫോറം തന്നാല്‍ മടക്കിത്തരാം.
അയ്യോ അതൊന്നും പാടില്ല സാറേ. ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ ഇതിന്റെ കോപ്പി തരാം. കാന്‍സല്‍ ചെയ്‌ത കടലാസ്‌ വൈകിട്ട്‌ വീട്ടിലെത്തിച്ചുതരാം.
മല്‍ബു വഴങ്ങി.
അങ്ങനെ വൈകിട്ട്‌ മല്‍ബൂനെ തേടിയെത്തിയ ഓഫീസര്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സങ്കടക്കഥയഴിച്ചു.
25 കൊടുത്താ സാറേ ഇങ്ങോട്ട്‌ മാറിയത്‌. അഞ്ച്‌ വര്‍ഷമേ കിട്ടൂ. അതിനിടയില്‍ എന്തെങ്കിലുമൊക്കെ ഒപ്പിക്കണമെങ്കില്‍ ഇതൊന്നും ഇല്ലാതെ പറ്റില്ല.
25,000 ആണോ 25 ലക്ഷമാണോ കൊടുത്തതെന്നൊന്നും പാവം മല്‍ബു ചോദിക്കാന്‍ പോയില്ല.
അതൊക്കെ വലിയ വലിയ കാര്യമല്ലേ?

ഫ്രീ വിസക്കാര്‍ പൂച്ചേനെ മ്‌ണുങ്ങൂല

ആരെന്തൊക്കെ പറഞ്ഞാലും ഫിലിബിയോട്‌ മല്‍ബൂന്‌ അത്രയൊന്നും മമതയില്ല. കാരണങ്ങള്‍ പലതുണ്ടെങ്കിലും പൂച്ചേനെ തിന്നാളുന്നത്‌ അവയിലൊന്നാണ്‌. റോഡില്‍നിന്ന്‌ പിടിച്ചുകൊണ്ടു പോയി പൂച്ചേനെ ശരിയാക്കി മിണുങ്ങുന്നത്‌ നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ്‌ മല്‍ബൂനിഷ്‌ടം. ഖുമാം പെട്ടിക്കരികില്‍നിന്ന്‌ പിടിച്ചുകൊണ്ടുപോകുന്ന പൂച്ചയെ അവര്‍ അരുമയായി വളര്‍ത്തുകയാണോ എന്നൊന്നും ആരും നോക്കാന്‍ പോയിട്ടില്ല. സാധാരണ കാണുന്ന പൂച്ചകളെ കാണുന്നില്ലെങ്കില്‍ അവയെയൊക്കെ മിണുങ്ങിക്കളഞ്ഞു എന്നാണ്‌ വിചാരം. മുല്‍ബൂന്റെ ഓരോ കാര്യം.
ഫില്‍ബികളേക്കാളും അറബികള്‍ മല്‍ബൂനെ ഇഷ്‌ടപ്പെടുന്നൂന്ന്‌ പറഞ്ഞാലും ശരിയാകില്ല. ജോലിക്കാരായി ഫില്‍ബികളെ തന്നെ വേണമെന്ന്‌ ശഠിക്കുന്ന അറബികളും ധാരാളം. ഫില്‍ബികളെ കുറിച്ചുള്ള ദുഷ്‌ചിന്തകള്‍ക്ക്‌ ഇതും ഒരു കാരണമാണ്‌. പല സ്ഥലങ്ങളിലും ഫിലിബൈസേഷന്‍ എന്ന ഫിലിബിവല്‍കരണം നടക്കുന്നതില്‍ മല്‍ബു ഖിന്നനാണ്‌.
മല്‍ബുവിനെ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന ഒരു കൂട്ടരുണ്ട്‌. ഫ്‌ളാറ്റുടമകള്‍. ഹിന്ദികളില്‍തന്നെ മല്‍ബുവിനെ തേടിപ്പിടിച്ച്‌ ഫ്‌ളാറ്റ്‌ വാടകക്ക്‌ നല്‍കാന്‍ അവര്‍ ഉത്സാഹിക്കുന്നു. വെള്ളം അല്‍പം ഉപയോഗിച്ചാലും തീയതിക്കു മുമ്പേ വാടക എത്തിക്കുന്നവരാണവര്‍. വെള്ളം അധികം ഉപയോഗിച്ചാലെന്താ. കൂടുതല്‍ വേണ്ടി വരുന്ന വെള്ളത്തിന്‌ അവരോട്‌ തന്നെ പണം വാങ്ങണം.
ഫലിബികളാണെങ്കില്‍ ഒരാള്‍ക്ക്‌ മുറി കൊടുത്താല്‍, പിന്നെ കൂട്ടമായി, പാട്ടായി, ബഹളമായി. തലവേദന ഒഴിയൂല്ല.
പണിയെടുക്കാന്‍ ഫിലിബികളെ തന്നെ വേണൊന്ന്‌ ശഠിക്കുന്നതിന്റെ ഗുട്ടന്‍സെന്താ. മല്‍ബുവിനെ പോലെ ഒന്നും ഒന്നരയും കൊടുത്ത്‌ ഫ്രീ വിസയെന്ന്‌ നമ്മളും അങ്ങനയൊന്ന്‌ ഇല്ലെന്ന്‌ മറ്റുള്ളവരും പറയുന്ന സ്വതന്ത്ര വിസയിലെത്തുന്ന ഫിലബികള്‍ വളരെ കുറവാണ്‌. ജോലിയും കൂലിയും ആനുകൂല്യങ്ങളുമൊക്കെ പറഞ്ഞുറപ്പിച്ചേ അവരിങ്ങെത്തു. അവരുടെ എംബസി അങ്ങനെ മാത്രമേ സമ്മതിക്കൂ എന്നും പറയണം. അതേക്കാളും വലിയ നൂറുകൂട്ടം കാര്യങ്ങളുള്ളതിനാല്‍ മല്‍ബൂന്റെ എംബിസക്ക്‌ അതിനൊക്കെ നേരം കുറവാ.
കൂലിക്കഫീലുമാരും അവര്‍ വഴി കാശുണ്ടാക്കുന്ന ഏജന്റുമാരുമാണ്‌ മല്‍ബുവിന്‌ സ്വന്തം എംബസി.
കിട്ടിയാലും ഇല്ലെങ്കിലും ഈ വിസ സര്‍വീസിന്‌ ഒരിക്കലും തളര്‍ച്ച നേരിട്ടിട്ടില്ല. നഗരങ്ങളിലില്ലെങ്കില്‍ വിദൂര ഗ്രാമങ്ങളില്‍നിന്നു പോലും വിസ തരപ്പെടുത്തി മല്‍ബുവിന്‌ അനന്ത സാധ്യതകള്‍ തുറക്കാന്‍ അവര്‍ റെഡിയാണ്‌.
വിസ കിട്ടിയില്ലെങ്കിലെന്താ ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ്‌ അല്ലെങ്കില്‍ ആയുസ്സ്‌ ബാക്കിയുണ്ടെങ്കില്‍ കാശ്‌ തിരികെ കിട്ടും. വിസക്കച്ചവടത്തിന്റെ മറവില്‍ മല്‍ബുവിനെ പിഴിയാന്‍ അങ്ങനെയുമുണ്ട്‌ വഴികള്‍.
പണത്തിനു മുട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ബഖാല തുടങ്ങാന്‍ ചില വമ്പന്മാര്‍ ആശ്രയിക്കുന്ന മാര്‍ഗമായിട്ടുണ്ട്‌ വിസക്കച്ചവടം. നാട്ടില്‍ വിസക്കുവേണ്ടി കാത്തിരിക്കുന്ന കുടുംബക്കാരുടെ സമ്മര്‍ദം മല്‍ബുവിനെ കെണിയില്‍ ചാടിക്കുന്നു. എജന്റ്‌ പണം വാങ്ങി ബിസിനസ്‌ തുടങ്ങുകയായിരുന്നുവെന്ന്‌ മല്‍ബൂന്‌ കത്തുമ്പോഴേക്കും അഞ്ചോ ആറോ മാസം കഴിഞ്ഞിരിക്കും.
വിസ ശരിയായില്ലട്ടോ.. അയാള്‍ പറ്റിച്ചതാ. ഏതായാലും നിന്റെ കാശ്‌ എവിടെയും പോകില്ല. ആയുസ്സുണ്ടെങ്കില്‍ തിരിച്ചുതരുമെന്ന വാക്കുകളില്‍ വിശ്വസിച്ച്‌ വലയുന്ന എത്രയെത്ര പേര്‍.
ശരിക്കും പറഞ്ഞാല്‍ ഫിലിബിയെ കണ്ടു പഠിക്കേണ്ടവനാണ്‌ മല്‍ബു. എന്‍ജിനീയറാവണമെങ്കില്‍ സിഗരറ്റ്‌ വലിക്കണമെന്ന്‌ കരുതുന്നതു പോലെ തന്നെയാണ്‌ ടെക്‌നിക്കല്‍ ജോലികള്‍ക്ക്‌ ഫിലിബി തന്നെ വേണമെന്ന അറബികളുടെ വിശ്വാസം.
ഫിലിബി ടെക്‌നീഷ്യനുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ താനേ വന്നുകൊള്ളുമെന്ന്‌ കരുതുമ്പോള്‍ അവിടെ താനേ ഉയരുന്നു വില.
ജോലിക്കെത്തി അടുത്ത മാസം തന്നെ ശമ്പള വര്‍ധന ആവശ്യപ്പെടാന്‍ കഴിയുന്നു ഫില്‍ബിക്ക്‌. ഇല്ലെങ്കില്‍ തിരികെ പോയിക്കൊള്ളാമെന്നു പറയുന്നതിനുമുണ്ടൊരു ഗമ.
ശമ്പളം കൂട്ടാതെ പറഞ്ഞുവിട്ടാല്‍ നഷ്‌ടം ആര്‍ക്കാ. ചോദിച്ചു വാങ്ങാനും തൊഴിലുടമയെ വരച്ചവരയില്‍ നിറുത്താനും കഴിയുന്നു ഫിലിബിക്ക്‌. ഫ്രീ വിസയില്‍ എത്തി തലവിധി കണ്ടെത്തിയ മല്‍ബൂന്‌ പൂച്ചേനെ മിണുങ്ങാന്‍ മാത്രമല്ല, പൂച്ചക്ക്‌ മണി കെട്ടാന്‍ പോലും സമയമില്ല.
Related Posts Plugin for WordPress, Blogger...