3/22/09

ഉറക്കം വരുന്നില്ലെന്നേതാളമേളങ്ങളുയരുന്ന വാഹനങ്ങള്‍, നിലയ്‌ക്കാത്ത വാഗ്‌ധോരണികള്‍, വോട്ടഭ്യര്‍ഥനയുമായി നീങ്ങുന്ന കൊച്ചു കൊച്ചു കൂട്ടങ്ങള്‍, അലയടിച്ചുയരുന്ന ജയ്‌ഹോ..
അതിനിടയില്‍ മല്‍ബുവിന്റെ ഉറക്കം കെടുത്താനൊരു ചോദ്യം.
എന്താഹേ നാട്ടില്‍ വരുന്നില്ലേ..
മേളങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കമിടയില്‍ ആരുടെയൊക്കെയോ മുഖങ്ങള്‍ അവ്യക്തമായി തെളിഞ്ഞുവരുന്നു. പുതുമുഖങ്ങളായ, മുണ്ട്‌ മാത്രമുടുക്കുന്ന കുഞ്ഞാമുവും പാന്റ്‌സും കോട്ടുമിടുന്ന രണ്ടത്താണിയുമൊക്കയുണ്ട്‌. പിന്നെ കളരിയില്‍ പയറ്റിത്തെളിഞ്ഞ കൊമ്പന്മാരും വമ്പന്മാരും പത്രാസു കാട്ടി ക്ഷണിക്കുന്നു.
വാ, വാ കെങ്കേമമാക്കാന്‍ വാ..
ഉറങ്ങാന്‍ കിടന്നാല്‍ തെളിഞ്ഞുവരുന്നത്‌ നിങ്ങളുടെ വിലപ്പെട്ട വോട്ട്‌ എന്നു തുടങ്ങുന്ന അനൗണ്‍സുമെന്റും പാട്ടുകളുമാണ്‌.
ഉറക്കം കിട്ടാത്ത ഈ അവസ്ഥ തുടങ്ങിയിട്ട്‌ കുറച്ചായി. പൊന്നാനിയില്‍ മത്സരിക്കാന്‍ തയാറുള്ള സര്‍വസമ്മതനായിട്ടൊന്നുമല്ല. നാട്ടിലെ പുകില്‌ നേരില്‍ കാണാനൊക്കാത്തതിലുള്ള ഒരു തരം വിമ്മിഷ്‌ടം.
പത്രങ്ങള്‍ പരതിയും കിട്ടാത്ത ടെലിവിഷന്‍ ചാനലുകളെ ശപിച്ചും തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കൂട്ടുകാര്‍ പറയും നിനക്ക്‌ ഭ്രാന്താ.
അങ്ങനെ കേള്‍ക്കുമ്പോഴും മല്‍ബുവിന്‌ പ്രയാസമില്ല. ഒരു കണക്കിനു ഇതൊരു ഭ്രാന്ത്‌ തന്നെയാ. ജയം അറിഞ്ഞിട്ട്‌ വേണം ഇതൊന്നു തണുക്കാന്‍.
നാട്ടില്‍ ഫുട്‌ബോള്‍ നടക്കുമ്പോഴാണ്‌ ഈ ഭ്രാന്തിന്റെ മറ്റൊരു വകഭേദം അനുഭവിച്ചറിയുക.
ഓന്‍ നാട്ടില്‍ വരണമെങ്കില്‍ ഫുട്‌ബോളോ വോട്ടോ വരണം എന്നും ആളുകള്‍ പറയാറുണ്ട്‌.
ആദ്യത്തെ കണ്‍മണിയെ കാണാനും പെങ്ങളെ കല്യാണത്തിനു കൂടാനുമൊക്കെ നാട്ടില്‍നിന്ന്‌ വിളി വന്നതാ.
എന്തായിപ്പം വിമാനക്കൂലി. ഞാന്‍ അങ്ങോട്ട്‌ വരുന്ന പണം കൂടിയുണ്ടെങ്കില്‍ കണ്‍മണിക്ക്‌ തീര്‍ക്കുന്ന അരഞ്ഞാണത്തിന്റെ കനം കൂട്ടാം. പെങ്ങളെ കല്യാണത്തിന്‌ രണ്ട്‌ പവന്‍ കൂടുതല്‍ കൊടുക്കാം.
അങ്ങനെയൊക്കെയായിരുന്നു മല്‍ബുവിന്റെ ഒഴികഴിവുകള്‍.
ഇതിപ്പോള്‍ ഇങ്ങനെ ഇവിടെ കഴിച്ചു കൂട്ടാന്‍ കഴിയുമെന്നൊന്നും തോന്നുന്നില്ല. ഒരാഴ്‌ചയെങ്കിലും പോയി ഒന്നു കലക്കിമറിച്ചില്ലെങ്കില്‍ ശരിക്കും ഭ്രാന്തായി പോകും.
എങ്കിലും മനസ്സില്‍ മല്‍ബിയെ പേടി. കുഞ്ഞിനെ കാണാന്‍ വരാത്തയാള്‍ വോട്ടിനു വന്നൂന്നറഞ്ഞാല്‍ നാട്ടുകാര്‍ തല്ലിക്കൊല്ലും എന്നാണ്‌ കഴിഞ്ഞ ദിവസം മല്‍ബി പറഞ്ഞത്‌.
കണ്‍മണികള്‍ ഇനിയും വരും. ഇലക്‌ഷന്‍ അഞ്ച്‌ വര്‍ഷം കഴിഞ്ഞല്ലേ വരൂ.
പാര്‍ട്ടി ഫണ്ട്‌ ഉപയോഗിച്ച്‌ എത്ര പേര്‍ക്ക്‌ നാട്ടില്‍ പോകാനൊക്കും. ഗ്രൂപ്പിലെ കൊച്ചുനേതാവാകാനും നേതാക്കളുടെ വലംകൈയുമൊക്കെയാകുന്നതിന്‌ ഭാഗ്യം സിദ്ധിച്ച രണ്ടോ മൂന്നോ പേര്‍ക്ക്‌ ലഭിക്കും അവസരം.
അതിനെന്താ സ്വന്തമായി തന്നെ പോയിക്കൂടേ.
അതിനു വേണ്ടിയല്ലേ വിമാനങ്ങളെല്ലാം കൂലി കുറച്ചത്‌.
എന്താ സംശയം, അത്‌ ഞങ്ങളുടെ നേട്ടം തന്നെയാ.
മല്‍ബൂന്റെ രാഷ്‌ട്രീയബോധമുണര്‍ന്നു.
മറ്റേ മല്‍ബു വിടുമോ.. പിന്നെ സൗദി സര്‍വീസ്‌ തുടങ്ങുന്നതു കൊണ്ടാ ഈ മാറ്റം.
സൗദി സര്‍വീസ്‌ തുടങ്ങിച്ചതാരാ. അതു നമ്മളാ.
അതോണ്ട്‌ ഇക്കുറി പ്രവാസികളുടെ വോട്ട്‌ നമ്മള്‍ക്ക്‌ തന്നെ കിട്ടണം.
അതിനു പ്രവാസികള്‍ക്കെവിടാ വോട്ട്‌.
പ്രവാസികളെ ആശ്രയിച്ചു കഴിയുന്നോരൊക്കെ വോട്ട്‌ ചെയ്യണം. അതിന്‌ കത്തെഴുതണം, എസ്‌.എം.എസ്‌ അയക്കണം, ഫോണ്‍ വിളിക്കണം.
ഇതൊക്കെ തന്നെയാ കര്‍മങ്ങള്‍.
പിന്നെ കോടികള്‍ ഒഴുക്കണം. വലിയ വലിയ ബോര്‍ഡുകളൊക്കെ വെക്കാന്‍ നാട്ടുകാര്‍ക്ക്‌ എവിടുന്നാ പണം. അതു നമ്മള്‍ തന്നെ കൊടുക്കണം. വോട്ടില്ലെങ്കിലും സംഗതികള്‍ക്ക്‌ ഒരു മുടക്കവും വരരുത്‌. തിരിച്ചു പോകേണ്ട നാടല്ലേ. ഏതെങ്കിലും ഒരു കാലത്ത്‌ നമുക്ക്‌ വോട്ട്‌ ചെയ്യേണ്ടതല്ലേ.
അല്ലെങ്കിലും പ്രവാസി വോട്ട്‌ അടുത്തൊന്നും നടക്കാന്‍ പാടില്ലാത്തതാകുന്നു. കാരണം പിന്നെ നേതാക്കള്‍ എന്താ പറയുക.
വിമാനയാത്രാ പ്രശ്‌നത്തില്‍ അല്‍പം അയവു വന്ന സ്ഥിതിക്ക്‌ ഇനി നേതാക്കള്‍ക്ക്‌ പോരാട്ടം പ്രഖ്യാപിക്കാനുള്ളത്‌ വോട്ടവകാശത്തിനുവേണ്ടി തന്നെയാ.
തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികകളില്‍ ഒന്നാം ഇനമായി പോലും എഴുതി ചേര്‍ക്കാം. ഉശിരോടെ കാച്ചാം.
ഇതിനു വേണ്ടിത്തന്നെയാ വമ്പന്മാര്‍ നേതാക്കള്‍ക്കു നല്‍കുന്ന സ്വീകരണത്തില്‍ സമ്മാനിക്കുന്ന ബൊക്കെയോടോപ്പം കോടികള്‍ കൂടി നല്‍കുന്നത്‌.
പ്രവാസികളുടെ പണം മതി. പിന്നെ എസ്‌.എം.എസും.
വോട്ട്‌ വേണ്ട.
ജാഥ നയിക്കാതെയും മുദ്രാവാക്യം മുഴക്കാതെയും മൈദ തേച്ച്‌ പോസ്റ്റര്‍ ഒട്ടിക്കാതെയും ഉറക്കം വരാത്ത മല്‍ബുവിന്‌ ഇതാണവസരം.
കമ്പനികള്‍ വാരിക്കോരി അവധി കൊടുക്കാന്‍ തയാര്‍. ഒരു മാസം ലീവ്‌ ചോദിക്കുന്നവരോട്‌ അഞ്ചോ ആറോ മാസം എടുത്തോളൂ എന്നു കമ്പനികള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌.
മല്‍ബുവിന്‌ വേണമെങ്കില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ മഈ ഇലക്‌ഷന്‍ ആഘോഷിക്കാം.

3/18/09

രൂപയും മല്‍ബവുംമനശ്ശാന്തി നശിപ്പിക്കാന്‍
മര്‍ത്യനെന്തോന്ന്‌ ചെയ്യണം

ഉത്തരം കവി തന്നെ പറയട്ടെ.
ചെയ്യേണ്ട കാര്യം വേണ്ടപ്പോള്‍
ചെയ്യാതെ കണ്ടിരിക്കുക
ഇന്നു ചെയ്യേണ്ടതാം കാര്യം
എന്നും നാളേക്കു നീട്ടുക
നാളെ ചെയ്യേണ്ട കാര്യങ്ങള്‍
നീളെ ചെയ്യാതിരിക്കുക
ചെയ്യാതിരിക്കാന്‍ ന്യായങ്ങള്‍
തയ്യാറാക്കി നിരത്തുക
ചെയ്യേണ്ടതല്ലാത്ത കാര്യങ്ങള്‍
ചെയ്യാന്‍ വാശി പിടിക്കുക
മനശ്ശാന്തി നഷ്‌ടപ്പെട്ട മല്‍ബുവിനെ കണ്ടിരുന്നുവെങ്കില്‍ കവി ഇങ്ങനെ പാടുമായിരുന്നില്ല. പകരം ബാങ്കിലേക്കോ എക്‌സ്‌ചേഞ്ച്‌ ഹൗസിലേക്കോ പോകാനിറങ്ങുന്ന മല്‍ബുവിനോട്‌ ഇങ്ങനെ ചൊല്ലുമായിരുന്നു.
ഇന്നയക്കേണ്ട മല്‍ബൂ
നാളെ ഇനിയും കുറയും
മറ്റന്നാളേക്ക്‌ നീട്ടിയാല്‍
വീണ്ടും വീണ്ടും കുറയും
ഡ്രാഫ്‌റ്റയച്ചയച്ച്‌ പോക്കുറ്റുകള്‍ കാലിയാക്കുന്നവരില്‍ പലരും ഇപ്പോള്‍
രൂപയുടെ കയറ്റിറക്കങ്ങള്‍ നിരീക്ഷിക്കുക പതിവാക്കി. അയക്കാനുള്ളവര്‍ ഒത്ത സമയം തേടുന്നു. അയച്ചവരാകട്ടെ സങ്കടപ്പെടാനും.
നാട്ടിലേക്ക്‌ പണമയക്കാന്‍ സൗകര്യമുള്ള എല്ലാ ബാങ്കുകളിലും എക്‌സ്‌ചേഞ്ച്‌ ഹൗസുകളിലും വിളിച്ച്‌ രൂപയുടെ വിനിമയ നിരക്ക്‌ അന്വേഷിക്കുന്ന ഒരു മല്‍ബുവിനെ കണ്ടുമുട്ടി.
എന്തേ ഇനിയും അയച്ചില്ലേ?
അയച്ചു. ന്നാലും നിരക്ക്‌ അറിഞ്ഞിരിക്കാമല്ലോ?
സങ്കടപ്പെടാനെങ്കിലും.
ആ മല്‍ബൂനെ കുറ്റം പറഞ്ഞൂടാ. നാട്ടില്‍ വീടു പണി നടക്കുന്ന മല്‍ബു തട്ടിക്കൂട്ടി പണമയച്ചശേഷമാണ്‌ രൂപയുടെ കൂപ്പു കുത്തല്‍ തുടങ്ങിയത്‌.
ഞാനോ പെട്ടും മക്കളേ.
നിങ്ങളെങ്കിലും ചോദിച്ചും പിടിച്ചും അയച്ചോ എന്നാണ്‌ മല്‍ബുവിന്റെ ഉപദേശം.

നിരക്കുകകള്‍ പലയിടത്തും പലതായതിനാല്‍ എല്ലായിടത്തും അന്വേഷിക്കണം.
ആദ്യം ചോദിക്കുക. മല്‍ബുവിന്റെ സ്വന്തം ഉണ്ടിയെന്ന്‌ അനൗദ്യോഗിക നിരക്ക്‌ തന്നെ.
പിന്നെ അല്‍ റാജ്‌ഹി, ടെലിമണി, അല്‍ അമൂദി അങ്ങനെ പോകുന്നു അന്വേഷണങ്ങള്‍.
ഒരിടത്ത്‌ കുറവാണെന്നു പറഞ്ഞാല്‍ അതു കുടീ പരിഗണിക്കുന്ന നിലയിലായിട്ടുണ്ട്‌ എക്‌സ്‌ചേഞ്ചുകളുടെ മത്സരം.
തുറന്ന ഉടനെയാണെങ്കില്‍ എക്‌സ്‌ചേഞ്ച്‌ ഹൗസില്‍നിന്ന്‌ നിരക്ക്‌ പറഞ്ഞു തരാന്‍ അല്‍പം മടി കാണിക്കും.
ശരിക്കും പണം അയക്കാന്‍ ഉദ്ദേശിക്കുന്നയാളാണോ എന്നു ഉറപ്പു വരുത്താന്‍ അക്കൗണ്ട്‌ നമ്പറൊക്കെ ചോദിച്ചറിഞ്ഞ ശേഷമേ നിരക്ക്‌ പറയൂ.
മറ്റേ എക്‌സ്‌ചേഞ്ച്‌ ഹൗസിന്റെ നിരക്ക്‌ നിശ്ചയിക്കാനുള്ള വിളിയാണോ എന്നാണ്‌ അവരുടെ സംശയം.
വിനിമയ നിരക്കിലെ ഇടിവും എക്‌സ്‌ചേഞ്ചുകളുടെ മത്സരവും എല്ലാം കൂടി മല്‍ബുവിന്‌ ആഹ്ലാദം തന്നെ എന്നു പറയാന്‍ വരട്ടെ മല്‍ബു എന്താ എല്ലാ ദിവസവും നാട്ടിലേക്ക്‌ പണമയക്കുന്നുണ്ടോ?
മാസത്തില്‍ ഒരിക്കലല്ലേ മല്‍ബൂന്‌ ചവിട്ടാന്‍ പറ്റൂ.
റൂം വാടക്കും ഭക്ഷണത്തിനുമുള്ള തുക മാറ്റിവെച്ച്‌ മുഴുവന്‍ ചവിട്ടിയാലും അതിനുമൊരു കണക്കില്ലേ.
അതോണ്ട്‌ രൂപ കൂപ്പുകൂത്തുമ്പോള്‍ മല്‍ബു ആഹ്ലാദിരേകത്താല്‍ മതിമറക്കുകയാണെന്നൊന്നും പറയല്ലേ സാറേ.
ഇതാ ഇപ്പോള്‍ അയക്കൂ, ഇപ്പോള്‍ അയക്കൂ എന്നൊക്കെ ഇ-മെയില്‍ അയക്കാന്‍ ബാങ്ക്‌ മാനേജര്‍മാര്‍ക്ക്‌ എളുപ്പം തന്നെ.
ഒരു ബാങ്ക്‌ മാനേജരോട്‌ പൊരുതി ജയിച്ച മല്‍ബുവിന്റെ കഥ കൂടിയുണ്ട്‌.
എല്ലാ തവണയും പണമയച്ചാല്‍ 100 രൂപ രൂപ വീതം കമ്മീഷന്‍ പിടിച്ച ബാങ്ക്‌ അധികൃതര്‍ക്ക്‌ ന്യായങ്ങള്‍ നിരത്തി തുരുതുരാ ഇ-മെയിലുകള്‍ ചെന്നപ്പോള്‍ അവര്‍ കിടുങ്ങി. പണമയക്കുമ്പോള്‍ നല്‍കുന്ന കമ്മീഷനില്‍നിന്ന്‌ തങ്ങള്‍ക്ക്‌ ഒന്നും ലഭിക്കുന്നില്ലെന്നായിരുന്നു ബാങ്ക്‌ അധികൃതര്‍ നിരത്തിയ ന്യായം. അതും ചോദ്യം ചെയ്‌തപ്പോള്‍, ഗത്യന്തരമില്ലാതെ മൂന്ന്‌ തവണ പിടിച്ച മൂന്നൂറു രൂപ തിരികെ നല്‍കി. അങ്ങനെ ബാങ്ക്‌ തോറ്റു. മല്‍ബു ജയിച്ചു.
നൂറു രൂപ വിതം കൊടുത്തു ശീലമുള്ളവര്‍ അതൊന്ന്‌ മാറ്റാന്‍ ശ്രമിക്കണമെന്ന്‌ വിജയിയായ മല്‍ബു ആവശ്യപ്പെടുന്നു.

3/7/09

റസൂലിന്റെ നാട്ടുകാരനാ...പത്രം ഓഫീസിലേക്ക്‌ വിളിച്ച മല്‍ബു പറഞ്ഞു:
ഒരു വാര്‍ത്ത കൊടുക്കാനുണ്ടായിരുന്നു. റസൂലിനുള്ള അഭിനന്ദനമാ. ഫാക്‌സില്‍ അയച്ചിട്ടുണ്ട്‌.
അതില്‍ റസൂല്‍ എന്നു മാത്രമേ എഴുതിയിട്ടുള്ളൂ കേട്ടോ. അങ്ങനെ കൊടുത്തേക്കരുതേ. റസൂല്‍ പൂക്കുട്ടി എന്നുതന്നെ കൊടുക്കണം.
അതെന്താ അങ്ങനെ?
റഹ്‌മാനും റസൂലും കൂടി ആകെ കുടുങ്ങിയിരിക്കാ. അറബികളോടൊന്നും അവരുടെ പേരു പറയാന്‍ പറ്റുന്നില്ല. കേള്‍ക്കുമ്പോള്‍ അവര്‍ മൂക്കത്ത്‌ വിരല്‍ വെക്കുന്നു. അതോണ്ട്‌ ഇപ്പോള്‍ എ.ആര്‍, പൂക്കുട്ടി എന്നൊക്കെയാ പറയാറ്‌.
പക്ഷെ, അങ്ങനെയാണെങ്കിലും നമുക്ക്‌ ഇപ്പോള്‍ നല്ല നിലയും വിലയുമൊക്കെയുണ്ട്‌.
മുണ്ട്‌ കുത്തിയുടുത്ത്‌ നടക്കുന്ന മല്‍ബു ഓസ്‌കര്‍ തിളക്കത്തിലല്ലേ?
തലയെടുപ്പോടെ നടക്കാം.
ചന്ദ്രനില്‍ നമ്മുടെ പതാക പറപ്പിച്ചപ്പോഴായിരുന്നു ഇതിനു മുമ്പ്‌ ഈ തലയെടുപ്പ്‌.
അന്ന്‌ അറബി പത്രത്തില്‍ വന്ന ലേഖനവുമായിട്ടായിരുന്നു നടപ്പ്‌.
ഇപ്പോള്‍ ഇതാ റസൂല്‍ പൂക്കുട്ടിയും മല്‍ബുവിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു.
പിന്നെ, അയച്ച വാര്‍ത്ത ഒട്ടും കുറക്കരുത്‌ കേട്ടോ.
ഇത്ര ദീര്‍ഘമായി എഴുതിയാല്‍ എങ്ങനെ പത്രത്തിലിടും? -എഡിറ്ററുടെ മറുപടി.
എല്ലാവരുടേയും പേര്‌ കൊടുക്കണം സാറേ. ഇല്ലെങ്കില്‍ ആകെ കുഴപ്പമാകും. എല്ലാവരും വി.ഐ.പികളാ. ആരുടെയെങ്കിലും പേര്‌ വിട്ടുപോയാല്‍ അവരെന്നോട്‌ ശണ്‌ഠ കൂടും.
സാറിനു നിര്‍ബന്ധമാണെങ്കില്‍ റഹ്‌മാന്റേയും പൂക്കുട്ടിയുടേയും പോരിശ കുറച്ച്‌ ഒഴിവാക്കിക്കോ. അതേ ഒരു മാര്‍ഗമുള്ളൂ. അതൊക്കെ എമ്പാടും പത്രത്തില്‍ വന്നതാണല്ലോ?
പൂക്കുട്ടിയുടെ മറവില്‍ സ്വന്തം പൂക്കുറ്റി പൊട്ടിക്കാന്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ടാകാമെങ്കിലും അത്തരം ഉപായങ്ങള്‍ക്കൊന്നും മെനക്കെടാതെ തന്നെ ആനന്ദാശ്രു പൊഴിച്ച മല്‍ബുകള്‍ ധാരാളം കാണും.
കൊച്ചു കുട്ടികള്‍ക്ക്‌ പുസ്‌തകങ്ങള്‍ നല്‍കുമ്പോഴും വീല്‍ചെയര്‍ സമ്മാനിക്കുമ്പോഴും മാത്രമല്ല, ചരമവാര്‍ത്തയില്‍ പോലും പേരച്ചടിച്ച്‌ ഞെളിയുന്നവര്‍ക്ക്‌ ഒരു പൂക്കുട്ടി സുഖം ലഭിച്ചതിന്‌ ആരേയും കുറ്റം പറയേണ്ട.
മരിച്ചയാളുടെ പേര്‌ വന്നില്ലെങ്കില്‍ പോലും ബന്ധുക്കളുടെ പേരും പദവിയും വരുന്നതിലാണ്‌ കാര്യം. സമ്മാനം ഏറ്റുവാങ്ങുന്ന കുട്ടിയെ ഫോട്ടോയില്‍ കണ്ടില്ലെങ്കിലും കുട്ടിക്കു ചുറ്റും ജിറാഫുകളെ പോലെ ഉയര്‍ന്നുനില്‍ക്കണം സംഘടനക്കാര്‍.
ഓസ്‌കറിലൂടെ യശസ്സുയര്‍ന്നപ്പോള്‍ വിളക്കുപാറ ഉള്‍പ്പെടുന്ന ജില്ലക്കാര്‍ മാത്രമല്ല, മറ്റു ഭാഗങ്ങളിലുള്ള മല്‍ബുകളും സന്തോഷം പങ്കിട്ടിരുന്നു. സ്വയം സന്നദ്ധരായി മറ്റുള്ളവരെ മധുരം തീറ്റിച്ചവരും അതിനു മുന്നോട്ടുവരാത്ത പിശുക്കന്മാരെ പഴുപ്പിച്ച്‌ ചെലവ്‌ ചെയ്യിച്ചവരും കാണും.
ജോലിക്കുള്ള അപേക്ഷയില്‍ ഇനി റസൂലിന്റെ നാട്ടുകാരെന്ന്‌ പ്രത്യേകം എഴുതാം അല്ലേ?
എന്തായാലും ഒരു ചെറിയ പരിഗണന ഇല്ലാതിരിക്കുമോ?
റസൂല്‍ പൂക്കുട്ടിയുടെ വീട്ടിനടുത്താണോ നിങ്ങള്‍?
ഒരു നൂറു കിലോമീറ്റര്‍ അടുത്തു വരും. അതിനെന്താ സാറേ. അറബികള്‍ക്കെവിടെ വിളക്കുപാറയും ചുവന്ന കുന്നും ചേറ്റംകുന്നും തിരിച്ചറിയുന്നു.
എല്ലാം മല്‍ബുകള്‍ തന്നെ. മലബാരികള്‍.
അതിന്‌ റസൂലിന്റെ നാട്‌ ഇപ്പോള്‍ മുംബൈയിലല്ലേ? ബാല്‍താക്കറേയുടെ നാട്ടുകാരന്‍ എന്നതാകും കൂടുതല്‍ ശരി.
സോണിയാ ഗാന്ധി മാത്രമല്ല, അദ്വാനിയും ജയ്‌ഹോ പാടുന്നതിനാല്‍ തല്‍ക്കാലം ബാല്‍താക്കറെ പുറത്താക്കില്ലെന്നു കരുതാം.
ശങ്ക വേണ്ട, ഓസ്‌കര്‍ സ്വീകരിച്ചുകൊണ്ട്‌ കൊഡാക്‌ തിയേറ്ററില്‍ പൂക്കുട്ടി കാച്ചിയത്‌ കേള്‍ക്കാത്തതുകൊണ്ടാ ഇങ്ങനെയൊക്കെ. ആ കാച്ചലില്‍ താക്കറെയും അദ്വാനിയും മാത്രമല്ല, സാക്ഷാല്‍ തൊഗാഡിയ പോലും വീണിട്ടുണ്ടാകും.
ഓസ്‌കര്‍ മഹിമ കൊണ്ട്‌ നാട്ടില്‍ എങ്ങനെ നാല്‌ വോട്ട്‌ നേടാനാകുമെന്നാണ്‌ സോണിയാ ഗാന്ധിയും അദ്വാനിയും നോക്കുന്നത്‌.
അന്താരാഷ്‌ട്ര തലത്തില്‍ അതിന്റെ വ്യാപാര സാധ്യത അളക്കുന്നത്‌ പാവം മല്‍ബു മാത്രം.

3/1/09

പുസ്‌തകങ്ങള്‍ വെറുതെ
ആമസോണ്‍ വിതരണക്കാര്‍ ബ്രിട്ടനിലെ ഒരു പുസ്‌തക ഗോഡൗണ്‍ ഉപേക്ഷിച്ചത്‌ പുസ്‌തക പ്രേമികള്‍ക്ക്‌ കൊയ്‌ത്തായി.
പുസ്‌തകങ്ങള്‍ ഇങ്ങനെ ഉപേക്ഷിക്കാമോ അത്‌ ഏതെങ്കിലും ലൈബ്രറിക്ക്‌ കൊടുത്തൂകൂടേ എന്നൊക്കെ ചോദിക്കുന്നവുരുണ്ടെങ്കിലും ബ്രിസ്റ്റളില്‍ ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങള്‍ തെരഞ്ഞുപിടിച്ച്‌ സ്വന്തമാക്കിയവര്‍ നിരവധി. പുസ്‌തകങ്ങള്‍ കെട്ടിക്കൊണ്ടു പോകാന്‍ ബാഗും കയറുമൊക്കെ ആയിട്ടായിരുന്നു ആളുകളുടെ വരവ്‌.
പുസ്‌തകങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ടുള്ള തിക്കിലും തിരിക്കിലും ആളപായമൊന്നുമില്ല.

പേഞ്ഞാളത്തം
പേഞ്ഞാളും എന്നത്‌ അത്ര ഗുരുതരമായ കുറ്റമോ അസുഖമോ ഒന്നുമല്ല.
മല്‍ബു അത്‌ പഠിച്ചതും പയറ്റുന്നതും പ്രവാസ ലോകത്താണ്‌.
കണ്‍സ്യൂമര്‍ ഈസ്‌ ദ കിംഗ്‌ എന്നൊക്കെ ചൊല്ലി പഠിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ മല്‍ബു പേഞ്ഞാളനല്ല. ഒന്നിനും വിലപേശില്ലെന്നര്‍ഥം. അങ്ങനെയെങ്ങാനും ഒരു മല്‍ബു നാട്ടിലെത്തിപ്പെട്ടാല്‍ ചുറ്റുമുള്ളവര്‍ മൂക്കത്തു വിരല്‍വെക്കും.
തല്ലിക്കൊല്ലണമെന്ന്‌ മീന്‍കാരും ഇറച്ചിക്കാരും ആശാരിമാരും വിധിയെഴുതും.
നാട്ടില്‍ മല്‍ബുവിനില്ലാത്ത പേരുദോഷങ്ങളൊന്നുമില്ല. കൂലി വര്‍ധിപ്പിച്ചവന്‍, മീനിന്‌ വില കയറ്റിയവന്‍ തുടങ്ങി എത്രയോ അപകീര്‍ത്തികള്‍.
പക്ഷേ, വിയര്‍പ്പൊഴുക്കുന്ന നാട്ടില്‍ പേഞ്ഞാളനാകാതെ തരമില്ലല്ലോ. പേയാതെ എങ്ങനെ മറുനാട്ടില്‍ കാത്തിരിക്കുന്നവര്‍ക്ക്‌ പുഞ്ചിരി സമ്മാനിക്കും?
ലിമോസിന്‍ ജോലി എങ്ങനുണ്ട്‌?
പാരകളുടെ ഇരയായി വലിയ ഫാക്‌ടറിയിലെ ജോലി നഷ്‌ടപ്പെട്ട ശേഷം ലിമോസിന്‍ കമ്പനിയില്‍ അഭയം തേടിയ മല്‍ബുവിനോടാണ്‌ ചോദ്യം.
മനസ്സമാധാനം തന്നെ പ്രധാനം. ബോസ്‌ ചമയുന്ന മല്‍ബുകളെ കാണേണ്ടതില്ലല്ലോ. കുത്തിത്തിരിപ്പില്‍നിന്നും പാരകളില്‍നിന്നും മോചനം. പണിയെടുത്താല്‍ മെച്ചം തന്നെയാ. നടുവേദന വന്ന്‌ വെറുതെ ഇരുന്നാല്‍ അന്ന്‌ കമ്പനിയില്‍ അടക്കേണ്ട കാശ്‌ വെറെ കാണണം.
പിന്നെ മല്‍ബുകളും ഈ നാട്ടുകാരും കയറാതിരുന്നാല്‍ മതി.
അതെന്താ അങ്ങനെ?
പേഞ്ഞാളൂന്നേ. കിട്ടുന്നെങ്കില്‍ യൂറോപ്യന്മാരെ കിട്ടണം. മറ്റേതു നാട്ടുകാരായാലും കൊള്ളാം. മല്‍ബുകളെ വേണ്ട.
യൂറോപ്യരുമായി മല്‍ബുകളെ താരതമ്യം ചെയ്യാനൊക്കുമോ? അവര്‍ക്കൊക്കെ കിട്ടുന്ന ശമ്പളവും സൗകര്യങ്ങളുമൊക്കെ നോക്കിയാല്‍ മല്‍ബുവിന്‌ രണ്ട്‌ റിയാല്‍ ബസില്‍ കയറാന്‍ പോലും പാങ്ങില്ല. അതോണ്ട്‌ അവരെ വേറെ തന്നെ കാണണം.
ന്നാലും ഇങ്ങനെയുണ്ടോ ഒരു പേഞ്ഞാളത്തം. ഇരുപതും പതിനഞ്ചും ആരും നല്‍കുന്ന ഓട്ടത്തിന്‌ മല്‍ബു പത്ത്‌ റിയാലേ നല്‍കൂ. അഞ്ചിന്‌ പോകാമോ എന്ന്‌ ചോദിക്കുന്നവരുമുണ്ട്‌.
പത്ത്‌ മല്‍ബൂനെ കിട്ടുന്നിടത്ത്‌ ഒരു വെളുത്തോനെ കിട്ടിയാല്‍ മതി.
അങ്ങനെയൊന്നുമല്ല.
കഥ പറഞ്ഞാല്‍ മല്‍ബു മനസ്സറിഞ്ഞു കൊടുക്കും.
അതെങ്ങനാ?
പത്ത്‌ റിയാല്‍ പറഞ്ഞുറപ്പിച്ച്‌ ലിമോസിനില്‍ കയറിയ മല്‍ബൂനോട്‌ പന്ത്രണ്ടര റിയാലെങ്കിലും തന്നൂടെ എന്നു ചോദിച്ചായിരുന്നു പാക്കിസ്ഥാനി ഡ്രൈവര്‍ കഥ തുടങ്ങിയത്‌.
ആദ്യം ഒരു സ്‌ത്രീയുടെ കഥ. പിന്നെ ഒരു ഒമാനിയുടേയും.
പത്ത്‌ റിയാല്‍ പറഞ്ഞുറപ്പിച്ചായിരുന്നു യാത്രക്കാരി കാറില്‍ കയറിയത്‌. ഇടയ്‌ക്കൊന്ന്‌ ബാങ്കിലും മെഡിക്കല്‍ ഷോപ്പിലും കയറി.
സമയം നീണ്ടപ്പോള്‍ അക്കാര്യം ഓര്‍മിപ്പിച്ച ഡ്രൈവറോട്‌ സാരമില്ല, അധികം റിയാല്‍ നല്‍കിക്കോളാമെന്നായിരുന്നു അവരുടെ മറുപടി.
പറഞ്ഞുറപ്പിച്ചതിന്റെ മൂന്നിരട്ടിയെങ്കിലും വാങ്ങണമെന്ന്‌ മനസ്സില്‍ കണക്കുകൂട്ടിയ ഡ്രൈവറെ അമ്പത്‌ റിയാല്‍ നല്‍കി അമ്പരപ്പിച്ചുകളഞ്ഞു യാത്രക്കാരി.
മുപ്പത്‌ മതി.
വിനയാന്വിതനായി മാറിയ ഡ്രൈവറോട്‌ തൃപ്‌തിപ്പെട്ടു നല്‍കുന്നതാണെന്ന്‌ യാത്രക്കാരി.
പിന്നെ എന്തിനു വാങ്ങാതിരിക്കണം?
വിമാനത്താവളത്തിലേക്കായിരുന്നു ഒമാനിയുടെ യാത്ര.
യാത്ര അവസാനിച്ചപ്പോള്‍ എത്രയായെന്ന്‌ ചോദ്യം.
500 റിയാലായെന്ന മറുപടി കേട്ട്‌ ഒമാനി ഞെട്ടിയൊന്നുമില്ല.
പോക്കറ്റിലും പഴ്‌സിലുമൊക്കെ തപ്പി 440 തികച്ചു. തല്‍ക്കാലം ഇത്രയേയുള്ളൂ.
ഇതൊന്നും വേണ്ട. എനിക്ക്‌ 50 മതി.
അല്ല എടുത്തോളൂ. ഞാന്‍ തൃപ്‌തിപ്പെട്ടു നല്‍കുന്നതാ. ഞാന്‍ ഏതായാലും നാട്ടിലേക്ക്‌ പോകുന്നതാ. സന്തോഷായിട്ട്‌ തരുന്നതാ. എടുത്തോളൂന്നേ.
പിന്നെ എന്തിനു മടിക്കണം?
50 റിയാലിന്റെ ഓട്ടത്തിനു കിട്ടിയത്‌ 440.
പിന്നെ അന്ന്‌ എന്താണ്‌ ചെയ്‌തതെന്നോ?
എന്തോന്നാ ചെയ്‌തത്‌?
കുളിച്ച്‌, സുഖമായി കിടന്നുറങ്ങി. അത്ര തന്നെ.
കഥ തീര്‍ന്നപ്പോഴേക്കും മല്‍ബുവിന്‌ ഇറങ്ങാറായിരുന്നു.
പന്ത്രണ്ടരക്ക്‌ പകരം പതിനഞ്ച്‌ റിയാലെടുത്തു കൊടുത്ത മല്‍ബുവിനോട്‌ ഡ്രൈവര്‍-
ബാക്കി വേണോ?
ഏയ്‌ വേണ്ട എടുത്തോളൂ.
തൃപ്‌തിപ്പെട്ട്‌ നല്‍കുന്നതാണല്ലോ?
അതെ, അതെ.
പത്തിനുറപ്പിച്ച്‌ ലിമോസിനില്‍ കയറിയ മറ്റൊരു മല്‍ബുവും വീണത്‌ ഡ്രൈവറുടെ വാഗ്വിലാസത്തില്‍തന്നെ.
ശരിക്കും ഇത്‌ പതിനഞ്ച്‌ റിയാലിന്റെ ഓട്ടമുണ്ട്‌.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്‌.
പത്തിനു സമ്മതിക്കുന്ന ഡ്രൈവര്‍മാര്‍ യാത്ര അവസാനിക്കുന്നതുവരെ നിങ്ങളെ ശപിക്കുകയായിരിക്കും.
കണ്ടില്ലേ റോഡിലെ തിരക്ക്‌. ഇവിടെ കുടുങ്ങിയാല്‍ നിങ്ങളെ ശപിക്കാത്ത ഒരു ഡ്രൈവറുമുണ്ടാകില്ല.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്‌.
മറ്റുള്ളവര്‍ മനസ്സിലിങ്ങനെ ശപിച്ചു ശപിച്ചുകൊണ്ടായിരിക്കും ഓടിക്കുക.
ശാപത്തെ കുറിച്ച്‌ പറഞ്ഞുപറഞ്ഞ്‌ യാത്ര അവസാനിച്ചപ്പോള്‍ ഇരുപത്‌ റിയാല്‍ കൊടുത്ത മല്‍ബൂനോട്‌ ബാക്കി അഞ്ച്‌ മതിയല്ലോ അല്ലേ?
മതി.
അതും ഒരു പാക്കിസ്ഥാനി ഡ്രൈവറായിരുന്നു.
Related Posts Plugin for WordPress, Blogger...