6/18/16

മാടായിപ്പള്ളിയില്‍ മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളിയില്‍
മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു.  
ഇവിടെ വായിക്കാം

മാടായിപ്പളളി: മക്കത്തെ കല്ലിന്റെ  ദുര്‍ഗതി
-ജമാല്‍ കടന്നപ്പള്ളി
കേരള മുസ്‌ലിം ചരിത്രം എന്ന വിഖ്യാത കൃതിയില്‍ പി.എ.സെയ്തു മുഹമ്മദ് എഴുതുന്നു:
'മാലിക്ബ്‌നു ദീനാര്‍ തന്റെ ചരിത്രപ്രസിദ്ധമായ കേരള യാത്രയില്‍ വിശിഷ്ടതരമായ കാഴ്ച വസ്തുക്കളും മറ്റും കേരളത്തിലേക്ക് കൊണ്ടു പോന്നു.13 മാര്‍ബിള്‍ കല്ലുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു' (പുറം: 58)
ഇനി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ് ലാമിക വിജ്ഞാനകോശം കാണുക:    
 'എണ്ണൂറോളം മുസ് ലീം മഹല്ലുകളുളള കണ്ണൂരിലാണ് മലബാറിലെ ആദ്യത്തെ പളളിയായ മാടായിപ്പളളി. മാലികുബ്‌നു ദീനാറും സംഘവും പണിത പളളികളില്‍ മൂന്നാമത്തേതാണിത്. അവര്‍ അറേബ്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു മാര്‍ബിളുകളില്‍ ഒന്ന് ഇവിടെയാണ് സ്ഥാപിച്ചത് ' (ഇസ് ലാമിക വിജ്ഞാനകോശം: ഭാഗം: 7 പുറം :363)
ഖേദകരമെന്നു പറയട്ടെ പ്രസിദ്ധമായ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ച ഈ കല്ലിന് പക്ഷെ നാം ഒരു കൗതുക വസ്തുവിന്റെ വില പോലും നല്‍കിയില്ല.
മക്കത്തുനിന്നു വന്ന ഇത്തരം ഒരു കല്ല് മാടായിപ്പളളിയില്‍ ഉളളതായി പളളിക്കകത്തോ പുറത്തോ ഒരു ലിഖിതം പോലുമില്ല.
സംഗതി പളളി മുക്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ കൂട്ടി പളളി വരാന്തയിലെ മാര്‍ബിള്‍ സ്വല്‍പം പൊക്കി ആ കല്ല് കാണിച്ചു തന്നു.
പണ്ട് ഹജറുല്‍ അസ്‌വദി നെ നോക്കി ഉമര്‍(റ) പറഞ്ഞതുപോലെ കല്ലുകളോടൊന്നും നമുക്ക് പ്രത്യേകമായ ഒരാദരവും ഇല്ലെന്നിരിക്കേ തന്നെ ചരിത്രപ്രസിദ്ധമായ ആ കല്ല് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം കടലാഴങ്ങള്‍ താണ്ടി വന്ന ആത്മത്യാഗികളായ ഏതാനും ആളുകള്‍ .. പോരുമ്പോള്‍ കൈയിലു ളള സമ്പാദ്യമത്രയും അവര്‍ അല്ലാഹു വിന്റെ മാര്‍ഗത്തില്‍ കൊണ്ടുവന്നു..അതില്‍ പെട്ട അതിവിശിഷ്ടമായ ഒരു മാര്‍ബിള്‍ കല്ല്.. ഇന്നും നമ്മുടെ കൈയില്‍ അത് കേടുകൂടാതെ ഉണ്ടായിട്ടും അതിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു വരി .. അല്ലെങ്കില്‍ ഇത്രയും ത്യാഗം സഹിച്ച് ആയിരം വര്‍ഷ ങ്ങള്‍ക്ക് മുമ്പ് അതീവ ദുര്‍ഘടമായ പാതയിലൂടെ അത് പൊക്കിക്കൊണ്ടു വന്ന മഹാവിപ്ലവകാരിയായ ആ പരിഷ്‌കര്‍ത്താവിന്റെ പേര് പോലും നമുക്ക് പളളിയുടെ ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും എഴുതി വെക്കാനായില്ലല്ലോ !!!കഷ്ടം!!! ലജ്ജിക്കുക നാട്ടുകാരേ..!!!

ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട മൂന്നാമത്തെ മുസ്്‌ലിം പള്ളിയാണ് മാലിക് ബിന്‍ ദീനാര്‍ നിയോഗിച്ച സംഘം നിര്‍മിച്ച പഴയങ്ങാടിയിലെ മാടായിപ്പള്ളി.
ഈ ചരിത്രപ്രധാന്യം ഉള്‍ക്കൊള്ളുന്ന നടപടികള്‍ നിര്‍ഭാഗ്യവശാല്‍ പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു എഴുത്തുകാരനായ ജമാല്‍ കടന്നപ്പള്ളി. അദ്ദേഹത്തിന്റു കുറിപ്പും മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇവിടെ വായിക്കാം.

മാടായിപ്പളളിചരിത്രം
മാപ്പ് നല്‍കില്ല
-ജമാല്‍ കടന്നപ്പള്ളി
ഇന്ത്യയിലെയും കേരളത്തിലെയും ഇസ്‌ലാം ആഗമനത്തെ കുറിച്ച് നമുക്ക് ചുറ്റും ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രവാചകന്‍ (സ) യുടെ കാലത്ത് തന്നെ കേരളത്തിലൂടെ ഇന്ത്യയില്‍ ഇസ് ലാം എത്തിയിരുന്നുവെന്നതാണ് ഒരു വാദം.
എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടിന് മുമ്പ്‌വരെ  ഇവിടെ ഇസ് ലാം എത്തിയിരുന്നില്ലായെന്നതാണ് മറു വാദം.
രസകരമായ വസ്തുത ഇരു വിഭാഗവും തങ്ങളുടെ വാദഗതികള്‍ സ്ഥാപിക്കാന്‍ ഏറെ അവലംബിക്കുന്നത് നമ്മുടെ മാടായിപ്പളളിയുടെ ചുമരിലുളള ഒരു അറബി ലിഖിതമാണ് !
(സംശയ നിവൃത്തി ആഗ്രഹിക്കുന്നവര്‍ന്യൂഡല്‍ഹി കേന്ദ്രമായി പ്രവൃത്തിക്കുന്ന 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ് റ്റോറിക്കല്‍ റിസര്‍ച്ച് ' പുറത്തിറക്കിയ    ' എ ടോപോ ഗ്രാഫിക്കല്‍ ലിസ്റ്റ് ഓഫ് അറബിക് പേര്‍ഷ്യന്‍ & ഉര്‍ദു ഇന്‍സ്‌ക്രിപ്ഷന്‍ സ് ഓഫ് സൗത്തിന്ത്യ' എന്ന സിയാവുദ്ദീന്‍ എ. ദേശായിയുടെ ഗ്രന്ഥം മുതല്‍അടുത്തിടെ നടന്ന 'കേരള മുസ് ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ് ' പ്രബന്ധ സമാഹാരം വരെ നോക്കുക. കൂടാതെ റോബര്‍ട്ട് സ്വീവെല്‍ (1882 ), വില്യം ലോഗന്‍, രംഗാ ചാര്യ, ചാള്‍സ് അലക്‌സാണ്ടര്‍ ഇന്നസ്സ്, എം.ജി.എസ്.നാരായന്‍, സി.എന്‍.അഹ്മദ് മൗലവി, പി.വി.സൈതു മുഹമ്മദ് തുടങ്ങിയ ഒട്ടനേകം പ്രതിഭകള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ മാടായിപ്പളളി പരാമര്‍ശ വിധേയമാക്കായിട്ടുണ്ട്.  )
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഒരു കൂട്ടര്‍ നമ്മുടെ ഭൂമി മലയാളത്തിലുണ്ട്.. മറ്റാരുമല്ല മാടായിപ്പളളി കമ്മറ്റിക്കാര്‍..!!!
അവരോടുളള മുഴുവന്‍ ബഹുമാനാദരവുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇത് പറയുന്നത്.
കേരളത്തിലെ പ്രാചീന പളളികള്‍ പലതും വിനീതനായ ഈ കുറിപ്പുകാരന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം രണ്ട് സവിശേഷതകള്‍ കാണാം. പളളി പുതുക്കിപ്പണിയേണ്ടിവന്നാലും അതിന്റെ പഴമ നഷ്ടപ്പെടാത്ത വിധം അത് ചെയ്യും. അതുപോലെ പളളിയുടെ മുന്‍ഭാഗത്തു തന്നെ അതിന്റെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന  ബോര്‍ഡ് സ്ഥാപിച്ചിരിക്കും.
എന്നാല്‍ മാടായിപ്പളളിയില്‍ ഇത് രണ്ടുമില്ല..
അതിനാല്‍ ബഹുമാന്യരായ മാടായിപ്പളളിക്കമ്മറ്റിയോട് ഈ കുറിപ്പുകാരനും ഇതിനെ 'ലൈക്ക് 'ചെയ്യുന്ന മുഴുവന്‍ പേരും സ്‌നേഹപൂര്‍വ്വം അവശ്യപ്പെടുന്നു:
പളളിയു ടെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന ഒരു ഫ്‌ളക്‌സ് ബോര്‍ഡെങ്കിലും എത്രയും വേഗം  പളളിയുടെ മുന്‍ഭാഗത്ത് സ്ഥാപിക്കാന്‍ ദയവു ചെയ്ത് നിങ്ങള്‍ക്ക് സന്മനസ്സുണ്ടാവണം.

        "റിസോർട്ട് " !!!
          MGSന്റെ
           പരിദേവനം

ചരിത്രപ്രസിദ്ധമായ മാടായിപ്പളളിയുടെ ഇന്നത്തെ ദുരവസ്ഥയെ പറ്റി പ്രമുഖ ചരിത്രകാരനായ  ശ്രീ.എം.ജി.എസ് നാരായണൻ "സത്യധാര "                      ദ്വൈവാരിക 2014 ഒക്ടോബർ 26-31 ലക്കത്തിൽ പറയുന്നത്‌ കാണുക:

"മാടായിപ്പളളി കേരളത്തിലെ മനോഹരമായ ഒരു പഴയ പളളിയായിരുന്നു. അവിടെ മരത്തിന്റെ പലകയിൽ ഒരു  "ഇൻസ്ക്രിപ്ഷൻ " ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അതൊന്നു വായിച്ചു മനസ്സിലാക്കാൻ വേണ്ടി അറബി അറി യുന്ന ഒരു പ്രൊഫസറെയും കൂട്ടി ഞാൻ പോയി.നോക്കുമ്പോൾ അതൊക്കെയും അവർ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. ഇന്ന് ആ പളളി അവിടെയില്ല. ഒന്നാന്തരം ഒരു റിസോർട്ടു മോഡൽ കെട്ടിടമാണ് അവിടെ കാണുന്നത് "
(ഉദ്ധരണം: ഏഴിമല ദേശം ചരിത്രം പുറം: 75-കെ.കെ.അസൈനാർ - ഇസ് ലാമിക സാഹിത്യ അക്കാദമി കോഴിക്കോട്)

                                                         ടി.പി. മുസ്തഫ മാസ്റ്റര്‍ 

മാടായിപ്പള്ളി  ചരിത്ര പുനര്‍നിര്‍മിതി 
ആവശ്യപ്പെടുന്നു
കേരളത്തിലെ ആദ്യത്തെ പള്ളിയായിരിക്കുമോ മാടായിപ്പള്ളി? കോലത്തിരിയില്‍നിന്ന് ലഭിച്ച ഭൂമിയില്‍ മാലിക് ഇബ്‌നു ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന ചരിത്രബോധമാണ് പൊതുവിലുള്ളത്. എന്നാല്‍ പുതിയങ്ങാടിയില്‍ അബ്ദുല്ല ഇബ്‌നു മാലിഖിനെ ഖാസിയായി മാലിക് ഇബ്‌നു ദിനാര്‍ നിയമിച്ചതായി 'രിഹാലത്തുല്‍ മുലൂക്ക് ' എന്ന ഗ്രന്ഥത്തില്‍ കാണുന്നു. മാടായിയില്‍ മുഹമ്മദ് ഇബ്‌നു മാലിക്കും.
പുതിയങ്ങാടിക്ക് മുമ്പേ ജനവാസ കേന്ദ്രമായിരുന്നു മാടായി എന്നുള്ളതും പുതിയ അങ്ങാടി വന്നപ്പോഴാണ് പഴയ അങ്ങാടിയായി പഴയങ്ങാടി മാറിയതെന്ന സ്ഥലനാമ ചരിത്രവും മാടായി പ്രദേശങ്ങളിലെ മഹാശാലാ യുഗ കാലത്തോളം പഴക്കമുള്ള നിര്‍മിതികളും ഖബറുകളും ഈ പ്രദേശത്തിന്റെ മുസ്്‌ലിം ചരിത്രം   വീണ്ടെടുക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു. പക്ഷെ മഹത്തായ ഈ പൈതൃകത്തിന്റെ പിന്‍മുറക്കാര്‍ കുറ്റകരമായ ആലസ്യത്തിലോ ചരിത്ര അവബോധമില്ലായ്മയുടെ അന്ധകാരത്തിലോ ആണ്.
അഭിമാനിക്കാന്‍ ഒരു പാരമ്പര്യവും കൈമാറാന്‍ ഒരു മഹാ ചരിത്രവും സംസ്‌കാരവും ഉണ്ടായിട്ടും, അത് രേഖപ്പെടുത്താന്‍ ഒരു പേനയും കടലസും ഇവര്‍ക്കില്ല പോലും. കഷ്ടം. ഉത്തരാധുനിക നിര്‍മിതിക്ക് വടിവും വര്‍ണവും ചേര്‍ക്കാന്‍ ആളും അര്‍ത്ഥവുമുണ്ട്. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ കൂടി ഓലിച്ച് പോവും മുമ്പ്, നമുക്ക് ഒരുമിച്ച്  മാടായിപ്പള്ളി ചരിത്രം പുനര്‍നിര്‍മിക്കാം.                                                      ശബീര്‍ അബൂബക്കര്‍, കുഞ്ഞിമംഗലം

ചരിത്ര പുസ്തങ്ങള്‍ വായിക്കുമ്പോള്‍ വളരേയേറെ പ്രാധാന്യം നല്‍കിയാണ് മാടായിപ്പള്ളിയുടെ സ്ഥാനം കാണാറുള്ളത്.. കേരളത്തിലെ  മൂന്നാമത്തെ പള്ളിയെന്ന നിലയിലും മാലിക്ിബ്‌നു  ദിനാര്‍ പണികഴിപ്പിച്ച പള്ളിയെന്ന നിലയിലും സവിശേഷതയുള്ള പള്ളിയാണ് മാടായിപ്പള്ളി.   പഴമയുള്ള മിമ്പറും, ഖിബ് ല അടയാളപ്പെടുത്തിയ കല്ലും, മക്കയില്‍നിന്നും കൊണ്ട് വന്ന മാര്‍ബിള്‍ കല്ലുകളുമുള്ള ഈ പള്ളിയെ കുറിച്ച് ആദ്യ കാലങ്ങളില്‍ ചരിത്രങ്ങളില്‍നിന്ന് കേട്ടപ്പോള്‍  ചേരമാന്‍ പള്ളിയെ പോലെയും മാലിക് ദിനാര്‍ പള്ളിയെ പോലെയും ഒരു പഴയ ഓട് കൊണ്ടുള്ള  പള്ളിയുടേ രൂപമാണ് ഓര്‍മവന്നിരുന്നത്.. നമ്മുടെ അടുത്തുണ്ടായിട്ടും ആ പള്ളി കണ്ടില്ലല്ലൊ എന്ന് കരുതി മാടായിപ്പള്ളിയില്‍ എത്തിയപ്പോള്‍ മനസ്സിലുള്ള  ചിത്രങ്ങളും ചരിത്രങ്ങളും മറഞ്ഞ് നാട്ടിലെ സാധാരണ പള്ളികളിലൊന്നായിമാറി മാടായിപ്പള്ളിയും.. 
കേരളത്തിലെ മറ്റ് പല ആദ്യ കാല പള്ളികള്‍, അതിന്റെ പഴമയും ചരിത്രവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുത്ത്‌കൊണ്ട് വളരെ പ്രാധാന്യത്തോടെയാണ് നില നിര്‍ത്തി കൊണ്ടു പോകുന്നത്. മാടായിപ്പള്ളിയും ചരിത്ര പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതെ അതിന്റെ ചരിത്രവും പ്രാധാന്യവും അനുസ്മരിപ്പിക്കുന്ന കാര്യങ്ങള്‍   ഉണ്ടാകേണ്ടിയിരിക്കുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...