3/18/09

രൂപയും മല്‍ബവും



മനശ്ശാന്തി നശിപ്പിക്കാന്‍
മര്‍ത്യനെന്തോന്ന്‌ ചെയ്യണം

ഉത്തരം കവി തന്നെ പറയട്ടെ.
ചെയ്യേണ്ട കാര്യം വേണ്ടപ്പോള്‍
ചെയ്യാതെ കണ്ടിരിക്കുക
ഇന്നു ചെയ്യേണ്ടതാം കാര്യം
എന്നും നാളേക്കു നീട്ടുക
നാളെ ചെയ്യേണ്ട കാര്യങ്ങള്‍
നീളെ ചെയ്യാതിരിക്കുക
ചെയ്യാതിരിക്കാന്‍ ന്യായങ്ങള്‍
തയ്യാറാക്കി നിരത്തുക
ചെയ്യേണ്ടതല്ലാത്ത കാര്യങ്ങള്‍
ചെയ്യാന്‍ വാശി പിടിക്കുക
മനശ്ശാന്തി നഷ്‌ടപ്പെട്ട മല്‍ബുവിനെ കണ്ടിരുന്നുവെങ്കില്‍ കവി ഇങ്ങനെ പാടുമായിരുന്നില്ല. പകരം ബാങ്കിലേക്കോ എക്‌സ്‌ചേഞ്ച്‌ ഹൗസിലേക്കോ പോകാനിറങ്ങുന്ന മല്‍ബുവിനോട്‌ ഇങ്ങനെ ചൊല്ലുമായിരുന്നു.
ഇന്നയക്കേണ്ട മല്‍ബൂ
നാളെ ഇനിയും കുറയും
മറ്റന്നാളേക്ക്‌ നീട്ടിയാല്‍
വീണ്ടും വീണ്ടും കുറയും
ഡ്രാഫ്‌റ്റയച്ചയച്ച്‌ പോക്കുറ്റുകള്‍ കാലിയാക്കുന്നവരില്‍ പലരും ഇപ്പോള്‍
രൂപയുടെ കയറ്റിറക്കങ്ങള്‍ നിരീക്ഷിക്കുക പതിവാക്കി. അയക്കാനുള്ളവര്‍ ഒത്ത സമയം തേടുന്നു. അയച്ചവരാകട്ടെ സങ്കടപ്പെടാനും.
നാട്ടിലേക്ക്‌ പണമയക്കാന്‍ സൗകര്യമുള്ള എല്ലാ ബാങ്കുകളിലും എക്‌സ്‌ചേഞ്ച്‌ ഹൗസുകളിലും വിളിച്ച്‌ രൂപയുടെ വിനിമയ നിരക്ക്‌ അന്വേഷിക്കുന്ന ഒരു മല്‍ബുവിനെ കണ്ടുമുട്ടി.
എന്തേ ഇനിയും അയച്ചില്ലേ?
അയച്ചു. ന്നാലും നിരക്ക്‌ അറിഞ്ഞിരിക്കാമല്ലോ?
സങ്കടപ്പെടാനെങ്കിലും.
ആ മല്‍ബൂനെ കുറ്റം പറഞ്ഞൂടാ. നാട്ടില്‍ വീടു പണി നടക്കുന്ന മല്‍ബു തട്ടിക്കൂട്ടി പണമയച്ചശേഷമാണ്‌ രൂപയുടെ കൂപ്പു കുത്തല്‍ തുടങ്ങിയത്‌.
ഞാനോ പെട്ടും മക്കളേ.
നിങ്ങളെങ്കിലും ചോദിച്ചും പിടിച്ചും അയച്ചോ എന്നാണ്‌ മല്‍ബുവിന്റെ ഉപദേശം.

നിരക്കുകകള്‍ പലയിടത്തും പലതായതിനാല്‍ എല്ലായിടത്തും അന്വേഷിക്കണം.
ആദ്യം ചോദിക്കുക. മല്‍ബുവിന്റെ സ്വന്തം ഉണ്ടിയെന്ന്‌ അനൗദ്യോഗിക നിരക്ക്‌ തന്നെ.
പിന്നെ അല്‍ റാജ്‌ഹി, ടെലിമണി, അല്‍ അമൂദി അങ്ങനെ പോകുന്നു അന്വേഷണങ്ങള്‍.
ഒരിടത്ത്‌ കുറവാണെന്നു പറഞ്ഞാല്‍ അതു കുടീ പരിഗണിക്കുന്ന നിലയിലായിട്ടുണ്ട്‌ എക്‌സ്‌ചേഞ്ചുകളുടെ മത്സരം.
തുറന്ന ഉടനെയാണെങ്കില്‍ എക്‌സ്‌ചേഞ്ച്‌ ഹൗസില്‍നിന്ന്‌ നിരക്ക്‌ പറഞ്ഞു തരാന്‍ അല്‍പം മടി കാണിക്കും.
ശരിക്കും പണം അയക്കാന്‍ ഉദ്ദേശിക്കുന്നയാളാണോ എന്നു ഉറപ്പു വരുത്താന്‍ അക്കൗണ്ട്‌ നമ്പറൊക്കെ ചോദിച്ചറിഞ്ഞ ശേഷമേ നിരക്ക്‌ പറയൂ.
മറ്റേ എക്‌സ്‌ചേഞ്ച്‌ ഹൗസിന്റെ നിരക്ക്‌ നിശ്ചയിക്കാനുള്ള വിളിയാണോ എന്നാണ്‌ അവരുടെ സംശയം.
വിനിമയ നിരക്കിലെ ഇടിവും എക്‌സ്‌ചേഞ്ചുകളുടെ മത്സരവും എല്ലാം കൂടി മല്‍ബുവിന്‌ ആഹ്ലാദം തന്നെ എന്നു പറയാന്‍ വരട്ടെ മല്‍ബു എന്താ എല്ലാ ദിവസവും നാട്ടിലേക്ക്‌ പണമയക്കുന്നുണ്ടോ?
മാസത്തില്‍ ഒരിക്കലല്ലേ മല്‍ബൂന്‌ ചവിട്ടാന്‍ പറ്റൂ.
റൂം വാടക്കും ഭക്ഷണത്തിനുമുള്ള തുക മാറ്റിവെച്ച്‌ മുഴുവന്‍ ചവിട്ടിയാലും അതിനുമൊരു കണക്കില്ലേ.
അതോണ്ട്‌ രൂപ കൂപ്പുകൂത്തുമ്പോള്‍ മല്‍ബു ആഹ്ലാദിരേകത്താല്‍ മതിമറക്കുകയാണെന്നൊന്നും പറയല്ലേ സാറേ.
ഇതാ ഇപ്പോള്‍ അയക്കൂ, ഇപ്പോള്‍ അയക്കൂ എന്നൊക്കെ ഇ-മെയില്‍ അയക്കാന്‍ ബാങ്ക്‌ മാനേജര്‍മാര്‍ക്ക്‌ എളുപ്പം തന്നെ.
ഒരു ബാങ്ക്‌ മാനേജരോട്‌ പൊരുതി ജയിച്ച മല്‍ബുവിന്റെ കഥ കൂടിയുണ്ട്‌.
എല്ലാ തവണയും പണമയച്ചാല്‍ 100 രൂപ രൂപ വീതം കമ്മീഷന്‍ പിടിച്ച ബാങ്ക്‌ അധികൃതര്‍ക്ക്‌ ന്യായങ്ങള്‍ നിരത്തി തുരുതുരാ ഇ-മെയിലുകള്‍ ചെന്നപ്പോള്‍ അവര്‍ കിടുങ്ങി. പണമയക്കുമ്പോള്‍ നല്‍കുന്ന കമ്മീഷനില്‍നിന്ന്‌ തങ്ങള്‍ക്ക്‌ ഒന്നും ലഭിക്കുന്നില്ലെന്നായിരുന്നു ബാങ്ക്‌ അധികൃതര്‍ നിരത്തിയ ന്യായം. അതും ചോദ്യം ചെയ്‌തപ്പോള്‍, ഗത്യന്തരമില്ലാതെ മൂന്ന്‌ തവണ പിടിച്ച മൂന്നൂറു രൂപ തിരികെ നല്‍കി. അങ്ങനെ ബാങ്ക്‌ തോറ്റു. മല്‍ബു ജയിച്ചു.
നൂറു രൂപ വിതം കൊടുത്തു ശീലമുള്ളവര്‍ അതൊന്ന്‌ മാറ്റാന്‍ ശ്രമിക്കണമെന്ന്‌ വിജയിയായ മല്‍ബു ആവശ്യപ്പെടുന്നു.

2 comments:

  1. ശരാശരി മലയാളി പ്രവാസിയുടെ എല്ലാ വ്യധകളും!!

    നാട്ടില്‍ വീടു പണിയുക
    തട്ടിക്കൂട്ടി പണമയക്കുക
    രൂപയുടെ കയറ്റിറക്കങ്ങള്‍ നിരീക്ഷിക്കുക
    ബാങ്കുകളിലും എക്‌സ്‌ചേഞ്ച്‌ ഹൗസുകളിലും
    വിളിച്ച്‌ രൂപയുടെ വിനിമയ നിരക്ക്‌ അന്വേഷിക്കുക
    ഡ്രാഫ്‌റ്റയച്ചയച്ച്‌ പോക്കറ്റുകള്‍ കാലിയാക്കുക.

    അതേ മലയാളീ പ്രവാസി
    ആഹ്ലാദിരേകത്താല്‍ മതിമറക്കുകയല്ല..
    ചിന്തിക്കാന്‍ ഏറെയുള്ള പോസ്റ്റ്
    ചിരിക്കുമ്പോള്‍ കണ്ണ് നനഞ്ഞിറങ്ങുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...