1/24/08

അഴിമതിക്കാരെ ഇതിലേ....


അനധികൃത മാര്‍ഗങ്ങളിലൂടെ നേടുന്ന പണം തിരിച്ചേല്‍പിക്കുന്നതിന്‌ സൗദി അറേബ്യയില്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇതുവരെ 14.6 കോടി റിയാല്‍ (140 കോടി രൂപ) ലഭിച്ചു. മൂന്നു വര്‍ഷം മുമ്പാണ്‌ അബ്‌ദുല്ല രാജാവ്‌ ഇത്തരമൊരു അക്കൗണ്ട്‌ തുറക്കാന്‍ നിര്‍ദേശം നല്‍കിയത്‌. രണ്ടര കോടി റിയാലാണ്‌ അക്കൗണ്ടില്‍ ലഭിച്ച ഏറ്റവും വലിയ തുക. ഒരു വ്യക്തിയാണ്‌ ഈ തുക അക്കൗണ്ടിലടച്ചത്‌.
അനര്‍ഹമായി നേടുന്ന തുക കൈമൈറുന്നതിനുള്ള അക്കൗണ്ട്‌ തുറക്കുകയെന്ന ആശയത്തിനു പിന്നില്‍ ഈജിപ്‌തുകാരനാണെന്ന്‌ അക്കൗണ്ട്‌ സെക്രട്ടറി മുഹമ്മദ്‌ വുഹൈബി പറഞ്ഞു. സൗദിയില്‍ ജോലി ചെയ്‌തിരുന്ന ഈജിപ്‌തുകാരന്‍ നാട്ടിലേക്ക്‌ മടങ്ങിയ ശേഷം അവിഹിത മാര്‍ഗത്തിലൂടെ നേടിയ തുക എങ്ങനെ തിരിച്ചുനല്‍കാമെന്ന്‌ അബ്‌ദുല്ല രാജാവിനോട്‌ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ അക്കൗണ്ട്‌ തുറക്കാന്‍ രാജാവ്‌ നിര്‍ദേശം നല്‍കിയത്‌. അക്കൗണ്ടില്‍ ആദ്യമായി പണം നിക്ഷേപിച്ചത്‌ രാജാവിനെ സമീപിച്ച ഈജിപ്‌തുകാരന്‍ തന്നെയായിരുന്നു. 5000 ഈജിപ്‌ഷ്യന്‍ പൗണ്ടാണ്‌ ഇയാള്‍ നിക്ഷേപിച്ചത്‌.
അക്കൗണ്ടില്‍ പണമടക്കുന്നവരെ ആരും ചോദ്യം ചെയ്യില്ല. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൈക്കൂലിയായും മറ്റും നേടിയ തുക സ്വദേശികള്‍ക്കും വിദേശികള്‍ക്കും അക്കൗണ്ടില്‍ അടയ്‌ക്കാം.
ഇങ്ങനെ ലഭിക്കുന്ന തുക പാവങ്ങള്‍ക്കാണ്‌ വിതരണം ചെയ്യുന്നത്‌. 2804 പേര്‍ക്കായി 5.6 കോടി റിയാല്‍ അക്കൗണ്ടില്‍നിന്ന്‌ വിതരണം ചെയ്‌തതായും സെക്രട്ടറി പറഞ്ഞു.
അനര്‍ഹമായി പണം കൈക്കലാക്കിയവര്‍ അത്‌ അക്കൗണ്ടില്‍ നിക്ഷേപിച്ച്‌ സ്വന്തം പാപമോചനം ഉറപ്പാക്കണമെന്ന്‌ ശൂറാ കൗണ്‍സില്‍ അംഗവും നീതിന്യായ മന്ത്രാലയത്തിലെ ഉപദേഷ്‌ടാവുമായ ശൈഖ്‌ അബ്‌ദുല്‍ മുഹ്‌സിന്‍ അല്‍ഉബൈകാന്‍ ആഹ്വാനം ചെയ്‌തു. അക്കൗണ്ടിന്‌ ജനങ്ങളില്‍നിന്ന്‌ ലഭിക്കുന്ന മികച്ച പ്രതികരണം സമൂഹത്തിലെ മതബോധത്തിന്‌ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു.

1/20/08

അവരുടെ ഹവാല, നമ്മുടെ ഹുണ്ടി



എം. അഷ്‌റഫ്‌
മയ്യിത്ത്‌ കട്ടിലുമായോ ഖബ്‌റുമായോ ടെലിമണിക്ക്‌ ബന്ധമൊന്നുമില്ലെങ്കിലും ഈയിടെയായി മരണത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌ അറബ്‌ നാഷണല്‍ ബാങ്കിന്റെ മണി ട്രാന്‍സ്‌ഫര്‍ സംവിധാനമായ ടെലിമണി. മരണത്തെ കുറിച്ച്‌ ഓര്‍മിക്കാനും ജീവിതം ക്രമപ്പെടുത്താനും സഹായകമാകുന്ന വഴികളിലൊന്നായാണ്‌ പ്രവാചകന്‍ (സ) ഖബര്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്‌. നമ്മെ കയറ്റിക്കിടത്തി ആളുകള്‍ ചുമലിലേന്തി കൊണ്ടുപോകുന്ന മയ്യിത്ത്‌ കട്ടില്‍ കണ്ടാലും അല്‍പ നേരത്തേക്കെങ്കിലും മരണം നമ്മുടെ മനസ്സിനെ കീഴടക്കും.
കഴിഞ്ഞയാഴ്‌ച ടെലിമണി വഴി നാട്ടിലേക്ക്‌ പണമയച്ചപ്പോള്‍ കിട്ടിയ രസീറ്റ്‌ നോക്കിയപ്പോള്‍ ഒന്നു ഞെട്ടാതിരുന്നില്ല. പണമയച്ച തീയതിക്കുശേഷം ഒരു മാസത്തിനകം ഏതെങ്കിലും അപകടത്തിലൂടെ ഈ ലോകത്തുനിന്ന്‌ പോകേണ്ടിവന്നാല്‍ 1300 റിയാല്‍ വീതം 12 മാസത്തേക്ക്‌ സ്ഥിരമായി പണം സ്വീകരിക്കുന്നയാള്‍ക്ക്‌ നല്‍കാമെന്നാണ്‌ രസീറ്റില്‍ ചുവപ്പ്‌ മഷിയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്‌. അപകട മരണം പോയിട്ട്‌ സാധാരണ മരണം പോലും ചിന്തിക്കാതിരിക്കെ ഇങ്ങനെയൊരു ഓഫര്‍ ഉള്ള കാര്യം ആരോടെങ്കിലും പറയേണ്ടേ എന്നു കരുതി വീട്ടുകാരിയോട്‌ സൂചിപ്പിച്ചു.
അല്‍ രാജ്‌ഹിക്കു പുറമേ ധാരാളം പേര്‍ ആശ്രയിക്കുന്ന ടെലിമണിയുടെ ഓഫര്‍ ഇടപാടുകാര്‍ക്ക്‌ എത്രമാത്രം ആകര്‍ഷകമായി തോന്നിയെന്ന്‌ അറിയില്ല.
സൗദിയില്‍ മാത്രമല്ല, എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലേയും മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും ബാങ്കുകളും ഇപ്പോള്‍ പണമയക്കുന്നവര്‍ക്ക്‌ പലതരത്തിലുള്ള വാഗ്‌ദാനങ്ങള്‍ നല്‍കുന്നു. നറുക്കെടുപ്പിലൂടെ വീടും കാറും മുതല്‍ അധിക വിനിമയ നിരക്കും കുറഞ്ഞ ചാര്‍ജും പിന്നെ ഇന്‍ഷുറന്‍സ്‌ ആനുകൂല്യംവരെ. ഫിലിപ്പൈന്‍സിലേക്ക്‌ പണമയക്കുന്നവര്‍ക്കാണ്‌ ടെലിമണി നറുക്കെടുപ്പിലൂടെ കാറും വീടും നല്‍കിയത്‌. ഒരേ ബാങ്കിന്റെ തന്നെ വിവിധ ബ്രാഞ്ചുകളില്‍ വിനിമയ നിരക്ക്‌ വ്യത്യസ്‌തമായാണ്‌ നല്‍കുന്നത്‌. തൊട്ടടുത്ത്‌ മറ്റൊരു സ്ഥാപനമുണ്ടെങ്കിലാണ്‌ ബ്രാഞ്ചുകള്‍ ഈ അടവ്‌ പയറ്റുക. ചുരുക്കത്തില്‍ മണി ട്രാന്‍സ്‌ഫര്‍ മേഖലയില്‍ സ്ഥാപനങ്ങള്‍ വര്‍ധിച്ചത്‌ പണമയക്കുന്നതിന്റെ വേഗം കൂട്ടിയതിനോടൊപ്പം മത്സരം വര്‍ധിക്കാനും കാരണമായി.
നിലവിലെ ട്രാന്‍സ്‌ഫര്‍ രീതിയേക്കാളും ആകര്‍ഷകമായ സംവിധാനങ്ങളെ കുറിച്ചുള്ള ആലോചനയിലുമാണ്‌ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും ബാങ്കുകളും. മിഡിലീസ്റ്റ്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസികള്‍ ഒരിക്കലും ഉപേക്ഷിക്കാന്‍ തയാറല്ലാത്ത ഹവാല അഥവാ ഹുണ്ടി സംവിധാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മിറകടക്കാനുള്ള ഗവേഷണമാണ്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്‌. മിനിറ്റുകള്‍ കൊണ്ട്‌ നാട്ടില്‍ പണം ലഭിക്കുന്ന സംവിധാനവുമായി വെസ്റ്റേണ്‍ യൂനിയനും സമാന കമ്പനികളും രംഗത്തുണ്ടെങ്കിലും അതേക്കാള്‍ ആകര്‍ഷകമായ ട്രാന്‍സ്‌ഫര്‍ രീതികളാണ്‌ വരാനിരിക്കുന്നത്‌.
മൊബൈല്‍ റീച്ചാര്‍ജ്‌ കാര്‍ഡ്‌ വാങ്ങുന്നതുപോലെ ഇവിടെ റിയാല്‍ നല്‍കി കാര്‍ഡ്‌ വാങ്ങുകയും എസ്‌.എം.എസ്‌ അയച്ചാല്‍ നാട്ടിലെ മൊബൈല്‍ കമ്പനി പണം നല്‍കുകയും ചെയ്യുന്ന രീതിയാണ്‌ പരിഗണനയിലുള്ള ഒരു സംവിധാനം. ഇവിടെ ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവരേയും മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളില്‍ പോകാന്‍ സമയമില്ലാത്തവരേയും ഇങ്ങനെ സ്വാധീനിക്കാമെന്നാണ്‌ കണക്കുകൂട്ടുന്നത്‌.
പക്ഷേ ബാങ്കുകളും മണിട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും എന്തൊക്കെ നൂതന രീതികള്‍ ആവിഷ്‌കരിച്ചാലും പുരാതന രീതിയായ ഹവാലയെന്ന, ഹുണ്ടിയെന്ന നമ്മുടെ ഉണ്ടിയെ വെല്ലാന്‍ കഴിയില്ലെന്നത്‌ കട്ടായം. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്ന്‌ ബാങ്കുകള്‍ വഴി നാട്ടിലയക്കുന്ന പണത്തേക്കാളുമേറെ വരും ഹവാല വഴി ബഹിര്‍ഗമിക്കുന്ന പണമെന്നത്‌ അമേരിക്കയെ മാത്രമല്ല മറ്റു രാജ്യങ്ങളേയും കുഴക്കുന്ന പ്രശ്‌നമാണ്‌. രേഖകളിലില്ലാതെ ഇങ്ങനെ പോകുന്ന പണം തീവ്രവാദികള്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നുവെന്ന ഭീതിയെ തുടര്‍ന്നാണ്‌ ഹവാലയെ കുറിച്ചുള്ള അമേരിക്കയുടെ ഗവേഷണം പുരോഗമിക്കുന്നത്‌.
എന്നാല്‍ ആയിരം റിയാലില്‍ താഴെ ശമ്പളമുള്ള പ്രവാസികളാണ്‌ കുടുംബത്തില്‍ പണമെത്തിക്കാനുള്ള വ്യഗ്രതയില്‍ ഹുണ്ടി ഏജന്റിനെ സമീപിക്കുന്നതെന്നത്‌ വസ്‌തുത.
ഇന്ത്യക്കാരും പാക്കിസ്ഥാനികളും നേപ്പാളികളും ബംഗാളികളുമൊക്കെ ഹുണ്ടിയെ ആശ്രയിക്കുന്നു. കൂടിയ വിനിമയ നിരക്കും വേഗവും വാഗ്‌ദാനം ചെയ്‌തതിനെ തുടര്‍ന്ന്‌ ബംഗാളികളും നേപ്പാളികളും കൂടുതലായും അല്‍ അമൗദി എക്‌സ്‌ചേഞ്ചിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ പാക്കിസ്ഥാനികള്‍ക്ക്‌ പ്രിയം ഹവാല തന്നെ. അവര്‍ക്കു പുറമേ മലയാളികളും വ്യാപകമായി ആശ്രയിക്കുന്ന ഹുണ്ടിയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്‌. പലപ്പോഴും ബാങ്ക്‌ നിരക്കിനെക്കാള്‍ കൂടുതല്‍ നല്‍കിയാണ്‌ മലയാളി പ്രവാസികള്‍ ഹുണ്ടി വഴി പണമെത്തിക്കാറുള്ളത്‌. പാക്കിസ്ഥാനികളും തഥൈവ.
ഇവിടെ ബാങ്കുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവര്‍ക്കും മണിട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളില്‍ പോകാന്‍ സമയം ലഭിക്കാത്തവര്‍ക്കും മറ്റൊരു മാര്‍ഗമില്ല. സ്വന്തം താമസസ്ഥലത്തുവന്ന്‌ റിയാല്‍ ശേഖരിക്കുന്ന പണം ഹുണ്ടി വഴി മണിക്കൂറുകള്‍ക്കകം നാട്ടിലെ വേണ്ടപ്പെട്ടവരുടെ കൈകളിലെത്തുന്നു. ഇതേക്കാളെല്ലാമുപരി പാക്കിസ്ഥാനികളേയും മലയാളികളേയും ആകര്‍ഷിക്കുന്നത്‌ ഹുണ്ടി ഏജന്റുമാര്‍ നല്‍കുന്ന സാവകാശമാണെന്ന്‌ അനുഭവസ്ഥര്‍ പറയുന്നു. നാട്ടിലേക്ക്‌ പണമയച്ചാല്‍ ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞ്‌ ഏജന്റിനു പണം നല്‍കിയാല്‍ മതി. ബാങ്ക്‌ നിരക്കിനേക്കാളും കൂടിയാലും ഈ സൗകര്യം ഏത്‌ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനത്തിനു നല്‍കാന്‍ കഴിയും.
പ്രാദേശിക കറന്‍സികളുടെ മൂല്യം ഉയരുന്നതിനു മുമ്പ്‌ ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും ബാങ്ക്‌ നിരക്കിനേക്കാളും കൂടുതല്‍ നല്‍കാന്‍ ഹവാലകള്‍ക്ക്‌ സാധിച്ചിരുന്നു. ഏതു കോണിലും അതിവേഗമെത്തുമെന്നതും കുറഞ്ഞ നിരക്കുമാണ്‌ പ്രവാസികളെ ഹുണ്ടിയിലേക്ക്‌ ആകര്‍ഷിച്ചു തുടങ്ങിയത്‌. ഇവിടെയെന്നതു പോലെ നാട്ടിലും ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്കും ഹവാല അനുഗ്രഹമാകുന്നു. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ മണി എക്‌സ്‌ചേഞ്ച്‌ കമ്പനികളും ബാങ്കുകളും എത്രമാത്രം ആകര്‍ഷകമാക്കിയാലും എന്തൊക്കെ അഭ്യാസം നടത്തിയാലും ഹുണ്ടി ഒരിക്കലും അവസാനിക്കില്ല. ഐ.എം.എഫും ലോകബാങ്കും അമേരിക്കയും എന്തൊക്കെ ഗവേഷണം നടത്തിയാലും.

1/18/08

പൂജ്യത്തിന്റെ നോട്ട്‌


കൈക്കൂലിക്കാര്‍ക്ക്‌ നല്‍കാന്‍
പൂജ്യത്തിന്റെ നോട്ട്‌


കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ ഞെട്ടിക്കാനുള്ളതാണ്‌ ചിത്രത്തിലുള്ള പൂജ്യം രൂപ നോട്ട്‌. രാജ്യത്തിന്റെ പൊതു ശത്രുവായ അഴിമതിക്കെതിരെ സന്നദ്ധ സംഘടനയായ ഫിഫ്‌ത്‌ പില്ലര്‍ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായുള്ളതാണ്‌ ഈ നോട്ട്‌. നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും നമ്മുടെ രൂപയുടേതിനോട്‌ നല്ല സാമ്യമുണ്ട്‌ ചിത്രത്തിന്‌. ബ്ലോഗര്‍മാരില്‍ ആരെങ്കിലും ഇതു കണ്ടിട്ടുണ്ടോ ആവോ.
പ്രവാസികളായ ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ ഇന്ത്യന്‍ നോട്ടിനോട്‌ തീരേ കമ്പമില്ല. രൂപയുടെ മൂല്യവര്‍ധന ശമ്പളത്തില്‍ വന്‍ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. ഡ്രൈവിംഗ്‌ ലൈസന്‍സോ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റോ അതു പോലുള്ള ഗുലുമാലുകളോ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നവര്‍ക്ക്‌ നമ്മുടെ ആയിരം രൂപയോട്‌ സമാനതയുള്ള പൂജ്യത്തിന്റെ നോട്ട്‌ നല്‍കണമെന്നാണ്‌ ഫിഫ്‌ത്‌ പില്ലര്‍ ആവശ്യപ്പെടുന്നത്‌. അങ്ങനെ നമ്മുടെ പ്രതിഷേധം അറിയിക്കാം. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എം.ബി നിര്‍മലാണ്‌ ഈയിടെ ഫിഫ്‌ത്‌ പില്ലറിനു രൂപം നല്‍കിയത്‌.

എയര്‍പോര്‍ട്ടുകളുടെ സ്വന്തം നാട്‌

എം.അഷ്‌റഫ്‌

(ജനുവരി 18-ന്‌ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം. കണ്ണൂരില്‍ എയര്‍പോര്‍ട്ട്‌ വരുന്നതിനെ കുറിച്ചും സ്വകാര്യ മൂലധനത്തിന്റെ കാര്യത്തില്‍ സി.പി.എം നിലപാടില്‍ വന്ന മാറ്റത്തെ കുറിച്ചും അഭിപ്രായങ്ങള്‍ എഴുതുമല്ലോ)


കണ്ണൂരില്‍ വിമാനത്താവളം വേണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നുവെങ്കിലും ലീല ഗ്രൂപ്പ്‌ ചെയര്‍മാന്‍ ക്യാപ്‌റ്റന്‍ സി.പി. കൃഷ്‌ണന്‍ നായര്‍ക്ക്‌ ഒട്ടും സംശയം ഉണ്ടായിരുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കും മുമ്പേ ലീലാ ഗ്രൂപ്പ്‌ അതേ കുറിച്ച്‌ പഠനം തുടങ്ങിയിരുന്നു. വ്യോമയാന രംഗത്തെ 20 പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പഠനം. ഇപ്പോള്‍ സംയുക്ത സംരംഭമായി കണ്ണൂരില്‍ എയര്‍പോര്‍ട്ട്‌ സ്ഥാപിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കെ നറുക്ക്‌ ലീലാ ഗ്രൂപ്പിനു വീഴുമോ അതോ മറ്റു വല്ലവരും തട്ടിയെടുക്കുമോ എന്നേ അറിയാനുള്ളൂ.
കോഴിക്കോട്‌ എയര്‍പോര്‍ട്ടിനെ കുറിച്ചും അവിടം കുത്തകയാക്കിയ എയര്‍ ഇന്ത്യയെ കുറിച്ചും പരാതികള്‍ അവസാനിക്കാത്തതു കൊണ്ടായിരിക്കണം കണ്ണൂരില്‍ സ്ഥാപിക്കാനിരിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളം ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി നോക്കുന്ന മലബാറുകാര്‍ക്ക്‌ പ്രയോജനപ്പെടുമെന്ന്‌ സംസ്ഥാന സര്‍ക്കാരോ കണ്ണൂരില്‍ നോട്ടമിട്ടിരിക്കുന്ന ലീലയടക്കമുള്ള സ്വകാര്യ ഗ്രൂപ്പുകളോ പറഞ്ഞുതുടങ്ങിയിട്ടില്ല. പകരം ഈ എയര്‍പോര്‍ട്ട്‌ പഴം, പച്ചക്കറി, മത്സ്യം, കൈത്തറി കയറ്റുമതിക്കും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഉപയുക്തമാകുമെന്നാണ്‌ എല്ലാവരും പറയുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഗ്രീന്‍ഫീല്‍ഡ്‌ എയര്‍പോര്‍ട്ടാണ്‌ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നത്‌. ടൂറിസം വികസനമാണ്‌ ലക്ഷ്യമായി പറഞ്ഞത്‌. നിര്‍ദിഷ്‌ട എയര്‍പോര്‍ട്ട്‌ പൂക്കളും പച്ചക്കറിയും പഴങ്ങളും കയറ്റി അയക്കുന്നതിനുള്ള കേന്ദ്രമാകുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതിയെ കുറിച്ച്‌ വാര്‍ത്താ ലേഖകരോട്‌ വെളിപ്പെടുത്തിയ വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷിയും പ്രത്യാശ പ്രകടിപ്പിച്ചത്‌.
തുണിത്തരങ്ങളുടെ ഇന്ത്യയിലെ എട്ട്‌ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌ കണ്ണൂരെന്നും ഇവിടെ അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥാപിക്കുന്നത്‌ മേഖലയുടെ മൊത്തം വികസനത്തിനു തന്നെ സഹായകമാകുമെന്നും ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായരും പറയുന്നു. മട്ടന്നൂരിനടുത്ത്‌ 2000 ഏക്കറില്‍ സ്ഥാപിക്കുന്ന എയര്‍പോര്‍ട്ടിന്‌ ഒറ്റ റണ്‍വേയായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിമാനത്താവളത്തിന്‌ സ്ഥലം അക്വയര്‍ ചെയ്യുന്നതിനും അനുമതിയായി കഴിഞ്ഞു.
സ്വകാര്യ പങ്കാളിയുമായി ചേര്‍ന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്ര രൂപം നല്‍കുന്ന സംയുക്ത കമ്പനി 930 കോടി രൂപ ചെലവിട്ടായിരിക്കും എയര്‍പോര്‍ട്ട്‌ നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകക്ക്‌ പുറമെയാണിത്‌. കിന്‍ഫ്രക്ക്‌ 24 ശതമാനവും സ്വകാര്യ കമ്പനിക്ക്‌ 74 ശതമാനവുമായിരിക്കും പങ്കാളിത്തം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സ്വകാര്യ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ച്‌ കണ്ടെത്തും.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി നേടിയ എയര്‍പോര്‍ട്ടിന്റെ സംയുക്ത പങ്കാളിയായി ലീലാ ഗ്രൂപ്പിനു പുറമേ മറ്റാരെയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടോ എന്ന്‌ വ്യക്തമായിട്ടില്ല. നിര്‍മിച്ച്‌ കൈമാറാമെന്ന വ്യവസ്ഥയെ കുറിച്ചാണ്‌ ആലോചിച്ചതെങ്കിലും നെടുമ്പാശ്ശേരി മോഡല്‍ കമ്പനി രൂപീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന്‌ നേരത്തെ ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നാലാമത്തെ എയര്‍പോര്‍ട്ടാണ്‌ യാഥാര്‍ഥ്യമാകാനിരിക്കുന്നത്‌. കേന്ദ്രം യാതൊരു ഇളവുകളും നല്‍കില്ലെന്ന്‌ വ്യക്തമാക്കിയിട്ടും കണ്ണൂര്‍ വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന്‌ പ്രേരണയായത്‌ സ്വകാര്യ പങ്കാളിത്തമെന്ന പ്രതീക്ഷയാണ്‌. നിര്‍ദിഷ്‌ട എയര്‍പോര്‍ട്ടിന്‌ കണ്ടുവെച്ച സ്ഥലത്തെ ജനസാന്ദ്രത കൂടി കണക്കിലെടുത്താണ്‌ ഒരു റണ്‍വേ മാത്രമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്‌. പലതരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ചെങ്കിലും രാഷ്‌ട്രീയതലത്തിലുള്ള സമ്മര്‍ദം വേണ്ടിവന്നു കേന്ദ്രത്തെ വഴിക്കുകൊണ്ടുവരാന്‍.
പത്തുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ഫീല്‍ഡ്‌ എയര്‍പോര്‍ട്ട്‌ സ്ഥാപിക്കുമ്പോള്‍ സമര രംഗത്തുണ്ടായിരുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട്‌ രാഷ്‌ട്രീയ സമ്മര്‍ദത്തിലൂടെ നേടിയെടുത്തിരിക്കുന്നതെന്നത്‌ വിരോധാഭാസമായി തോന്നാം. സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചും വികസനത്തെ കുറിച്ചുമുള്ള സി.പി.എം നിലപാടുകളിലെ മാറ്റമായി കണ്ടാല്‍ ഇവിടെ ആശ്ചര്യത്തിനവകാശമില്ല. പത്ത്‌ വര്‍ഷം മുമ്പ്‌ കെ. കരുണാകരന്റെ ഭരണകാലത്ത്‌ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ (സി.ഐ.എ.എല്‍) കമ്പനി രൂപീകരിക്കുമ്പോള്‍ തങ്ങളുടെ മൃതദേഹങ്ങളില്‍ ചവിട്ടിയേ സ്വകാര്യ പങ്കാളിത്തത്തോടെ എയര്‍പോര്‍ട്ട്‌ സ്ഥാപിക്കാന്‍ അനുവദിക്കൂ എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ്‌ സി.പി.എം നേതാക്കള്‍ പട നയിച്ചിരുന്നത്‌.
ഏറ്റവും കുറഞ്ഞ ദൂരപരിധിയില്‍ ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങളെന്ന ബഹുമതി കൂടി കൈവരികയാണ്‌ കൊച്ചു കേരളത്തിന്‌. അഞ്ചാമത്തെ എയര്‍പോര്‍ട്ട്‌ ആറന്മുളയിലും വരാനിരിക്കുന്നു. രാജ്യത്തെ വ്യോമഗതാഗതത്തില്‍ ഒന്നാം സ്ഥാനത്താണ്‌ മൂന്ന്‌ എയര്‍പോര്‍ട്ടുകളും കൂടി കേരളമെന്ന കണക്ക്‌ നമ്മുടെ നാലാം എയര്‍പോര്‍ട്ടിനായുള്ള യത്‌നത്തെ ന്യായീകരിക്കുമ്പോഴും വടക്കെ മലബാറിലെ വികസന മുന്‍ഗണന തെറ്റിയില്ലേ എന്ന സംശയം ബാക്കിനില്‍ക്കുന്നു. കോഴിക്കോട്ടുനിന്ന്‌ കണ്ണൂരിലേക്ക്‌ വിമാന മാര്‍ഗം പോയാലോ എന്നു തോന്നുംവിധമാണ്‌ താറുമാറായ റോഡുകളും പൂര്‍ത്തിയാകാത്ത റെയില്‍വേ മേല്‍പാലങ്ങളും. കണ്ണൂരില്‍ എയര്‍പോര്‍ട്ട്‌ വേണമെന്ന്‌ വാദിക്കാന്‍ തോന്നിപ്പിക്കുന്നതും കോഴിക്കോട്ടുനിന്ന്‌ നൂറ്‌ കി.മീ മാത്രം ദൂരമുള്ള കണ്ണൂരിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതത്തിരക്കുമാണ്‌.
ടൂറിസം വികസനത്തിനും കൈത്തറി വികസനത്തിനും മത്സ്യകയറ്റുമതിക്കുമൊക്കെ ഉപകാരപ്പെട്ട്‌ കേരളത്തിന്റെ വികസന കുതിച്ചു ചാട്ടത്തിന്‌ പുതുതായി ആരംഭിക്കുന്ന എയര്‍പോര്‍ട്ടും സഹായിക്കുമെന്ന്‌ നമുക്ക്‌ വാദിക്കാമെങ്കിലും കൂടുതുല്‍ കൂടുതല്‍ അഭ്യസ്‌തവിദ്യരെ അന്യനാടുകളിലേക്ക്‌ കയറ്റി അയക്കാന്‍ തന്നെയായിരിക്കും അന്തിമമായി ഈ എയര്‍പോര്‍ട്ടും സഹായകമാകുക. അതുകൊണ്ട്‌ പ്രവാസികളായ നമുക്ക്‌ എല്ലാവിധ ആശംസകളും നേരാം.
വാല്‍ക്കഷ്‌ണം: പുതിയ എയര്‍പോര്‍ട്ട്‌ സാധിച്ചെടുത്തതില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും മന്ത്രിമാരും ആഹ്ലാദിക്കുമ്പോള്‍ പാവം കരുണാകരനായിരിക്കും നിരാശ. ഇടതുപക്ഷവുമായി അടുപ്പമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയോടെ എന്‍.സി.പിയില്‍നിന്നുകൊണ്ട്‌ കണ്ണൂര്‍ വിമാനത്താവളത്തിന്‌ സമ്മര്‍ദം ചെലുത്തിയ അദ്ദേഹത്തിനു വിലപേശലിനുള്ള ശേഷി തെളിയിക്കാന്‍ അവസരം നഷ്‌ടമായി.
Related Posts Plugin for WordPress, Blogger...