12/26/10

ലക്കി നമ്പര്‍

അസമയത്ത് മല്‍ബുവിനെ തേടി വന്നതാരാണ്?
പഴഞ്ചന്‍ വാതിലിലെ മങ്ങിയ ലെന്‍സിലൂടെ അന്തേവാസികളില്‍ ഓരോരുത്തര്‍ മാറി മാറി നോക്കി. ആര്‍ക്കും എവിടെയും കണ്ടു പരിചയമില്ല. ചുവന്നു തുടുത്ത മുഖം. നീട്ടിവളര്‍ത്തിയ മുടി പിന്നോട്ട് ഇട്ടിരിക്കുന്നു. മാറി മാറി നോക്കിയിട്ടും മറ്റൊരാളോട് വിവരിക്കാന്‍ തക്കവിധം ശരിക്കും ദൃശ്യം ക്ലിയറാകുന്നില്ല. ഈ ഡോര്‍ ലെന്‍സ് മാറ്റാന്‍ പറഞ്ഞിട്ട് കുറേ നാളായി. ആരും കേട്ടില്ല.
സ്ത്രീയുടെ എല്ലാ ഹാവ ഭാവങ്ങളുമുണ്ട്. ഒട്ടുമില്ല മീശ. പര്‍ദ ധരിക്കാത്തതുകൊണ്ട് സ്ത്രീയല്ല എന്നുറപ്പിക്കാം.
യു മീന്‍ ചാന്തു പൊട്ട്.
എന്നൊന്നും പറയാനൊക്കില്ല. വേണമെങ്കില്‍ ആണ്‍വേഷം കെട്ടിയ സ്ത്രീയെന്നു വിശേഷിപ്പിക്കാം.
എന്നാലും ഒന്ന് വാതില്‍ തുറന്നു നോക്കാമായിരുന്നു. നിങ്ങള്‍ ഇത്രയും പേര്‍ ഉണ്ടായിരുന്നല്ലോ ഇവിടെ.
പേടിക്കുടലന്മാര്‍.
നിനക്കതു പറയാം. ഇതുപോലെ അസമയത്തു തന്നാ ഓരോ വയ്യാവേലി കയറിവരുന്നത്.
ആദ്യം ഒരാള്‍ വരും. ഫ്‌ളാറ്റിലെ ആരുടെയെങ്കിലും പേരായിരിക്കും പറയുക. വാതില്‍ തുറന്നാല്‍ അറിയാം പിന്നാലെ ആരൊക്കെയാ കയറിവരികയെന്ന്. എത്രയെത്ര അനുഭവങ്ങള്‍. ഞങ്ങള്‍ ചെയ്തതു തന്നെയാണ് ശരി.
ആഗതന്‍ മല്‍ബുവിനെയാണ് അന്വേഷിച്ചത്.
ആരാണ് എന്നു ചോദിച്ചപ്പോള്‍ സദീക്ക് എന്നായിരുന്നു മറുപടി.
ഉച്ചാരണത്തില്‍ ഫിലിപ്പിനോയോടാണ് സാമ്യം. ഉറപ്പിച്ചു പറയാന്‍ പറ്റില്ല. നേപ്പാളിയാകാം, ഇന്തോനേഷിയാകാം, ചൈനക്കാരനാകാം, ചിലപ്പോള്‍ അറബി തന്നെയാകാം.
ഇനി മല്‍ബുവാണ് ഉത്തരം പറയേണ്ടത്. ആരാണ് ഈ സുഹൃത്ത് ? അയാള്‍ക്ക് എന്തിന് ഈ ഫ്‌ളാറ്റ് പറഞ്ഞു കൊടുത്തു ?
ചട്ടലംഘനമാണിത്. അപരിചിതരെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവരാന്‍ പാടില്ല എന്നതു ചട്ടം നമ്പര്‍ മൂന്നാണ്. അടച്ച വാടക പോലും തിരികെ നല്‍കാതെ തൂക്കിയെറിയാം പുറത്തേക്ക്.
പറയൂ. ആരായിരുന്നു അത്. എന്തിനു നിന്നെ തേടി വന്നു. എന്താണ് ഇടപാട്? ഇനിയും വരാനാണോ അയാള്‍ പോയിരിക്കുന്നത് ?
നോ ഐഡിയ. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാന്‍ ആര്‍ക്കും ഫ്‌ളാറ്റിന്റെ അഡ്രസ്സ് കൊടുത്തിട്ടില്ല. അങ്ങനെ എനിക്കൊരു സദീക്കുമില്ല. ഇവിടെയെത്തി ആറു മാസം തികഞ്ഞിട്ടില്ല. ഓഫീസിനു പുറത്ത് ആകെ പരിചയമുള്ളവര്‍ ഈ നിങ്ങളാണ്. ഫ്‌ളാറ്റ്, ഓഫീസ് പിന്നെയും ഫ്‌ളാറ്റ് ഇതാണ് എന്റെ രീതി. പിന്നെ എനിക്കെങ്ങനെ സുഹൃത്തുണ്ടാവും?
അപ്പോള്‍ സംശയിച്ചതു തന്നെയാണ് ശരി. എന്തോ ഒരു ചതിയുണ്ട്. മീത്തലെ അയമുവിന്റെ ഫ്‌ളാറ്റിലും ഇങ്ങനെയാണല്ലോ സംഭവിച്ചത്. ആദ്യം അപരിചിതനായ ഒരു മല്‍ബുവാണ് വന്നത്. പച്ചമലയാളം കേട്ടപ്പോള്‍ മറ്റൊന്നും സംശയിക്കാതെ അവര്‍ വാതില്‍ തുറന്നു കൊടുത്തു. പിന്നാലെ മുറിയിലേക്ക് കയറിയത് മൂന്ന് സി.ഐ.ഡികള്‍, അതും ഒറിജിനലിനെ വെല്ലുന്നവര്‍. ഇഖാമയടക്കം സകലതും വാരിയശേഷമാണ് ആദ്യം മുട്ടിവിളിച്ചയാളും വ്യാജ മല്‍ബുവായിരുന്നുവെന്ന് മനസ്സിലായത്.
അറബികള്‍ ഇത്രയും സൂപ്പറായി മലയാളം പറയുമോ എന്ന് അയമുവിന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇനിയിപ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം. ഈ ഫ്‌ളാറ്റ് ആരോ നോട്ടമിട്ടു കഴിഞ്ഞു. ഏതു സമയത്തും അവരുടെ രണ്ടാം വരവുണ്ടാകും. ചില ഏര്‍പ്പാടുകളൊക്കെ നമ്മള്‍ ചെയ്‌തേ പറ്റൂ. ആദ്യം വാതിലിന്റെ ഈ ലെന്‍സൊന്ന് മാറ്റി തെളിച്ചമുള്ളത് വെക്കണം. പുറത്ത് ആരെങ്കിലും വന്നാലൊന്ന് ശരിക്ക് കാണുകയെങ്കിലും വേണമല്ലോ. അന്തേവാസികളില്‍ ആരും തന്നെ വാതിലില്‍ മുട്ടുകയോ ബെല്ലടിക്കുകയോ ചെയ്യരുത്. താക്കോല്‍ ഉണ്ടെങ്കില്‍ ഫ്‌ളാറ്റില്‍ കയറാം. പോകുമ്പോഴും വരുമ്പോഴും ആരും പിന്തുടരുന്നില്ല എന്നുറപ്പ് വരുത്തണം. വിലപിടിപ്പുള്ള സാധനങ്ങള്‍ തല്‍ക്കാലം സുഹൃത്തുക്കളുടെ മുറിയിലേക്ക് മാറ്റണം. എ.ടി.എം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഓഫീസില്‍ സൂക്ഷിച്ചാല്‍ മതി. ഇഖാമ ഷര്‍ട്ടിന്റെ പുറത്തെ പോക്കറ്റില്‍ വെക്കരുത്. അതിനായി ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ അകത്ത് രഹസ്യ പോക്കറ്റ് റെഡിയാക്കണം.
എല്ലാ നിര്‍ദേശങ്ങളും ഉടന്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ കണ്ണൂരുകാരന്‍ മല്‍ബുവിന്റെ വക മുന്‍വാതിലിന് വിലങ്ങനെ ഇരുമ്പു കൊണ്ടുള്ള ഒരു പട്ട കൂടി സ്ഥാപിച്ച് കൊളുത്തിട്ടു.
പ്രതീക്ഷിച്ചതുപോലെ തന്നെ, മൂന്നാം നാള്‍ അയാള്‍ വീണ്ടും വന്നു. നട്ടുച്ച നേരത്ത്. ആദ്യം കണ്ടത് നേരത്തെ അന്വേഷിച്ചുവന്ന, അതേ മല്‍ബു തന്നെ. ഓഫീസില്‍നിന്ന് ഉച്ചഭക്ഷണത്തിനായി നടന്നു വരികയായിരുന്നു മല്‍ബു.
ഫ്‌ളാറ്റിനു പുറത്ത് കുറച്ചു മാറിയായിരുന്നു അപരിചിതന്റെ നില്‍പ്.
ഭയം കാരണം മൊബൈല്‍ ഫോണ്‍ ഓഫീസില്‍ വെച്ചിട്ടാണ് വന്നത്. അതു കൊണ്ടുതന്നെ ഫ്‌ളാറ്റിലുള്ളവരെ അറിയിക്കാന്‍ ഒരു വഴിയുമില്ല. അല്‍പം പേടിയോടെയാണെങ്കിലും മല്‍ബു നടന്നടുത്തു. ആകാംക്ഷയോടെ കണ്ണുകളയച്ചു. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.
പക്ഷേ, അപരിചിതന്‍ സദീക്ക് എന്നു വിളിച്ചുകൊണ്ട് നേരെ മുന്നിലേക്ക്. ഒന്നു പകച്ചുപോയെങ്കിലും പേടിക്കാനില്ല. പെണ്ണും മണ്ണാങ്കട്ടയുമൊന്നുമല്ല, സുന്ദരനായ ഒരു ഫിലിപ്പിനോ.
സദീക്ക് എന്നെ ഓര്‍മയില്ലേ? ദൂരേക്ക് കൈചൂണ്ടി അതല്ലേ നിങ്ങടെ ഓഫീസ്. ഞാന്‍ കഴിഞ്ഞയാഴ്ച അവിടെ വന്നിരുന്നു. കെ.എഫ്.സിയുമായി. ഓര്‍മയുണ്ടോ?
ആര് ഇതൊക്കെ ഓര്‍മിച്ചുവെക്കുന്നു. ഏതോ മാനേജര്‍ക്ക് ഏതോ ഫിലിപ്പിനോ കെ.എഫ്.സി കൊണ്ടുവന്നു. തനിക്കതിലെന്തു കാര്യം?
ങാ ഓര്‍മയുണ്ട്. എന്നങ്ങു കാച്ചി. ഇപ്പോള്‍ എന്തു വേണം?
എനിക്കൊരു മൂന്ന് നമ്പര്‍ കൂടി പറഞ്ഞു തരണം. അന്നു നിങ്ങള്‍ പറഞ്ഞുതന്ന മൂന്നക്കം എനിക്ക് ഭാഗ്യമായി.
മല്‍ബുവിന് എന്നിട്ടും മെല്ലെയേ കത്തിയുള്ളൂ.
അന്ന് ഓഫീസില്‍ വന്ന ഫിലിപ്പിനോ ഒരു മൂന്ന് നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടിരുന്നു. വായില്‍ തോന്നിയ 956 അങ്ങു പറഞ്ഞു കൊടുത്തു.
എന്തിനാ നമ്പര്‍ എന്നു ചോദിച്ചപ്പോള്‍ അതൊക്കെയുണ്ട് എന്നു പറഞ്ഞു മടങ്ങിപ്പോയ ഫിലിപ്പിനോ ആണ് ഇപ്പോള്‍ മുന്നില്‍. പ്ലീസ്... ഒരു മൂന്ന് നമ്പര്‍ കൂടി പറ, പ്ലീസ്. നിങ്ങളൊരു ലക്കിയാണ്. ഫിലിപ്പിനോ കെഞ്ചി.
എന്തിനാ നമ്പര്‍ ? എങ്ങനെ ഭാഗ്യമായത്?
നിങ്ങള്‍ പറഞ്ഞുതന്ന ആ മൂന്നക്കം എഴുതിയാണ് കഴിഞ്ഞയാഴ്ച ഞാന്‍ തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുത്തത്. ആയിരം റിയാലാണടിച്ചത്.
കേട്ടതോര്‍മയുണ്ട്. തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുക്കാന്‍ നമ്പര്‍ അങ്ങോട്ടാണ് എഴുതിക്കൊടുക്കേണ്ടത്.
ഫ്‌ളാറ്റിന്റെ സുരക്ഷക്കായി ആയിരം റിയാല്‍ ഇവിടേം ചെലവായി മോനേ എന്നു മല്‍ബു പറഞ്ഞില്ല.
ഫിലിപ്പിനോ നീട്ടിയ കടലാസില്‍ എഴുതിക്കൊടുത്തു 256. ഫ്‌ളാറ്റിന്റെ എക്‌സ്ട്രാ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ക്ക് മല്‍ബു കൊടുക്കേണ്ട ഷെയറായിരുന്നു അത്.

12/19/10

രവിക്കും അഹമ്മദിനും ഹുറൂബ്


എല്ലാരും ഉണ്ടല്ലോ?

അയമു പച്ചച്ചെങ്കൊടി, ഉദയന്‍ ഇടപെടല്‍, ബൈജു പത്രാങ്കുരന്‍, ഹരി പിളര്‍പ്പന്‍,

മമ്മു കാലുവാരി, അന്ത്രു ബാഗുപിടിത്തക്കാരന്‍, ചവച്ചിറക്കി മല്‍ബു.

എന്താ ഇത്ര അമാന്തം, വേഗം വേഗം വര്വാ.

പന്തിക്കു മുമ്പ് ചര്‍ച്ചയിലേക്ക് കടക്കണം.

വളരെ ഗൗരവമായൊരു വിഷയം ആലോചിക്കാന്‍ വേണ്ടിയാണ് ഇന്നെല്ലാവരോടും ഇവിടെ വരാന്‍ പറഞ്ഞത്. എല്ലാവരും സശ്രദ്ധം കേള്‍ക്കേണ്ട സംഗതിയാണ്. ഒരാള്‍ കേട്ടില്ല, മനസ്സിലായില്ല, ആക്കിപ്പറഞ്ഞു എന്നൊന്നും പിന്നീട് പറയാന്‍ ഇടവരരുത്.

പത്രങ്ങളും ടി.വിയും നോക്കാന്‍ വയ്യാതായിരിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും ഹുറൂബിന്റെ കാര്യേ കേള്‍ക്കാനുള്ളൂ.

ഇങ്ങനെ പോയാല്‍ നമ്മളെയൊക്കെ ഹുറൂബുകാര്‍ കൂട്ടം ചേര്‍ന്ന് വെട്ടിനുറുക്കി തിന്നാലും വലിയ അത്ഭുതമൊന്നും പറയാനുണ്ടാവില്യ. സാമൂഹിക സേവനം, രാഷ്ട്രീയ പ്രര്‍ത്തനം എന്നൊക്കെ പറഞ്ഞോണ്ടാണല്ലോ നമ്മുടെയൊക്കെ നില്‍പ്.

പ്രവാസികളുടെ ക്ഷേമാണല്ലോ എല്ലാരുടേയും ലക്ഷ്യം.

അക്കൂട്ടത്തില്‍ പത്രത്തിലൊരു ഫോട്ടോ, ടി.വിയിലൊരു ഡയലോഗ്, ഏറ്റവും കൂടിയാല്‍ എല്ലാരും കൂടിച്ചേര്‍ന്നുള്ള ഒരു ആദരവും പുരസ്‌കാര സമര്‍പ്പണവും. അതിലൊന്നും ആരെയും കുറ്റപ്പെടുത്താനൊന്നും പറ്റില്യ.

മത്സരമൊക്കെ വേണ്ടതുതന്നെ. സേവിക്കുന്നവര്‍ മത്സരിക്കുമ്പോള്‍ നേട്ടം സഹായം ആവശ്യമുള്ള പാവങ്ങള്‍ക്കു തന്നെ.

ലക്ഷങ്ങള്‍ ചെലവാക്കി തീര്‍ഥാടനത്തിനു വരുന്നവരെ സേവിക്കാനും സഹായിക്കാനും എന്തായിരുന്നു മത്സരം. ഹാജിമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതും തളര്‍ന്നുവീണ ഹാജിക്ക് കഞ്ഞി കൊടുക്കുന്നതും യഥാസമയം പത്രത്തിലും ടി.വിയിലുമെത്തിച്ച് നാലാളെ അറിയിക്കാനും കണ്ടു മത്സരം.

സേവിക്കാനൊരു ഹാജിയെ തേടി സേവകര്‍ മത്സരിച്ചപ്പോള്‍ പോലീസുകാരന്‍ ചോദിച്ചൂത്രെ- വഴി തെറ്റിയ ഒരാളെ ടെന്റിലെത്തിക്കാന്‍ എത്ര കാശാ വാങ്ങുന്നതെന്ന്. താന്‍ ഇന്നയാളാണെന്ന് പറഞ്ഞിട്ടും തളര്‍ന്നുവീണ ഹാജിയില്‍നിന്ന് പ്രതികരണമില്ലാതായപ്പോള്‍ നടന്നു തുടങ്ങിയ മല്‍ബുവിനോട് പോലീസുകാരന്‍ അങ്ങനെ ചോദിച്ചതില്‍ അത്ഭുതമൊന്നുമില്ല. മിസ്‌രി ഹാജിക്കെന്തിനു മല്‍ബു സേവനം? അയാള്‍ക്കെങ്ങനെ ബാഡ്ജ് തിരിയും?

കാടടച്ച് വെടിവെക്കരുത്. ഹാജി സേവനം പേരിനു വേണ്ടി ഉപയോഗിച്ചത് ആരാന്ന് വെച്ചാ തുറന്നങ്ങു പറയണം -മമ്മു കാലുവാരിക്ക് സഹിച്ചില്ല.

സേവക്കു പോകുന്നവര്‍ കുറച്ചു പബ്ലിസിറ്റി കൊതിക്കുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. ബാഡ്ജും കുത്തി അവിടെ സ്വന്തക്കാരെയും കാത്തിരിക്കയായിരുന്നില്ല. സേവനം ചെയ്യുക തന്നെയായിരുന്നു -ബാഗു പിടിത്തക്കാരന്‍ അന്ത്രുവിന്റെ തകര്‍പ്പന്‍ മറുപടി.

വിഴുപ്പലക്കണ്ടാട്ടോ. ഇത്ര നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി മത്സരിക്കാന്‍ തുടങ്ങിയാല്‍ എന്താകും പാവം പ്രവാസികളുടെ ഗതി?

മത്സരിക്കാന്‍ വേറെ എന്തൊക്കെ കിടക്കുന്നു. ഹുറൂബ് തന്നെയെടുക്കാം. ആയിരക്കണക്കിനാളുകളല്ലേ ഈ കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്.

എല്ലാരും കൂടി മത്സരിച്ചാല്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്താന്‍ കഴിയില്ലേ?

ഇതിലൊന്നും ചെയ്യാന്‍ കഴിയില്ലാട്ടോ. വരുമ്പോള്‍ സൂക്ഷിക്കണായിരുന്നു. അംബാസഡറുടെ നിലപാട് തന്നെയാ ശരി -ബൈജു പത്രാങ്കുരന്‍.

ഇങ്ങനെയൊരു ഗതിയിലകപ്പെടും എന്നു അറിഞ്ഞുകൊണ്ടല്ലല്ലോ പത്രാങ്കുരാ ഇങ്ങോട്ടാരും വരുന്നത്. വന്നു കുടുങ്ങിപ്പോകുവല്ലേ. പുറമെ ജോലിയെടുക്കുന്നതിനായി കഫീലിന് കൃത്യമായി കാശ് കൊടുക്കുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ഹുറൂബാകുവാണല്ലോ. പണിക്കാരന്‍ ഓടിപ്പോയീന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്‌പോണ്‍സര്‍ക്ക് പുതിയ വിസക്ക് വഴി തുറക്കുന്നു.

പ്രവാസികളെ പൂര്‍ണാവകാശമുള്ളവരാക്കിയെന്നും പറഞ്ഞ് മന്ത്രിമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വിശ്രമിക്കുകയാണല്ലോ? അവര്‍ക്ക് പണവും പിന്തുണയും തേടുന്നവര്‍ ഇവിടെയുണ്ടല്ലോ? എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തുന്നില്ല -ഹരി പിളര്‍പ്പന്‍ ഗംഭീര പ്രസംഗം തുടങ്ങി.

പ്രവാസികള്‍ക്ക് വോട്ടവകാശം നേടിക്കൊടുത്തത് വലിയ കാര്യം തന്നെയാണ്. അതിനെ പരിഹസിക്കരുത് -അയമു പച്ചച്ചെങ്കൊടി ചാടി വീണു.

അതിന്റെ ക്രെഡിറ്റ് രവി സാറിനാ. വേറെ ആരും പങ്കുപറ്റേണ്ട -ഉദയന്‍ ഇടപെടല്‍ നിരുത്സാഹപ്പെടുത്തി.

ഇതിപ്പോ തര്‍ക്കം നീണ്ടു പോകാനേ തരമുള്ളൂ.

പരിഹാരത്തിന് എന്തേലും നടക്കണമെങ്കില്‍ രവീനേം അഹമ്മദിനേം ഇങ്ങോട്ടു കൊണ്ടുവന്ന് ഒന്നു ഹുറൂബ് ആക്കണം.

അതിനെന്താ ഒരു വഴി? അപ്പോഴേ അവര്‍ക്ക് ബോധ്യാകൂ. ഹുറൂബ് കെണിയില്‍ കുടുങ്ങി മൂന്നും നാലും വര്‍ഷമായി നാട്ടില്‍ പോകാനാവതെ ഇവിടെ കഴിയുന്നവരുടെ കണ്ണീരും സങ്കടവും ചവച്ചിറക്കി മല്‍ബു ഐഡിയ വെച്ചങ്ങു കാച്ചി.

എടോ, മന്ത്രിമാരെ ഹുറൂബാക്കുക പ്രായോഗികമല്ല -മമ്മു കാലുവാരി യാഥാര്‍ഥ്യം പറഞ്ഞു.

തല്‍ക്കാലം ഇങ്ങനെ ചെയ്യാം. ഹുറൂബ് അനന്തമായി നീണ്ടുപോയാല്‍ കാത്തുകാത്തിരുന്ന് നേടിത്തന്ന വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ ബാക്കിയുണ്ടാവില്ലെന്നും ഇനിയും ഉറക്കം നടിക്കുകയാണെങ്കില്‍ രണ്ടുപേരേം ഹുറൂബാക്കുമെന്നും മൊത്തം പ്രവാസികളുടെ ഒപ്പു ശേഖരിച്ചുകൊണ്ട് ഒരു ഭീമ ഹരജി നല്‍കാം -കാലുവാരി വിശദീകരിച്ചു.

അഹമ്മദ് എന്താക്കാനാ...ഹുറൂബുകാരെ കൊണ്ടുപോകാന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുകയോ? ആദ്യം വകുപ്പ് മാറ്റിക്കൊടുക്ക് എന്നിട്ടു കാണാം -

അയമുവിന്റെ പച്ച ശരിക്കും ചെങ്കൊടിയായി.



12/5/10

തിരോധാനം



തീര്‍ന്നോ? ഇനി വല്ലതും ചോദിക്കാനുണ്ടോ?
രാവിലെ തന്നെ കയറി വരും ഓരോ ശല്യം. ഞാനിവിടെ ഇതും തുറന്നിരിക്കുന്നത് കസ്റ്റമേഴ്‌സിനു വേണ്ടിയാ. അല്ലാതെ നിങ്ങളെ പോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനല്ല.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു വന്ന് ഇങ്ങനെ ശല്യം ചെയ്താല്‍ എന്തായിരിക്കും സ്ഥിതി?
അതിനു ഞാന്‍ നിങ്ങളോട് ആകെ രണ്ട് മൂന്ന് കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ മാഷേ. മറ്റെന്തു ബന്ധമില്ലെങ്കിലും ഞാനും ഒരു മല്‍ബുവല്ലേ. ആ ഒരു പരിഗണന തന്നുകൂടേ?
തണുക്കുന്ന മട്ടില്ല.
നിങ്ങളെന്താ പോലീസുകാരനോ? അതോ പത്രക്കാരനോ? ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍.
നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് നിങ്ങളോടല്ലാതെ പിന്നെ വേറെ ആരോടാ ചോദിക്കേണ്ടത്?
സംയമനം വിട്ടില്ലെങ്കിലും മല്‍ബു ഇത്തിരി കടുപ്പത്തിലാക്കി ചോദ്യം. ഉഷ്ണം ഉഷ്‌ണേന ശാന്തി.
കസ്റ്റമേഴ്‌സ് ഒന്നും ഇല്ലാത്തതിനാല്‍ ശബ്ദം കനപ്പിച്ചു തന്നെ.
ബഖാല മുതലാളിയെ കുറിച്ച് മുമ്പൊരിക്കല്‍ കൂട്ടുകാരന്‍ ചെറിയൊരു വിവരണം നല്‍കിയിരുന്നതിനാല്‍ ഇത്തിരി ഭയമുണ്ടായിരുന്നു. ആ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. ഒരു വലിയ ഭരണി തന്റെ നേരെ ഏതു സമയവും വരാനുള്ള സാധ്യത മുന്നില്‍ കാണുന്നു. തല വെട്ടിച്ച് അതില്‍നിന്ന് രക്ഷപ്പെടാനുള്ള പാകത്തിലാണ് നിലകൊണ്ടത്. ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടുന്ന സാധനം എന്തായാലും ദേഹത്തേക്ക് വലിച്ചെറിയുക എന്നതാണ് ഈ ആജാനബാഹുവിന്റെ ശീലം.
ഒരിക്കലും പല്ല് പുറത്തു കാണിക്കാത്തയാള്‍ എന്നാണ് മുതലാളിയെ കുറിച്ച് കൂട്ടുകാരന്‍ പറയാറുള്ളത്. ആദ്യമായാണ് മല്‍ബു നേരില്‍ കാണുന്നത്. ഇയാള്‍ പല്ല് പുറത്തു കാണിക്കാത്തതു തന്നെ നല്ലതെന്നാണ് രൂപഭാവങ്ങള്‍ വെച്ചുള്ള മല്‍ബുവിന്റെ വിലയിരുത്തല്‍.
വീട്ടില്‍നിന്ന് കുടിച്ച ചായ ശരിയായില്ലെങ്കില്‍പോലും അതു മുഖത്തും പിന്നെ തന്റെ നേര്‍ക്കും കാണിക്കുമെന്ന് കൂട്ടുകാരന്‍ പറഞ്ഞിട്ടുണ്ട്.
മുഖം കണ്ടാലറിയാം. ഇന്നും ഇയാളുടെ ചായ കുടി ശരിയായിട്ടില്ലെന്ന്. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന ചൊല്ല് മാറ്റി അമ്മയോട് തോറ്റതിന് അങ്ങാടിയില്‍ എന്നാക്കിയത് ഇയാള്‍ക്കുവേണ്ടിയാണെന്നു പറയാം.
ഒരു കസ്റ്റമറിനു സിഗരറ്റ് നല്‍കിയ ശേഷം നിങ്ങളെന്താ പോകാന്‍ ഭാവമില്ലേ എന്ന നിലയില്‍ മല്‍ബുവിനു നേരെയായി നോട്ടം.
നിങ്ങളുടെ കടയില്‍ ജോലി ചെയ്തിരുന്നയാളെ കുറിച്ച് ഞാന്‍ പിന്നെ എവിടെ ചെന്നു ചോദിക്കണം? മല്‍ബു ചോദ്യം ആവര്‍ത്തിച്ചു.
ആരു പറഞ്ഞു, അവന്‍ എന്റെ ജോലിക്കാരനാണെന്ന്. ഇഖാമ പോലുമില്ലാത്ത അവന്‍ എന്റെ ജോലിക്കാരനോ? നാണമില്ലേ വിഡ്ഢിത്തം വിളമ്പാന്‍?
അതല്ല, കാക്കാ അവന്‍ ഇവിടെയല്ലേ രണ്ടു ദിവസം മുമ്പു വരെ ജോലിക്ക് നിന്നിരുന്നത്. ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. അവന്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഇതാ നോക്കിയേ, ഫോണ്‍ ആണെങ്കില്‍ സ്വിച്ച്ഡ് ഓഫ്. നിങ്ങള്‍ തന്നെയാണ് വിവരം തരേണ്ടത്. അവന്‍ എവിടെ പോയി? അവന്റെ വീട്ടില്‍നിന്നും രാവിലെ മുതല്‍ വിളിയോട് വിളിയാണ്. അവനെ നിങ്ങള്‍ എന്തു ചെയ്തു?
ഞാന്‍ അവനെ പുഴുങ്ങി തിന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതു ചെയ്‌തോളൂ.
നിങ്ങള്‍ ആ കുടുംബത്തിന്റെ കാര്യം ഒന്നോര്‍ക്കണം. മല്‍ബുവിന്റെ തിരോധാനമെന്നു പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത കൂടി വന്നാല്‍ നിങ്ങളായിരിക്കും ആദ്യം കുടുങ്ങുക. വെറുതെ കുഴപ്പത്തിനു നില്‍ക്കേണ്ട. അവന്‍ എവിടെ പോയി? ജവാസാത്ത് പിടിച്ചോ? എന്താണ് സംഭവിച്ചത്? അവന്റെ ഫോണിനെന്തു പറ്റി?
അവനൊന്നും പറ്റിയിട്ടൊന്നുമില്ല. ഫോണ്‍ ഇതാ ഇവിടെ കിടക്കുന്നു. പിന്നെ അവന്‍ എങ്ങനെ എടുക്കും. ഞാന്‍ ഓഫാക്കി വെച്ചിരിക്കാ.
ഇഷ്ടന്‍ ഒരാഴ്ച റസ്‌റ്റെടുക്കാന്‍ പോയതാ. വലിവിന്റെ അസുഖം ഇത്തിരി കൂടി. ഒരാഴ്ച മുമ്പ് അതു കലശലായപ്പോള്‍ ഞാന്‍ തന്നെയാണ് വിശ്രമം നിര്‍ദേശിച്ചത്. കുറച്ചു നാള്‍ മുമ്പെ ചെറിയ തോതിലുണ്ടായിരുന്നു. ആരും അതത്ര കാര്യമാക്കിയില്ല. വലിവ് കൂടാന്‍ ദാ ഈ ഫോണും കാരണമാണ്.
ഓണ്‍ ചെയ്്താ അപ്പോള്‍ കിളിനാദം കേള്‍ക്കാം. പിന്നെ മെസേജ് വരും റീചാര്‍ജിനുള്ള റിക്വസ്റ്റ്.
ആശുപത്രയിലൊന്നും കാണിച്ചില്ലേ. ഇപ്പോള്‍ കക്ഷി എവിടെയുണ്ട്?
ഏതോ ചങ്ങാതീടെ മുറിയില്‍ കാണും. ഇവിടെ നിന്നിറങ്ങിയിട്ട് മൂന്ന് ദിവസമായി. അയമൂന്റെ റൂമില്‍ ഒന്നു പോയി നോക്കൂ. അവനാണല്ലോ അടുത്ത ചങ്ങാതി. റീ ചാര്‍ജിനായി കിളിനാദങ്ങള്‍ കാത്തിരിപ്പുണ്ടെന്നും ഈ വഴി കണ്ടു പോകരുതെന്നും പ്രത്യേകം പറഞ്ഞേക്കണം.
ചിരിക്കാത്ത മുഖം പറഞ്ഞതു പോലെ തന്നെ മല്‍ബു അയമൂന്റെ മുറയിലുണ്ട്. മുഖത്ത് ഇത്തിരി നിരാശയുണ്ടെന്നല്ലാതെ വലിവിന്റെ ലക്ഷണമൊന്നും കാണാനില്ല.
വലിവിന്റെ അസുഖമെന്നു പറഞ്ഞ് കടയില്‍ പോകാതെ സുഖിച്ചു കഴിയാ അല്ലേ?
വലിവിന്റെ അസുഖമോ ആര്‍ക്ക്? ആരാ പറഞ്ഞത്?
ചിരിക്കാത്ത മുഖം തന്നെ, നിന്റെ മുതലാളി.
ങാ, അയാള്‍ അങ്ങനെ പറഞ്ഞോ? അയാളുടെ ഒരു റിയാല്‍ പോലും ഞാന്‍ വലിച്ചിട്ടില്ല. കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയതാ ഞാന്‍ മേശയില്‍നിന്ന് റിയാല്‍ വലിക്കുന്നുണ്ടെന്ന്. ഇനിയിപ്പോ ഒറ്റക്ക്‌നിന്നു നോക്കട്ടെ, കച്ചവടം കൂടൂമോന്ന് അറിയാലോ?
ആ വലിവല്ല ഈ വലിവെന്ന് അപ്പോഴാണ് മല്‍ബൂന് പിടി കിട്ടിയത്.

11/28/10

മിസ്‌രിപ്പെട്ടിയുടെ രഹസ്യം




കാറും പത്രാസും ഒക്കെ ഉണ്ടായിട്ടെന്താ?
തേപ്പു പെട്ടി മിസ്‌രിയില്‍നിന്ന് കടം വാങ്ങണം.
പ്രവാസിയുടെ വോട്ടവകാശം കയ്യാലപ്പുറത്തുനിന്ന് താഴെ എത്തിയ വാര്‍ത്തവായിച്ചുകൊണ്ടിരിക്കേ മല്‍ബിയുടെ കമന്റ്.
ആരുടെ കാര്യമാ ഇത്?
അപ്പുറത്തെ മല്‍ബുവിന്റേതു തന്നെ. പിന്നെ ആരാ ഇങ്ങനൊക്കെ ചെയ്യുക. കാര്‍വാങ്ങിയ അവര്‍ക്കൊരു തേപ്പുപെട്ടി വാങ്ങിക്കൂടേ?
മിസ്‌രിത്തട്ടം പോലെ മിസ്‌രിപ്പെട്ടിക്കു വല്ല പ്രത്യേകതയും കാണും. നീയങ്ങുനാട്ടിലായിരുന്നപ്പോള്‍ മിസ്‌രിത്തട്ടത്തിനു വേണ്ടി എന്ന വട്ടം കറക്കിയത്ഓര്‍മയുണ്ടോ? മിസ്‌രിപ്പെട്ടി കൊണ്ടു തേച്ചാല്‍ കഞ്ഞി മുക്കിയതു പോലെഇരിക്കുമായിരിക്കും. അല്ലാതെ അവര്‍ക്കൊരു അയേണ്‍ ബോക്‌സ്ഇല്ലാതിരിക്കുമോ? വാങ്ങിയാലെന്ത്? വാങ്ങിയില്ലെങ്കിലെന്ത്? തനിക്കിത് വേറെപണിയൊന്നുമില്ലേ? രാവിലെ തന്നെ കണ്ടുപിടിച്ചിരിക്കുന്നു, അയല്‍വാസിയുടെകുറ്റം. അതും ഒരു മല്‍ബിയുടെ.
വേറെ വേല ഒന്നുമില്ലെങ്കില്‍ ഇതാ വായിച്ചു നോക്ക്.
നമ്മളും വോട്ടര്‍മാരായി. ഇനിയിപ്പോ നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നു വിട്ടുനിന്നാലും ഇനി പട്ടികയില്‍നിന്ന്പുറത്താവില്ല.
പട്ടികയില്‍ ഉണ്ടായിട്ടെന്താ? വോട്ട് ചെയ്യാനും ഭാഗ്യം വേണ്ടേ. അതൊക്കെമാന്യന്മാരു ചെയ്‌തോളും -മല്‍ബിയുടെ പ്രതികരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ അയമുവിന്റെഅവസ്ഥയായിരിക്കും നമുക്ക്.
വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ പ്രവാസിയായ കൂട്ടുകരാനായതിനാല്‍ ഒരു കൈസഹായിക്കാന്‍ അവധിക്കാലം വോട്ടെടുപ്പ് തീയതിയോട് അടുപ്പിച്ചുകൊണ്ടാണ്അയമു നാട്ടിലേക്ക് പറന്നത്. ചില വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മേത്തരംപെര്‍ഫ്യൂം കൊണ്ടുപോകുകയും ചെയ്തിരുന്നു. ചെക്കന്മാരുടെ വോട്ടുറപ്പിക്കാന്‍പച്ചനോട്ടിനേക്കാള്‍ നല്ലത് പെര്‍ഫ്യൂമാണെന്ന് നിര്‍ദേശിച്ചത് സ്ഥാനാര്‍ഥിതന്നെയായിരുന്നു. മുന്‍ പ്രവാസിയായതിനാല്‍ വോട്ടു പിടിത്തം സുഗന്ധപൂരിതംതന്നെയാകണം.
അവിടെയെത്തി നോക്കിയപ്പോള്‍, ഒരേ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍അയമുവിന് വോട്ടുണ്ട്. വീട്ടുപേരില്‍ ഇത്തിരി അക്ഷരത്തെറ്റുണ്ടെങ്കിലും.
അക്ഷരത്തെറ്റ്
മല്‍ബുവിന് ഒരു പ്രശ്‌നമാണോ? ഇവിടെ ഇഖാമയില്‍അയമുവിന്റെ വീട്ടുപേര് ചേര്‍ത്തിരിക്കുന്നത് ഉച്ചത്തില്‍ വായിച്ചാല്‍കുടുങ്ങിയതു തന്നെ. ഒന്നു രണ്ട് സ്ഥലത്ത് പേര് വിളിക്കാന്‍ ഇട വന്നപ്പോള്‍ശരിക്കും ചൂളിപ്പോയിട്ടുണ്ട് അയമു. അയമുവിന്റേതു മാത്രമല്ല, ഒട്ടുമിക്കമല്‍ബുകളും സ്വന്തം പേരുകള്‍ക്കും വീട്ടുപേരുകള്‍ക്കും വന്ന ദുര്‍ഗതിയോര്‍ത്ത്അസ്തിത്വ ദുഃഖം പേറുന്നവരാണ്.
അയമു രാവിലെ തന്നെ ഏറ്റവും മുന്തിയ പേര്‍ഫ്യൂമൊക്കെ പൂശി വോട്ട് ചെയ്യാന്‍ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് തൊട്ടു മുമ്പ് അത് ചെയ്തു പോയിരിക്കുന്നു. നിങ്ങള്‍ തന്നെയാണല്ലോ ഇവിടെ വന്ന് വോട്ട് ചെയ്തു പോയതെന്ന ചോദ്യംകൂടിയായപ്പോള്‍ ബോധം കെട്ട് വീഴാനൊരുങ്ങിയ അയമുവിനെ ഇനിയും രണ്ട്വാര്‍ഡുകള്‍ ഉണ്ടല്ലോ എന്നു പറഞ്ഞ് ആരൊക്കെയോആശ്വസിപ്പിക്കുകയായിരുന്നു. പക്ഷേ ആശ്വാസവും പ്രതീക്ഷയും രണ്ടുവാര്‍ഡുകളില്‍ എത്തുന്നതു വരെയോ ഉണ്ടായിരുന്നുള്ളൂ. രണ്ടിടത്തുംസമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ടിരിക്കുന്നു.
അയമുനേക്കാളും കെട്ട അവസ്ഥയല്ലേ ഇത്. തേപ്പുപെട്ടി കടം വാങ്ങുക
-മല്‍ബി വിഷയം വിടുന്നില്ല.
ചിലര്‍ അങ്ങനെയാണല്ലോ. ഉപദ്രവമേല്‍പിക്കാന്‍ ഒരു വിധേനയുംസാധ്യമാകുന്നില്ലെങ്കില്‍ നാവു കൊണ്ടെങ്കിലും അതു നിര്‍വഹിക്കും. ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇത്തിരി പബ്ലിസിറ്റി.
ടെലിഫോണ്‍ ചെലവു പോലുമില്ല. ഗൂഗിള്‍ ടോക്കില്ലാത്ത മല്‍ബികള്‍ഇല്ലാത്തതിനാല്‍ പബ്ലിസിറ്റിക്കൊട്ടും കുറവുണ്ടായില്ല.
മിസ്‌രിപ്പെട്ടി വാര്‍ത്തയാവാന്‍ അധികനേരം വേണ്ടിവന്നില്ല. സംഭവംകഥാനായികയായ മല്‍ബിയുടെ ചെവയിലുമെത്തി.
ഒടുവില്‍ മല്‍ബിക്ക് മിസ്‌രിപ്പെട്ടിയുടെ രഹസ്യം വെളിപ്പെടുത്തേണ്ടി വന്നു. സങ്കീര്‍ണതയൊന്നുമില്ലായിരുന്നു. തേപ്പുപെട്ടി വര്‍ഷങ്ങളായി മല്‍ബിയുടെകരസ്പര്‍ശമേറ്റു തേഞ്ഞതായിരുന്നു. ഒരിക്കല്‍ പോലും അതില്‍ മല്‍ബുവിന്റെകരം പതിഞ്ഞിട്ടില്ല.
മിസ്‌രി കുടുംബം ആഴ്ചയില്‍ രണ്ടു തവണ അതു കൊണ്ടുപോകും. പക്ഷേ, തേച്ചുകഴിഞ്ഞ ഉടന്‍ എത്തിക്കാമെന്ന വാഗ്ദാനം ഒരിക്കലും പാലിക്കാറില്ല. മല്‍ബിക്ക് ആവശ്യം വരുമ്പോള്‍ അവിടെ പോയി ഡോറിനു മുട്ടിവാങ്ങിക്കൊണ്ടു വരാതിരിക്കാന്‍ പറ്റില്ലല്ലോ? മല്‍ബു ഉണ്ടക്കണ്ണു കൊണ്ട്തുറിച്ചുനോക്കും മുമ്പ് പാന്റ്‌സും ഷര്‍ട്ടും തേച്ചു വെച്ചില്ലെങ്കില്‍ പിന്നെ പറയണ്ട.


11/21/10

ഹാരിസ് ഏലിയാസ് കള്ളന്‍ എസ്‌കേപ്ഡ്




സംഗതി മോഷണമാണ്.
കാര്‍ഗില്‍ ഫ്‌ളാറ്റ്, ബൊഫോഴ്‌സ്, ലാവ്‌ലിന്‍, സ്‌പെക്ട്രം തുടങ്ങി വലിയ വലിയ കുംഭകോണമൊന്നുമല്ല. അതൊക്കെ വലിയ വലിയ ആളുകളുടെ ചെറിയ ചെറിയ മോഷണങ്ങള്‍.
ഇനിയിപ്പോള്‍ സാധാരണ മോഷണമാണെങ്കില്‍പോലും പറയാതിരിക്കുന്നതില്‍ കാര്യമൊന്നുമില്ല. പറയണം.
നമ്മെ നേരിട്ടു ബാധിക്കുന്നതാണല്ലോ നമ്മെ സംബന്ധിച്ചിടത്തോളം ശരിക്കും മോഷണം.
സ്‌പെക്ട്രം കുംഭകോണത്തില്‍ ഖജനാവിന് രണ്ട് ലക്ഷത്തോളം കോടി പോയാല്‍ നമുക്കെന്ത്?
അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടാം.
ഇവിടെ പലതുകൊണ്ടും വ്യത്യസ്തമായൊരു മോഷണമാണ്.
മോഷണത്തോടെ തീര്‍ന്നതുമില്ല പുകില്‍. മല്‍ബുവിന്റെ വര്‍ഗ ബോധവും സാഹോദര്യവും ചോദ്യംചെയ്യപ്പെട്ട സംഭവമായി മാറി അത്. മാത്രമല്ല, കൂടിനിന്ന മല്‍ബുകളില്‍ അയല്‍ രാജ്യത്തോടുള്ളവിദ്വേഷം പോലും ആരോപിക്കപ്പെട്ടു.

എന്തെങ്കിലും മോഷ്ടിച്ചതിനാണ് പഴിയൊക്കെ കേട്ടതെങ്കില്‍ കൊള്ളാം.
അങ്ങനെയല്ല, അതിവിദഗ്ധനും പരിചയ സമ്പന്നനുമായ ഒരു കള്ളനെ അതിനേക്കാള്‍ മികച്ചവൈദഗ്ധ്യം ഉപയോഗിച്ച് പിടികൂടിയ സംഭവത്തിലാണ് മല്‍ബുകള്‍ പഴി കേട്ടത്.
പോയതു പോട്ടെ, ഇനി സൂക്ഷിക്കാം. കേസും പുലിവാലുമൊന്നും വേണ്ട എന്നതാണ് സാധാരണ മല്‍ബുരീതി. ഇഖാമ അടിച്ചുമാറ്റുന്നുവെങ്കില്‍ അതു മല്‍ബുവിനെ നോക്കി വേണമെന്ന ചൊല്ല് ഇഖാമ പോക്കറ്റടിസ്‌പെഷലിസ്റ്റുകളുടെയിടയില്‍ പ്രചരിക്കാന്‍ തന്നെ കാരണം ഇതാണ്.

ബസില്‍ പോകുന്ന മല്‍ബു എവിടെയൊക്കെ ഇഖാമ സുരക്ഷിതമായി വെക്കുമെന്നുപോലുംഅവര്‍ക്കറിയാം.
മല്‍ബു കള്ളനെ പിടിച്ചുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നുവെന്ന് വേണമെങ്കില്‍ പറയാം. സ്വാഭാവികമായും മോഷ്ടാവായിരുന്നില്ല ശ്രദ്ധാകേന്ദ്രം. കള്ളനെ പിടിച്ച മല്‍ബുവായിരുന്നു. കള്ളന്റെവരവും പോക്കും പതിവാണെങ്കിലും പിടിയിലാകുന്നത് അപൂര്‍വമാണല്ലോ? അതില്‍ ചെറുകളവ്, പെരുങ്കളവ് എന്ന വ്യത്യാസമൊന്നുമില്ല.
ആരായാലും പ്രകീര്‍ത്തിച്ചുപോകും. മല്‍ബുവിന് പ്രശംസ തികച്ചും അര്‍ഹമാണു താനും. കാരണങ്ങള്‍പലതുണ്ട്.
ഫ്‌ളാറ്റില്‍നിന്ന് ചില്ലറ സാധനങ്ങള്‍ നഷ്ടമായ മോഷണം വിധിയെ പഴിച്ചു മറന്നുകളയേണ്ട ഒന്നല്ലഎന്നു തോന്നിയതുതന്നെയാണ് ഒന്നാമത്തേത്.
ആരായിരിക്കും കള്ളന്‍ എന്നു ചിന്തിച്ചു, കള്ളനെ കുടുക്കാന്‍ കെണിയൊരുക്കി കാത്തിരുന്നു തുടങ്ങിയവമറ്റു കാരണങ്ങള്‍.
പിടികൂടാന്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് വാതില്‍ തുറന്ന് കയറിയ കള്ളന്‍ മറ്റാരുമായിരുന്നില്ല. സ്ഥിരമായി കാണുന്നവനും മാസാമാസം വണ്ടി കഴുകിയ വകയില്‍ പണം കൈപ്പറ്റുന്നവനുമായ ഹാരിസ്അഥവാ വാച്ച്മാന്‍.
കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്‍പിക്കുന്നതു പോലെ ഫ്‌ളാറ്റിന്റെ താക്കാല്‍ കാവല്‍ക്കാരനെഏല്‍പിച്ചതായിരുന്നില്ല. തുറന്നു കയറാന്‍ പിന്നെ കീ എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തില്‍ രണ്ട്ഗുണപാഠങ്ങളുണ്ട്. ഒന്ന്, വണ്ടി കഴുകാന്‍ ഒരിക്കലും വാച്ച്മാനെ ഏല്‍പിക്കരുത്. രണ്ട്, ഏല്‍പിച്ചാലുംഒരിക്കലും സ്വന്തം മുറിയുടെ കീ വണ്ടിക്കകത്ത് കളഞ്ഞുപോകരുത്.
കള്ളനെ പിടിച്ച സ്ഥിതിക്ക് ഇനി പോലീസില്‍ ഏല്‍പിക്കുകയാണല്ലോ വേണ്ടത്. പോലീസ്വരുന്നതുവരെ കള്ളനെ മുറയിലിട്ട് പൂട്ടണം. അതുതന്നെയാണ് ചെയ്തത്.
പോലീസിനായുള്ള കാത്തിരിപ്പിലാണ് കള്ളന്റെയാളുകളുടെ വരവ്. കട്ടതൊക്കെ തരാം, കള്ളനെതുറന്നുവിടൂ, എന്തായാലും നമ്മളൊക്കെ ഒരു ജാതിക്കാരല്ലേ, ഇത്തിരി മനുഷ്യത്വം വേണ്ടേ. ചോദ്യങ്ങള്‍അവസാനിച്ചില്ല.
കള്ളന്മാരുടെ ജാതിയോ എന്നു കൂട്ടത്തിലൊരു മല്‍ബു തിരിച്ചു ചോദിച്ചുവെങ്കിലും കൂടിനിന്നവരുടെസമുദായ മനസ്സ് ഇളക്കുകയായിരുന്നു ലക്ഷ്യം. കള്ളനായാലും സമുദായക്കരനാണെങ്കില്‍സംരക്ഷിക്കണമെന്നാണല്ലോ വെപ്പ്. അതു നടക്കാതായപ്പോള്‍ മല്‍ബുകള്‍ അയല്‍ക്കാരെദ്രോഹിക്കുന്നുവെന്നായി. വെറുമൊരു കള്ളനായ പച്ചയെ പോലീസിനു പിടിച്ചുകൊടുക്കാന്‍ ഹിന്ദികള്‍ഇറങ്ങിയെന്ന് പച്ചമലയാളം. ആദ്യത്തെ പച്ച പാക്കിസ്ഥാനിക്ക് മല്‍ബു നല്‍കിയ വിളിപ്പേര്. രണ്ടാമത്തെ പച്ച മല്‍ബുവിനും സ്വന്തം. ഈച്ചകളും പച്ചകളുമുള്ള നാടെന്നാണ് പണ്ടു പറയുക. ഇപ്പോള്‍ഈച്ചയില്ലാത്തതു കൊണ്ടും പച്ചകളോടൊപ്പം മറ്റുള്ളവരും ഉള്ളതുകൊണ്ടും പറയുന്നില്ല.
മല്‍ബു ഇറങ്ങിയാല്‍ ഇറങ്ങിയതാണെന്ന് കാണിച്ചു കൊടുക്കാന്‍ പോലീസിനായുള്ള കാത്തിരിപ്പ് തുടര്‍ന്നു.
പക്ഷേ എന്തു ചെയ്യാം. കഥാന്ത്യത്തില്‍ മല്‍ബു തോറ്റുപോയി. പൂട്ടിയിട്ട മുറിയില്‍നിന്ന് കള്ളന്‍സ്റ്റീമായിപ്പോയി. താഴെ ഇന്ത്യ-പാക് ചര്‍ച്ച പൊടിപൊടുക്കുന്നതിനിടെ രണ്ടാം നിലയില്‍നിന്ന് സൂപ്പര്‍മാനെ പോലെ കള്ളന്‍ തൂങ്ങിയിറങ്ങി രക്ഷപ്പെട്ടു.
കളഞ്ഞുപോയ താക്കോല്‍ കിട്ടിയതു ഭാഗ്യം. മുറി തുറന്നു കയറാന്‍ മറ്റൊരു കള്ളന്‍ വരില്ലല്ലോ?


11/14/10

മാമനൊബാമ




ഓ ഒബാമ, താങ്കള്‍ മല്‍ബുവിനൊരു മാതൃക.
ഉം. എന്ത്? താനെന്താ പറഞ്ഞത്. തന്നോടു തന്നെയാ ചോദ്യം. ആരെ മാതൃകയാക്കൂന്നാ താന്‍ പറഞ്ഞത് ?
എന്താ മനസ്സിലായില്ലേ? ്യൂഞാന്‍ ഒബാമയെ മാതൃകയാക്കും.
എടോ വയസ്സ് കുറേ ആയില്ലേ? തനിക്കിനിയും ഒബാമയെ മനസ്സിലായില്ലെന്നോ. താന്‍ മന്ത്രി സുധാകരന്‍ എഴുതിയ കവിത പോലും കേട്ടില്ലേ? അതു കേട്ടിരുന്നെങ്കില്‍ ഈ വിഡ്ഢിത്തം എഴുന്നള്ളിക്കുമായിരുന്നില്ല. ഇറാഖിലും അഫ്ഗാനിലും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളേം സ്ത്രീകളേം കൊന്നൊടുക്കിയ നരാധമനാണ് താന്‍ മാതൃകയാക്കാന്‍ പോകുന്ന ഈ ഒബാമ.
ഓഹോ. അത്രേയുള്ളൂ. അക്കാര്യത്തില്‍ ഞാന്‍ മാതൃകയാക്കുന്നില്ല. ഒരാളെ എല്ലാ കാര്യത്തിലും മാതൃകയാക്കണം എന്നൊന്നും ഇല്ല. നമുക്ക് ഇഷ്ടമുള്ള കാര്യത്തില്‍ മാതൃകയാക്കിയാ മതി. ഇനി തന്നോടു ചോദിക്കട്ടെ. ഈ ഒബാമ മാതൃകയാക്കുന്നത് ആരെയാന്നറിയോ? സാക്ഷാല്‍ നമ്മുടെ ഗാന്ധിയാ അങ്ങേരുടെ മാതൃക. താന്‍ എന്നെ കളിയാക്കാന്‍ വന്നല്ലോ? തനിക്കുമുണ്ട് ഒബാമയില്‍ മാതൃക.
എനിക്കു വേണ്ട. ആ മാതൃക.
നിക്കെടോ, തോക്കില്‍ കയറി വെടിവെക്കാതെ. മുഴുവന്‍ കേട്ടാല്‍ താനും മാതൃകയാക്കും ഒബാമയെ.
കേള്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. താന്‍ പറ.
ഒബാമയും മിഷേല്‍ ചേച്ചിയും ഹുമയൂണ്‍ കുടീരം കാണാന്‍ പോയല്ലോ. അതു കണ്ടിരുന്നോ താന്‍.
വായിച്ചിരുന്നു. അതിലെന്തു പുതുമ. മുമ്പ് ക്ലിന്റണ്‍ വന്നപ്പോഴും ജോര്‍ജ് ബുഷ് വന്നപ്പോഴും എവിടൊക്കെ പോയി.
എന്നെ പറയാന്‍ വിടില്ല. അല്ലേ. അതൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത്.
ശരി, എന്നാല്‍ പറഞ്ഞു തുലക്ക്.
ഹുമയൂണ്‍ കുടീരത്തില്‍ ചെന്നപ്പോള്‍ ഒബാമ കുറച്ചു കുട്ടികലെ കണ്ടിരുന്നു. അവിടത്തെ ജോലിക്കാരുടെ മക്കളെ. ആ കുട്ടികള്‍ ഇപ്പോള്‍ പറയുന്നതെന്താണെന്നോ? ഒബാമ അങ്കിള്‍ കം എഗൈന്‍. എങ്ങനെയാ ഒബാമ ഈ കുട്ടികളെ കൈയിലെടുത്തെന്നറിയാമോ? ആരോരുമറിയാതെ കൊണ്ടുവന്ന സമ്മാനപ്പൊതികളിലൂടെയാ ഒബാമ കുട്ടികളുടെ സ്വന്തം മാമനായത്.
ഓ തന്റെയൊരു കാര്യം ഇതാണോ ഇത്ര വലിയ മാതൃക. നാട്ടില്‍ പോകുമ്പോള്‍ താന്‍ കൊണ്ടുപോകാറില്ലെടോ സമ്മാനപ്പൊതികള്‍. എന്നിട്ടതു കുട്ടികള്‍ക്കു കൊടുക്കാറില്ലേ? എന്നിട്ട് കുട്ടികള്‍ പിന്നാലെ കൂടാറില്ലേ?
എടോ അതൊക്കെയുണ്ട്. സമ്മാനങ്ങള്‍ കൊടുക്കുന്നതിലല്ല, അവ കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലുമാണ് ഒബാമയുടെ മാതൃക. താന്‍ ഉടനെ നാട്ടില്‍ പോകുവാണല്ലോ. ഒന്നു പരീക്ഷിച്ചു നോക്ക്. എത്ര മരുമക്കളുണ്ട്.
അഞ്ച് സഹോദരിമാരിലായി പതിനഞ്ചെണ്ണം കാണും.
ഇത്രേയുള്ളൂ അല്ലേ. അപ്പോള്‍ സംഗതി എളുപ്പം. ഇവര്‍ക്കൊക്കെ താന്‍ എന്തെങ്കിലുമൊക്കെ കൊണ്ടുപോകുമല്ലോ അല്ലേ?
പിന്നെ, കൊണ്ടുപോകാതെ. ഇല്ലാതെ അങ്ങോട്ടു ചെല്ലാനൊക്കില്ല.
ഓരോ സഹോദരിയുടെ വീട്ടില്‍ ചെല്ലുമ്പോഴും സമ്മാനപ്പൊതികള്‍ രഹസ്യമാക്കി വെക്കണം. ഒന്നും കൊണ്ടുവന്നില്ലാ എന്ന് കുട്ടികള്‍ക്ക് തോന്നുംവിധമായിരിക്കണം പെരുമാറ്റം. മടങ്ങി വരാനാകുമ്പോള്‍ വളരെ നാടകീയമായി വേണം സമ്മാനങ്ങള്‍ പുറത്തെടുക്കാന്‍. പിന്നെ അവരുടെ മനസ്സില്‍നിന്ന് താന്‍ മായില്ല. ആ മാമനാണ് മാമന്‍ എന്നായിരിക്കും കുട്ടികള്‍ പറയുക.
ഇതാണോ ഇപ്പോള്‍ ഒരു ഒബാമ മാതൃക. ഇതിലും വലിയ കാര്യാ മാഷേ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു മല്‍ബൂനെ ഒബാമ കണ്ടതും ഹസ്തദാനം ചെയ്തതും.
ഒന്നൊന്നും ആയിരിക്കല്ല, കുറെ മല്‍ബൂനെ കണ്ടു കാണും. എടോ ഇത് അങ്ങനെയുള്ള കാണലല്ല, അങ്ങനെയുള്ള സാദാ മല്‍ബുവും അല്ല.
ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായിയെയാ കണ്ടത്.
പടം കണ്ടിരുന്നു.
അതെ, എന്തിനാ അദ്ദേഹത്തെ ഒബാമ കണ്ടത്.
സംശയമെന്താ, അമേരിക്കയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ ക്ഷണിക്കാനായിരിക്കും. അവിടെ ആളുകള്‍ക്ക് പണിയില്ലാതെ സ്വന്തം പാര്‍ട്ടി തോറ്റമ്പിയ ഞെട്ടലുമായാണല്ലോ വല്ലതും തടയുമോ എന്നു നോക്കാന്‍ ഒബാമ ഇന്ത്യയിലേക്ക് വന്നത്. മന്‍മോഹന്‍ സിംഗില്‍നിന്ന് കോടികള്‍ ഒപ്പിച്ചു.
അപ്പോള്‍ അമേരിക്കയില്‍ ഹൈപ്പര്‍ തുടങ്ങുമോ?
തുടങ്ങിയാല്‍ ഒബാമ രക്ഷപ്പെട്ടു. 5000 പേര്‍ക്ക് ജോലി ഉറപ്പ്.


11/7/10

റോള്‍സ് റോയ്‌സ് മഴു





കൊല്ല്്, കൊല്ല്്, എന്നെയങ്ങ് കൊല്ല്് എന്ന സ്ഥിതിയിലായിപ്പോയി മല്‍ബു.
വോട്ടിനുവേണ്ടി എസ്.എം.എസ്് അയച്ച് പുലിവാല് പിടിച്ച മല്‍ബുവല്ല. പത്തുപതിനഞ്ച് വര്‍ഷായിട്ടും ശമ്പള വര്‍ധനയില്ലെന്ന് പായ്യ്യാരം പറഞ്ഞ്കഴിച്ചുകൂട്ടുന്ന ഒരു സാദാ മല്‍ബു.
ദൈനംദിന ആവശ്യങ്ങളെ കുറിച്ചുള്ള ആവലാതികള്‍ക്കു പുറമെ, മോള്വലുതാകുവല്ലേ, പത്ത് പവന്‍ പോലും ഇതുവരെ ഒരുക്കൂട്ടാന്‍ ആയില്ലല്ലോഎന്നുള്ള മല്‍ബിയുടെ ടെലിഫോണ്‍ സങ്കടം കേട്ടുകേട്ടു തളര്‍ന്നിരിക്കുന്ന ഒരാള്‍.
ശരിയാണ്. വന്ന നാള്‍ മുതല്‍ മാസം ഒരു പവന്‍ വീതം വാങ്ങിവെച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരാകുമായിരുന്നു. അന്നൊക്കെ 200 റിയാലിനുലഭിച്ചിരുന്ന പവന്് ഇപ്പോള്‍ എന്താ വില. ആയിരത്തിനു മുകളില്‍. വിലയൊന്നുതാഴട്ടെ എന്നിട്ട് വേണം ഓരോ പവന്‍ വാങ്ങിവെക്കാനെന്നു ചിന്തിച്ചുതുടങ്ങിയിട്ട് വര്‍ഷം രണ്ടായി. വിലയുണ്ടോ താഴുന്നു? വാണം പോലെ കുതിച്ചുകയറുന്നു.
അങ്ങനെ ഗള്‍ഫിലുള്ള ഒരു എഴുപത്തഞ്ച് ശതമാനം മല്‍ബുകളെ പോലെസങ്കടക്കടലില്‍ കഴിയുന്നയാളാണ് നമ്മുടെ കഥാനായകന്‍. പ്രവാസിഭൂരിപക്ഷത്തിന്റെ ഒരു പ്രതിനിധിയെന്നു വേണമെങ്കില്‍ പറയാം.
തികഞ്ഞ ആശയക്കുഴപ്പത്തിലായിട്ട് ദിവസങ്ങളേ ആയുള്ളൂ. പിരിവുകാരെകൊണ്ട് രക്ഷയില്ലാതായിരിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പിരിവു തീര്‍ന്നില്ലേ എന്നു ചോദിക്കാന്‍ വരട്ടെ, രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മാത്രമല്ല യതീംഖാനകള്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക്സൗജന്യമായി ഡാന്‍സ് പഠിപ്പിക്കുന്നവര്‍ വരെയുണ്ട് വന്‍ തുക പ്രതീക്ഷിച്ചുകാത്തിരിക്കുന്നവരില്‍. നാട്ടില്‍ ഹൃദ്രോഗം ബാധിച്ച് ശസ്ത്രക്രിയ കാത്തുകഴിയുന്ന ഒരു മുന്‍ പ്രവാസിയുടെ ചികിത്സാ ചെലവ് മുഴുവന്‍ഏറ്റെടുക്കണമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയിരിക്കുന്ന അഭ്യര്‍ഥന.
അടുത്തയാഴ്ച പാര്‍ട്ടി നേതാവ് പ്രവാസികളെ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകംകാണാന്‍ വരുന്നുണ്ട് എന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. പൊതുപരിപാടികളൊന്നുമില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന കുറച്ചുപേരെകാണാന്‍വേണ്ടി മാത്രമാണ് നേതാവ് വരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതല്ലേ, പാര്‍ട്ടി വലിയ കടത്തിലാണ്. അതുകൊണ്ടു നമ്മള്‍പ്രവാസികള്‍ തന്നെ വേണം രക്ഷപ്പെടുത്താന്‍.
അതൊക്കെ വലിയ വലിയ ആളുകള്‍ കൊടുക്കില്ലേ എന്നു ചോദിച്ചത് പ്രവാസിനേതാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
പാര്‍ട്ടി ലേബലില്‍ നടന്നാല്‍ മതിയോ? കാര്യങ്ങളൊക്കെ അറിയേണ്ടേഎന്നായിരുന്നു മറുചോദ്യം. ചില പഞ്ചായത്തുകളൊക്കെ പിടിക്കാന്‍ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഒരിടത്ത് 50 വോട്ട് കിട്ടാന്‍ ഒരു ലക്ഷത്തിന്റെപുത്തനാ കൊടുത്തത്. നിങ്ങളെ പോലുള്ള ബിസിനസുകാരൊക്കെ അല്ലാതെആരാ പിന്നെ ഇതൊക്ക തരിക.
എനിക്കോ, ബിസിനസോ...? മല്‍ബു ഒന്ന് ഞെട്ടാതിരുന്നില്ല.
അതെ, നിങ്ങളുടെ ബിസിനസ് തന്നെ. നിങ്ങളുടെ പുരോഗതിയില്‍ ഏറെസന്തോഷിക്കുന്നവരാണ് ഞങ്ങളെല്ലാവരും.
ഞാന്‍ ബിസിനസുകാരനൊന്നുമല്ല ഭായീ. ഇവിടെ ഇങ്ങനെയങ്ങുകഴിഞ്ഞുപോകുന്ന ഒരു സാദാ തൊഴിലാളി. തുക്കടാ ഓഫീസിലെ സെക്രട്ടറി.
അതൊക്കെ നിങ്ങള്‍ വിനയം കൂടിയതുകൊണ്ടു പറയുന്നതല്ലേ എന്നുപറഞ്ഞുകൊണ്ടാണ് നേതാവ് ഫോണ്‍ വെച്ചത്. ഇവിടെ തൊഴില്‍ ചെയ്തുകൊണ്ടുതന്നെ അല്ലേ ഇക്കണ്ടയാളുകളൊക്കെ നാട്ടില്‍ ബിസിനസ് സാമ്രാജ്യംപടുത്തുയര്‍ത്തിയത്. ഗള്‍ഫില്‍ ഹൗസ് ഡ്രൈവറായിരുന്നയാളാ ഇപ്പോള്‍ നാട്ടില്‍റോള്‍സ് റോയ്‌സില്‍ വിലസുന്നത്.
എവിടെയോ എന്തോ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
താന്‍ വലിയ ബിസിനസുകാരനായിരിക്കുന്നു. അതിനായി അറിഞ്ഞോണ്ട് ഒന്നുംചെയ്തിട്ടില്ല- മല്‍ബു ഓര്‍ത്തുനോക്കി.
മരണത്തെ ഓര്‍ത്തു ജീവിക്കണം എന്ന ഒരു -മെയില്‍ 100 പേര്‍ക്കയച്ചാല്‍ വലിയഅനുഗ്രഹം ഉണ്ടാകും. അടിവെച്ചടിവെച്ചായിരിക്കും നേട്ടമെന്നുമുള്ള കല്‍പനഅനുസരിച്ചിരുന്നു. അതു ഫലിച്ചു തുടങ്ങിയോ പടച്ചോനെ.
പക്ഷേ, അതു യുക്തിക്ക് നിരക്കുന്നതല്ല. അടിവെച്ചടിവെച്ചുപുരോഗതിയുണ്ടാകാന്‍ എന്തെങ്കിലും ബിസിനസ് തുടങ്ങിയിട്ടുവേണ്ടേ. ബിസിനസ് പ്രമുഖന്‍ എന്ന നിലയിലാണ് എല്ലാ പിരിവുകാരും സമീപിക്കുന്നത്. ഇനി തന്റെ പേരില്‍ ആരെങ്കിലും ബിനാമി ബിസിനസുകള്‍ വല്ലതുംആരംഭിച്ചിട്ടുണ്ടാകുമോ? പറയാന്‍ കഴിയില്ല. അതിലപ്പുറവും നടക്കുന്നകാലമാണ്. കോടികളുടെ സ്വിസ് നിക്ഷേപമുള്ള ഒരാളെ പൂനെയില്‍വെച്ച്പിടികൂടിയ സംഭവമാണ് മല്‍ബുവിന് ഓര്‍മ വന്നത്.
അധികം പരുങ്ങേണ്ടിവന്നില്ല. വിവര സാങ്കേതിക വിദ്യക്ക് നന്ദി. പര്യവസാനമായി -മെയില്‍ എത്തി.
17 ലക്ഷം റിയാലിനു വാങ്ങിയ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഇന്‍ഷുറന്‍സ്തുക അന്വേഷിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് ഏജന്റിനെഴുതിയ -മെയിലിനുള്ളമറുപടി.
ഇവനായിരുന്നു കോടാലി.
മല്‍ബു ബിസിനസ് പ്രമുഖന്‍ റോള്‍സ് റോയ്‌സ് വാങ്ങിയെന്ന് തെറ്റിദ്ധരിച്ചഇന്‍ഷുറന്‍സ് എജന്റ് അതു രഹസ്യമാക്കി വെച്ചില്ല. -മെയിലിലൂടെപറപറത്തി. ഒരു മല്‍ബുവിന്റെ വളര്‍ച്ചയില്‍ ആരാ സന്തോഷിക്കാതിരിക്കാ.
മല്‍ബൂനെ പറഞ്ഞാല്‍ മതിയല്ലോ. ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയാണ്കാര്‍ വാങ്ങിയതെന്ന് മാത്രം -മെയിലില്‍ ചേര്‍ത്തിരുന്നില്ല. റോള്‍സ് റോയ്‌സ്കോടാലി വന്നു കാലില്‍ വീണാല്‍ പോലും അറിയാത്ത ഒരു മറവി.





10/31/10

ചൊറഞ്ഞ ഒരു എസ്.എം.എസ്




തെരഞ്ഞെടുപ്പെന്നാല്‍ മല്‍ബുവിന് ഓണവും വിഷുവും പെരുന്നാളും പോലെ തന്നെ. വിജയാഹ്ലാദത്തിന്ലഡുവിനൊപ്പം വര്‍ണപ്പായസം ഒഴിച്ചുകൂടാനാവാത്തതും.
വോട്ടെടുപ്പും ഫലവും കാത്തിരിക്കയായിരുന്നു ഒരു മല്‍ബുക്കഥ പറയാന്‍. അനുകരണം മല്‍ബുകളുടെപൊതു സ്വഭാവമായതിനാല്‍ അതൊഴിവക്കാനുള്ള ജാഗ്രത.
ആര്‍ക്കും അനുകരിക്കാന്‍ പെട്ടെന്ന് തോന്നില്ലെങ്കിലും അത്യാവേശത്തിന് ആരെങ്കിലുംഅനുകരിച്ചെങ്കിലോ എന്ന സംശയം ന്യായമാണല്ലോ?
ഇലക്ഷന്‍ നാട്ടിലാണെങ്കിലും അതു ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുത്തിയവരാണ് മല്‍ബുകള്‍. ആവേശംവകതിരിവ് നഷ്ടപ്പെടുത്തുമോ എന്നുകൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് മല്‍ബുവിനുണ്ടായ അനുഭവം.
ആത്മാര്‍ഥത കൂടിപ്പോയതിനാല്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് ഒരു കൂട്ടരും അതിരു കടന്ന തമാശവരുത്തിയ വിനയാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇതേച്ചൊല്ലി ബാച്ചിലേഴ്‌സ് ഫ്‌ളാറ്റില്‍ ഉടലെടുത്തതര്‍ക്കം തണുപ്പിക്കാന്‍ ചുടുപായസത്തിനോ ലഡുവിനോ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ചഒരു സുഹൃദ്ബന്ധത്തെ അതു തകര്‍ത്തുകളഞ്ഞുവെന്ന് എല്ലാവരും സമ്മതിക്കുന്ന യാഥാര്‍ഥ്യം.
രാഷ്ട്രീയത്തില്‍ വലിയ പിടിപാടോ താല്‍പര്യമോ ഉള്ളയാളായിരുന്നില്ല കഥാ നായകന്‍. ആരെയുംചിരിപ്പിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു സാദാ മല്‍ബു. എന്നുവെച്ച് രാഷ്ട്രീയ തിമിരം വന്നുപിടിപെടാന്‍ അത്ര സമയമൊന്നും വേണ്ട. കുറേക്കാലമായി കാത്തുസൂക്ഷിക്കുന്ന മോഹം പെട്ടെന്നൊരുദിവസം സടകുടഞ്ഞെഴുന്നേല്‍ക്കാം. ന്യായമായ ഒരാവശ്യത്തിന് പോലീസ് സ്റ്റേഷനില്‍പോകണമെങ്കില്‍ പോലും രാഷ്ട്രീയ നിറം ആവശ്യമുള്ള കാലമാണ്. എന്നാലും ഇയാള്‍ പാര്‍ട്ടിയില്‍ചേര്‍ന്നതിനോ പ്രവാസി ഘടകം സംഘടിപ്പിച്ച ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തതിനോ ഒരുതെളിവുമില്ല. നേതാക്കളിലാരെങ്കിലും വന്നാല്‍ മുഖംകാണിക്കുന്നതിനുണ്ടാകാറുള്ള തിക്കിലുംതിരക്കിലുമൊന്നും കണ്ടിട്ടുമില്ല.
എന്നിട്ടും എന്തിനിതു ചെയ്തു?
ഇതൊന്നും പോരാ. അവന്റെ കൈ വെട്ടുകയാണ് വേണ്ടിയിരുന്നത്.
മേലാല്‍ ഇത് തോന്നരുത്.
വെച്ചോണ്ടിരിക്കുന്നതെന്തിനാ? വലിച്ചെറിഞ്ഞൂടേ? ഫ്‌ളാറ്റീന്ന് പുറത്താക്കണം വിശ്വസിക്കാന്‍കൊള്ളാത്ത സാധനത്തെ.
അവന് പാര്‍ട്ടിയൊന്നും ഇല്ലാന്നേ. എന്തോ തമാശ കാണിച്ചതെന്നു തന്നെയാ എനിക്കു തോന്നുന്നത്. അവനോട് പണ്ടേ ഞാന്‍ പറഞ്ഞതാ. തമാശ ഇത്തിരി കൂടുന്നുണ്ട്. അവസാനം കുഴിയില്‍ ചാടുമെന്ന്.
അന്തേവാസികളുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ പല വഴിക്കാണ്.
ഇവന്‍ അന്നൊരിക്കല്‍ കസേര വലിച്ചതിന് ഛോട്ടാ മല്‍ബൂന്റെ കൈയീന്ന് അടി കിട്ടിയത്ഓര്‍മയുണ്ടോ?
എല്ലാരും കൂടിയിരുന്ന് ടി.വി കാണുമ്പോഴായിരുന്നല്ലോ സംഭവം.
ഛോട്ടാ മല്‍ബു വെള്ളം കുടിക്കാന്‍ എഴുന്നേറ്റതായിരുന്നു. തക്കം നോക്കി അവന്‍ കസേര വലിച്ചുകളഞ്ഞു. വീഴ്ചയില്‍ ആറാഴ്ചയാ ഛോട്ടാ മല്‍ബു കിടപ്പിലായത്.
അന്ന് ഇവനെ താക്കീത് ചെയ്തതാ. ഇങ്ങനെ ആളുകളെ ചിരിപ്പിക്കാന്‍ കഠോര രീതികള്‍സ്വീകരിക്കരുതെന്ന്.
പിന്നൊരിക്കല്‍ കൂര്‍ക്കം വലിക്കുകയായിരുന്ന ഒരു മല്‍ബുവിന്റെ തലയില്‍ മുണ്ടിട്ട് മൂടിക്കളഞ്ഞു.
ങാ, പിന്നെ അതു മറന്നുപോയോ?
നിവര്‍ന്നു കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിക്കാനെ വെള്ളത്തുണി മൂടി മയ്യിത്താക്കിയത്.
ഇതൊക്കെ അനുഭവങ്ങളാണെങ്കിലും ഇപ്പോള്‍ ചെയ്തത് പൊറുത്തുകൊടുക്കാന്‍ ഫ്‌ളാറ്റില്‍ കൂടെതാമസിക്കുന്ന ആരും തയ്യാറല്ല. ഒരു എസ്.എം.എസ് ആണ് വിനയായി മാറിയത്.
വോട്ട് ചെയ്യാന്‍ എസ്.എം.എസ് അയക്കുന്നത് വലിയ കാര്യമൊന്നുമല്ല. എല്ലാ പാര്‍ട്ടിക്കാരും ചെയ്യുന്നസാദാ കാര്യം. ഉശിരന്മാരായ പ്രവര്‍ത്തകര്‍ക്ക് നാട്ടില്‍ പോയി പ്രവര്‍ത്തിക്കാന്‍ വിമാന ടിക്കറ്റുകൊടുക്കുന്നത് പോലെ എസ്.എം.എസ് അയക്കാനുള്ള ചെലവ് പാര്‍ട്ടികള്‍ തന്നെയാണ് നല്‍കുന്നത്.
ഗള്‍ഫില്‍നിന്ന് നേരിട്ട് വിളിച്ച് വോട്ട് ചോദിക്കണമെന്നാണ് ആദ്യം നിര്‍ദേശം നല്‍കിയിരുന്നതെങ്കിലുംഗള്‍ഫില്‍നിന്നുള്ള ഫോണുകള്‍ നാട്ടുകാര്‍ എടുക്കാതായതോടെയാണ് എസ്.എം.എസിനെആശ്രയിച്ചത്.
ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് എസ്.എം.എസ് അയക്കാനുള്ള ചെലവ് ഇതിനൊട്ടുവരില്ല താനും.
പാര്‍ട്ടികള്‍ തന്നെ തയാറാക്കി നല്‍കുന്ന എസ്.എം.എസുകള്‍ അടുത്ത ബന്ധുക്കള്‍ക്കുംസുഹൃത്തുക്കള്‍ക്കും അയക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്.
മല്‍ബുവും ഒരു എസ്.എം.എസ് അയക്കുകയേ ചെയ്തിട്ടുള്ളൂ. അത് ഇത്രമേല്‍ പുലിവാലാകുമെന്ന് ഓര്‍ത്തുകാണില്ല. പക്ഷെ, പുലിവാലായില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് ആരും സമ്മതിക്കും.
എന്തുകൊണ്ട്?
മല്‍ബു മെസേജ് അയച്ചത് സ്വന്തം മൊബൈലില്‍ നിന്നായിരുന്നില്ല.
സ്വന്തം ഭാര്യയുടെ നമ്പറിലേക്കുമായിരുന്നില്ല.
സഹമുറിയന്‍ ബാത്ത്‌റൂമില്‍ പോയ തക്കത്തിന് അയാളുടെ ഫോണില്‍നിന്ന് അയാളുടെ ഭാര്യയുടെഫോണിലേക്കായിരുന്നു മെസേജ്.
വിജയമുറപ്പിക്കാന്‍ സഹമുറിയന്‍ കഠിനാധ്വാനം ചെയ്യുന്ന സ്ഥാനാര്‍ഥിയുടെ എതിരാളിക്ക് വോട്ടുചെയ്യാനുള്ള അഭ്യര്‍ഥന.
അഭ്യര്‍ഥന ലഭിച്ച മല്‍ബി ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് തല്‍ക്കാലം ചോദിക്കേണ്ട. കാരണംസ്വകാര്യമായി വിനിയോഗിക്കുന്ന അവകാശമാണല്ലോ അത്.




10/24/10

ടുക്കഡ ടുക്കഡ കരോ..... മല്‍ബിയുടെ ഹിന്ദി



കാണാന്‍ കാത്തിരുന്നവരെ കണ്ടെന്നു വരുത്തിത്തീര്‍ത്ത ഉടന്‍ കട്ടിലിലേക്ക് വീണതാണ് മല്‍ബു.
യാത്രാക്ഷീണം. അതാര്‍ക്കും മനസ്സിലാക്കാവുന്നതാണല്ലോ?
മുമ്പൊക്കെ എയര്‍പോര്‍ട്ടില്‍ വന്നു സ്വീകരിച്ചിരുന്നവര്‍ ആരും ഇത്തവണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാറില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ മാത്രമായിരുന്നു കൂട്ട്. റോഡിലെ കുണ്ടും കുഴിയും മന്ത്രിമാരും അയാളുടെ ശാപ വാക്കുകള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. വിമാനത്തിലിരുന്നതിനേക്കാള്‍ സമയം കാറിലിരുന്നെങ്കിലും ഒരിക്കല്‍ പോലും കണ്‍പോളകളടഞ്ഞില്ല. ഡ്രൈവര്‍ അതിനു സമ്മതിച്ചില്ല എന്നതിനേക്കാള്‍ വലിയ ഗര്‍ത്തങ്ങള്‍ക്കു നടുവിലൂടെ അയാള്‍ നടത്തിയ അഭ്യാസങ്ങളാണ് അതിനു തടസ്സമായതെന്നുവേണം പറയാന്‍.
ഒരാള്‍ സംസാരിക്കുമ്പോള്‍ മൂളിയെങ്കിലും കൊടുക്കുക എന്നത് സാമാന്യ മര്യാദയാണ്. ബംഗാളിയോ പാക്കിസ്ഥാനിയോ ആണ് ഡ്രൈവറെങ്കില്‍ മൂളല്‍ ധാരാളം മതി. കാരണം ഭാഷ ഒരു തടസ്സമാണല്ലോ? ജീ... ഹാ, സഹീ ബാത്ത് ഹെ, അച്ചാ ജീ തുടങ്ങി മൂന്നു നാലു വാക്കുകള്‍ മാത്രമേ നിഘണ്ടുവിലുള്ളൂവെങ്കിലും ചറപറാന്നുള്ള ഉര്‍ദുവിനു പോലും എത്രതവണ വഴങ്ങിക്കൊടുത്തിരിക്കുന്നു. നിങ്ങള്‍ മല്‍ബുകള്‍, ഭാഷകളില്‍ കേമന്മാര്‍ എന്ന പ്രശംസാ വാചകങ്ങളും പലതവണ കേട്ടിട്ടുണ്ട്.
ഇതിപ്പോള്‍ നാടാണ്. രണ്ടുവര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ശേഷം യാഥാര്‍ഥ്യമായിരിക്കുന്ന അവധിക്കാലം. ഡ്രൈവര്‍ സംസാരിക്കുന്നത് പച്ചമലയാളവും. അതുകൊണ്ടുതന്നെ ഉര്‍ദുക്കാരോടും ബംഗാളികളോടും സ്വീകരിക്കുന്നതുപോലെ വെറുമൊരു മൂളലിലൊതുക്കുന്നത് പ്രവാസിയുടെ ധാരാളിത്തത്തിനു ഒട്ടും ചേര്‍ന്നതല്ല. ഈ തിരിച്ചറിവു കാരണം ഇടക്കിടെ വാക്കുകളുടെ പിശുക്ക് ഒഴിവാക്കി ഡ്രൈവറെ പ്രോത്സാഹിപ്പിച്ചു. റോഡിലെ കുഴിയടക്കാത്ത മന്ത്രിമാരുടെ വായാണ് അടക്കേണ്ടതെന്ന പ്രയോഗം അയാള്‍ക്കു നന്നായി ബോധിച്ചു.
നിങ്ങള്‍ പ്രവാസികള്‍ ഭാഗ്യവാന്മാരാണ്. അവിടെ യാത്ര ചെയ്യാന്‍ നല്ല റോഡുകളെങ്കിലുമുണ്ടല്ലോ. ചാരിക്കിടന്ന് ഉറങ്ങിക്കോളൂ എന്ന് ഡ്രൈവര്‍ ഇടക്കിടെ പറയുമെങ്കിലും അത് ഒട്ടും ആത്മാര്‍ഥതയോടെ അല്ല. വെറുതെ ഒരു ഫോര്‍മാലിറ്റി.
ഇതെന്താ നിങ്ങളെ സ്വീകരിക്കാന്‍ ആരും എയര്‍പോര്‍ട്ടിലേക്ക് വരാതിരുന്നത്?
ആരും വരേണ്ട എന്നു ഞാന്‍ തന്നെ പറഞ്ഞതാ.
ഓ, ശരിയായ തീരുമാനം. അല്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്‌തൊന്നും ആരും വരില്ല. ഒരു ദിവസം യാത്ര ചെയ്താല്‍ രണ്ടുദിവസം കിടക്കേണ്ടി വരും.
പണ്ടത്തെപ്പോലെ ആളുകള്‍ ഇപ്പോള്‍ സ്വീകര്‍ത്താക്കളായി എയര്‍പോര്‍ട്ടിലേക്ക് വരുന്നില്ല എന്ന പ്രസ്താവന ആരും എളുപ്പം സമ്മതിച്ചുതരില്ല. ചുറ്റുമുള്ള കമ്പികളില്‍ പിടിച്ച്് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനക്കൂട്ടത്തെ ഓരോ തവണയും കാണുന്നവര്‍ ഇതെങ്ങനെ സമ്മതിക്കും? പ്രവാസികളെ യാത്രയാക്കാനും സ്വീകരിക്കാനും എത്തുന്നവരുടെ എണ്ണം കൂടിയിട്ടേയുള്ളൂ, കുറഞ്ഞിട്ടില്ല എന്നു സ്ഥാപിക്കാനായിരിക്കും അവരുടെ ശ്രമം.
തര്‍ക്കം വേണ്ട. വടക്കോട്ടുള്ള ഈ മല്‍ബു ഇപ്പോള്‍ ഒറ്റക്കാണല്ലോ? റോഡിലെ കുഴികളുടെ എണ്ണവും ആഴവും കൂടുന്നതിനനുസരിച്ച് സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും കുറയുന്നു എന്നെങ്കിലും പറയാമല്ലോ?
ടുക്കഡ ടുക്കഡ കരോ...
ഹിന്ദിയിലുള്ള കല്‍പന കേട്ടാണ് മല്‍ബു ഞെട്ടിയത്.
സംശയത്തോടെ, പാതി തുറന്ന കണ്ണുകള്‍ നിവര്‍ത്താന്‍ ശ്രമിച്ചു. ഇല്ല, നാട്ടില്‍ തന്നെയാണ്. പക്ഷേ, ആരെയും കാണാനില്ല.
ഇന്നാണല്ലോ നാട്ടിലെത്തിയതെന്നും കിടക്കുന്നത് സ്വന്തം വീട്ടിലാണെന്നും ഒരിക്കല്‍കൂടി ഉറപ്പു വരുത്തി തുറന്നു കിടന്ന വാതിലിലൂടെ മുന്നോട്ടു നോക്കി.

പുറത്തേക്കുള്ള വാതില്‍ക്കല്‍ മല്‍ബി നില്‍ക്കുന്നുണ്ട്. ആരോടോ സംസാരിക്കുകയാണ്. ഹിന്ദി തന്നെ.
വീണ്ടും സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലായി മല്‍ബു.
മല്‍ബി ഹിന്ദി സംസാരിക്കുന്നോ? അവിശ്വസനീയം. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി.
അല്ലാ, നീ ഇതാരോടാ സംസാരിക്കുന്നത്?
അതു മുന്ന ഭായി. വിറകു കീറാന്‍ വന്നതാ. ഞാന്‍ ചെറിയ കഷ്്ണങ്ങളാക്കാന്‍ പറയുകാരുന്നു.
ഹിന്ദിയിലോ?
അതെ, ഹിന്ദി തന്നെ. അല്ലാതെ ബംഗാളീന്ന് വന്ന മുന്ന ഭായിയോട് മലയാളം പറഞ്ഞിട്ടെന്തു കാര്യം?
നീ എവിടുന്ന് ഹിന്ദി പഠിച്ചു.
ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ... ഹിന്ദി പഠിക്കാതെ ഇനി ഇവിടെ ജീവിക്കാന്‍ കഴില്ലാട്ടോ.
വിറകു കീറാന്‍ വരെ ഇനി ഹിന്ദിക്കാരെയേ കിട്ടൂ. ബംഗാളി, രാജസ്ഥാനി...
എന്നെ ശരിക്കും ഹിന്ദി പഠിപ്പിച്ചിട്ട് മടങ്ങിപ്പോയാ മതീട്ടോ.

8/29/10

സൂരി പറഞ്ഞ വിദ്യ



ശുക്‌റന്‍ ഹബീബി. ഒരുപാട് നന്ദീണ്ട്‌ട്ടോ. എന്നെ ഹുണ്ടീന്നും കള്ളനോട്ടീന്നും അമേരിക്കന്‍ ഇന്റലിജന്‍സീന്നും ഒക്കെ രക്ഷിച്ചില്ലേ?
നോക്കിയേ ഇതൊക്കെയും അവിടന്നു കിട്ടിയ സമ്മാനങ്ങളാ. കൂട്ടുകാരന്‍ സൂരി ഒരു വിദ്യ പറഞ്ഞു തന്നു. അതങ്ങു പയറ്റി. പക്ഷേ എത്ര ശ്രമിച്ചിട്ടും സമ്മാനങ്ങളുടെ കൂട്ടത്തില്‍നിന്ന് ആ കിടിലന്‍ ഇങ്ങു പോന്നില്ല. എല്‍.സി.ഡി ടെലിവിഷന്‍. അതായിരുന്നു പ്രതീക്ഷ.
രണ്ട് വലിയ സഞ്ചിയിലും കൊള്ളാത്തത്ര സമ്മാനങ്ങളുമായാണ് മല്‍ബുവിന്റെ വരവ്.
ഇതെന്താ? ഏതെങ്കിലും ചാനലിന്റെ മത്സര പരിപാടിയില്‍ പങ്കെടുത്തിട്ടു വരികാണോ?
ഏയ് അതൊന്നുമല്ല. ഇത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതാ. അഞ്ച്, പത്ത് കൊല്ലായില്ലേ ഇവിടെ. ഇന്നാണ് ആദ്യായിട്ട് അതൊന്ന് ആഘോഷിച്ചത്.
എന്താ കോണ്‍സുലേറ്റില്‍ പോയി പതാക ഉയര്‍ത്താന്‍ കൂടിയോ? അവിടെ സമ്മാനങ്ങളുടെ കഥയൊന്നും കേട്ടില്ലല്ലോ.
കോണ്‍സുലേറ്റിലൊന്നും പോയില്ല. ഇത് ബാങ്കില്‍ പോയിട്ടാ ആഘോഷിച്ചത്. രണ്ടു കൂട്ടരാണല്ലോ നമ്മുടെ സ്വാതന്ത്ര്യദിനം മറക്കാതെ ഓര്‍മിക്കുന്നവര്‍. ഒന്നു ബാങ്കും മറ്റൊന്ന് ടെലികോം കമ്പനിയും.
പണമയച്ച് ആഘോഷിക്കാന്‍ ബാങ്കും കൂടുതല്‍ കൂടുതല്‍ സംസാരിച്ച് ആഘോഷം കേമമാക്കാന്‍ ടെലികോം കമ്പനിയും ഓരോ വര്‍ഷവും ആഹ്വാനം ചെയ്യുന്നു.
ആഹാ അപ്പോള്‍ ബാങ്കില്‍ പോയി അല്ലേ?
ഉം പോയി. കൈ നിറയെ സമ്മാനങ്ങളും കിട്ടി.
ആദ്യാനുഭവം തന്നെ കേമായി അല്ലേ. ഇനി ഹുണ്ടീന്നും ഇപ്പോ തന്നെ കിട്ടണം എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടു വരരുത്.
പത്രത്തില്‍ വായിച്ചില്ലേ? ഒരാള്‍ നാട്ടിലേക്ക് അയച്ച പതിനായിരം രൂപ തീവ്രവാദിക്കാണെന്ന സംശയത്തിന്റെ പേരില്‍ പിടിച്ചുവെച്ചിരിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിന്റെ ചികിത്സക്കുള്ള പണമാണ് സഹോദരന്റെ പേരില്‍ അയച്ചത്. ഉടനെ കിട്ടാന്‍ വേണ്ടി വെസ്റ്റേണ്‍ യൂണിയനെ ആശ്രയിച്ചു. വേഗം കിട്ടിയതുമില്ല, ഇനി അന്വേഷണം തീരുന്നതുവരെ കാത്തിരിക്കേം വേണം.
വാര്‍ത്ത ഞാനും വായിച്ചു. ഇനി അമേരിക്കന്‍ ഇന്റലിജന്‍സിന്റെ അന്വേഷണം കൂടി കഴിയണം അല്ലേ, പണം കിട്ടാന്‍.
അതേ, കഴിയേണ്ടിവരും. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്. നാട്ടിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും അതിലേക്ക് പണമയക്കാനും മാത്രം സമയമില്ല. ഇത് ഒരു കഥ. മറ്റൊരു മല്‍ബു അക്കൗണ്ട് തുടങ്ങാന്‍ തയാറായത് ഹുണ്ടിക്കാരന്‍ വീട്ടില്‍ കള്ളനോട്ട് എത്തിച്ചപ്പോഴാണ്. റിയാല്‍ ഇവിടെ രണ്ട് ദിവസം കഴിഞ്ഞു കൊടുത്താല്‍ മതി, മല്‍ബിക്ക് ബാങ്കില്‍ പോകേണ്ട... അങ്ങനെ പല ന്യായങ്ങളാണ് മല്‍ബു നിരത്തിയിരുന്നത്.
അവസാനം ഹുണ്ടിക്കാരന്‍ കൊടുത്ത അഞ്ഞൂറുകളുമായി മല്‍ബി ജ്വല്ലറിയില്‍ ചെന്നപ്പോള്‍ മൂന്നെണ്ണം കള്ളനോട്ട്. പരിചയക്കാരുടെ ജ്വല്ലറി ആയതിനാല്‍ പോലീസും കേസും ആയില്ല. ഇല്ലെങ്കില്‍ അമേരിക്കന്‍ ഇന്റലിജന്‍സിനേക്കാളും വലിയ അന്വേഷണം ആയേനെ.
ശരിയാണ്, ഞാന്‍ ഇപ്പോള്‍ കാണുന്നവരോടൊക്കെ പറയാറുണ്ട്. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. നാട്ടിലെ ബാങ്കില്‍ ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് തുടങ്ങിക്കൂടേ? അയക്കുന്ന തുകക്കൊക്കെ ഒരു റെക്കോര്‍ഡ് ആകും. ഏത് തരത്തിലുള്ള അന്വേഷണം വന്നാലും പ്രശ്്‌നവുമില്ല. പിന്നെ ഹുണ്ടിക്കാരന്റെ റേറ്റിനേക്കാള്‍ നല്ല റേറ്റ് കിട്ടുകേം ചെയ്യും. ഇതൊക്കെ കേട്ടിട്ട് എന്നെ പോലെ പല മടിയന്‍ മല്‍ബുകളും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങുന്നുണ്ട്.
വേറേം ഒരു ഗുണമുണ്ട് കേട്ടോ. അതും ഒരു ഗുണം തന്നെയാണ്.
എന്താ അത്?
ഞാന്‍ ഇതാ വെസ്‌റ്റേണ്‍ യൂണിയനില്‍ കാത്തു നില്‍ക്കുവാണ്. നീ ഉടനെ പണം അയക്കൂ, എന്നിട്ട് കോഡ് വിളിച്ചു പറയൂ എന്നു പറയുന്നവരോട് അയ്യോ അതു പറ്റില്ല. ബാങ്ക് അക്കൗണ്ടിലേക്കേ അയക്കാന്‍ പറ്റൂ. രണ്ട് ദിവസം ക്ഷമിക്കൂ എന്നെങ്കിലും പറയാമല്ലോ?
ആഹാ... അതും ഒരു ഐഡിയാ. അത്യാവശ്യമാണെങ്കില്‍ വേറെ വഴി നോക്കിക്കൊള്ളുമല്ലോ?
വേറെ വഴി നോക്കാനൊന്നും സാധ്യതയില്ല. പത്ത് ദിവസം വേണമെങ്കിലും കാത്തുനിന്നോളും. ആട്ടെ, എങ്ങനാ ഇത്രയും സമ്മാനങ്ങള്‍ കിട്ടിയത്?
എ.ടി.എം വഴി പണം അയക്കാന്‍ സൗകര്യമുള്ള ബാങ്കിലാ പോയത്. നമുക്ക് തന്നെ മെഷീനില്‍ പണമിട്ട് കിട്ടേണ്ട ആളെ സെലക്ട് ചെയ്ത് അപ്പോള്‍ തന്നെ പണമയക്കാം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചാര്‍ജ് ഫ്രീ ആയിരുന്നു. പണമയച്ചാല്‍ കാര്‍ഡ് ചുരണ്ടി സമ്മാനവും. രണ്ട് മൂന്ന് തവണ പണം അയച്ച് ചുരണ്ടി സമ്മാനം ലഭിക്കുന്നതു കണ്ടപ്പോ കൂടെ ഉണ്ടായിരുന്ന സിറിയന്‍ കൂട്ടുകാരന്‍ പറഞ്ഞു. എന്തിനാ ആയിരം വീതം അയക്കുന്നത്? 200 വീതം അയച്ചാല്‍ സമ്മാനങ്ങള്‍ക്ക് കൂടുതല്‍ ചാന്‍സ്. അങ്ങനെ 200 വീതം അയച്ചിട്ടാ ഇത്രേം സമ്മാനങ്ങള്‍ കിട്ടിയത്. ഓരോ തവണയും ആ എല്‍.സി.ഡിയായിരിക്കണേ എന്നു തന്നെയായിരുന്നു പ്രാര്‍ഥന.
അപ്പോള്‍ രണ്ട് ലക്ഷം രൂപക്കുള്ള 16,000 റിയാല്‍ അയച്ചപ്പോള്‍ 80 സ്ക്രാച്ച് ആന്റ് വിന്‍ ചാന്‍സ് കിട്ടി അല്ലേ. ഇതു സൂരി പറഞ്ഞുതന്ന വിദ്യയാണോ അതോ മല്‍ബൂന്റെ സ്വന്തം ബുദ്ധിയില്‍ തോന്നിയതോ?
ആയിരം വീതം അയക്കാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് 200 ആക്കിയതിന്റെ ക്രെഡിറ്റ് സൂരിക്ക് തന്നെ.

8/22/10

തിരക്കിലൊരു കൂട്ട്



അറവു തന്നെ അറവ്. എയര്‍ ഇന്ത്യയെ പോലെ തന്നെയായി ടാക്‌സികളും അല്ലേ?
മല്‍ബുവിന്റെ ആത്മഗതം തൊട്ടടുത്തുനിന്നിരുന്നയാളുടെ കാതില്‍ ചെന്നു തറച്ചു.
തുറിച്ചു നോക്കിയ അയാള്‍ ചെവിയില്‍ ബ്ലൂ ടൂത്ത് ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇങ്ങനെ മൊഴിഞ്ഞു.
അതേ അതേ, രക്ഷയില്ല. ശരിക്കും കൊള്ളയല്ലേ ഇത്.
പത്ത് റിയാലിനാ ഇങ്ങോട്ട് പോന്നത്. ഇപ്പോ ചോദിക്കുന്നത് നാല്‍പതും അമ്പതും. തിരക്ക് കുറഞ്ഞാനിരക്ക് കുറയൂന്ന് കരുതി കുറച്ചുനേരം കാത്തുനിന്നതാ ഞാന്‍. വന്ന ഉടനെ 25 റിയാലിന് ഒന്നു രണ്ട് വണ്ടിഉണ്ടായിരുന്നു.
മക്കയിലെ രാത്രി നമസ്കാരവും കഴിഞ്ഞ് ജിദ്ദയിലേക്കുള്ള വണ്ടി കാത്തിരിക്കയാണ് ഇരുവരും. തിരക്കൊന്നൊഴിഞ്ഞാല്‍ ചാര്‍ജ് ഇത്തിരി കുറയുമെന്ന രണ്ടു പേരുടേയും പ്രതീക്ഷകള്‍ തെറ്റി. തുല്യദുഃഖിതര്‍ ഉടന്‍ കൂട്ടുകാരായി.
വിശുദ്ധ ഹറമിന് അഭിമുഖമായി പുതുതായി സ്ഥാപിച്ച വലിയ ഘടികാരത്തിലെ സൂചിനീങ്ങുന്നതിനനുസരിച്ച്് ടാക്‌സി നിരക്ക് കൂടിക്കൂടി വരികയാണ്. തിരക്കിനല്ല, സമയത്തിനാണ് ഇപ്പോള്‍വില.
ടാക്‌സികളും എയര്‍ ഇന്ത്യയെ പോലെ ആയീന്ന്് നിങ്ങള്‍ പറഞ്ഞപ്പോള്‍ എന്നോടാന്ന് നിരീച്ചില്ലാട്ടോ?
ബ്ലൂ ടൂത്തുണ്ടോന്നാ ഞാന്‍ ആദ്യം നോക്കീത്. ഇങ്ങോട്ട് പോരുമ്പോള്‍ ഒരു അമളി പറ്റീതാ.
എന്താ സംഭവിച്ചത്?

പിറകീന്ന് ഒരാള് സലാം ചൊല്ലി. തിരിഞ്ഞു നോക്കി സലാം മടക്കിയപ്പോള്‍ അയാള്‍ ഏതോ ഭാഗത്തുനോക്കി നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു കൊച്ചു ഹെഡ് ഫോണ്‍ അയാളുടെ ചെവിയില്‍.

അത് പലര്‍ക്കും പറ്റുന്നതാ. ചിലപ്പോള്‍ നമുക്ക് പിച്ചും പേയുമായി തോന്നും. ഈയിടെ ഒരാള്‍പറയുന്നത് കേട്ടതാ. അഞ്ച് കപ്പല്‍ വരേണ്ട സ്ഥാനത്ത് രണ്ട് കപ്പലേ വന്നുള്ളൂന്ന്. ഇറാനെആക്രമിക്കാന്‍ വരുന്ന യുദ്ധക്കപ്പലാണോ ചൈനയില്‍നിന്ന് ഡ്യപ്ലിക്കേറ്റുമായി വരുന്ന കപ്പലാണോ. അല്ലാഹു അഅ്‌ലം.
ഞാന്‍ പിന്നെ വെറുതെ അങ്ങ് കാച്ചീതാ. കൂട്ടത്തില്‍ ഒന്നല്ല, ഒരു പത്ത് മല്‍ബുവിനെയെങ്കിലുംചുരുങ്ങിയതു പ്രതീക്ഷിക്കാം. എല്ലാരും തിരക്ക് കുറയാന്‍ കാത്തിരിക്കുവല്ലേ.

ഏതായാലും നിങ്ങളാ കൊത്തീത്. എന്താ പറഞ്ഞത് ശരിയല്ലേ, എയര്‍ ഇന്ത്യയും ഇങ്ങനെ തന്നെയല്ലേചെയ്യുന്നത്.

കാറ്റുള്ളപ്പോള്‍ തൂറ്റുക. തിരക്കുള്ള സീസണില്‍ അവര്‍ കഴുത്തറക്കുന്നു. ബഹിഷ്കരിക്കണം എന്നൊക്കെനമ്മള്‍ പറയുമെങ്കിലും തിരക്കുകൂട്ടാന്‍ നമ്മള്‍ തന്നെയല്ലേ മുന്നില്‍.

ങാ.. അതു ശരി തന്നെയാ. എല്ലാവര്‍ക്കും വേഗം നാട്ടിലെത്തണം. പിന്നെ എന്തു ബഹിഷ്കരണം.
ഇനിയിപ്പോ ചാര്‍ജ് കുറഞ്ഞിട്ട് ജിദ്ദയിലെത്തൂന്ന് തോന്നുന്നില്ല. ആദ്യം 25 ആയിരുന്നു. ഇപ്പോള്‍ ഇതാകൂടിക്കൂടി 50 ലെത്തിയിരിക്കുന്നു.
നമുക്ക് ഒരു വണ്ടി സ്‌പെഷല്‍ വിളിച്ചു പോയാലോ? നമ്മള്‍ രണ്ട് പേരായി. ബാക്കി എട്ടുപേരെ കൂടിഎന്തായാലും കിട്ടും. ജിദ്ദ ജിദ്ദ അശ്‌റ റിയാല്‍ എന്നുവിളിച്ചാല്‍ മതി. ആളുകള്‍ ചുറ്റും കൂടും.
അങ്ങനെ സ്‌പെഷല്‍ പോയാലും ചാര്‍ജ് കുറയൂന്നൊന്നും പറയാന്‍ പറ്റില്ല.
എന്നാലും വെറുതെയൊന്ന് ചോദിച്ചു നോക്കാലോ? നമ്പൂതിരി പറഞ്ഞതു പോലെ എന്തേലും കാരണംപറയാം.
ങേ, നമ്പൂരി ഇങ്ങോട്ട് വര്വേ.
എന്താ നമ്മളൊക്കെ പണ്ട് നമ്പൂരീം നായരും ചെറുമനും ഒക്കെ തന്നെ ആയിരുന്നില്ലേ. എന്റെ ഒരുചങ്ങാതീണ്ട്. അവന്‍ എഴുതേം പറയേം ഒക്കെ ചെയ്യുക അന്‍സാര്‍ നായരെന്നാ. അവന്റെ വാപ്പാന്റെവാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പ നായര്‍ ആയിരുന്നാത്രെ വിശ്വാസം.
ആട്ടെ എന്താ നമ്പൂരി പറഞ്ഞത്.

ഒരിക്കല്‍ ഒരു നമ്പൂരി കിതച്ചോണ്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. നേരെ സ്‌റ്റേഷന്‍ മാസ്്റ്ററുടെമുറിയിലേക്ക് കയറിയ നമ്പൂതിരി ചോദിച്ചു.
ഇപ്പോള്‍ തെക്കോട്ട് വണ്ടിയുണ്ടോ?
ഇല്ലല്ലോ. സ്‌റ്റേഷന്‍ മാസ്റ്ററുടെ മറുപടി.
അപ്പോ. വടക്കോട്ട് ഉണ്ടാകുമല്ലേ. നമ്പൂതിരിയുടെ അടുത്ത ചോദ്യം.
വടക്കോട്ടും വണ്ടിയില്ല. അല്ല, നമ്പൂതിരിക്കിതെങ്ങോട്ടാ പോകേണ്ടത്.
എങ്ങോട്ടുല്ല്യാ. ഒന്നപ്പുറം കടക്കാന്‍ വേണ്ട്യാ.
നമ്പൂതിരീടെ ഐഡിയ കൊള്ളാലോ അല്ലേ. ശരിയാ ഇതു പോലെ എന്തേലും ടാക്‌സിക്കാരനോടുംപറയാം.
ദേ വണ്ടിക്കാരനോട് ചോദിച്ചു നോക്കാം. ഒരു പത്താള്‍ക്ക് സുഖായിട്ട് പോകാം. പിറകില്‍ വരെതണുപ്പ് കിട്ടുകേം ചെയ്യും.
തണുപ്പിന്റെ കാര്യം പറഞ്ഞപ്പോഴാ. ഇന്നൊരു മല്‍ബു മറ്റൊരു മല്‍ബൂനോട് പറയാണേ. തവാഫൊക്കെകഴിഞ്ഞ് രണ്ടുപേരും മാര്‍ബിള്‍ തറയില്‍ ഇത്തിരി വിശ്രമിക്കാരുന്നു.
നല്ല ചൂടാണെങ്കിലും തറ നല്ല തുണുപ്പാണല്ലേ?
അതു പിന്നെ താഴെ മുഴുവന്‍ പെട്ടിത്തല്ലാജ് വെച്ച് തണുപ്പിക്കുന്നതല്ലേ?
പെട്ടിത്തല്ലാജോ. എന്താത്. അതേന്നെ കടകളിലൊക്കെ കാണുന്നില്ലേ, ചിക്കനും മറ്റും സ്റ്റോര്‍ചെയ്യുന്ന ഫ്രീസര്‍.
നമ്പൂതിരീനെ കടത്തി വെട്ടീട്ടോ. വാട്ട് ആന്‍ ഐഡിയ മല്‍ബു.
ഉം ഏതായാലും വണ്ടിക്കാരനോട് ചോദിക്ക്്.
പത്ത് പേരെ കൊള്ളും അല്ലേ.
പിന്നെ ഒട്ടും സംശയിക്കേണ്ട. അത്രേം ആളെ കിട്ടിയാ മതി.
അശ്രദ്ധനായി ഇരിക്കുകയായിരുന്ന ഡ്രൈവറുടെ അടുത്തെത്തി.
കം ഫുലൂസ് യാ അഹീ ജിദ്ദ. ജിദ്ദയിലേക്ക് പോകാന്‍ എത്രയാ ചാര്‍ജ് സഹോദരാ.
ഹംസീന്‍ റിയാല്‍. 50 റിയാല്‍.
സ്‌പെഷല്‍ കം. സ്്‌പെഷലായിട്ട് പോകാന്‍ എത്രയാ.
സിത്ത മിയ. യാള്ള. 600 റിയാല്‍ വാ പോകാം.
600 റിയാല്‍ അപ്പോള്‍ ഒരാള്‍ക്ക് 60 റിയാല്‍.
മല്‍ബുവിന്റെ ആത്മഗതം വീണ്ടും ഉച്ചത്തിലായപ്പോള്‍ പിടി കിട്ടിയ ഡ്രൈവര്‍.
കം നഫര്‍ ..ഇന്‍ത അശറ. നിങ്ങള്‍ എത്ര പേരാ. പത്താണോ.
യാള്ള. മാഫി മുശ്കില. ഹംസ മിയ ആഖിര്‍.
കുഴപ്പോല്ല. കയറിക്കോ. 500 തന്നാ മതി.
ലാ ഹബീബി ലാ..
ങാ.. എത്ര കുറയൂന്ന് നോക്കീതാ. 100 കുറച്ചു അല്ലേ. കൊച്ചുകള്ളന്‍.




8/16/10

കുക്കിന്റെ തിരോധാനം


കണ്ടില്ലേ ഒരു ജാഥ.
മുന്നില്‍ ചൊങ്കന്‍ തൊപ്പി വെച്ചു പോകുന്നയാളാ നേതാവ്. അതേ, മല്‍ബുതന്നെ.
ഹെയര്‍ ഫിക്‌സിംഗുകാര്‍ക്ക് വെല്ലുവിളിയാണ് ഈ തൊപ്പി.
മിന്നിത്തിളങ്ങുന്ന കഷണ്ടിയുള്ളവരോടൊക്കെ മല്‍ബു ചോദിക്കും: ഇതുപോലൊരു തൊപ്പി വാങ്ങി വെച്ചൂടേ?
എന്നെ കണ്ടില്ലേ, തൊപ്പി ഒരിക്കലും തലയില്‍നിന്ന് എടുക്കാറില്ല.

അത്ര പ്രയാസമാണെങ്കില്‍ ഹെയര്‍ ഫിക്‌സിംഗില്‍ പോയി മുടി വെച്ചൂടേ എന്നു ചോദിച്ചാല്‍, ഏയ് അതിന്റെയൊന്നും ആവശ്യമില്ല എന്നായിരിക്കും മല്‍ബുവിന്റെ മറുപടി.
ഈ തൊപ്പി വെച്ചാല്‍ എനിക്ക് ഇത്രേം പോന്ന കഷണ്ടിയുണ്ടെന്ന് ആരെങ്കിലും പറയുമോ? ഹെയര്‍ ഫിക്‌സിംഗുകാര്‍ പലരും ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്തതാ. പക്ഷേ ഞാന്‍ പോയില്ല. ഈ തൊപ്പി തന്നെ എന്റെ അടയാളം. ഇനിയിപ്പോ രൂപമാറ്റം സംഭവിച്ചാല്‍ പിന്നെ മല്‍ബിക്കുപോലും തിരിച്ചറിയാന്‍ പറ്റാതാവും.

ജാഥ നയിക്കുന്നത് നേതാവായിട്ടൊന്നുമല്ല കേട്ടോ.
പ്രതിയായിക്കൊണ്ടാണ് ഈ നടപ്പ്. ഓരോരുത്തരെ പിടിക്കുമ്പോഴും പോലീസുകാര്‍ പറയാറുള്ളതുപോലെ മുഖ്യ പ്രതി തന്നെ.
ഇങ്ങനെ പ്രതിസ്ഥാനത്ത് എത്തിപ്പെട്ടതിനു പിന്നിലൊരു കഥയുണ്ട്. മല്‍ബുകള്‍ക്ക് കുക്കിനെ ഏര്പ്പെടുത്തിക്കൊടുത്തതിനെ തുടര്‍ന്നാണ് ഈ ദുര്‍ഗതി. മല്‍ബുകള്‍ക്ക് ഫുഡ് ഉണ്ടാക്കുന്നത്
തിരക്കേറിയ മദീനാ റോഡ് മുറിച്ചുകടക്കുന്നതിനു തുല്യമാണെന്ന് കുക്കുകള്‍ക്കിടയിലൊരു ചൊല്ലുണ്ട്.
ഈ ചൊല്ലിനെ അന്വര്‍ഥമാക്കിക്കൊണ്ട് ബാച്ചിലര്‍ റൂമുകളിലേക്കിപ്പോള്‍ കുക്കിനെ കിട്ടാതായിട്ടുണ്ട്. ചൊല്ല് കൊണ്ടൊന്നുമല്ല, വിരലടയാളം വന്നതിനുശേഷം, നാട്ടില്‍നിന്നുള്ള റിഹേഴ്‌സല്‍ യാത്ര ആളുകള്‍ അവസാനിപ്പിച്ചതിനാലാണെന്നാണ് വിദഗ്ധാഭിപ്രായം.

ഉംറ വിസയിലെത്തി, ഒന്നോ രണ്ടോ വര്‍ഷം ഏലാക്കിയശേഷം തൊഴില്‍ വിസ നേടുന്ന ഏര്‍പ്പാടില്‍ വലിയ മാറ്റം വന്നതോടെ, ഫ്രീ വിസയെന്ന തൊഴില്‍വിസയുടെ നിരക്ക് കുത്തനെ കൂടുകയും ചെയ്തു.

കുക്കിനെ കുറിച്ച് പരാതിപ്പെട്ട് പരാതിപ്പെട്ട് മല്‍ബു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെയാണ്, കുറേ കാലായല്ലോ ഇങ്ങനെ പരാതിപ്പെടാന്‍ തുടങ്ങിയിട്ട്, എന്നാ നീ പോയി നല്ല ഒരു കുക്കിനെ കൊണ്ടുവാ എന്ന് റൂം മേറ്റുകള്‍ എല്ലാവരുംകൂടി പറഞ്ഞത്.

താളിപ്പിനെ ശപിച്ചതിനുള്ള ശിക്ഷ.
കഴിഞ്ഞ കൊല്ലത്തെ നോമ്പിന് അത്താഴത്തിനുണ്ടാക്കിയിരുന്ന താളിപ്പിനെയായിരുന്നു ഏറ്റവും കൂടുതല്‍ ശപിച്ചത്. താളിപ്പല്ലാതെ കുക്കിനു മറ്റൊന്നും ഉണ്ടാക്കാനറിയാത്തതുകൊണ്ടല്ല, ഭൂരിപക്ഷം താളിപ്പുകാരായിപ്പോയി. ജനാധിപത്യത്തിന്റെ വിജയം.

പകല്‍ മുഴുവന്‍ കാലിയാക്കിയിടേണ്ട വയറ്റില്‍ പുലര്‍ച്ചെതന്നെ മസാലകള്‍ അടിച്ചുകയറ്റേണ്ടെന്നും മായമില്ലാത്ത വെറും താളിപ്പാണ് ഏറ്റവും ഉചിതമെന്നുമുള്ള വാദം വിജയിച്ചു. അപ്പോള്‍ പിന്നെ എരിവോ പുളിയോ ഉപ്പോ ഇല്ലാത്ത താളിപ്പിനെ ഒന്നു ശപിച്ചിട്ടായാലും കുക്കിനെ ഒന്നു കുറ്റപ്പെടുത്തിയിട്ടായാലും ചോറ് വാരി വിഴുങ്ങുക തന്നെ. ജനാധിപത്യത്തെ പഴിക്കാന്‍ തോന്നിയ നിമിഷങ്ങള്‍.

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് മല്‍ബു സ്വന്തം നാട്ടുകാരനായ കുക്കിനെ തന്നെ തെരഞ്ഞുകണ്ടു പിടിച്ചു.
താളിപ്പുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാലും, നമ്മള്‍ ഒരേ നാട്ടുകാരാണെന്ന കാര്യം മറക്കരുതെന്ന് രണ്ടുമാസം മുമ്പേ ശട്ടം കെട്ടി.
അതായത് അവര്‍ക്ക് താളിപ്പുണ്ടാക്കിയാലും നമുക്ക് കണ്ണൂര്‍ മോഡല്‍ തേങ്ങയരച്ച കറിയുണ്ടാക്കണം. തേങ്ങ എല്ലായിടത്തും അരയ്ക്കുമെങ്കിലും കണ്ണൂരില്‍ അങ്ങനെയുമൊരു മോഡലുണ്ട്.

അങ്ങനെ റമദാന്‍ അമ്പിളിയെ കാത്തിരിക്കെ, കുക്ക് മുങ്ങി.
പുണ്യമാസത്തില്‍ ഫ്‌ളാറ്റിലെ താമസക്കാരുടെയൊക്കെ പതിന്മടങ്ങ് അതൃപ്തി വാങ്ങിയുള്ള ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ സാക്ഷാല്‍ മല്‍ബു തന്നെ.

വിസയെടുക്കാന്‍ നാട്ടില്‍ പണ്ടം പണയം വെച്ചതും അതിനു മാസാമാസം പലിശയടക്കുന്നതുമൊക്കെ കുക്ക് വിശദീകരിക്കുന്നതു കേട്ടപ്പോള്‍ സ്വാഭാവികമായ ഒരു ആശയം മുന്നോട്ടുവെച്ചതായിരുന്നു മല്‍ബു.
എന്നാല്‍ ഒരു ചിട്ടി തുടങ്ങിക്കിട്ടുന്ന ആദ്യ നറുക്കുകൊണ്ട് പണ്ടം തിരിച്ചെടുത്തുകൂടേ?

അങ്ങനെയാണ് കുക്ക് കുറി തുടങ്ങിയതും ആദ്യ നറുക്കില്‍ പണ്ടം തിരിച്ചെടുത്തതും രണ്ടാം നറുക്കുമായി മുങ്ങിയതും.

നാട്ടുകാരന്‍ കുക്ക് മുങ്ങിയതിന്റെ പഴി സ്വാഭാവികമായും ഏറ്റെടുക്കാന്‍ അയാളെ ഏര്‍പ്പാടാക്കിയ ആളെന്ന നിലക്ക് മല്‍ബു ബാധ്യസ്ഥനാണ്. അങ്ങനെയാണ് മുഖ്യ പ്രതി നായകനായത്. ആളുകളെ നയിക്കാനുള്ള ഈ നിയോഗം.

നോമ്പ് കാലമാണല്ലോ. ജോലി കഴിഞ്ഞ് തളര്‍ന്നെത്തിയ ആര്‍ക്കും അടുക്കളയില്‍ കയറാന്‍ കഴിയില്ല എന്ന പരമാര്‍ഥമാണ് ജാഥയായി പരിണമിച്ച് നോമ്പുതുറക്കായി ഏറ്റവും അടുത്തുള്ള പള്ളികളിലേക്ക് നീങ്ങുന്നത്.

മുറിയിലിരുന്ന് വാരിവലിച്ചുതിന്നാന്‍ സമയം കളയാതെ യഥാസമയം സംഘടിത പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നുവെന്നത് പള്ളിയിലെ നോമ്പുതുറ പുണ്യത്തിന്റെ മറ്റൊരു നേട്ടമെന്ന് വിവരിച്ചുകൊണ്ട് ഇതാ മറ്റൊരു ചെറു ജാഥ നയിച്ചുകൊണ്ട് വേറൊരു മല്‍ബു.

ചുറ്റും നോക്കിക്കേ, കൊച്ചുകൊച്ചു ജാഥകള്‍.

8/8/10

ബ്ലാക്‌ബെറി ചിന്തകള്‍


ബ്രിട്ടീഷ് രാജ്ഞിക്കു ലഭിച്ച സമ്മാനമാണ് തനിക്കും അടിച്ചതെന്ന് മല്‍ബു അറിഞ്ഞിരുന്നില്ല. കോടിക്കണക്കിനു പൗണ്ട് സമ്മാനമടിച്ചുവെന്നും ഉടന്‍ അക്കൗണ്ട് തുടങ്ങണമെന്നും
ആവശ്യപ്പെട്ടുവരുന്ന ഇ-മെയിലുകളും എസ്.എം.എസുകളുമല്ല. ഇതു റിയല്‍ സമ്മാനം തന്നെയായിരുന്നു.
കിട്ടേണ്ടതു കിട്ടിയില്ല എന്നു മാത്രം.
അതും നാട്ടുകാരനായ ഒരു മല്‍ബുവാണല്ലോ ചതിച്ചതെന്നോര്‍ക്കുമ്പോഴായിരുന്നു കൂടുതല്‍ വിഷമം. ഒരു പാക്കിസ്ഥാനിയോ ബംഗാളിയോ ആണെങ്കില്‍ എന്തായാലും ഇത്ര സങ്കടം വരില്ല.
എവിടെ ചെന്നാലും മല്‍ബുവിന്റെ കട തേടി നടക്കുക ഒരു ശീലമായിരുന്നു.
നല്ലതേതെന്നു ചോദിച്ചു വാങ്ങാം, വലിയ ഡിസ്‌കൗണ്ടൊന്നും ലഭിച്ചില്ലെങ്കിലും കഴുത്തറുക്കില്ല, ഇങ്ങനെ പല ഗുണങ്ങള്‍ പ്രതീക്ഷിച്ചായിരുന്നു അത്.
എന്നാല്‍ മല്‍ബുവിനു മല്‍ബു തന്നെയാ പാര എന്ന് ആരോ പറഞ്ഞത് എത്രയോ ശരി.
പക്ഷേ പരാജയം വിജയത്തിനു മുന്നോടിയാണെന്ന്് കേട്ടിട്ടില്ലേ?
ഇതാ നോക്കിയേ, വാര്‍ത്ത കണ്ടോ? റൂം മേറ്റ് പയ്യന്‍ പത്രം നിവര്‍ത്തിക്കോണ്ട് പറഞ്ഞു.
ശരിയാണല്ലോ സംഗതി നിരോധം തന്നെ.
ബ്ലാക്‌ബെറി സര്‍വീസുകള്‍ നിരോധിക്കുന്നു.
ഇതാ പറഞ്ഞത് നമ്മള്‍ നേരെയാണെങ്കില്‍ ഒരാള്‍ക്കും കബളിപ്പിക്കാനാവില്ല. എവിടെയും കുടുങ്ങില്ല. അന്നവന്‍ പറ്റിച്ചത് ഇപ്പോള്‍ തുണയായതു കണ്ടില്ലേ.
അന്ന് ബ്ലാക്‌ബെറിയെന്നു കേട്ടു തുടങ്ങിയിട്ടേയുള്ളൂ. സ്‌ട്രോബറി പോലെ ഏതോ പഴമായിരിക്കുമെന്നു ധരിച്ചവര്‍ പോലുമുണ്ട്. ബ്ലാക് ബെറി തിന്നാല്‍ ബ്ലൂ ടൂത്താകുമെന്ന തമാശ പോലും തിരിച്ചറിഞ്ഞില്ല. ഈ പഴം തിന്നാല്‍ ശരിക്കും പല്ല് നീലയാകുമെന്നായി വിശ്വാസം.
ബ്ലാക്‌ബെറി സമ്മാനം വാങ്ങാന്‍ ചെന്നപ്പോള്‍ അവിടെ ഒരു മല്‍ബു.
സന്തോഷമായി. ഞാന്‍ ഇങ്ങനെ നോക്കുവാരുന്നു. ഒരു മല്‍ബുവിനെയെങ്കിലും കാണാതിരിക്കില്ലെന്ന് മനസ്സു പറഞ്ഞു.
പിന്നെ മല്‍ബുവില്ലാത്ത ഇടമുണ്ടോ ഈ ഭൂലോകത്ത്?
ഇതാ കണ്ടോ, എനിക്ക് ബ്ലാക്‌ബെറി അടിച്ചിട്ടുണ്ട്. റൂമിലാരോടും പറഞ്ഞിട്ടില്ല. അവര്‍ ഇതിന്റെ വിലയേക്കാള്‍ എന്നെക്കൊണ്ട് ചെലവു ചെയ്യിക്കും. ഇന്നാളൊരു നൂറു റിയാലടിച്ചപ്പോ ചെലവായത് 150 റിയാല്‍.
ഈ ഫോണിനെ കുറിച്ച് കൂടുതെലാന്നും അറിയില്ല. എങ്ങനാ സാധാനം കൊള്ളാമോ?
ഓ.. അതൊന്നിനും കൊള്ളില്ല. പകരം നോക്കിയ എടുത്തോളൂ. അതിനല്ലേ മാര്‍ക്കറ്റ്. എപ്പോള്‍ വിറ്റാലും വില കിട്ടും.
നോക്കിയയെ മറികടക്കാന്‍ ഒരു ബ്രാന്റും വരില്ല. അതുറപ്പാ.
അങ്ങനെയാണ് ബ്ലാക്‌ബെറിക്കു പകരം നോക്കിയ നോക്കിയെടുത്തത്.
പിന്നെയല്ലേ കൈവിട്ടുപോയത് വലിയ സാധനമാണെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് രാജ്ഞിക്കു പോലും സമ്മാനമായി നല്‍കുന്ന സാധനമാണിതെന്നു മനസ്സിലായപ്പോള്‍ നിരാശ മനസ്സിനെ പിടികൂടി. കാനഡ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ബ്ലാക്‌ബെറിയുടെ പുതിയ മോഡല്‍ രാജ്ഞിക്കു സമ്മാനമായി നല്‍കിയത്. ആ വാര്‍ത്ത വായിച്ച അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
പയ്യെ പയ്യെ ബ്ലാക്‌ബെറി ഏതോ പഴമാണെന്നു കരുതി മാറി നിന്ന മല്‍ബുകള്‍ പോലും അതു സ്വന്തമാക്കിത്തുടങ്ങി.
ചെലവു ചെയ്യാന്‍ മടിച്ചല്ലേ, സമ്മാനമടിച്ച കാര്യം ആരോടും പറയാതിരുന്നത്. അതിന്റെ ഫലമെന്നു കരുതി സമാധാനിച്ചോളൂ. മനസ്സ് ആശ്വസിപ്പിച്ചു.
അടുത്ത ബെഡില്‍ കിടക്കുന്ന മല്‍ബു ബ്ലാക്‌ബെറിയില്‍ മെസേജ് അയച്ച് രസിക്കുമ്പോള്‍ ചിലപ്പോള്‍ വിഷമം വല്ലാതെ കൂടും. അപ്പോള്‍ ഒന്നു കൂടി ആ പറ്റിച്ച മല്‍ബൂനെ ശപിക്കും.
പിന്നെ ഇടക്ക് അവര്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വിറ്റു കാശാക്കാന്‍ ശ്രമിച്ചപ്പോള്‍ ദേശാഭിമാനം ഇളകുന്നതു പോലെ ആക്കിയും സമാധാനിച്ചു.
തനി തോന്ന്യാസമല്ലേ അവര്‍ ചെയ്തത്.
ഗാന്ധിജിയുടെ ചിത്രത്തിനു താഴെ ബ്ലാക്‌ബെറി എന്നെഴുതാന്‍ പാടുണ്ടായിരുന്നോ? ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോള്‍ വിദ്വേഷം പ്രകടിപ്പിച്ച വെളുത്തവരോടുള്ള അടങ്ങാത്ത രോഷത്തില്‍ ബ്ലാക്കിനോട് വെറി കാണച്ചതുകൊണ്ടൊന്നുമായിരിക്കില്ല ബ്ലാക്‌ബെറിയുടെ ഗാന്ധി പ്രേമം. ഇന്ത്യയില്‍ സാധനം വില്‍ക്കാന്‍ ഗാന്ധിജിയേക്കാള്‍ പിന്നെ ആരുണ്ടെന്ന തെറ്റിദ്ധാരണ ആയിരിക്കാം.
പരസ്യത്തില്‍ എന്തും ആകാമെന്നായിട്ടുണ്ടിപ്പോള്‍.
ഫോണ്‍ വില്‍ക്കാന്‍ ഗാന്ധിജിയെ ഉപയോഗിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ കൈയിലുള്ള ബ്ലാക്‌ബെറികളെല്ലാം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റായി കഴിവു തെളിയിച്ച മുരളിയെ വലിച്ചെറിഞ്ഞതു പോലെ ഗാന്ധിയന്മാര്‍ വലിച്ചെറിഞ്ഞുകാണുമെന്നു കരുതിയും മല്‍ബു സമാധാനിച്ചു.
ഇപ്പോള്‍ ഇതാ ശരിക്കും സമാധാനിക്കാന്‍ ഒരവസരം.
അതിലെ ഇന്റര്‍നെറ്റും മെസേജിംഗും ഒക്കെ പോയില്ലേ.. ഇനി എന്തിനുകൊള്ളാം. സാദാ ഫോണ്‍.
അപ്പോഴേ, മല്‍ബൂ ഈ നിരോധം സ്ഥായില്ല കേട്ടോ.
സ്വന്തം സെര്‍വര്‍ സ്ഥാപിച്ചോ അല്ലാതെയോ ബ്ലാക്‌ബെറി ഈ നിരോധത്തെ മറികടക്കും.
കടന്നോട്ടെടോ. നമുക്ക് വിധിച്ചിട്ടില്ല, അത്ര തന്നെ.

8/1/10

ടഫ് ആന്റ് കൂള്‍



നിസ്സാര കാര്യമാണെങ്കിലും അതെങ്ങനെ പറയുമെന്ന ആശയക്കുഴപ്പത്തിലാണ് മല്‍ബു. വ്യക്തിത്വ വികസന ക്ലാസിനു പോയതില്‍ പിന്നെയാ ഈ കുഴപ്പം. എന്തെങ്കിലും ഉച്ചരിക്കുംമുമ്പ് പത്തുവട്ടം ആലോചന.
അര മാസത്തെ ശമ്പളം എണ്ണിക്കൊടുത്തു ചേര്‍ന്ന കോഴ്‌സാണ്. അതോണ്ടിത്തിരി മെച്ചമൊക്കെയുണ്ട്. നാലാഴ്ചത്തെ ക്ലാസ് കഴിഞ്ഞതേയുള്ളൂ. അപ്പോള്‍ തന്നെ കാണാനുണ്ട് വ്യക്തിത്വത്തില്‍ നേരിയ വികസനം.
അടുത്താഴ്ചയാകട്ടെ, സാറിനോട് ഒന്നു പ്രത്യേകം ചോദിച്ചുകളയാം. ജീവിതത്തില്‍ ആദ്യമായിട്ടാണല്ലോ ഇങ്ങനെയൊരു അവസ്ഥ. മുമ്പാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. ആരോടും എന്തും വിളിച്ചു പറയാം. ഇനിയതു പറ്റില്ല. പെഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് കോച്ചിംഗിനു പോകുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഓഫീസിലായാലും റോഡിലായാലും സംസാരിക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇപ്പോള്‍ ഒരു കരുതലുണ്ട്.
മുഖവ്യായാമം തുടങ്ങിയതില്‍പിന്നെ ചിരിക്കും വന്നിട്ടുണ്ട് ഒരു ചെയിഞ്ച്. ആരും ഇങ്ങോട്ടു പറഞ്ഞില്ലെങ്കിലും സ്വന്തം ചിരി ചെകുത്താന്റേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെകുത്താനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അതിന്റെ രൂപത്തെ കുറിച്ചും ചിരിയെ കുറിച്ചും ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ടല്ലോ?
ടി.വി പരസ്യത്തില്‍ വരുന്നതുപോലുള്ള ചിരിക്കുവേണ്ടി എത്രമാത്രം ആഗ്രഹിച്ചതാണ്. ടൂത്ത് പേസ്റ്റ് മാറ്റിയാല്‍ ചിരി ശരിയാകുമെന്ന് കരുതിയത് വിഡ്ഢിത്തമായെന്ന് പിന്നീടല്ലേ മനസ്സിലായത്.
മല്‍ബി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്.
ദേ ഇതുപോലെ ചിരിച്ചൂടെ നിങ്ങള്‍ക്ക്. എന്തൊരു ചേലാ കാണാന്‍. നമുക്ക് പേസ്റ്റൊന്ന് മാറ്റാം. ആ ഖദറിന്റെ ഭാര്യ പറയുന്നതുകേട്ടു. പേസ്റ്റ് മാറ്റിയിട്ട് അവര്‍ക്ക് നല്ല മാറ്റമുണ്ടെന്ന്.
ഇന്നലെയും ഞാന്‍ ഖദറിനെ കണ്ടിരുന്നു. എന്തൊരു വെളുത്ത ചിരി. സ്ഥാനാര്‍ഥി ആയാല്‍ പോലും ഇത്ര നന്നായി ചിരിക്കാന്‍ കഴിയില്ല.
അവരുടെ പരീക്ഷണം കഴിയട്ടെയെന്നു പറഞ്ഞെങ്കിലും മല്‍ബി കാത്തുനിന്നില്ല. രണ്ട് ദിവസം മുമ്പ് എട്ടു റിയാല്‍ കൊടുത്തു വാങ്ങിയ പേസ്റ്റ് വലിച്ചെറിഞ്ഞ് പുതിയതു വാങ്ങി.
ഈ ഖദറിന്റെ ഭാര്യയെകൊണ്ടു തോറ്റു. എന്തിനും ഏതിനും ഉദാഹരണം ഇപ്പോള്‍ ഖദറിന്റെ ഭാര്യയാണ്.
നമ്മുടെ സാക്ഷാല്‍ അബ്ദുല്‍ ഖാദറിനെ മിസ്റ്റര്‍ ഖദര്‍, ഹായ് ഖദര്‍ എന്നൊക്കെ ഇംഗ്ലീഷില്‍ നേരാംവണ്ണം ഉച്ചരിച്ച് ഖദറായതൊന്നമല്ല.
ഇതു ശരിക്കും ഖദര്‍ തന്നെയാണ്, ഖാദറല്ല.
പ്രവാസിയായിട്ടും ഖദര്‍ ഉപേക്ഷിക്കാത്ത, ഉയര്‍ന്ന രാഷ്ട്രീയ ബോധംകൊണ്ടു വന്നുചേര്‍ന്ന പേരാണിത്. എല്ലാവരും സ്‌നേഹത്തോടെ വിളിച്ചു തുടങ്ങിയ പേര് നേരിയ പോരാട്ടത്തിനുശേഷമാണെങ്കിലും പ്രിയതമക്കും അംഗീകരിക്കേണ്ടിവന്നു
പിന്നെ, നിങ്ങളേ ഉള്ളൂ ഒരു രാഷ്ട്രീയക്കാരന്‍. എത്രയോ പേരെടുത്ത രാഷ്ട്രീയക്കാര്‍ ഒന്നാന്തരം സ്യൂട്ടിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വരുന്നു. നാട്ടില്‍നിന്ന് വരുന്ന നേതാക്കളോ? ആരെങ്കിലും ഈ ഒടിഞ്ഞു കുത്തുന്ന ഖദറുമിട്ടോണ്ട് വരുന്നുണ്ടോ ഇങ്ങോട്ട്.
അതൊക്കെ രാഷ്ട്രീയ പ്രയാണത്തില്‍ ഒരുഘട്ടം കഴിഞ്ഞവരാണെന്ന് പ്രിയതമയെ വിശ്വസിപ്പിക്കാന്‍ ഖദറിനു സാധിച്ചു. ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ നമുക്കും ഈ ഖദറിനോടു വിട പറയാമെന്ന വാക്കു വിശ്വസിച്ച് സമാധാനിച്ചിരിക്കുന്ന അവള്‍ ഈയിടെ ഏതോ റിസേര്‍ച്ച് വായിച്ചൂത്രെ. 30 വയസ്സ് കഴിഞ്ഞാലാണ് സ്ത്രീയുടെ യഥാര്‍ഥ സൗന്ദര്യം പ്രകടമാകുന്നതെന്നാണ് ഗവേഷണ ഫലം. അതു വായിച്ചതില്‍ പിന്നെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ഫാഷനെ കുറിച്ചും മാത്രമേ അവള്‍ക്ക് ചിന്തയുള്ളൂ. അതുകൊണ്ട് ഖദറിന് അല്‍പം തലവേദന കുറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് കട്ടപ്പാരയായീന്ന് പറഞ്ഞാല്‍ മതിയല്ലോ?
ആ ഖദറിന്റെ ഭാര്യയുടെ ശിഷ്യയാണ് ഇപ്പോള്‍ മല്‍ബി. അതുകൊണ്ടാണ് രണ്ടാമതൊന്ന് ചിന്തിക്കാതെ പേസ്റ്റ് മാറ്റം സംഭവിച്ചത്. ഇനിയെന്തൊക്കെ മാറ്റങ്ങളും പരീക്ഷണങ്ങളും വരാനിരിക്കുന്നു, കണ്ടറിയാം.
പരീക്ഷണങ്ങളുടെ ആ പണിപ്പുരയില്‍ കയറിയാണ് മല്‍ബുവിന് കാര്യം ബോധിപ്പിക്കാനുള്ളത്. സാക്ഷാല്‍ ഖദറിനോടുതന്നെ. അതു ഖദറിന്റെ മനസ്സിനെ നോവിക്കാതെ ആയിരിക്കണം. എത്ര കടുത്ത വിമര്‍ശനമായാലും കേള്‍ക്കുന്നയാള്‍ അതു മധുരത്തോടെ സ്വീകരിക്കണമെന്നാണല്ലോ വ്യക്തിത്വ വികസന പാഠം.
സൂക്ഷിച്ച് ഉപയോഗിക്കാനാണ് നാവിനുചറ്റും പല്ലുകള്‍ കൊണ്ടുള്ള കോട്ട. നാവില്‍നിന്നു വീണുപോയാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല.
ചിന്താമഗ്‌നനായിരിക്കുമ്പോള്‍ മല്‍ബി ഇടപെട്ടു.
നിങ്ങള്‍ ഇത് എന്തോന്നാ ആലോചിക്കുന്നേ. അയാളുടെ ഭാര്യ എന്തെങ്കിലുമായിക്കോട്ടെ. ഉടുത്തൊരുങ്ങി നടന്നാലെന്താന്ന്്, നമ്മുടെ നന്മയെ കരുതി അവള്‍ പറയുന്നു. ഇഷ്ടമുണ്ടെങ്കില്‍ കേട്ടാ പോരേ. നാളെ മുതല്‍ ഞാന്‍ അവളുടെ ഫോണ്‍ എടുക്കുന്നില്ല. പോരേ, സമാധാനായിട്ട് കിടന്നുറങ്ങാന്‍ നോക്ക്.
പുതിയ റോള്‍ മോഡലായ ഖദറിന്റെ ഭാര്യയെ കുറിച്ച് പരാതിപ്പെടാനാണെന്നാ മല്‍ബി ചിന്തിച്ചത്. കാര്യമതല്ലെങ്കിലും കൂട്ടത്തില്‍ അതും കിടക്കട്ടെ ബോണസ്.
എന്നാലും മല്‍ബിയോടുകൂടി ഒന്നു ചോദിച്ചു നോക്കാം.
ബിഹൈന്റ് സക്‌സസ്്ഫുള്‍ മാന്‍, ദേര്‍ ഈസ് എ വുമണ്‍ എന്നാണല്ലോ?
അങ്ങാടീന്ന് കേട്ട വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നുണ്ട്.
തന്ത ഖദറൊക്കെയിട്ടാ നടപ്പ്. മോനെ കണ്ടില്ലേ... ഇവനെന്തിനാ പിന്നെ പാന്റ്‌സും അണ്ടര്‍വെയറും ഒക്കെ വലിച്ചുകയറ്റുന്നേ? ഒന്നും ഇടാതെയങ്ങു നടന്നാപ്പോരേ? അതല്ലേ ഇതേക്കാളും നല്ല ഫാഷന്‍?
അപ്പോഴാണ് ഖദറിന്റെ മോനെ ശ്രദ്ധിച്ചത്. പിറകില്‍ അടിവസ്ത്രം പകുതിയും കാണത്തക്ക വിധത്തില്‍ പാന്റ്‌സ് താഴ്ത്തിയിരിക്കുന്നു.
ഓഹോ, ഇതാണോ വലിയ കാര്യം. മല്‍ബി തുടങ്ങി. ഇന്നലേം കൂടി ഖദറിന്റെ ഭാര്യ പറഞ്ഞതാ, മോന്റെ പാന്റ്‌സ് കയറ്റിക്കൊടുത്ത് അവളുടെ കൈ കഴഞ്ഞൂന്ന്. കുറച്ചു കഴിയുമ്പോള്‍ പിന്നേം ചെക്കന്‍ പാന്റ്‌സ് താഴ്ത്തീട്ടുണ്ടാവും.
ഈ ഫാഷന്റെ ഗുട്ടന്‍സും ഗൂഗിള്‍ വഴി അവള്‍ കണ്ടെത്തിയിട്ടുണ്ട്. ടഫ് ആന്റ് കൂള്‍ ആകാനാണത്രെ പയ്യന്മാര്‍ ഇങ്ങനെ പാന്റ്‌സിടുന്നത്. ഉഴപ്പന്മാരായി തോന്നിക്കാന്‍. ജയിലില്‍നിന്നാത്രെ ഇവര്‍ക്ക് ഇതിനു പ്രചോദനം.
ജയില്‍ പുള്ളികളുടെ ബെല്‍റ്റ് അധികൃതര്‍ വാങ്ങിവെക്കുമല്ലോ. അപ്പോള്‍ പാന്റ്‌സ് താഴോട്ടിറങ്ങിപ്പോരും. അടിവസ്ത്രം ദൃശ്യമാകും.

7/25/10

അരി, പപ്പടം, അബായ


പപ്പടം ഉണ്ടാക്കുന്നത് നേരിട്ടു കണ്ടിരുന്നെങ്കില്‍ ഇയാള്‍ ഇത്ര വാശി പിടിക്കുമായിരുന്നില്ല.
ആരെങ്കിലും കണ്ടാല്‍ എന്തൊരു മോശായിത്. ഒരു പപ്പടത്തിനുവേണ്ടി ഇങ്ങനെയുമുണ്ടോ ദുര്‍വാശി?
ഹോട്ടല്‍ കൗണ്ടറിനു മുന്നില്‍ കശപിശ തുടര്‍ന്നപ്പോള്‍ മല്‍ബുവിന്റെ കമന്റ്.
കേട്ടിരുന്നയാള്‍ പപ്പടപ്രേമിയായിരുന്നതിനാല്‍ അപ്പോള്‍ തന്നെ കിട്ടി വായടപ്പന്‍ മറുപടി.
തീന്‍ മേശയില്‍ പപ്പടം ഇല്ലാത്തതിനാല്‍ ഈ വാദപ്രതിവാദം അപ്പോള്‍ തന്നെ ശമിച്ചുവെങ്കിലും കൗണ്ടറിനു മുന്നിലെ തര്‍ക്കം ടെലിവിഷന്‍ ചാനലുകളിലെ ഉത്തരംമുട്ടിച്ചുകൊണ്ടുള്ള ചര്‍ച്ച പോലെ നീണ്ടു.
പപ്പടം തീര്‍ന്നുപോയി മാഷേ. നാളെ രണ്ടെണ്ണം അധികം എടുക്കാം, ഇന്നൊന്ന് സബൂറാക്ക്.
ഇല്ല, പപ്പടം ഇല്ലാതെ എനിക്കിത് കഴിക്കാന്‍ കഴിയില്ല. ശീലിച്ചുപോയി, അതുകൊണ്ടാ.
മാസത്തില്‍ ഇടപാട് തീര്‍ക്കുന്ന കസ്റ്റമറായതിനാല്‍ ഹോട്ടലുടമ ഒന്നുകൂടി വിനയാന്വിതനായി.
നെയ്‌ച്ചോറല്ലേ സഖാവേ, ഇത് പപ്പടം ഇല്ലാതെയും കഴിക്കാമല്ലോ? വേണമെങ്കില്‍ കുറച്ചുകൂടി അച്ചാറു തരാം.
ആദ്യം മാഷ്, ഇപ്പോള്‍ സഖാവ്. ഞാനിതു രണ്ടുമല്ല. ഞാന്‍ എങ്ങനെ കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട. പപ്പടം തന്നേ തീരൂ.
ചോറിനുകൂടെ പപ്പടം എന്റെ അവകാശമാണ്. പപ്പടം കാച്ചാന്‍ അത്രയൊന്നും സമയം വേണ്ടല്ലോ.
ഞാന്‍ എത്രവേണമെങ്കിലും കാത്തുനിന്നോളാം.
ഹോട്ടലുടമ പിന്നെയും അനുനയത്തിനു ശ്രമിച്ചെങ്കിലും പപ്പടമില്ലാതെ എന്തു നെയ്‌ച്ചോറ് എന്ന മല്‍ബുവിന്റെ വാശിക്കു മുന്നില്‍ തോറ്റു.
ജോലിക്കാരനെ വിളിച്ച് കൃത്യം രണ്ട് പപ്പടം കാച്ചി നല്‍കാന്‍ നിര്‍ദേശം നല്‍കി.
ഇത്രയുംനേരം കാത്തുനിന്ന സ്ഥിതിക്ക് പത്ത് പപ്പടമെങ്കിലും തരേണ്ടതായിരുന്നുവെന്നുപറഞ്ഞ്, ഇന്ത്യ-പാക് ചര്‍ച്ച പോലെ വഷളായ രംഗവേദിക്ക് അല്‍പം അയവു വരുത്താന്‍ കസ്റ്റമറായ മല്‍ബു ശ്രമിച്ചെങ്കിലും ഹോട്ടലുടമയായ മല്‍ബു വിട്ടുകൊടുത്തില്ല.
ചോദിച്ചുവാങ്ങിയ അവകാശമല്ലേ, രണ്ടെണ്ണം കഴിച്ചാല്‍ മതി.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.
ഉപഭോക്തൃ ബോധവല്‍ക്കരണത്തിനുവേണ്ടി നാട്ടില്‍ എന്തെല്ലാം പരിപാടി നടക്കുന്നു. എത്രയെത്ര സൊസൈറ്റികള്‍, സംഘടനകള്‍. പക്ഷേ, പ്രവാസികളെ പോലെ ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് ബോധമുള്ളവര്‍ എവിടെയുമുണ്ടാകില്ല. ഉപഭോക്താവ് ശരിക്കും ചക്രവര്‍ത്തി ആകുന്നത് ഇവിടെ തന്നെയാണ്. നാട്ടിലാകുമ്പോള്‍ അതിന്റെ അര്‍ഥം വേറെ. കിംഗിനെ പോലെ സാധനങ്ങള്‍ വാങ്ങി പോകുകയെന്നതാണ് അവിടെ അര്‍ഥം. വിലപേശാന്‍ നിന്നാല്‍ അവിടെ മാനം പോയതുതന്നെ.
പ്രവാസികളാണ് മീന്‍വിലയും കെട്ടിട നിര്‍മാണ തൊഴിലാളികളുടെ കൂലിയും കൂട്ടിയതെന്ന ഒരു ചൊല്ല് നാട്ടില്‍ പാട്ടാണെങ്കിലും ഈയിടെ മീന്‍ വാങ്ങാന്‍ പോയ മല്‍ബു നാണം കെട്ടു മടങ്ങി.
മീന്‍വില കേട്ടപ്പോള്‍ അത് നേര്‍ പകുതിയാക്കിയൊന്നു പറഞ്ഞുനോക്കിയതാ.
മീന്‍കാരി കാര്‍ക്കിച്ചു തുപ്പി.
ഇതെവിടന്നു വരികാ. ഗള്‍ഫിലെന്നും പറഞ്ഞ് ബോംബേലോ മറ്റോ ആയിരുന്നോ. ഈ വിലക്കേ… ഇതില്‍നിന്ന് ഒരു മീന്‍പോലും കിട്ടില്ല. പച്ചക്കറിയും കിട്ടില്ല. പരിപ്പ് വാങ്ങി കഴിച്ചോളൂ.
സുഗന്ധം വിതറി ഗള്‍ഫുകാരന്‍ മീന്‍ വാങ്ങാന്‍ വന്നതോടെ ചുറ്റുമുണ്ടായിരുന്നവര്‍ സ്ഥലം കാലിയാക്കിയതിനാല്‍ മീന്‍കാരിയുടെ ആട്ട് കേള്‍ക്കാന്‍ വേറെ ആരുമില്ലാതിരുന്നത് സമാധാനം.
ബംഗാളികളോടും യെമനികളോടും എത്രകാലം വില പേശിയതാ.
ഒരിക്കലും കേട്ടിട്ടില്ല ഇതുപോലെ ഒരാട്ടെന്നത് സത്യം.
ഏതു സാധനത്തിനായാലും ഒരിക്കലും പറയുന്ന വില കൊടുക്കരുതെന്ന് വിമാനമിറങ്ങി അധിക നാളു കഴിയുന്നതിനു മുമ്പുതന്നെ കൂട്ടുകാരന്‍ ഉപദേശിച്ചിരുന്നുവെങ്കിലും അനുഭവത്തിലൂടെയാണ് ആ പാഠം ശരിക്കും ഉള്‍ക്കൊണ്ടത്.
ഒരിക്കല്‍ മല്‍ബിയോടൊപ്പം അബായ വാങ്ങാന്‍ പോയതായിരുന്നു. പര്‍ദ എന്നു കേള്‍ക്കുമ്പോള്‍ ഹമീദ് ചേന്ദമംഗലൂരും എം.എന്‍. കാരശ്ശേരിയും ചാടി വീഴുന്നതിനാല്‍ മല്‍ബു ഇപ്പോള്‍ അബായ എന്നേ പറയാറുള്ളൂ.
ആദ്യത്തെ കടയില്‍ കയറിയ മല്‍ബി വില കേട്ടു ഞെട്ടി. 190 റിയാല്‍.
ഇതൊരു 80-നു കിട്ടണം.
പിന്നെ, പകുതിയിലേറെ കുറച്ചിട്ടോ?
അതൊക്കെ കിട്ടും. രണ്ടു മൂന്ന് കടകളില്‍ കയറണം. നിങ്ങള് തിരക്ക് കൂട്ടാതിരുന്നാ മാത്രം മതി. ഇത് 80-നു വാങ്ങിയിട്ടേ ഇവിടെനിന്ന് പോകുന്നൂള്ളൂ.
അധികം മെനക്കെടേണ്ട. ഒരു 150-നു കിട്ടുമോന്ന് നോക്കിക്കോ. അതിലധികമൊന്നും കുറയില്ല.
നിങ്ങള് നോക്കിക്കോ. ഇതു 80-നുതന്നെ വാങ്ങും.
കടയില്‍നിന്ന് ഇറങ്ങുമ്പോള്‍ ബംഗാളി തിരിച്ചുവിളിക്കുന്നു.
നൂറ് റിയാല്‍. വേണോ... ബംഗാളി മുറി മലയാളത്തില്‍ മൊഴിഞ്ഞു.
ങും... മല്‍ബി വിടുന്നില്ല. 80 റിയാല്‍.
വേണ്ടെന്നുപറഞ്ഞ് വീണ്ടും ഇറങ്ങാന്‍ തുടങ്ങുന്നതിനുമുമ്പ് ബംഗാളി അബായ കീസിലാക്കി കഴിഞ്ഞിരുന്നു.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ് എന്നു പറയുമ്പോള്‍ ഒന്നര റിയാലിന്റെ അരി തിരികെ നല്‍കാന്‍ നാല് റിയാല്‍ ചെലവാക്കിയ മല്‍ബുവിനെ കുറിച്ച് പറയാതെ വയ്യ.
ഒട്ടും വേവുന്നില്ല മാഷേ. ഇത് കണ്ണൂരില്‍ കൊണ്ടുപോയാല്‍ വിവാഹത്തോടൊപ്പമുള്ള ആഭാസത്തിന് ഉപയോഗിക്കാം.
അരികൊണ്ടെന്താ അവിടെ പരിപാടി.
ചക്ക ചുമന്ന്് വിവാഹവേദിയിലെത്തിയ വരന്‍ വധുവിന് വരന്‍ പഴം നല്‍കുന്ന ഏര്‍പ്പാടുണ്ട്. പഴം അരിയില്‍ മുക്കി കൊടുക്കാനാണ് വരന്റെ ചങ്ങാതിമാര്‍ കല്‍പിക്കുക. ഈ അരിയാകുമ്പോള്‍ അതിനു പറ്റിയതാണ്.
ഇതെന്തു മട്ടയാണെന്നാ പറഞ്ഞത്. പാലക്കാടന്‍ മട്ടയെന്നോ? ഇതതൊന്നമല്ല, ഉഗാണ്ടന്‍ മട്ടയോ മറ്റോ ആണ്.
ഇതാ, അരക്കിലോ കാണും. ബാക്കി തിളപ്പിച്ചുപോയി. അതുകൊണ്ട് ഇങ്ങോട്ടെടുത്തില്ല. റിയാലിങ്ങെടുക്ക്.
അല്ല, നിങ്ങളിത് മടക്കിത്തരാനായിട്ടാണോ ഇങ്ങോട്ട് പോന്നത്. കടക്കാരന് അദ്ഭുതം.
അതേ, ബസ് കയറിയിങ്ങ് പോന്നു. നാല് റിയാല്‍ പോയാലെന്താ.
ആളുകളെ ഇങ്ങനെ പറ്റിക്കാന്‍ പാടില്ലല്ലോ?
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.


Related Posts Plugin for WordPress, Blogger...