8/29/10

സൂരി പറഞ്ഞ വിദ്യ



ശുക്‌റന്‍ ഹബീബി. ഒരുപാട് നന്ദീണ്ട്‌ട്ടോ. എന്നെ ഹുണ്ടീന്നും കള്ളനോട്ടീന്നും അമേരിക്കന്‍ ഇന്റലിജന്‍സീന്നും ഒക്കെ രക്ഷിച്ചില്ലേ?
നോക്കിയേ ഇതൊക്കെയും അവിടന്നു കിട്ടിയ സമ്മാനങ്ങളാ. കൂട്ടുകാരന്‍ സൂരി ഒരു വിദ്യ പറഞ്ഞു തന്നു. അതങ്ങു പയറ്റി. പക്ഷേ എത്ര ശ്രമിച്ചിട്ടും സമ്മാനങ്ങളുടെ കൂട്ടത്തില്‍നിന്ന് ആ കിടിലന്‍ ഇങ്ങു പോന്നില്ല. എല്‍.സി.ഡി ടെലിവിഷന്‍. അതായിരുന്നു പ്രതീക്ഷ.
രണ്ട് വലിയ സഞ്ചിയിലും കൊള്ളാത്തത്ര സമ്മാനങ്ങളുമായാണ് മല്‍ബുവിന്റെ വരവ്.
ഇതെന്താ? ഏതെങ്കിലും ചാനലിന്റെ മത്സര പരിപാടിയില്‍ പങ്കെടുത്തിട്ടു വരികാണോ?
ഏയ് അതൊന്നുമല്ല. ഇത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതാ. അഞ്ച്, പത്ത് കൊല്ലായില്ലേ ഇവിടെ. ഇന്നാണ് ആദ്യായിട്ട് അതൊന്ന് ആഘോഷിച്ചത്.
എന്താ കോണ്‍സുലേറ്റില്‍ പോയി പതാക ഉയര്‍ത്താന്‍ കൂടിയോ? അവിടെ സമ്മാനങ്ങളുടെ കഥയൊന്നും കേട്ടില്ലല്ലോ.
കോണ്‍സുലേറ്റിലൊന്നും പോയില്ല. ഇത് ബാങ്കില്‍ പോയിട്ടാ ആഘോഷിച്ചത്. രണ്ടു കൂട്ടരാണല്ലോ നമ്മുടെ സ്വാതന്ത്ര്യദിനം മറക്കാതെ ഓര്‍മിക്കുന്നവര്‍. ഒന്നു ബാങ്കും മറ്റൊന്ന് ടെലികോം കമ്പനിയും.
പണമയച്ച് ആഘോഷിക്കാന്‍ ബാങ്കും കൂടുതല്‍ കൂടുതല്‍ സംസാരിച്ച് ആഘോഷം കേമമാക്കാന്‍ ടെലികോം കമ്പനിയും ഓരോ വര്‍ഷവും ആഹ്വാനം ചെയ്യുന്നു.
ആഹാ അപ്പോള്‍ ബാങ്കില്‍ പോയി അല്ലേ?
ഉം പോയി. കൈ നിറയെ സമ്മാനങ്ങളും കിട്ടി.
ആദ്യാനുഭവം തന്നെ കേമായി അല്ലേ. ഇനി ഹുണ്ടീന്നും ഇപ്പോ തന്നെ കിട്ടണം എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടു വരരുത്.
പത്രത്തില്‍ വായിച്ചില്ലേ? ഒരാള്‍ നാട്ടിലേക്ക് അയച്ച പതിനായിരം രൂപ തീവ്രവാദിക്കാണെന്ന സംശയത്തിന്റെ പേരില്‍ പിടിച്ചുവെച്ചിരിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിന്റെ ചികിത്സക്കുള്ള പണമാണ് സഹോദരന്റെ പേരില്‍ അയച്ചത്. ഉടനെ കിട്ടാന്‍ വേണ്ടി വെസ്റ്റേണ്‍ യൂണിയനെ ആശ്രയിച്ചു. വേഗം കിട്ടിയതുമില്ല, ഇനി അന്വേഷണം തീരുന്നതുവരെ കാത്തിരിക്കേം വേണം.
വാര്‍ത്ത ഞാനും വായിച്ചു. ഇനി അമേരിക്കന്‍ ഇന്റലിജന്‍സിന്റെ അന്വേഷണം കൂടി കഴിയണം അല്ലേ, പണം കിട്ടാന്‍.
അതേ, കഴിയേണ്ടിവരും. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്. നാട്ടിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും അതിലേക്ക് പണമയക്കാനും മാത്രം സമയമില്ല. ഇത് ഒരു കഥ. മറ്റൊരു മല്‍ബു അക്കൗണ്ട് തുടങ്ങാന്‍ തയാറായത് ഹുണ്ടിക്കാരന്‍ വീട്ടില്‍ കള്ളനോട്ട് എത്തിച്ചപ്പോഴാണ്. റിയാല്‍ ഇവിടെ രണ്ട് ദിവസം കഴിഞ്ഞു കൊടുത്താല്‍ മതി, മല്‍ബിക്ക് ബാങ്കില്‍ പോകേണ്ട... അങ്ങനെ പല ന്യായങ്ങളാണ് മല്‍ബു നിരത്തിയിരുന്നത്.
അവസാനം ഹുണ്ടിക്കാരന്‍ കൊടുത്ത അഞ്ഞൂറുകളുമായി മല്‍ബി ജ്വല്ലറിയില്‍ ചെന്നപ്പോള്‍ മൂന്നെണ്ണം കള്ളനോട്ട്. പരിചയക്കാരുടെ ജ്വല്ലറി ആയതിനാല്‍ പോലീസും കേസും ആയില്ല. ഇല്ലെങ്കില്‍ അമേരിക്കന്‍ ഇന്റലിജന്‍സിനേക്കാളും വലിയ അന്വേഷണം ആയേനെ.
ശരിയാണ്, ഞാന്‍ ഇപ്പോള്‍ കാണുന്നവരോടൊക്കെ പറയാറുണ്ട്. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. നാട്ടിലെ ബാങ്കില്‍ ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് തുടങ്ങിക്കൂടേ? അയക്കുന്ന തുകക്കൊക്കെ ഒരു റെക്കോര്‍ഡ് ആകും. ഏത് തരത്തിലുള്ള അന്വേഷണം വന്നാലും പ്രശ്്‌നവുമില്ല. പിന്നെ ഹുണ്ടിക്കാരന്റെ റേറ്റിനേക്കാള്‍ നല്ല റേറ്റ് കിട്ടുകേം ചെയ്യും. ഇതൊക്കെ കേട്ടിട്ട് എന്നെ പോലെ പല മടിയന്‍ മല്‍ബുകളും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങുന്നുണ്ട്.
വേറേം ഒരു ഗുണമുണ്ട് കേട്ടോ. അതും ഒരു ഗുണം തന്നെയാണ്.
എന്താ അത്?
ഞാന്‍ ഇതാ വെസ്‌റ്റേണ്‍ യൂണിയനില്‍ കാത്തു നില്‍ക്കുവാണ്. നീ ഉടനെ പണം അയക്കൂ, എന്നിട്ട് കോഡ് വിളിച്ചു പറയൂ എന്നു പറയുന്നവരോട് അയ്യോ അതു പറ്റില്ല. ബാങ്ക് അക്കൗണ്ടിലേക്കേ അയക്കാന്‍ പറ്റൂ. രണ്ട് ദിവസം ക്ഷമിക്കൂ എന്നെങ്കിലും പറയാമല്ലോ?
ആഹാ... അതും ഒരു ഐഡിയാ. അത്യാവശ്യമാണെങ്കില്‍ വേറെ വഴി നോക്കിക്കൊള്ളുമല്ലോ?
വേറെ വഴി നോക്കാനൊന്നും സാധ്യതയില്ല. പത്ത് ദിവസം വേണമെങ്കിലും കാത്തുനിന്നോളും. ആട്ടെ, എങ്ങനാ ഇത്രയും സമ്മാനങ്ങള്‍ കിട്ടിയത്?
എ.ടി.എം വഴി പണം അയക്കാന്‍ സൗകര്യമുള്ള ബാങ്കിലാ പോയത്. നമുക്ക് തന്നെ മെഷീനില്‍ പണമിട്ട് കിട്ടേണ്ട ആളെ സെലക്ട് ചെയ്ത് അപ്പോള്‍ തന്നെ പണമയക്കാം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചാര്‍ജ് ഫ്രീ ആയിരുന്നു. പണമയച്ചാല്‍ കാര്‍ഡ് ചുരണ്ടി സമ്മാനവും. രണ്ട് മൂന്ന് തവണ പണം അയച്ച് ചുരണ്ടി സമ്മാനം ലഭിക്കുന്നതു കണ്ടപ്പോ കൂടെ ഉണ്ടായിരുന്ന സിറിയന്‍ കൂട്ടുകാരന്‍ പറഞ്ഞു. എന്തിനാ ആയിരം വീതം അയക്കുന്നത്? 200 വീതം അയച്ചാല്‍ സമ്മാനങ്ങള്‍ക്ക് കൂടുതല്‍ ചാന്‍സ്. അങ്ങനെ 200 വീതം അയച്ചിട്ടാ ഇത്രേം സമ്മാനങ്ങള്‍ കിട്ടിയത്. ഓരോ തവണയും ആ എല്‍.സി.ഡിയായിരിക്കണേ എന്നു തന്നെയായിരുന്നു പ്രാര്‍ഥന.
അപ്പോള്‍ രണ്ട് ലക്ഷം രൂപക്കുള്ള 16,000 റിയാല്‍ അയച്ചപ്പോള്‍ 80 സ്ക്രാച്ച് ആന്റ് വിന്‍ ചാന്‍സ് കിട്ടി അല്ലേ. ഇതു സൂരി പറഞ്ഞുതന്ന വിദ്യയാണോ അതോ മല്‍ബൂന്റെ സ്വന്തം ബുദ്ധിയില്‍ തോന്നിയതോ?
ആയിരം വീതം അയക്കാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് 200 ആക്കിയതിന്റെ ക്രെഡിറ്റ് സൂരിക്ക് തന്നെ.

8/22/10

തിരക്കിലൊരു കൂട്ട്



അറവു തന്നെ അറവ്. എയര്‍ ഇന്ത്യയെ പോലെ തന്നെയായി ടാക്‌സികളും അല്ലേ?
മല്‍ബുവിന്റെ ആത്മഗതം തൊട്ടടുത്തുനിന്നിരുന്നയാളുടെ കാതില്‍ ചെന്നു തറച്ചു.
തുറിച്ചു നോക്കിയ അയാള്‍ ചെവിയില്‍ ബ്ലൂ ടൂത്ത് ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇങ്ങനെ മൊഴിഞ്ഞു.
അതേ അതേ, രക്ഷയില്ല. ശരിക്കും കൊള്ളയല്ലേ ഇത്.
പത്ത് റിയാലിനാ ഇങ്ങോട്ട് പോന്നത്. ഇപ്പോ ചോദിക്കുന്നത് നാല്‍പതും അമ്പതും. തിരക്ക് കുറഞ്ഞാനിരക്ക് കുറയൂന്ന് കരുതി കുറച്ചുനേരം കാത്തുനിന്നതാ ഞാന്‍. വന്ന ഉടനെ 25 റിയാലിന് ഒന്നു രണ്ട് വണ്ടിഉണ്ടായിരുന്നു.
മക്കയിലെ രാത്രി നമസ്കാരവും കഴിഞ്ഞ് ജിദ്ദയിലേക്കുള്ള വണ്ടി കാത്തിരിക്കയാണ് ഇരുവരും. തിരക്കൊന്നൊഴിഞ്ഞാല്‍ ചാര്‍ജ് ഇത്തിരി കുറയുമെന്ന രണ്ടു പേരുടേയും പ്രതീക്ഷകള്‍ തെറ്റി. തുല്യദുഃഖിതര്‍ ഉടന്‍ കൂട്ടുകാരായി.
വിശുദ്ധ ഹറമിന് അഭിമുഖമായി പുതുതായി സ്ഥാപിച്ച വലിയ ഘടികാരത്തിലെ സൂചിനീങ്ങുന്നതിനനുസരിച്ച്് ടാക്‌സി നിരക്ക് കൂടിക്കൂടി വരികയാണ്. തിരക്കിനല്ല, സമയത്തിനാണ് ഇപ്പോള്‍വില.
ടാക്‌സികളും എയര്‍ ഇന്ത്യയെ പോലെ ആയീന്ന്് നിങ്ങള്‍ പറഞ്ഞപ്പോള്‍ എന്നോടാന്ന് നിരീച്ചില്ലാട്ടോ?
ബ്ലൂ ടൂത്തുണ്ടോന്നാ ഞാന്‍ ആദ്യം നോക്കീത്. ഇങ്ങോട്ട് പോരുമ്പോള്‍ ഒരു അമളി പറ്റീതാ.
എന്താ സംഭവിച്ചത്?

പിറകീന്ന് ഒരാള് സലാം ചൊല്ലി. തിരിഞ്ഞു നോക്കി സലാം മടക്കിയപ്പോള്‍ അയാള്‍ ഏതോ ഭാഗത്തുനോക്കി നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു കൊച്ചു ഹെഡ് ഫോണ്‍ അയാളുടെ ചെവിയില്‍.

അത് പലര്‍ക്കും പറ്റുന്നതാ. ചിലപ്പോള്‍ നമുക്ക് പിച്ചും പേയുമായി തോന്നും. ഈയിടെ ഒരാള്‍പറയുന്നത് കേട്ടതാ. അഞ്ച് കപ്പല്‍ വരേണ്ട സ്ഥാനത്ത് രണ്ട് കപ്പലേ വന്നുള്ളൂന്ന്. ഇറാനെആക്രമിക്കാന്‍ വരുന്ന യുദ്ധക്കപ്പലാണോ ചൈനയില്‍നിന്ന് ഡ്യപ്ലിക്കേറ്റുമായി വരുന്ന കപ്പലാണോ. അല്ലാഹു അഅ്‌ലം.
ഞാന്‍ പിന്നെ വെറുതെ അങ്ങ് കാച്ചീതാ. കൂട്ടത്തില്‍ ഒന്നല്ല, ഒരു പത്ത് മല്‍ബുവിനെയെങ്കിലുംചുരുങ്ങിയതു പ്രതീക്ഷിക്കാം. എല്ലാരും തിരക്ക് കുറയാന്‍ കാത്തിരിക്കുവല്ലേ.

ഏതായാലും നിങ്ങളാ കൊത്തീത്. എന്താ പറഞ്ഞത് ശരിയല്ലേ, എയര്‍ ഇന്ത്യയും ഇങ്ങനെ തന്നെയല്ലേചെയ്യുന്നത്.

കാറ്റുള്ളപ്പോള്‍ തൂറ്റുക. തിരക്കുള്ള സീസണില്‍ അവര്‍ കഴുത്തറക്കുന്നു. ബഹിഷ്കരിക്കണം എന്നൊക്കെനമ്മള്‍ പറയുമെങ്കിലും തിരക്കുകൂട്ടാന്‍ നമ്മള്‍ തന്നെയല്ലേ മുന്നില്‍.

ങാ.. അതു ശരി തന്നെയാ. എല്ലാവര്‍ക്കും വേഗം നാട്ടിലെത്തണം. പിന്നെ എന്തു ബഹിഷ്കരണം.
ഇനിയിപ്പോ ചാര്‍ജ് കുറഞ്ഞിട്ട് ജിദ്ദയിലെത്തൂന്ന് തോന്നുന്നില്ല. ആദ്യം 25 ആയിരുന്നു. ഇപ്പോള്‍ ഇതാകൂടിക്കൂടി 50 ലെത്തിയിരിക്കുന്നു.
നമുക്ക് ഒരു വണ്ടി സ്‌പെഷല്‍ വിളിച്ചു പോയാലോ? നമ്മള്‍ രണ്ട് പേരായി. ബാക്കി എട്ടുപേരെ കൂടിഎന്തായാലും കിട്ടും. ജിദ്ദ ജിദ്ദ അശ്‌റ റിയാല്‍ എന്നുവിളിച്ചാല്‍ മതി. ആളുകള്‍ ചുറ്റും കൂടും.
അങ്ങനെ സ്‌പെഷല്‍ പോയാലും ചാര്‍ജ് കുറയൂന്നൊന്നും പറയാന്‍ പറ്റില്ല.
എന്നാലും വെറുതെയൊന്ന് ചോദിച്ചു നോക്കാലോ? നമ്പൂതിരി പറഞ്ഞതു പോലെ എന്തേലും കാരണംപറയാം.
ങേ, നമ്പൂരി ഇങ്ങോട്ട് വര്വേ.
എന്താ നമ്മളൊക്കെ പണ്ട് നമ്പൂരീം നായരും ചെറുമനും ഒക്കെ തന്നെ ആയിരുന്നില്ലേ. എന്റെ ഒരുചങ്ങാതീണ്ട്. അവന്‍ എഴുതേം പറയേം ഒക്കെ ചെയ്യുക അന്‍സാര്‍ നായരെന്നാ. അവന്റെ വാപ്പാന്റെവാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പ നായര്‍ ആയിരുന്നാത്രെ വിശ്വാസം.
ആട്ടെ എന്താ നമ്പൂരി പറഞ്ഞത്.

ഒരിക്കല്‍ ഒരു നമ്പൂരി കിതച്ചോണ്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. നേരെ സ്‌റ്റേഷന്‍ മാസ്്റ്ററുടെമുറിയിലേക്ക് കയറിയ നമ്പൂതിരി ചോദിച്ചു.
ഇപ്പോള്‍ തെക്കോട്ട് വണ്ടിയുണ്ടോ?
ഇല്ലല്ലോ. സ്‌റ്റേഷന്‍ മാസ്റ്ററുടെ മറുപടി.
അപ്പോ. വടക്കോട്ട് ഉണ്ടാകുമല്ലേ. നമ്പൂതിരിയുടെ അടുത്ത ചോദ്യം.
വടക്കോട്ടും വണ്ടിയില്ല. അല്ല, നമ്പൂതിരിക്കിതെങ്ങോട്ടാ പോകേണ്ടത്.
എങ്ങോട്ടുല്ല്യാ. ഒന്നപ്പുറം കടക്കാന്‍ വേണ്ട്യാ.
നമ്പൂതിരീടെ ഐഡിയ കൊള്ളാലോ അല്ലേ. ശരിയാ ഇതു പോലെ എന്തേലും ടാക്‌സിക്കാരനോടുംപറയാം.
ദേ വണ്ടിക്കാരനോട് ചോദിച്ചു നോക്കാം. ഒരു പത്താള്‍ക്ക് സുഖായിട്ട് പോകാം. പിറകില്‍ വരെതണുപ്പ് കിട്ടുകേം ചെയ്യും.
തണുപ്പിന്റെ കാര്യം പറഞ്ഞപ്പോഴാ. ഇന്നൊരു മല്‍ബു മറ്റൊരു മല്‍ബൂനോട് പറയാണേ. തവാഫൊക്കെകഴിഞ്ഞ് രണ്ടുപേരും മാര്‍ബിള്‍ തറയില്‍ ഇത്തിരി വിശ്രമിക്കാരുന്നു.
നല്ല ചൂടാണെങ്കിലും തറ നല്ല തുണുപ്പാണല്ലേ?
അതു പിന്നെ താഴെ മുഴുവന്‍ പെട്ടിത്തല്ലാജ് വെച്ച് തണുപ്പിക്കുന്നതല്ലേ?
പെട്ടിത്തല്ലാജോ. എന്താത്. അതേന്നെ കടകളിലൊക്കെ കാണുന്നില്ലേ, ചിക്കനും മറ്റും സ്റ്റോര്‍ചെയ്യുന്ന ഫ്രീസര്‍.
നമ്പൂതിരീനെ കടത്തി വെട്ടീട്ടോ. വാട്ട് ആന്‍ ഐഡിയ മല്‍ബു.
ഉം ഏതായാലും വണ്ടിക്കാരനോട് ചോദിക്ക്്.
പത്ത് പേരെ കൊള്ളും അല്ലേ.
പിന്നെ ഒട്ടും സംശയിക്കേണ്ട. അത്രേം ആളെ കിട്ടിയാ മതി.
അശ്രദ്ധനായി ഇരിക്കുകയായിരുന്ന ഡ്രൈവറുടെ അടുത്തെത്തി.
കം ഫുലൂസ് യാ അഹീ ജിദ്ദ. ജിദ്ദയിലേക്ക് പോകാന്‍ എത്രയാ ചാര്‍ജ് സഹോദരാ.
ഹംസീന്‍ റിയാല്‍. 50 റിയാല്‍.
സ്‌പെഷല്‍ കം. സ്്‌പെഷലായിട്ട് പോകാന്‍ എത്രയാ.
സിത്ത മിയ. യാള്ള. 600 റിയാല്‍ വാ പോകാം.
600 റിയാല്‍ അപ്പോള്‍ ഒരാള്‍ക്ക് 60 റിയാല്‍.
മല്‍ബുവിന്റെ ആത്മഗതം വീണ്ടും ഉച്ചത്തിലായപ്പോള്‍ പിടി കിട്ടിയ ഡ്രൈവര്‍.
കം നഫര്‍ ..ഇന്‍ത അശറ. നിങ്ങള്‍ എത്ര പേരാ. പത്താണോ.
യാള്ള. മാഫി മുശ്കില. ഹംസ മിയ ആഖിര്‍.
കുഴപ്പോല്ല. കയറിക്കോ. 500 തന്നാ മതി.
ലാ ഹബീബി ലാ..
ങാ.. എത്ര കുറയൂന്ന് നോക്കീതാ. 100 കുറച്ചു അല്ലേ. കൊച്ചുകള്ളന്‍.




8/16/10

കുക്കിന്റെ തിരോധാനം


കണ്ടില്ലേ ഒരു ജാഥ.
മുന്നില്‍ ചൊങ്കന്‍ തൊപ്പി വെച്ചു പോകുന്നയാളാ നേതാവ്. അതേ, മല്‍ബുതന്നെ.
ഹെയര്‍ ഫിക്‌സിംഗുകാര്‍ക്ക് വെല്ലുവിളിയാണ് ഈ തൊപ്പി.
മിന്നിത്തിളങ്ങുന്ന കഷണ്ടിയുള്ളവരോടൊക്കെ മല്‍ബു ചോദിക്കും: ഇതുപോലൊരു തൊപ്പി വാങ്ങി വെച്ചൂടേ?
എന്നെ കണ്ടില്ലേ, തൊപ്പി ഒരിക്കലും തലയില്‍നിന്ന് എടുക്കാറില്ല.

അത്ര പ്രയാസമാണെങ്കില്‍ ഹെയര്‍ ഫിക്‌സിംഗില്‍ പോയി മുടി വെച്ചൂടേ എന്നു ചോദിച്ചാല്‍, ഏയ് അതിന്റെയൊന്നും ആവശ്യമില്ല എന്നായിരിക്കും മല്‍ബുവിന്റെ മറുപടി.
ഈ തൊപ്പി വെച്ചാല്‍ എനിക്ക് ഇത്രേം പോന്ന കഷണ്ടിയുണ്ടെന്ന് ആരെങ്കിലും പറയുമോ? ഹെയര്‍ ഫിക്‌സിംഗുകാര്‍ പലരും ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്തതാ. പക്ഷേ ഞാന്‍ പോയില്ല. ഈ തൊപ്പി തന്നെ എന്റെ അടയാളം. ഇനിയിപ്പോ രൂപമാറ്റം സംഭവിച്ചാല്‍ പിന്നെ മല്‍ബിക്കുപോലും തിരിച്ചറിയാന്‍ പറ്റാതാവും.

ജാഥ നയിക്കുന്നത് നേതാവായിട്ടൊന്നുമല്ല കേട്ടോ.
പ്രതിയായിക്കൊണ്ടാണ് ഈ നടപ്പ്. ഓരോരുത്തരെ പിടിക്കുമ്പോഴും പോലീസുകാര്‍ പറയാറുള്ളതുപോലെ മുഖ്യ പ്രതി തന്നെ.
ഇങ്ങനെ പ്രതിസ്ഥാനത്ത് എത്തിപ്പെട്ടതിനു പിന്നിലൊരു കഥയുണ്ട്. മല്‍ബുകള്‍ക്ക് കുക്കിനെ ഏര്പ്പെടുത്തിക്കൊടുത്തതിനെ തുടര്‍ന്നാണ് ഈ ദുര്‍ഗതി. മല്‍ബുകള്‍ക്ക് ഫുഡ് ഉണ്ടാക്കുന്നത്
തിരക്കേറിയ മദീനാ റോഡ് മുറിച്ചുകടക്കുന്നതിനു തുല്യമാണെന്ന് കുക്കുകള്‍ക്കിടയിലൊരു ചൊല്ലുണ്ട്.
ഈ ചൊല്ലിനെ അന്വര്‍ഥമാക്കിക്കൊണ്ട് ബാച്ചിലര്‍ റൂമുകളിലേക്കിപ്പോള്‍ കുക്കിനെ കിട്ടാതായിട്ടുണ്ട്. ചൊല്ല് കൊണ്ടൊന്നുമല്ല, വിരലടയാളം വന്നതിനുശേഷം, നാട്ടില്‍നിന്നുള്ള റിഹേഴ്‌സല്‍ യാത്ര ആളുകള്‍ അവസാനിപ്പിച്ചതിനാലാണെന്നാണ് വിദഗ്ധാഭിപ്രായം.

ഉംറ വിസയിലെത്തി, ഒന്നോ രണ്ടോ വര്‍ഷം ഏലാക്കിയശേഷം തൊഴില്‍ വിസ നേടുന്ന ഏര്‍പ്പാടില്‍ വലിയ മാറ്റം വന്നതോടെ, ഫ്രീ വിസയെന്ന തൊഴില്‍വിസയുടെ നിരക്ക് കുത്തനെ കൂടുകയും ചെയ്തു.

കുക്കിനെ കുറിച്ച് പരാതിപ്പെട്ട് പരാതിപ്പെട്ട് മല്‍ബു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെയാണ്, കുറേ കാലായല്ലോ ഇങ്ങനെ പരാതിപ്പെടാന്‍ തുടങ്ങിയിട്ട്, എന്നാ നീ പോയി നല്ല ഒരു കുക്കിനെ കൊണ്ടുവാ എന്ന് റൂം മേറ്റുകള്‍ എല്ലാവരുംകൂടി പറഞ്ഞത്.

താളിപ്പിനെ ശപിച്ചതിനുള്ള ശിക്ഷ.
കഴിഞ്ഞ കൊല്ലത്തെ നോമ്പിന് അത്താഴത്തിനുണ്ടാക്കിയിരുന്ന താളിപ്പിനെയായിരുന്നു ഏറ്റവും കൂടുതല്‍ ശപിച്ചത്. താളിപ്പല്ലാതെ കുക്കിനു മറ്റൊന്നും ഉണ്ടാക്കാനറിയാത്തതുകൊണ്ടല്ല, ഭൂരിപക്ഷം താളിപ്പുകാരായിപ്പോയി. ജനാധിപത്യത്തിന്റെ വിജയം.

പകല്‍ മുഴുവന്‍ കാലിയാക്കിയിടേണ്ട വയറ്റില്‍ പുലര്‍ച്ചെതന്നെ മസാലകള്‍ അടിച്ചുകയറ്റേണ്ടെന്നും മായമില്ലാത്ത വെറും താളിപ്പാണ് ഏറ്റവും ഉചിതമെന്നുമുള്ള വാദം വിജയിച്ചു. അപ്പോള്‍ പിന്നെ എരിവോ പുളിയോ ഉപ്പോ ഇല്ലാത്ത താളിപ്പിനെ ഒന്നു ശപിച്ചിട്ടായാലും കുക്കിനെ ഒന്നു കുറ്റപ്പെടുത്തിയിട്ടായാലും ചോറ് വാരി വിഴുങ്ങുക തന്നെ. ജനാധിപത്യത്തെ പഴിക്കാന്‍ തോന്നിയ നിമിഷങ്ങള്‍.

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് മല്‍ബു സ്വന്തം നാട്ടുകാരനായ കുക്കിനെ തന്നെ തെരഞ്ഞുകണ്ടു പിടിച്ചു.
താളിപ്പുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാലും, നമ്മള്‍ ഒരേ നാട്ടുകാരാണെന്ന കാര്യം മറക്കരുതെന്ന് രണ്ടുമാസം മുമ്പേ ശട്ടം കെട്ടി.
അതായത് അവര്‍ക്ക് താളിപ്പുണ്ടാക്കിയാലും നമുക്ക് കണ്ണൂര്‍ മോഡല്‍ തേങ്ങയരച്ച കറിയുണ്ടാക്കണം. തേങ്ങ എല്ലായിടത്തും അരയ്ക്കുമെങ്കിലും കണ്ണൂരില്‍ അങ്ങനെയുമൊരു മോഡലുണ്ട്.

അങ്ങനെ റമദാന്‍ അമ്പിളിയെ കാത്തിരിക്കെ, കുക്ക് മുങ്ങി.
പുണ്യമാസത്തില്‍ ഫ്‌ളാറ്റിലെ താമസക്കാരുടെയൊക്കെ പതിന്മടങ്ങ് അതൃപ്തി വാങ്ങിയുള്ള ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ സാക്ഷാല്‍ മല്‍ബു തന്നെ.

വിസയെടുക്കാന്‍ നാട്ടില്‍ പണ്ടം പണയം വെച്ചതും അതിനു മാസാമാസം പലിശയടക്കുന്നതുമൊക്കെ കുക്ക് വിശദീകരിക്കുന്നതു കേട്ടപ്പോള്‍ സ്വാഭാവികമായ ഒരു ആശയം മുന്നോട്ടുവെച്ചതായിരുന്നു മല്‍ബു.
എന്നാല്‍ ഒരു ചിട്ടി തുടങ്ങിക്കിട്ടുന്ന ആദ്യ നറുക്കുകൊണ്ട് പണ്ടം തിരിച്ചെടുത്തുകൂടേ?

അങ്ങനെയാണ് കുക്ക് കുറി തുടങ്ങിയതും ആദ്യ നറുക്കില്‍ പണ്ടം തിരിച്ചെടുത്തതും രണ്ടാം നറുക്കുമായി മുങ്ങിയതും.

നാട്ടുകാരന്‍ കുക്ക് മുങ്ങിയതിന്റെ പഴി സ്വാഭാവികമായും ഏറ്റെടുക്കാന്‍ അയാളെ ഏര്‍പ്പാടാക്കിയ ആളെന്ന നിലക്ക് മല്‍ബു ബാധ്യസ്ഥനാണ്. അങ്ങനെയാണ് മുഖ്യ പ്രതി നായകനായത്. ആളുകളെ നയിക്കാനുള്ള ഈ നിയോഗം.

നോമ്പ് കാലമാണല്ലോ. ജോലി കഴിഞ്ഞ് തളര്‍ന്നെത്തിയ ആര്‍ക്കും അടുക്കളയില്‍ കയറാന്‍ കഴിയില്ല എന്ന പരമാര്‍ഥമാണ് ജാഥയായി പരിണമിച്ച് നോമ്പുതുറക്കായി ഏറ്റവും അടുത്തുള്ള പള്ളികളിലേക്ക് നീങ്ങുന്നത്.

മുറിയിലിരുന്ന് വാരിവലിച്ചുതിന്നാന്‍ സമയം കളയാതെ യഥാസമയം സംഘടിത പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നുവെന്നത് പള്ളിയിലെ നോമ്പുതുറ പുണ്യത്തിന്റെ മറ്റൊരു നേട്ടമെന്ന് വിവരിച്ചുകൊണ്ട് ഇതാ മറ്റൊരു ചെറു ജാഥ നയിച്ചുകൊണ്ട് വേറൊരു മല്‍ബു.

ചുറ്റും നോക്കിക്കേ, കൊച്ചുകൊച്ചു ജാഥകള്‍.

8/8/10

ബ്ലാക്‌ബെറി ചിന്തകള്‍


ബ്രിട്ടീഷ് രാജ്ഞിക്കു ലഭിച്ച സമ്മാനമാണ് തനിക്കും അടിച്ചതെന്ന് മല്‍ബു അറിഞ്ഞിരുന്നില്ല. കോടിക്കണക്കിനു പൗണ്ട് സമ്മാനമടിച്ചുവെന്നും ഉടന്‍ അക്കൗണ്ട് തുടങ്ങണമെന്നും
ആവശ്യപ്പെട്ടുവരുന്ന ഇ-മെയിലുകളും എസ്.എം.എസുകളുമല്ല. ഇതു റിയല്‍ സമ്മാനം തന്നെയായിരുന്നു.
കിട്ടേണ്ടതു കിട്ടിയില്ല എന്നു മാത്രം.
അതും നാട്ടുകാരനായ ഒരു മല്‍ബുവാണല്ലോ ചതിച്ചതെന്നോര്‍ക്കുമ്പോഴായിരുന്നു കൂടുതല്‍ വിഷമം. ഒരു പാക്കിസ്ഥാനിയോ ബംഗാളിയോ ആണെങ്കില്‍ എന്തായാലും ഇത്ര സങ്കടം വരില്ല.
എവിടെ ചെന്നാലും മല്‍ബുവിന്റെ കട തേടി നടക്കുക ഒരു ശീലമായിരുന്നു.
നല്ലതേതെന്നു ചോദിച്ചു വാങ്ങാം, വലിയ ഡിസ്‌കൗണ്ടൊന്നും ലഭിച്ചില്ലെങ്കിലും കഴുത്തറുക്കില്ല, ഇങ്ങനെ പല ഗുണങ്ങള്‍ പ്രതീക്ഷിച്ചായിരുന്നു അത്.
എന്നാല്‍ മല്‍ബുവിനു മല്‍ബു തന്നെയാ പാര എന്ന് ആരോ പറഞ്ഞത് എത്രയോ ശരി.
പക്ഷേ പരാജയം വിജയത്തിനു മുന്നോടിയാണെന്ന്് കേട്ടിട്ടില്ലേ?
ഇതാ നോക്കിയേ, വാര്‍ത്ത കണ്ടോ? റൂം മേറ്റ് പയ്യന്‍ പത്രം നിവര്‍ത്തിക്കോണ്ട് പറഞ്ഞു.
ശരിയാണല്ലോ സംഗതി നിരോധം തന്നെ.
ബ്ലാക്‌ബെറി സര്‍വീസുകള്‍ നിരോധിക്കുന്നു.
ഇതാ പറഞ്ഞത് നമ്മള്‍ നേരെയാണെങ്കില്‍ ഒരാള്‍ക്കും കബളിപ്പിക്കാനാവില്ല. എവിടെയും കുടുങ്ങില്ല. അന്നവന്‍ പറ്റിച്ചത് ഇപ്പോള്‍ തുണയായതു കണ്ടില്ലേ.
അന്ന് ബ്ലാക്‌ബെറിയെന്നു കേട്ടു തുടങ്ങിയിട്ടേയുള്ളൂ. സ്‌ട്രോബറി പോലെ ഏതോ പഴമായിരിക്കുമെന്നു ധരിച്ചവര്‍ പോലുമുണ്ട്. ബ്ലാക് ബെറി തിന്നാല്‍ ബ്ലൂ ടൂത്താകുമെന്ന തമാശ പോലും തിരിച്ചറിഞ്ഞില്ല. ഈ പഴം തിന്നാല്‍ ശരിക്കും പല്ല് നീലയാകുമെന്നായി വിശ്വാസം.
ബ്ലാക്‌ബെറി സമ്മാനം വാങ്ങാന്‍ ചെന്നപ്പോള്‍ അവിടെ ഒരു മല്‍ബു.
സന്തോഷമായി. ഞാന്‍ ഇങ്ങനെ നോക്കുവാരുന്നു. ഒരു മല്‍ബുവിനെയെങ്കിലും കാണാതിരിക്കില്ലെന്ന് മനസ്സു പറഞ്ഞു.
പിന്നെ മല്‍ബുവില്ലാത്ത ഇടമുണ്ടോ ഈ ഭൂലോകത്ത്?
ഇതാ കണ്ടോ, എനിക്ക് ബ്ലാക്‌ബെറി അടിച്ചിട്ടുണ്ട്. റൂമിലാരോടും പറഞ്ഞിട്ടില്ല. അവര്‍ ഇതിന്റെ വിലയേക്കാള്‍ എന്നെക്കൊണ്ട് ചെലവു ചെയ്യിക്കും. ഇന്നാളൊരു നൂറു റിയാലടിച്ചപ്പോ ചെലവായത് 150 റിയാല്‍.
ഈ ഫോണിനെ കുറിച്ച് കൂടുതെലാന്നും അറിയില്ല. എങ്ങനാ സാധാനം കൊള്ളാമോ?
ഓ.. അതൊന്നിനും കൊള്ളില്ല. പകരം നോക്കിയ എടുത്തോളൂ. അതിനല്ലേ മാര്‍ക്കറ്റ്. എപ്പോള്‍ വിറ്റാലും വില കിട്ടും.
നോക്കിയയെ മറികടക്കാന്‍ ഒരു ബ്രാന്റും വരില്ല. അതുറപ്പാ.
അങ്ങനെയാണ് ബ്ലാക്‌ബെറിക്കു പകരം നോക്കിയ നോക്കിയെടുത്തത്.
പിന്നെയല്ലേ കൈവിട്ടുപോയത് വലിയ സാധനമാണെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് രാജ്ഞിക്കു പോലും സമ്മാനമായി നല്‍കുന്ന സാധനമാണിതെന്നു മനസ്സിലായപ്പോള്‍ നിരാശ മനസ്സിനെ പിടികൂടി. കാനഡ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ബ്ലാക്‌ബെറിയുടെ പുതിയ മോഡല്‍ രാജ്ഞിക്കു സമ്മാനമായി നല്‍കിയത്. ആ വാര്‍ത്ത വായിച്ച അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
പയ്യെ പയ്യെ ബ്ലാക്‌ബെറി ഏതോ പഴമാണെന്നു കരുതി മാറി നിന്ന മല്‍ബുകള്‍ പോലും അതു സ്വന്തമാക്കിത്തുടങ്ങി.
ചെലവു ചെയ്യാന്‍ മടിച്ചല്ലേ, സമ്മാനമടിച്ച കാര്യം ആരോടും പറയാതിരുന്നത്. അതിന്റെ ഫലമെന്നു കരുതി സമാധാനിച്ചോളൂ. മനസ്സ് ആശ്വസിപ്പിച്ചു.
അടുത്ത ബെഡില്‍ കിടക്കുന്ന മല്‍ബു ബ്ലാക്‌ബെറിയില്‍ മെസേജ് അയച്ച് രസിക്കുമ്പോള്‍ ചിലപ്പോള്‍ വിഷമം വല്ലാതെ കൂടും. അപ്പോള്‍ ഒന്നു കൂടി ആ പറ്റിച്ച മല്‍ബൂനെ ശപിക്കും.
പിന്നെ ഇടക്ക് അവര്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വിറ്റു കാശാക്കാന്‍ ശ്രമിച്ചപ്പോള്‍ ദേശാഭിമാനം ഇളകുന്നതു പോലെ ആക്കിയും സമാധാനിച്ചു.
തനി തോന്ന്യാസമല്ലേ അവര്‍ ചെയ്തത്.
ഗാന്ധിജിയുടെ ചിത്രത്തിനു താഴെ ബ്ലാക്‌ബെറി എന്നെഴുതാന്‍ പാടുണ്ടായിരുന്നോ? ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോള്‍ വിദ്വേഷം പ്രകടിപ്പിച്ച വെളുത്തവരോടുള്ള അടങ്ങാത്ത രോഷത്തില്‍ ബ്ലാക്കിനോട് വെറി കാണച്ചതുകൊണ്ടൊന്നുമായിരിക്കില്ല ബ്ലാക്‌ബെറിയുടെ ഗാന്ധി പ്രേമം. ഇന്ത്യയില്‍ സാധനം വില്‍ക്കാന്‍ ഗാന്ധിജിയേക്കാള്‍ പിന്നെ ആരുണ്ടെന്ന തെറ്റിദ്ധാരണ ആയിരിക്കാം.
പരസ്യത്തില്‍ എന്തും ആകാമെന്നായിട്ടുണ്ടിപ്പോള്‍.
ഫോണ്‍ വില്‍ക്കാന്‍ ഗാന്ധിജിയെ ഉപയോഗിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ കൈയിലുള്ള ബ്ലാക്‌ബെറികളെല്ലാം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റായി കഴിവു തെളിയിച്ച മുരളിയെ വലിച്ചെറിഞ്ഞതു പോലെ ഗാന്ധിയന്മാര്‍ വലിച്ചെറിഞ്ഞുകാണുമെന്നു കരുതിയും മല്‍ബു സമാധാനിച്ചു.
ഇപ്പോള്‍ ഇതാ ശരിക്കും സമാധാനിക്കാന്‍ ഒരവസരം.
അതിലെ ഇന്റര്‍നെറ്റും മെസേജിംഗും ഒക്കെ പോയില്ലേ.. ഇനി എന്തിനുകൊള്ളാം. സാദാ ഫോണ്‍.
അപ്പോഴേ, മല്‍ബൂ ഈ നിരോധം സ്ഥായില്ല കേട്ടോ.
സ്വന്തം സെര്‍വര്‍ സ്ഥാപിച്ചോ അല്ലാതെയോ ബ്ലാക്‌ബെറി ഈ നിരോധത്തെ മറികടക്കും.
കടന്നോട്ടെടോ. നമുക്ക് വിധിച്ചിട്ടില്ല, അത്ര തന്നെ.

8/1/10

ടഫ് ആന്റ് കൂള്‍



നിസ്സാര കാര്യമാണെങ്കിലും അതെങ്ങനെ പറയുമെന്ന ആശയക്കുഴപ്പത്തിലാണ് മല്‍ബു. വ്യക്തിത്വ വികസന ക്ലാസിനു പോയതില്‍ പിന്നെയാ ഈ കുഴപ്പം. എന്തെങ്കിലും ഉച്ചരിക്കുംമുമ്പ് പത്തുവട്ടം ആലോചന.
അര മാസത്തെ ശമ്പളം എണ്ണിക്കൊടുത്തു ചേര്‍ന്ന കോഴ്‌സാണ്. അതോണ്ടിത്തിരി മെച്ചമൊക്കെയുണ്ട്. നാലാഴ്ചത്തെ ക്ലാസ് കഴിഞ്ഞതേയുള്ളൂ. അപ്പോള്‍ തന്നെ കാണാനുണ്ട് വ്യക്തിത്വത്തില്‍ നേരിയ വികസനം.
അടുത്താഴ്ചയാകട്ടെ, സാറിനോട് ഒന്നു പ്രത്യേകം ചോദിച്ചുകളയാം. ജീവിതത്തില്‍ ആദ്യമായിട്ടാണല്ലോ ഇങ്ങനെയൊരു അവസ്ഥ. മുമ്പാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. ആരോടും എന്തും വിളിച്ചു പറയാം. ഇനിയതു പറ്റില്ല. പെഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് കോച്ചിംഗിനു പോകുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഓഫീസിലായാലും റോഡിലായാലും സംസാരിക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇപ്പോള്‍ ഒരു കരുതലുണ്ട്.
മുഖവ്യായാമം തുടങ്ങിയതില്‍പിന്നെ ചിരിക്കും വന്നിട്ടുണ്ട് ഒരു ചെയിഞ്ച്. ആരും ഇങ്ങോട്ടു പറഞ്ഞില്ലെങ്കിലും സ്വന്തം ചിരി ചെകുത്താന്റേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെകുത്താനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അതിന്റെ രൂപത്തെ കുറിച്ചും ചിരിയെ കുറിച്ചും ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ടല്ലോ?
ടി.വി പരസ്യത്തില്‍ വരുന്നതുപോലുള്ള ചിരിക്കുവേണ്ടി എത്രമാത്രം ആഗ്രഹിച്ചതാണ്. ടൂത്ത് പേസ്റ്റ് മാറ്റിയാല്‍ ചിരി ശരിയാകുമെന്ന് കരുതിയത് വിഡ്ഢിത്തമായെന്ന് പിന്നീടല്ലേ മനസ്സിലായത്.
മല്‍ബി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്.
ദേ ഇതുപോലെ ചിരിച്ചൂടെ നിങ്ങള്‍ക്ക്. എന്തൊരു ചേലാ കാണാന്‍. നമുക്ക് പേസ്റ്റൊന്ന് മാറ്റാം. ആ ഖദറിന്റെ ഭാര്യ പറയുന്നതുകേട്ടു. പേസ്റ്റ് മാറ്റിയിട്ട് അവര്‍ക്ക് നല്ല മാറ്റമുണ്ടെന്ന്.
ഇന്നലെയും ഞാന്‍ ഖദറിനെ കണ്ടിരുന്നു. എന്തൊരു വെളുത്ത ചിരി. സ്ഥാനാര്‍ഥി ആയാല്‍ പോലും ഇത്ര നന്നായി ചിരിക്കാന്‍ കഴിയില്ല.
അവരുടെ പരീക്ഷണം കഴിയട്ടെയെന്നു പറഞ്ഞെങ്കിലും മല്‍ബി കാത്തുനിന്നില്ല. രണ്ട് ദിവസം മുമ്പ് എട്ടു റിയാല്‍ കൊടുത്തു വാങ്ങിയ പേസ്റ്റ് വലിച്ചെറിഞ്ഞ് പുതിയതു വാങ്ങി.
ഈ ഖദറിന്റെ ഭാര്യയെകൊണ്ടു തോറ്റു. എന്തിനും ഏതിനും ഉദാഹരണം ഇപ്പോള്‍ ഖദറിന്റെ ഭാര്യയാണ്.
നമ്മുടെ സാക്ഷാല്‍ അബ്ദുല്‍ ഖാദറിനെ മിസ്റ്റര്‍ ഖദര്‍, ഹായ് ഖദര്‍ എന്നൊക്കെ ഇംഗ്ലീഷില്‍ നേരാംവണ്ണം ഉച്ചരിച്ച് ഖദറായതൊന്നമല്ല.
ഇതു ശരിക്കും ഖദര്‍ തന്നെയാണ്, ഖാദറല്ല.
പ്രവാസിയായിട്ടും ഖദര്‍ ഉപേക്ഷിക്കാത്ത, ഉയര്‍ന്ന രാഷ്ട്രീയ ബോധംകൊണ്ടു വന്നുചേര്‍ന്ന പേരാണിത്. എല്ലാവരും സ്‌നേഹത്തോടെ വിളിച്ചു തുടങ്ങിയ പേര് നേരിയ പോരാട്ടത്തിനുശേഷമാണെങ്കിലും പ്രിയതമക്കും അംഗീകരിക്കേണ്ടിവന്നു
പിന്നെ, നിങ്ങളേ ഉള്ളൂ ഒരു രാഷ്ട്രീയക്കാരന്‍. എത്രയോ പേരെടുത്ത രാഷ്ട്രീയക്കാര്‍ ഒന്നാന്തരം സ്യൂട്ടിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വരുന്നു. നാട്ടില്‍നിന്ന് വരുന്ന നേതാക്കളോ? ആരെങ്കിലും ഈ ഒടിഞ്ഞു കുത്തുന്ന ഖദറുമിട്ടോണ്ട് വരുന്നുണ്ടോ ഇങ്ങോട്ട്.
അതൊക്കെ രാഷ്ട്രീയ പ്രയാണത്തില്‍ ഒരുഘട്ടം കഴിഞ്ഞവരാണെന്ന് പ്രിയതമയെ വിശ്വസിപ്പിക്കാന്‍ ഖദറിനു സാധിച്ചു. ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ നമുക്കും ഈ ഖദറിനോടു വിട പറയാമെന്ന വാക്കു വിശ്വസിച്ച് സമാധാനിച്ചിരിക്കുന്ന അവള്‍ ഈയിടെ ഏതോ റിസേര്‍ച്ച് വായിച്ചൂത്രെ. 30 വയസ്സ് കഴിഞ്ഞാലാണ് സ്ത്രീയുടെ യഥാര്‍ഥ സൗന്ദര്യം പ്രകടമാകുന്നതെന്നാണ് ഗവേഷണ ഫലം. അതു വായിച്ചതില്‍ പിന്നെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ഫാഷനെ കുറിച്ചും മാത്രമേ അവള്‍ക്ക് ചിന്തയുള്ളൂ. അതുകൊണ്ട് ഖദറിന് അല്‍പം തലവേദന കുറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് കട്ടപ്പാരയായീന്ന് പറഞ്ഞാല്‍ മതിയല്ലോ?
ആ ഖദറിന്റെ ഭാര്യയുടെ ശിഷ്യയാണ് ഇപ്പോള്‍ മല്‍ബി. അതുകൊണ്ടാണ് രണ്ടാമതൊന്ന് ചിന്തിക്കാതെ പേസ്റ്റ് മാറ്റം സംഭവിച്ചത്. ഇനിയെന്തൊക്കെ മാറ്റങ്ങളും പരീക്ഷണങ്ങളും വരാനിരിക്കുന്നു, കണ്ടറിയാം.
പരീക്ഷണങ്ങളുടെ ആ പണിപ്പുരയില്‍ കയറിയാണ് മല്‍ബുവിന് കാര്യം ബോധിപ്പിക്കാനുള്ളത്. സാക്ഷാല്‍ ഖദറിനോടുതന്നെ. അതു ഖദറിന്റെ മനസ്സിനെ നോവിക്കാതെ ആയിരിക്കണം. എത്ര കടുത്ത വിമര്‍ശനമായാലും കേള്‍ക്കുന്നയാള്‍ അതു മധുരത്തോടെ സ്വീകരിക്കണമെന്നാണല്ലോ വ്യക്തിത്വ വികസന പാഠം.
സൂക്ഷിച്ച് ഉപയോഗിക്കാനാണ് നാവിനുചറ്റും പല്ലുകള്‍ കൊണ്ടുള്ള കോട്ട. നാവില്‍നിന്നു വീണുപോയാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല.
ചിന്താമഗ്‌നനായിരിക്കുമ്പോള്‍ മല്‍ബി ഇടപെട്ടു.
നിങ്ങള്‍ ഇത് എന്തോന്നാ ആലോചിക്കുന്നേ. അയാളുടെ ഭാര്യ എന്തെങ്കിലുമായിക്കോട്ടെ. ഉടുത്തൊരുങ്ങി നടന്നാലെന്താന്ന്്, നമ്മുടെ നന്മയെ കരുതി അവള്‍ പറയുന്നു. ഇഷ്ടമുണ്ടെങ്കില്‍ കേട്ടാ പോരേ. നാളെ മുതല്‍ ഞാന്‍ അവളുടെ ഫോണ്‍ എടുക്കുന്നില്ല. പോരേ, സമാധാനായിട്ട് കിടന്നുറങ്ങാന്‍ നോക്ക്.
പുതിയ റോള്‍ മോഡലായ ഖദറിന്റെ ഭാര്യയെ കുറിച്ച് പരാതിപ്പെടാനാണെന്നാ മല്‍ബി ചിന്തിച്ചത്. കാര്യമതല്ലെങ്കിലും കൂട്ടത്തില്‍ അതും കിടക്കട്ടെ ബോണസ്.
എന്നാലും മല്‍ബിയോടുകൂടി ഒന്നു ചോദിച്ചു നോക്കാം.
ബിഹൈന്റ് സക്‌സസ്്ഫുള്‍ മാന്‍, ദേര്‍ ഈസ് എ വുമണ്‍ എന്നാണല്ലോ?
അങ്ങാടീന്ന് കേട്ട വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നുണ്ട്.
തന്ത ഖദറൊക്കെയിട്ടാ നടപ്പ്. മോനെ കണ്ടില്ലേ... ഇവനെന്തിനാ പിന്നെ പാന്റ്‌സും അണ്ടര്‍വെയറും ഒക്കെ വലിച്ചുകയറ്റുന്നേ? ഒന്നും ഇടാതെയങ്ങു നടന്നാപ്പോരേ? അതല്ലേ ഇതേക്കാളും നല്ല ഫാഷന്‍?
അപ്പോഴാണ് ഖദറിന്റെ മോനെ ശ്രദ്ധിച്ചത്. പിറകില്‍ അടിവസ്ത്രം പകുതിയും കാണത്തക്ക വിധത്തില്‍ പാന്റ്‌സ് താഴ്ത്തിയിരിക്കുന്നു.
ഓഹോ, ഇതാണോ വലിയ കാര്യം. മല്‍ബി തുടങ്ങി. ഇന്നലേം കൂടി ഖദറിന്റെ ഭാര്യ പറഞ്ഞതാ, മോന്റെ പാന്റ്‌സ് കയറ്റിക്കൊടുത്ത് അവളുടെ കൈ കഴഞ്ഞൂന്ന്. കുറച്ചു കഴിയുമ്പോള്‍ പിന്നേം ചെക്കന്‍ പാന്റ്‌സ് താഴ്ത്തീട്ടുണ്ടാവും.
ഈ ഫാഷന്റെ ഗുട്ടന്‍സും ഗൂഗിള്‍ വഴി അവള്‍ കണ്ടെത്തിയിട്ടുണ്ട്. ടഫ് ആന്റ് കൂള്‍ ആകാനാണത്രെ പയ്യന്മാര്‍ ഇങ്ങനെ പാന്റ്‌സിടുന്നത്. ഉഴപ്പന്മാരായി തോന്നിക്കാന്‍. ജയിലില്‍നിന്നാത്രെ ഇവര്‍ക്ക് ഇതിനു പ്രചോദനം.
ജയില്‍ പുള്ളികളുടെ ബെല്‍റ്റ് അധികൃതര്‍ വാങ്ങിവെക്കുമല്ലോ. അപ്പോള്‍ പാന്റ്‌സ് താഴോട്ടിറങ്ങിപ്പോരും. അടിവസ്ത്രം ദൃശ്യമാകും.
Related Posts Plugin for WordPress, Blogger...