11/29/08

പാട്ടീല്‍ ഇനി എന്തു ചെയ്യും?

അദ്വാനിയുടെ കൈയില്‍ അധ്വാനമില്ലാതെ തന്നെ അധികാരമെത്താന്‍ സാധ്യത തെളിഞ്ഞിരിക്കെ, ഭരണം നിലനിര്‍ത്താനും പാര്‍ട്ടിയെ രക്ഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഇനി എന്തു ചെയ്യും?

അദ്വാനിയുടെ കൈയില്‍ അധ്വാനമില്ലാതെ തന്നെ അധികാരമെത്താന്‍ സാധ്യത തെളിഞ്ഞിരിക്കെ, ഭരണം നിലനിര്‍ത്താനും പാര്‍ട്ടിയെ രക്ഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഇനി എന്തു ചെയ്യും?

എം. അഷ്‌റഫ്‌

ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ സ്‌തംഭിപ്പിച്ച മുംബൈ ഭീകരാക്രമണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന വിശകലനത്തിലാണ്‌ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍. അധികാരം ബി.ജെ.പി നേതാവ്‌ എല്‍.കെ. അദ്വാനിയുടെ കരങ്ങളില്‍ അധ്വാനിക്കാതെ തന്നെ എത്തിച്ചേരുന്നത്‌ ഇനി സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്ന വിലയിരുത്തലിനാണ്‌ ഇപ്പോള്‍ മേല്‍ക്കൈ. രാജ്യത്തെ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ക്കോ എല്ലാം അറിയുന്നവര്‍ എന്നു നടിക്കുന്ന ലോക പോലീസായ അമേരിക്കയുടെ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ക്കോ ഒരു വിധത്തിലുള്ള സൂചനയും നല്‍കാതെയാണ്‌ ഭീകരര്‍ കടല്‍ കടന്നെത്തിയതെന്ന്‌ സമ്മതിക്കുമ്പോള്‍ മറുഭാഗത്ത്‌ അത്‌ രാജ്യത്തിന്റേയും പൗരന്മാരുടേയും സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ തങ്ങള്‍ പരാജയമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതമായി മാറുകയാണ്‌.
ഈ കുറ്റസമ്മതത്തില്‍നിന്നുള്ള വോട്ടുകള്‍ തേടി തന്നെയാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി മുംബൈയില്‍ എത്തിയതും കോടി പ്രഖ്യാപനം നടത്തിയതും. മുംബൈ ഉള്‍ക്കൊള്ളന്ന മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌ മുഖം കാണിക്കുന്നതിനുമുമ്പ്‌ തന്നെ മോഡിയുടെ കോടിക്കാണ്‌ ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത്‌.
ദല്‍ഹിയെ വിറപ്പിച്ച സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ വിവിധ പാര്‍ട്ടികള്‍ തല ചോദിച്ചപ്പോള്‍ ജാമിഅ നഗറിലെ ബട്‌ല ഹൗസില്‍ താമസിച്ച തീവ്രവാദി വിദ്യാര്‍ഥികളുടെ തല നല്‍കി സ്വന്തം തല രക്ഷിക്കാന്‍ സാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ കേന്ദ്ര സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും രക്ഷിക്കാന്‍ ഇനി എന്തു ചെയ്യുമെന്ന ചോദ്യമാണ്‌ ഉയര്‍ന്നുവരുന്നത്‌.
ഗ്രാമങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി, വികസനവും സമ്പത്തും സൗകര്യങ്ങളും സുഖലോലുപതയും മാത്രം സ്വപ്‌നം കാണുന്ന മഹാ നഗരങ്ങളിലുള്ളവരുടെ വോട്ടുകളെ ചെറിയ സ്‌ഫോടനം പോലും എളുപ്പം സ്വാധീനിക്കും. ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക്‌ പിന്നീട്‌ വിസ്‌മരിക്കാവുന്ന വാഗ്‌ദാനങ്ങള്‍ നല്‍കി വോട്ട്‌ തട്ടാന്‍ പാര്‍ട്ടികള്‍ക്ക്‌ കഴിയുമെങ്കിലും മുംബൈ, ദല്‍ഹി പോലുള്ള നഗരങ്ങളില്‍ സ്ഥിതി വ്യത്യസ്‌തമാണ്‌. അവിടെ ജീവന്റെ സുരക്ഷയേക്കാള്‍ പ്രധാനം സമ്പത്തിന്റെ സുരക്ഷയാണ്‌. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്‌ വീഴുമെന്നും അത്‌ ഹിന്ദി മേഖലയില്‍ മൊത്തം പ്രതിഫലിക്കുമെന്നുമാണ്‌ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലിയിരുത്തിയിരിക്കുന്നത്‌.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില പാക്കേജുകള്‍ പ്രഖ്യാപിച്ചതിലൂടെ മുസ്‌ലിം വോട്ട്‌ നേടാനാകുമെന്ന്‌ പ്രത്യാശിച്ച കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറും പൗരാവകാശ പ്രവര്‍ത്തകര്‍ സംശയങ്ങളുന്നയിച്ച ബട്‌ല ഹൗസ്‌ ഏറ്റുമുട്ടലും ന്യൂനപക്ഷ മനസ്സുകളില്‍ ഏല്‍പിച്ച ആശങ്കകള്‍. അതേസമയം, രാജ്യത്തെ എല്ലാ സ്‌ഫോടനങ്ങള്‍ക്കും മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്ന ഭരണകൂട, മാധ്യമ രീതിക്ക്‌ മറുപടിയായിക്കൊണ്ട്‌ മാലേഗാവ്‌ അന്വേഷണത്തിലുണ്ടായ വഴിത്തിരിവ്‌ ന്യൂനപക്ഷ വിശ്വാസം ഒരിക്കല്‍കൂടി ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനു വഴി തുറന്നിരുന്നു.
അമേരിക്കയുടെ നയങ്ങളുടെ പ്രതികരണമായി രൂപപ്പെട്ട ഭീകരത ഇന്ന്‌ എല്ലാ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ട്‌. അയല്‍രാജ്യമായ പാക്കിസ്ഥാനു നേരെയാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അടക്കമുള്ളവര്‍ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നതെങ്കിലും അമേരിക്കയുടെ എഫ്‌.ബി.ഐ കൂടി എത്തുന്നതോടെ അത്‌ അന്താരാഷ്‌ട്ര ശൃംഖലകളുള്ള അല്‍ഖാഇദയില്‍ എത്തിച്ചേരാനാണ്‌ സാധ്യത. അമേരിക്കയുടെ സഖ്യത്തില്‍ ചേരുന്നതിനെതിരെ നേരത്തെ അല്‍ഖാഇദ നല്‍കിയ മുന്നറിയിപ്പും വിദേശ വി.ഐ.പികള്‍ തങ്ങുന്ന ഹോട്ടലുകള്‍ ഭീകരര്‍ ലക്ഷ്യമാക്കിയതും ഇതിനുള്ള സൂചനകളാണ്‌.
ഭീകരാക്രമണമുണ്ടാകില്ലെന്ന്‌ ലോകത്തെ ഒരു രാജ്യത്തിനും സ്വന്തം ജനതക്ക്‌ ഉറപ്പു നല്‍കാനാകില്ലെങ്കിലും കക്ഷി രാഷ്‌ട്രീയം ജനാധിപത്യത്തിനും പൗരബോധത്തിനുമപ്പുറം സ്വാധീനം നേടിയ ഇന്ത്യയെ പോലുള്ള രാജ്യത്തെ ജനങ്ങളെ എളുപ്പം കുപ്പിയിലിറക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക്‌ കഴിയും.
രാജ്യത്തെ പൗരന്മാരുടെ സ്വസ്ഥത മാത്രമല്ല, അധഃപതനം തുടങ്ങിക്കഴിഞ്ഞ അമേരിക്കയുടെ സ്ഥാനത്ത്‌ മഹാശക്തിയാകുമെന്ന്‌ യു.എസ്‌ ഇന്റലിജന്‍സ്‌ തന്നെ പ്രവചിച്ചിരിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രം വിറപ്പിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങള്‍ തന്നെയാണ്‌ ഭീകരര്‍ ലക്ഷ്യമിട്ടത്‌.
അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ട സെപ്‌റ്റംബര്‍ 11-ലെ ഭീകരതയാണ്‌ ഇന്ന്‌ അമേരിക്കയും ലോകം തന്നെയും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉല്‍പത്തിയെന്ന വിശകലനമുണ്ട്‌. അതിനു തുടര്‍ച്ചയായി യു.എസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ നടത്തിയ ഇറാഖ്‌, അഫ്‌ഗാനിസ്ഥാന്‍ സാഹസികതയാണ്‌ പ്രതിസന്ധിയുടെ ഉള്ളറകളില്‍ കണ്ടെത്താന്‍ കഴിയുക.
ആഗോള പ്രതിസന്ധിയുടെ ആഘാതം ഇന്ത്യയിലും അനുഭവപ്പെട്ടു തുടങ്ങിയ വേളയിലാണ്‌ അശനിപാതം പോലെ പുതിയ ആക്രമണം. വന്‍ വ്യവസായികളും ആഗോള കമ്പനികളുടെ എക്‌സിക്യൂട്ടീവുകളും ഒരുപോലെ ആശ്രയിക്കുന്നതാണ്‌ മുംബൈയിലെ താജ്‌ ഹോട്ടല്‍. അവിടെ കത്തിയെരിഞ്ഞ മുറികളില്‍ ഇന്ത്യയുടെ വ്യാപാര സ്വപ്‌നങ്ങള്‍ കൂടിയാണ്‌ കത്തിയെരിഞ്ഞത്‌. ഇന്ത്യയില്‍നിന്ന്‌ നിക്ഷേപം പിന്‍വലിച്ചുകൊണ്ടുപോകാന്‍ രൂപയുടെ മൂല്യശോഷണത്തേക്കാള്‍ വിദേശ മുതല്‍മുടക്കുകാരെ പ്രേരിപ്പിക്കുന്നതാണ്‌ മൂന്ന്‌ ദിവസം മുംബൈ മഹാനഗരം സാക്ഷ്യം വഹിച്ച തീക്കളി.

11/23/08

സംസാരിക്കൂ മല്‍ബു, സംസാരിക്കൂ

പാതിരാത്രി വിളിച്ചുണര്‍ത്തി മല്‍ബു പ്രിയതമയോടു ചോദിച്ചു. ഒബാമയെ ഇഷ്‌ടമാണോ? രണ്ട്‌ ടിന്‍ മാത്രം മതിയെന്ന്‌ ഉറക്കച്ചടവിലായിരുന്ന പ്രിയതമയുടെ കിളിമൊഴി. പൊട്ടിച്ചിരി നീണ്ടുപോയപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ കടന്നുകിട്ടി. ഓരോ മല്‍ബുവിനും ഇപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ സുപ്രധാനമാണ്‌. മിനിറ്റും സെക്കന്റും പള്‍സും തുടങ്ങി മനുഷ്യനിര്‍മിതമായ എല്ലാ കാലഘടനകളേയും കടന്ന്‌, ആകാശത്തെ പറവകളെ പോലെ സ്വാതന്ത്ര്യം നേടാന്‍ വെറും അഞ്ച്‌ മിനിറ്റ്‌ മതി.
ഉറക്കം കണ്‍പോളകളെ പിടിച്ചമര്‍ത്തിയിരുന്നുവെങ്കിലും രണ്ടു ടിന്‍ മതിയെന്ന പ്രിയതമയുടെ മറുപടി ബോധത്തോടെ തന്നെയായിരുന്നു. കാരണം കഴിഞ്ഞ തവണ കാര്‍ഗോയില്‍ അയച്ചുകിട്ടിയ ചോക്ലേറ്റും പാല്‍പ്പൊടിയും തന്നെ ഇതുവരെ തീര്‍ന്നിട്ടില്ല. ഇനിയിപ്പോള്‍ ഒബാമയും കടിച്ചാല്‍ പൊട്ടാത്ത വല്ല സാധനവുമാണെങ്കില്‍ ബാപ്പയുടെ കെറുവും കാണണം.
ന്റെ പടച്ചോനേ, ഓനിതെന്തിന്റെ സൂക്കേടാ. ബ്‌ട കിട്ടാത്ത സാധാനങ്ങളാണോ ഇങ്ങനെ വാരിക്കെട്ടി കാശും കൊടുത്ത്‌ അയക്കുന്നത്‌. ഒന്നാന്തരം ചോക്ലേറ്റും പാല്‍പ്പൊടിയുമല്ലേ അയമൂന്റെ പീട്യേലുള്ളത്‌. എല്ലാം ഫോറിന്‍ തന്നെ. പറഞ്ഞാ തിര്യണ്ടെ. പിന്നെന്താ ചെയ്യാ..
ആരെന്തു പറഞ്ഞാലും രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ മല്‍ബു പാല്‍പ്പൊടിയും മിഠായിയും സോപ്പ്‌ പൊടിയുമൊക്കെയായി കാര്‍ഗോ അയക്കും. അതൊരു ശീലമായിപ്പോയി. താനല്ലാതെ മക്കള്‍ക്ക്‌ പിന്നാരാ ചോക്ലേറ്റ്‌ അയച്ചുകൊടുക്കുക.
പാതിവിലയ്‌ക്ക്‌ ലഭിച്ച ഗുഡ്‌നൈറ്റിന്റെ സുഗന്ധത്തിലൂടെ കൊതുകുകളെ മയക്കിക്കിടത്തി ഉറക്കത്തിലേക്ക്‌ വീണതായിരുന്നു പ്രിയതമ. അക്കാര്യം അറിയാതെയാണല്ലോ, തലയണക്കരികിലെ യന്ത്രം തട്ടം പിടിച്ചു വലിക്കല്ലേയെന്ന മധുരഗീതം പൊഴിച്ചതും അങ്ങേത്തലയ്‌ക്കല്‍ മല്‍ബു സംസാരസുഖം അനുഭവിച്ചു തുടങ്ങിയതും.
കല്യാണം കഴിഞ്ഞ്‌ പത്ത്‌ വര്‍ഷം പിന്നിടുകയും പിള്ളേര്‌ മൂന്ന്‌ പിറക്കുകയും ചെയ്‌തശേഷമാണ്‌ മല്‍ബൂന്‌ പ്രണയം മൂത്തിരിക്കുന്നത്‌. സംസാരത്തോട്‌ സംസാരം. തുടങ്ങിയാല്‍ നിര്‍ത്തുന്നേയില്ല.
മോനും മരുമോളും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലായി ബാപ്പയും ഉമ്മയും.
നാളെ പുലര്‍ന്നാല്‌ നീ ഓളോട്‌ ഒന്ന്‌ ചോയിക്ക്‌. എന്തേലും ഇല്ലാതെ ഓറ്‌ ങ്ങനെ സംസാരിക്കൂല. ന്താ കഥ, മിനിഞ്ഞാന്ന്‌ രണ്ട്‌ മണിക്കൂറ്‌ സംസാരിച്ചു. ദ ഇന്നലെ ഞാന്‍ നോക്കീപ്പം അര മണിക്കൂറായപ്പം നിര്‍ത്തി. നീ ഞ്ഞി എന്തേലും ഓളോട്‌ പറഞ്ഞോ? ഓള്‍ക്കീടെ വല്ല വെഷമോം ഉണ്ടായോ?
ബാപ്പയും ഉമ്മയും കഥയറിയാതുഴലുമ്പോള്‍ അങ്ങേ മുറിയില്‍ രാഷ്‌ട്രീയ വിദ്യാഭ്യാസം നടത്തുകയായിരുന്നു മല്‍ബു.
ഒബാമയുടെ ചുറുചുറുക്കിനെ കുറിച്ചും സാറാപെയലിന്റെ ഭംഗിയെ കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ട്‌ പഠനം സവിസ്‌തരം. എന്തുവന്നാലും ഫോണ്‍ വെക്കരുതെന്ന കല്‍പനയുള്ളതിനാല്‍ പാതി ഉറങ്ങിക്കൊണ്ട്‌ കേട്ടിരിക്കുക തന്നെയാണ്‌ പ്രിയതമ.
മല്‍ബൂന്റെ പിശുക്കിനെ കളിയാക്കിയ നിമിഷത്തെ പഴിക്കുകയാണവര്‍. കഴിഞ്ഞയാഴ്‌ച വിളിച്ചപ്പോള്‍ ഹുണ്ടിക്ക്‌ കാശയച്ച കാര്യം മാത്രം പറഞ്ഞ്‌ ഫോണ്‍ വെക്കാന്‍ തുനിഞ്ഞപ്പോഴാണ്‌ മക്കളോടൊക്കെ ഒന്നു സംസാരിച്ചൂടേ പിശുക്കാ എന്നു ചോദിച്ചത്‌.
നീ എന്നെ അങ്ങനെയും വിളിക്കണം എന്നു മാത്രമായിരുന്നു മറുപടിയെങ്കിലും പിശുക്കന്‍ വിളി ഇങ്ങനെ തറച്ചുകയറുമെന്ന്‌ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല.
അതിനുശേഷമാണ്‌, ഞാന്‍ ഫോണ്‍ വെക്കുന്നതുവരെ നീ ഫോണ്‍ വെക്കരുതെന്ന കല്‍പനയോടെ ഇങ്ങനെ സംസാരം തുടങ്ങിയത്‌. മുമ്പൊരിക്കലും ഇതുപോലെ ആയിരുന്നില്ല. ഒരിക്കല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന്‌ യാത്രയാക്കി മടങ്ങിയപ്പോള്‍ ഇതുപോലൊന്ന്‌ സംഭവിച്ചിരുന്നു. മൊബൈലില്‍ കയറ്റിയ കാര്‍ഡ്‌ തീരുന്നതുവരെ അന്ന്‌ വിമാനത്തിലിരുന്നു കൊണ്ട്‌ സംസാരിച്ചിരുന്നു. വിമാനം റണ്‍വേ വിട്ടപ്പോഴാണ്‌ ആ ശബ്‌ദം നേര്‍ത്ത്‌ ഇല്ലാതായത്‌.
ഇതിപ്പോള്‍ അങ്ങനെയല്ല. വീട്ടു പണികളും തീര്‍ത്ത്‌ മക്കളേയും ഉറക്കിയശേഷം ഉറക്കം പിടിച്ചുവരുമ്പോഴായിരിക്കും ഫോണ്‍ ശബ്‌ദിക്കുക. എടുത്തു കഴിഞ്ഞാല്‍ ആദ്യത്തെ നിര്‍ദേശം. ഒരിക്കലും ഫോണ്‍ കട്ടാക്കരുത്‌.
അഞ്ച്‌ മിനിറ്റിനു ശേഷമുള്ള കോളുകള്‍ സൗദി ടെലികോം സൗജന്യമാക്കിയ ഗുട്ടന്‍സ്‌ മാത്രം മല്‍ബു വിട്ടുപറഞ്ഞില്ല. കട്ടാക്കാത്തതിന്റെ ഗുട്ടന്‍സറിയാതെ, പാതി ഉറങ്ങിക്കൊണ്ട്‌ ഫോണും പിടിച്ചിരിക്കുമ്പോള്‍ മല്‍ബു കടന്നു ചെല്ലാത്ത വിഷയങ്ങളില്ല. ഒബാമയുടെ നിറവും മുടിച്ചന്തവും ചുറുചുറുക്കും അങ്ങനെയങ്ങനെ. മല്‍ബുവിനെ കുറ്റം പറയണോ അതോ അഞ്ച്‌ മിനിറ്റിനപ്പുറം സംസാരസുഖം അനന്തമാക്കി ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കിയ ടെലിഫോണിനെ പഴിക്കണോ? സംസാരിക്കൂ മല്‍ബു. വീണ്ടും വീണ്ടും സംസാരിക്കൂ.

11/8/08

മല്‍ബു വിദ്യകള്‍ക്ക്‌ പേറ്റന്റ്‌ബസിലെ ഇടുങ്ങിയ സീറ്റില്‍ തൊട്ടടുത്തിരിക്കുന്നയാള്‍ ഇടക്കിടെ ഞെരിപൊരി കൊള്ളുന്നതുകൊണ്ട്‌ മാത്രം അയാള്‍ രോഗിയാണെന്ന്‌ സംശയിക്കേണ്ട. പാന്റ്‌സിന്റെ പിറകിലെ പോക്കറ്റ്‌ ഇടക്കിടെ തപ്പി നോക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഉറപ്പിക്കാം അതൊരു മല്‍ബുവായിരിക്കും. കാലിന്‌ അല്‍പം നീളവും ശരീരത്തിന്‌ അല്‍പം വീതിയും കൂടുതലുണ്ടെങ്കില്‍ ഈ അഭ്യാസം സഹസീറ്റുകാരന്‌ ശരിക്കും അലോസരമാവുകയും ചെയ്യും. ഉറങ്ങിക്കൊണ്ട്‌ ദേഹത്ത്‌ വന്നിടിക്കുന്നതിനേക്കാളും പ്രയാസകരമാണ്‌, ഒരാള്‍ക്കുതന്നെ ശരിക്കുമൊന്നിരിക്കാന്‍ പാങ്ങില്ലാത്ത ഈ സീറ്റിലിരുന്നുകൊണ്ടുള്ള തപ്പല്‍. സഹികെടുന്ന യാത്രക്കാരന്‍ രൂക്ഷമായൊന്നു നോക്കിയാലും ബസ്‌ ഉരുണ്ടുരുണ്ട്‌ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ഈ തപ്പലഭ്യാസം തുടരാന്‍ മല്‍ബു നിര്‍ബന്ധിതനാണ്‌. കാരണം ഇതവന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌. ഇതിലെങ്ങാനും പരാജയപ്പെട്ടാല്‍ പിന്നെ വയ്യാവേലികള്‍ പലതാണ്‌.
രണ്ട്‌ റിയാല്‍ ബസിലെ യാത്ര മല്‍ബുവിനു മാത്രമല്ല, ഏതൊരു പ്രവാസിക്കും ഇത്തിരി വെല്ലുവിളി തന്നെയാണ്‌.
അലജം ബസ്‌ യാത്രയില്‍ ഇഖാമ നഷ്‌ടമായ കഥ കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും.
ആദ്യമായി വന്നിറങ്ങുന്ന പ്രവാസിക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന ഉപദേശങ്ങളില്‍ പ്രധാനം ഇഖാമ കാത്തുകൊള്ളണേ എന്നായിരിക്കും. പിന്നെ എങ്ങനെ യാത്ര അവസാനിക്കുന്നതുവരെ, ഇഖാമ യഥാസ്ഥാനത്തുതന്നെ ഇല്ലേയെന്നു തപ്പിനോക്കാതിരിക്കും.
രണ്ട്‌ റിയാല്‍ ബസ്‌ യാത്രക്കിടയില്‍ ഇഖാമ നഷ്‌ടമായതിനെ തുടര്‍ന്ന്‌ സോമാലി കള്ളന്മാര്‍ക്ക്‌ ഒന്നിലേറെ തവണ പണം നല്‍കേണ്ടിവന്ന മല്‍ബു മുതല്‍ കള്ളന്മാര്‍ക്ക്‌ പണം നല്‍കി മറ്റാരുടേയോ കാലാവധി കഴിഞ്ഞ ഇഖാമ വാങ്ങേണ്ടി വന്ന മല്‍ബു വരെയുണ്ട്‌.
പത്തോ പതിനഞ്ചോ റിയാല്‍ നല്‍കി കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാധാരണ പ്രവാസി മാത്രമല്ല, രണ്ടോ മൂന്നോ കാറുകള്‍ വാങ്ങാന്‍ കഴിവുള്ള വൈറ്റ്‌ കോളര്‍ പ്രവാസിയും രണ്ട്‌ റിയാല്‍ ബസിനെ ആശ്രയിക്കുന്നവരിലുണ്ട്‌. ബസ്‌ യാത്രയുടെ സുഖമൊന്ന്‌ വേറെത്തന്നെയെന്ന്‌ പ്രവാസ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചിട്ടും അലജം ബസ്‌ ആശ്രയിക്കുന്ന ഒരു വൈറ്റ്‌ കോളര്‍ മല്‍ബു സാക്ഷ്യപ്പെടുത്തുന്നു.
പാതി വഴിയില്‍ കുടുങ്ങിപ്പോകുമോ എന്ന ഭയത്താല്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ ജോലി സ്ഥലത്തെത്താന്‍ ലിഫ്‌റ്റ്‌ ഉപയോഗിക്കാത്ത മറ്റൊരു മല്‍ബു രണ്ട്‌ റിയാല്‍ ബസിനെ ആശ്രയിക്കുന്നത്‌ തനിച്ച്‌ കാറില്‍ സഞ്ചരിച്ച്‌ വരാനിരിക്കുന്ന വയ്യാവേലി ഒഴിവാക്കാനാണത്രെ.
തലങ്ങും വിലങ്ങും വിലസുന്ന, ഒറിജിനിലനെ വല്ലുന്ന ഡിറ്റക്‌ടീവുകളും സി.ഐ.ഡികളുമൊന്നും ബസില്‍ കയറി പൊല്ലാപ്പുണ്ടാക്കില്ലെന്ന വിശ്വാസമാണ്‌ അയാളെ രക്ഷിക്കുന്നത്‌. കാറില്‍ സഞ്ചരിക്കവെ, മയക്കുമരുന്ന്‌ പരിശോധനയുടെ പേരിലും മറ്റും തട്ടിപ്പിനിരയായ കഥകള്‍ക്ക്‌ ഒട്ടും പഞ്ഞമില്ലതാനും.
പോക്കറ്റ്‌ മുറുക്കിപ്പിടിക്കുന്നവരും ഇടക്കിടെ തപ്പി നോക്കുന്നവരും കള്ളന്മാരാകാനിടയുള്ള കറുത്തവരെ കണ്ടാല്‍ അവരില്ലാത്ത ബസ്‌ വരുന്നതുവരെ കാത്തിരിക്കുന്നുവരും മല്‍ബുകളിലുണ്ട്‌. ഇഖാമ നഷ്‌ടപ്പെടാതെ സുരക്ഷിത യാത്രക്ക്‌ മല്‍ബു ഗവേഷണം തുടര്‍ന്നുകൊണ്ടേയിരിക്കയാണ്‌.
ചിലര്‍ ബസില്‍ കയറുന്നതിനു മുമ്പ്‌ തന്നെ ഇഖാമയും പണവും അടങ്ങിയ പഴ്‌സ്‌ കൈയിലെടുത്ത്‌ പിടിക്കും. ബസ്‌ യാത്ര അവസാനിച്ചശേഷമേ പിന്നീട്‌ അത്‌ പോക്കറ്റിലിടൂ. ബസിനകത്ത്‌ വെച്ച്‌ ഒരിക്കലും പഴ്‌സ്‌ എടുക്കാതിരിക്കാന്‍ രണ്ട്‌ റിയാലെടുത്ത്‌ മുന്‍ പോക്കറ്റിലിടുന്നവരുണ്ട്‌.
ഒരു തവണ ഇഖാമ നഷ്‌ടപ്പെട്ട ഒരു മല്‍ബുവാണ്‌ ശരിക്കുമുള്ള മല്‍ബു വിദ്യ പ്രയോഗിച്ചിരിക്കുന്നത്‌. പുറമേയുള്ള പോക്കറ്റിന്റെ സ്ഥാനത്ത്‌ ഷര്‍ട്ടിനകത്ത്‌ മറ്റൊരു പോക്കറ്റ്‌ തയ്‌പിച്ച്‌ അതില്‍ ഇഖാമ സൂക്ഷിച്ചിരിക്കുന്ന താന്‍ ഇപ്പോള്‍ ടെന്‍ഷന്‍ ഫ്രീയാണെന്ന്‌ ഈ മല്‍ബു സാക്ഷ്യപ്പെടുത്തുന്നു. കള്ളന്‍ കൊതിക്കട്ടെയെന്ന്‌ കരുതി മുന്‍ പോക്കറ്റില്‍ എന്തെങ്കിലും നിറിച്ചു വെക്കാം. പാവം കള്ളന്‍ ഇളുമ്പട്ടെ.
പാന്റ്‌സിന്റെ പിറകിലെ പോക്കറ്റില്‍ കനം തൂങ്ങുന്ന പഴ്‌സ്‌ വെച്ച്‌ കള്ളനെ കബളിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മറ്റൊരു മല്‍ബു ദേ അതു വഴി പോകുന്നു. അങ്ങേരുടെ ഇഖാമയും പണവും മറ്റു കാര്‍ഡുകളുമെല്ലാം സുരക്ഷിതമായുണ്ട്‌. പഴ്‌സിലുള്ളത്‌ കുറച്ചു കടലാസുകള്‍ മാത്രം. കള്ളാ, വാ വാ എന്നു വിളിച്ചകൊണ്ടാണ്‌ ആ പഴ്‌സിന്റെ നില്‍പ്‌.
നാടുകടത്തുന്ന കള്ളന്മാരുടെ തിരിച്ചുവരവു പോലെ തന്നെ മല്‍ബു പ്രവാസവും ഒരിക്കലും അവസാനിക്കുന്നില്ല. അവസാന നിമിഷംവരെ പിടിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന അവര്‍ ഇഖാമ സംരക്ഷണത്തിന്‌ ഇനിയും വിദ്യകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. ആ വിദ്യകളുടെ പേറ്റന്റ്‌, പേടിസ്വപ്‌നമായ കറുത്തവര്‍ കൊണ്ടുപോകുംമുമ്പ്‌ നമുക്ക്‌ തന്നെ നേടിയെടുക്കണം.

രാഹുലിനും നീതി അപ്രാപ്യമാകുമ്പോള്‍

ബോംബാക്രമണത്തില്‍ പിതാവ്‌ കൊല്ലപ്പെട്ട തനിക്ക്‌ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ക്ക്‌ ഒരിക്കല്‍ കൂടി അടിവരയിടുന്നതായി. ഉത്തരാഖണ്ഡിലെ എച്ച്‌.എന്‍. ബഹുഗുണ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട്‌ സംസാരിക്കവേയാണ്‌ രാജീവ്‌ ഗാന്ധിയുടെ ഘാതകര്‍ക്ക്‌ ഇനിയും ശിക്ഷ ലഭിക്കാത്തതിനെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി മനസ്സ്‌ തുറന്നത്‌.
`പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ എന്തുകൊണ്ട്‌ തൂക്കിലേറ്റുന്നില്ല' എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ്‌ തന്റെ പിതാവും മുത്തശ്ശിയും പ്രധാനമന്ത്രിമാരായിരുന്നുവെന്ന കാര്യം അനുസ്‌മരിച്ച്‌ രാഹുല്‍ ഗാന്ധി നീതിനിഷേധത്തെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌. 40 പേരുള്‍പ്പെട്ട കേസിന്റെ വിചാരണക്ക്‌ 17 വര്‍ഷമെടുത്തുവെന്നും ഇതുവരെയും ശിക്ഷ പൂര്‍ണമായും നടപ്പാക്കിയിട്ടില്ലെന്നും രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ മെല്ലെപ്പോക്കിലേക്ക്‌ വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.
1991 മേയില്‍ നടന്ന രാജീവ്‌ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ തന്നെ മോചിപ്പിക്കണമെന്ന പി.ആര്‍. രവിചന്ദ്രന്റെ ഹരജിയില്‍ സുപ്രീം കോടതി തമിഴ്‌നാട്‌ സര്‍ക്കാരിനു നോട്ടീസയച്ച ദിവസം തന്നയാണ്‌ പിതാവിനെക്കുറിച്ചുള്ള നൊമ്പരങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട്‌ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്‌. ജീവപര്യന്തം തടവ്‌ പൂര്‍ത്തിയാക്കിയ തന്നെ മോചിപ്പിക്കുന്നതിന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ലെന്ന്‌ ആരോപിച്ചുകൊണ്ടാണ്‌ രവിചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.
അഫ്‌സലിനെ തൂക്കിലേറ്റാതിരിക്കുന്നത്‌ മാത്രമല്ല പ്രശ്‌നമെന്നും നമ്മുടെ നീതിന്യായ സമ്പ്രദായത്തിനു മൊത്തത്തില്‍ തന്നെ വേഗം കുറവാണെന്നും രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോട്‌ പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാത്തതിന്‌ കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന യു.പി.എ, ബി.ജെ.പിയില്‍നിന്നും സംഘ്‌പരിവാരത്തില്‍നിന്നും നേരിടുന്ന വിമര്‍ശനത്തിനുള്ള മറുപടിയെന്നതിലുപരി രാഹുലിന്റെ മറുപടി, നീണ്ടു പോകുന്ന വിചാരണയും അവസാനിക്കാത്ത കോടതി നടപടികളും കാരണം വിധിക്കു മുമ്പ്‌ തന്നെ `ശിക്ഷ' അനുഭവിച്ചുതീരുന്ന അനേകായിരങ്ങളുടെ ദുരിതക്കഥകളിലേക്ക്‌ കൂടിയാണ്‌ ശ്രദ്ധ ക്ഷണിക്കുന്നത്‌. പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റാത്തതില്‍ വേദനയുണ്ടെങ്കിലും വൈകിയാല്‍ പോലും നീതി ലഭിക്കുമെന്നു തന്നെ വിശ്വസിക്കുന്നതായി കോണ്‍ഗ്രസ്‌ എം.പിയായ രാഹുല്‍ പറഞ്ഞുവെച്ചു.
ഉന്നത പദവികളലങ്കരിച്ച തന്റെ കുടുംബത്തിന്റെ ഗതി ഇങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ എന്തിനു കൊള്ളാം എന്ന മൂര്‍ച്ചയേറിയ ചോദ്യത്തെ, എങ്കില്‍ പോലും ജുഡീഷ്യറിയില്‍ തനിക്ക്‌ പൂര്‍ണവിശ്വാസമുണ്ടെന്ന മറ്റൊരു വാചകത്തിലൂടെ രാഹുല്‍ ഗാന്ധി മയപ്പെടുത്തിയിട്ടുണ്ട്‌.
ദേശസുരക്ഷയുടേയും നീതി വ്യവസ്ഥയുടേയും പേരില്‍ പൗരസമൂഹം അനുഭവിക്കുന്ന പീഡനങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഈയൊരു സവിശേഷ ശ്രദ്ധ രാജ്യത്ത്‌ അനിവാര്യമാണ്‌. സുരക്ഷയുടേയും ജുഡീഷ്യറിയുടേയും കവചമുണ്ടായാല്‍ നെറികേടുകള്‍ക്കു മുമ്പില്‍ നാവടക്കാന്‍ രാഷ്‌ട്രീയക്കാരും പത്രക്കാരും നിര്‍ബന്ധിതരാണ്‌. ഭീകര വേട്ടയുടെ പേരില്‍ അധികൃതര്‍ വിളമ്പുന്ന നീണ്ട വിവരണങ്ങള്‍ ചോദ്യങ്ങളേ ഉന്നയിക്കപ്പെടാത്ത കഥകളായി പരിണമിക്കുന്നതിനു മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. പട്ടാളക്കാര്‍ക്ക്‌ എന്തും കാണിക്കാം, അവരെ പോലീസ്‌ പിടിക്കില്ല എന്ന വിശ്വാസം പോലും ഇന്ത്യന്‍ ജനതക്കിടയിലുണ്ട്‌. കശ്‌മീരിലും സൈനിക നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളിലും പട്ടാളക്കാരുടെ അതിക്രമങ്ങള്‍ അപൂര്‍വമായേ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാറുള്ളൂ.
പിതാവിന്റേയും മുത്തശ്ശിയുടേയും പദവികള്‍ പറഞ്ഞുകൊണ്ട്‌ രാഹുല്‍ ഗാന്ധി പറയുന്ന കേസില്‍ നീതി ലഭിക്കുന്നതിലെ കാലതാമസമാണ്‌ വിഷയമെങ്കില്‍ നീണ്ടു നീണ്ടു പോയ കേസില്‍ അകന്നകന്നു പോയ നീതിയുടെ സംഭവങ്ങളും നമ്മുടെ രാജ്യത്ത്‌ അന്യമല്ല. കേരളത്തിന്റെ മനുഷ്യാവകാശ പോരാട്ടമെന്ന്‌ പോലും വിശേഷിപ്പിക്കാവുന്ന രാജന്‍ കേസ്‌ ഇതിലൊന്നാണ്‌. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ 1976 മാര്‍ച്ച്‌ ഒന്നിന്‌ നക്‌സലൈറ്റ്‌ ബന്ധം ആരോപിച്ച്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയ കോഴിക്കോട്‌ ആര്‍.ഇ.സിയിലെ വിദ്യാര്‍ഥി രാജന്റെ തിരോധാനം തെളിയിക്കാന്‍ പാടുപെട്ട പിതാവ്‌ ടി.വി. ഈച്ചരവാര്യര്‍ ഒരച്ഛനും ഈ ഗതിയുണ്ടാവരുതെന്ന്‌ പറഞ്ഞു കൊണ്ടാണ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞത്‌. ഈച്ചരവാര്യര്‍ ഫയല്‍ ചെയ്‌ത ഹേബിയസ്‌ കോര്‍പസ്‌ കേസില്‍ 1978 ല്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനു തല്‍ക്കാലം ആ സ്ഥാനത്തുനിന്ന്‌ രാജിവെക്കേണ്ടിവന്നു എന്നതു മാത്രമായിരുന്നു ലഭ്യമായ ഏക നീതി. കേസുകളില്‍ തീര്‍പ്പ്‌ വൈകുന്ന ഗൗരവതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ സുപ്രീം കോടതി തന്നെ പല തവണ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്‌. ഇങ്ങനെ പോയാല്‍ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ ഇല്ലാതാകുമെന്ന്‌ പല തവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.
കുറ്റവാളിയെ ശിക്ഷിക്കുന്നതു പോലെ തന്നെ നിരപരാധികളെ വിട്ടയക്കുക എന്നതു കൂടി ജുഡീഷ്യല്‍ സംവിധാനത്തില്‍ നിര്‍ബന്ധമാണെന്ന തത്വം പറഞ്ഞുകൊണ്ട്‌ കേസുകള്‍ അര നൂറ്റാണ്ടും മുക്കാല്‍ നൂറ്റാണ്ടും നീളുന്നത്‌ ന്യായീകരിക്കാനാവില്ല. വിചാരണയുടെ പേരില്‍ പത്തും ഇരുപതും വര്‍ഷം ജയിലില്‍ കഴിയുന്നത്‌ ഇന്നൊരു പുതുമയല്ലാതായിരിക്കുന്നു. പി.ഡി.പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി അനുഭവിച്ച ജയില്‍വാസം നമ്മുടെ വിചാരണ സമ്പ്രദായത്തിന്റെ ദുരവസ്ഥ വിളിച്ചോതുന്നതായിരുന്നു. നീതിയും വേഗവും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഒരുപോലെ പ്രധാനമാണ്‌. ആരോപണ വിധേയരാകുന്നവര്‍ക്കും ഇരകള്‍ക്കും സമൂഹത്തിനു തന്നെയും ആശ്വസിക്കാവുന്നത്‌ വേഗത്തില്‍ നീതി ലഭ്യമാക്കുമ്പോഴാണ്‌.
മരിക്കുന്നതിനു മുമ്പെങ്കിലും കേസില്‍ തീര്‍പ്പാകുമെന്ന്‌ വിശ്വസിക്കാന്‍ കേസുകളുമായി കോടതികള്‍ കയറിയിറങ്ങുന്നവര്‍ക്ക്‌ വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. ജഡ്‌ജിമാരില്ല, സൗകര്യങ്ങളില്ല തുടങ്ങിയ ന്യായീകരണങ്ങളാണ്‌ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ക്രിമിനല്‍ കേസുകള്‍ വര്‍ഷങ്ങളും ദശാബ്‌ദങ്ങളും കടക്കുമ്പോള്‍ സിവില്‍ കേസുകള്‍ അതിലുമപ്പുറം എത്തുന്നു.
ഇന്ത്യയിലെ പത്ത്‌ ലക്ഷം ജനങ്ങള്‍ക്ക്‌ 15 ജഡ്‌ജിമാര്‍ മാത്രമേയുള്ളൂവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടാറ്‌. എന്നാല്‍ കനഡയില്‍ പത്ത്‌ ലക്ഷം പേര്‍ക്ക്‌ 75, അമേരിക്കയില്‍ 104 എന്നിങ്ങനെയാണ്‌ അനുപാതം. കീഴ്‌ക്കോടതികളിലും മേല്‍ക്കോടതികളിലും കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു കേസുകളെക്കുറിച്ച്‌ കോടതികള്‍ വാചാലമാകാറുണ്ടെങ്കിലും അതിനു പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ നടപടികളൊന്നും ഉണ്ടാകാറില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന്‌ വിശേഷിപ്പിക്കാറുള്ള നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതില്‍, അധികാരം നിലനിറുത്താന്‍ കുതിരക്കച്ചവടവും കൂറുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ സമയമെവിടെ? കേരളത്തിലടക്കം കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്നയര്‍ ചെയ്യുന്ന പ്രതികാരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നത്‌ നീതി നടപ്പിലാക്കുന്നതിലെ കാലതാമസമാണെന്ന്‌ നിരീക്ഷിക്കപ്പെടാറുണ്ട്‌.
രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്‌ വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനിയെ രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചതും ശിക്ഷ ഇളവ്‌ ചെയ്‌ത്‌ നളിനിയെ മോചിപ്പിക്കണമെന്ന ആവശ്യത്തെ മാതാവ്‌ സോണിയാ ഗാന്ധി പിന്തുണച്ചതും ഈയിടെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. എതിരാളികളുടെ ചോദ്യത്തെ നേരിടാനായിരിക്കാം രാഹുല്‍ ഗാന്ധി സ്വന്തം നൊമ്പരത്തെ കൂട്ടുപിടിച്ചതെങ്കിലും നീതി വ്യവസ്ഥയെ കുറിച്ചുള്ള രാജ്യത്തിന്റെ നൊമ്പരമാണ്‌ അത്‌ ഉള്‍ക്കൊള്ളുന്നത്‌.
Related Posts Plugin for WordPress, Blogger...