3/28/10

കോട്ടും ടൈയും വെറുതെയല്ലടൈ കെട്ടിയുള്ള ഒരു ഫോട്ടോ മല്‍ബുവിന്റെ സ്വപ്നമായിരുന്നു. നാട്ടിലായിരുന്നപ്പോള്‍ അതിനായി സ്റ്റുഡിയോകള്‍ തെണ്ടിനടന്നിട്ടുണ്ട്. ചില സ്റ്റുഡിയോകളില്‍ കോട്ടും ടൈയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും മെലിഞ്ഞുണങ്ങിയ മല്‍ബുവിന് ചേരുന്നതായിരുന്നില്ല. ആരപ്പായിത്, സായിപ്പോ എന്നു ചോദിച്ച സ്റ്റുഡിയോക്കാരുമുണ്ടായിരുന്നു.
അവര്‍ക്കറിയില്ലല്ലോ ജീവിത വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയുടെ അന്വേഷണമാണ് മല്‍ബു നടത്തിക്കൊണ്ടിരിക്കുന്നതെന്ന്. ജോലിക്ക് വേണ്ടിയുള്ള അപേക്ഷയില്‍ കോട്ടും ടൈയും കെട്ടിയ ഫോട്ടോ തന്നെ വേണമെന്ന നിബന്ധനയൊന്നുമില്ല. എന്നാല്‍ അതൊക്കെ വെച്ചുള്ള ഫോട്ടോയാകുമ്പോള്‍ അപേക്ഷക്ക് ഇത്തിരി വെയ്റ്റ് കൂടുമെന്നും ആരെങ്കിലുമൊക്കെ ഒന്നു വായിച്ചുനോക്കാനെങ്കിലും മെനക്കെടുമെന്നും നാട്ടുകാരനായ ഒരു മുന്‍ പ്രവാസിയാണ് ഉപദേശിച്ചത്.
തെറ്റിദ്ധരിക്കേണ്ട, നാടുവിടാനൊരുങ്ങുന്നുവെന്ന് പറഞ്ഞപ്പോള്‍ എല്ലാവരേയും പോലെ ആദ്യം ആ മുന്‍ പ്രവാസിയും പറഞ്ഞത് വേണ്ട മോനേ എന്നു തന്നെയായിരുന്നു. എന്തെങ്കിലും ഇവിടെ ഒക്കുമെങ്കില്‍ പരമാവധി കടല്‍ കടക്കാതെ നോക്കണമെന്നായിരുന്നു കുടവയര്‍ തടവിക്കൊണ്ട് അവശ സ്വരത്തിലുള്ള ഉപദേശം. കണ്ടില്ലേ, 25 വര്‍ഷത്തെ സമ്പാദ്യാ ഇത്. അഞ്ച് വര്‍ഷംകൊണ്ട് മടങ്ങണമെന്ന് കരുതി പുറപ്പെട്ടതായിരുന്നു. പക്ഷേ, പോരാനൊത്തില്ല. മരുഭൂമി എന്നെ അവിടെ പിടിച്ചുകെട്ടി.
ഇല്ല കാക്കാ, എന്തായാലും പോയേ പറ്റൂ. മരുഭൂമി എത്രയെത്ര പേരെ സ്വീകരിച്ചിരിക്കുന്നു. എനിക്കുമുണ്ടാകും ഒരിടം. എത്തേണ്ടിടത്ത് എത്തിപ്പെട്ടാല്‍ മതി. ബാക്കി സംഭവിച്ചുകൊള്ളും. ഇതുപോലുള്ള ഒരു വീട് എന്റെയും സ്വപ്നമാണ്. സമീപത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഗള്‍ഫുകാരന്റെ മാളിക ചൂണ്ടിക്കാട്ടി മല്‍ബു പറഞ്ഞപ്പോള്‍,
അക്കരപ്പച്ച...
ഇതുതന്നെയാ മോനേ എല്ലാവരേയും ജീവിപ്പിക്കുന്നത്.
എന്തായാലും കോട്ടും ടൈയും കെട്ടിയ ഒരു ഫോട്ടോയും കണ്ണീരില്‍ കുതിര്‍ന്നാലും നശിക്കാത്ത ഒരു തലയിണയും കരുതിക്കോളൂ.
അതെന്തിനാ, തലയിണ...? ജോലി കഴിഞ്ഞ് തളര്‍ന്നുവന്ന് കിടന്നുറങ്ങുമ്പോള്‍ മനസ്സിലേക്കീ നാടും ഉറ്റവരും ഉടയവരുമൊക്കെ കടന്നുവരും. അപ്പോള്‍ ഓരോരുത്തരേയും മനസ്സില്‍ വിചാരിച്ച് ഈ തലയിണയില്‍ കെട്ടിപ്പിടിച്ച് കരഞ്ഞുതീര്‍ക്കാം.
അവസാനം തനിക്കൊത്ത കോട്ടും ടൈയും ഒരുക്കിവെച്ച സ്റ്റുഡിയോവില്‍ തന്നെ മല്‍ബു എത്തിപ്പെട്ടു.
കോട്ടിനോടൊപ്പം കെട്ടിവെച്ചിരുന്ന ടൈ വലിച്ചപ്പോള്‍ അതിന്റെ കെട്ടഴിഞ്ഞതും വീണ്ടും കെട്ടാനറിയാതെ സ്റ്റുഡിയോക്കാരനോടൊപ്പം കൈമലര്‍ത്തിയതും ഒടുവില്‍ ആകാശത്തു നിന്നെന്നതുപോലെ ഒരു ഗള്‍ഫുകാരന്‍ അവിടെ പ്രത്യക്ഷപ്പെട്ടതും നിഷ്പ്രയാസം ടൈ കെട്ടി നല്‍കിയതും ഇന്നലെ നടന്നതുപോലെ ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ, ഫോറിന്‍...? എന്നു വിളിച്ച് ഗള്‍ഫുകാരുടെ വീടുകള്‍ കയറിയിറങ്ങിയ മല്‍ബു അങ്ങനെ ഗള്‍ഫിലെത്തിയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കോട്ടും ടൈയും ആശ്രയിക്കേണ്ടിവന്നു. വലിയ ഓഫീസിലെ വലിയ കസേരയില്‍ ഇരിക്കാനൊന്നുമല്ല മല്‍ബുവിന് കോട്ടും ടൈയുമണിഞ്ഞുള്ള ഈ വേഷം. സ്ഥിരമായി ഒരു ജോലി കണ്ടെത്താന്‍ കഴിയാത്ത മല്‍ബുവിന് പുറത്തിറങ്ങണമെങ്കില്‍ ഈ വേഷം വേണം. ഇല്ലെങ്കില്‍ മാസാമാസം മല്‍ബു അയക്കുന്ന തുകയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന കുടുംബം പട്ടിണിയിലാകും. കാരണം മല്‍ബുവിന് പുറത്തിറങ്ങാന്‍ മറ്റൊന്നുമില്ല കൈയില്‍. വലിയ തുക കൊടുത്തുതന്നെയാണ് ഫ്രീ വിസ നേടിയതെങ്കിലും ഫ്രീ വിസ എന്ന ഒരേര്‍പ്പാട് ഇല്ലെന്ന് മനസ്സിലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. അന്വേഷിച്ച്, അന്വേഷിച്ച് ജോലി കണ്ടെത്തിയപ്പോഴേക്കും ഇഖാമ അസാധുവായിരുന്നു. അപ്രതീക്ഷിതമായി പലര്‍ക്കും സംഭവിക്കാറുള്ളതുപോലെ ഹുറൂബ്. അതിനുശേഷം പലപ്പോഴും തുണയായത് ഈ വേഷം തന്നെ. നീണ്ടുനിവര്‍ന്നു നടക്കാം. അറിയാതെ തന്നെ വന്നുചേരുന്നു ഒരു ഗെറ്റപ്പ്.
നടപ്പാസ് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ആളുകളെ തെളിച്ചുതെളിച്ച് വണ്ടിയില്‍ കയറ്റുമ്പോഴും മല്‍ബു ഈ വേഷബലത്തില്‍ തല ഉയര്‍ത്തി നടന്നിട്ടുണ്ട്. ഇഖാമയില്ലാത്തതിനാല്‍ തൊട്ടടുത്തുനിന്നുപോലും ആളുകളെ പൊക്കിയപ്പോള്‍ മല്‍ബുവിനെ തുണച്ചത് വിയര്‍ത്തു കുളിച്ചാലും ഉലയാതെ കാത്തുസൂക്ഷിക്കുന്ന ഈ കെട്ടുതന്നെ.
ഈ കെട്ട് ഊരിയെറിയാനുള്ള തിടുക്കത്തിലാണ് മല്‍ബു ഓരോ ദിവസവും മുറിയിലേക്കെത്തുക. വലിച്ചെറിഞ്ഞാല്‍ ലഭിക്കുന്ന ആശ്വാസത്തിലും അപ്പോള്‍ ഉണ്ടായിത്തീരുന്ന ദീര്‍ഘനിശ്വാസത്തിലുമാണ് നാട്ടിലെ തോടും അതിലെറിയുന്ന ചൂണ്ടയും മാവില്‍നിന്ന് എറിഞ്ഞുവീഴ്ത്തുന്ന മാങ്ങയും കടത്തുതോണി തുഴയുന്നതുമൊക്കെ ഓര്‍മയിലെത്തുക.
തിങ്ങിനിറഞ്ഞ ഫ്‌ളാറ്റില്‍ പിടികൊടുക്കാനാഗ്രഹിക്കാത്തവരും പിടികൊടുക്കാന്‍ കാത്തുനില്‍ക്കുന്നവരും ഒരുപോലെ മല്‍ബുവിനെ പ്രതീക്ഷിച്ചിരിക്കും.
അല്ല, അവിടെ വല്ലതും നടക്കുന്നുണ്ടോ? പിടിത്തം?
ഒരു മിനിറ്റേ, ഞാനിതാ ഇപ്പോ വരാം ഇതൊന്ന് ഊരിയെറിയട്ടെ. എന്നുപറഞ്ഞ് അകത്തു കയറുന്ന മല്‍ബു തിരിച്ചെത്തി പറയും.
മക്കളേ, സൂക്ഷിച്ചോ എന്റെ മുന്നില്‍നിന്നാ ഇപ്പോ പത്തിരുപതെണ്ണത്തെ കൊണ്ടുപോയത്. പല ഭാഗത്തുനിന്നും വളഞ്ഞുകൊണ്ടാ പരിശോധന.

3/21/10

തേന്‍വരിക്കയുടെ സ്വാധീനം

മൂപ്പന്‍ അയമു ഇപ്പോഴും വിശ്വസിക്കുന്നത് ചക്ക തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്നാണ്. തനിക്ക്് ആദ്യമായി റാഡോ വാച്ച് സമ്മാനമായി ലഭിക്കാന്‍ കാരണം തേന്‍വരിക്ക ചക്കയായിരുന്നുവെന്ന് മറ്റൊരു മല്‍ബുവായ നാണി വിശ്വസിക്കുന്നു. ചായയിട്ടു കൊടുക്കുന്ന പണിയില്‍നിന്ന് സൂപ്പര്‍വൈസറായി ഉദ്യോഗക്കയറ്റം കിട്ടാന്‍ മധുരമൂറുന്ന ചക്ക തുണച്ചുവെന്ന വിശ്വാസക്കാരനാണ് കൂലേരി ദാമു.
ചക്കകൊണ്ട് തോറ്റുവെന്ന് കുടകുകാരന്‍ ആക്ക. ആരോ അയച്ച ചക്കച്ചുളകളുടെ ഫോട്ടോ കമ്പ്യൂട്ടറില്‍ സ്‌ക്രീന്‍ സേവറാക്കിയത് വിനയായെന്നാണ് ആക്ക പറയുന്നത്. വാഴയിലയില്‍ നിരത്തിവെച്ചിരിക്കുന്ന ആ ചക്കച്ചുളകള്‍ കണ്ടാല്‍ ആര്‍ക്കും നാവില്‍ വെള്ളമൂറും. അതു മലയാളിക്ക് മാത്രമായിരിക്കുമെന്ന തോന്നലാണ് ആക്കക്ക് പിഴച്ചത്. റിയല്‍ ചക്ക കാണേണ്ട, കൊതിയൂറാന്‍ ചക്കച്ചുളകളുടെ ചിത്രം കണ്ടാലും മതിയെന്ന് ആക്കയുടെ അനുഭവം അടിവരയിടുന്നു.
ഒരു ചക്കക്ക് ജീവിതത്തില്‍ എന്തു സ്വാധീനമാണ് ചെലുത്താനാവുകയെന്നു ചിന്തിച്ചിട്ടുണ്ടോ? ചക്ക വിഭവങ്ങള്‍ നൂറു കൂട്ടമാണ്. ചക്ക വരട്ടിയത്, ചക്ക എരിശ്ശേരി അങ്ങനെ ഓരോന്ന് കേള്‍ക്കുമ്പോള്‍ പ്രവാസികള്‍ക്കു മാത്രമല്ല, പ്ലാവുകള്‍ അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടിലും ഇപ്പോള്‍ ഗൃഹാതുരത്വമുണരും.
ജാക്ക് ഫ്രൂട്ട് എന്ന് ഇംഗ്ലീഷിലും പനസം എന്നു സംസ്‌കൃതത്തിലും പറയുന്ന നമ്മുടെ സ്വന്തം ചക്ക മൊറേസി എന്ന സസ്യകുലത്തില്‍ പെട്ടതാണ്.
എല്ലാ ചക്കവിഭവങ്ങളും വായില്‍ വെള്ളമൂറാന്‍ കാരണമാകുന്നതാണെങ്കിലും വേണ്ടാത്തതേതെന്ന് ചോദിച്ചാല്‍ ചക്കമടല്‍ എന്നു തന്നെയായിരിക്കും ഉത്തരം. മുള്ളു പോലിരിക്കുന്ന ചക്കയുടെ പുറം തൊലി മുറിച്ചെടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് പത്ത് ഗ്രാം വീതം ദിവസം രണ്ട് നേരം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു കുറവുണ്ടാകുമെന്നത് നാട്ടറിവുകളിലൊന്ന്. പിന്നെയുമുണ്ട് ചക്കയുടെ ഔഷധ ഗുണങ്ങള്‍. ചക്കയെ കുറിച്ചുള്ള നാട്ടറിവുകള്‍ ശേഖരിച്ച് ഡിജിറ്റൈസേഷന്‍ ചെയ്തതു വെറുതെയല്ല. ചക്കയുടെ മഹിമ കടലും കരയും കടക്കട്ടെ.
അപ്പോള്‍ നിസ്സാരക്കാരനല്ലാത്ത ചക്ക അയമുവിന്റെ ജീവിതത്തെ സ്വാധീനിച്ചുവെന്ന് വിശ്വസിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല. കഫീലുമായുള്ള ഇടപാടുകള്‍ പീഡനങ്ങളുടെ പര്യായമായി മാറിയപ്പോഴാണ് ഒരു തവണ മടക്കയാത്രയില്‍ അയമു ഒരു തേന്‍വരിക്ക കരുതിയത്. ആ തേനൂറും തേന്‍വരിക്ക അങ്ങനെ തന്നെ കഫീലിനു സമ്മാനിച്ചു. പിന്നീട് നാട്ടില്‍നിന്നുള്ള ഓരോ വരവില്‍ മാത്രമല്ല, വീടിനടുത്തുനിന്ന് ആരെങ്കിലും വരുമ്പോഴും ചക്ക വരുത്തിച്ച് അയമു കഫീലിന്റെ മനം കവര്‍ന്നു. പിന്നെ പിന്നെ ചക്കയും കയറ്റുമതി ഉല്‍പന്നമായതോടെ അയമുവിന് ദൗത്യം എളുപ്പമായി. പത്തോ ഇരുപതോ റിയാല്‍ കൊടുത്ത് ചക്ക വാങ്ങി കഫീലിനു കാണിക്കയാക്കി. സര്‍പ്പീലേക്ക് പോയാല്‍ മതി, ഒന്നാന്തരം ചക്ക റെഡി. ജിദ്ദയിലെ മല്‍ബുകളുടെ സ്വന്തം വ്യാപാര കേന്ദ്രമാണ് ശറഫിയ്യ എന്ന സര്‍പ്പീ.
അയമു സമ്മാനിച്ചുകൊണ്ടിരുന്ന ചക്കയുടെ ഉപഭോക്താവ് യഥാര്‍ഥത്തില്‍ കഫീലായിരുന്നില്ല, പണ്ടെങ്ങോ അയാള്‍ കെട്ടിക്കൊണ്ടുവന്ന എടവണ്ണപ്പാറക്കാരി കദീസുവായിരുന്നുവെന്ന വിവരം അയമുവിന് കിട്ടാന്‍ കഫീല്‍ ഇഹലോകവാസം വെടിയേണ്ടി വന്നു. ഒരു കടലാസിനുവേണ്ടി ചെന്നപ്പോഴാണ് പര്‍ദയണിഞ്ഞ കഫീലത്തി 'അയമൂ, നീ ആ ചക്ക മുടക്കേണ്ട' എന്നു മൊഴിഞ്ഞത്.
തേന്‍വരിക്കയുടെ മധുരത്തില്‍ നാണിയും ദാമുവും സൗഭാഗ്യങ്ങള്‍ നേടിയപ്പോള്‍ എപ്പോഴും ചക്ക കൊണ്ടുവരാന്‍ കല്‍പിക്കുന്ന മാനേജരില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ല എന്നതാണ് ആക്കയുടെ സങ്കടം.
അതെന്താ ഒരു ചക്ക എത്തിച്ചുകൊടുത്താല്‍? മാനേജരുടെ ഇഷ്ടക്കാരനാകാന്‍ പറ്റില്ലേ?
പിന്നെ, മാഫീ ഫാഇദ ഹബീബി... നയാപൈസയുടെ ഗുണമില്ലെന്ന് ആക്ക.
സ്‌ക്രീന്‍ സേവറില്‍ കണ്ട ചക്കച്ചുളയില്‍ കൊതി മൂത്ത് മാനേജര്‍ക്ക് ആദ്യത്തെ തവണ പത്ത് ചുള മാത്രമാണ് എത്തിച്ചുകൊടുത്തത്. അയാള്‍ അതില്‍ അഞ്ചെണ്ണം അപ്പോള്‍തന്നെ തട്ടി ബാക്കി അഞ്ചെണ്ണം വീട്ടില്‍ കൊണ്ടുപോയപ്പോഴാണ് നമ്മുടെ സ്വന്തം ചക്കക്ക് ആരാധകരേറിയത്. മാനേജരുടെ കുടുംബിനിക്ക് പിന്നീട് ചക്ക കിട്ടാതെ വയ്യെന്നായി. യെല്ലോ ഫ്രൂട്ടിനായി പിന്നാലെ കൂടിയ മാനേജരില്‍നിന്ന് ഫാഇദയൊന്നുമില്ലെങ്കിലും ഇത്തിരി ശല്യം കുറഞ്ഞോയെന്ന് ആക്കക്കും സംശയമുണ്ട്.
ചക്കച്ചുള കഷായം വെച്ച്് അമുക്കുരം, അടപതിയന്‍ കിഴങ്ങ്, പാല്‍മുതുക്കിന്‍ കിഴങ്ങ്, കുരുമുളക്, തിപ്പലി എന്നിവ വിധിപ്രകാരം ചേര്‍ത്ത് നെയ്യ് കാച്ചി ദിവസവും ഉപയോഗിച്ചാല്‍ ശരീരം എത്ര മെലിഞ്ഞതായാലും തടിക്കുമെന്നത് മറ്റൊരു നാട്ടറിവാണ്. എരുമ നെയ്യ് ചേര്‍ത്തതാണെങ്കില്‍ സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമെന്നതും ചേര്‍ത്തുവായിക്കണം. ഇത് ആക്കയുടെ എലുന്ത് പോലിരിക്കുന്ന ഭാര്യക്ക് ബാധകമാണെങ്കിലും മാനേജറുടെ 110 കിലോ പ്രിയതമക്ക് ഒരിക്കലും ബാധകമല്ലല്ലോ. എന്നാലും ചക്കയുടെ മഹിമക്ക് ലഭിച്ച അംഗീകാരത്തില്‍ സന്തോഷിക്കുന്ന ആക്ക മാനേജറുടെ ചക്ക മുറവിളി കൂടുമ്പോള്‍ നേരെ സര്‍പ്പീലെ കടയിലേക്ക് പോകുന്നു. തേന്‍വരിക്ക വന്നാല്‍ ഒന്നെടുത്ത് വെക്കനമെന്നഅവനോട് ശട്ടം കെട്ടിയിട്ടണ്ട്.

3/14/10

മല്‍ബൂ വിട്ടോടാ…. അഥവാ തോട്ടത്തിലേക്കുള്ള ക്ഷണം
ഐ.ഐ.ടിയില്‍ പോയി നേടിയ ബിരുദമൊന്നും ഇല്ലെങ്കിലും കമ്പ്യൂട്ടറില്‍ ഒരു കൈ നോക്കാമെന്ന പ്രതീക്ഷ മല്‍ബു കൈവിട്ടിരുന്നില്ല. കാരണം മല്‍ബുകളായ മുഹന്തിസുമാരെ കണ്ടാല്‍ അറബികള്‍ കൊത്തിക്കൊണ്ടു പോകുമെന്നാണ് കേള്‍വി. അതുകൊണ്ടുതന്നെ രാവും പകലുമില്ലാതെ, ഊണും ഉറക്കുമൊഴിഞ്ഞാണ് കമ്പ്യൂട്ടര്‍ പഠിച്ചത്.
ഇപ്പോള്‍ ഏതു കമ്പ്യൂട്ടറും ഏതു പ്രോഗ്രാമും വഴങ്ങും. ഏതു ലാപ്‌ടോപ്പും നന്നാക്കിക്കൊടുക്കാന്‍ മിനിറ്റുകള്‍ മതി. മുഹന്തിസുമാരുടെ സുപ്രധാന യോഗ്യതയായ സ്‌മോക്കിംഗും പഠിച്ചു. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. ഇത് മൈക്രോസോഫ്റ്റിന്റെ ഗള്‍ഫ് കോണ്‍സെന്‍ട്രേറ്റഡ് കോഴ്‌സൊന്നുമല്ല. സാക്ഷാല്‍ സ്‌മോക്കിംഗ് തന്നെ. മല്‍ബുവിന്റെ സ്വന്തം ഭാഷയില്‍ പുകക്കുക എന്നര്‍ഥം.
ഇടക്കിടെ ഒന്നു പുകച്ചാലേ മുഹന്തിസാകൂ എന്നത് മല്‍ബുവിന് ഇവിടെനിന്നു കിട്ടിയ ജ്ഞാനമാണ്. വിജ്ഞാനം എവിടെ കണ്ടാലും അതു സ്വായത്തമാക്കണമെന്നാണല്ലോ? ഒരിക്കല്‍ ഒരു അറബി ചോദിച്ചതാണ്- പുകവലിക്കാത്ത മുഹന്തിസോ? അപ്പാഴാണ് മുഹന്തിസുമാര്‍ക്ക് ചിന്താശക്തി വേണമെന്നും അതുണ്ടാകണമെങ്കില്‍ ഇടക്കിടെ പുക കയറിക്കൊണ്ടിരിക്കണമെന്നും മനസ്സിലാക്കാനായത്. ഒരു കാര്യം മനസ്സിലായാല്‍ പിന്നെ അത് ഉള്‍ക്കൊള്ളാനും സ്വന്തമാക്കാനും മല്‍ബു കഴിഞ്ഞേ മറ്റൊരാളുള്ളൂ.
എന്തുകൊണ്ടാണ് മല്‍ബുകളെ അറബികള്‍ക്ക് ഇത്രമാത്രം ഇഷ്ടമാകാന്‍ കാരണമെന്ന് നാട്ടില്‍നിന്നുതന്നെ പഠിച്ചിട്ടുണ്ട്. കേട്ടുകേള്‍വിയൊന്നുമല്ല. അനുഭവം തന്നെ. അയലത്തെ അയമു ഇക്കണ്ടതൊക്കെ ഉണ്ടാക്കിയത് അറബിയുടെ പിരിശം കൊണ്ടാണെന്നത് നാട്ടില്‍ പാട്ടാണ്. അറബിയുടെ പിരിശം എന്ന പേരില്‍ ഒരു ജോലിയോ തസ്തികയോ ഉണ്ടോ എന്നുപോലും സംശയിക്കാം.
അതെന്തായാലും അയമുവാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്്. ഗള്‍ഫിലുള്ള ബാപ്പയോട് പില തവണ ചോദിച്ചതായിരുന്നു. എന്തു പഠിച്ചാലാണ് അവിടെ അവസരം? ബാപ്പ മറുപടിയൊന്നും നല്‍കില്ല. എന്തോ താന്‍ ഗള്‍ഫിലേക്ക് പോകുന്നത് ബാപ്പാക്ക് ഇഷ്ടമില്ലാത്തതുപോലെ. ചെവിക്ക് സൈ്വരം കൊടുക്കാതിരിക്കാന്‍ ഉമ്മയും കൂട്ടുകൂടിയതോടെയാണ് ഒരിക്കല്‍ ബാപ്പ പറഞ്ഞത്. അയമു നാട്ടിലുണ്ടല്ലോ, അവനെ ഒന്നുപോയി കണ്ടുനോക്കൂ. അവന് വിസ പരിപാടിയൊക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്.
അങ്ങനെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയലുമായി അയമുവിനെ കാണാന്‍ പോയത്. വലിയ ഫയല്‍ കണ്ടതുകൊണ്ടാവണം, അയല്‍ക്കാരനായിട്ടു പോലും അയമു വാതില്‍ കാല്‍ഭാഗമേ തുറന്നുള്ളൂ. വാതില്‍ പെട്ടെന്ന് അടക്കേണ്ട കേസാണെങ്കില്‍ അതിനുള്ള എളുപ്പത്തിനുവേണ്ടിയാകണം വാതില്‍ കാല്‍ഭാഗം മാത്രം തുറന്ന് തല പുറത്തേക്കിടുന്നത്.
ബാപ്പ നിങ്ങളെ വന്നു കാണാന്‍ പറഞ്ഞു. എം.എ ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഒരു വിസ തരപ്പെടുത്തിത്തരണം.
നിങ്ങളുടെ അറബി വിചാരിച്ചാല്‍ സാധിക്കുമെന്നാ ബാപ്പ പറഞ്ഞത്.
എം.എ കൊണ്ടൊന്നും അവിടെ ഇപ്പോള്‍ കാര്യമില്ലാട്ടോ. കമ്പ്യൂട്ടര്‍ പഠിക്കാന്‍ നോക്ക്. എന്നാല്‍ എന്തെങ്കിലും നോക്കാം.
അങ്ങനെയാണ് കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയത്.
അധികം വൈകാതെ തന്നെ അയമുവഴി ബാപ്പ വിസ തരപ്പെടുത്തി അയച്ചു. വിസ അയച്ചപ്പോള്‍ തന്നെ ബാപ്പ പറഞ്ഞിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ഇപ്പോള്‍ തന്നെ ചെലവായി. പകുതിയും കടമാണ്.
അങ്ങനെയാണ് തന്നെയും ഒരു അറബി കൊത്തിയെടുക്കുമെന്ന പ്രതീക്ഷയുമായി മല്‍ബു വിമാനം കയറിയത്.
തല്‍ക്കാലം ഒരു കമ്പ്യൂട്ടര്‍ കടയില്‍ നില്‍ക്കാം. ഭാഷ പഠിക്കാം. ചാന്‍സ് വല്ലതും വരികയും ചെയ്യും.
ബാപ്പയും അയമുവും പറഞ്ഞതനുസരിച്ച് കമ്പ്യൂട്ടര്‍ കടയില്‍ ജോലിക്കു കയറിയ മല്‍ബു കാത്തിരിപ്പ് തുടരുകയായിരുന്നു. ഒരു അറബി വരും, പിരിശത്തോടെ തന്നെ കൊത്തിയെടുക്കാന്‍.
ബാപ്പ വിളിക്കുമ്പോഴൊക്കെ മല്‍ബു പറഞ്ഞുതുടങ്ങി. കടയിലെ ജോലി മടത്തൂട്ടോ. എവിടേക്കെങ്കിലും മാറണം. എന്റെ യോഗ്യതയനുസരിച്ച് ഈ ജോലിയൊന്നും പോരാട്ടോ.
ബാപ്പ ശുഭാപ്തി വിടില്ല. എല്ലാം ശരിയാകും. കുറച്ചുകൂടി ക്ഷമിക്കൂ.
ഒരു ദിവസം ബാപ്പ വിളിച്ചു പറഞ്ഞു. കഫീല്‍ വരുന്നുണ്ട് നിന്നെ കാണാന്‍. സന്തോഷത്തിനു കണക്കില്ലായിരുന്നു.
മുതലാളിയോട് പറയുമ്പോള്‍ ഇത്തിരി ഗമ ഉണ്ടായിരുന്നു. എന്നെ കാണാന്‍ കഫീല്‍ വരുന്നുണ്ട്. ബാപ്പ വിളിച്ചു പറഞ്ഞതാ.
പടച്ചോനേ, കുടുങ്ങിയോ എന്നായിരുന്നു മുതലാളിയുടെ കമന്റ്.
താന്‍ ജോലി വിട്ടുപോകുന്നതു കൊണ്ടുള്ള വിഷമമായിരിക്കും ഉടമ പ്രകടിപ്പിച്ചത്. മല്‍ബു മനസ്സില്‍ കരുതി.
പിന്നെ എപ്പോഴും കടയില്‍ കയിലു കുത്താനാണോ ഇത്രയും പണവും കൊടുത്ത് വിസയും വാങ്ങി ഇങ്ങോട്ടു വന്നത്?
അടുത്ത ദിവസം ബാപ്പയോടൊപ്പം കഫീല്‍ എത്തി. ജോലിയും ശമ്പളവുമൊക്കെ ചോദിച്ചറിഞ്ഞു. പോകുമ്പോള്‍ കഫീല്‍ ഒരു മൊബൈല്‍ ഫോണ്‍കൂടി എടുത്തു. ഇത് മല്‍ബൂന്റെ കണക്കിലെഴുതിക്കോളൂ. ഞാന്‍ അടുത്ത ദിവസം വീണ്ടും വരുന്നുണ്ട്.
ജോലിയുടെ കാര്യങ്ങളൊക്കെ അന്വേഷിച്ച സ്ഥിതിക്ക് അടുത്ത ദിവസം തന്നെ പുതിയ ജോലിക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ മല്‍ബു സന്തോഷവാനായി.
അപായം മണത്ത കടയുടമ മല്‍ബുവിന്റെ ബാപ്പയെ വിളിച്ചു ചോദിച്ചു.
അല്ല, കാക്കാ നിങ്ങള്‍ ഇതെന്താ ചെയ്തത്? മകനേയും കടയും എന്തിനാ കഫീലിനു കാണിച്ചു കൊടുത്തത്?
അതോ, അതു പിന്നെ... കഫീലിന് ഭയങ്കര നിര്‍ബന്ധം മോനെ കാണണോന്ന്.
എന്തായാലും അബദ്ധം ആയീന്നാ തോന്നുന്നത്. ഏതായാലും മകനെ വിളിച്ചൊന്ന് ഉപദേശിച്ചേക്ക്. അവസരത്തിനൊത്ത് പെരുമാറാന്‍.
ദിവസങ്ങള്‍ അധികം കഴിഞ്ഞില്ല. കഫീലിന്റെ വണ്ടി കടയുടെ മുന്നില്‍ വന്നു നിന്നു.
കടയില്‍ കയറിയ ഉടനെ കഫീല്‍ പറഞ്ഞു. മല്‍ബൂനെ ഞാന്‍ കൊണ്ടുപോകുന്നൂട്ടോ. അവനെ എനിക്കാവശ്യമുണ്ട്. തോട്ടത്തില്‍ പോകാന്‍ ആളില്ല.
കടയുടമ ശങ്കിച്ചതുപോലെ തന്നെയായി. ആമില്‍ മസ്‌റ എന്നായിരുന്നു ഇഖാമയില്‍ മല്‍ബുവിന്റെ ജോലി. സ്വന്തം തോട്ടത്തിലേക്ക് തൊഴിലാളിയെ കൊണ്ടുപോകാനാണ് കഫീല്‍ വന്നിരിക്കുന്നത്.
അതുപിന്നെ, പെട്ടെന്ന്്, ഇന്നുതന്നെ എങ്ങനെയാ കൊണ്ടുപോകുന്നത്. നിങ്ങള്‍ നാളെ വാ എന്നു കഫീലിനോട് പറയുമ്പോള്‍ കടയുടമ മലയാളത്തിലും പറഞ്ഞു: "മല്‍ബൂ വിട്ടോടാ....'

3/7/10

എമിഗ്രേഷന്‍ കൗണ്ടറിലെ മറവിനിങ്ങളുടെ മുഴുവന്‍ വിലാസവും പറയൂ.
അതേ സാര്‍, മുഴുവന്‍ വിലാസവും പറഞ്ഞുകഴിഞ്ഞു.
വിശ്വാസം വരാതെ ഉദ്യോഗസ്ഥന്‍ വീണ്ടും കമ്പ്യൂട്ടറിലേക്കും പാസ്‌പോര്‍ട്ടിലേക്കും ഒടുവില്‍ മുഖത്തേക്കും മാറി മാറി നോക്കി.
കമ്പ്യൂട്ടറിലേക്കും പാസ്‌പോര്‍ട്ടിലേക്കും എത്ര വേണമെങ്കിലും നോക്കിക്കൊള്ളട്ടെ. മുഖത്തേക്കുള്ള ഈ നോട്ടമാണ് അസഹനീയം. മോഷ്ടാവെന്ന്് ഉറപ്പായ ആളുടെ നേരെ പോലീസുകാരന്‍ പോലും ഇങ്ങനെ നോക്കില്ല.
മല്‍ബുവിന്റെ മനസ്സില്‍ പറയാന്‍ പലതും വരുന്നുണ്ടെങ്കിലും സന്ദര്‍ഭം അനുസരിച്ചു പെരുമാറണമല്ലോ? എല്ലാം മനസ്സില്‍ ഒതുക്കി. പണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അനാവശ്യ ചോദ്യം ചോദിക്കുന്നവരെ മല്‍ബു നിര്‍ത്തി പൊരിക്കുമായിരുന്നു.
എല്ലാ ജോലിയും ചെയ്ത ശേഷവും മെക്കിട്ട് കയറാന്‍ വന്ന ഒരു ബോസിന്റെ ചെകിട്ടത്ത് വെച്ചു വീക്കിയതാണ് ഏറ്റവും കുറഞ്ഞ റെക്കോര്‍ഡ്. ജോലി നഷ്ടപ്പെട്ടുവെങ്കിലും അനീതിക്കെതിരായ പോരാട്ടത്തില്‍ അങ്ങനെ പലതും സംഭവിക്കുമെന്ന് സ്വയം ന്യായം കണ്ടെത്തിയിട്ടുമുണ്ട്. ആ അവിസ്്മരണീയ സംഭവമാണ് ഒരുപക്ഷേ പ്രവാസ ലോകത്തേക്കുള്ള വാതില്‍ തുറന്നതെന്നും വേണമെങ്കില്‍ പറയാം. അതിനുശേഷമാണ് നാടു വിടുന്നതായിരിക്കും നല്ലതെന്ന്, പിതാവിനു പുറമെ ഭാര്യയും പറഞ്ഞുതുടങ്ങിയത്.
ഉടന്‍ പ്രതികരണമെന്ന സ്വഭാവവും കൊണ്ട് അങ്ങോട്ട് പോകരുതെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നുവെച്ച് അതൊക്കെ അവിടെ ഉപേക്ഷിച്ചിട്ടൊന്നുമല്ല മല്‍ബു വിമാനം കയറിയത്. മരുഭൂമി അതു സ്വീകരിച്ചില്ലെന്നു മാത്രം. ഉരുകുന്ന ചൂടില്‍ പാകപ്പെടുത്തിയെടുത്തു.
ഗള്‍ഫ് ജീവിതം സമ്മാനിച്ച ഏറ്റവും വലിയ നേട്ടമാണിത്. സ്വഭാവത്തിലുണ്ടായ മാറ്റം. ഏതു സാഹചര്യത്തെയും നേരിടാനും അവസരത്തിനൊത്ത് പെരുമാറാനുമുള്ള കഴിവ്. ആരെയും വെറുപ്പിക്കരുത്. അറിയാതെ അങ്ങനെയെങ്ങാനും ഇടവന്നാല്‍ അടുത്ത നിമിഷം തന്നെ സുഖിപ്പിക്കാനുള്ള വിദ്യ കണ്ടെത്തണം.
നിങ്ങളെ ഒന്നിനും കൊള്ളില്ല എന്ന് ഒരാളോട് പറഞ്ഞുപോയെങ്കില്‍ നിങ്ങളെ മാത്രമേ കൊള്ളൂ എന്ന് അടുത്ത നിമിഷം, അല്ലെങ്കില്‍ അടുത്ത ദിവസമെങ്കിലും പറയാനുള്ള കഴിവ് നേടിയെടുക്കാതെ പ്രവാസ ലോകത്ത് പിടിച്ചുനില്‍ക്കുക സാധ്യമേയല്ല. പിടിച്ചുനില്‍ക്കുന്നതിനുമപ്പുറം തിളങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മണിയടി കൂടി ശീലക്കണം. ആ മണിയടിയില്‍ കൂടെ ജോലി ചെയ്യുന്നവന്റെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയുമാണെന്ന ചിന്ത ഒരിക്കലും കടന്നുവരരുത്. മറ്റുള്ളവരെ കുറിച്ച് ബോസിന്റെ മനസ്സില്‍ സംശയം ജനിപ്പിക്കുമ്പോള്‍ സ്വന്തം ഇരിപ്പിടം ഉറപ്പാവുകയും ശമ്പള പാക്കറ്റിന്റെ കനം കൂടുകയും ചെയ്യും.
ഇങ്ങനെ തിയറിയും പ്രാക്ടിക്കലുമൊക്കെ പഠിച്ച് നേടിയെടുത്ത അനുഭവസമ്പത്താണ് മല്‍ബുവിന്റെ കൈമുതല്‍.
അതുകൊണ്ടുതന്നെ മേശയുടെ മറുഭാഗത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ കള്ളനെ പോലെ തനിക്കുനേരെ നോക്കുമ്പോഴും പുഞ്ചിരി തൂകാന്‍ മല്‍ബുവിന് കഴിഞ്ഞു.
പക്ഷെ, പുഞ്ചിരി മാത്രം ഇവിടെ ഫലം ചെയ്യില്ല. ഓര്‍മശക്തി കൂടി വേണം.
സ്വന്തം മേല്‍വിലാസം ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തവന് മറ്റ് എന്തു ശക്തിയുണ്ടായിട്ടെന്തു കാര്യം?
ഇവിടെ അതാണ് പരീക്ഷിക്കപ്പെടുന്നത്. വിലാസം പൂര്‍ണമായി പറഞ്ഞുകൊടുത്തിട്ടും യന്ത്രം മുന്നില്‍ വെച്ചിരിക്കുന്നയാള്‍ക്ക് സംശയം നീങ്ങുന്നില്ല.
നിങ്ങളുടെ മുഴുവന്‍ വിലാസവും പറയാതെ രക്ഷയില്ല.
ഉദ്യോഗസ്ഥന്‍ വീണ്ടും. ഞാന്‍ പറഞ്ഞുകഴിഞ്ഞു സാര്‍. ഇതെന്റെ ശരിയായ വിലാസമാണ്. പൂര്‍ണ വിലാസം.
ഉദ്യോഗസ്ഥന്റെ മുഖം തെളിയുന്നില്ല.
കമ്പ്യൂട്ടര്‍ പറയുന്നു, ഇത് താങ്കളുടെ വിലാസമല്ല. ശരിയായ വിലാസം നിങ്ങള്‍ പറയാതെ എനിക്ക് ഒന്നും ചെയ്യാനും കഴിയില്ല.
ഈ പറഞ്ഞതല്ലാതെ എനിക്ക് മറ്റൊരു വിലാസമില്ല സാര്‍.
ഉറപ്പാണോ?
അതെ, നൂറുവട്ടം ഉറപ്പാണ്.
എന്നാല്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് കള്ള പാസ്‌പോര്‍ട്ടാണ്.
നിങ്ങള്‍ വന്നിരിക്കുന്നത് മറ്റൊരാളുടെ പാസ്‌പോര്‍ട്ടിലാണ്. അല്ലെങ്കില്‍ നിങ്ങള്‍ കള്ള പാസ്‌പോര്‍ട്ട് എടുത്തിരിക്കയാണ്.
അയാളുടെ ചെകിട്ടത്തുവെക്കേണ്ട കൈവിരല്‍ മല്‍ബു സ്വന്തം മൂക്കത്തുവെച്ചു.
എന്താ കഥ. അഞ്ച് പത്ത് വര്‍ഷമായി പോയി വരുന്ന പാസ്‌പോര്‍ട്ട് വ്യജനാണത്രെ. അതിശയം തന്നെയല്ലേ ഇത്.
മാറിനില്‍ക്കണം.
മാറിനിന്ന മല്‍ബുവിന്റെ ചിന്ത പലവഴിക്കും പോയി. പണം പിടുങ്ങാനുള്ള വല്ല ഏര്‍പ്പാടുമായിരിക്കുമോ? അല്ലാതെ എന്തു ചിന്തിക്കാനാ. കള്ള പാസ്‌പോര്‍ട്ടും രണ്ടാം പാസ്‌പോര്‍ട്ടും മനസ്സില്‍ വിചാരിക്കാത്ത കാര്യമാണ്. എന്തോ ചതിയുണ്ട്.
അധികം കഴിയുന്നതിനു മുമ്പേ, മല്‍ബുവിനെ അകത്തെ മുറിയില്‍ കൊണ്ടുപോയി. ചോദ്യശരങ്ങള്‍.
രണ്ടാം പാസ്‌പോര്‍ട്ടാ അല്ലേ?
സമ്മതിച്ചാല്‍ എളുപ്പം വീട്ടില്‍ പോകാം. അല്ലെങ്കില്‍ ഇന്നു പോകാന്‍ കഴിയില്ല.
അല്ല സാര്‍, ഇതെന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ടാ.
വീണ്ടും ചോദ്യം. രണ്ടാം പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ തലമാറ്റി വന്നതായിരിക്കും അല്ലേ?
അയ്യോ സാറേ... സ്വന്തം പാസ്‌പോര്‍ട്ടില്‍ വരാന്‍ എന്തിനു തല മാറ്റണം?
ശരി. എന്നാല്‍ നിങ്ങള്‍ വിലാസം മുഴുവനായി പറയൂ.
മല്‍ബു
സണ്‍ ഓഫ് എക്‌സ് മല്‍ബു
മെലിയന്റവിടെ
ഒഴിഞ്ഞപാടം
പോസ്റ്റ് മേലേക്കര
വഴി കുറുങ്കടവ്
കണ്ണൂര്‍ ജില്ല. കേരളം, ഇന്ത്യ

വിലാസം മുഴുവന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന്‍ കള്ള പാസ്‌പോര്‍ട്ട് പിടിച്ചതിനാല്‍ വിജയശ്രീലാളിതനായി നില്‍ക്കുകയായിരുന്ന ആദ്യ ഉദ്യോഗസ്ഥനു നേരെ നോക്കി.
വിലാസം കൃത്യമാണല്ലോ
അല്ല സാര്‍, ആദ്യം ഇയാള്‍ ഒഴിഞ്ഞപാടം എന്നു പറഞ്ഞിരുന്നില്ല.
ഉദ്യോഗസ്ഥന്‍ വീണ്ടും മല്‍ബുവിനു നേരെ.
ശരിയാണോ, ആദ്യം നിങ്ങള്‍ ഒഴിഞ്ഞപാടം എന്നു പറഞ്ഞില്ലേ?
അതെന്തു പറയാനാ, ഒഴിഞ്ഞപാടമല്ലേ. ഞാനതങ്ങ് മറന്നുപോയതാ.
ശരി ഇനി പോകാം എന്നു പറഞ്ഞുകൊണ്ട് മേലുദ്യോഗസ്ഥന്‍ ചിരിച്ചെങ്കിലും മല്‍ബുവിന് അമര്‍ഷം കൂടുകയായിരുന്നു.
വീണ്ടും കിട്ടി ഒരു സോറി.
ബുദ്ധിമുട്ടായി അല്ലേ.
ചിലപ്പോള്‍ കമ്പ്യൂട്ടര്‍ പരാജയപ്പെടും. അവിടെ ഞങ്ങള്‍ക്ക് ഇതേ നിവൃത്തിയുള്ളൂ.
ഇതൊക്കെയായിരിക്കും നിയോഗം. എയര്‍പോര്‍ട്ടിനു പുറത്തു കാത്തിരിക്കുന്ന മക്കളെ കാണാനുള്ള ധിറുതിയില്‍ കിട്ടിയ സോറിയും കൊണ്ട് മല്‍ബു വേഗം വീട്ടിലേക്ക്.


3/1/10

അപ്രതീക്ഷിത യാത്രഅവസാനംവരെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കണം എന്നു പറഞ്ഞോണ്ടിരുന്നയാളാ. ഇപ്പോള്‍ ഇതാ സ്വന്തം പെട്ടി തന്നെ കെട്ടുന്നു. നാട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ ഒരു പോലെ ഞെട്ടിക്കുന്നതായി മല്‍ബുവിന്റെ തീരുമാനം. ആകര്‍ഷകമായ ശമ്പളത്തില്‍ ലഭിച്ച ജോലി. കമ്പനി നല്‍കുന്ന ആനുകൂല്യങ്ങളോ, എത്രയും ആകര്‍ഷകവും. തന്റെ വിദ്യാഭ്യാസ യോഗ്യതയും പരിചയവും വെച്ച് ഒരിക്കലും മോഹിക്കാന്‍ പോലും പാടില്ലാത്തത്.
കുറേ കാലം സഹിച്ചതിനും കഷ്ടപ്പെട്ടതിനും അവന് ഒടുവില്‍ കിട്ടിയെന്നാണ് സഹമുറിയന്മാര്‍ പറഞ്ഞിരുന്നത്. ശരിയാണ്. കഷ്ടപ്പാടുകള്‍ തന്നെയായിരുന്നു മല്‍ബുവിന് ഇതുവരെ. ഓവര്‍ടൈം ജോലി ചെയ്തിട്ടു പോലും രണ്ടറ്റം കൂട്ടിമുട്ടിക്കുക പാടായിരുന്നു. അങ്ങനെയിരിക്കെയാണ്, കണ്ടു മറന്ന ഒരാള്‍ ജോലി വാഗ്ദാനവുമായി പ്രത്യക്ഷപ്പെട്ടത്. ആശ്ചര്യജനകമായിരുന്നു അയാളുടെ ടെലിഫോണ്‍ വിളിയും നാളെ തന്നെ ജോലിക്ക് അപേക്ഷിക്കാനുള്ള നിര്‍ദേശവും.
സൂപ്പര്‍ മാര്‍ക്കറ്റിലെ കഠിന ജോലി കണ്ട് അലിവ് തോന്നിയ അയാള്‍ എന്നോ നമ്പര്‍ വാങ്ങി വെച്ചതായിരുന്നു. എന്നോ പരിചയപ്പെട്ട ഒരാള്‍ ഫോണ്‍ നമ്പര്‍ സൂക്ഷിച്ച് വെച്ച്, അവസരം ഒത്തുവന്നപ്പോള്‍ കൃത്യമായി വിളിച്ചുവെന്നത് ആലോചിക്കുമ്പോള്‍ തന്നെ കുളിരുകോരുന്നു.
കാരണം, ഇന്ന് പരിചയങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍ക്കുമൊക്കെ പണ്ടത്തെ വിലയില്ലല്ലോ? ഉദാരീകരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഓരോരുത്തരും സ്വന്തം മാളത്തിലേക്ക് വലിയുന്നു. സഹൃദ്ബന്ധവും പരിചയവുമൊക്ക ആവശ്യങ്ങളെ കേന്ദ്രീകരിച്ചായി.
സ്വന്തം ആവശ്യത്തിനുവേണ്ടി വിളിക്കുമ്പോള്‍ അതോടൊപ്പം നടക്കുന്ന ഔപചാരികതയായിരിക്കുന്നു കുശലാന്വേഷണം.
മല്‍ബു ഒരുപാട് മാറിപ്പോയി. ശീലങ്ങളൊക്കെ പോയ്മറഞ്ഞു.
അങ്ങനെ വരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ കവറിലാക്കി കൊടുക്കുമ്പോള്‍ പരിചയപ്പെട്ട ഒരാള്‍ തന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുതം തന്നെയല്ലേ.
അങ്ങനെ മല്‍ബുവിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്ന് മറ്റെല്ലാവരും കരുതുന്ന ജോലിയാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആളുകള്‍ വിടുമോ?
മടങ്ങിപ്പോകുന്ന കാര്യം ചിന്തിക്കരുതെന്നും പരമാവധി ഇവിടെ തന്നെ പിടിച്ചുനില്‍ക്കണമെന്നും എല്ലാവരോടും ഉപദേശിക്കുന്ന നിങ്ങളും. ചോദ്യശരങ്ങള്‍ വീണ്ടും വീണ്ടും വന്നു.
അതിലൊരാള്‍ സ്വയം കണ്ടെത്തിയ ഉത്തരം വിചിത്രമായിരുന്നു.
ഇതേക്കാളും നല്ല ജോലി ചിലപ്പോള്‍ പണ്ടു ചെയ്തതു തന്നായിക്കാരം. വലിക്കാന്‍ കിട്ടുന്ന ചാന്‍സല്ലേ കളഞ്ഞത്. ഇപ്പോള്‍ അറിയാത്ത ജോലി കാട്ടിക്കൂട്ടി ഒപ്പിക്കുന്നു. വിവരമുള്ളവന്‍ തലപ്പത്തുണ്ടെങ്കില്‍ പണ്ടേ സ്വയം പിരിഞ്ഞു പോകേണ്ടിവന്നേനെ.
ആളുകള്‍ എന്തെങ്കിലും പറയട്ടെ, മല്‍ബു ആരോടും മറുപടി പറയാന്‍ പോയില്ല.
പ്രവാസ ജീവിതം മതിയാക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇങ്ങനെ പലരോടും മറുപടി പറയേണ്ടിവരും. കുടുംബക്കാരോടും നാട്ടുകാരോടും പിന്നെ സഹ പ്രവാസികളോടും.
അല്ലാ നീ ആലോചിച്ചിട്ടു തന്നെയല്ലേ തീരുമാനമെടുത്തത്. പോയവരൊക്കെ തിരിച്ചുവരുന്ന കാലമാണ്. അവസരങ്ങള്‍ അവിടെ കുന്നുകൂടി കിടക്കുകയാണെന്ന് പ്രധാനമന്ത്രിയും അംബാസഡറുമൊക്കെ പറയുന്നതു നേരാ. അതൊക്കെ കേട്ട് പോയവര്‍ പുതിയ വിസക്കായി കാത്തിരിക്കയാണ്.
അതുകൊണ്ട് നൂറുവട്ടം ചിന്തിക്കണം.
മല്‍ബുവിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
കാരണം ജീവിതം മുഴുവന്‍ തനിക്കുവേണ്ടി മരുഭൂമിയില്‍ ജീവിച്ചു തള്ളി മടങ്ങിപ്പോയ ബാപ്പയാണ് തന്നെ വിളിച്ചിരിക്കുന്നത്.
ഇനി നീ ഇങ്ങോട്ട് പോര്. എനിക്ക് നിന്നെ കാണാതെ ഇനി വയ്യ. എന്തു സമ്പാദ്യം നഷ്ടപ്പെട്ടാലും നീ വരണം.
കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ ബാപ്പ തീര്‍ത്തും അവശനായിരുന്നു. നീ വന്നപ്പോഴാ ഇങ്ങനെയെങ്കിലും ഒന്നു കണ്ണു തുറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും പ്രതികരണം.
ഒരു മാസത്തെ അവധി കഴിഞ്ഞ മടങ്ങാനൊരുങ്ങുമ്പോള്‍ ആ കണ്ണുകളിലേക്ക് തന്നെ കുറേനേരം നോക്കിയിരുന്നു.
ആ കണ്ണുകളില്‍ അന്നു വായിക്കാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ടെലിഫോണില്‍ കേട്ടത്.
നീ ഇനി നില്‍ക്കേണ്ട, എന്തു നഷ്ടം വന്നാലും.
പ്രവാസത്തിന്റെ ചൂടും തണുപ്പും അറിഞ്ഞ ബാപ്പ വിളിക്കുന്നത് ബാപ്പക്കു വേണ്ടിയായിരിക്കില്ല.
പണ്ട് ബാപ്പ വീട്ടിലേക്ക് എഴുതുന്ന എല്ലാ കത്തുകളുടേയും അവസാനം ഇങ്ങനെ ഒരുവരി കാണാമായിരുന്നു.
മോനോട് നല്ലവണ്ണം പഠിക്കാന്‍ പറയണം. ഒരിക്കലും ഗള്‍ഫ് സ്വപ്നം കാണരുതെന്നും.Related Posts Plugin for WordPress, Blogger...