4/28/10

ദുരിതങ്ങളുടെ കടമ്പകള്‍ കടന്ന് പാക് കുടുംബം നാട്ടിലേക്ക് മടങ്ങി

ഗൃഹനാഥന്‍ നാടുകടത്തപ്പെട്ടതോടെ ജിദ്ദയില്‍ കുടുങ്ങിയ കുടുംബത്തിലെ
കുട്ടികള്‍ ഫൈസലിയയിലെ ഫ്‌ളാറ്റിനു മുന്നില്‍.


നാടു കടത്തിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ കുടുങ്ങിയ പാക്കിസ്ഥാനി കുടുംബം ഒരു മാസത്തെ ദുരിതപര്‍വത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. മലയാളികളടക്കമുള്ള സുമനസ്സുകളുടെ സഹായമാണ് അഞ്ച് കുട്ടികളടങ്ങുന്ന കുടുംബത്തിന് തുണയായത്. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന മറദാന്‍ ജില്ലയില്‍നിന്നുള്ള കുടുംബമാണ് നിയമം ലംഘിച്ച് ജിദ്ദയില്‍ കഴിഞ്ഞിരുന്ന ആസിഫ് കമാല്‍ എന്ന 39 -കാരന്‍ പോലീസ് പിടിയിലായതോടെ വിഷമത്തിലായത്.
ലിമോസിന്‍ ഡ്രൈവറായിരുന്ന ആസിഫിന്റെ കാര്‍ അപകടത്തില്‍പെട്ടതോടെയാണ് ഇയാള്‍ പിടിയിലായത്. ആസിഫ് ജയിലിലായതോടെ ഭാര്യ ഫര്‍ഹന്തയും രണ്ടര വയസ്സിനും 14 വയസ്സിനുമിടയില്‍ പ്രായമുള്ള അഞ്ച് മക്കളും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഫൈസലിയയിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഇഖാമയും മറ്റു രേഖകളുമില്ലായിരുന്നുവെന്ന് അറസ്റ്റിലായ ആസിഫിനെ നാട്ടിലേക്ക് കയറ്റി അയച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇളയ രണ്ട് കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടുപോലും ഇല്ലായിരുന്നു. ഉംറ വിസയിലെത്തിയ ഇവര്‍ ഒരിക്കലും നാട്ടിലേക്ക് മടങ്ങിയിട്ടില്ല.
സമീപത്തെ മലയാളികളടങ്ങുന്ന ഇന്ത്യന്‍ കുടുംബങ്ങളും പാക്കിസ്ഥാനികളുമാണ് ഇവരുടെ തുണക്കെത്തിയത്. സമീപത്തെ കുടുംബങ്ങളാണ് ഇവര്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചത്.
പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍നിന്ന് മടക്കയാത്രക്ക് രേഖകള്‍ തയാറാക്കാന്‍ എളുപ്പം സാധിച്ചുവെങ്കിലും ജവാസാത്തില്‍ അടക്കേണ്ടിയിരുന്ന പിഴ സംഖ്യ കണ്ടെത്തുക പ്രയാസമായി.
പാക്കിസ്ഥാനിലെത്തിയ ആസിഫാകട്ടെ, സ്വന്തം വീട്ടിലേക്ക് പോകാതെ മനഃപ്രയാസത്തോടെ അവിടെ സുഹൃത്തിനോടൊപ്പം കഴിയുകയായിരുന്നു. ~ഒടുവില്‍ പാക്കിസ്ഥാനികളും സമീപത്തെ മലയാളി കുടുംബങ്ങളുമൊക്കെ ചേര്‍ന്നാണ് ജവാസാത്തിലെ പിഴ അടക്കാനും ടിക്കറ്റിനുമുള്ള തുക ശേഖരിച്ചത്.





4/25/10

ചികിത്സാലയത്തിലെ ബയോ മെട്രിക്‌സ്



ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു മല്‍ബുവും മല്‍ബിയും.
എന്തൊരു തിരക്കായിത്?
മല്‍ബുവിന് ഇരിക്കപ്പൊറുതി ഇല്ല. കാരണം അര മണിക്കൂര്‍ ഇട ചോദിച്ച്ഓഫീസില്‍നിന്ന് നേരെ പോന്നതാണ്. ഒരു മണിക്കൂറായിട്ടും രക്ഷയില്ല. ഇനിയിപ്പോ മല്‍ബിയെ വീട്ടിലെത്തിച്ച് ഓഫീസിലെത്തുമ്പോഴേക്കും ഓഫീസുംപൂട്ടി ആളുകള്‍ ഇറങ്ങും.
ഡോക്ടര്‍മാരെ സമ്മതിക്കണം. എത്രമാത്രം രോഗികളെയാണ് അവര്‍ ഇത്തിരിനേരംകൊണ്ട് പരിശോധിക്കുന്നത്. ടോക്കണെടുത്തുള്ള കാത്തിരിപ്പില്‍മല്‍ബുവിന്റെ ചിന്ത കാടുകയറുകയാണ്. തിരക്ക് ഒരിക്കലുംഅവസാനിക്കുന്നില്ല. നോക്കി നോക്കി വിടുന്നതിനനുസരിച്ച് പുതിയ പുതിയആളുകള്‍. ടോക്കണ്‍ നമ്പര്‍ അമ്പതും അറുപതും ഒക്കെ കടന്ന് മുന്നോട്ടു തന്നെ.
പേഷ്യന്റ്‌സ് ഇങ്ങനെ കൂടിയാല്‍ ഡോക്ടര്‍മാര്‍ക്കൊക്കെ എങ്ങനെയാനേരാംവണ്ണം പരിശോധിക്കാന്‍ കഴിയുക? മരുന്നെഴുതി കയ്യെടുക്കാന്‍നേരമുണ്ടാകില്ലല്ലോ? -മല്‍ബു സംശയം പ്രകടിപ്പിച്ചു.
അതിനല്ലേ, പ്രഷര്‍ നോക്കാനും മരുന്നെഴുതാനുമൊക്കെ വേറെ ആളെനിര്‍ത്തിയിരിക്കുന്നത്. ഡോക്ടര്‍ രോഗിയെ നോക്കുകയേ വേണ്ടൂ. മരുന്നൊക്കെഇപ്പോള്‍ സിസ്റ്റര്‍മാര്‍ എഴുതിക്കോളും. എഴുതി എഴുതി അവരും എക്‌സ്‌പേര്‍ട്ട്ആയില്ലേ? -മല്‍ബിയുടെ മറുപടി.
വലിയ വലിയ ആശുപത്രികളിലാണെങ്കില്‍ ഒറ്റ ഡോക്ടറും ഒരു ദിവസംഇത്രയധികം രോഗികളെ നോക്കുന്നുണ്ടാവില്ല അല്ലേ?
അവിടെ കുറച്ചു രോഗികളെ നോക്കിയാല്‍ മതിയല്ലോ. പത്തുപേരെനോക്കുന്നതിനുള്ള ഫീ ഒരാളെ നോക്കിയാല്‍ കിട്ടും -വീണ്ടും മല്‍ബിയുടെ മറുപടി.
വന്‍കിട ആശുപത്രികളില്‍ ഡോക്ടര്‍മാരാണ് കൂടുതല്‍. മറ്റു ജീവനക്കാരുടെഎണ്ണം കുറവും. അവിടത്തെ മെഡിക്കല്‍ സ്‌റ്റോര്‍ കണ്ടിട്ടുണ്ടോ? മരുന്ന്എടുത്തുകൊടുക്കാന്‍ ഒന്നോ രണ്ടോ പേര്‍ മാത്രം.
ചെറിയ ക്ലിനിക്കുകളോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്‌റ്റോറുകള്‍ നോക്കിയിട്ടുണ്ടോ? അവിടെ മരുന്ന് എടുത്തു കൊടുക്കാന്‍ മാത്രം എത്ര പേരാ? തമ്മില്‍ കൂട്ടിയിടിച്ച്പരിക്കേല്‍ക്കാത്തത് ഭാഗ്യം. എന്താ ഇതിന്റെ ഗുട്ടന്‍സ്? ഇക്കുറിമല്‍ബിയുടേതായിരുന്നു സംശയം.
അതില്‍ വലിയ ഗുട്ടന്‍സൊന്നുമില്ല. 250 റിയാല്‍ ഫീ വാങ്ങുന്ന ഡോക്ടര്‍ക്ക്കൂടുതല്‍ ടെസ്റ്റുകള്‍ നിര്‍ദേശിക്കുകയോ കൂടുതല്‍ മരുന്നെഴുതുകയോ വേണ്ട.
അഞ്ച് മുതല്‍ 50 റിയാല്‍വരെ മാത്രം ഫീ വാങ്ങുന്ന ഡോക്ടറുടെ സ്ഥിതി അതല്ല. അവര്‍ക്ക് ടെസ്റ്റും മരുന്നുകളും കൂടുതല്‍ എഴുതി വേണം ആശുപത്രികള്‍ക്ക്വല്ലതും ഒപ്പിച്ചു കൊടുക്കാന്‍. എന്നാലേ അവര്‍ക്കുമുള്ളൂ നിലനില്‍പ്.
250 റിയാല്‍ പരിശോധനാ ഫീ കൊടുത്ത് ഡോക്ടറെ കണ്ടാല്‍ പലതാണ് മെച്ചം. ടെസ്റ്റുകള്‍ക്ക് നിന്നുകൊടുക്കേണ്ട. മരുന്ന് പേരിനു മാത്രം കഴിച്ചാല്‍ മതി.
പത്ത് റിയാല്‍ ഫീസ് കൊടുത്താല്‍ ടെസ്റ്റുകള്‍ അനവധി. പിന്നെ ഒര കൊട്ട മരുന്നും. കുടിച്ചാലും കുടിച്ചാലും തീരില്ല.
മല്‍ബുവും മല്‍ബിയും ഇങ്ങനെ ചിന്തകള്‍ കൈമാറിക്കൊണ്ടിരിക്കെ ടോക്കണ്‍വിളിച്ചു.
ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് ഇരുവരും അകത്തേക്ക്.
അല്ലാ, ആരാ ഇത് നമ്മടെ ഫാത്തിമയോ?
എന്തൊക്കെയാ പൂക്കോട്ടുംപാടത്തെ വിശേഷങ്ങള്‍?
ലേഡി ഡോക്ടറുടെ നീട്ടിപ്പിടിച്ചുള്ള സംസാരത്തില്‍ മല്‍ബുവും മല്‍ബിയുംഅമ്പരന്നിരിക്കെ ഡോക്ടര്‍ വീണ്ടും വെടി പൊട്ടിച്ചു.
അമ്മാവന്‍ അയമൂട്ടിക്കയുടെ ഹാലൊക്കെ എന്താ? കച്ചോടൊക്കെ ഉഷാറല്ലേ? ഇപ്പോ മുട്ടുവേദനയൊന്നും ഇല്ലല്ലോ?
അമ്പരപ്പിനു കാരണം മറ്റൊന്നുമായിരുന്നില്ല. ആറു മാസം മുമ്പാണ് ലേഡിഡോക്ടറെ ആദ്യമായി കണ്ടത്. ഒരേയൊരു തവണ. പത്ത് മിനിറ്റു മാത്രം കണ്ടഫാത്തിമയെ ഡോക്ടര്‍ മറന്നിട്ടില്ല. പേര് ഓര്‍മിക്കുക എന്നതു വലിയ കാര്യമില്ല. അതു പേഷ്യന്റ് ഫയലില്‍ നോക്കി വിളിച്ചാല്‍ മതിയല്ലോ? പക്ഷേ മറ്റു കാര്യങ്ങള്‍ഓര്‍മിച്ചു വെക്കണമെങ്കില്‍, അതു ഡോക്ടറുടെ അപാര കഴിവുതന്നെ.
മല്‍ബുവല്ലേ, ചിന്ത പല വഴിക്കുപോയി.
വല്ല കണ്ടുപിടിത്തവുമുണ്ടാകുമോ? രോഗി മുറിയില്‍ പ്രവേശിക്കുന്നതോടെസകല വിവരങ്ങളും ഡോക്ടറുടെ മനസ്സില്‍ തെളിയുന്ന വല്ല കണ്ടുപിടിത്തവും...?
ബയോ മെട്രിക്‌സ് എന്നു കേട്ടിട്ടുണ്ട്. ആളുകളെ സൂക്ഷ്മമായി തിരിച്ചറിയാനുള്ളശാസ്ത്രീയ മാര്‍ഗം. കൃഷ്ണമണി, കൈഞ്ഞരമ്പുകള്‍, സംസാരിക്കുമ്പോഴുള്ള ശബ്ദം, ഡി.എന്‍. എന്നിവയുടെ പരിശോധന വഴി കിറുകൃത്യമായി ആളെതിരിച്ചറിയാന്‍ കഴിയും. മുഖച്ഛായയും റെറ്റിനയും (നേത്രാന്തരപടലവും) പരിശോധിച്ച് ആളെ തിരിച്ചറിയുന്ന രീതികളുമുണ്ട്. നമ്മുടെ രൂപവും പെരുമാറ്റരീതികളും മനസ്സിലാക്കി ആളെ തിരിച്ചറിയുന്ന രീതി വികസിത രാജ്യങ്ങളില്‍പലേടത്തും നടപ്പായതായും വായിച്ചിട്ടുണ്ട്.
മല്‍ബിക്കാണെങ്കില്‍ ഡോക്ടര്‍ തന്നെ തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദം മുഖത്ത്അലതല്ലുന്നു.
ഡോക്ടറെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. ഒരു തവണ കണ്ടാല്‍ മതി. പിന്നെഒരിക്കലും മറക്കില്ല. മരുന്നിനേക്കാളും ഫലിക്കുക ഡോക്ടറുടെ സ്‌നേഹമല്ലേഎന്നു പലരും ചോദിക്കാറുണ്ട്. മികച്ച ആശുപത്രികളില്‍ പോകാന്‍സൗകര്യമുണ്ടായിട്ടുപോലും അടുപ്പം കൊണ്ടുമാത്രം ഡോക്ടറെകാണാനെത്തുന്നവര്‍ നിരവധിയാണ്.
എന്നാലും ഇതൊരു അദ്ഭുതം തന്നെ. ഇത്ര തിരക്കുണ്ടായിട്ടും ആറുമാസം മുമ്പ്കണ്ട മല്‍ബി പൂക്കോട്ടുംപാടത്താണെന്നും അവിടെ ഒരു അയമൂട്ടിക്കയുണ്ടെന്നുംഅതു മല്‍ബിയുടെ അമ്മാവനാണെന്നും അയാള്‍ കച്ചവടക്കാരനാണെന്നുമൊക്കെഓര്‍മിച്ചു വെക്കുക നിസ്സാരമല്ല.
സ്‌ക്രീന്‍ നീക്കി മല്‍ബിയെ ഡോക്ടര്‍ പരിശോധിച്ചുകൊണ്ടിരിക്കെ, ഫയലിനടിയില്‍ കുനുകുനാന്ന് മലയാളത്തില്‍ എഴുതിയത് മല്‍ബുവിന്റെശ്രദ്ധയില്‍ പെട്ടു.
വെറുതെ ഒരു കൗതുകത്തിനു വായിച്ചുനോക്കി.
ഫാത്തിമ, പൂക്കോട്ടുംപാടത്താണ്. കച്ചവടക്കാരനായ അയമൂട്ടിയുടെമരുമകളാണ്. അയമൂട്ടിക്ക് മുട്ടുവേദനയുണ്ട്. ഹാജറ, ഷമീന, ഫദ്ല്‍, ദിയഎന്നിവര്‍ മക്കള്‍.
ബയോ മെട്രിക്‌സ് രഹസ്യം കണ്ടുപിടിച്ച മല്‍ബു മെല്ലെ ഫയല്‍ തിരികെ വെച്ച്ഒന്നും അറിയാത്തവനെ പോലെ ഇരുന്നു.

4/18/10

കാനേഷുമാരി അഥവാ മല്‍ബി കേട്ട തോന്ന്യാസം




രാവിലെ ഓഫീസില്‍ എത്തിയിട്ടില്ല, അതിനു മുമ്പേ തുടങ്ങി മല്‍ബിയുടെ മിസ്ഡ് കോളുകള്‍.
ഓഫീസില്‍ എത്തിയാല്‍ തിരിച്ചു വിളിക്കില്ല എന്ന് അവള്‍ക്ക് അറിയാവുന്നതാണല്ലോ.
അങ്ങനെയാണ് മല്‍ബുവും മല്‍ബിയും തമ്മിലുള്ള ധാരണ. മിസ്ഡ് കോള്‍ കണ്ടാലും രാത്രി മുറിയില്‍ തിരിച്ചെത്തിയാലേ തിരിച്ചു വിളിക്കൂ.
അപ്പോള്‍ മാത്രമാണല്ലോ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുക. ഇതിപ്പോള്‍ എല്ലാ മല്‍ബുകളുടേയും ദിനചര്യയാണ്. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഫോണിലൂടെ വീട്ടുവിശേഷങ്ങളൊക്കെ അറിയുക. ഇന്റര്‍നെറ്റിന്റെ സുഖം ഇപ്പോഴാണ് മല്‍ബു തിരിച്ചറിയുന്നത്. ഇന്നലെ രാത്രീം ഒരു മണിക്കൂര്‍ സംസാരിച്ചതാ. അവസാനം അവള്‍ സംസാരിച്ചു കുഴഞ്ഞാ ഫോണ്‍ വെച്ചത്. നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫുകാരുടെ ഇന്റര്‍നെറ്റ് ഫോണ്‍ ഇപ്പോള്‍ ഒരു ശല്യമായെന്നും പറയുന്നവരുണ്ട്. മല്‍ബൂന്റെ ഫോണ്‍ വരുന്നൂന്ന് കേട്ടാല്‍ ഓടിയൊളിക്കുന്ന കുടുംബക്കാരും സുഹൃത്തുക്കളും.
ഇതിപ്പോ രാവിലെ തന്നെ വീണ്ടും വീണ്ടും മിസ്ഡ് കോള്‍ വരണമെങ്കില്‍ എന്തെങ്കിലും അത്യാവശ്യം വേണം. തിരിച്ചു വിളിക്കാനാണെങ്കില്‍ ഫോണ്‍ കാലി. ശമ്പളം കിട്ടിയ കാശൊക്കെ ഡ്രാഫ്റ്റ് അയച്ചു തീര്‍ന്നു. ശമ്പളം കിട്ടിയ അന്നുതന്നെ അയച്ചതു നന്നായി. പിന്നെ എന്തൊരു കയറ്റായിരുന്നു രൂപക്ക്. ഒരു രണ്ടു ദിവസമെങ്കിലും ബാങ്കില്‍ കിടന്നോട്ടെ എന്നു പറഞ്ഞ് കളിയാക്കാറുണ്ട് കൂട്ടുകാര്‍.
ഡ്രാഫ്‌റ്റെടുത്ത് പോക്കറ്റ് കാലിയായാല്‍ പിന്നെ മാസാവസാനംവരെ കടം വാങ്ങുകയാ പതിവ്. കുടുംബത്തെ പോറ്റാനും വല്ലതും മിച്ചം വെക്കാനുമാണല്ലോ വിമാനം കയറിയത്. അപ്പോള്‍ പിന്നെ കിട്ടുന്നത് ഉടന്‍ തട്ടുകയല്ലാതെ എന്തു വേണം? ഇപ്പോള്‍ വിമര്‍ശിക്കുന്ന കൂട്ടുകാരും പറയും: "മല്‍ബൂ നീ അന്നുതന്നെ അയച്ചതോണ്ട് അല്‍പമെങ്കിലും മെച്ചം കിട്ടി അല്ലേ?'
ദേ വീണ്ടും മിസ്ഡ് കോള്‍. മല്‍ബി തന്നെ.
ഇനിയിപ്പോ തിരിച്ചുവിളിച്ചേ പറ്റൂ. അഞ്ചാമത്തെ മിസ്ഡ് കോളാ ഇത്. എന്തെങ്കിലും വിശേഷം കാണാതിരിക്കല്ല.
പത്ത് റിയാല്‍ കടം വാങ്ങി റീ ചാര്‍ജ് ചെയ്ത ശേഷം മല്‍ബിയെ വിളിച്ചു.
അതേയ്, ഞാന്‍ ഓഫീസിലാ. രാത്രിയേ വിശദമായി വിളിക്കാന്‍ പറ്റൂ. എന്താത്ര വിശേഷം?
വിശേഷം തെന്നയാ. ഇവിടെ ഒരുത്തന്‍ എന്നോട് തോന്ന്യാസം പറഞ്ഞിരിക്കുന്നു. അവന് ഞാനിട്ടൊന്ന് കൊടുക്കുകേം ചെയ്തു.
അയ്യോ, എന്താ സംഭവിച്ചത്? നീയൊന്ന് വേഗം പറ.
അതേയ്, രാവിലെ ഇവിടെ ഒരാള്‍ വന്നിരുന്നു.
എന്റേം മക്കളുടേം പേരും വിവരങ്ങളുമൊക്കെ ചോദിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാന്നു പറഞ്ഞതോണ്ട് ഞാന്‍ എല്ലാം വിശദമായി പറഞ്ഞുകൊടുത്തു.
മക്കളുടെയൊക്കെ മുഴുവന്‍ പേരും വയസ്സും എല്ലാ കാര്യങ്ങളും. കാനേഷുമാരി കണക്കെടുപ്പല്ലേ. വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്താല്‍ കുഴപ്പമൊന്നുമില്ലെന്ന് വിചാരിച്ചിട്ടാരുന്നു അത്.
അതൊക്കെ എഴുതിയെടുത്ത ശേഷം അയാള്‍ ചോദിക്കുവാ...
ഭര്‍ത്താവ് ഇല്ല അല്ലേ എന്ന്... എനിക്ക് സഹിക്കാനാവുന്നതായിരുന്നില്ല അത്. നിങ്ങള്‍ പ്രവാസികള്‍ ദുഃഖം കടിച്ചമര്‍ത്തുന്നു എന്നൊക്കെ പറയാറില്ലേ, ഞാന്‍ അതുപോലെ ചെയ്തുകൊണ്ട് മിണ്ടാതിരുന്നു.
ദേ വരുന്നു അയാളുടെ രണ്ടാമത്തെ ചോദ്യം.
ഭര്‍ത്താവില്ല, വേലക്കാരനുണ്ട് അല്ലേ? പിന്നെ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ കൊണ്ടുവന്ന ഒരു കട്ടിയുള്ള ചെരിപ്പില്ലേ. നല്ല ഗ്രിപ്പുണ്ടെന്ന് പറഞ്ഞ് കൊണ്ടുവന്ന ചെരിപ്പ്. അതായിരുന്നു എന്റെ കാലില്‍. മറ്റൊന്നും ആലോചിക്കാതെ, അതിങ്ങൂരി അയാളുടെ മുഖത്തിട്ടൊന്നു കൊടുത്തു.
കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഉടന്‍തന്നെ അയാളെ പിടിച്ചുകൊണ്ടുപോയി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലേ, ഇനിയിപ്പോ എന്താ സംഭവിക്കാന്ന് അറിയില്ല.
കാനേഷുമാരി ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് വലിയ കുറ്റമാകുമെന്നാ അയല്‍വാസികളൊക്കെ പറയുന്നത്. നിങ്ങള്‍ ഇത് കാര്യമാക്കുകയൊന്നും വേണ്ട. ആരെങ്കിലും ചോദിക്കാന്‍ വരട്ടെ, അപ്പോള്‍ ഞാന്‍ പറഞ്ഞോളാം. വീട്ടുടമസ്ഥന്‍ പ്രവാസിയാണെന്ന് കരുതി എന്തു തോന്ന്യാസവും ആകാന്‍ പാടില്ലല്ലോ. എന്നോട് തോന്ന്യാസം പറഞ്ഞു. ഞാനിട്ട് കൊടുത്തു, അത്ര തന്നെ.
അയ്യോ മല്‍ബീ, നീ ഇതെന്തു ഭാവിച്ചാ. പ്രവാസികളായ ഞങ്ങള്‍ കാനേഷുമാരിയില്‍നിന്ന് പുറത്താ. അതോണ്ടായിരിക്കും അയാള്‍ ഭര്‍ത്താവില്ല എന്നു തീരുമാനിച്ചത്. വേലക്കാരനുണ്ടെങ്കില്‍ അയാളേം കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തണം എന്നാണ് വ്യവസ്ഥ. കാനേഷുമാരിയില്‍ പ്രവാസികളെ ചേര്‍ക്കുന്നില്ലാന്നും പറഞ്ഞ് ഇവിടെ ബഹളങ്ങളൊക്കെയുണ്ട്. അതിനുവേണ്ടി പുതിയ സംഘടന തന്നെയുണ്ടാകാനും സാധ്യതയുണ്ട്.
പക്ഷേ, എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? തോന്ന്യാസല്ലേ അയാള്‍ പറഞ്ഞത്? മല്‍ബി വിട്ടുകൊടുക്കുന്നില്ല. പ്രവാസികള്‍ക്ക് രക്ഷ, സുരക്ഷ, പ്രത്യേക പരിഗണന എന്നൊക്കെ പറയും. വേണ്ടിടത്ത് ഒന്നുമില്ല.
അടി ഏതായാലും കൊടുത്തു. പക്ഷേ അതു സര്‍ക്കാരിനിട്ടായിരുന്നു കൊടുക്കേണ്ടത് -മല്‍ബു മല്‍ബിയെ സമാധാനിപ്പിച്ചു.

4/17/10

ചുടുചായയും സൈക്കിള്‍ ബെല്ലും



സത്യം പുറത്തുകൊണ്ടുവരാനും അതിനായുള്ള അന്വേഷണത്തിന് ഏതറ്റംവരെ പോകാനും പത്രങ്ങള്‍ക്ക്മാത്രമേ കഴിയൂ എന്ന അഭിപ്രായക്കാരനാണ് മുന്‍ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയില്‍ഉദ്യോഗസ്ഥനായിരുന്ന ലെബദേവ്.
ഒരു മുന്‍ ചാരന്റെ അഭിപ്രായം എന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഇപ്പോള്‍ അദ്ദേഹം വലിയമുതലാളിയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപവര്‍ത്തനം ഇല്ലാതായിക്കൂടാ എന്നു പറഞ്ഞുകൊണ്ടാണ് ആരും ഇഷ്ടപ്പെടാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരാത്ത ബ്രിട്ടനിലെ ഇന്‍ഡിപന്റന്റ്, ഇന്‍ഡിപെന്റന്റ് ഓണ്‍ സണ്‍ഡേ എന്നീ ദിനപത്രങ്ങള്‍ അദ്ദേഹം ഏറ്റെടുത്തത്. നഷ്ടത്തിലായ രണ്ടുപത്രങ്ങളിലും കൂടുതല്‍ നിക്ഷേപമിറക്കാനും അവയുടെ പാരമ്പര്യം നിലനിര്‍ത്താനുമാണ് ലെബദേവ്കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിപെന്ററ് പ്രിന്റ് കമ്പനിയുടെ തീരുമാനം. ലണ്ടന്‍ ഈവനിംഗ്സ്റ്റാന്റേര്‍ഡ് പത്രത്തിനു നല്‍കിയ വിജയഗാഥയുമായാണ് ലെബദേവ് മുതലാളിയുടെഇന്‍ഡിപ്പെന്‍ഡന്റിലേക്കുള്ള വരവ്. ഈവനിംഗ് സ്റ്റാന്റേര്‍ഡിന്റെ 75 ശതമാനം ഷെയര്‍ വാങ്ങുമ്പോള്‍രണ്ടര ലക്ഷം കോപ്പിയായിരുന്നത് ആറ് ലക്ഷമായി ഉയര്‍ത്താന്‍ ലബദേവിനു സാധിച്ചു. മന്‍ പ്രസിഡന്റ്മിഖായേല്‍ ഗൊര്‍ബച്ചേവുമായി ചേര്‍ന്ന് വേറയും പത്രങ്ങള്‍ നടത്തുന്നുണ്ട് ലെബദേവ്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പത്രങ്ങളുടെ പരസ്യ വരുമാനത്തില്‍ ഇടിവുണ്ടാവുകയുംപാശ്ചാത്യ ലോകത്ത് പല പ്രമുഖ പത്രങ്ങളും പ്രതിസന്ധി നേരിടുകയുണ്ടായി. നിരവധി പത്രങ്ങള്‍ അടച്ചുപൂട്ടേണ്ടി വരികയോ ഉടമസ്ഥത കൈമാറുകയോ വേണ്ടി വന്നു. വന്‍ ബാധ്യത വന്നു കുമിഞ്ഞതിനാലാണ്ഇന്‍ഡിപ്പെന്റന്‍ഡ് പത്രവും കൈമാറേണ്ടി വന്നത്.
ഡിജിറ്റല്‍ ലോകത്ത് പത്രങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശക്തമാകുന്ന സമയത്ത്തന്നെയായിരുന്നു സാമ്പത്തിക പ്രതിസന്ധിയും പിടിമുറുക്കിയത്. ഇന്റര്‍നെറ്റും ടെലിവിഷനുംസാര്‍വത്രികമായതോടെ പത്രങ്ങള്‍ ഇനി നിലനില്‍ക്കുമോ എന്ന ചര്‍ച്ച 1970-കളില്‍തന്നെതുടങ്ങിയതായിരുന്നു. 24 മണിക്കൂറും വാര്‍ത്തകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ചാനലുകള്‍ക്കും വാര്‍ത്തകളിലേക്കും അതിന്റെ പിന്നാമ്പുറങ്ങളിലേക്കും ക്ഷണിക്കുന്ന വെബ്ലോകത്തിനുമിടയില്‍ പത്രങ്ങള്‍ക്ക് എന്തു പ്രസക്തിയെന്നായിരുന്നു ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നസുപ്രധാന ചോദ്യം.
പരസ്യങ്ങള്‍ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് അച്ചടി മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നവസ്തുതക്കിടയിലും വാര്‍ത്തകളുടെ ലോകത്ത് പത്രങ്ങള്‍ക്ക് തന്നെയാണ് വിശ്വാസ്യതയുംമേല്‍ക്കൈയുമെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനങ്ങള്‍. പഠനങ്ങളുടെ ആകത്തുകയാണ്ലെബദേവും ആവര്‍ത്തിച്ചത്. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് രംഗത്ത് പത്രങ്ങള്‍ക്കു മാത്രമേവിജയിക്കാന്‍ കഴിയൂ എന്നും ആഗോള തലത്തില്‍ ശക്തിപ്പെടുന്ന അഴിമിതി തടയാന്‍ പത്രങ്ങളുടെ അന്വേഷണത്തിനു മാത്രമേ സാധിക്കൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താവതാരകന്‍ ശബ്ദമേളം കൂട്ടുന്നതുകൊണ്ടോ രാഷ്ട്രീയനേതാക്കളുടേയും ബുദ്ധിജീവികളുടേയും ചര്‍ച്ചാ പ്രഹസനങ്ങള്‍ കൊണ്ടോ വായനക്കാരനും പത്രങ്ങളുംതമ്മിലുള്ള ആത്മബന്ധം തകര്‍ക്കാനാവില്ലെന്ന് പാശ്ചാത്യ ലോകത്തെ പഠനങ്ങള്‍ തന്നെ പറയുന്നു. വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എത്തിയതോടെ പാശ്ചാത്യ ലോകത്ത്പത്ര വായന കുറയുകയും വെബ് വായന കൂടുകയും ചെയ്തതോടെയാണ് പത്ര വായന മരിക്കുന്നുവെന്നആശങ്ക ശക്തമായത്. പുതിയ തലമുറ പത്രങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പഠനങ്ങള്‍ വന്നതോടെ പത്രങ്ങള്‍തന്നെ വെബ് എഡിഷനുകള്‍ക്ക് നിര്‍ബന്ധിതമായി.
ഡിജിറ്റല്‍ രംഗം മാനംമുട്ടെ ഉയര്‍ന്നെങ്കിലും പത്രങ്ങളുയുള്ള ആത്മബന്ധം ഒരിക്കലും തകരില്ലെന്ന്, നേരത്തെ, പത്രങ്ങളുടെ മരണമണിയെ കുറിച്ച് സംസാരിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ പറയുന്നു.
ഇന്ത്യയിലേക്കും കൊച്ചു കേരളത്തിലേക്കും പ്രവാസ ലോകത്തേക്കും വരുമ്പോള്‍പത്രപാരായണത്തിന്റെ പ്രാധാന്യം ഇരട്ടിക്കുന്നു.
അതിരാവിലെ കട്ടന്‍ ചായയോടപ്പം പത്രവുമെന്ന ശീലം ഉപേക്ഷിക്കാന്‍ കഴിയാത്തവരാണ്മലയാളികള്‍. രാവിലെ ശാന്തമായ മനസ്സിലേക്ക് വായനയിലൂടെ കയറ്റി വിടുന്നത് ആധികാരികമായവിവരങ്ങളാണെന്നതാണ് മലയാളിയെ പത്രവുമായുള്ള ആത്മബന്ധം നിലനിറുത്താന്‍ പ്രേരിപ്പിക്കുന്നഘടകം. ഇന്റര്‍നെറ്റിലെ വാര്‍ത്താ ലോകത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികമല്ലെന്നുംടെലിവിഷനിലൂടെ ലഭിക്കുന്ന ചില എക്‌സ്ക്ലൂസീവ് വാര്‍ത്തകള്‍ തട്ടിപ്പുകളാണെന്നും അനുഭവങ്ങള്‍പഠിപ്പിച്ചിരിക്കുന്നു. ബുദ്ധി ജീവികളെന്നു നടിക്കുന്നവരുടെ ചര്‍വിത ചര്‍വണങ്ങളില്‍നിന്നുണ്ടാകുന്നതോടെലവിഷനില്‍നിന്ന് കണ്ണെടുക്കാന്‍ തോന്നുന്ന മടുപ്പും. ഡിജിറ്റല്‍ ലോകത്തും പത്രങ്ങള്‍സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും ഗൗരവമായ വായന ഇഷ്ടപ്പെടുന്നവര്‍ക്കു ഇപ്പോഴും പ്രിയംചാരുകസേരയില്‍ ചാഞ്ഞിരുന്ന് പത്രം നിവര്‍ത്തിപ്പിടിച്ചുള്ള വായന തന്നെ.
കൈയില്‍ ചുടുചായ എത്തിയിട്ടും പത്രവിതരണക്കാരന്റെ സൈക്കിളിന്റെ ബെല്‍ കേള്‍ക്കാഞ്ഞാല്‍അസ്വസ്ഥമാകുന്ന മനസ്സു തന്നെയാണ് മലയാളി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നത്.
സാക്ഷരതയില്‍മുന്നിട്ടു നില്‍ക്കുന്ന മലയാളിയെ എന്തുകൊണ്ടാണ് ഇലക്‌ട്രോണിക് മീഡിയകളുടെചതിക്കുഴികള്‍ക്ക് വശീകരിക്കാന്‍ കഴിയാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം മലയാളി തേടുന്നത്ആധികാരികതയാണെന്നായിരിക്കും മറുപടി. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ ഉള്ളറകളിലൂടെകടന്നുപോകുമ്പോള്‍ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍തന്നെ അടുത്ത ദിവസം അതിന്റെതിരുത്തും ക്ഷമാപണവും വായനക്കാരനു പ്രതീക്ഷിക്കാം.
എത്ര വേഗമാണ് ചാനലുകള്‍ ആടിനെ പട്ടിയാക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ എണ്ണംപ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. ഏതു വിഷയമായാലും മൂന്നോ നാലോ പേരുടെ മുഖത്തേക്ക്മൈക്ക് നീട്ടിപ്പിടിച്ച് നേരത്തെ തയാറാക്കി വെച്ച ഉത്തരങ്ങള്‍ക്ക് അനുയോജ്യമായ ചോദ്യങ്ങള്‍ഉന്നയിച്ചുകൊണ്ട് അവര്‍ അതു സാധിക്കുന്നു.
സൗകര്യപ്രദമായ വസ്ത്രമെന്ന രീതിയില്‍ പര്‍ദ ധരിക്കുന്ന അനേകായിരങ്ങള്‍ ഉണ്ടായിരിക്കെയുംപര്‍ദക്കെതിരാണ് കേരളീയ മനസ്സെന്ന ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്ക് മൂന്നോ നാലോ പേരുടെഅഭിപ്രായങ്ങള്‍ മതി. പാലക്കാട് പുത്തൂരിലെ വീട്ടമ്മ ഷീല നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട വസ്തുതവിസ്മരിക്കാനും ഒരു പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചത് വലിയ സംഭവമാക്കാനും അതിന്മേല്‍അവസാനിക്കാത്ത ചര്‍ച്ചകള്‍ നടത്താനും ചാനലുകള്‍ക്ക് സാധിക്കുന്നു.
ആര്‍ക്കും വെള്ളം ചേര്‍ക്കാനും വാര്‍ത്തകളും വിശകലനങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാനുംഇന്‍ര്‍നെറ്റിലൂടെ സാധിക്കുമ്പോള്‍ വിശ്വസ്യത തന്നെയാണ് വെബ് പേജുകള്‍ക്കും ടെലിവിഷന്‍ചാനലുകള്‍ക്കും മുഖ്യമായും നഷ്ടമാകുന്നത്.
ടെലിവിഷന്‍ ചാനലുകളിലെ പരസ്യ പ്രളയത്തിനിടെ മിന്നി മറഞ്ഞു പോകുന്ന വാര്‍ത്തയുടെവിശദാശംങ്ങള്‍ ആധികാരികമായി അറിയാന്‍ ആളുകള്‍ പത്രങ്ങളെയെല്ലാതെ പിന്നെ എന്തിനെആശ്രയിക്കും.
കൊച്ചു കേരളത്തെ പത്രങ്ങളാണ് ഭരിക്കുന്നതെന്ന് പറയാറുണ്ട്. അജണ്ട നിര്‍ണയിക്കുന്നതില്‍പത്രങ്ങളും ചാനലുകളും മത്സരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ടെലിവിഷനുകളോട് മത്സരിക്കുന്നതിന്വലിയ കളര്‍ ചിത്രങ്ങള്‍ ചേര്‍ത്തും തലക്കെട്ടുകളുടെ മനോഹാരിത കൂട്ടിയും പത്രങ്ങളുടെ കെട്ടും മട്ടുംമാറ്റിയെടുക്കാന്‍ പത്ര സ്ഥാപനങ്ങള്‍ ഇന്നു ശ്രമിക്കുന്നുണ്ട്. വാര്‍ത്തകളോടൊപ്പം വായനക്കാരന്ആവശ്യമായ മറ്റു വിഭവങ്ങള്‍ നല്‍കാനും പത്രങ്ങള്‍ മത്സരിക്കുന്നു.
ജീവവായുവായിരുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് കുറഞ്ഞുവരുന്നുവെന്ന നിരീക്ഷണം പത്രങ്ങളെസംബന്ധിച്ചിടത്തോളം വസ്തുതയാണ്. ചെലവു ചുരുക്കാനുള്ള വെപ്രാളത്തില്‍ പത്രമാനേജ്‌മെന്റുകള്‍ക്ക്അതിലൊന്നുമല്ല താല്‍പര്യം. പകരം സര്‍ക്കുലേഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഏതെങ്കിലും വിഭാഗത്തെപ്രീണിപ്പിക്കുകയെന്ന തന്ത്രം അവര്‍ പയറ്റി നോക്കുന്നു. ലൗ ജിഹാദു മാത്രമല്ല ഇതിന് ഉദാഹരണം. പത്രങ്ങള്‍ തലക്കെട്ട് തെരഞ്ഞെടുക്കുന്നിടത്തും വിശകലനങ്ങള്‍ക്ക് വിഷയം കണ്ടെത്തുന്നിടത്തും പ്രീണന നയത്തിനാണ് ഇപ്പോള്‍ മേല്‍ക്കൈ.
ഇതുവഴി താല്‍ക്കാലിക വിജയം നേടാന്‍ കഴിയുമെങ്കിലും ആദ്യം പറഞ്ഞ കെ.ജി.ബി. ചാരന്റെനിലപാടില്‍ തന്നെയായിരിക്കും പത്രങ്ങളുടെ വിജയം.

4/11/10

ലുങ്കി നിരോധം ഒരു ടി.വി എക്‌സ്‌ക്ലൂസീവ്




നമസ്‌കാരം, ന്യൂസ് അവറിലേക്ക്് സ്വാഗതം.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന വസ്ത്രങ്ങളിലൊന്നായ ലുങ്കിക്ക്നിരോധം ഏര്‍പ്പെടുത്താന്‍ ഷാര്‍ജ അധികൃതര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തലോകത്തെമ്പാടുമുള്ള ലുങ്കി പ്രേമികളെ തൊല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. നിരോധം നിലവില്‍ വന്നുവെന്നും അതല്ല, ഇപ്പോള്‍ താക്കീതു മാത്രമേനല്‍കുന്നുള്ളൂവന്നും ഉടന്‍ നിരോധം വരുമെന്നും വാര്‍ത്തക്ക് പലവിധവ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേവലം ഒരു ലുങ്കി ന്യൂസ് എന്നതിലുപരി വാര്‍ത്തയുടെ ഉള്ളറകള്‍ തേടിയുള്ള ഞങ്ങളുടെ ലേഖകന്മാരുടെ സാഹസികയാത്രയാണ് മറ്റെല്ലാം മാറ്റിവെച്ച് ന്യൂസ് അവറില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്.
അതേ, ഷാര്‍ജയില്‍ ലുങ്കിക്ക് നിരോധം വരുന്നു.
(ഞെട്ടിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടി... മ്യൂസിക്കിന്റെ കനം ഒന്നുകൂടിഇരട്ടിക്കുന്നു)
ഇതു വെറും ലുങ്കി ന്യൂസല്ല, വാസ്തവം.
എക്്‌സ്‌ക്ലൂസീവ് എന്ന മുന്‍കുറിയോടെ സ്‌ക്രോള്‍ ബാറില്‍ വലിയഅക്ഷരങ്ങളില്‍ എഴുതി കാണിക്കുന്നുമുണ്ട്.
ഷാര്‍ജയിലെ ലുങ്കി നിരോധം വെറും ലുങ്കി ന്യൂസല്ല, വാസ്തവം. പോലീസ് ലുങ്കിഅഴിക്കാന്‍ പറഞ്ഞയാളെ ഞങ്ങളുടെ പ്രതിനിധി അനുമോള്‍ സാഹസികമായികണ്ടെത്തി.
വിശദ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി അനുമോള്‍ ഇപ്പോള്‍ലൈനിലുണ്ട്.
പറയൂ അനുമോള്‍. എന്താണ് അവിടെ സംഭവിക്കുന്നത്? ആളുകളൊക്കെലുങ്കികള്‍ കത്തിച്ചു കളയുന്നുണ്ടോ? എന്താണ് പുതിയ വിവരങ്ങള്‍?
അതേ, വളരെ വലിയ ഞെട്ടലോടെയാണ് ഇവിടെയുള്ള മല്‍ബുകള്‍ വാര്‍ത്തശ്രവിച്ചത്. ഇങ്ങനെയൊരു വസ്ത്രനിരോധത്തെ കുറിച്ച് ഷാര്‍ജ അധികൃതര്‍ഇതുവരെ ഒന്നും അറിയിച്ചിട്ടില്ലെങ്കിലും നിരോധമുണ്ട് എന്നതൊരുവാസ്തവമാണ്. അതുകൊണ്ടാണ് ചില കേന്ദ്രങ്ങളില്‍നിന്ന് ലുങ്കികള്‍കത്തിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചിലര്‍ നാട്ടില്‍നിന്ന്കൊണ്ടുവന്നതും ബന്ധുക്കളും സുഹൃത്തുക്കളും വഴി എത്തിച്ചതുമായ ലുങ്കികള്‍നിസ്സാര വിലയ്ക്ക് വില്‍ക്കുകയോ കത്തിച്ചു കളയുകയോ ചെയ്യുന്നുണ്ട്.

അനുമോള്‍, ലുങ്കിക്ക് നിരോധം വന്നിട്ടും ആരാണ് പിന്നെ അവ ചെറിയവിലയ്ക്ക് വാങ്ങിക്കൂട്ടുന്നത്? ഒരു പത്തു പതിനായിരം ലുങ്കികള്‍ ഇതിനകംവില്‍പനയായി കാണുമോ?
ഇങ്ങനെ ലുങ്കികള്‍ വാങ്ങിക്കൂട്ടുന്നത് ബംഗാളികളും യെമനികളുമാണെന്നാണ്സൂചന. പോലീസ് റെയ്ഡ് ചെയ്ത് പിടികൂടിയാല്‍ പിന്നെ അറസ്റ്റുംകുണ്ടാമണ്ടിയും ആകുമല്ലോ എന്ന ആധിയാണ് മല്‍ബുകളെ ലുങ്കികള്‍വിറ്റൊഴിവാക്കാനോ കത്തിച്ചുകളയാനോ പ്രേരിപ്പിക്കുന്നത്. എന്നാല്‍ബംഗാളികള്‍ക്കും യെമനികള്‍ക്കും അങ്ങനെയുള്ള ആധിയില്ല. അവര്‍ പറയുന്നത്ഇവിടെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടില്‍ കൊണ്ടുപോയിഉപയോഗിക്കാമല്ലോ എന്നാണ്?
ബുദ്ധി മല്‍ബുകള്‍ക്കില്ല അല്ലേ?
ബുദ്ധിയില്ല എന്നു കരുതാനാവില്ല. ഇങ്ങോട്ടു കൊണ്ടുവന്ന ലുങ്കികള്‍ വീണ്ടുംനാട്ടിലേക്ക് കൊണ്ടുപോകണമെങ്കില്‍ ലഗേജ് കൂടുമല്ലോ എന്നതാണ് അവരുടെആശങ്ക. പകരം മറ്റുവല്ലതും കൊണ്ടുപോകാമല്ലോ എന്നാണവര്‍ ചിന്തിക്കുന്നത്.
അനുമോള്‍, ഇങ്ങനെ വില്‍ക്കുന്ന ലുങ്കികള്‍ക്ക് ശരിയായ വില ലഭിക്കുന്നുണ്ടോഅവിടെ?
ഇല്ല, അതൊരു പ്രശ്‌നമാണ് യെമനികള്‍ക്ക് താല്‍പര്യം ഇരുഭാഗവുംചേര്‍ത്തുതുന്നിയ ലുങ്കികളാണ്. നമ്മുടെയാളുകള്‍ കൊണ്ടുവരുന്നതാകട്ടെകൂടുതലും മടക്കി കുത്താനുള്ള സൗകര്യത്തിന് ഇരുഭാഗവും വേര്‍പെടുത്തിയലുങ്കികളാണ്.
അനുമോള്‍, ലുങ്കിയുടുത്ത് പുറത്തിറങ്ങിയതിന് പോലീസ് അറസ്റ്റ് ചെയ്തു വിട്ടമല്‍ബു ഇപ്പോഴും നിങ്ങളുടെ കസ്റ്റഡിയില്‍ തന്നെയുണ്ടല്ലോ?
എല്ലാം ഒരു ദുഃസ്വപ്നം പോലെ മറക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം ഇപ്പോള്‍ തീര്‍ത്തുംക്ഷീണിതനാണ്. എങ്കിലും ദുരനുഭവം പ്രേക്ഷകരുമായി പങ്കുവെക്കാന്‍ അദ്ദേഹംതയാറാണ്.
പറയൂ മല്‍ബു, എന്താണ് യഥാര്‍ഥത്തില്‍ ഉണ്ടായത്? നിങ്ങള്‍ ഞെട്ടലില്‍നിന്ന്മുക്തനായിട്ടില്ല എന്നറിയാം. എന്നാലും പറയൂ, എന്താണ് സംഭവിച്ചത്?
ഒന്നൂല്ലെന്നേ, ഞാന്‍ ജോലി കഴിഞ്ഞ് ഓഫീസില്‍നിന്ന് വന്നശേഷംലുങ്കിയുടുത്തൊന്ന് കാറ്റു കൊള്ളാനിറങ്ങിയതായിരുന്നു. ഇതു നാട്ടില്‍നിന്നേയുള്ളശീലമാണ്. ലുങ്കി മടക്കിക്കുത്തി ബീഡിയും വലിച്ചുകൊണ്ടുള്ള നടത്തം.
ആഹാ, അപ്പോള്‍ നിങ്ങള്‍ നാട്ടിലെ പോലെ ലുങ്കി മടക്കി കുത്തിയാണോ അവിടേംനടന്നിരുന്നത്?
അല്ല, ഞാനെന്താ പൊട്ടനാണോ? ലുങ്കി മുഴുവന്‍ താഴ്ത്തി തന്നെയാണ്നടന്നിരുന്നത്. കാലിന്റെ ഒരു ഭാഗവും കാണുമായിരുന്നില്ല.
പിന്നെ, എന്തുകൊണ്ടാണ് നിങ്ങളെ പോലീസ് പിടികൂടിയത്? കാരണമൊന്നുമില്ലാതെയാണോ പിടികൂടിയത്?
അത് ദുരൂഹമാണ്. ലങ്കിയുടുത്ത് നടക്കരുതെന്നാണ് എന്നോട് പോലീസുകാര്‍പറഞ്ഞത്. നഗ്നതയൊന്നും കാണിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ലുങ്കി ന്യൂസിനെകുറിച്ച് ചോദിച്ചു.
ബംഗാളികളെ മുഴുവന്‍ ഗള്‍ഫില്‍നിന്ന് കയറ്റിവിടുകയാണെന്ന ലുങ്കി ന്യൂസിനുപിന്നില്‍ താനാണോ എന്നു ചോദിച്ചു. അല്ല എന്നു പറഞ്ഞപ്പോള്‍ മേലാല്‍ ലുങ്കിഉടുക്കരുതെന്നു പറഞ്ഞ് എന്നെ വിട്ടയക്കുകയാണ് ഉണ്ടായത്.
ഇനിയും താങ്കള്‍ ലുങ്കി ധരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ മല്‍ബൂ?
ഇല്ല, ഇനി ലുങ്കിയും വേണ്ട, ലുങ്കി ന്യൂസും വേണ്ട.
പറഞ്ഞു തീര്‍ക്കുന്നതിനുമുമ്പ് അനുമോള്‍ മൈക്ക് പിടിച്ചുവാങ്ങി. വീണ്ടുംഅവതാരകനിലേക്ക്.
അപ്പോള്‍ അനുമോള്‍, അവിടെ ലുങ്കി ധരിച്ച ബംഗാളികള്‍ ആരെങ്കിലുംസമീപത്തുണ്ടോ?
ദാ ഉണ്ട്.
ബംഗാളി ഹെ, ആപ് ക്യാ കാം കര്‍ത്താ ഹേ,
ആസ്മാന്‍മേ ദുനിയാ ബേസ്താ ഹേ...
ക്യാ...…
ആകാശത്ത് ലോകം വില്‍ക്കുന്നോ?
അനുമോള്‍, എന്താണ് ഇയാള്‍ പറയുന്നത്?
അതേ, അതാണ് ബംഗാളിയുടെ ഹിന്ദി. അയാള്‍ അജ്മാനില്‍ ധനിയ വില്‍ക്കുന്നുഎന്നാണ് പറഞ്ഞത്. അജ്മാനില്‍ ധനിയ വില്‍ക്കുകയാണ് അയാളുടെ ജോലി.
അപ്പോ ഇനി ഇയാളോട് ചോദിച്ച് കൂടുതല്‍ ഗുലുമാല് വേണ്ട അല്ലേ അനുമോള്‍.
വീണ്ടും വാര്‍ത്താവതാരകന്‍.
ലുങ്കിയാണോ, ലുങ്കി ന്യൂസാണോ നിരോധിച്ചത് എന്ന് ഇനിയും അധികൃതര്‍വ്യക്തമാക്കാത്ത സാഹചര്യത്തില്‍ തല്‍ക്കാലം ഒരു സ്ഥിരീകരണത്തിനുനിര്‍വാഹമില്ല. തീരുമാനമാകുന്നതുവരെ നിങ്ങള്‍ എസ്.എം.എസ്അയച്ചുകൊണ്ടിരിക്കുക. ലുങ്കിയാണ് നിരോധിച്ചതെങ്കില്‍ ലുങ്കി സ്‌പേസ് യെസ്എന്നും ലുങ്കി ന്യൂസാണ് നിരോധിച്ചതെങ്കില്‍ ലുങ്കി ന്യൂസ് സ്‌പേസ് യെസ് എന്നുംടൈപ്പ് ചെയ്യുക. നന്ദി, നമസ്‌കാരം.



4/4/10

രക്തനോട്ടക്കാരന്‍



മല്‍ബുവിന്റെ ഞരമ്പില്‍നിന്ന് മനോഹരമായ സഞ്ചിയിലേക്ക് രക്തം വാര്‍ന്നുവീഴുകയായിരുന്നു. എത്ര മനോഹരമായ സഞ്ചി. ഇതില്‍ രക്തത്തേക്കള്‍ വില കൂടിയ എന്തെങ്കിലും സൂക്ഷിക്കാമായിരുന്നു.
അങ്ങനെ ചിന്തിക്കരുത്.
ചിലപ്പോള്‍ രക്തത്തേക്കാള്‍ വില കൂടിയ ഒന്നുമില്ലാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ആപത്ഘട്ടങ്ങളില്‍ രക്തത്തിനുവേണ്ടി പരക്കം പായുന്നവരുടെ ചിത്രം മനസ്സില്‍ സങ്കല്‍പിച്ചുനോക്കുക. അപൂര്‍വ ഗ്രൂപ്പുകളില്‍പെട്ട രക്തം കിട്ടാഞ്ഞാല്‍ ചിലപ്പോള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കാറുണ്ട്. മരണമുഖത്തുനിന്ന് രക്ഷയാകുക ചിലപ്പോള്‍ രക്തം സമയത്ത് ലഭിച്ചാലാകും.
പ്രശസ്തമായ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ മല്‍ബു വന്നിരിക്കുന്നത് അപൂര്‍വ രക്തം നല്‍കാനല്ലെങ്കിലും അത്യാസന്ന നിലയിലായ നാട്ടുകാരന് വേണ്ട അപൂര്‍വ രക്തം ലഭിക്കുന്നതിനായി തന്റെ സാദാ രക്തം സംഭാവന ചെയ്യാനാണ്. ആശുപത്രിയിലെ ബ്ലഡ് ബാങ്കുകാരുടെ വിദ്യകള്‍ എന്തെങ്കിലുമായിക്കോട്ടെ, രക്തദാനത്തിന്റെ മഹിമ അറിയുന്ന മല്‍ബു അതൊന്നും ഓര്‍ക്കേണ്ട കാര്യമില്ല. രക്തദാനത്തിനായി തന്നെ കൂട്ടിക്കൊണ്ടുവന്നയാളുടെ മുഖത്ത് വിരിയുന്ന സന്തോഷം നോക്കിയാല്‍ മതി.
കുടുംബക്കാരാരും രക്തം നല്‍കാന്‍ തയാറാകാത്തിടത്താണ് ഒരു പരിചയവുമില്ലാത്ത മല്‍ബു സ്വമേധയാ തയാറായി രക്തം നല്‍കാന്‍ എത്തിയിരിക്കുന്നത്. ഇതേ ഗ്രൂപ്പ് രക്തമുള്ള കുടുംബത്തിലെ പലരേയും സമീപിച്ചുവെങ്കിലും അവരൊക്കെ വിലയേറിയ മറുപടിയാണ് നല്‍കിയത്.
അതല്ലാ, നീ അവനെ ഇവിടെവെച്ച് ചികിത്സിക്കാനാണോ വിചാരിക്കുന്നത്? വലിയ ചെലവാകും കേട്ടോ.
പിന്നെ, അല്ലാതെ...
നാട്ടിലെ ഏതെങ്കിലും ആശുപ്രത്രിയില്‍ എത്തിക്കാന്‍ നോക്ക്.
രക്തം ദാനം ചെയ്യാമോ എന്നു ചോദിച്ചില്ലെങ്കില്‍ ഈ ഉപദേശം പോലും ലഭിക്കുമായിരുന്നില്ല.
രക്തം ഇറ്റിവീണുകൊണ്ടിരിക്കെ രക്തം എടുത്തുകൊണ്ടിരുന്നയാളുടെ ചോദ്യം. അതല്ല, എന്താ ആലോചിക്കുന്നേ, വൈകിട്ടാ ജോലി അല്ലേ?
ചോദ്യം കേട്ട്് മല്‍ബു തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല.
രക്തം നോക്കി ജോലിസമയം കണ്ടുപിടിക്കാനാകുമോ? മല്‍ബുവിന്റെ ചിന്ത ചോദ്യമായി.
എങ്ങനെ അറിയാം?
അതൊക്കെ അറിയാമെന്നേ, പകല്‍ ഇഷ്ടം പോലെ സമയം വെറുതെ കളയുകയാ അല്ലേ?
ദേ അടുത്ത യാഥാര്‍ഥ്യവും പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഭയങ്കരം തന്നെ, ഈ ടെക്‌നീഷ്യന്റെ ഒരു കാര്യം. രക്തം നോക്കി ജീവിതം പറയുന്നു. കൊള്ളാലോ വിദ്യ. ഇനിയിപ്പോ ഹസ്തരേഖയോ പക്ഷിശാസ്ത്രമോ ഒന്നും വേണ്ട. രക്തം നോക്കി ഭാവി പ്രവചിക്കാം.
നിങ്ങള്‍ ഇതുവരെ ഇവിടെയല്ലാതെ മറ്റൊരു വിദേശ രാജ്യത്തേക്കും യാത്ര പോയിട്ടില്ല. അല്ലേ, ഐ മീന്‍ അമേരിക്ക, ഗ്രീസ്, ജര്‍മനി...
ഇല്ല മാഷേ, നമുക്കിതു തന്നെ സാധിക്കുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു മാസം അവധി കിട്ടും. ഉടനെ നാട്ടിലെത്താന്‍ നോക്കും. പിന്നെ ശ്രീലങ്കയിലെ എയര്‍പോര്‍ട്ടില്‍ നാല് മണിക്കൂര്‍ ഇരുന്നിട്ടുണ്ട്. ദുബായിലെ എയര്‍പോര്‍ട്ടിലും. പുറത്തിറങ്ങിയിട്ടില്ല. വിമാനക്കൂലി കുറഞ്ഞുകിട്ടാനായി വളഞ്ഞ വഴി കയറിയപ്പോഴുള്ള കാത്തിരിപ്പ്. മറ്റെവിടെയും പോയിട്ടില്ല.
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്തൊക്കെ വിവരങ്ങളാ നിങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇതൊക്കെ രക്തം നോക്കിയിട്ടു തന്നാണോ കിട്ടുന്നത്?
ടെക്‌നീഷ്യന്റെ അടുത്ത ചോദ്യം.
പത്തിരുപത് വര്‍ഷം ജോലി ചെയ്തിട്ടും നിങ്ങള്‍ സംതൃപ്തനല്ല അല്ലേ? നിങ്ങളുടെ സേവനങ്ങളൊന്നും കമ്പനി അംഗീകരിക്കുന്നില്ല അല്ലേ? ഇതുവരെ അംഗീകാരത്തിന്റെ ഒരു മെഡല്‍ പോലും നിങ്ങള്‍ക്ക് കിട്ടിയില്ല.
ദേ പിന്നേം പറയുന്നു, നഗ്ന യാഥാര്‍ഥ്യങ്ങള്‍.
ജോലിയില്‍ താന്‍ ഒട്ടും സംതൃപ്തനല്ലെന്നും മറ്റും ഇതുവരെ ഒരാളോടും പറഞ്ഞിട്ടില്ല. അതൊക്കെ എല്ലാ പ്രവാസികളുടേയും പരാതികളല്ലേ. ആരോട് പറയാന്‍.
രക്തനോട്ടക്കാരന്റെ അടുത്ത ചോദ്യവും വൈകിയില്ല.
നിങ്ങള്‍ ഇതുവരെ നിങ്ങളുടെ കമ്പനിയുടെ ചെയര്‍മാന്റെ കൂടെ കാപ്പി കുടിച്ചിട്ടുണ്ടോ?
ഇല്ല, മാഷേ, അതൊക്കെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് തൊട്ടു മുകളിലുള്ള ബോസുമാര്‍ക്കൊക്കെ സാധിക്കുന്ന കാര്യമാ.
ആഹാ... എന്നാല്‍ കേട്ടോളൂ. ഇതൊക്കെ നിങ്ങള്‍ക്കും സാധ്യമാകും.
വിദേശ യാത്ര തരപ്പെടും. മാത്രമല്ല, കമ്പനിയുടെ ഏറ്റവും വലിയ മാനേജരോടൊപ്പം സുപ്രസിദ്ധ നഗരത്തില്‍ കാപ്പി കുടി.
20 വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് ശമ്പളമായി ലഭിച്ച തുക ഒരുമാസം കൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. നിങ്ങളുടെ സേവനങ്ങള്‍ക്ക് അംഗീകാരമായിക്കൊണ്ട് എല്ലാ മാസവും പുരസ്‌കാരങ്ങള്‍ നിങ്ങളെ തേടിയെത്തും.
പ്രവചനങ്ങള്‍ കേട്ടപ്പോള്‍, മല്‍ബുവിന് രോമാഞ്ചം കൊള്ളാനായില്ലെന്നേയുള്ളൂ. കാരണം രക്തമൊഴുകി തീര്‍ന്നിട്ടില്ല.
നിങ്ങള്‍ ക്ഷീണമൊക്കെ മാറ്റി, വൈകിട്ട് എന്നെ വന്നു കാണൂ.
രക്തമെടുത്ത സ്ഥലത്ത് അമര്‍ത്തിപ്പിടിക്കാന്‍ കോട്ടണ്‍ കൊടുത്തുകൊണ്ട് ടെക്‌നീഷ്യന്‍ പറഞ്ഞു.
പുറത്തിറങ്ങിയ മല്‍ബു രക്തനോട്ടക്കാരന്റെ കൃത്യത വിശദീകരിച്ചു കൊടുത്തപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു. മല്‍ബൂ, അതാരാണെന്ന് മനസ്സിലായോ?
ഇല്ല, അയാള്‍ പറഞ്ഞതു മുഴുവന്‍ ശരിയാ... വൈകിട്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
ചെന്നോളൂ... ഒരു അയ്യായിരം റിയാല്‍കൂടി കരുതിക്കോളൂ.
ഈ പറഞ്ഞ ആനുകൂല്യങ്ങളൊക്കെ ലഭിക്കാന്‍ നിങ്ങള്‍ അയാളുടെ കീഴില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിനു ചേരണം. ~ഒരു സാദാ ഏജന്റ്. പിന്നെ നിങ്ങള്‍ക്ക് കണ്ണികളെ കണ്ടെത്തി ഉയരങ്ങളിലേക്ക് പറക്കാം.
ഓഹോ, അങ്ങനെയാ അല്ലേ. എന്നാലും അയാള്‍ എന്റെ എല്ലാ കാര്യങ്ങളും മണിമണി പോലെ പറഞ്ഞല്ലോ.
ഈ മല്‍ബുവിന്റെ ഒരു കാര്യം. അതൊക്കെ അയാള്‍ എന്നോട് ചോദിച്ച് മനസ്സിലാക്കിയിരുന്നൂട്ടോ.
Related Posts Plugin for WordPress, Blogger...