1/31/10

കുടുംബ ജീവിതം ഗൂഗിളില്‍രാവിലെ തന്നെ മല്‍ബി ബഹളം തുടങ്ങി.
എല്ലാം ഈ ഞാന്‍ ഒരുത്തി ചെയ്യണം.
ഭക്ഷണം ഉണ്ടാക്കണം, കുഞ്ഞിനെ നോക്കണം, മക്കളെ സ്കൂളില്‍ പറഞ്ഞയക്കാന്‍ റെഡിയാക്കണം. ക്ലീനിംഗാണെങ്കില്‍ ഒരിക്കലും അവസാനിക്കില്ല. ഇതേക്കാളും ഭേദം നാട്ടില്‍ തന്നെയായിരുന്നു. ഏതു സമയത്താണാവോ തോന്നിയത് ഇങ്ങോട്ട് കെട്ടിയെടുക്കാന്‍.
എന്തെങ്കിലും ഒരു സഹായം ചെയ്തു തരുന്നതുകൊണ്ട് എന്താ ഒരു കുഴപ്പം?
നിങ്ങളെ പോലെ ഓഫീസില്‍ പോകുന്നവരു തന്നെയാ എല്ലായിടത്തും അടുക്കളയിലും സഹായിക്കുന്നത്. അവര്‍ക്കൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ല. നിങ്ങളെ തുണക്കാരനാണല്ലോ ശുക്കൂറ്. അയാളുടെ കെട്ട്യോള്‍ക്ക് രാവിലെ കിച്ചണില്‍ കയറുകയേ വേണ്ട. പിള്ളേരുടെ കാര്യം മാത്രം നോക്കിയാ മതി. നിങ്ങളേക്കാളും കേമത്തമുള്ള ജോലി തന്നെയാ അയാള്‍ക്കും. ഇതുവരെ ഒരു കുറവും വന്നിട്ടില്ല.
ചോദ്യങ്ങളും ആവലാതികളുമൊക്കെ മല്‍ബുവിനോടാണെന്ന് അറിയാമെങ്കിലും സമര്‍ഥനായ മല്‍ബു ഉത്തരം പറയാന്‍ നില്‍ക്കാറില്ല.
പത്രമോ പുസ്തകമോ ഒന്നും വായിക്കാന്‍ കിട്ടിയില്ലെങ്കില്‍ സൗജന്യമായി, സുലഭമായി ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഓഫര്‍ പേപ്പറുകള്‍ അരിച്ചു പെറുക്കും.
കാരണം, ഇതുപോലുള്ള കലപിലകള്‍ ഇപ്പോള്‍ സാധാരണമാണ്.
പലപ്പോഴും പറയുന്നതാ, കുട്ടികളുടെ യൂനിഫോം ഇസ്തിരിയിടുന്നതും ബാഗ് റെഡിയാക്കുന്നതുമൊക്കെ രാത്രി തന്നെ ചെയ്യണം, രാവിലെ ക്ലീനിംഗിന് നില്‍ക്കരുത് എന്നൊക്കെ.
പക്ഷെ, ഒന്നും നടക്കില്ല. രാവിലെ തുടങ്ങും യുദ്ധം.
ടെലിവിഷനും ഇന്റര്‍നെറ്റും കാരണം രാത്രി വൈകി മാത്രമേ മക്കള്‍ ഉറങ്ങാറുള്ളൂ. അവരെ വിളിച്ചുണര്‍ത്താനുള്ള ബഹളത്തില്‍നിന്നാണ് രാവിലത്തെ യുദ്ധത്തിന്റെ തുടക്കം. അതിന്റെ പരിസമാപ്തിയാണ് മല്‍ബുവിനോടുള്ള ഈ കയറ്റം.
നീ എന്റെ കാര്യം നോക്കേണ്ട. ഞാന്‍ ഓഫീസില്‍ പോകുന്ന വഴി എവിടെ നിന്നെങ്കിലും ഒരു സാന്റ്‌വിച്ച് വാങ്ങി കഴിച്ചോളാം. പിള്ളേര്‍ക്ക് വല്ലതും ഉണ്ടാക്കി കൊടുത്താല്‍ മതി. അവര്‍ വെറും വയറോടെ പോയി സ്കൂളില്‍വെച്ച് തളര്‍ന്നുവീണാല്‍ നമുക്ക് തന്നെയാ അതിന്റെ നാണക്കേട്.
ഇപ്പോള്‍ ഇതാ സ്കൂളിലെ ടീച്ചര്‍മാര്‍ പ്രസംഗിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രവാസി വീട്ടമ്മമാരുടെ തിരക്കിനെ കുറിച്ചാണ് വിഷയമെങ്കിലും മക്കള്‍ക്ക് ഭക്ഷണം പോലും ഉണ്ടാക്കിക്കൊടുക്കുന്നില്ലെന്നാണ് അവര്‍ തെളിവ് സഹിതം അവതരിപ്പിക്കുന്നത്. ക്ലാസ് മുറിയില്‍ തളര്‍ന്നുവീഴുന്ന കുട്ടികളെ സ്കൂളിലെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുവരുമ്പോഴായിരിക്കും രാവിലെ മാത്രമല്ല, രാത്രിയും അവര്‍ ഒന്നും കഴിച്ചിട്ടില്ലെന്ന് മനസ്സിലാകുന്നത്.
മല്‍ബുവിന്റേത് സദുപദേശമാണെങ്കിലും മല്‍ബി അതേ സ്പിരിറ്റില്‍ എടുത്തോളണമെന്നില്ല.
മക്കളെ സ്കൂളില്‍ വിട്ടിട്ടുവേണം മല്‍ബുവിന് ഓഫീസിലെത്താനെന്ന് മല്‍ബിക്ക് അറിയാഞ്ഞിട്ടല്ല.
എന്നാലും രാവിലെ എല്ലാരുംകൂടി ഇറങ്ങി നടുനിവര്‍ക്കുന്നതുവരെ പറഞ്ഞുകൊണ്ടേയിരിക്കും.
പക്ഷെ, ഇന്ന് ഇത്തിരി കടന്നാണ് മല്‍ബിയുടെ പറച്ചില്‍. അതിനു പിന്നിലെ കാരണം കണ്ടെത്താനായിരുന്നു മല്‍ബുവിന്റെ ശ്രമം.
വെറുതെ ഇതിങ്ങനെ ആളിക്കത്തില്ല. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് മോള് വിളിച്ചു പറഞ്ഞത്.
പപ്പാ... മമ്മിയുടെ ചൂടിന് കാരണമുണ്ട്.
മമ്മിക്ക് നെറ്റ് പോയതിന്റെ ചൂടാ...
അവളുടെ ചെവിയല്‍പം നൊന്തെങ്കിലും പറഞ്ഞതു വാസ്തവമായിരുന്നു.
ഇന്റര്‍നെറ്റ് കണക്ഷന്‍ പോയതിനാല്‍ രണ്ടു ദിവസമായി മല്‍ബി പിന്നാലെ കൂടിയിട്ട്.
അതു ശരിയാക്കിക്കൊടുക്കാന്‍ വൈകുന്നതിന് അവള്‍ കാരണവും കണ്ടെത്തിയിരുന്നു.
നിങ്ങള്‍ക്ക് ഓഫീസില്‍ നെറ്റുണ്ടല്ലോ? ഇവിടെ എന്തായാല്‍ എന്താ?
അപ്പോള്‍ ആ ചൂട് കൂടിയാ ഇവിടെ തിളച്ചുമറിയുന്നത്.
മല്‍ബിക്ക് ഒഴിച്ചുകൂടാനാകാത്തതായിരിക്കുന്നു ഇന്റര്‍നെറ്റ്.
കടലിനക്കരെയുള്ള കുടുംബക്കാരെയും കൂട്ടുകാരികളെയും മാത്രമല്ല, താമസസ്ഥലത്ത് അയല്‍പക്കത്തുള്ള മല്‍ബിയോട് പോലും ഇപ്പോള്‍ സംസാരം ഗൂഗിളിലാണ്.
ടെലിഫോണും മൊബൈലുമൊക്കെ ഔട്ടായി. പകരം ഗൂഗിളാണ് എല്ലായിടത്തും. രാവിലെ പിള്ളേരെയൊക്കെ സ്കൂളില്‍ വിട്ട് മല്‍ബു ഓഫീസിലേക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ ഗൂഗിളും തുറന്ന് ഒറ്റയിരിപ്പാ.
സാമ്പത്തിക മാന്ദ്യം വഴിമാറുന്നതും ഫലസ്തീന്‍ പ്രശ്‌നവും സ്വര്‍ണത്തിന്റെ വിലക്കയറ്റവും രൂപയുടെ മൂല്യവര്‍ധനയും പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, രാവിലെ ഉണ്ടാക്കിയ കറിയുടെ കൂട്ടും പുതുതായി വാങ്ങിയ ചെരിപ്പിന്റെ ചേലും തുടങ്ങി വിഷയങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ല.
പ്രവാസ ലോകത്തെ സമയം കൊല്ലികളെന്ന് ഇനി മല്‍ബികളെ വിളിക്കേണ്ട. അവര്‍ ടെലിവിഷനും നോക്കിയിരിപ്പല്ല. ലോക വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയാ. ഉച്ചക്കും രാത്രിയുമൊന്നും ഭക്ഷണം കിട്ടിയില്ലെങ്കിലോ, ഭക്ഷണം കരിഞ്ഞുപോയാലോ അവരെ കുറ്റം പറയരുത്. എല്ലാറ്റിനും കാരണം ഗൂഗിളാ, ഗൂഗിള്‍.
അതെന്തിനാ മല്‍ബികളെ മാത്രം കുറ്റം പറയുന്നു.
മല്‍ബുകള്‍ മൊത്തം ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ലോകത്താണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കുപോലും ഇപ്പോള്‍ കമ്പ്യൂട്ടര്‍ വേണം.
പണ്ടൊക്കെ ഗള്‍ഫില്‍നിന്നുള്ള ഫോണിന് നാട്ടുകാര്‍ കാത്തുനില്‍ക്കുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വെച്ചിട്ടു പോ മാഷേ എന്ന് തിരിച്ചിങ്ങോട്ട് കേള്‍ക്കാന്‍ പാകത്തിലായിരിക്കുന്നു നെറ്റ് വഴിയുള്ള മല്‍ബുവിന്റെ ഫോണ്‍ വിളി.

1/25/10

അയമുവിന്റെ രഹസ്യം തേടിഅങ്ങനെ മല്‍ബു സംഘം ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. അയമുവിന്റെ ചെലവ് എന്തുകൊണ്ട് വര്‍ധിക്കുന്നു, കിട്ടുന്ന ശമ്പളവും ചിട്ടിക്കാശും പിന്നെ കടം വാങ്ങുന്ന പണവും അവന്‍ എങ്ങനെ ചെലവഴിക്കുന്നു -എന്നിങ്ങനെ പോകുന്നു അന്വേഷണ പരിധിയിലെ വിഷയങ്ങള്‍.
ദുരൂഹതയുടെ പര്യായമാണ് അയമു. ഒരു ചിട്ടി തീരുന്നതിനു മുമ്പ് തന്നെ മറ്റൊരു ചിട്ടി തുടങ്ങും. ഇപ്പോള്‍ അയമുവിനെ കാണുമ്പോള്‍ തന്നെ മറ്റു മല്‍ബുകള്‍ ചോദിക്കും. എന്താ അയമൂ, പതിയ ചിട്ടിയൊന്നും തുടങ്ങുന്നില്ലേ? തുടങ്ങാന്നേ, ഇതൊന്നു തീര്‍ന്നോട്ടെ, അല്‍പമൊന്ന് ക്ഷമിക്ക്. നിഷ്കളങ്കമായിരിക്കും അയമുവിന്റെ മറുപടി.
അയമുവിനോടുള്ള ചോദ്യത്തില്‍ പരിഹാസം ഒളിച്ചിരിപ്പുണ്ടെങ്കിലും ചിട്ടിക്കു കാത്തു നില്‍ക്കുന്ന മല്‍ബുകള്‍ എത്രയോ ഉണ്ട്. കാരണം നാല് ചക്രം ബാക്കിയാക്കാന്‍ അവര്‍ക്കു മുമ്പിലുള്ള എക വഴിയാണ് ചിട്ടി. നാട്ടില്‍ പണത്തിനു അത്യാവശ്യം വന്നാല്‍ ഒരു ലക്ഷമോ രണ്ടു ലക്ഷമോ ഉണ്ടാക്കാന്‍ പത്തോ ഇരുപതോ പേര്‍ ചേര്‍ന്ന് ഒരു ചിട്ടി തുടങ്ങിയാല്‍ മതി. ആദ്യ ചിട്ടി അതു തുടങ്ങുന്ന മല്‍ബുവിനു ലഭിക്കുന്നതോടെ അയാളുടെ അത്യാവശ്യത്തിനു പരിഹാരമായി. ബാക്കി അംഗങ്ങള്‍ക്ക് അവര്‍ക്ക് ചിട്ടി കിട്ടുന്ന മാസങ്ങളിലേക്ക് കാര്യങ്ങള്‍ ആസൂത്രണം ചെയ്യാം. കേട്ടാല്‍ ഇമ്പം തോന്നുമെങ്കിലും ചിട്ടിക്കു ചേരുന്ന മല്‍ബുകളെ വെള്ളം കുടിപ്പിക്കുന്ന ദുഷ്ടന്മാരും വര്‍ധിച്ചു വരികയാണെന്ന വസ്തുത വിസ്മരിച്ചുകൂടാ. ചിട്ടിപ്പണവുമായി മുങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ വിശ്വസ്തനെന്ന് പേരെടുത്ത അയമു ഒറ്റ ചിട്ടിയും പൊട്ടിച്ചിട്ടില്ല. അയമുവിന്റെ കുറിയെന്നു കേട്ടാല്‍ മല്‍ബുകള്‍ ഓടിയെത്തും. സാമാന്യം ഭേദപ്പെട്ട ജോലിയുണ്ടായിട്ടും ചിട്ടിയും പോരാതെ അയമു വായ്പ തേടി പലപ്പോഴും അലയുന്നതെന്തുകൊണ്ട്? കൂടെ താമസിക്കുന്നവരുടേയും കൂട്ടുകാരുടേയും സംശയം ന്യായം തന്നെ.
ദേ അവന്‍ ടി.വിയിലേക്ക് വിളിച്ചും എസ്.എം.എസ് അയച്ചും പണം കളയുന്നുണ്ടാവും. അല്ലെങ്കില്‍ തായ്‌ലന്റ് ലോട്ടറിയിലായിരിക്കും പണം തുലക്കുന്നത്.
പക്ഷേ, അയമുവിനെ അറിയുന്നവര്‍ ആരും ഇതു സമ്മതിച്ചുകൊടുക്കില്ല. രണ്ട് മൂന്ന് വര്‍ഷമായിട്ടും നാട്ടില്‍ പോയിട്ടില്ല. ഇനി ഇവിടെ വല്ല ഏര്‍പ്പാടും ഉണ്ടോ? അങ്ങനെ സംശയിക്കുന്നവരും കൂട്ടത്തിലുണ്ട്.
നാട്ടില്‍ സ്ഥലം വാങ്ങിക്കൂട്ടുന്നുണ്ടാകും. ഇപ്പോള്‍ എല്ലാവരും അതാണല്ലോ ചെയ്യുന്നത്. ആറു മാസത്തെ അവധിക്കു നാട്ടില്‍ പോയാല്‍ തിരിച്ചുവരുന്നത് ലക്ഷങ്ങളുണ്ടാക്കിയ കഥകള്‍ പറഞ്ഞ് കൂടെയുള്ളവരെ കൊതിപ്പിച്ചുകൊണ്ട്. അയമുവിന്റെ കാര്യത്തില്‍ അതും ഉറപ്പിക്കാന്‍ പറ്റുന്നില്ല. ആരോടെങ്കിലും ഒന്നു മനസ്സ് തുറന്നിട്ടു വേണ്ടേ എന്തെങ്കിലുമൊന്ന് അറിയാന്‍. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇളിച്ചു കാണിക്കും. കണ്ടാല്‍ തന്നെ അറിയാം, അത് കൃത്രിമമായി ഉണ്ടാക്കുന്ന വിഡ്ഢിച്ചിരിയാണെന്ന്.
നീണ്ട പരിശോധനയിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതാണ് വിഡ്ഢിച്ചിരി. ഇല്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് കൊച്ചു ബോസുമാര്‍ മേക്കിട്ട് കയറാന്‍ വരുമ്പോള്‍ കൈ ഉയര്‍ന്ന് അയാളുടെ മുഖത്ത് പതിച്ച് ടെര്‍മിനേഷന്‍ നോട്ടീസ് കിട്ടാതിരിക്കണമെങ്കില്‍ ഈ വിഡ്ഢിച്ചിരി പരിശീലിച്ചേ മതിയാകൂ.
അയമുവിന്റെ ചിരിയുടെ പിന്നിലെ രഹസ്യം, അല്ലെങ്കില്‍ അയമുവിന്റെ ധൂര്‍ത്തിന്റെ പിന്നാമ്പുറക്കഥകള്‍ കണ്ടെത്താനുള്ള മല്‍ബു സംഘത്തിന്റെ തീരുമാന പ്രകാരം ഉടന്‍ തന്നെ നാട്ടില്‍ പോകുന്ന രണ്ടു പേരെയാണ് ആ ചുമതല ഏല്‍പിച്ചത്.
രഹസ്യങ്ങള്‍ക്ക് കാത്തുനിന്ന മല്‍ബുകള്‍ക്ക് പക്ഷേ തെറ്റി.
വസ്തുതാന്വേഷണത്തിന് അയമുവിന്റെ കുഗ്രാമത്തില്‍ പോയ രണ്ടുപേര്‍ തിരിച്ചെത്തിയത് മറ്റു മല്‍ബുകളെ മുഴുവന്‍ കരയിച്ച വസ്തുതകളുമായിട്ടായിരുന്നു. അര്‍ബുദം ബാധിച്ച് കഴിയുന്ന അയമുവിന്റെ ഭാര്യ, പറക്കമുറ്റാത്ത മക്കള്‍, അയമുവില്‍നിന്നുള്ള ആയിരവും രണ്ടായിരവും മാത്രം ആശ്രയിച്ചു കഴിയുന്ന ബാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബം, വിസക്കു വേണ്ടി വാങ്ങിയ പണത്തിന് ഇനിയും അടച്ചുതീരാത്ത പലിശ, ചോര്‍ന്നൊലിക്കുന്ന വീട് -അങ്ങനെ നീണ്ടുപോകുന്നു അവിടെ കണ്ട കാഴ്ചകള്‍.
ഏറ്റവും കൂടുതല്‍ കരഞ്ഞത് അയമുവിന്റെ കഥകള്‍ പറഞ്ഞു പരത്താന്‍ മത്സരിച്ച നാണി എന്ന കുഞ്ഞാലിയായിരുന്നു. നാണിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്ന മല്‍ബുകളോട് കോയക്ക പറഞ്ഞു. ഇതു പണ്ട് അച്ഛന്‍ മകനേയും കൊണ്ട് തീവണ്ടിയില്‍ കയറിയതു പോലെയായി.
അതെന്തു കഥ?
ഇരുപത്തഞ്ചു വയസ്സായ മകനെയും കൊണ്ട് തീവണ്ടിയില്‍ കയറിയതായിരുന്നു വൃദ്ധനായ അച്ഛന്‍. മകന് ജനാലക്കരികില്‍ സീറ്റ് നല്‍കി അച്ഛനും സമീപത്തിരുന്നു. അഭിമുഖമായി ഒരു ദമ്പതികള്‍ ഇരിപ്പുണ്ടായിരുന്നു. കമ്പാര്‍ട്ട്‌മെന്റ് നിറയെ യാത്രക്കാരുണ്ട്. തീവണ്ടി പുറപ്പെട്ടപ്പോള്‍ ചെറുപ്പക്കാരന്‍ കൊച്ചു കുട്ടികളെപ്പോലെ പെരുമാറാന്‍ തുടങ്ങി.
അച്ഛാ നോക്കിയേ, മരങ്ങളും വീടുകളുമെല്ലാം പിറകോട്ട് പോകുന്നു. യാത്രക്കാര്‍ മൂക്കത്ത് വിരല്‍വെച്ചു -പ്രത്യേകിച്ചും ദമ്പതികള്‍. പിന്നെയും ചെറുപ്പക്കാരന്‍ ഓരോന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നാണ് മഴ പെയ്തത്. മഴത്തുള്ളികള്‍ ചെറുപ്പക്കാരന്റെ കൈയിലേക്ക് തെറിച്ചു വീണു. അയാളുടെ ആഹ്ലാദം അതിരു വിട്ടു. അതു കണ്ട് അച്ഛന്റെ കണ്ണിലും കണ്ണീര്‍ക്കണങ്ങള്‍.
ദമ്പതികള്‍ വൃദ്ധനോട് ചോദിച്ചു. അതല്ല കാര്‍ണോരെ, നിങ്ങള്‍ക്ക് ഇവനെ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചുകൂടേ? ഇക്കാലത്ത് എത്ര നല്ല ആശുപത്രികളുണ്ട്.
വൃദ്ധന്‍ പറഞ്ഞു- അതേ മക്കളെ, ഞാന്‍ അവനെയും കൊണ്ട് ആശുപത്രിയില്‍നിന്ന് മടങ്ങുകയാണ്. ഇന്ന് രാവിലെയാണ് ആദ്യമായി അവന് കാഴ്ച കിട്ടിയത്.
അപ്പോള്‍ ഇത് എല്ലാവര്‍ക്കുമുള്ള പാഠമാണ്. കോയക്ക ഗുരുജിയെ പോലെയായി.
ആരും ആരെ കുറിച്ചും ഉടന്‍ ഒരു നിഗമനത്തിലെത്തരുത്. ഓരോരുത്തരുടേയും പൊട്ടിച്ചിരിക്കു പിന്നിലും ഒളിച്ചിരിക്കുന്നത് ഒരായിരം സങ്കടങ്ങളുടെ തിരമാലകളായിരിക്കും -പ്രത്യേകിച്ചും പ്രവാസ ലോകത്ത്. കണ്ണീര്‍ മഴയത്ത്, ഒരു ചിരിയുടെ കുട ചൂടി... കോയക്ക മൂളി.

1/17/10

മല്‍ബുവിനെ കണ്ട ദല്‍ഹിഅപ്രതീക്ഷിതമായിരുന്നു എല്ലാം.
വിമാനം ഏതാണെന്ന് ഓര്‍മയില്ല. പക്ഷേ, അതൊരു പ്രത്യേക വിമാനമായിരുന്നു. കാരണം മല്‍ബു മാത്രമായിരുന്നു യാത്രക്കാരന്‍. പൈലറ്റും എയര്‍ ഹോസ്റ്റസുമാരും ഉണ്ടായിരുന്നോ എന്നൊന്നും ഉറപ്പില്ല.
നേരെ മുന്നില്‍ തന്നെയുള്ള വലിയ സ്ക്രീനില്‍ ഇടക്കിടെ മല്‍ബുവിന് സ്വാഗതം, മല്‍ബു കീ ജയ് എന്നിങ്ങനെ വന്നുകൊണ്ടിരുന്നു.
എത്തിച്ചേര്‍ന്നത് ഇന്ദ്രപ്രസ്ഥത്തില്‍. ആദ്യമായല്ല ഇന്ദ്രപ്രസ്ഥം കാണുന്നതെങ്കിലും ഇക്കുറി സമൂല മാറ്റം. എയര്‍പോര്‍ട്ടിന് പുറത്ത് മല്‍ബുവിന് സ്വാഗതം എന്നെഴുതിയ വലിയ കമാനം.
വാദ്യമേളങ്ങളുടെ നീണ്ട നിര. ചെണ്ടമേളമായിരുന്നോ ബാന്റ് വാദ്യമായിരുന്നോ എന്നു വ്യക്തമല്ല. ഓരോ കൊട്ടും മല്‍ബു, മല്‍ബു എന്നാണ് ചെവിയില്‍ പതിച്ചത്. ചെവി കൂര്‍പ്പിച്ചു നിര്‍ത്തിയാല്‍ ഇപ്പോഴും കേള്‍ക്കാം.
കണ്ണുകള്‍ പരതുകയായിരുന്നു ആള്‍ക്കൂട്ടത്തില്‍.
വെളുത്ത താടിയും തലപ്പാവുമുള്ള ആതിഥേയനെ തേടി കണ്ണൂകള്‍ നീണ്ടെങ്കിലും കാത്തുനില്‍ക്കുന്നവരുടെ പകുതി മാത്രമേ എത്തുന്നുള്ളൂ.
ഇത്രയേറെ ആളുകള്‍ അതും പുലര്‍ച്ചെ തന്നെ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് ആലോചിക്കുകയായിരുന്നു.
നല്ല തണുപ്പുമുണ്ട്. മൂടിപ്പുതച്ചുറങ്ങേണ്ട സമയത്ത് ഇത്രയും ആളുകള്‍ വന്നല്ലോ? അദ്ഭുതം തന്നെ. അവനവന്‍ അര്‍ഹിക്കുന്നത് എപ്പോഴായാലും കിട്ടും എന്ന് പലരും പറയാറുണ്ടായിരുന്നു. അത് ഈ മരംകോച്ചുന്ന തണുപ്പത്തായിരിക്കുമെന്ന് ഒരിക്കലും നിനച്ചതല്ല.
ഭാഗ്യത്തിനെന്തു തണുപ്പും ചൂടും. അതങ്ങ് വരികയല്ലേ ചെയ്യുക.
പുറംകാലു കൊണ്ട് തട്ടിക്കളയരുതെന്നു മാത്രം.
എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും ആ തലപ്പാവ് കാണാന്‍ കഴിയേണ്ടതായിരുന്നു.
കാരണം അദ്ദേഹത്തിനു തുല്യനായി മറ്റൊരാളില്ല.
വെളുത്ത താടി തന്നെ മതി രണ്ടാമത്തെ അടയാളത്തിന്.
എന്താ അദ്ദേഹത്തിനു ഡൈ ചെയ്യാന്‍ മേലേ? ഇവിടെ വല്ല നിരോധവുമുണ്ടോ?
മല്‍ബു ജോലി ചെയ്യുന്ന ശെയ്ബകളുടെ ലോകത്ത് ആരുടേയും താടിയും മുടിയും നരച്ചിട്ടില്ല. എവിടെ നോക്കിയാലും ഇരട്ടിക്കറുപ്പ്. അതാണ് മരുഭൂമിയുടെ സവിശേഷത. സൗഭാഗ്യങ്ങളോടൊപ്പം അത് നിത്യയൗവനവും സമ്മാനിക്കും.
കാല്‍ നൂറ്റാണ്ട് കടന്നു പോകുന്നത് ഒരു വര്‍ഷം പോകുന്നതു പോലെയായിരിക്കും. അനുഭവസ്ഥര്‍ക്കല്ല, അനുഭവിക്കുന്നവര്‍ക്ക്.
ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും നിത്യയൗവനം കാത്തുസൂക്ഷിക്കുന്നതാണ് ശെയ്ബകളുടെ ലോകം. മലയാളത്തില്‍ വൃദ്ധന്മാരുടെ ലോകം.
നിരന്നു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങിയ കണ്ണുകള്‍ ഒരു പരിചിത മുഖത്തെ കണ്ടെത്തി. വെള്ള മുണ്ടും വെള്ളക്കുപ്പായവുമിട്ട കുറിയ മനുഷ്യന്‍.
അധികം ആലോചിക്കേണ്ടി വന്നില്ല.
ഇദ്ദേഹം തന്നെയായിരിക്കും ആതിഥേയന്റെ പ്രതിനിധി.
ആശ്വാസമായെങ്കിലും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.
എതായാലും ഇങ്ങേരെ തന്നെ അയച്ചതു നന്നായി. നിയോഗമറിയന്‍ എളുപ്പം സാധിക്കുമല്ലോ?
തന്നെ ഒരു നോക്ക് കാണാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നുണ്ടെങ്കിലും
അടുത്തെത്തിയ ഉടന്‍ അദ്ദേഹത്തിന്റെ രണ്ടു കൈകളും ചേര്‍ത്തു പിടിച്ചു.
പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ ഹസ്തദാനവും ആശ്ലേഷവുമൊക്കെ സൂക്ഷിച്ചു വേണമെന്ന് അറിയത്തതുകൊണ്ടല്ല.
ചിന്തിച്ചുറപ്പിക്കുന്ന കാര്യങ്ങളൊക്കെ ചിലപ്പോള്‍ ആവേശത്തള്ളിച്ചയില്‍ മറന്നു പോകും.
പിന്നെ കമ്പനികളുടെ മരുന്നുകളൊക്കെ വിറ്റു തീര്‍ന്നതോടെ പന്നിപ്പനിയും അപ്രത്യക്ഷമായിട്ടുണ്ടല്ലോ.
ക്യാമറ ഫ്‌ളാഷുകള്‍ മിന്നിമറിഞ്ഞതിനു ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി.
നമ്മള്‍ പുതിയ ഒരധ്യായം തുടങ്ങുകയാണ്. ഈ വന്നിരിക്കുന്നത് നമ്മള്‍ ഇതുവരെ അവഗണിച്ചവരുടെ പ്രതിനിധിയാണ്. അദ്ദേഹം സ്വയം വന്നതല്ല, നമ്മള്‍ ക്ഷണിച്ചു വരുത്തിയതാണ്. കടലിനക്കരെ മരുഭൂമയില്‍ പോയി കൊടുംവെയിലത്തു കയിലു കുത്തി ഈ നാടിനെ നാടാക്കി മാറ്റിയവരുടെ പ്രതിനിധിയാണ്.
ക്രൂരവും പൈശാചികവുമായ അവഗണനയാണ് നമ്മള്‍ അവരോട് കാണിച്ചത്. ഇപ്പോള്‍ നമ്മുടെ പ്രിയങ്കരനായ നേതാവ് തന്നെ അതു തിരുത്തിയിരിക്കുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നമ്മള്‍ വോട്ടവകാശം ഉറപ്പുനല്‍കിയിരിക്കുന്നു.
മരുഭൂമയില്‍ സ്വര്‍ണം വിളയിച്ച ഈ മല്‍ബുവിന്റെ വരവ് ആ കനകം ഇവിടെയും വിളയിക്കാനാണ്. അതിനാണ് അദ്ദേഹത്തെ നമ്മുടെ പ്രിയങ്കരനായ നേതാവ് ക്ഷണിച്ചിരിക്കുന്നത്.
ടപ്പോം..
പ്ലാവില്‍നന്ന് ചക്ക പൊട്ടിവീണതു പോലുള്ള
ശബ്ദം കേട്ടാണ് മല്‍ബി ഞെട്ടിയുണര്‍ന്നത്.
നോക്കിയപ്പോള്‍ ദേണ്ടേ കിടക്കുന്നു മല്‍ബു താഴെ..
ഞാന്‍ അന്നേ പറഞ്ഞതാ നിങ്ങളൊരു ദിവസം വീഴൂന്ന്.
ഇന്ദ്രപ്രസ്ഥത്തിലെ തണുപ്പ് സ്വന്തം മുറിയിലെ എ.സിയുടെ തണുപ്പായിരുന്നുവെന്ന് മല്‍ബു തിരിച്ചറിയാന്‍ സ്വല്‍പം സമയമെടുത്തു.

1/11/10

കയ്യക്ഷരവും കൈവേലയുംസമ്പാദ്യമൊന്നും ബാക്കിയില്ലെങ്കിലെന്താ കുടുംബത്തോടൊപ്പം സസന്തോഷം അഞ്ചുപത്ത് കൊല്ലം ജീവിച്ചില്ലേ?
പ്രവാസത്തിന്റെ നീണ്ട 25 വര്‍ഷങ്ങളില്‍ ഞാന്‍ ജീവിച്ചത് എത്ര വര്‍ഷമാണെന്നറിയാമോ?
വെറും ഒരു വര്‍ഷം.
രണ്ടുവര്‍ഷം കൂടുമ്പോള്‍ എണ്ണിച്ചുട്ട ഒരുമാസം വെക്കേഷന്‍.
കാല്‍ നൂറ്റാണ്ടിനിടെ 12 തവണയാ നാട്ടില്‍ പോയത്. അതും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എപ്പൊഴാ തിരിച്ചുപോകുന്നതെന്ന് ചോദിക്കാന്‍ ഒരു അവസരം മാത്രമേ നല്‍കാറുള്ളൂ.
രണ്ടാമതൊരു തവണ എന്താ ഇനിയും പോയില്ലേ എന്നു ചോദിക്കാനുള്ള അവസരം ഉണ്ടാകാറില്ല.
ഓരോ മാസവും അത്രയും വേഗത്തിലാണ് കടന്നു പോയിരുന്നത്.
അപ്പോള്‍ നിങ്ങള്‍ കുടുംബത്തോടൊപ്പം പ്രവാസ ജീവിതം നയിക്കുന്നവര്‍ ശരിക്കും സ്വര്‍ഗ ജീവിതമല്ലേ നയിക്കുന്നത്? പറ, ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ?
അസൂയ കൊണ്ടൊന്നുമല്ല ബാച്ചിലര്‍ മല്‍ബു ഫാമിലി മല്‍ബുവിനോട് ഇത്രയും പറഞ്ഞത്.
ഒരു വസ്തുത പറഞ്ഞു എന്നുമാത്രം.
വസ്തുത ആര് പറഞ്ഞാലും വസ്തുത തന്നെയാണല്ലോ.
അതുകൊണ്ടുതന്നെ ഫാമിലി മല്‍ബുവിന് എതിര്‍ക്കാന്‍ പോയിന്റുകളുമില്ല.
കലഹവും തൊന്തരവുമില്ലാതെ കുടുംബിനിയോടൊപ്പം ജീവിച്ചു തീര്‍ക്കാനുള്ള കൊതി തന്നെയാണ് ഫ്‌ളാറ്റു വാടകയും മറ്റു ചെലവുകളും ഒത്തുപോകാനുള്ള വരവില്ലാതിരുന്നിട്ടും കടുംകൈക്ക് മുതിര്‍ന്നത്.
എന്താഹേ...… ഫാമിലിയോടൊപ്പം കഴിയുന്നത് കടുംകയ്യാണെന്നോ?
അതെ, പലര്‍ക്കും കടുംകൈ തന്നെ.
ഓരോ മാസവും ബാക്കിയാകുന്ന കടം വെച്ചുനോക്കുമ്പോള്‍ വേണമെങ്കില്‍ കടം കൈ എന്നും പറയാം.
പിന്നെ തൊന്തരവില്ലാത്ത സ്വകാര്യതയും സന്തോഷവുമെന്നൊക്കെ വേണമെങ്കില്‍ ആരെങ്കിലും ചോദിച്ചാല്‍ സമ്മതിച്ചു കൊടുക്കാം; വാസ്തവമല്ലെങ്കിലും. അല്ലെങ്കിലും പ്രവാസി എല്ലാം സമ്മതിച്ചുകൊടുക്കേണ്ടവനല്ലേ?
മറകെട്ടി പകുക്കാന്‍ പോലും സാധിക്കാത്ത ഫഌറ്റ് തുല്യ ദുഃഖിതരായ മറ്റൊരു ദമ്പതികളോടൊപ്പം ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ എന്തു സ്വകാര്യത?
കറണ്ട് ബില്ലിനെ ചൊല്ലിയും ക്ലീനിംഗിനെ ചൊല്ലിയും എന്തിന് മൂട്ടയെ കൊണ്ടുവന്നതാരെന്ന ചോദ്യത്തില്‍ പോലും കലഹത്തിനുള്ള ഒന്നാന്തരം സാധ്യതകള്‍ ഫലപ്രദമാകാതെ, പ്രവാസികളുടെ വോട്ടവകാശം പോലെ നീണ്ടു നീണ്ടു പോകുന്നത് പടച്ചവന്റെ കൃപ.
കടലിനിക്കരെ ഒരുമിച്ചു കഴിയുന്ന മല്‍ബു കുടുംബാംഗങ്ങളില്‍ കലഹങ്ങള്‍ ഉണ്ടാകാറുണ്ടോ?
മല്‍ബി കരയുമോ?
പിന്നെ, കുടുംബ കലഹം ഇല്ലെങ്കില്‍ പിന്നെ എന്തു മല്‍ബു.
വേണമെങ്കില്‍ സൗന്ദര്യപ്പിണക്കമെന്ന് ഓമനപ്പേരിട്ടു വിളിക്കാം.
ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നെ മല്‍ബു, മല്‍ബു അല്ലാതായിപ്പോകും. അതുകൊണ്ട് പൂര്‍ണമായി നിഷേധിക്കാന്‍ വരട്ടെ.
മക്കളുടെ റിസള്‍ട്ട് വാങ്ങാന്‍ ആര് സ്കൂളില്‍ പോകുമെന്നതിനെ ചൊല്ലിയായിരുന്നു മല്‍ബിയും മല്‍ബുവും തമ്മില്‍ തര്‍ക്കം.
ങാ ഇതൊരു ചടങ്ങ് തീര്‍ക്കലാണെന്ന് മല്‍ബു.
പോയാല്‍ സാറ് കുട്ടിയുടെ മാര്‍ക്ക്‌ലിസ്റ്റ് ഇങ്ങെടുത്തുതരും. അതും വാങ്ങി ഇങ്ങുപോരാം. അധ്യാപക-രക്ഷാകര്‍തൃ കൂടിക്കാഴ്ച എന്നൊക്കെയാണ് വെപ്പെങ്കിലും അതിനൊന്നും നേരമില്ല.
സാറിന് എല്ലാവരുടേയും മാര്‍ക്ക് ലിസ്റ്റ് കൊടുത്തുതീര്‍ത്ത് വേഗം വീട്ടിലേക്ക് മടങ്ങണം. കാരണം മുടങ്ങാന്‍ പാടില്ലാത്ത ട്യൂഷനുണ്ട്.
രക്ഷിതാക്കള്‍ക്കാണെങ്കില്‍ ട്രാഫിക് ബ്ലോക്കും സഹിച്ച് അവിടെ എത്തിയതിന്റെ അലമ്പ് മനസ്സില്‍നിന്ന് നീങ്ങിയിട്ടില്ല.
രണ്ടുമൂന്ന് രക്ഷിതാക്കള്‍ ക്യൂവിലുണ്ടെങ്കിലും എങ്ങനെ ആദ്യം വാങ്ങാമെന്ന ചിന്തയിലായിരിക്കും അവര്‍.
ഇതൊന്നു വാങ്ങിയിട്ടുവേണം പുറത്തെവിടെയെങ്കിലും ഒന്നു പോകാന്‍.
മാര്‍ക്ക് ലിസ്റ്റ് കിട്ടിയപ്പോള്‍ മല്‍ബുവും മല്‍ബിയും ശരിക്കും അന്തംവിട്ടു. മോന്‍ എല്ലാ വിഷയത്തിലും തോറ്റിരിക്കുന്നു.
ഇതെന്താ സാറേ എല്ലാ വിഷയത്തിലും ഇങ്ങനെ...
അതേ, അവന്‍ പഠിക്കാനൊക്കെ മിടുക്കനാ. പിന്നെ കയ്യക്ഷരം കൊള്ളൂലാ.
ഉത്തരമൊക്കെ ശരി എഴുതിയാലും അതു വായിച്ചു നോക്കാന്‍ പറ്റിയാലല്ലേ മാര്‍ക്കിടാന്‍ പറ്റൂ. അതോണ്ട് സാറന്മാരേം കുറ്റപ്പെടുത്തേണ്ട, കുട്ടീനേം കുറ്റപ്പെടുത്തേണ്ട.
കയ്യക്ഷരം നന്നാക്കാനല്ലേ സാറേ അവനെ ഇങ്ങോട്ടു വിടുന്നത്? മല്‍ബിക്ക് സംശയം.
പിന്നെ, അവന്‍ മറ്റെല്ലാ കാര്യങ്ങളിലും ഉഷാറാട്ടോ.
സാര്‍ വീണ്ടും പറഞ്ഞുതുടങ്ങി.
ദേ, ധനശേഖരണത്തിനായുള്ള നാല് ലോട്ടറി ബുക്കാ അവന്‍ തീര്‍ത്തുകൊണ്ടുവന്നത്. ചുരുങ്ങിയത് 40 പേരെയങ്കിലും അവന്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച് അവരുടെ പോക്കറ്റിലെ കാശ് അവന്റെ പോക്കറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
നല്ല പ്രോഗസാ ഇത്. ചീസും ബര്‍ഗറും മൂക്കറ്റം കഴിച്ച് തടിമാടന്മാരായി ക്ലാസില്‍ ഉറക്കം തൂങ്ങുന്നവരേക്കാള്‍ എത്രയോ ഭേദം.
കയ്യക്ഷരം നന്നാക്കാനും മാര്‍ക്ക് വാങ്ങാനുമൊക്കെ ഇനിയും നേരമുണ്ടെന്നേ... അവന്റെ ഈ സ്മാര്‍ട്‌നസ്സ്, അതാ പ്രധാനം.
സാറ് പറഞ്ഞു നിര്‍ത്തിയെങ്കിലും മനസ്സിന് ആശ്വാസം പോരാതെ മല്‍ബു മല്‍ബിയുടെ നേരെ നോക്കി.
കയ്യക്ഷരം നന്നായില്ലെങ്കിലെന്താ, കൈവേല പഠിച്ചിട്ടുണ്ടല്ലോ.
ദേ നാളെ, നാളെ, നാളെയാണ് നറുക്കെടുപ്പ് എന്ന് പറയാനയക്കാം. പട്ടിണി കിടക്കേണ്ടിവരില്ല.
മല്‍ബി കാതില്‍ മന്ത്രിച്ചു.
1/3/10

ഒരു പൈലറ്റിന്റെ ആത്മകഥഗുഡ് ഈവനിംഗ് ലേഡീസ് ആന്റ് ജന്റില്‍മെന്‍,
ഇതു നിങ്ങളുടെ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ മല്‍ബു. തെറ്റിദ്ധരിക്കേണ്ട, ഞാന്‍ മലബാറുകാരനോ മലയാളിയോ അല്ല. കസഖിസ്ഥാന്‍കാരനായ എന്റെ പിതാവിന് ഏതെങ്കിലും തരത്തിലുള്ള മല്‍ബു കണക്ഷന്‍ ഉണ്ടോ എന്നു കണ്ടെത്തണമെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ വലിയ കേമമായി കൊണ്ടു നടക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി കൊണ്ടൊന്നും നടപ്പുള്ള കാര്യമല്ല. സാക്ഷാല്‍ എഫ്.ബി.ഐയെ തന്നെ എല്‍പിച്ചാല്‍ പോലും കണ്ടെത്താനാകുമെന്ന് ഒരുറപ്പുമില്ല. കാരണം, എഫ്.ബി.ഐ കസ്റ്റഡിയിലുള്ള ഹെഡ്‌ലിയെ പോലെ എന്റെ പിതാവിനും അമേരിക്കന്‍ പൗരത്വമുണ്ട്.
ഹെഡ്‌ലിയെ കുറിച്ചോര്‍ത്തപ്പോഴാണ് ഇഡ്ഡലിയുടെ കാര്യം ഓര്‍മ വന്നത്. ഇന്ന് രാവിലെ ഞാന്‍ നിങ്ങളുടെ പേരുകേട്ട ഹോട്ടലില്‍ ഇഡ്ഡലിക്കായി കാത്തിരുന്നപ്പോള്‍ എനിക്കുമുമ്പിലേക്ക് വലിച്ചെറിഞ്ഞതെന്താണെന്നറിയാമോ? ബര്‍ഗര്‍. നിങ്ങളുടെ നാട്ടില്‍ ഇഡ്ഡലിക്ക് വംശനാശം വന്നുവെന്ന കാര്യം ദേ എയര്‍ഹോസ്റ്റസ് കത്രീന പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഷ്ടായിപ്പോയിട്ടോ.
എന്റെ പ്രസംഗം ബോറടിക്കില്ലെന്നറിയാം. കാരണം വിമാനം പൊങ്ങാന്‍ ഇനിയും സമയമുണ്ട്.
കരിപ്പൂരില്‍നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തെരഞ്ഞെടുത്തുതില്‍ ആദ്യം തന്നെ നന്ദി അറിയിക്കട്ടെ. എയര്‍ ഇന്ത്യ വിമാനങ്ങള്‍ ബഹിഷ്കരിക്കണം എന്നു പറഞ്ഞു നടക്കുന്ന മല്‍ബുകള്‍ ഈ കൂട്ടത്തിലുണ്ടെങ്കില്‍ അവര്‍ക്കും ഈ നന്ദി ബാധകമാണ്. വിമാന കമ്പനിയോട് ഈറ കൊണ്ടുനടക്കുന്ന അത്തരം മല്‍ബുകള്‍ ചെവിയില്‍ തിരുകാന്‍ എയര്‍ ഹോസ്റ്റസുമാരോട് ദയവായി പഞ്ഞി ചോദിക്കരുത്.
കുറഞ്ഞ ചെലവില്‍ യാത്ര സൗകര്യം ഒരുക്കുന്ന എക്‌സ്പ്രസായതിനാല്‍ കോട്ടണ്‍ അഥവാ പഞ്ഞി ലഭ്യമല്ലെന്ന് ആര്‍ക്കും ഊഹിക്കാം. പഞ്ഞി പോലുമില്ലെന്ന് പറഞ്ഞ് ഇനിയും ആരും ബഹളം വെക്കേണ്ട.
സുരക്ഷാ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് വിമാനം പൊങ്ങാന്‍ സമയമെടുക്കുന്നത്. അല്ലാതെ നിങ്ങള്‍ കരുതുന്നതു പോലെ ഇനിയും പുറത്തിറങ്ങി ലോഡ്ജുകളിലേക്ക് പോകേണ്ടി വരില്ല. കൃത്യസമയം തെറ്റിയാലും നമ്മള്‍ എത്തേണ്ടിടത്ത് എത്തുമെന്ന കാര്യത്തില്‍ ശുഭാപ്തിയോടെ ഇരിക്കുക.
മറ്റൊരു ദുഃഖ സത്യം കൂടി നിങ്ങളെ അറിയാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.
ഞങ്ങളുടെ അഥവാ വിദേശ പൈലറ്റുമാരുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന വാര്‍ത്ത നിങ്ങളൊക്കെ വായിച്ചിരിക്കും. ഞങ്ങള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോയതിനാലാണത്രെ കരിപ്പൂരില്‍നിന്നുള്ള നിങ്ങളുടെ യാത്രകള്‍ താളം തെറ്റിയത്.
പറഞ്ഞതു ഞങ്ങളുടെ ഡയരക്ടര്‍ ഉണ്ണിയാണെങ്കിലും ഇത് ഒരുമാതിരി ഉണ്ണിത്താന്റെ വര്‍ത്താനം പോലെയായിപ്പോയി. സാര്‍വദേശിയമായി അംഗീകരിച്ച തൊഴിലാളികളുടെ അവകാശങ്ങള്‍ മുതല്‍ നൂറ്റാണ്ടുകളായി മതപരമായി അനുഭവിച്ചുപോരുന്ന അവകാശങ്ങളുടെ നിഷേധം വരെയുണ്ട് ഇതില്‍.
ഇതൊക്കെ യാത്രക്കാരായ നിങ്ങളോടല്ലാതെ ഞങ്ങള്‍ പൈലറ്റുമാര്‍ ആരോടു പങ്കുവെക്കും. എങ്ങനെ ധൈര്യം വന്നുവെന്നാണെങ്കില്‍ സംശയിക്കേണ്ട എനിക്കിനി റിട്ടയര്‍മെന്റിന് അധിക നാളുകളില്ല. ഒരു വര്‍ഷത്തിനകം എല്ലാ വിദേശ പൈലറ്റുമാരേയും ഒഴിവാക്കും എന്നു കൂടി ആ ഉണ്ണി പറഞ്ഞതു കണ്ടു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ സമയത്തു പറപ്പിക്കും, പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കും എന്നൊക്കെ മന്ത്രിമാരും നേതാക്കളും പറയാറില്ലേ. അതുപോലെ കണക്കാക്കിയാല്‍ മതി.
തീര്‍ച്ചയായും ഞാന്‍ മദ്യപിച്ചിട്ടില്ല. ആത്മാര്‍ഥത കൊണ്ടാണ് ഇങ്ങനെ മനസ്സു തുറന്നത്. എത്രയോ വര്‍ഷങ്ങളായി ഞാന്‍ നിങ്ങളെ മാന്യരെ എന്ന് അഭിസംബോധന ചെയ്യുന്നു. എന്റെ ഈ തെളിമയാര്‍ന്ന ശബ്ദം നിങ്ങള്‍ക്ക് ഉറക്കത്തില്‍ പോലും കേള്‍ക്കാമെന്നറിയാം. അത്രമേലുണ്ട് നമ്മള്‍ തമ്മിലുള്ള അടുപ്പം.
എനിക്ക് കമ്പനി എന്തു ശിക്ഷ വിധിച്ചാലും നിങ്ങള്‍ ഇതുവരെ അനുഭവിച്ച ശിക്ഷയുടെ ഒരു ശതമാനം പോലുമാകില്ല. എന്റെ ഹൃദയമിതാ ഞാന്‍ തുറന്നു കാണിക്കുന്നു. വിമാനം ഏതായാലും ഹാവ് എ ഗുഡ് ജേണി, താങ്ക് യു.
Related Posts Plugin for WordPress, Blogger...