8/14/09

അസൂയ നല്‍കുന്ന പാഠം

സ്വകാര്യ ദുഃഖങ്ങള്‍ അയവിറക്കുകയായിരുന്നു മല്‍ബു.
ഗള്‍ഫില്‍ വന്നത് വളരെ പ്രതീക്ഷകളോടെ ആയിരുന്നു. വിസ കിട്ടിയതോടെ നാട്ടിലെ ജോലി കളഞ്ഞ് ഉമ്മയുടെ സ്വര്‍ണം പണയം വെച്ച് വാങ്ങിയ പണം കൊണ്ട് ടിക്കറ്റ് സമ്പാദിച്ച് ഗള്‍ഫിലെത്തി.
ജോലി ചെയ്ത് ശമ്പളം കിട്ടിത്തുടങ്ങിയാല്‍ വിസയുടെ പണം കൊടുത്തു തുടങ്ങിയാല്‍ മതിയെന്ന ആശ്വാസമുണ്ടായിരുന്നു. കാരണം അകന്ന ഒരു ബന്ധുവാണ് വിസ തരപ്പെടുത്തി നല്‍കിയത്.
യാത്ര തിരിക്കുന്നതിനുമുമ്പ്, മറ്റുള്ളവരൊക്കെ ചെയ്തതു പോലെ തങ്ങളെ കണ്ട് അനുഗ്രഹം തേടിയിരുന്നു. നല്ലൊരു ജോലി ലഭിക്കാനും കുടുംബത്തെ കരകയറ്റാനും സാധിക്കട്ടെ എന്ന ആശംസകളോടെ തങ്ങള്‍ മന്ത്രിച്ചൂതി നല്‍കിയ 100 രൂപയുടെ നോട്ട് ഭദ്രമായി പഴ്‌സില്‍ സൂക്ഷിച്ചിരുന്നു.
തനിക്ക് മുമ്പേ ഇക്കരെ കടന്ന പല ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നമ്പറുകള്‍ എഴുതി വളരെ ഭദ്രമായി ഡയറിയില്‍ വെച്ചിട്ടുണ്ടായിരുന്നു.
ഗള്‍ഫില്‍ എത്തിയശേഷം ആദ്യം ശ്രമിച്ചത് അവരില്‍ ഓരോരുത്തരെയും കണ്ടെത്തി നല്ലൊരു ജോലിക്ക് എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. പക്ഷേ, തിരസ്കാരമായിരുന്നു എവിടേയും.
നാട്ടിലെ നല്ലൊരു ജോലി കളഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടിയിരുന്നോ എന്നായിരുന്നു പലരുടേയും ചോദ്യം. ആരോടും സഹായമൊന്നും ചോദിച്ചിരുന്നില്ല. ജോലി കണ്ടെത്താനുള്ള വഴി മാത്രമാണ് അന്വേഷിച്ചത്. പരിചയമേ നടിക്കാത്തവരുമുണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ നല്‍കിയെങ്കിലും ഇടക്കിടെ വിളിക്കരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. കിട്ടിയ ജോലിക്ക് കയറി പിന്നീട് മാത്രമേ നല്ലതിനു ശ്രമിക്കാവൂ എന്ന് ഉപദേശിച്ചവരുമുണ്ട്.
അവസാനം, ഒട്ടും പരിചയമില്ലാത്ത ഏതോ നാട്ടുകാരനാണ് കൂടെ താമസിപ്പിച്ചതും ജോലി കണ്ടെത്താന്‍ സഹായിച്ചതും.
കിട്ടിയ ജോലിയാകട്ടെ മനഃസമാധാനം നല്‍കിയെങ്കിലും പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും കരുത്തേകിയില്ല. ബാധ്യതകള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. സ്വന്തമായൊരു പാര്‍പ്പിടമെന്ന സ്വപ്നം പോലും അകന്നകന്നുപോയി.
എത്ര പെട്ടെന്നാണ് ചിലര്‍ ധനികരാകുന്നത്. കണ്ണടച്ച് തുറക്കും മുമ്പ്, ലോട്ടറി അടിച്ചതുപോലെ.
ലോട്ടറി അടിച്ചാല്‍ പണക്കാരനാകാന്‍ കഴിയുമെന്ന ചിന്ത മൂത്ത് മല്‍ബു തായ്‌ലന്റ് ലോട്ടറിക്ക് പിന്നാലെയൊന്നും പോയില്ല. കോടീശ്വരനാകാന്‍ കള്ളക്കടത്ത് നടത്തിയതുമില്ല.
അതല്ല, എന്താ ഈ ആലോചന.
മുറിയില്‍ അടുത്തിടെ താമസം തുടങ്ങിയ ചെറുപ്പക്കാരന്‍ തട്ടി വിളിച്ചപ്പോഴാ സംഭവ ലോകത്തെത്തിയത്.
ങാ സംഭവം പിടികിട്ടി. ഇതിനു തന്നെയാ അസൂയ എന്നു പറയുന്നത്.
മുന്നിലുള്ള പത്രത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു.
അതു തന്നെയായിരുന്നു കഥ.
രാവിലെ പത്രവായന തുടങ്ങിയതും ഈ ഫോട്ടോ കണ്ടതുമാണ് ചിന്തകളെ ഇങ്ങനെ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് കൊണ്ടുപോയത്.
തന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ചയാള്‍, ഒരേ വര്‍ഷം ഗള്‍ഫിലേക്ക് വിമാനം കയറിയയാള്‍.
ഇപ്പോള്‍ വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ.
പലപ്പോഴും കഥാപുരുഷന്റെ നാട്ടുകാരനാണെന്നും ഒരുമിച്ച് പഠിച്ചിട്ടുണ്ടെന്നും ഒരേ വര്‍ഷമാണ് പ്രവാസം തുടങ്ങിയതെന്നുമൊക്കെ അഭിമാനപൂര്‍വം പറയാറുണ്ട്.
താന്‍ ഒന്നും നേടിയില്ലെങ്കിലും ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും സ്ഥാനം നേടിയയാള്‍ തന്റെ നാട്ടുകാരനും സുഹൃത്തും ആണെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നതിലും തെറ്റൊന്നുമില്ല.
ങ്ങനെ വിചാരിച്ചിരുന്നോണ്ട് വലിയ കാര്യമൊന്നുമില്ല മാഷേ.
ചെറുപ്പക്കാരന്‍ മല്‍ബു വിടുന്ന മട്ടില്ല.
ങ്ങളെ കൂടെ പഠിച്ചയാളാണല്ലോ ഇയാള്‍.
ങ്ങളെക്കാളും മുമ്പേ പഠിത്തം നിറുത്തിയയാള്‍.
ങ്ങളോടൊപ്പം വണ്ടി കയറിയ ആള്‍.
അയാള്‍ക്ക് കിട്ടിയ അവസരങ്ങള്‍ ങ്ങള്‍ക്കും ഉണ്ടായിരുന്നില്ലേ ഇവിടെ.
അയാള്‍ ചെയ്തതൊക്കെ ങ്ങള്‍ക്കും ചെയ്തു കൂടായിരുന്നോ?
കാല്‍ നൂറ്റാണ്ട് പിന്നിട്ടശേഷം അയാളും ഞാനും ഒരേ ബെഞ്ചിലിരുന്നാ പഠിച്ചതെന്നും ഒരേ വിമാനത്തിലാ വന്നതെന്നും പറഞ്ഞ്
അസൂയപ്പെടുന്നു.
എന്റെ മുന്നിലിരിക്കുന്ന ങ്ങളും ഫോട്ടോയില്‍ കാണുന്ന അയാളും തന്നെയാണ് എന്നെ പോലുള്ള പുതിയ പ്രവാസികള്‍ക്ക് എന്നും പാഠം.

8/5/09

സൗദി വനിതകള്‍ വീട്ടു ജോലിക്ക്‌


സൗദി അറേബ്യയില്‍ സ്വദേശി വനിതകള്‍ 1500 റിയാല്‍ ശമ്പളത്തില്‍ വീട്ടു വേല ചെയ്‌തു തുടങ്ങി എന്ന വാര്‍ത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രാദേശിക ഭാഷാ പത്രങ്ങളിലും ഇംഗ്ലീഷ്‌ പത്രങ്ങളിലും വന്നു കൊണ്ടിരിക്കുന്നുണ്ട്‌. ഇതു വെറും പ്രചാരണത്തിനു മാത്രമാണെന്ന്‌ കരുതുന്നവരുണ്ട്‌. അങ്ങനെയൊന്ന്‌ സംഭവിക്കില്ലെന്ന്‌ അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
കിംഗ്‌ അബ്‌ദുല്‍ അസീസ്‌ യൂനിവേഴ്‌സറ്റിയില്‍നിന്ന്‌ ഇംഗ്ലീഷ്‌ ബിരുദമെടുത്ത ശേഷം ഒരു തൊഴില്‍ നേടാനുള്ള സമ്മര്‍ദത്തിലാണ്‌ റീം എന്റെ സുഹൃത്ത്‌. കാരണം പിതാവ്‌ വിവാഹ മോചനം ചെയ്‌ത മാതാവിനോടൊപ്പം കഴിയുന്ന റീമിന്റെ ഏക ആശ്രയം യൂനിവേഴ്‌സിറ്റിയില്‍നിന്ന്‌ ലഭിച്ചിരുന്ന സ്റ്റൈപ്പന്റായിരുന്നു. ബിരുദം പൂര്‍ത്തിയായതോടെ അത്‌ അവസാനിച്ചു.
നല്ല മാര്‍ക്കോടെ നേടിയ ബിരുദം ഒന്നാഘോഷിക്കണമെന്ന്‌ അവള്‍ കരുതിയിരുന്നുവെങ്കിലും മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു സഹായിച്ചില്ല.
ഒരു ഡോക്‌ടറുടെ സെക്രട്ടറിയാകാനുള്ള ഒരു ഇന്റര്‍വ്യൂവില്‍ റീം പങ്കെടുത്തു. കമ്പനിയുടെ മാനേജര്‍ക്കും ഡോക്‌ടര്‍ക്കും റീമിന്റെ ഇംഗ്ലീഷ്‌ നന്നായി ബോധ്യപ്പെടുകയും ജോലിക്കെടുക്കുകയും ചെയ്‌തു. പക്ഷേ പുരുഷ ഡോക്‌ടര്‍ക്കും മാനേജര്‍ക്കും കീഴില്‍ ഇങ്ങനെയൊരു ജോലിക്ക്‌ പോകുന്നതിനോട്‌ റീമിന്റെ പിതാവും വിവാഹം ചെയ്യുമെന്ന്‌ അറിയിച്ചിരിക്കുന്ന യുവാവും യോജിക്കുന്നില്ല. അങ്ങനെ ആദ്യമായി ലഭിച്ച ജോലി ഉപേക്ഷിച്ചിരിക്കയാണ്‌ റീം.
ഇനിയും ഉപരിപഠനത്തിനുള്ള വഴി അന്വേഷിക്കുകയാണ്‌ റീം.
പഠിച്ചാലും ബിരുദങ്ങള്‍ നേടിയാലും ഉചിതമായി ജോല ലഭിക്കില്ലെന്ന്‌ കരുതുന്നവരാണ്‌ സൗദി വനിതകളില്‍ ഭൂരിഭാഗവും.
Related Posts Plugin for WordPress, Blogger...