12/1/12

കണ്ണ് തുറന്ന ലോകം




ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും ലോകം ഇപ്പോള്‍ തുറന്നിരിക്കുന്ന കണ്ണും കാതും അടക്കാതിരിക്കുക മാത്രമാണ് വഴി.  

ഫലസ്തീന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആഹ്ലാദത്തിലാണ് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ആറര പതിറ്റാണ്ടായി വെച്ചുതാമസിപ്പിച്ച അംഗീകാരം ലഭ്യമായതിലുള്ള സന്തോഷമാണ് അദ്ദേഹം യു.എന്‍. പൊതുസഭയില്‍ പ്രകടിപ്പിച്ചത്. ഗാസയില്‍ ഇസ്രായില്‍ നടത്തിയ നരനായാട്ടിനു പിന്നാലെ ഫലസ്തീന്‍ ചരിത്രനേട്ടം കൈവരിച്ചു എന്നത് ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളില്‍ നോവനുഭവിക്കുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ക്കും ആഹ്ലാദം പകരുന്നു.
ഐക്യരാഷ്ട്ര സംഘടനയില്‍ ലഭിച്ച നിരീക്ഷക രാഷ്ട്രപദവി ഫലസ്തീന് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടും എന്നതിനേക്കാളും അമേരിക്കയുടേയും ഇസ്രായിലിന്റേയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നതു തന്നെ അഭിമാനാര്‍ഹമാണ്. വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷക രാഷ്ട്രമായാണ് ഫലസ്തീനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സമാധാനപ്രിയരായ ജനാധിപത്യ രാഷ്ട്രങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഫലസ്തീന്‍ നയതന്ത്രം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. ആയുധങ്ങളും സാങ്കേതിക വിദ്യയും കയറ്റി അയച്ച് വിവിധ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന അധിനിവേശത്തിനും കിരാത കൃത്യങ്ങള്‍ക്കും മറയിടാമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടലിനേറ്റ തിരിച്ചടി കൂടിയാണിത്. വെസ്റ്റ് ബാങ്കില്‍ നാമമാത്രമായി നിലനില്‍ക്കുന്ന ഫലസ്തീന്‍ സര്‍ക്കാരിനുള്ള ധനസഹായം പിന്‍വലിച്ചുകൊണ്ട് ശിക്ഷിക്കുമെന്ന് ഇസ്രായിലും അമേരിക്കയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതുവരെ ഉണ്ടായിരുന്ന നിരീക്ഷക പദവയില്‍നിന്ന് വത്തിക്കാനെ പോലെ പരമാധികാര രാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് തടയാന്‍ അമേരിക്കയും ഇസ്രായിലും, തങ്ങളെ പിന്തുണക്കുന്ന ഒരു പിടി രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പാണ്ടന്‍നായുടെ പല്ലിന്‍ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കക്കും ഇസ്രായിലിനും നയതന്ത്രതലത്തിലേറ്റ തിരിച്ചടി. യു.എന്നില്‍ പൂര്‍ണ തോതിലുള്ള അംഗത്വമല്ലെങ്കിലും പരമാധികാര രാഷ്ട്രം എന്ന നിലയിലുള്ള അംഗീകാരമാണ് 193 അംഗ യു.എന്‍ പൊതുസഭ ബഹുഭൂരിപക്ഷത്തോടെ ഫലസ്തീന് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടേതടക്കം 138 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബാക്കി രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഫലസ്തീനെ ജൂതരാഷ്ട്രമായും അറബ് രാജ്യങ്ങളായും പകുത്ത 181- ാം യു.എന്‍ പ്രമേയത്തിന്റെ 65-ാം വാര്‍ഷികത്തിലാണ് മധ്യപൗരസ്ത്യ ദേശത്ത് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചരിത്ര സംഭവം. 1974 ലാണ് ഫലസ്തീന് യു.എന്നില്‍ നിരീക്ഷക പദവി ലഭിച്ചത്. 1988-ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും ഫലസ്തീന്‍ എന്ന പേരുപയോഗിക്കാനുള്ള അവകാശവും രാജ്യത്തിന് ലഭിച്ചു. പിന്നീട് യുനസ്‌കോ അംഗീകാരവും ഫലസ്തീന് ലഭിക്കുകയുണ്ടായി.
രാഷ്ട്രപദവിയെ നിരര്‍ഥക നടപടിയെന്ന ഇസ്രായിലിന്റെ വിലയിരുത്തിലിനു പിന്നാലെ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള നിയമപരമായ ഔപചാരിക അംഗീകാരമായി ഇതിനെ കണക്കാക്കരുതെന്നും നിയമപരമായ അംഗത്വം നല്‍കേണ്ടത് ഉഭയകക്ഷി തലത്തിലാണെന്നും പാശ്ചാത്യ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
വഞ്ചനകള്‍  ആവര്‍ത്തിക്കാത്ത സംഭാഷണ പ്രക്രിയയിലേക്ക് ഇസ്രായിലിനെ കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദമായി ഫലസ്തീന്റെ രാഷ്ട്രപദവി നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫലസ്തീന്‍-ഇസ്രായില്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കണമെന്ന് അമേരിക്കയും യു.എസിന് ഇസ്രായിലുള്ള സ്വാധീനം അതിനായി ഉപയോഗിക്കണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു കഴിഞ്ഞു.
യു.എന്നില്‍ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് ഫലസ്തീന് കൈവന്നതെങ്കിലും ദൂരവ്യാപകമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് ജൂതരാഷ്ട്രം ഭയപ്പെടുന്നുണ്ട്. അന്താരാഷ്ട്ര  ക്രിമിനല്‍ കോടതിയടക്കമുള്ള (ഐ.സി.സി) രാജ്യാന്തര വേദികളില്‍ ചേരുന്നതിന് ഫലസ്തീനു വഴി തുറന്നുകിട്ടിയിരിക്കയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണം തുടരുന്ന ഇസ്രായിലിനെതിരെ ഐ.സി.സിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതില്‍നിന്ന് ഫലസ്തീനെ തടയുന്നതിനുള്ള സമ്മര്‍ദം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. കടന്നകൈക്ക് മുതിര്‍ന്നാല്‍ വാഷിംഗ്ടണിലെ ഫലസ്തീന്‍ ഓഫീസ് അടക്കുമെന്നും ഫല്‌സതീന്‍ അതോറിറ്റിക്കുള്ള എല്ലാ സഹായവും നിര്‍ത്തുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. നിര്‍ണായക സന്ദര്‍ഭത്തില്‍ ഫലസ്തീനെ പിന്തുണക്കാതെ വിട്ടുനില്‍ക്കുക എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകുമായിരുന്നു.
ഒരു ഭാഗത്ത് ഫലസ്തീനെ പിന്തുണക്കുന്നതോടൊപ്പംതന്നെ ഇസ്രായിലുമായി ബന്ധം ദൃഢമാക്കുന്നതിനുള്ള നടപടികളും കരാറുകളുമായും മുന്നോട്ടു പോകുന്ന യു.പി.എ സര്‍ക്കാര്‍ പരമാവധി പഴി കേള്‍ക്കുന്നുണ്ട്. അമേരിക്കയുടേയും ഇസ്രായിലിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനായി സ്വന്തം ജനതയെ വിസ്മരിച്ചുകൊണ്ട് കൈക്കൊള്ളുന്ന നിലപാടുകള്‍ തിരുത്താനുള്ള അവസരമാണ് ഫലസ്തീന്റെ ചരിത്രനേട്ടം  കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.
അന്താരാഷ്ട്ര മുറവിളികള്‍ക്ക് ചെവി കൊടുക്കാതെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ച ഇസ്രായില്‍ നടപടിയാണ് രണ്ട് വര്‍ഷം മുമ്പ് വരെ പേരിനെങ്കിലും നടന്നിരുന്ന സമാധാന സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടത്. ഇസ്രായിലിനെ വീണ്ടും ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ പുതിയ സാഹചര്യം അമേരിക്കയെ പ്രേരിപ്പിക്കുമെന്നുവേണം പ്രതീക്ഷിക്കാന്‍. ലോകപോലീസ് ചമയാറുള്ള അമേരിക്കയുടെ പിന്തുണ ഏതുവിധേനയും ലഭിക്കുമെന്ന അഹങ്കാരവും അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അവസാനിക്കാതെ തുടരുന്ന ജൂതസ്വാധീനവുമാണ്  ഫലസ്തീന്‍ ജനതയുടെ മേലുള്ള നരനായാട്ടിന് ഇസ്രായിലിന് എന്നും പ്രേരകമായിട്ടുള്ളത്. ലോകത്തെവിടെയും മനുഷ്യാവകാശ സംരക്ഷകരായി എത്താറുള്ള അമേരിക്കന്‍ ഭരണകൂടം ഇസ്രായില്‍ കൊന്നൊടുക്കിയ ഫലസ്തീന്‍ കുരുന്നുകളെ ഒരിക്കലും കണ്ണ് തുറന്നു കണ്ടിട്ടില്ല.
കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചും കൂട്ടക്കൊലകളടക്കമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ചും ഫലസ്തീന്‍ ജനതയുടെ പൗരാവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഇസ്രായിലിനെ പ്രേരിപ്പിക്കാന്‍ ലോകം ഇപ്പോള്‍ തുറന്ന കണ്ണ് ഇനി അടക്കാതിരിക്കണം. ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും അതു മാത്രമാണ് വഴി.

Related Posts Plugin for WordPress, Blogger...