8/13/11

വൈകാത്ത വിധി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട് പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് 2009 ല്‍ രൂപം കൊണ്ട ദേശീയ അന്വേഷണ ഏജന്‍സിയെ സംബന്ധിച്ചിടത്തോളം സവിശേഷമാണ്. മറ്റു അന്വേഷണ ഏജന്‍സികളെ അപേക്ഷിച്ച് വളരെ വേഗം അന്വേഷണം തീര്‍ക്കുകയും കുറ്റപത്രത്തിന്മേല്‍ വിചാരണ പൂര്‍ത്തിയാക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു എന്നതാണ് പ്രത്യേകത. വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തു എന്നത് മറ്റു കേസുകളെ വെച്ചു നോക്കുമ്പോള്‍ വലിയ സമയമല്ല.
ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ച ആദ്യ കേസാണിത്. രാജ്യത്തെമ്പാടുമായി 22 കേസുകളാണ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിഗണനയിലുള്ളത്. ഇതില്‍ ഏഴെണ്ണവും കേരളത്തിലാണ്. ലശ്കറെ ത്വയ്യിബ ഭീകരനായ തടിയന്റവിട നസീറിനും മറ്റൊരു പ്രതിയായ ഷഫാസിനുമാണ് ജിവപര്യന്തം തടവ് വിധിച്ചത്. രാജ്യദ്രോഹം, സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുക തുടങ്ങി പലവിധ കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസിലെ വിധി ഭീകരവാദികള്‍ക്ക് മുന്നറിയിപ്പാകാന്‍ വേണ്ടിയുള്ളത് കൂടിയാണ്. നസീറിനു മൂന്നും ഷഫാസിനു രണ്ടും ജീവപര്യന്തമാണ് വിധിച്ചത്. രണ്ടു പോലീസുകാര്‍ക്കും ഒരു പോര്‍ട്ടര്‍ക്കും പരിക്കേറ്റ സ്‌ഫോടനങ്ങളില്‍ ആള്‍നാശമുണ്ടായിരുന്നില്ലെങ്കിലും  കുറേ കൂടി വലിയ സ്‌ഫോടനങ്ങളാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നതെന്ന് തെളിവുകള്‍ വിലയിരുത്തിക്കൊണ്ട് എന്‍.ഐ.എ കോടതി വ്യക്തമാക്കുന്നു.
രണ്ടാമത്തെ മാറാട് കേസില്‍ പ്രതികളായ മുസ്്‌ലിംകള്‍ക്ക് ജാമ്യം കിട്ടാതെ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു സ്‌ഫോടനമെന്നും ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം പടര്‍ത്തുക കൂടി പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു.
കോടതിയുടെ നിരീക്ഷണങ്ങള്‍ക്കപ്പുറം ഈ കേസ് നീട്ടിക്കൊണ്ടുപോയി മതവിദ്വേഷം വളര്‍ത്താന്‍ തല്‍പരകക്ഷികള്‍ക്ക് സാവകാശം നല്‍കിയില്ല എന്നതാണ് കേസിലെ ശിക്ഷാവിധിയെ വ്യത്യസ്തമാക്കുന്നത്. സ്‌ഫോടനം ആസൂത്രണം ചെയ്തതു തീവ്രവാദ പ്രവര്‍ത്തനമായതിനാല്‍ അതിനെ രാജ്യദ്രോഹമായി കണക്കാക്കണമെന്നും രഹസ്യ വിചാരണക്കുശേഷം പുറപ്പെടുവിച്ച വിധിന്യായത്തില്‍ ജഡ്ജി പറയുന്നു.
എന്‍.ഐ.എ കേസിലെ വിധി വരുന്നതിനു രണ്ടു ദിവസം മുമ്പാണ് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. രാഷ്ട്രീയവല്‍ക്കരിച്ച് ഹിന്ദുത്വശക്തികള്‍ പരമാവധി മുതലെടുപ്പ് നടത്തിയ ശേഷമാണ് അഫ്‌സല്‍ ഗുരു കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായത്. അങ്ങനെയല്ലാതെ, ദയാഹരജി സ്വീകരിക്കണമെന്ന ഒരു ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയില്‍നിന്നുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്തവിധം ബി.ജെ.പിയും മറ്റു ഹിന്ദുത്വ സംഘടനകളും ഈ വിഷയം മാധ്യമങ്ങളിലും തെരുവിലും ചര്‍ച്ചയാക്കിയിരുന്നു. സമീപകാലത്ത് മുസ്‌ലിംകളുടെ പേരില്‍ ചാര്‍ത്തപ്പെട്ട പല സ്‌ഫോടനങ്ങളുടേയും പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് തെളിഞ്ഞപ്പോള്‍ അതിനെ പ്രതിരോധിക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനും ബി.ജെ.പി ഉപയോഗപ്പെടുത്തിയത് പാര്‍ലമെന്റ് ആക്രമണക്കേസും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുമായിരുന്നു. അന്വേഷണ വേളയില്‍ നിയമസഹായം ലഭിക്കാതിരുന്ന, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ കണ്ടെത്തിയ, സുപ്രീം കോടതി പോട്ട ആരോപണങ്ങള്‍ നീക്കിയ അഫ്‌സല്‍ ഗുരുവാണ് തൂക്കുകയറിലേക്ക് നീങ്ങുന്നത്.
വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ച ശേഷം പ്രതികള്‍ ശ്രമിക്കുന്ന അവസാനക്കൈയാണ് ദയാഹരജിയെങ്കിലും ആ ഒരു പരിഗണന അതിനു ലഭിക്കാറില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ദയ ലഭിക്കുമെന്നോ ഇല്ലെന്നോ അറിയാതെ വര്‍ഷങ്ങളോളം അനിശ്ചിതത്വത്തില്‍ കഴിയുക എന്നത് പ്രതികളോട് ചെയ്യുന്ന അപരാധമാണെങ്കിലും ഇതുപോലുള്ള സങ്കീര്‍ണമായ കേസുകളില്‍ മുതലെടുപ്പുകള്‍ക്കും വിദ്വേഷ പ്രചാരണത്തിനും സമയം നല്‍കുകയെന്ന ദുരന്തം കൂടിയുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളണമെന്ന ശുപര്‍ശ നല്‍കിയ വേളയില്‍തന്നെയാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പേരുടെ ദയാഹരജിയും തള്ളിയിരിക്കുന്നത്.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വധശിക്ഷ നല്‍കാമോ എന്ന ചര്‍ച്ചക്കുപരി വൈകാരികമായ മുതലെടുപ്പിനു സാധ്യതയുള്ള കേസുകളില്‍ കാലാതാമസം വരുത്തി അതിനു സൗകര്യം ചെയ്തു കൊടുക്കാമോ എന്ന വിഷയമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഭീകര സംഘടനകളുമായൊന്നും ബന്ധമില്ലാത്ത അഫ്‌സല്‍ ഗുരുവിന് പാര്‍ലമെന്റ് ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. സാഹചര്യതെളിവുകളിലാണ് വധശിക്ഷ വിധിച്ചത്. 2004 -ല്‍ ശിക്ഷ വിധിച്ച അഫ്‌സലിന് 2006-ല്‍ ശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. അഞ്ചുവര്‍ഷം നീട്ടിക്കൊണ്ടുപോയാണ് ഇപ്പോള്‍ തൂക്കിക്കൊല്ലുന്നതിലേക്കു തന്നെ നയിക്കുന്ന തരത്തിലൂള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി. എന്തിനായിരുന്നു ഈ വെച്ചുതാമസിപ്പിക്കലെന്ന ചോദ്യം ന്യായമാണ്. അഫ്‌സല്‍ ഗുരുവിന്റെ കുടുംബക്കാര്‍ ഇതിനകം പലതവണ ദയക്കായി അഭ്യര്‍ഥിച്ചു. തൂക്കിക്കൊല്ലുന്നതിനെതിരെ പൗരാവകാശ ഗ്രൂപ്പുകള്‍ പ്രചാരണം നടത്തി.
ആകെ ഉണ്ടായ നേട്ടം ബി.ജെ.പിക്കു മാത്രമാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭീകരവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരാണെന്ന് അവര്‍ നാഴികക്ക് നാല്‍പതു വട്ടം പ്രചരിപ്പിച്ചു. കിരാതമായ സ്‌ഫോടനങ്ങള്‍ നടത്തി അതിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പിക്കപ്പെട്ട മുസ്്‌ലിം ചെറുപ്പക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് അന്വേഷണ ഏജന്‍സികളേയും സര്‍ക്കാരുകളേയും തടയാന്‍ ഇതിലൂടെ ഹിന്ദുത്വ സംഘടനകള്‍ക്ക് സാധിച്ചു.
ഏതു കുറ്റകൃത്യമായാലും അതിനു ഇരയായവരെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ നീതി നീട്ടിക്കൊണ്ടു പോകരുതെന്ന തത്ത്വം അഫസല്‍ ഗുരു കേസിനും ബാധകമാണ് എന്നതിലുപരി രാജ്യത്തെ ആശങ്കപ്പെടുത്തേണ്ടത് കേസുകള്‍ വെച്ചുള്ള മുതലെടുപ്പിനെയാണ്. വിദ്വേഷം വളര്‍ത്തി ലക്ഷ്യം നേടുകയെന്നത് രാഷ്ട്രീയ തന്ത്രമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു തരത്തിലും അവസരമൊരുക്കാന്‍ പാടില്ലാത്തതാണ്. വിശാലമായ അര്‍ഥത്തില്‍ അനിശ്ചിതത്വവുമായി കാത്തിരിപ്പ് തുടരുന്ന പ്രതിയോട് ചെയ്യുന്ന നീതിയും വേഗമായിരിക്കും.
ഈ പശ്ചാത്തലത്തില്‍ തടിയന്റവിടെ നസീറിനും ഷഫാസിനും വിധിച്ചിരിക്കുന്ന ജീവപര്യന്തം രാഷ്ട്രീയ മുതലെടുപ്പിനായി മതവിദ്വേഷം വളര്‍ത്തുന്ന തല്‍പര കക്ഷികള്‍ക്കുള്ള തിരിച്ചടിയാണ്.
ഇരട്ടസ്‌ഫോടനം സര്‍ക്കാരിനെതിരായ പ്രതിഷേധമെന്നതുപോലെ തന്നെ മതവിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളതു കൂടിയായിരുന്നു എന്നു പറയുന്ന വിധിന്യായത്തില്‍ തീര്‍ച്ചയായും രണ്ടാമത്തേതാണ് രാജ്യദ്രോഹമെന്ന നിലയിലും സമൂഹത്തോട് ചെയ്യുന്ന അപരാധമെന്ന നിലയിലും പ്രാധാന്യമര്‍ഹിക്കുന്നത്. പ്രതിഷേധം ഭീകരതയായി മാറിയ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും ഇപ്പോള്‍ ജിവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്ന തടിയന്റവിട നസീര്‍ പ്രതിയാണ്. പ്രതിഷേധം തീവ്രവാദവും ഭീകരതയും രാജ്യദ്രോഹവുമാകാന്‍ വളരെ നേരിയ വ്യത്യാസമേയുള്ളൂ എന്ന പാഠത്തിനു കൂടി അടിവരയിടുന്നതാണ് ഇരട്ടസ്‌ഫോടന കേസിലെ എന്‍.ഐ.എ കോടതിയുടെ വിധി.


5/2/11

കൊന്ന് കടലിലെറിഞ്ഞുവെന്ന് പറയൂ ഒബാമാ അല്ലെങ്കില്‍ മാധ്യമങ്ങള്‍ തിരുത്തൂ

കൊന്ന് കടലിലെറിഞ്ഞുവെന്ന് പറയൂ ഒബാമാ
അല്ലെങ്കില്‍ മാധ്യമങ്ങള്‍ തിരുത്തൂ
അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ ഇസ്്‌ലാമിക വിധി പ്രകാരം കടലില്‍ സംസ്കരിച്ചുവെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഭീകരാക്രമണം വരുത്തിവെച്ച വിദ്വേഷം കെടാതെ മനസ്സില്‍ സൂക്ഷിക്കുന്ന അമേരിക്കന്‍ ജനതയെ യു.എസ്. സര്‍ക്കാരിന്റെ ഈ നടപടി ഒട്ടും തൃപ്തിപ്പെടുത്താനിടയില്ല.
അയാളെ കൊന്നു കടലിലെറഞ്ഞുവെന്ന് പച്ചക്ക് പറയുന്നതല്ലേ ഉചിതം.
ടെലിവിഷനില്‍ വാര്‍ത്ത വായിക്കുന്നതു കേട്ടാല്‍ തോന്നും കടലില്‍ സംസ്കരിക്കുകയാണ് മൃതദേഹം മറവുചെയ്യുന്നതിനുള്ള ഇസ്്‌ലാമിക രീതിയെന്ന്.
ഉസാമക്ക് മാന്യമായ സംസ്കാരം പാടില്ലെന്നു വിശ്വസിക്കുന്നവരാണ് അമേരിക്കക്കാരില്‍ കൂടുതലുമെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
മൃതദേഹം കുളിപ്പിച്ച് മയ്യിത്തിനു വേണ്ടി പ്രാര്‍ഥിച്ച ശേഷം (മയ്യിത്ത് നമസ്കാരം അല്ലെങ്കില്‍ ജനാസ നമസ്കാരം) ഖബറടക്കുന്നതാണ് ഇസ്്‌ലാമിക രീതി.
ഉസാമയെ മറവു ചെയ്യുന്ന ഖബറിനോട് പിന്നീട് ആരെങ്കിലും ആദരവ് പുലര്‍ത്തിയെങ്കിലോ എന്നാണ് അമേരിക്കക്കു പേടി. അതു കൊണ്ട് മൊത്തം സമുദ്രം തന്നെ അതിനായി വിട്ടുകൊടുത്തിരിക്കുന്നു.
സലഫിയാണ് ഉസാമ ബിന്‍ലാദിന്‍ (നമ്മുടെ നാട്ടിലെ മുജാഹിദുകളെ പോലെ ദൈവത്തോട് ആരെയങ്കിലും പങ്കുചേര്‍ക്കുന്നുണ്ടോ എന്നു സൂക്ഷ്മമായി പരിശോധിക്കുന്ന വിഭാഗം) . അതുകൊണ്ടു തന്നെ ഉസാമയുടെ ഖബര്‍ ആരാധിക്കപ്പെടുമെന്ന് ഒരിക്കലും അമേരിക്ക ഭയപ്പെടേണ്ടതില്ലായിരുന്നു.
മനുഷ്യത്വത്തോട് ഇത്രയേറെ ക്രൂരത കാട്ടിയ ഒരാളെ പിടികൂടു ഉടന്‍ കടലിലെറിഞ്ഞുവെന്നു പറയുന്നത് വിശ്വസിക്കാന്‍ ഇത്തിര പ്രയാസം തോന്നുന്നു.
മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കും സാമ്രാജ്യത്വത്തിനും ഓശാന പാടുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ ഇല്ലാതാകണം എന്നു കൂടി ആഗ്രഹിച്ചയാളായിരുന്നു ഉസാമ.
ആയുധങ്ങളില്ലാതെ, ജനങ്ങള്‍ ഇളകി, മുല്ലപ്പൂ പോലെ വന്ന വിപ്ലവം കണ്ട്, വേണ്ടായിരുന്നു എന്ന കുറ്റബോധത്തിലകപ്പെട്ട് ആധി പടിച്ചിരിക്കുമ്പോഴായിരിക്കാം അമേരിക്കയുടെ കടല്‍ പുലികള്‍ ചാടിയെത്തിയത്.

5/1/11

മേയ് ഇരുപത്തി ഒന്ന്

ഈ മാസം 21-ന് ഭൂമയില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് ഇന്‍ര്‍നെറ്റ്. 20 ദശലക്ഷത്തിലേറെ ലേഖനങ്ങളെങ്കിലുമുണ്ടെന്നാണ് കണക്ക്. ഭൂമിയുടെ ഘടനയില്‍ സമ്പൂര്‍ണ മാറ്റമുണ്ടാകുമെന്ന് ലോകത്തെ 200 കോടി ആളുകളെങ്കിലും വിശ്വസിക്കുന്നതായി സര്‍വേകള്‍ പറയുന്നു.
അമേരിക്കയില്‍ വീശിയടിച്ച കൊടുങ്കാറ്റും ജപ്പാനിലെ സംഭവവികാസങ്ങളുമൊക്കെ ചേര്‍ത്തുവെച്ചുകൊണ്ടാണ് ഈ വിലയിരുത്തലുകള്‍.
കല്‍ക്കി അവതരിക്കുമെന്നും ക്രിസ്തുവിന്റെ രണ്ടാംവരവാണെന്നുമൊക്കെ പോകുന്നു ശാസ്ത്രജ്ഞന്മാരുടേയും അല്ലാത്തവരുടേതുമായുള്ള വിലയിരുത്തലുകള്‍.
21-ാം നൂറ്റാണ്ടില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സര്‍ ഐസക് ന്യൂട്ടണ്‍ പറഞ്ഞുവെച്ചിരുന്നു. 2034 ഉം 2060 ഉം ആണ് അദ്ദേഹം പറഞ്ഞ വര്‍ഷങ്ങള്‍. 2034 നു മുമ്പ് ഏതു സമയത്തും ഭൂമിയുടെ മാറ്റം കണ്ടു തുടങ്ങാമെന്നും 2060 -ല്‍ അതു പൂര്‍ണമാകാമെന്നുമാണ് ന്യൂട്ടന്റെ ഗവേഷണത്തെ വിലയിരുത്തിക്കൊണ്ട് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

4/30/11

രാജ്യം തോറ്റു; ജനം ജയിച്ചു

രാജ്യം തോല്‍ക്കുമ്പോള്‍ പൗരന്‍ ദുഃഖിക്കും. എന്നാല്‍ ജനീവയില്‍ ഇന്ത്യന്‍ നിലപാടിനേറ്റ പരാജയം മണ്ണിനേയും മനുഷ്യനേയും സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റേയും വിജയമായി. ഈ വൈരുധ്യത്തിനിടയാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല.
രാജ്യം തോറ്റു; ജനം ജയിച്ചു

വികൃതമായ ശരീരഘടനയും ബുദ്ധിമാന്ദ്യവുമുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെയും ഇന്ത്യക്കു പുറത്തും പ്രചരിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ എന്ന മാരക ജീവനാശിനിക്കെതിരെ ജനമനഃസാക്ഷി ഉണര്‍ത്തിയ സന്നദ്ധ സംഘടനകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇന്നലെ ജനീവയില്‍നിന്ന് ലഭിച്ചത്. എന്‍ഡോള്‍ഫാനെതിരെ കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികളെയും സംഘടനകളെയും അണിനിരത്തുന്നതിലും കാസര്‍കോടിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രക്ഷോഭത്തെ മാറ്റുന്നതിലും  ഈ സന്നദ്ധ സംഘടനകളും അവര്‍ക്ക് സാധ്യമാകുന്ന എല്ലാ പിന്തുണയും നല്‍കിയ സാംസ്കാരിക പ്രവര്‍ത്തകരും വഹിച്ച പങ്ക് ചെറുതല്ല.
തൊഴില്‍ നഷ്ടപ്പെടുത്തുന്ന വികസന വിരോധികളെന്ന് ആക്ഷേപിക്കപ്പെട്ടപ്പോഴും പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ക്രൂരമായ അധിനിവേശത്തിന്റെ ഉദാഹരണങ്ങളുമായി അവര്‍ സമരരംഗത്തു ഉറച്ചുനിന്നു. പ്രക്ഷോഭത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിലും ശ്രദ്ധിച്ചുകൊണ്ടാണ് ഈ സമരം മുന്നോട്ടു പോയിരുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ കഷ്ടപ്പാടിലും ദുരിതത്തിലുമായ ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്‌നേഹികള്‍ അകമഴിഞ്ഞു സഹായിച്ചു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കേരളം ഒറ്റക്കെട്ടായി ഏറ്റെടുത്തപ്പോള്‍ അവസാന ഘട്ടത്തില്‍ അത് കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നേറുന്ന കോര്‍പറേറ്റ് ലോബിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി പരിണമിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ പ്രതിനിധീകരിക്കുന്ന കോര്‍പറേറ്റ് ലോബിയെ പിണക്കിക്കൊണ്ടുള്ള തീരുമാനമെടുപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സമ്മര്‍ദത്തിനു പോലും സാധിച്ചില്ല.
കക്ഷി രാഷ്ട്രീയത്തിനതീതമായ യോജിച്ച പോരാട്ടത്തിന്റെ പുതിയ മുഖമാണ് എന്‍ഡോസള്‍ഫാന്‍ സമരം കേരളത്തിനു സമ്മാനിച്ചത്. രാഷ്ട്രീയവല്‍ക്കരണത്തിനുള്ള ശ്രമം നടന്നിട്ടു പോലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഈ സമരത്തോടൊപ്പംനിന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകളെ ദേശീയ തലസ്ഥാനത്ത് എത്തിച്ച് മനുഷ്യാവകാശ കമ്മീഷന്റെ മുമ്പില്‍ ഹാജരാക്കിയതിന്റെ തുടര്‍ച്ചയായി കമ്മീഷന്‍ അധ്യക്ഷന്‍ കാസര്‍കോട് സന്ദര്‍ശിച്ച് മാരക കീടനാശിനി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മാറിയില്ല. കടുംപിടിത്തം തുടര്‍ന്ന കേന്ദ്ര സര്‍ക്കാരിനു പകരം കേരളത്തില്‍നിന്നു പോയ നിരീക്ഷകരാണ് ജനീവയില്‍ ശ്രദ്ധാകേന്ദ്രമായത്.
മണ്ണിനെയും മനുഷ്യനെയും ആവാസ വ്യവസ്ഥയെയും കൊടിയ ദുരന്തങ്ങളിലേക്കു തള്ളിവിടുന്ന ഈ
രാസവസ്തുവിന്റെ നിരോധം പഠനങ്ങളുടെ പേരു പറഞ്ഞാണ്  കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയത്. നിരോധം നടപ്പാക്കുന്നതിനുള്ള ഇളവു നേടിയെടുത്തിരിക്കേ കേന്ദ്ര നിലപാടിനെതിരായ സമരം അവസാനിപ്പിക്കാറായിട്ടില്ല. 
കാസര്‍കോട്, പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ കശുവണ്ടിത്തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍, രണ്ടാം ലോകമഹായുദ്ധ വേളയില്‍ വിയറ്റ്‌നാമില്‍ പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന വിഷലായനിയുടെ അതേ ധര്‍മം തന്നെയാണ് നിര്‍വഹിക്കുന്നതെന്നു കണ്ടെത്താന്‍ ഇനിയുമൊരു പഠനത്തിന്റെ ആവശ്യമില്ല. അമിതാദായവും വിളവര്‍ധനയും ലക്ഷ്യമിട്ട് കശുവണ്ടിത്തോട്ടങ്ങളില്‍ തളിക്കുന്ന ജീവനാശിനി കാസര്‍കോട്ട് വിതച്ച ദുരന്തം സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കുന്നതിനു കാത്തുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും കൃഷി മന്ത്രി പവാറും. പരിധികളില്ലാത്ത മനുഷ്യന്റെ ലാഭമോഹത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ജീവനാശിനി.
ഇരുപത് വര്‍ഷമായി സര്‍ക്കാരിന്റെ അനുമതിയോടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്ന
കാസര്‍കോട് ജില്ലയില്‍ നൂറുകണക്കിനാളുകള്‍ക്കാണ് മാരക കീടനാശിനി വരുത്തിയ രോഗങ്ങള്‍മൂലം ജീവന്‍ നഷ്ടപ്പെട്ടത്.  അത്യുത്തര ജില്ലയില്‍  9000 ത്തിലേറെ എന്‍ഡോസള്‍ഫാന്‍ ഇരകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ നാലയിരത്തോളം പേര്‍ കിടപ്പിലാണ്. കസാര്‍കോടന്‍ ദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്നതില്‍ പത്രങ്ങളും ടെലിവിഷനും നല്‍കിയ സംഭാവനകളും അവിസ്മരണീയമാണ്.
നിരന്തര ശ്രമങ്ങളുടെ ഫലമായി എന്‍ഡോള്‍ഫാന്‍ രാജ്യാന്തര തലത്തില്‍ തന്നെ നിരോധിക്കപ്പെട്ടിരിക്കേ അതില്‍ ആഹ്ലാദിക്കാന്‍ പാകത്തിലൊന്നുമല്ല കാസര്‍കോട്ടെ ദുരന്ത ബാധിത പ്രദേശങ്ങള്‍.
വികൃതമായ ശരീരഘടനയുള്ള കുട്ടികളും ബുദ്ധിമാന്ദ്യം ബാധിച്ച യുവാക്കളും ശാരീരിക ശേഷികള്‍ ക്ഷയിച്ച വൃദ്ധരും പുഴുക്കളെ പോലെ ഇഴഞ്ഞു ജീവിക്കുന്ന  ഈ പ്രദേശത്തിനു നെടുവീര്‍പ്പിടാന്‍ പോലും ശേഷിയില്ല. ലാഭക്കൊതിയുടെ ജീവിക്കുന്ന ബലിയാടുകളെയാണ് നമുക്കിവിടെ കാണുക. ടെലിവിഷനുകളില്‍ സംപ്രേഷണം ചെയ്ത അവരുടെ ദൃശ്യങ്ങള്‍ കേരളത്തെ കരയിച്ചു. സമീപകാലത്തൊന്നുമില്ലാത്ത ഒരുമയാണ്  അതു സംസ്ഥാനത്തിനു സമ്മാനിച്ചത്.
ലാഭക്കൊതി കാരണം രാജ്യം ഭരിക്കുന്നവര്‍ ഏതറ്റംവരെയും പോകുമെന്ന പാഠമാണ് മനുഷ്യ വിരുദ്ധ കീടനാശിനിക്ക് അനുകൂലമായി സ്വീകരിച്ച നിലപാടിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ നിരോധിച്ച  എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്ര വേദികളില്‍ വാദിച്ച കേന്ദ്ര സര്‍ക്കാര്‍ ഓരോ ഇന്ത്യാക്കാരനും നാണക്കേടാണ്.  രാജ്യം തോല്‍ക്കുകയും ജനം ജയിക്കുകയും ചെയ്യുന്ന അപൂര്‍വമായ കാഴ്ചക്കാണ് സ്റ്റോക്‌ഹോം സാക്ഷ്യം വഹിച്ചത്.
വന്‍കിട കമ്പനികള്‍ വിപണിയിലിറക്കുന്ന മാരക കീടനാശിനികള്‍ വേറെയും അവശേഷിക്കുന്നുണ്ട്. മനുഷ്യര്‍ക്കും പ്രകൃതിക്കും ഹാനികരമായ ഇത്തരം കീടനാശിനികളുടെ ഉല്‍പാദന ചെലവ് കുറവാണെന്നും ശേഷി ഇരട്ടിയാണെന്നുമൊക്കെ വിശ്വസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും കാര്‍ഷിക മന്ത്രാലയവും ശ്രമിക്കുന്നത്. പ്രകൃതിയെ സ്‌നേഹിക്കുന്ന വികസന സങ്കല്‍പത്തിലേക്ക് ഭരണകൂടങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം. ജനമനഃസാക്ഷി ഉണര്‍ന്നാല്‍ അവിടെ കക്ഷി രാഷ്ട്രീയം പ്രസക്തമല്ലാതായിത്തീരുമെന്ന ഗൗരവമാര്‍ന്ന ഒരു പാഠവും ഈ സമരം നല്‍കുന്നു. ഇത്തരം സമ്മര്‍ദ ഗ്രൂപ്പുകളിലാണ് കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി.3/29/11

കഴുതയെ ഓമന മൃഗമായി കരുതുന്നവരുണ്ടോ...

ഒരു പാക്കി കഴുത...
കഴുതയെ ഓമന മൃഗമായി
കരുതുന്നവരുണ്ടോ...

 

3/25/11

മാതൃനൊമ്പരം

ഇറാഖി ജയിലിലടച്ച മകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ബഗ്ദാദില്‍ പ്രകടനത്തില്‍ അണി ചേര്‍ന്ന ഒരു മാതാവ്.


 

പ്രവാസിയുടെ നൊമ്പരക്കാഴ്ചകള്‍
 
 
 
ലിബിയയിലെ പ്രോക്ഷോഭത്തിന്റെയും ഖദ്ദാഫിയുടെ കരുണയില്ലായ്മയുടെയും ചിത്രങ്ങള്‍ക്കിടയില്‍ നൊമ്പരപ്പെടുത്തുന്ന പ്രവാസി ചിത്രം.
അവിടെ ജോലിക്കു പോയ നിരവധി പേര്‍ അഭയാര്‍ഥികളായി. ജീവനു കൊണ്ടുള്ള പലയാനത്തില്‍ ഉപേക്ഷിക്കപ്പെട്ടു പോയ ഒരു പെട്ടി. പെട്ടിയാണല്ലോ പ്രവാസിയുടെ മുഖം.
ഉപേക്ഷിച്ചു പോയ ഒരു കിടക്ക
ക്യാമ്പിലെ ഉറക്കത്തിനുശേഷം കമ്പിളി മടക്കിവെക്കുന്ന ഒരു ബംഗ്ലാദേശി

3/17/11

പെന്‍ഡ്രൈവ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക


കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon, New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് പറയാന്‍ പോകുന്നത്.

ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.

ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം

2/13/11

ആക്ടീവിസം

തസ്കരന്‍ ജഡ്ജിയുടെ മുഖത്തു നോക്കി പറഞ്ഞു.
താങ്കള്‍ കള്ളനാണ്.
ആരു പറഞ്ഞു. ജഡ്ജി തിരിച്ചു ചോദിച്ചു.
പാര്‍ട്ടിക്കാരും വക്കീലുമാരും സകലമാന കള്ളന്മാരും.
ജഡ്ജി അയാളെ വെറുതെ വിട്ടു.

1/19/11

കണ്ണൂര്‍ എയര്‍പോര്‍ട്ട്: ഓഹരിക്ക് അപേക്ഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

അഞ്ച് വര്‍ഷത്തേക്ക് ഓഹരി വില്‍ക്കാനോ 
പണമാക്കി മാറ്റാനോ പറ്റില്ല  

ഉടനെ ലാഭം പ്രതീക്ഷിക്കാത്തവരും ദീര്‍ഘകാല നിക്ഷേപത്തിനു തയാറുള്ളവരുമായ പ്രവാസികള്‍ക്ക് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ക്ക് അപേക്ഷിക്കാം. ചുരുങ്ങിയത് 2001 ഓഹരിയെടുത്ത് 2,00,100 രൂപ നിക്ഷേപിക്കാന്‍ തയാറുള്ളവര്‍ക്കാണ് ഈ അവസരം. ഇതിന്റെ 25 ശതമാനം ഉടന്‍ നല്‍കുകയും വേണം. ബാക്കി തുക ഓഹരി അനുവദിച്ച ശേഷം നല്‍കിയാല്‍ മതി. ഓഹരിയൊന്നിന് 100 രൂപയാണ് വില.  
അഞ്ച് വര്‍ഷത്തേക്ക് ഓഹരി വില്‍ക്കാനോ കമ്പനിക്കു തന്നെ നല്‍കി പണമാക്കി മാറ്റാനോ പറ്റില്ല. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ പരിഗണനാര്‍ഹമാണെങ്കിലും ഉടനെയൊന്നും ലാഭവിഹിതം കിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതിയായതിനാല്‍ ക്രമേണ മാത്രമേ ലാഭം പ്രതീക്ഷിക്കാനാവൂ.
എന്നാല്‍ അഞ്ച് വര്‍ഷത്തിനു ശേഷം ഓഹരി കൈമാറ്റത്തിലൂടെ ലാഭം നേടാം. അപ്പോഴേക്കും ഓഹരിയുടെ വില ഇരട്ടിയെങ്കിലുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലെ ഏഴു വര്‍ഷം കൊണ്ടെങ്കിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് ലാഭത്തിലാകമെന്നു തന്നെയാണ് കണക്കാക്കുന്നത്. പ്രവാസികള്‍ ഉപയോഗിക്കുന്നതിനു പുറമെ, മലബാറിലെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഈ നിഗമനം.
ഇപ്പോള്‍ മിനിമം ഓഹരി എടുക്കുക എന്നതാണ് വിദഗ്ധരുടെ നിര്‍ദേശം. ഏഴു വര്‍ഷത്തിനു ശേഷമേ, കമ്പനിക്ക് കൂടുതല്‍ ഓഹരികള്‍ വിപണയിലിറക്കാന്‍ കഴിയൂ. ഇപ്പോള്‍ ഓഹരി എടുക്കുന്നവര്‍ക്ക് ആ സമയത്ത്് പുതിയ ഷെയറുകള്‍ വാങ്ങുന്നതിന് പ്രത്യേക അവകാശം ലഭിക്കും. ഏഴു വര്‍ഷത്തെ പ്രവര്‍ത്തനത്തോടെ എയര്‍പോര്‍ട്ടിന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ ചിത്രം ഉരുത്തിരിയുമെന്നിരിക്കേ അപ്പോള്‍ കൂടുതല്‍ ഓഹരിയെടുക്കുന്നതാണ് ഉചിതം. ഇപ്പോള്‍ ചുരുങ്ങിയ ഓഹരിയുള്ളവര്‍ക്കും ആ സമയം ഓഹരി വാങ്ങാന്‍ അവകാശമുണ്ടായിരിക്കും.
അഞ്ച് വര്‍ഷത്തേക്ക് വലിയൊരു തുക കെട്ടിക്കിടക്കുമെന്ന കാര്യം കൂടി പരിഗണിച്ചു വേണം ഉടന്‍ തന്നെ ലാഭത്തിനു സാധ്യതയുള്ള മാര്‍ഗങ്ങള്‍ തുറന്നു കിടക്കുന്നവര്‍ തീരുമാനമെടുക്കാന്‍. കൂടുതല്‍ ഓഹരിക്ക് അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ തുക മാറ്റിവെക്കേണ്ടി വരും. 
ഈ മാസം 31 വരെയാണ് ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള സമയം. മിനിമം നിബന്ധനയായ 2001 ഓഹരികള്‍ക്കു ശേഷം ഒരാള്‍ക്ക് എത്ര ഓഹരിക്ക് വേണമെങ്കിലും അപേക്ഷിക്കാം. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ ഓഹരി ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കെ.ഐ.എ.എല്‍) ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ചായിരിക്കും കൂടുതല്‍ ഓഹരി അനവദിക്കുക. ജനുവരി 31 നു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
രണ്ടു ലക്ഷം രൂപ തനിച്ചു നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ചേര്‍ത്ത് ഒറ്റ അപേക്ഷയില്‍ മിനിമം ഷെയറിനു അപേക്ഷിക്കാം. അപേക്ഷയിലുള്‍പ്പെടുത്തിയ എല്ലാവരുടേയും പേരില്‍ ഓഹരികള്‍ അനുവദിക്കുമെന്ന് ഫെഡറല്‍ ബാങ്ക് പയ്യന്നൂര്‍ ബ്രാഞ്ച് ചീഫ് മാനേജര്‍ എ. അലിയാര്‍ റാവുത്തര്‍ പറഞ്ഞു.
പൊതു ഓഹരിയോ ഐ.പി.ഒയോ അല്ലാത്തതിനാല്‍ ഓഹരികള്‍ക്ക് അപേക്ഷിക്കാന്‍ പ്രത്യേക അപേക്ഷാ ഫോറമില്ല. അതുകൊണ്ട് വെള്ളക്കടലാസില്‍ അപേക്ഷിച്ചാല്‍ മതി. പേര്, ഇന്ത്യയിലേയും വിദേശത്തേയും വിലാസം, പാസ്‌പോര്‍ട്ട് നമ്പര്‍, ടെലിഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ആവശ്യമായ ഓഹരികളുടെ വിവരം, ഡിമാന്‍് ഡ്രാഫ്റ്റിന്റെ വിവരങ്ങള്‍ (തുക, ബാങ്ക്, ബ്രാഞ്ച് ) എന്നിവയാണ് അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടത്.
വിവിധ ബാങ്കുകള്‍ ഡ്രാഫ്റ്റ് എടുക്കുന്നതിനും അയക്കുന്നതിനും പ്രവാസികളെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് സൗകര്യം ഉറപ്പുവരുത്തി ഡ്രാഫ്റ്റിനുള്ള അപേക്ഷയും മറ്റു രേഖകളും ബാങ്കില്‍ എത്തിച്ചാല്‍ അവര്‍ ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കും. നാട്ടില്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയും അപേക്ഷയും ഡ്രാഫ്റ്റും യഥാസമയം എത്തിക്കാവുന്നതാണ്.

1/17/11

സ്വന്തമായി ഒരു വീടുണ്ടാക്കി

http://malbuandmalbi.blogspot.com/

പ്രിയ സുഹൃത്തുക്കളെ,
മല്‍ബു സ്വന്തമായി ഒരു വീടുണ്ടാക്കി അങ്ങോട്ടു മാറുന്നു. നിങ്ങളുടെ പിന്തുണയും സ്‌നേഹവും മല്‍ബു എന്നും ആഗ്രഹിക്കുന്നു. പുതിയ വീട്ടിലേക്ക് സ്‌നേഹാദരപൂര്‍വം ക്ഷണിക്കുന്നു.
മല്‍ബി ഇന്‍ ഹൈപ്പര്‍ എന്ന പുതിയ പോസ്റ്റ് അവിടെയാണ്. മാറ്റം നിങ്ങള്‍ക്കുണ്ടാക്കിയ അസൗകര്യത്തില്‍ ഖേദിക്കുന്നു.
പ്രാര്‍ഥനയോടെ
സഹോദരന്‍
അഷ്‌റഫ്‌

1/9/11

കമ്മദിന്റെ വിജയഗാഥ


പായ്യ്യാരം പറയുന്ന വീട്ടു ഡ്രൈവര്‍മാരെതല്ലിക്കൊല്ലണമെന്ന പക്ഷക്കാരനാണ്മീത്തലെ കമ്മദ്. വെറുതെ പറയുന്നതല്ല, എവിഡന്‍സുണ്ടെന്നും അദ്ദേഹം പറയും. കാരണം കമ്മദും ഒരു മല്‍ബുവാണ്, ഹൗസ് ഡ്രൈവറാണ്. ഇപ്പോള്‍ആഴ്ചയില്‍ രണ്ടു ദിവസം സ്‌പോക്കണ്‍ഇംഗ്ലീഷിനു കൂടി പോകുന്നതുകൊണ്ട്സംസാരത്തില്‍ ഇടക്കിടെ ഇംഗ്ലീഷ്വരും. മലയാളത്തോടൊപ്പം അങ്ങനെകടന്നുവരുന്ന ഒരു വാക്കാണ്എവിഡന്‍സ്.
ഹൗസ് ഡ്രൈവര്‍മാര്‍ പറയുന്നപരാതികളിലൊന്നും കാര്യമില്ലെന്നുംഒത്തുനിന്നാല്‍ എല്ലാ ഹൗസ്ഡ്രൈവര്‍മാര്‍ക്കും വല്ലതുമൊക്കെനേടാമെന്നും കമ്മദ് പറയും.
സ്വന്തം ജീവിത കഥ തന്നെയാണ് കമ്മദിനു എവിഡന്‍സായി പറയാനുള്ളത്.
ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തൂന്ന് വെച്ച് എപ്പോഴും മുയല്‍ ചാകുമോ കമ്മദ്ക്കാ എന്നു ചോദിച്ചാല്‍വേണമെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും എന്നായിരിക്കും മറുപടി.
പിന്നെ ഒരു തത്ത്വജ്ഞാനിയെ പോലാകും കമ്മദ്.
എല്ലാ വാതിലുകള്‍ക്കും ഓരോ താക്കോലുണ്ട് മക്കളേ, അതു കണ്ടു പിടിക്കുകയാണ് പ്രധാനം.
കമ്മദ് പറയുന്നതില്‍ കാര്യമില്ലാതില്ല. ഹൗസ് ഡ്രൈവര്‍മാരെ കുറ്റം പറയുമ്പോള്‍, താനും ഇതുപോലെപായ്യ്യാരം പറഞ്ഞു കൊണ്ടിരുന്ന ഒരാളായിരുന്നുവെന്ന വസ്തുത അദ്ദേഹം മറന്നു പോകുന്നുവെന്നു മാത്രം.
ശമ്പളം കൃത്യമായി തരില്ല, ജോലിക്കാണെങ്കില്‍ ഒരു കൃത്യതയുമില്ല, കഫീലിെനയോ കഫീലിച്ചിയെയോകൊണ്ട് സൂഖില്‍ പോയാല്‍ ദിവസം മുഴുവനുള്ള കാത്തിരിപ്പ്, ഡ്രൈവര്‍ ജോലി കഴിഞ്ഞ്വീട്ടിലെത്തിയാല്‍ പിന്നെ അല്ലറ ചില്ലറ വീട്ടുപണികള്‍... അങ്ങനെ ഏതു കാലത്തും ഹൗസ്ഡ്രൈവര്‍മാര്‍ പറയുന്ന പരാതികള്‍ തന്നെയായിരുന്നു കമ്മദും പറഞ്ഞിരുന്നത്.
പിന്നീട് സംഭവിച്ചതാണ് പ്രധാനം.
800 റിയാല്‍ ശമ്പളത്തിനു വന്ന കമ്മദ് മൂന്ന് വര്‍ഷം കൊണ്ട് നാട്ടില്‍ സ്വന്തമായി ഒരു വീടുണ്ടാക്കി, ഇവിടെ രണ്ട് ബഖാലയില്‍ ഷെയറെടുത്തു, ശമ്പളമായ 800 റിയാലിനു പകരം ഇപ്പോള്‍ മാസംനാലായിരത്തിന്റെ വരുമാനം, ഏറ്റവും ഒടുവില്‍ തൊഴിലുടമ തന്നെ ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്ത്പറഞ്ഞയക്കുന്നു.
ഒരാളുടെ പുരോഗതിക്ക് ഇതിലപ്പുറം എന്തുവേണം? പക്ഷേ വിജയത്തിനു പിന്നില്‍ ഒരു മല്‍ബിയുടെവിരുതുണ്ട്.
വിജയിച്ച ഏതൊരാണിന്റെ പിന്നിലും ഒരു പെണ്ണുണ്ട് എന്നാണല്ലോ?
ഗള്‍ഫിലെത്തി കമ്മദ് അഞ്ചാറു മാസം രൂപയൊന്നും നാട്ടിലേക്കയച്ചിരുന്നില്ല. മല്‍ബിയും രണ്ടു കുഞ്ഞുമല്‍ബികളും നാട്ടില്‍ അര്‍ധ പട്ടിണിയിലായിരുന്നു.
ഭര്‍ത്താവ് മല്‍ബുവിന് എന്തു സംഭവിച്ചു, അവിടെ വല്ല ബന്ധത്തിലും കുടുങ്ങിയോ എന്നറിയാന്‍സാധാരണ മല്‍ബികള്‍ ചെയ്യാറുള്ളതു പോലെ ഏതെങ്കിലും സിദ്ധനെ സമീപിക്കാനോ, ടെലിവിഷനില്‍പരിഹാരം നിര്‍ദേശിക്കുന്ന മൗലവിക്ക് എഴുതാനോ അല്ല കമ്മദിന്റെ മല്‍ബി മുതിര്‍ന്നത്.
പൊളിഞ്ഞുവീഴാറായ കുടിലിനു മുന്നില്‍ താനും രണ്ടു കുഞ്ഞുമല്‍ബികളും നില്‍ക്കുന്ന ഒരു ഫോട്ടൊയെടുത്ത്അയക്കുകയാണ് ബുദ്ധിമതിയായ മല്‍ബി ചെയ്തത്. ഇത്തിരി മനുഷ്യപ്പറ്റുള്ള ആരു കണ്ടാലുംനൊമ്പരപ്പെടുന്നതായിരുന്നു ഫോട്ടോ.
കമ്മദിനും അതു സംഭവിച്ചു.
പൊളിഞ്ഞു വീഴാറായ കുടിലും എല്ലും തോലുമായ മല്‍ബിയും മക്കളും കമ്മദിനെ തളര്‍ത്തിക്കളഞ്ഞു. ചിത്രംനോക്കി കുറേനേരം കരഞ്ഞു. കണ്ണീര്‍തുള്ളികള്‍ ഫോട്ടോയിലേക്ക് അടര്‍ന്നു വീണു.
അപ്പോഴാണ് കമ്മദിന്റെ കഫീലിച്ചി അതു വഴി വന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നകമ്മദിന്റെ കൈയില്‍നിന്ന് ഫോട്ടോ വാങ്ങി അവര്‍ നോക്കി. കാര്യങ്ങള്‍ തിരക്കി.
നിനക്ക് വീട് ഞാന്‍ ഉണ്ടാക്കിത്തരാം.
പിശുക്കിയെന്ന് പല തവണ കൂട്ടുകാരോട് പറഞ്ഞ് പരിഹസിച്ച കഫീലിച്ചിയാണ്.
ഇപ്പോള്‍ ഇതാ തന്റെ കൈയിലുള്ള ഫോട്ടോ അവരുടെ ഹൃദയത്തിലേക്ക് കടക്കാനുള്ള താക്കോലോയിമാറിയിരിക്കുന്നു. കമ്മദിനു വിശ്വസിക്കാനായില്ല.
അവര്‍ വീണ്ടും ആശ്വസിപ്പിച്ചു.
നീ ഒരു പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവരൂ.
കമ്മദ് വൈകാതെ ആറ് ലക്ഷം രൂപയുടെ വീടിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവന്നു.
പിന്നീട് എല്ലാം വേഗത്തിലായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ആറു ലക്ഷത്തെ എട്ടായി വിഭജിച്ച്അവര്‍ ഗഡുക്കളായി പണം നല്‍കിത്തുടങ്ങി.
മല്‍ബിയെ പോലെ ബുദ്ധിമാന്‍ തന്നെയായിരുന്നു കമ്മദും. ആദ്യത്തെ ഗഡുക്കള്‍ നാട്ടിലേക്കയച്ചില്ല. പകരം അതുകൊണ്ട് നാട്ടുകാരന്റെ ബഖാലയില്‍ ഷെയറെടുത്തു.
വീടു പണി നടക്കുന്നുണ്ടല്ലോ എന്നു കഫീലിച്ചി ഇടക്കു ചോദിക്കും.
ഉഷാറായി നടക്കുന്നുണ്ടെന്ന് കമ്മദിന്റെ മറുപടി.
എന്നാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്തയക്കാന്‍ മല്‍ബിയോട് പറ എന്നുമാത്രം കഫീലിച്ചി പറഞ്ഞില്ല.
ആദ്യത്തെ ഗഡുക്കള്‍ വകമാറ്റിയെങ്കിലും പിന്നീടുള്ള ഗഡുക്കളും പുഷ്ടിപ്പെട്ട ബഖാലയില്‍നിന്നുള്ളവരുമാനവുമൊക്കെ ആയപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കമ്മദിന്റെ വീട് പൂര്‍ത്തിയായി.
കുറ്റൂഷക്ക് നാട്ടിലേക്ക് പോയ കമ്മദ് വീടിന്റെ വരാന്തയില്‍ കുടുംബത്തോടൊപ്പം സന്തോഷ നിമിഷംപങ്കിടുന്ന ഫോട്ടോ കൊണ്ടുവരാനും കഫീലിച്ചിയെ കാണിക്കാനും മറന്നില്ല.
സംഭവത്തിനു ശേഷമാണ് കമ്മദിന് പായ്യ്യാരം പറയുന്ന ഹൗസ് ഡ്രൈവര്‍മാരെ കണ്ടുകൂടാതായത്.
എല്ലാ ഹൃദയങ്ങള്‍ക്കും ഓരോ താക്കോലുണ്ടെന്നും അതു കണ്ടെത്തി ഉപയോഗിച്ചാല്‍ എല്ലാവര്‍ക്കും നന്മകൈവരുമെന്നും കമ്മദ് പഠിപ്പിക്കുന്നു.

1/2/11

സവാളയും സായിക് ഖാസും

സവാളയും സായിക് ഖാസും തമ്മില്‍ വലിയ ബന്ധമില്ലെങ്കിലും ഇപ്പോള്‍ രണ്ടിനും ക്ഷാമമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സവാളയെന്ന നമ്മുടെ സ്വന്തം ഉള്ളി വാങ്ങിക്കൊണ്ടുവരാന്‍ കല്‍പിക്കുന്നവരോട് സായിക് ഖാസെന്ന ഹൗസ് ഡ്രൈവര്‍ക്ക് ഇപ്പോള്‍ ധൈര്യത്തോടെ കണ്ണുരുട്ടാം. ദിസ് ഈസ് നോട്ട് മൈ ജോബ് എന്നു തെളിച്ചു പറയാം. കണ്ണെറിയേണ്ടി വരില്ല.
തല്‍ക്കാലം പിരിച്ചുവിടില്ലെന്ന് നൂറു ശതമാനം ഉറപ്പ്.
വീട്ടു ഡ്രൈവര്‍മാരെ കിട്ടാതായിരിക്കയാണല്ലോ?
കൊന്നാലും ഇനി വീട്ടു ഡ്രൈവര്‍മാരായി ഹിന്ദികളെ കിട്ടില്ലാന്ന് നെഞ്ചു വിരിച്ചുകൊണ്ടല്ലേ ചില മല്‍ബുകള്‍ പറയുന്നത്.
ഈയിടെ ഒരു മല്‍ബു വീട്ടു ഡ്രൈവറെ റിക്രൂട്ട് ചെയ്യാന്‍ മുതലാളിയുടെ ചെലവില്‍ നാട്ടില്‍ പോയി. ഇവിടെയൊന്നും തപ്പിയിട്ടും കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണ് ചുളുവില്‍ ടിക്കറ്റും ചെലവും ഒപ്പിച്ചത്. നാട്ടില്‍ പോയി വന്നതാണെങ്കിലും മൂന്നു മാസം കൊണ്ടു വീണ്ടുമൊരു യാത്ര.
രണ്ടാഴ്ച തിരിഞ്ഞു കളിച്ച ശേഷം തിരിച്ചുവന്ന് മുതലാളിക്ക് മുഖം കാണിച്ചു.
നിങ്ങള്‍ ഈ പറയുന്ന ശമ്പളത്തിന് നാട്ടില്‍നിന്ന് ഒരാളും ഇങ്ങോട്ടു വരാന്‍ തയാറില്ല. 15,000 രൂപ അവിടെ ഏതു കൂലിപ്പണിക്കും കിട്ടും. ആയിരം റിയാലിന് പിന്നെ ആര് ഇങ്ങോട്ടു കയറി വരും?
നിങ്ങള്‍ക്ക് കേള്‍ക്കണോ. ഇപ്പോള്‍ ഹിന്ദികള്‍ ബംഗാളികളെയാണ് ഡ്രൈവര്‍മാരായി ജോലിക്ക് വെക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും ബംഗാളികളാ. ഏതു ജോലിക്കും അവരെയേ കിട്ടാനുള്ളൂ. ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. ശമ്പളം കുറച്ചു കൊടുത്താലും മതി.
കത്തീര്‍ മുഷ്കില.
ഇന്ത്യ കുതിക്കുകയാണ് മുദീര്‍. വമ്പിച്ച പുരോഗതി. ഇഷ്ടം പോലെ ജോലി. ഇവിടെ നിന്നൊക്കെ മുഹന്ദിസുകളും മറ്റും കൂട്ടം കൂട്ടമായാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒറ്റ ഹിന്ദിയേയും മേലില്‍ കിട്ടിയെന്നു വരില്ല.
പറഞ്ഞതിന്റെ ഇരട്ടി ശമ്പളം കൊടുക്കാമെങ്കില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നിങ്ങളോട് സംസാരിച്ച ശേഷം അറിയിക്കാമെന്ന് പറഞ്ഞ് പോന്നിരിക്കയാ ഞാന്‍.
(മുദീറിനോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും യാഥാര്‍ഥ്യം വേറെ ആയിരുന്നു. നാട്ടിലെത്തിയ ഉടന്‍ വിസ വില്‍പന നടത്തി അര ലക്ഷം വാങ്ങി പോക്കറ്റിലിടുകയായിരുന്നു.
ഏതു സമയവും വിവരം തരും. പുറപ്പെടാന്‍ തയാറായിരിക്കണമെന്നാണ് ഇരയോട് ശട്ടം കെട്ടിയിരിക്കുന്നത്.)
പ്രസംഗം നീണ്ടു നീണ്ടു പോയപ്പോള്‍ മുതലാളി മൂക്കത്തു വിരല്‍ വെച്ചു.
ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് വിസ്്മയപ്പെട്ടതായിരിക്കാം. എത്രായിരം ഹിന്ദികളാണ് ഇങ്ങോട്ട് വന്നിരുന്നത്. ഇപ്പോള്‍ ആയിരം റിയാലിനു ആരെയും കിട്ടാനില്ലെന്ന്.
മുദീറിന്റെ ചിന്ത അങ്ങനെ ആയിരുന്നിരിക്കാമെങ്കിലും
മാലീഷ്, നമുക്ക്് വേറെ വഴി നോക്കാമെന്നേ പറഞ്ഞുള്ളൂ.
അപ്പോള്‍ സുഹൃത്തിനെ കൊണ്ടുവരുന്ന കാര്യം?
നേരെ ഇരട്ടിയാക്കുന്നില്ലെങ്കിലും പകുതിയെങ്കിലും കൂട്ടിക്കൊടുത്താല്‍ മതി. ഒരു ആയിരത്തഞ്ഞൂറ്. അവനെ ഇങ്ങോട്ടു കൊണ്ടുവരാം. കൂട്ടുകാരനായതു കൊണ്ടു പറയുകല്ല. നല്ല തങ്കപ്പെട്ട ഒരുത്തനാ അവന്‍.
മുതലാളി ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍നിന്ന് സുഹൃത്തിന്റെ വിളി കൂടിയപ്പോള്‍ മല്‍ബു ഒന്നു കൂടി ചെന്നു നോക്കി.
മുതലാളി ടൂര്‍ കഴിഞ്ഞു വന്നതേയുള്ളൂ. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മുഖം കാണിച്ചു.
ഡ്രൈവറെ കൊണ്ടുവരുന്ന കാര്യം എന്തായി?
ദേ കണ്ടില്ലേ, പുതിയ ഡ്രൈവര്‍, നീ പറഞ്ഞതു പോലെ എനിക്കും കിട്ടി ഒരു ബംഗാളിയെ.
പുറത്തു വണ്ടി കഴുകിക്കൊണ്ടിരുന്നയാളെ ചൂണ്ടിക്കാട്ടി മുദീര്‍ പറഞ്ഞു.
അപ്പോള്‍ എന്റെ കൈയില്‍ തന്ന വിസ.
ഹാദാ ഖലാസ്..
തളര്‍ന്നു വീഴാതിരിക്കാന്‍ മല്‍ബു അടുത്തു കണ്ട സോഫയില്‍ പിടിച്ചു.
ഇയാളല്ലേ പറഞ്ഞത്. ബംഗാളിയെ വേണ്ടേ വേണ്ടാന്ന്. വെറുതെ പറഞ്ഞു ബംഗാളിയെ കിട്ടുമെന്ന്. പോയ ബുദ്ധി പോയി. ഇനിയിപ്പോ ക്രെയിന്‍ കെട്ടി വലിച്ചാലും വരില്ല.
അര ലക്ഷം വാങ്ങിയവന് ഇനിയെങ്ങനെ വിസ കൊടുക്കമെന്നു ചിന്തിച്ചുകൊണ്ട് തളര്‍ന്ന മനസ്സുമായി മല്‍ബു വണ്ടി കഴുകുന്ന ബംഗാളിയുടെ അടുത്തേക്ക് ചെന്നു.
ഇക്കാനെ എവിടെയോ കണ്ടു മറന്ന പോലുണ്ടല്ലോ. നാട്ടില്‍ എവിടെയാ? മങ്കടയാണോ? കഫീലിന്റെ ഓഫീസിലാ ജോലി അല്ലേ? എങ്ങനെയാ കഫീല്‍. ഒരു നൂറു റിയാല്‍ കൂട്ടിക്കിട്ടാന്‍ എന്തെങ്കിലും വകുപ്പുണ്ടോ? 1300 ആണ് പറഞ്ഞിരിക്കുന്നത്.
മല്‍ബുവിന്റെ മുഖത്ത് നോക്കി ഡ്രൈവര്‍ തുരുതുരാ പറഞ്ഞിട്ടും മല്‍ബുവിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. തല കറങ്ങുന്നതു പോലെ.Related Posts Plugin for WordPress, Blogger...