മധുവിധു ആഘോഷിക്കാന്‍ ജിദ്ദ നഗരത്തിലേക്കു വന്നതാണ് ദമ്പതികള്‍. ചെറുതെങ്കില്‍ ചെറുത്, ഒരു യാത്ര ഇല്ലാതെ എന്തു ഹണിമൂണ്‍ എന്നായിട്ടുണ്ടല്ലോ. അങ്ങനെ നഗരത്തിലെത്തിയ ഒരു പൊട്ടന് മണവാട്ടിയെ തന്നെ നഷ്‌ടപ്പെട്ട സംഭവമുണ്ടായി.
ആരെങ്കിലും അടിച്ചുമാറ്റിയതായിരിക്കും, അല്ലേ?
തോക്കില്‍ കയറി വെടിവെക്കാതെ. അങ്ങനെയൊന്നുമല്ല. മണവാളന്റെ പൊട്ടത്തരം കൊണ്ടു മാത്രം സംഭവിച്ചതാ.
ശരിക്കും ഉണ്ടായതാണോ?
അതെ, നാട്ടുകാരൊക്കെ അറിഞ്ഞു. പത്രത്തിലൊക്കെ വന്നു. പെണ്ണിന്റെ ബാപ്പയും ആങ്ങളമാരും ക്ഷമയുള്ളവരായതുകൊണ്ടാ മണവാളനു ജീവന്‍ തിരിച്ചു കിട്ടിയത്.
എന്തായാലും വലിച്ചുനീട്ടാതെ സംഭവം പറ. കേള്‍ക്കാന്‍ ധൃതിയായി.
വിദൂര ഗ്രാമത്തില്‍നിന്ന് നഗരത്തിലെത്തിയതായിരുന്നു നവ ദമ്പതികള്‍.
യുവതികളുടെ രക്ഷിതാക്കള്‍ വിവാഹമൂല്യം കുറച്ചുകൊണ്ട് യുവാക്കളെ സഹായിക്കണമെന്ന കാമ്പയിന്‍ തുടങ്ങിയതിനുശേഷമാണോ ഇവരുടെ വിവാഹം എന്നറിയില്ല.
അങ്ങനെയൊരു കാമ്പയിനുണ്ടോ?
പിന്നെ, രണ്ടു മൂന്ന് വെബ്‌സൈറ്റുകളിലൂടെ വമ്പിച്ച പ്രചാരണമല്ലേ നടക്കുന്നത്. മഹര്‍ തുക കുറച്ച് വിവാഹം എളുപ്പമാക്കുന്നില്ലെങ്കില്‍ നാട്ടുകാരെ വേണ്ടെന്നുവെച്ച് വിദേശത്തുപോയി കെട്ടുമെന്നാണ് യുവാക്കളുടെ ഭീഷണി.
ശരിയാ. ഇങ്ങനെയൊരു കാമ്പയിന്‍ അത്യാവശ്യം തന്നെയാ. പെണ്‍മക്കളുണ്ടെന്നുവച്ച് അവരെ വിട്ടുകൊടുക്കാന്‍ ഇങ്ങനെയുമുണ്ടോ ഒരു മഹ്‌ര്‍ ചോദിക്കല്‍. ശരിക്കും ചൂഷണം തന്നെയാ ഇത്.
മല്‍ബൂന്റെ നാട്ടിലാണെങ്കില്‍ പത്ത് മാര്‍ച്ച് കഴിയേണ്ട സമയം കഴിഞ്ഞു.
താങ്ങാനാവാത്ത മഹ്‌ര്‍ ചോദിച്ച് വലയ്‌ക്കുന്ന പിതാകിങ്കരന്മാര്‍ക്കെതിരെ യുവജനരക്ഷാ മാര്‍ച്ച്.
അതിരിക്കട്ടെ, നമ്മുടെ കഥയിലേക്ക് വരാം.
ഒന്നു രണ്ടാഴ്‌ച കഴിഞ്ഞ് മടങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ച ദമ്പതികള്‍ ഫര്‍ണിഷ്‌ഡ് അപ്പാര്‍ട്ടുമെന്റിലാണ് താമസം തുടങ്ങിയത്. രണ്ടാം ദിവസം ഉച്ചക്ക് ഫാസ്റ്റ് ഫുഡ് വാങ്ങാന്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയ മണവാളന് അക്കിടി പറ്റി. തിരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്താനുള്ള വഴി മറന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ പേരും മറന്നു. ടെലിഫോണ്‍ നമ്പറില്ല. മണവാട്ടിയുടെ കൈയിലും ഫോണില്ല.
എത്ര നേരാ വിഷണ്ണനായി നില്‍ക്കുക. പുള്ളിക്കാരന്‍ നേരെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി.
മണവാട്ടി എങ്ങനെയെങ്കിലും എത്തിക്കോളും എന്നാണോ അയാള്‍ വിചാരിച്ചിരുന്നതെന്നറിയില്ല.
ഭക്ഷണം വാങ്ങാന്‍ പോയ മണവാളനെ കാത്തിരുന്ന് കാത്തിരുന്ന് മുഷിഞ്ഞ മണവാട്ടിക്ക് പരിഭ്രമം തുടങ്ങി.
അതു പിന്നെ പറയാനുണ്ടോ. എങ്ങനെ പരിഭ്രമിക്കാതിരിക്കും? വിദൂര ഗ്രാമത്തില്‍നിന്ന് തീരെ പരിചയമില്ലാത്ത നഗരത്തിലെത്തുക. ഉച്ചക്ക് ഭക്ഷണം വാങ്ങാന്‍ പോയ ഭര്‍ത്താവ് രാത്രിയായിട്ടും അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്താതിരിക്കുക. ആരായാലും പരിഭ്രമിക്കും.
മണവാട്ടി ഏതായാലും ബുദ്ധിമതിയായിരുന്നു. ഗ്രാമത്തിലുള്ള സഹോദരനുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു.
പരിഭ്രാന്തരായ സഹോദരനും പിതാവും മരുമോന്റെ വീട്ടില്‍ വിവരം അറിയിക്കാമെന്ന് കരുതി അവിടെ ചെന്നു.
അപ്പോള്‍ അതാ കഥാപുരുഷന്‍ അവിടെ ഇരുന്ന് സിഗരറ്റ് വലിക്കുന്നു. ഭാര്യ എപ്പോള്‍ എത്തുമെന്ന ചിന്ത മൂത്തായിരിക്കാം സിഗരറ്റ് വലിച്ചു തള്ളിത്തുടങ്ങിയത്.
സിഗരറ്റ് പുകച്ചില്ലെങ്കില്‍ എങ്ങനെ ചിന്താമഗ്‌നനാകും? ഈയിടെ മല്‍ബുവിന്റെ ഒരു ഇലക്‌ട്രോണിക്‌സ് റിപ്പയര്‍ കടയിലെത്തിയ ഒരാള്‍ സിഗരറ്റ് വലിക്കാത്ത മല്‍ബു ടെക്‌നീഷ്യനെ കണ്ട് അത്ഭുതം കൂറിയത്രെ.
സിഗരറ്റ് പോലും വലിക്കാതെ എന്തു മുഹന്തിസ് എന്നായിരുന്നുവത്രെ ചോദ്യം.
മണവാളനിലേക്ക് വരാം.
മകളെ ഏതോ നഗരത്തിലാക്കി നാട്ടിലേക്ക് മടങ്ങിവന്ന മരുമോനെ കൂടുതല്‍ വിശദീകരിക്കാനൊന്നും പരിഭ്രാന്തനായ ആ പിതാവ് അനുവദിച്ചില്ല. എല്ലാം അവിടെവെച്ച് അവസാനിപ്പിച്ചു.
കഥാനായകന്‍ മല്‍ബു അല്ലായിരിക്കും, അല്ലേ?
ഏയ്, മല്‍ബു അല്ല. അറബി തന്നെ.
മല്‍ബു കാണിക്കാറുള്ളത് അതിലും വലിയ പൊട്ടത്തരമല്ലേ. അതുവെച്ചു നോക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം.
അതോണ്ടാണല്ലോ, അയല്‍ സംസ്ഥാനക്കാരന്‍ പ്രേമിച്ച പെണ്ണിന് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു കൊടുക്കുകയെന്ന പൊട്ടത്തരത്തിന് മല്‍ബു മുതിര്‍ന്നത്.
തല മാറ്റിയ പാസ്‌പോര്‍ട്ടില്‍ സൗദി വനിതയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടിറക്കിയ മംഗലാപുരത്തുകാരന്‍ ഇപ്പോള്‍ ജയിലിലാണ്. കൂട്ടുകാരന്‍ മല്‍ബുവാണ് ബുദ്ധി ഉപദേശിച്ചതെന്നും തലമാറ്റിയ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതെന്നുമാണ് അയാള്‍ നല്‍കിയ മൊഴി.
ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം നല്‍കാറുള്ള ഇന്ത്യന്‍ ലൈസന്‍സിന്റെ വ്യാജനെ ഫ്‌ളാറ്റിന്റെ മുകളില്‍ വെയിലത്തുവെച്ച് ഉണക്കിയെടുക്കാന്‍ കാണിക്കാറുള്ള ജാഗ്രതപോലും പൊട്ടന്‍ മല്‍ബു ഇക്കാര്യത്തില്‍ കാണിച്ചില്ല.
സൗദി പൗരത്വമുള്ളയാള്‍ക്ക് ജനിച്ച, ഒറ്റ ഇന്ത്യന്‍ ഭാഷയും അറിയാത്ത പെണ്ണിനെ, രണ്ടാം പാസ്‌പോര്‍ട്ടുകാര്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊല്ലത്തുകാരിയുടെ പാസ്‌പോര്‍ട്ടില്‍ കാഴ്‌ചവെക്കണമെങ്കില്‍ കുറഞ്ഞ പൊട്ടത്തരമൊന്നും പോരാ. മല്‍ബുത്തരം തന്നെ വേണം.
സൗദി പൗരത്വമുള്ളയാള്‍ക്ക് ജനിച്ച, ഒറ്റ ഇന്ത്യന്‍ ഭാഷയും അറിയാത്ത പെണ്ണിനെ, രണ്ടാം പാസ്‌പോര്‍ട്ടുകാര്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊല്ലത്തുകാരിയുടെ പാസ്‌പോര്‍ട്ടില്‍ കാഴ്‌ചവെക്കണമെങ്കില്‍ കുറഞ്ഞ പൊട്ടത്തരമൊന്നും പോരാ. മല്‍ബുത്തരം തന്നെ വേണം.
ReplyDelete