7/21/09

അവനവന്‍ കുഴിച്ച കുഴിയില്‍,


ദീര്‍ഘനേരം റിംഗായാലും മല്‍ബു ഫോണെടുക്കില്ല. എടുക്കാനുദ്ദേശ്യമില്ലെങ്കില്‍ അതൊട്ട്‌ സൈലന്റാക്കി വെക്കുകയുമില്ല. ഇനി കേള്‍ക്കാനിമ്പമുള്ള ഏതെങ്കിലും പാട്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതെന്തോ ഒരു കഠോര ശബ്‌ദം.
മുറിയിലുള്ളവര്‍ക്കൊക്കെ സഹികെട്ടു തുടങ്ങി. കുറേ നേരം കഴിഞ്ഞിട്ടും മല്‍ബുവിന്‌ അനക്കമില്ലെങ്കില്‍ ആരെങ്കിലും ചെന്ന്‌ ഫോണെടുത്തു നോക്കും. ഉടന്‍ തന്നെ അവിടെവെച്ച്‌ താന്‍ ആ വഴി പോയതേയില്ല എന്ന മട്ടില്‍ തിരിച്ചുപോകും. അടുത്തയാള്‍ വന്നാലും ഇതു തന്നെയായിരിക്കും സംഭവിക്കുക. ഫോണെടുക്കും. ഉടന്‍ വെക്കും. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കും. സ്ഥലം കാലിയാക്കും.
ഇതൊക്കെ കണ്ട്‌ മല്‍ബു അപ്പുറത്തെ കട്ടിലില്‍ കിടപ്പുണ്ടാകും. എന്നാല്‍ അങ്ങേരോട്‌ ഒന്നുകില്‍ ഫോണെടുക്കെടോ, അല്ലെങ്കില്‍ സൈലന്റാക്കി വെക്കെടോ എന്നാരും പറയില്ല.
കാരണം എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരു ദേഹമാണത്‌. ജനസേവനത്തിന്റെ പര്യായം. പ്രവാസ ലോകത്ത്‌ തുടങ്ങിയതല്ല ആ സേവന പാരമ്പര്യം.
സേവനവും ഒപ്പം ഫുട്‌ബോളും തലക്കു പിടിച്ച്‌ കുടുംബം പട്ടിണിയിലായപ്പോള്‍ അമ്മോശന്‍ കയറ്റിവിട്ടതാണ്‌ ഇങ്ങോട്ട്‌. അങ്ങനെയെങ്കിലും ഇത്തിരി കാര്യഗൗരവം തിരികെ വരുമെന്നും കുടുംബം രക്ഷപ്പെടുമെന്നും കരുതി.
പക്ഷേ ഇവിടെ എത്തിയപ്പോഴും സ്ഥിതി തഥൈവ. സി.പി.എമ്മിലെ ആഭ്യന്തര കുഴപ്പങ്ങള്‍ പോലെ ഒരു മാറ്റവുമില്ല. ഫുട്‌ബോള്‍ കളിക്കാരെ തിരഞ്ഞുനടക്കുക മാത്രമല്ല, നാട്ടിലുള്ള ക്ലബുകളുടേയും സെവന്‍സ്‌ ടൂര്‍ണമെന്റുകളുടേയും ജീവവായുവായി അങ്ങനെ ഒരു ജന്മം.
പിന്നെ എന്തേ ഈ കിടപ്പ്‌? കുരങ്ങ്‌ ചത്ത കുറവനെപ്പോലുള്ള ഈ ഇരിപ്പ്‌? എന്തുകൊണ്ട്‌ ഫോണെടുക്കുന്നില്ല?
സംശയങ്ങള്‍ ന്യായമാണ്‌. ഉത്തരവുമുണ്ട്‌.
നാളുകള്‍ ചെല്ലുന്തോറും ഉപദേശങ്ങള്‍ തേടിയും സഹായങ്ങള്‍ ആവശ്യപ്പെട്ടും മല്‍ബുവിനെ സമീപിക്കുന്നവര്‍ വര്‍ധിച്ചുവരികയായിരുന്നു.
പുതിയ കമ്പനിയിലേക്ക്‌ മാറുന്നതിന്‌ പഴയ സ്‌പോണ്‍സറുടെ കടലാസും ഇഖാമയുമൊക്കെ ഏല്‍പിച്ചതായിരുന്നു. പക്ഷേ അവര്‍ മേശയില്‍ വെച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഇതാ ഹുറൂബായി. കമ്പനി ഇപ്പോള്‍ കൈമലര്‍ത്തുന്നു. എവിടെയാണ്‌ പരാതി നല്‍കേണ്ടത്‌?
നാട്ടില്‍ ഭാര്യയും കുടുംബക്കാരും എന്റെ എല്ലാ സ്വത്തുക്കളും കൈക്കലാക്കി. അവര്‍ക്ക്‌ എന്റെ ചെക്ക്‌ മാത്രമേ വേണ്ടൂ. അവരെ ഒരുപാഠം പഠിപ്പിക്കാന്‍ എന്തു ചെയ്യണം?
കൂട്ടുകാരനുമായി ചേര്‍ന്നു തുടങ്ങിയ കൂട്ടുകച്ചവടമാ. ബിസിനസ്‌ ഉറപ്പായപ്പോള്‍ അവന്‍ എന്നെ ചവിട്ടിപ്പുറത്താക്കി. എന്തു ചെയ്യണം?
മകനെ നാട്ടില്‍ പറഞ്ഞയക്കണം. നല്ല ഒരു സ്ഥാപനത്തില്‍ അഡ്‌മിഷന്‍ ശരിയാക്കിത്തരണം.
കടത്തില്‍ മുങ്ങിയിരിക്കയാ. എവിടെനിന്നെങ്കിലും ഒരു പതിനായിരം റിയാല്‍ സംഘടിപ്പിച്ചുതരണം. അല്ലെങ്കില്‍ പലിശ കൊടുക്കേണ്ടിവരും.
അങ്ങനെ പരിഹാരം തേടി എത്രയെത്ര ആവലാതികളും അഭ്യര്‍ഥനകളുമാണ്‌ മല്‍ബുവിനെ തേടിയെത്താറുള്ളത്‌.
മല്‍ബുവിന്റെ പക്കല്‍ പരിഹാരമില്ലാത്ത ഒന്നും ഇല്ലായിരുന്നു. ഒരു രണ്ട്‌ ദിവസം തരൂ, ഞാന്‍ ശരിയാക്കാം എന്നായിരിക്കും മല്‍ബുവിന്റെ മറുപടി.
രണ്ടു ദിവസം കഴിഞ്ഞ്‌ മൊബൈല്‍ ഫോണിലൂടെയോ ഉടലോടെയോ പരാതിക്കാരന്‍ വീണ്ടുമെത്തും.
എന്തായി മാഷേ, വല്ല പുരോഗതിയുമുണ്ടോ?
ഇല്ലെന്നേ, ങ്ങള്‌ ഒരു രണ്ട്‌ ദിവസം കൂടി കഴിഞ്ഞു വിളിക്കൂ.
അങ്ങനെയിരിക്കെയാണ്‌ അതു സംഭവിച്ചത്‌.
ആവലാതിക്കാരിലൊരാള്‍ ഉടലോടെ എത്തി.
നിങ്ങള്‍ എന്റെ സ്‌പോണ്‍സറെ കണ്ടോ?
കഫീലിനെ കിട്ടാന്‍ പലതവണ ശ്രമിച്ചിട്ടും കിട്ടിയില്ലെന്നതാണ്‌ വാസ്‌തവമെങ്കിലും പരാതിക്കാരനായ ചെറുപ്പക്കാരനെ നിരാശനാക്കേണ്ടെന്ന്‌ കരുതി മല്‍ബു പറഞ്ഞു:
ഇല്ല, കണ്ടില്ല.
എന്തുകൊണ്ട്‌ കണ്ടില്ല?
സമയം കിട്ടിയില്ല.
സമയം കിട്ടിയില്ല അല്ലേ, നിങ്ങള്‍ എന്റെ ഒരു മാസമാ കളഞ്ഞത്‌ എന്നു പറഞ്ഞുകൊണ്ട്‌ ചെറുപ്പക്കാരന്‍ ഒരു പിടിത്തമായിരുന്നു.
ചെറുപ്പക്കാരന്റെ ബലിഷ്‌ഠമായ കൈ കഴുത്തില്‍ വരിഞ്ഞുമുറുകി. എല്ലാം അവസാനിക്കുന്നതുപോലെ തോന്നി.
അപ്പോള്‍ ആരോക്കെയോ വന്ന്‌ പിടിച്ചുമാറ്റിയതുകൊണ്ട്‌ രക്ഷയായി.
കഠിന വേദന തോന്നിയ കഴുത്തില്‍ തടവിനോക്കി.
അന്നു നിര്‍ത്തിയതാണിത്‌. പക്ഷെ റൂമിലുള്ളവരോട്‌ പോലും ഇക്കഥ പറഞ്ഞില്ല.
സ്വയം കുഴിച്ച കുഴിയില്‍ വീണത്‌ ആരോട്‌ പറയാനാ?
സ്വന്തം പരിമിതികള്‍ തിരിച്ചറിയാന്‍ കഴിയാത്ത മല്‍ബു. പക്ഷേ ബുദ്ധി പ്രവര്‍ത്തിച്ചു.
അതിന്റെ ഫലമാ ഫോണെടുത്തു നോക്കുന്നവരുടെ ചമ്മല്‍.
ഫോണെടുത്തു നോക്കുന്നവര്‍ തലങ്ങും വിലങ്ങും നോക്കി ആരും കണ്ടില്ലെന്ന്‌ ഉറപ്പുവരുത്തി ചമ്മിപ്പോകുന്നത്‌ എന്തുകൊണ്ടാ?
ആ രഹസ്യം വെളിപ്പെടുത്താം. കൂടെ താമസിക്കുന്നവരുടെ ശല്യം കാരണം ഫോണ്‍ എവിടെയെങ്കിലും വെച്ചുപോകാന്‍ കഴിയാത്തവര്‍ക്ക്‌ പ്രയോഗിക്കാം. മല്‍ബുവിന്റെ മൊബൈല്‍ സ്‌ക്രീനിലെ മെസേജാണ്‌ കാര്യം.
`ഫോണ്‍ അവിടെ വെച്ച്‌ പോടോ വിഡ്‌ഢീ...'
ഫോണ്‍ എടുത്തു നോക്കാന്‍ വരുന്നവരുടെ തൊലിക്കട്ടി തൂക്കിനോക്കി സന്ദേശത്തില്‍ മാറ്റവുമാകാം.

അയമുവിന്റെ രൂപപരിണാമം


മല്‍ബു ഉടുപ്പുകള്‍ ഇസ്‌തിരി ഇടുകയായിരുന്നു. അപ്പോഴാണ്‌ അയമു കയറിവന്നത്‌.
ഇസ്‌തിരിയിടുകയാണ്‌ അല്ലേ?
നിനക്ക്‌ കണ്ണില്ലേ അയമൂ, പിന്നെ എന്തിനു ചോദിക്കുന്നുവെന്ന്‌ തിരിച്ചു ചോദിച്ചില്ല. അങ്ങനെയൊരു ചോദ്യമായിരിക്കും ഒരുപക്ഷേ ആഗോള ചര്‍ച്ചകളിലേക്കും മനുഷ്യന്റെ സ്വഭാവ സവിശേഷതകളെ കുറിച്ചുള്ള ഉജ്വല ഭാഷണങ്ങളിലേക്കുമൊക്കെ നീങ്ങുക.
എന്തിനു വെറുതെ വയ്യാവേലിക്ക്‌ പോകണം.
അതെ, ഇസ്‌തിരിയിടുകയാണ്‌.
അയമുവിന്റെ അടുത്ത ചോദ്യം.
ശ്ശെ, ഇങ്ങനെയാണോ ഇസ്‌തിരിയിടുന്നത്‌? കണ്ടാല്‍ ഇസ്‌തിരിയിട്ടതാണെന്നു തോന്നുക പോലുമില്ല.
മല്‍ബു ഒന്നും മിണ്ടിയില്ല. കുറ്റങ്ങള്‍ കണ്ടുപിടിക്കുക മാത്രമല്ല, അതു ഉച്ചത്തില്‍ പറയുക കൂടിയാണ്‌ അയമുവിന്റെ ഹോബി.
നടക്കട്ടെ, നമ്മളായിട്ട്‌ എന്തിനു മുടക്കണം.
മല്‍ബിയെ നാട്ടില്‍ അയക്കണ്ടായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നുണ്ടോ?
അയമുവിന്റെ അടുത്ത ചോദ്യത്തിന്‌ അധികം താമസമുണ്ടായില്ല.
മല്‍ബു ഒന്നും മിണ്ടാതെ ഇസ്‌തിരിയിടല്‍ തുടര്‍ന്നു.
മല്‍ബിയെ നാട്ടിലയച്ചതിന്റെ ഗുണദോഷങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇന്നലെയാണ്‌ ഉപസംഹരിച്ചത്‌.
ഇന്നലെ അയമു വന്നത്‌ ഭക്ഷണം കഴിച്ച്‌ പാത്രം കഴുകുമ്പോഴായിരുന്നു.
ശ്ശെ, ഇങ്ങനെയാണോ പാത്രം കഴുകുന്നതെന്ന ചോദ്യവുമായിട്ടായിരുന്നു തുടക്കം.
മല്‍ബി ഉണ്ടായിരുന്നെങ്കില്‍ എത്ര ഈസിയാകുമായിരുന്നു ലൈഫ്‌.
വൈകിട്ട്‌ തിന്നാനായി മേശപ്പുറത്ത്‌ അടച്ചുവെച്ചിരുന്ന ഉപ്പുമാവ്‌ അകത്താക്കിക്കൊണ്ട്‌ അയമുവിന്റെ ചോദ്യം വീണ്ടും വന്നു.
ഇങ്ങനെയാണോ ഉപ്പുമാവ്‌ ഉണ്ടാക്കുന്നത്‌?
ചൊറിഞ്ഞുവന്ന മല്‍ബു അല്‍പം ആശ്വാസത്തിനായി ബാത്ത്‌ റൂമില്‍ കയറി വാതിലടച്ചു.
സ്ഥിതിഗതികള്‍ ശാന്തമായിക്കാണുമെന്ന്‌ കരുതി പുറത്തിറങ്ങിയപ്പോഴും അയമു ഉപ്പുമാവിനോട്‌ മല്ലിട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
എത്ര നേരായിഷ്‌ടാ ബാത്ത്‌റൂമില്‍? ഇങ്ങനെയിരുന്നാലേ, മറ്റവന്‍ വരും.
രക്ഷയില്ല.
ചൊറിഞ്ഞുവന്ന മല്‍ബു ശപിക്കപ്പെട്ട പിശാചില്‍നിന്ന്‌ ദൈവമേ ഞാന്‍ നിന്നില്‍ ശരണം തേടുന്നുവെന്ന്‌ രണ്ടുതവണ ഉരുവിട്ടു.
നീ എന്താ ഒന്നും മിണ്ടാത്തത്‌?
ഇങ്ങനെയാണോ മുറിയില്‍ വന്ന ഒരാളോട്‌ പെരുമാറുന്നത്‌?
അയമൂ, ഒന്ന്‌ വെറുതെ ഇരിക്കാന്‍ വിടുന്നുണ്ടോ?
മല്‍ബുവിന്റെ പൊട്ടിത്തെറിയുടെ ഊക്കില്‍ മുറിയുടെ പുറത്തേക്ക്‌ തെറിച്ച അയമു വീണ്ടും വരുമെന്ന്‌ കരുതിയതേ ഇല്ല.
ദേ പിന്നേം.
മല്‍ബൂ, നിനക്ക്‌ ഖുതുബുദ്ദീന്‍ അന്‍സാരിയെ കാണണോ?
ഏതു ഖുതുബുദ്ദീന്‍?
പണ്ട്‌ ഗുജറാത്തില്‍ മറ്റവര്‌ കൊല്ലാന്‍ വന്നപ്പോള്‍ കൈകൂപ്പി നിന്ന ഒരാളില്ലേ?
മല്‍ബുവിന്റെ ചിന്ത ഗുജറാത്ത്‌ കലാപ നാളുകളിലേക്ക്‌ പോയി. അതെ, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ പ്രതീകമായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരി. പത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കാറുള്ള ചിത്രം.
അതേ, അങ്ങേര്‌ വന്നിട്ടുണ്ടോ?
അതെ, എന്താ വന്നൂടെ, എത്രയെത്ര മഹാന്മാര്‍ വരുന്നു നമ്മളെ, പ്രവാസികളെ തേടി.
പിന്നെ, അയാള്‌ വന്നിട്ടൊന്നും ഇല്ല കേട്ടോ. ഫോട്ടോ കാണണോ എന്നാ ചോദിച്ചത്‌.
ഫോട്ടോ എത്ര തവണ കണ്ടതാ. ഇനിയെന്തു കാണാന്‍?
ഇതു പറഞ്ഞതും അയമു പഴ്‌സില്‍നിന്ന്‌ ഇഖാമ കാര്‍ഡ്‌ പുറത്തെടുത്തു.
ദാ കണ്ടോ, ഖുതുബുദ്ദീന്‍ അന്‍സാരി ഇവിടെ.
ശരിയാ, പേടിച്ചരണ്ട മുഖവുമായി ഖുതുബുദ്ദീന്‍ അന്‍സാരിയായി അയമുവിന്റെ ഫോട്ടോ.
മല്‍ബുവിന്‌ ചിരിയടക്കാനായില്ല.
ഖുതുബുദ്ദീന്റെ അതേ മുഖം, അതേ ഭാവം. കൈകൂപ്പിയില്ല എന്നേയുള്ളൂ.
ഫിംഗര്‍ പ്രിന്റുകാര്‍ പറ്റിച്ചതാ ഇത്‌.
ശരിക്കും പേടിപ്പിച്ചല്ലേ ഫോട്ടോ എടുത്തത്‌. ക്യാമറ കണ്ണില്‍ കുത്തിയില്ലെന്നേയുള്ളൂ.
മണിക്കൂറുകളോളം ക്യൂനിന്ന്‌ തളര്‍ന്ന്‌ ശരിക്കും വിയര്‍ത്തു കുളിച്ചാണ്‌ യന്ത്രത്തിനു മുന്നില്‍ എത്തിയത്‌.
ഫിംഗര്‍ പ്രിന്റല്ലേ എന്നു കരുതി തള്ളവിരല്‍ വെക്കാന്‍ നോക്കിയപ്പോള്‍, നാലും വിരലുകളും ചേര്‍ത്ത്‌ ഒരമര്‍ത്തലായിരുന്നു.
അറബി അറിയാത്തതുകൊണ്ട്‌ മിഴിച്ചിരുന്നപ്പോള്‍ വീണ്ടും വന്നു അമര്‍ഷത്തോടെയുള്ള അമര്‍ത്തല്‍. ഇത്തിരി ശക്തിയോടെ.
അങ്ങനെ പേടിച്ചരണ്ട മുഖം ക്യാമറയില്‍ പകര്‍ത്തിയത്‌ എപ്പോഴെങ്കിലുമൊക്കെ പുറത്തെടുക്കേണ്ടി വരാറുള്ള ഇഖാമയില്‍ ചേര്‍ക്കാനാണെന്ന്‌ അറിഞ്ഞിരുന്നില്ല.
പിന്നെ, സ്വന്തം മുഖം തന്നെയാ ഫോട്ടോയില്‍ വന്നിരിക്കുന്നത്‌. സല്‍മാന്‍ ഖാനാണെന്നാ വിചാരം.
മല്‍ബു കിട്ടിയ അവസരം പാഴാക്കിയില്ല.
പേടിക്കേണ്ട മോനേ. നിന്റെ ഫോട്ടോ ഇങ്ങോട്ട്‌ വരട്ടെ, നീ എന്നെക്കാളും മുന്തിയ ഖുതുബുദ്ദീന്‍ അന്‍സാരിയായിരിക്കും.
അയമുവും വിട്ടുകൊടുത്തില്ല.

മല്‍ബു ഇനി നടക്കുന്നില്ല


മെസ്‌ ഹാളില്‍ വെച്ചാണ്‌ മല്‍ബു ആ പ്രഖ്യാപനം നടത്തിയത്‌.
ഇനി ഞാന്‍ നടക്കാന്‍ പോകുന്നില്ല.
നാടകീയമായിട്ടായിരുന്നു പ്രഖ്യാപനം.
പ്രിയമുള്ളവരേ, ഞാനൊരു പ്രഖ്യാപനം നടത്താന്‍ പോവുകയാണെന്ന മുഖവുരയോടെ.
പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്നു എന്നായിരിക്കും മല്‍ബു പ്രഖ്യാപിക്കുകയെന്നാണ്‌ എല്ലാവരും കരുതിയത്‌.
വര്‍ഷാവര്‍ഷം പേരക്കിടാങ്ങളുടെ എണ്ണം കൂടിയിട്ടും അറുപത്‌ പിന്നിട്ട മല്‍ബു നാട്ടില്‍ പോകുന്ന കാര്യം ചിന്തിച്ചു തുടങ്ങിയിട്ടു പോലുമില്ല.
എന്താ പറ്റീത്‌, നടത്തം നിര്‍ത്താന്‍?
എല്ലാവരും ചോദിച്ചു തുടങ്ങിയപ്പോള്‍ മല്‍ബു പ്രതിവചിച്ചു.
എന്തോ നല്ല സുഖം പോരാ, കിതപ്പ്‌ അല്‍പം കൂടുന്നുമുണ്ട്‌. ഇത്രയൊക്കെ ആയില്ലേ, ഇനിയിപ്പം അങ്ങ്‌ പോകുന്നെങ്കില്‍ പോകട്ടെ. വയ്യ, കാലു കഴച്ചിട്ടും വയ്യ.
ജീവിതത്തില്‍ മറ്റെന്ത്‌ ഉപേക്ഷിച്ചാലും നടത്തം മുടക്കാത്തയാളാ ഇപ്പറേന്നെ.
എല്ലാവരും പരസ്‌പരം അന്വേഷിച്ചു.
മല്‍ബൂക്കക്ക്‌ എന്താ പറ്റീത്‌? ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍.
കട്ടിലുകളേക്കാള്‍ ആളുകള്‍ കൂടുതല്‍ ഉണ്ടാകാറുള്ള അങ്ങാടി ഹൗസിലെ കാരണവരാണ്‌ മല്‍ബു. പ്രവാസ ലോകത്തേക്ക്‌ സമൃദ്ധിയുടെ കിനാവുകളുമായി നാടുവിട്ടെത്തുന്നവരെ ജോലി ശരിയാകുന്നതിനു മുമ്പുതന്നെ പ്രവാസ ജീവിതത്തില്‍ ആരോഗ്യത്തിനും ശരീരത്തിനും വരാനിരിക്കുന്ന നഷ്‌ടങ്ങളെ കുറിച്ച്‌ ബോധ്യപ്പെടുത്തി വ്യായാമത്തിനു പ്രേരിപ്പിക്കുന്നയാളാണ്‌ മല്‍ബുക്ക.
റിയാലിനോടൊപ്പം ശരീരത്തിലേക്ക്‌ ഇവിടെനിന്ന്‌ ലഭിക്കുന്ന ദുര്‍മേദസ്സുകള്‍ ഇവിടെതന്നെ ഒഴുക്കിക്കളയണം. റിയാല്‍ മാത്രമേ കൊണ്ടുപോകാവൂ. കുടവയര്‍ കൊണ്ടുപോകരുത്‌.
വ്യായാമത്തില്‍ തന്റെ ശിഷ്യന്മാരാകുന്നവര്‍ക്ക്‌ ഉചിതമായ ജോലി കണ്ടെത്തുന്നതിനും മല്‍ബുവിന്റെ സഹായമുണ്ടാകും.
സ്വന്തം കട്ടിലില്‍ കയറിക്കിടന്ന മല്‍ബു ഒന്നും മണ്ടുന്നില്ല.
സാധാരണ അങ്ങനെയല്ല. രാവിലത്തെ നടത്തം കഴിഞ്ഞ ഉത്സാഹത്തോടെ എത്തുന്ന മല്‍ബു പിന്നീട്‌ ജോലിക്ക്‌ പോകാനായി ഫ്‌ളാറ്റില്‍നിന്ന്‌ പുറത്തിറങ്ങുന്നതുവരെ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
നൊടിയല്‍ തുടങ്ങി എന്നൊക്കെ പറഞ്ഞ്‌ കളിയാക്കാറുണ്ടെങ്കിലും ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മല്‍ബുക്കയെ ഇഷ്‌ടമായിരുന്നു.
എന്തൊക്കെ കുറ്റം പറഞ്ഞാലും ഒരിക്കലും അനിഷ്‌ടത്തോടെ പെരുമാറില്ല. എല്ലായ്‌പ്പോഴും പുഞ്ചിരി തൂകിക്കൊണ്ടിരിക്കും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റുന്ന ലുക്കുണ്ടെന്നാണ്‌ കൊച്ചു മല്‍ബുകള്‍ പറയാറുള്ളത്‌.
ശമ്പളം കിട്ടി തൊട്ടടുത്ത ദിവസം തന്നെ മുഴുവന്‍ തുകയും ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക്‌ വിട്ട്‌ പിന്നീട്‌ കാണിക്കുന്ന പിശുക്ക്‌ ആര്‍ക്കും ഇഷ്‌ടമാകാറില്ല.
ഈയിടെ ഫ്‌ളാറ്റില്‍ ഒരു ടി.വി സ്റ്റേഷന്‍ കിട്ടാതായപ്പോള്‍ വീട്ടില്‍ കാരണവര്‍ ഇല്ലാതായതു പോലെ തോന്നുന്നുവെന്ന്‌ പറഞ്ഞത്‌ മല്‍ബുക്കയായിരുന്നു.
പക്ഷെ, ഇത്തിരി പണം മുടക്കി അതു ശരിയാക്കാന്‍ തുനിഞ്ഞപ്പോള്‍ മല്‍ബുക്ക ഉടക്കി.
വേറെ എത്ര ടി.വി കിടക്കുന്നു. ഇനിയിപ്പം അതില്ലെങ്കില്‍ പോട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു തടിയൂരല്‍. പലര്‍ക്കും അരിശം വന്നെങ്കിലും ആരും പുറമേ പ്രകടിപ്പിച്ചില്ല. പ്രായത്തെ പരിഗണിക്കാതിരിക്കുന്നതെങ്ങനെ?
അടുക്കും ചിട്ടയോടുമുള്ള ജീവിതമാണ്‌ ഇത്ര വയസ്സായിട്ടും തനിക്ക്‌ ചുറുചുറുക്കും പ്രസരിപ്പും സമ്മാനിക്കുന്നതെന്ന മുഖവുരയോടെയായിരിക്കും പ്രവാസികളുടെ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്‌ മല്‍ബുക്ക സംസാരം തുടങ്ങുക.
തളര്‍ന്നതുപോലെ കിടക്കുന്ന മല്‍ബുവിനു ചുറ്റും കൂടിയവരെല്ലാം മുഖത്തോടുമുഖം നോക്കി.
കൂട്ടത്തിലൊരാള്‍ മറ്റൊരു നഗരത്തില്‍ ജോലി ചെയ്യുന്ന മല്‍ബുവിന്റെ മകന്‌ ഫോണ്‍ ചെയ്‌തു.
ഹലോ, ഹലോ...
മല്‍ബുക്കയുടെ മോനല്ലേ.
പിന്നെ, പുള്ളിക്കാരന്‌ എന്തോ പറ്റിയതുപോലെ. ഒറ്റ ദിവസവും നടത്തവും വ്യായാമവും മുടക്കാത്തയാളാ. ഇപ്പോള്‍ കട്ടിലില്‍ കയറി കിടപ്പാണ്‌. ഇനി നടക്കാന്‍ പോകുന്നില്ലെന്ന്‌. അസുഖം വല്ലതുമുണ്ടെന്ന്‌ വിളിച്ചു പറഞ്ഞിരുന്നോ.
ഏയ്‌ ഇല്ല, ഇന്നലെ രാത്രിയും ഞങ്ങള്‍ സംസാരിച്ചതാ.
ഏതായാലും നിങ്ങളിങ്ങോട്ട്‌ വന്നേക്ക്‌. സംഗതികള്‍ അത്ര സുഖകരമല്ല.
ഫോണ്‍ ഓഫാക്കിയ ശേഷം മറ്റു മല്‍ബുകള്‍ പറഞ്ഞു.
ഏതായാലും വിളിച്ചു പറഞ്ഞതു നന്നായി. മോന്‍ ഇങ്ങോട്ട്‌ വന്നോട്ടെ, അല്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ പോലും നമ്മള്‍ ബുദ്ധിമുട്ടും. കിട്ടിയതു മുഴുവന്‍ ചവിട്ടിയിട്ടുണ്ടാകുമല്ലോ? പോക്കറ്റില്‍ ഒന്നും കാണില്ല.
അല്‍പം കഴിഞ്ഞപ്പോഴേക്കും മല്‍ബുക്കയുടെ ഫോണ്‍ പാട്ടു പാടിത്തുടങ്ങി.
ഹലോ, നീയോ... എന്താ മോനേ ഈ ഇത്ര രാവിലെ തന്നെ.
അതേ, ങ്ങക്കെന്താ പറ്റീത്‌? നടത്തം നിര്‍ത്തീന്നും തളര്‍ന്നൂന്നും ഒക്കെ കേട്ടല്ലോ. ഇപ്പോ തന്നെ ആശുപ്രത്രീലേക്ക്‌ പോണം. വെച്ചു താമസിപ്പിക്കരുത്‌. ഞാന്‍ നാളെ രാവിലെ അങ്ങോട്ടെത്താം.
ഏയ്‌, അതൊന്നും വേണ്ട. എനിക്ക്‌ ഒരു അസുഖോം ഇല്ല. പിന്നെ നടത്തം നിര്‍ത്തീത്‌ അവിടെ എന്റെ പാര്‍ട്ട്‌ ടൈം ജോലി കഴിഞ്ഞതുകൊണ്ടാ. രാവിലെ പാര്‍ട്ട്‌ ടൈം ജോലിക്കാ പോകുന്നതെന്ന്‌ ഇവരോടാരോടും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അവിടെ അവര്‍ ഒരു ചെറുപ്പക്കാരനെ നിയമിച്ചു. വയസ്സായില്ലെടോ, പാര്‍ട്ട്‌ ടൈം ജോലിയോന്നും ഇനിയങ്ങനെ കിട്ടീന്ന്‌ വരില്ല. നീ വേവലാതിപ്പെടുകൊന്നും വേണ്ട. ശരീരത്തിന്‌ ഒരു കുഴപ്പവുമില്ല.
Related Posts Plugin for WordPress, Blogger...