8/13/11

വൈകാത്ത വിധി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട് പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് 2009 ല്‍ രൂപം കൊണ്ട ദേശീയ അന്വേഷണ ഏജന്‍സിയെ സംബന്ധിച്ചിടത്തോളം സവിശേഷമാണ്. മറ്റു അന്വേഷണ ഏജന്‍സികളെ അപേക്ഷിച്ച് വളരെ വേഗം അന്വേഷണം തീര്‍ക്കുകയും കുറ്റപത്രത്തിന്മേല്‍ വിചാരണ പൂര്‍ത്തിയാക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു എന്നതാണ് പ്രത്യേകത. വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തു എന്നത് മറ്റു കേസുകളെ വെച്ചു നോക്കുമ്പോള്‍ വലിയ സമയമല്ല.
ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ച ആദ്യ കേസാണിത്. രാജ്യത്തെമ്പാടുമായി 22 കേസുകളാണ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിഗണനയിലുള്ളത്. ഇതില്‍ ഏഴെണ്ണവും കേരളത്തിലാണ്. ലശ്കറെ ത്വയ്യിബ ഭീകരനായ തടിയന്റവിട നസീറിനും മറ്റൊരു പ്രതിയായ ഷഫാസിനുമാണ് ജിവപര്യന്തം തടവ് വിധിച്ചത്. രാജ്യദ്രോഹം, സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുക തുടങ്ങി പലവിധ കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസിലെ വിധി ഭീകരവാദികള്‍ക്ക് മുന്നറിയിപ്പാകാന്‍ വേണ്ടിയുള്ളത് കൂടിയാണ്. നസീറിനു മൂന്നും ഷഫാസിനു രണ്ടും ജീവപര്യന്തമാണ് വിധിച്ചത്. രണ്ടു പോലീസുകാര്‍ക്കും ഒരു പോര്‍ട്ടര്‍ക്കും പരിക്കേറ്റ സ്‌ഫോടനങ്ങളില്‍ ആള്‍നാശമുണ്ടായിരുന്നില്ലെങ്കിലും  കുറേ കൂടി വലിയ സ്‌ഫോടനങ്ങളാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നതെന്ന് തെളിവുകള്‍ വിലയിരുത്തിക്കൊണ്ട് എന്‍.ഐ.എ കോടതി വ്യക്തമാക്കുന്നു.
രണ്ടാമത്തെ മാറാട് കേസില്‍ പ്രതികളായ മുസ്്‌ലിംകള്‍ക്ക് ജാമ്യം കിട്ടാതെ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു സ്‌ഫോടനമെന്നും ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം പടര്‍ത്തുക കൂടി പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു.
കോടതിയുടെ നിരീക്ഷണങ്ങള്‍ക്കപ്പുറം ഈ കേസ് നീട്ടിക്കൊണ്ടുപോയി മതവിദ്വേഷം വളര്‍ത്താന്‍ തല്‍പരകക്ഷികള്‍ക്ക് സാവകാശം നല്‍കിയില്ല എന്നതാണ് കേസിലെ ശിക്ഷാവിധിയെ വ്യത്യസ്തമാക്കുന്നത്. സ്‌ഫോടനം ആസൂത്രണം ചെയ്തതു തീവ്രവാദ പ്രവര്‍ത്തനമായതിനാല്‍ അതിനെ രാജ്യദ്രോഹമായി കണക്കാക്കണമെന്നും രഹസ്യ വിചാരണക്കുശേഷം പുറപ്പെടുവിച്ച വിധിന്യായത്തില്‍ ജഡ്ജി പറയുന്നു.
എന്‍.ഐ.എ കേസിലെ വിധി വരുന്നതിനു രണ്ടു ദിവസം മുമ്പാണ് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. രാഷ്ട്രീയവല്‍ക്കരിച്ച് ഹിന്ദുത്വശക്തികള്‍ പരമാവധി മുതലെടുപ്പ് നടത്തിയ ശേഷമാണ് അഫ്‌സല്‍ ഗുരു കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായത്. അങ്ങനെയല്ലാതെ, ദയാഹരജി സ്വീകരിക്കണമെന്ന ഒരു ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയില്‍നിന്നുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്തവിധം ബി.ജെ.പിയും മറ്റു ഹിന്ദുത്വ സംഘടനകളും ഈ വിഷയം മാധ്യമങ്ങളിലും തെരുവിലും ചര്‍ച്ചയാക്കിയിരുന്നു. സമീപകാലത്ത് മുസ്‌ലിംകളുടെ പേരില്‍ ചാര്‍ത്തപ്പെട്ട പല സ്‌ഫോടനങ്ങളുടേയും പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് തെളിഞ്ഞപ്പോള്‍ അതിനെ പ്രതിരോധിക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനും ബി.ജെ.പി ഉപയോഗപ്പെടുത്തിയത് പാര്‍ലമെന്റ് ആക്രമണക്കേസും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുമായിരുന്നു. അന്വേഷണ വേളയില്‍ നിയമസഹായം ലഭിക്കാതിരുന്ന, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ കണ്ടെത്തിയ, സുപ്രീം കോടതി പോട്ട ആരോപണങ്ങള്‍ നീക്കിയ അഫ്‌സല്‍ ഗുരുവാണ് തൂക്കുകയറിലേക്ക് നീങ്ങുന്നത്.
വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ച ശേഷം പ്രതികള്‍ ശ്രമിക്കുന്ന അവസാനക്കൈയാണ് ദയാഹരജിയെങ്കിലും ആ ഒരു പരിഗണന അതിനു ലഭിക്കാറില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ദയ ലഭിക്കുമെന്നോ ഇല്ലെന്നോ അറിയാതെ വര്‍ഷങ്ങളോളം അനിശ്ചിതത്വത്തില്‍ കഴിയുക എന്നത് പ്രതികളോട് ചെയ്യുന്ന അപരാധമാണെങ്കിലും ഇതുപോലുള്ള സങ്കീര്‍ണമായ കേസുകളില്‍ മുതലെടുപ്പുകള്‍ക്കും വിദ്വേഷ പ്രചാരണത്തിനും സമയം നല്‍കുകയെന്ന ദുരന്തം കൂടിയുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളണമെന്ന ശുപര്‍ശ നല്‍കിയ വേളയില്‍തന്നെയാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പേരുടെ ദയാഹരജിയും തള്ളിയിരിക്കുന്നത്.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വധശിക്ഷ നല്‍കാമോ എന്ന ചര്‍ച്ചക്കുപരി വൈകാരികമായ മുതലെടുപ്പിനു സാധ്യതയുള്ള കേസുകളില്‍ കാലാതാമസം വരുത്തി അതിനു സൗകര്യം ചെയ്തു കൊടുക്കാമോ എന്ന വിഷയമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഭീകര സംഘടനകളുമായൊന്നും ബന്ധമില്ലാത്ത അഫ്‌സല്‍ ഗുരുവിന് പാര്‍ലമെന്റ് ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. സാഹചര്യതെളിവുകളിലാണ് വധശിക്ഷ വിധിച്ചത്. 2004 -ല്‍ ശിക്ഷ വിധിച്ച അഫ്‌സലിന് 2006-ല്‍ ശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. അഞ്ചുവര്‍ഷം നീട്ടിക്കൊണ്ടുപോയാണ് ഇപ്പോള്‍ തൂക്കിക്കൊല്ലുന്നതിലേക്കു തന്നെ നയിക്കുന്ന തരത്തിലൂള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി. എന്തിനായിരുന്നു ഈ വെച്ചുതാമസിപ്പിക്കലെന്ന ചോദ്യം ന്യായമാണ്. അഫ്‌സല്‍ ഗുരുവിന്റെ കുടുംബക്കാര്‍ ഇതിനകം പലതവണ ദയക്കായി അഭ്യര്‍ഥിച്ചു. തൂക്കിക്കൊല്ലുന്നതിനെതിരെ പൗരാവകാശ ഗ്രൂപ്പുകള്‍ പ്രചാരണം നടത്തി.
ആകെ ഉണ്ടായ നേട്ടം ബി.ജെ.പിക്കു മാത്രമാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭീകരവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരാണെന്ന് അവര്‍ നാഴികക്ക് നാല്‍പതു വട്ടം പ്രചരിപ്പിച്ചു. കിരാതമായ സ്‌ഫോടനങ്ങള്‍ നടത്തി അതിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പിക്കപ്പെട്ട മുസ്്‌ലിം ചെറുപ്പക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് അന്വേഷണ ഏജന്‍സികളേയും സര്‍ക്കാരുകളേയും തടയാന്‍ ഇതിലൂടെ ഹിന്ദുത്വ സംഘടനകള്‍ക്ക് സാധിച്ചു.
ഏതു കുറ്റകൃത്യമായാലും അതിനു ഇരയായവരെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ നീതി നീട്ടിക്കൊണ്ടു പോകരുതെന്ന തത്ത്വം അഫസല്‍ ഗുരു കേസിനും ബാധകമാണ് എന്നതിലുപരി രാജ്യത്തെ ആശങ്കപ്പെടുത്തേണ്ടത് കേസുകള്‍ വെച്ചുള്ള മുതലെടുപ്പിനെയാണ്. വിദ്വേഷം വളര്‍ത്തി ലക്ഷ്യം നേടുകയെന്നത് രാഷ്ട്രീയ തന്ത്രമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു തരത്തിലും അവസരമൊരുക്കാന്‍ പാടില്ലാത്തതാണ്. വിശാലമായ അര്‍ഥത്തില്‍ അനിശ്ചിതത്വവുമായി കാത്തിരിപ്പ് തുടരുന്ന പ്രതിയോട് ചെയ്യുന്ന നീതിയും വേഗമായിരിക്കും.
ഈ പശ്ചാത്തലത്തില്‍ തടിയന്റവിടെ നസീറിനും ഷഫാസിനും വിധിച്ചിരിക്കുന്ന ജീവപര്യന്തം രാഷ്ട്രീയ മുതലെടുപ്പിനായി മതവിദ്വേഷം വളര്‍ത്തുന്ന തല്‍പര കക്ഷികള്‍ക്കുള്ള തിരിച്ചടിയാണ്.
ഇരട്ടസ്‌ഫോടനം സര്‍ക്കാരിനെതിരായ പ്രതിഷേധമെന്നതുപോലെ തന്നെ മതവിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളതു കൂടിയായിരുന്നു എന്നു പറയുന്ന വിധിന്യായത്തില്‍ തീര്‍ച്ചയായും രണ്ടാമത്തേതാണ് രാജ്യദ്രോഹമെന്ന നിലയിലും സമൂഹത്തോട് ചെയ്യുന്ന അപരാധമെന്ന നിലയിലും പ്രാധാന്യമര്‍ഹിക്കുന്നത്. പ്രതിഷേധം ഭീകരതയായി മാറിയ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും ഇപ്പോള്‍ ജിവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്ന തടിയന്റവിട നസീര്‍ പ്രതിയാണ്. പ്രതിഷേധം തീവ്രവാദവും ഭീകരതയും രാജ്യദ്രോഹവുമാകാന്‍ വളരെ നേരിയ വ്യത്യാസമേയുള്ളൂ എന്ന പാഠത്തിനു കൂടി അടിവരയിടുന്നതാണ് ഇരട്ടസ്‌ഫോടന കേസിലെ എന്‍.ഐ.എ കോടതിയുടെ വിധി.


Related Posts Plugin for WordPress, Blogger...