Pages

3/7/09

റസൂലിന്റെ നാട്ടുകാരനാ...പത്രം ഓഫീസിലേക്ക്‌ വിളിച്ച മല്‍ബു പറഞ്ഞു:
ഒരു വാര്‍ത്ത കൊടുക്കാനുണ്ടായിരുന്നു. റസൂലിനുള്ള അഭിനന്ദനമാ. ഫാക്‌സില്‍ അയച്ചിട്ടുണ്ട്‌.
അതില്‍ റസൂല്‍ എന്നു മാത്രമേ എഴുതിയിട്ടുള്ളൂ കേട്ടോ. അങ്ങനെ കൊടുത്തേക്കരുതേ. റസൂല്‍ പൂക്കുട്ടി എന്നുതന്നെ കൊടുക്കണം.
അതെന്താ അങ്ങനെ?
റഹ്‌മാനും റസൂലും കൂടി ആകെ കുടുങ്ങിയിരിക്കാ. അറബികളോടൊന്നും അവരുടെ പേരു പറയാന്‍ പറ്റുന്നില്ല. കേള്‍ക്കുമ്പോള്‍ അവര്‍ മൂക്കത്ത്‌ വിരല്‍ വെക്കുന്നു. അതോണ്ട്‌ ഇപ്പോള്‍ എ.ആര്‍, പൂക്കുട്ടി എന്നൊക്കെയാ പറയാറ്‌.
പക്ഷെ, അങ്ങനെയാണെങ്കിലും നമുക്ക്‌ ഇപ്പോള്‍ നല്ല നിലയും വിലയുമൊക്കെയുണ്ട്‌.
മുണ്ട്‌ കുത്തിയുടുത്ത്‌ നടക്കുന്ന മല്‍ബു ഓസ്‌കര്‍ തിളക്കത്തിലല്ലേ?
തലയെടുപ്പോടെ നടക്കാം.
ചന്ദ്രനില്‍ നമ്മുടെ പതാക പറപ്പിച്ചപ്പോഴായിരുന്നു ഇതിനു മുമ്പ്‌ ഈ തലയെടുപ്പ്‌.
അന്ന്‌ അറബി പത്രത്തില്‍ വന്ന ലേഖനവുമായിട്ടായിരുന്നു നടപ്പ്‌.
ഇപ്പോള്‍ ഇതാ റസൂല്‍ പൂക്കുട്ടിയും മല്‍ബുവിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു.
പിന്നെ, അയച്ച വാര്‍ത്ത ഒട്ടും കുറക്കരുത്‌ കേട്ടോ.
ഇത്ര ദീര്‍ഘമായി എഴുതിയാല്‍ എങ്ങനെ പത്രത്തിലിടും? -എഡിറ്ററുടെ മറുപടി.
എല്ലാവരുടേയും പേര്‌ കൊടുക്കണം സാറേ. ഇല്ലെങ്കില്‍ ആകെ കുഴപ്പമാകും. എല്ലാവരും വി.ഐ.പികളാ. ആരുടെയെങ്കിലും പേര്‌ വിട്ടുപോയാല്‍ അവരെന്നോട്‌ ശണ്‌ഠ കൂടും.
സാറിനു നിര്‍ബന്ധമാണെങ്കില്‍ റഹ്‌മാന്റേയും പൂക്കുട്ടിയുടേയും പോരിശ കുറച്ച്‌ ഒഴിവാക്കിക്കോ. അതേ ഒരു മാര്‍ഗമുള്ളൂ. അതൊക്കെ എമ്പാടും പത്രത്തില്‍ വന്നതാണല്ലോ?
പൂക്കുട്ടിയുടെ മറവില്‍ സ്വന്തം പൂക്കുറ്റി പൊട്ടിക്കാന്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ടാകാമെങ്കിലും അത്തരം ഉപായങ്ങള്‍ക്കൊന്നും മെനക്കെടാതെ തന്നെ ആനന്ദാശ്രു പൊഴിച്ച മല്‍ബുകള്‍ ധാരാളം കാണും.
കൊച്ചു കുട്ടികള്‍ക്ക്‌ പുസ്‌തകങ്ങള്‍ നല്‍കുമ്പോഴും വീല്‍ചെയര്‍ സമ്മാനിക്കുമ്പോഴും മാത്രമല്ല, ചരമവാര്‍ത്തയില്‍ പോലും പേരച്ചടിച്ച്‌ ഞെളിയുന്നവര്‍ക്ക്‌ ഒരു പൂക്കുട്ടി സുഖം ലഭിച്ചതിന്‌ ആരേയും കുറ്റം പറയേണ്ട.
മരിച്ചയാളുടെ പേര്‌ വന്നില്ലെങ്കില്‍ പോലും ബന്ധുക്കളുടെ പേരും പദവിയും വരുന്നതിലാണ്‌ കാര്യം. സമ്മാനം ഏറ്റുവാങ്ങുന്ന കുട്ടിയെ ഫോട്ടോയില്‍ കണ്ടില്ലെങ്കിലും കുട്ടിക്കു ചുറ്റും ജിറാഫുകളെ പോലെ ഉയര്‍ന്നുനില്‍ക്കണം സംഘടനക്കാര്‍.
ഓസ്‌കറിലൂടെ യശസ്സുയര്‍ന്നപ്പോള്‍ വിളക്കുപാറ ഉള്‍പ്പെടുന്ന ജില്ലക്കാര്‍ മാത്രമല്ല, മറ്റു ഭാഗങ്ങളിലുള്ള മല്‍ബുകളും സന്തോഷം പങ്കിട്ടിരുന്നു. സ്വയം സന്നദ്ധരായി മറ്റുള്ളവരെ മധുരം തീറ്റിച്ചവരും അതിനു മുന്നോട്ടുവരാത്ത പിശുക്കന്മാരെ പഴുപ്പിച്ച്‌ ചെലവ്‌ ചെയ്യിച്ചവരും കാണും.
ജോലിക്കുള്ള അപേക്ഷയില്‍ ഇനി റസൂലിന്റെ നാട്ടുകാരെന്ന്‌ പ്രത്യേകം എഴുതാം അല്ലേ?
എന്തായാലും ഒരു ചെറിയ പരിഗണന ഇല്ലാതിരിക്കുമോ?
റസൂല്‍ പൂക്കുട്ടിയുടെ വീട്ടിനടുത്താണോ നിങ്ങള്‍?
ഒരു നൂറു കിലോമീറ്റര്‍ അടുത്തു വരും. അതിനെന്താ സാറേ. അറബികള്‍ക്കെവിടെ വിളക്കുപാറയും ചുവന്ന കുന്നും ചേറ്റംകുന്നും തിരിച്ചറിയുന്നു.
എല്ലാം മല്‍ബുകള്‍ തന്നെ. മലബാരികള്‍.
അതിന്‌ റസൂലിന്റെ നാട്‌ ഇപ്പോള്‍ മുംബൈയിലല്ലേ? ബാല്‍താക്കറേയുടെ നാട്ടുകാരന്‍ എന്നതാകും കൂടുതല്‍ ശരി.
സോണിയാ ഗാന്ധി മാത്രമല്ല, അദ്വാനിയും ജയ്‌ഹോ പാടുന്നതിനാല്‍ തല്‍ക്കാലം ബാല്‍താക്കറെ പുറത്താക്കില്ലെന്നു കരുതാം.
ശങ്ക വേണ്ട, ഓസ്‌കര്‍ സ്വീകരിച്ചുകൊണ്ട്‌ കൊഡാക്‌ തിയേറ്ററില്‍ പൂക്കുട്ടി കാച്ചിയത്‌ കേള്‍ക്കാത്തതുകൊണ്ടാ ഇങ്ങനെയൊക്കെ. ആ കാച്ചലില്‍ താക്കറെയും അദ്വാനിയും മാത്രമല്ല, സാക്ഷാല്‍ തൊഗാഡിയ പോലും വീണിട്ടുണ്ടാകും.
ഓസ്‌കര്‍ മഹിമ കൊണ്ട്‌ നാട്ടില്‍ എങ്ങനെ നാല്‌ വോട്ട്‌ നേടാനാകുമെന്നാണ്‌ സോണിയാ ഗാന്ധിയും അദ്വാനിയും നോക്കുന്നത്‌.
അന്താരാഷ്‌ട്ര തലത്തില്‍ അതിന്റെ വ്യാപാര സാധ്യത അളക്കുന്നത്‌ പാവം മല്‍ബു മാത്രം.

2 comments:

 1. റസൂലേ നിന്‍ കനിവാലെ
  റസൂലേ നിന്‍ വരവാലേ


  നല്ലതാണേല്‍
  മ്മടെ സ്വന്തം റസൂല്‍
  മ്മടെ ജാതീ
  ന്റെ നാട്ടുകാരന്‍ ...
  അല്ലങ്കിലോ ?

  “അന്താരാഷ്‌ട്ര തലത്തില്‍ അതിന്റെ വ്യാപാര സാധ്യത അളക്കുന്നത്‌ പാവം മല്‍ബു മാത്രം.”
  ഇതാണ് ആ ഓസ്കറിന്റെ ഉദ്ദെശവും !
  നല്ല വിശകലനം !!

  ReplyDelete
 2. കുറിക്കു കൊള്ളിക്കാന്‍ അറിയാല്ലോ മാഷെ... അഭിനന്ദനങ്ങള്‍
  ഇനിയും ഇനിയും നന്നായി എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
  അമ്മയുടെ അസുഖം കുറവുണ്ടോ ? ഇവിടെ എത്തിയ വഴിയില്‍ കണ്ടു അതാണ് ചോദിച്ചത്.

  ReplyDelete

Related Posts Plugin for WordPress, Blogger...