11/21/12

പൊണ്ണത്തടിയന്മാരുടെ ഒരു കാര്യം



 


വണ്ണം ഇനിയും കൂടിയാല്‍ വിമാനത്തില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ടി വരും. ജാഗ്രതൈ
 
സഹയാത്രികനായി ഒരു പൊണ്ണത്തടിയനുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടി ഇത്തിരി വിട്ടുവീഴ്ച ചെയ്ത് സീറ്റില്‍ ഒതുങ്ങയിരിക്കുക എന്നത് സാമാന്യ മര്യാദയാണ്. ബസിലായാലും ട്രെയിനിലായാലും വിമാനത്തിലായാലും ഉറക്കം തൂങ്ങി ദേഹത്തേക്ക് വീഴുന്നവരെ പോലെ തന്നെ ശപിക്കപ്പെടുന്നവരാണ് സീറ്റിന്റെ ബഹുഭൂരിഭാഗവും കവര്‍ന്ന് ഒന്നനങ്ങാന്‍ പോലുമാകാത്ത വിധം മുറുകി ഇരിക്കുന്നവര്‍. 
എന്തൊരു കഷ്ടപ്പാടാണിത്, തടി കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്തുകൂടേ എന്ന നമ്മുടെ സഹതാപര്‍ഹമായ ചോദ്യത്തില്‍ ഒട്ടും കാര്യമില്ല. ഓരോ പൊണ്ണത്തടിയനും തടിച്ചിയും കൊണ്ടുനടക്കുന്ന ആധി പറഞ്ഞാല്‍ തീരില്ല. ഭക്ഷണം പാതിയാക്കിയും കഠിനവ്യായാമത്തിലേര്‍പ്പെട്ടും ചികിത്സകള്‍ നടത്തിയും പരാജയപ്പെട്ട് വിധിയെ പഴിച്ചു കഴിയുന്നവരായിരിക്കും മിക്ക പൊണ്ണത്തിടയന്മാരും. ഇക്കൂട്ടരുടെ എണ്ണം ഓരോ സമൂഹത്തിലും കൂടിക്കൂടി വരികയാണ്. അതില്‍ പണക്കാരെന്നോ പാവങ്ങളെന്നോ ഇല്ല. അധികമായി തിന്ന് മദിക്കാന്‍ അവസരങ്ങളില്ലാത്തവരും തടി കൊണ്ടുള്ള അലോസരങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. തിന്നിട്ടുള്ള തടിയല്ല, ഒരുതരം രോഗാവസ്ഥയാണ് പൊണ്ണത്തടി പലര്‍ക്കും. മരുന്നു കമ്പനികള്‍ക്കും വിദഗ്ധ ഡോക്ടര്‍മാര്‍ക്കും പണം കൊയ്യാനുള്ള അവസരം കൂടി ഒരുക്കിയാണ് ഓരോ പൊണ്ണത്തടിയനും നമ്മോടൊപ്പം യാത്ര ചെയ്യാനും പ്രാര്‍ഥനകളില്‍ അണി ചേരാനും എത്തുന്നു. സാഷ്ടാംഗം വരെയുള്ള ശരീര ചലനങ്ങള്‍ ആവശ്യമായ നമസ്‌കാരത്തില്‍ ആയാസപ്പെടുന്നവര്‍ നമുക്ക് ദൈവത്തോട് നന്ദി പറയാനുള്ള അവസരം ഒരുക്കുന്നതോടപ്പം നമ്മുടെ പ്രാര്‍ഥനക്കും അര്‍ഹരായിത്തീരുന്നു. 
അമിതവണ്ണമുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന വാഹനങ്ങള്‍ മുതല്‍ എല്ലാ രംഗത്തും അവസരങ്ങള്‍ മുതലെടക്കാനുള്ള കച്ചവടക്കണ്ണ് താമസിയാതെ വിമാനയാത്രക്കാരെയും പിടികൂടും. അതിനുള്ള സൂചനകള്‍ ഉദാരവല്‍കരണത്തിനും ആഗോളവല്‍കരണത്തിനുമായി നാം കണ്ണയച്ചുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ കണ്ടു തുടങ്ങി. പ്രായപൂര്‍ത്തിയായവരില്‍ 30 ശതമാനത്തിലേറെ അമിതവണ്ണമുള്ളവര്‍ താമസിക്കുന്ന അമേരിക്കയിലെ വിമാനക്കമ്പനികള്‍ ഭീമന്‍ യാത്രക്കാരെ എങ്ങനെ ചൂഷണം ചെയ്യാമെന്ന ചിന്തയിലാണ്. അവരുടെ ചിന്ത അനുകരിക്കാന്‍ നിര്‍ബന്ധിതരായ മൂന്നാം ലോകത്തെ നമ്മുടെ വിമാനക്കമ്പനികള്‍ക്കും വേറിട്ടൊരു ആലോചനക്ക് പഴുതില്ല. പാശ്ചാത്യലോകത്തുനിന്ന് അനുകരിക്കുമ്പോള്‍ നല്ലതു മാത്രമേ ആകാവു എന്ന ചിന്ത പാടുള്ളതല്ല. നല്ലതുമതി നമ്മള്‍ക്കു എന്നു ചിന്തിക്കുമ്പോള്‍ ഒന്നിനും കൊള്ളാത്തവനെന്ന് ്ചിത്രീകരിച്ച് പ്രധാനമന്ത്രിയെ പോലും സമ്മര്‍ദത്തില്‍ അകപ്പെടുത്തും. നാട്ടിലെ സമ്മര്‍ദം കാരണം ഉദാരവല്‍കരണത്തില്‍ ഇത്തിരി മെല്ലെപ്പോക്ക് നയം സ്വീകരിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ മാധ്യമങ്ങളില്‍് വിമര്‍ശിക്കപ്പെട്ടപ്പോള്‍ വര്‍ധിതവീര്യത്തോടെയാണ് ഇപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്നത്. 
അമിതവണ്ണമുള്ളവരോട് വിമാന യാത്രക്ക് അമിത ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്ന നിഗമനത്തിലേക്കാണ് ചര്‍ച്ചകളുടെ പോക്ക്. ചില കമ്പനികളാകട്ടെ തടിയന്മാര്‍ക്ക് ഒരു സീറ്റ് അധികം നല്‍കി ചാര്‍ജ് ഈടാക്കിത്തുടങ്ങി.  
ഭക്ഷണം, ബാഗേജ് മുതല്‍  കാല് നീട്ടിവെക്കാനുള്ള സൗകര്യംവരെ യാത്രക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍  അധിക ചാര്‍ജ് നല്‍കി ലഭ്യമാക്കാവുന്ന സൗകര്യങ്ങളുണ്ട്. അതേസമയം, വിമാനത്തിലെ സാധാരണ സീറ്റില്‍ കൊള്ളാത്തവര്‍ അധിക തുക നല്‍കി പാപഭാരം പേറണമെന്ന വിവേചനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 17 ഇഞ്ച് വീതിയുള്ള ഇക്കണോമി ക്ലാസ് സീറ്റില്‍ കൊള്ളാത്തവരെ പിഴിയാന്‍ വിമാനക്കമ്പനികള്‍ നയം രൂപപ്പെടുത്തിയെന്ന് എയര്‍വാച്ച്‌ഡോഗ് ഡോട് കോം പ്രസിദ്ധീകരിച്ച റിലീസില്‍ പറയുന്നു. ബാഗേജിന്റെ സൈസ് തീരുമാനിച്ചതുപോലെ യാത്രക്കാരുടേയും സൈസ് തീരുമാനിക്കപ്പെടുകയാണ്. അമിതവണ്ണമുള്ളവര്‍ രണ്ടാമതൊരു സീറ്റ് കൂടി ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകും.
സ്വാഭാവികമായും ഇരകളാക്കപ്പെടുന്ന തടിയന്മാരുടെ ഭാഗത്തുനിന്ന് ക്രൂരവിവേചനമെന്ന ആവലാതികള്‍ ഉയരുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും അനിവാര്യമെന്നാണ് ഒരിക്കലെങ്കിലും സമീപത്തിരിക്കുന്ന പൊണ്ണത്തടിയന്റ അസൗകര്യം അനുഭവിച്ചവരും അത്തരക്കാര്‍ ശല്യമായിരിക്കുമെന്ന നിഗമനത്തിലെത്തുന്നവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കല്ല, വിമാനക്കമ്പനികള്‍ക്കാണ് ഉത്തരവാദിത്തമെന്നാണ് എയര്‍വാച്ച്‌ഡോഗ് സ്ഥാപകനായ ജോര്‍ജ് ഹോബിക്കയുടെ അഭിപ്രായം.
വിമാനക്കമ്പനികള്‍ക്ക് പൊതുസുരക്ഷാ നിബന്ധനകളുണ്ട്. തൊട്ടടുത്ത സീറ്റ് കവരുന്നതിനേക്കാള്‍ പ്രധാനമാണ് ഇത്. സീറ്റിലെ കൈത്താങ്ങ് താഴ്ത്താനും സൗകര്യപ്രദമായി സീറ്റ് ബെല്‍റ്റ് ഇടാനും സാധിക്കണം. ചില വിമാനക്കമ്പനികള്‍ തടിന്മാര്‍ക്ക് സീറ്റ് ബെല്‍റ്റിന് നീളും കൂട്ടാനുള്ള എക്്‌സറ്റന്‍ഡേഴ്‌സ് നല്‍കാറുണ്ട്. അമിതവണ്ണമുള്ള യാത്രക്കാര്‍ സ്വന്തമായി എക്‌സറ്റന്‍ഡേഴ്‌സ കരുതുന്നതിനു വിലക്കുമുണ്ട്. ആളുകളുടെ തടി കൂടുന്നതല്ലാതെ വിമാനങ്ങളിലെ സീറ്റികളില്‍ മാറ്റം വരുന്നില്ല.
എയര്‍ കാനഡ പോലുളള ചില അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അമിതവണ്ണമുള്ളവര്‍ക്ക് കൂടുതലായി ഒരു സീറ്റ് സൗജന്യമായി നല്‍കാറണ്ട്. ഒറ്റ സീറ്റില്‍ കൊള്ളാത്തവരാണെന്നു ബോധ്യമുള്ളവര്‍ ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള കമ്പനികളുടെ നയം. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവപരോട് സൗകര്യപ്രഥമായ അടുത്ത വിമാനത്തില്‍ വന്നാല്‍ മതിയെന്ന് പറയാന്‍ അവകാശമുണ്ടെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പോലുള്ള ചില കമ്പനികള്‍ വ്യവസ്ഥ വെച്ചിട്ടുണ്ട്. അന്യന്റെ സീറ്റിീലെ അല്‍പഭാഗം കവര്‍ന്നാല്‍ ഒരു സീറ്റിന്റെ ചാര്‍ജ് കൂടി ഈടാക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്. വിമാനത്തില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ കൂടുതല്‍ പണം പിടുങ്ങുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലതെ ഈ നയം നടപ്പിലാക്കും. കൈത്താങ്ങ് താഴ്ത്താന്‍ പറ്റാത്തവര്‍ രണ്ടാമതൊരു സീറ്റിന്റെ തുക വാങ്ങുന്ന അമേരിക്കന്‍ എയര്‍ലൈന്‍സും എയര്‍ ട്രാനും സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രണ്ടാമത്തെ ടിക്കറ്റ് നല്‍കുകയെന്ന് അവകാശപ്പെടുന്നു. അടുത്ത വിമാനത്തില്‍ പോകാമെന്ന നിര്‍ദേശത്തിനു വഴങ്ങാത്ത തടിയന്മാര്‍ക്ക് മറ്റൊരു ടിക്കറ്റ് ചാര്‍ജ് കൂടി നല്‍കാതെ യു.എസ്.എയര്‍വേസില്‍ പോകാനാവില്ല. സാധാരണ സീറ്റികളേക്കാള്‍ ഒരു ഇഞ്ച് വീതിയുള്ള സീറ്റ് ഏര്‍പ്പെടുത്തിയ ജെറ്റ് ബ്ലൂ അധിക ചാര്‍ജ് ഈടാക്കാതെ തടിയന്മാര്‍ക്കായി വേറിട്ടുനില്‍ക്കുന്നു. 
ചുരുക്കത്തില്‍ ലഗേജ് പോലെ തന്നെ യാതക്കാരേയും തടിയും തൂക്കവും നോക്കി കടത്തിവിടുന്ന രീതിയിലാണ് കാര്യങ്ങള്‍.
അങ്ങനെ തന്നെ വേണമെന്നായിരിക്കും അടുത്ത സീറ്റിലെ തടിയനെ കൊണ്ടു കുഴങ്ങിയ യാത്രക്കാരുടെ പക്ഷം. കാശ് കൊടുത്തു് ടിക്കറ്റ് വാങ്ങുന്നത് സൗകര്യമായി ഇരുന്നു പോകാനാണല്ലോ. വിമാനത്തില്‍ കയറിയാലും ടേക്ക് ഓഫിനു മണിക്കൂറുകള്‍ എടുക്കുന്ന എയര്‍ ഇന്ത്യയിലാണ് യാത്രയെങ്കില്‍ പറയാനുമില്ല. 
പരിഹാരമായി എയര്‍വാച്ച്‌ഡോഗ് മുന്നോട്ടുവെക്കുന്ന ഒരു നിര്‍ദേശം ഇതാണ്. അധിക തുക വാങ്ങി കാല് നീട്ടിവെക്കാവുന്ന സീറ്റ് നല്‍കുന്നതുപോലെ ഇക്കണോമി ക്ലാസില്‍ വീതി കൂടുതലുള്ള വലിയ സീറ്റ് ഏര്‍പ്പെടുത്തണം. 
രണ്ടു സീറ്റിന്റെ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട പ്രവാസി മലയാളിത്തടിന്മാരുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അത്രയില്ലെങ്കിലും ഉണ്ടാകാതിരിക്കാന്‍ തരമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 

Related Posts Plugin for WordPress, Blogger...