7/25/10

അരി, പപ്പടം, അബായ


പപ്പടം ഉണ്ടാക്കുന്നത് നേരിട്ടു കണ്ടിരുന്നെങ്കില്‍ ഇയാള്‍ ഇത്ര വാശി പിടിക്കുമായിരുന്നില്ല.
ആരെങ്കിലും കണ്ടാല്‍ എന്തൊരു മോശായിത്. ഒരു പപ്പടത്തിനുവേണ്ടി ഇങ്ങനെയുമുണ്ടോ ദുര്‍വാശി?
ഹോട്ടല്‍ കൗണ്ടറിനു മുന്നില്‍ കശപിശ തുടര്‍ന്നപ്പോള്‍ മല്‍ബുവിന്റെ കമന്റ്.
കേട്ടിരുന്നയാള്‍ പപ്പടപ്രേമിയായിരുന്നതിനാല്‍ അപ്പോള്‍ തന്നെ കിട്ടി വായടപ്പന്‍ മറുപടി.
തീന്‍ മേശയില്‍ പപ്പടം ഇല്ലാത്തതിനാല്‍ ഈ വാദപ്രതിവാദം അപ്പോള്‍ തന്നെ ശമിച്ചുവെങ്കിലും കൗണ്ടറിനു മുന്നിലെ തര്‍ക്കം ടെലിവിഷന്‍ ചാനലുകളിലെ ഉത്തരംമുട്ടിച്ചുകൊണ്ടുള്ള ചര്‍ച്ച പോലെ നീണ്ടു.
പപ്പടം തീര്‍ന്നുപോയി മാഷേ. നാളെ രണ്ടെണ്ണം അധികം എടുക്കാം, ഇന്നൊന്ന് സബൂറാക്ക്.
ഇല്ല, പപ്പടം ഇല്ലാതെ എനിക്കിത് കഴിക്കാന്‍ കഴിയില്ല. ശീലിച്ചുപോയി, അതുകൊണ്ടാ.
മാസത്തില്‍ ഇടപാട് തീര്‍ക്കുന്ന കസ്റ്റമറായതിനാല്‍ ഹോട്ടലുടമ ഒന്നുകൂടി വിനയാന്വിതനായി.
നെയ്‌ച്ചോറല്ലേ സഖാവേ, ഇത് പപ്പടം ഇല്ലാതെയും കഴിക്കാമല്ലോ? വേണമെങ്കില്‍ കുറച്ചുകൂടി അച്ചാറു തരാം.
ആദ്യം മാഷ്, ഇപ്പോള്‍ സഖാവ്. ഞാനിതു രണ്ടുമല്ല. ഞാന്‍ എങ്ങനെ കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട. പപ്പടം തന്നേ തീരൂ.
ചോറിനുകൂടെ പപ്പടം എന്റെ അവകാശമാണ്. പപ്പടം കാച്ചാന്‍ അത്രയൊന്നും സമയം വേണ്ടല്ലോ.
ഞാന്‍ എത്രവേണമെങ്കിലും കാത്തുനിന്നോളാം.
ഹോട്ടലുടമ പിന്നെയും അനുനയത്തിനു ശ്രമിച്ചെങ്കിലും പപ്പടമില്ലാതെ എന്തു നെയ്‌ച്ചോറ് എന്ന മല്‍ബുവിന്റെ വാശിക്കു മുന്നില്‍ തോറ്റു.
ജോലിക്കാരനെ വിളിച്ച് കൃത്യം രണ്ട് പപ്പടം കാച്ചി നല്‍കാന്‍ നിര്‍ദേശം നല്‍കി.
ഇത്രയുംനേരം കാത്തുനിന്ന സ്ഥിതിക്ക് പത്ത് പപ്പടമെങ്കിലും തരേണ്ടതായിരുന്നുവെന്നുപറഞ്ഞ്, ഇന്ത്യ-പാക് ചര്‍ച്ച പോലെ വഷളായ രംഗവേദിക്ക് അല്‍പം അയവു വരുത്താന്‍ കസ്റ്റമറായ മല്‍ബു ശ്രമിച്ചെങ്കിലും ഹോട്ടലുടമയായ മല്‍ബു വിട്ടുകൊടുത്തില്ല.
ചോദിച്ചുവാങ്ങിയ അവകാശമല്ലേ, രണ്ടെണ്ണം കഴിച്ചാല്‍ മതി.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.
ഉപഭോക്തൃ ബോധവല്‍ക്കരണത്തിനുവേണ്ടി നാട്ടില്‍ എന്തെല്ലാം പരിപാടി നടക്കുന്നു. എത്രയെത്ര സൊസൈറ്റികള്‍, സംഘടനകള്‍. പക്ഷേ, പ്രവാസികളെ പോലെ ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് ബോധമുള്ളവര്‍ എവിടെയുമുണ്ടാകില്ല. ഉപഭോക്താവ് ശരിക്കും ചക്രവര്‍ത്തി ആകുന്നത് ഇവിടെ തന്നെയാണ്. നാട്ടിലാകുമ്പോള്‍ അതിന്റെ അര്‍ഥം വേറെ. കിംഗിനെ പോലെ സാധനങ്ങള്‍ വാങ്ങി പോകുകയെന്നതാണ് അവിടെ അര്‍ഥം. വിലപേശാന്‍ നിന്നാല്‍ അവിടെ മാനം പോയതുതന്നെ.
പ്രവാസികളാണ് മീന്‍വിലയും കെട്ടിട നിര്‍മാണ തൊഴിലാളികളുടെ കൂലിയും കൂട്ടിയതെന്ന ഒരു ചൊല്ല് നാട്ടില്‍ പാട്ടാണെങ്കിലും ഈയിടെ മീന്‍ വാങ്ങാന്‍ പോയ മല്‍ബു നാണം കെട്ടു മടങ്ങി.
മീന്‍വില കേട്ടപ്പോള്‍ അത് നേര്‍ പകുതിയാക്കിയൊന്നു പറഞ്ഞുനോക്കിയതാ.
മീന്‍കാരി കാര്‍ക്കിച്ചു തുപ്പി.
ഇതെവിടന്നു വരികാ. ഗള്‍ഫിലെന്നും പറഞ്ഞ് ബോംബേലോ മറ്റോ ആയിരുന്നോ. ഈ വിലക്കേ… ഇതില്‍നിന്ന് ഒരു മീന്‍പോലും കിട്ടില്ല. പച്ചക്കറിയും കിട്ടില്ല. പരിപ്പ് വാങ്ങി കഴിച്ചോളൂ.
സുഗന്ധം വിതറി ഗള്‍ഫുകാരന്‍ മീന്‍ വാങ്ങാന്‍ വന്നതോടെ ചുറ്റുമുണ്ടായിരുന്നവര്‍ സ്ഥലം കാലിയാക്കിയതിനാല്‍ മീന്‍കാരിയുടെ ആട്ട് കേള്‍ക്കാന്‍ വേറെ ആരുമില്ലാതിരുന്നത് സമാധാനം.
ബംഗാളികളോടും യെമനികളോടും എത്രകാലം വില പേശിയതാ.
ഒരിക്കലും കേട്ടിട്ടില്ല ഇതുപോലെ ഒരാട്ടെന്നത് സത്യം.
ഏതു സാധനത്തിനായാലും ഒരിക്കലും പറയുന്ന വില കൊടുക്കരുതെന്ന് വിമാനമിറങ്ങി അധിക നാളു കഴിയുന്നതിനു മുമ്പുതന്നെ കൂട്ടുകാരന്‍ ഉപദേശിച്ചിരുന്നുവെങ്കിലും അനുഭവത്തിലൂടെയാണ് ആ പാഠം ശരിക്കും ഉള്‍ക്കൊണ്ടത്.
ഒരിക്കല്‍ മല്‍ബിയോടൊപ്പം അബായ വാങ്ങാന്‍ പോയതായിരുന്നു. പര്‍ദ എന്നു കേള്‍ക്കുമ്പോള്‍ ഹമീദ് ചേന്ദമംഗലൂരും എം.എന്‍. കാരശ്ശേരിയും ചാടി വീഴുന്നതിനാല്‍ മല്‍ബു ഇപ്പോള്‍ അബായ എന്നേ പറയാറുള്ളൂ.
ആദ്യത്തെ കടയില്‍ കയറിയ മല്‍ബി വില കേട്ടു ഞെട്ടി. 190 റിയാല്‍.
ഇതൊരു 80-നു കിട്ടണം.
പിന്നെ, പകുതിയിലേറെ കുറച്ചിട്ടോ?
അതൊക്കെ കിട്ടും. രണ്ടു മൂന്ന് കടകളില്‍ കയറണം. നിങ്ങള് തിരക്ക് കൂട്ടാതിരുന്നാ മാത്രം മതി. ഇത് 80-നു വാങ്ങിയിട്ടേ ഇവിടെനിന്ന് പോകുന്നൂള്ളൂ.
അധികം മെനക്കെടേണ്ട. ഒരു 150-നു കിട്ടുമോന്ന് നോക്കിക്കോ. അതിലധികമൊന്നും കുറയില്ല.
നിങ്ങള് നോക്കിക്കോ. ഇതു 80-നുതന്നെ വാങ്ങും.
കടയില്‍നിന്ന് ഇറങ്ങുമ്പോള്‍ ബംഗാളി തിരിച്ചുവിളിക്കുന്നു.
നൂറ് റിയാല്‍. വേണോ... ബംഗാളി മുറി മലയാളത്തില്‍ മൊഴിഞ്ഞു.
ങും... മല്‍ബി വിടുന്നില്ല. 80 റിയാല്‍.
വേണ്ടെന്നുപറഞ്ഞ് വീണ്ടും ഇറങ്ങാന്‍ തുടങ്ങുന്നതിനുമുമ്പ് ബംഗാളി അബായ കീസിലാക്കി കഴിഞ്ഞിരുന്നു.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ് എന്നു പറയുമ്പോള്‍ ഒന്നര റിയാലിന്റെ അരി തിരികെ നല്‍കാന്‍ നാല് റിയാല്‍ ചെലവാക്കിയ മല്‍ബുവിനെ കുറിച്ച് പറയാതെ വയ്യ.
ഒട്ടും വേവുന്നില്ല മാഷേ. ഇത് കണ്ണൂരില്‍ കൊണ്ടുപോയാല്‍ വിവാഹത്തോടൊപ്പമുള്ള ആഭാസത്തിന് ഉപയോഗിക്കാം.
അരികൊണ്ടെന്താ അവിടെ പരിപാടി.
ചക്ക ചുമന്ന്് വിവാഹവേദിയിലെത്തിയ വരന്‍ വധുവിന് വരന്‍ പഴം നല്‍കുന്ന ഏര്‍പ്പാടുണ്ട്. പഴം അരിയില്‍ മുക്കി കൊടുക്കാനാണ് വരന്റെ ചങ്ങാതിമാര്‍ കല്‍പിക്കുക. ഈ അരിയാകുമ്പോള്‍ അതിനു പറ്റിയതാണ്.
ഇതെന്തു മട്ടയാണെന്നാ പറഞ്ഞത്. പാലക്കാടന്‍ മട്ടയെന്നോ? ഇതതൊന്നമല്ല, ഉഗാണ്ടന്‍ മട്ടയോ മറ്റോ ആണ്.
ഇതാ, അരക്കിലോ കാണും. ബാക്കി തിളപ്പിച്ചുപോയി. അതുകൊണ്ട് ഇങ്ങോട്ടെടുത്തില്ല. റിയാലിങ്ങെടുക്ക്.
അല്ല, നിങ്ങളിത് മടക്കിത്തരാനായിട്ടാണോ ഇങ്ങോട്ട് പോന്നത്. കടക്കാരന് അദ്ഭുതം.
അതേ, ബസ് കയറിയിങ്ങ് പോന്നു. നാല് റിയാല്‍ പോയാലെന്താ.
ആളുകളെ ഇങ്ങനെ പറ്റിക്കാന്‍ പാടില്ലല്ലോ?
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്.


7/18/10

റിസെഷന്‍ തിരിച്ചറിവ്


പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള കേരള ടീമിന്റെ സന്തോഷ് ട്രോഫി പ്രതീക്ഷകളെ കുറിച്ച് ചാനലുകള്‍ അഭിപ്രായം ചോദിക്കാത്ത ആളുകളില്ല. ഇങ്ങോട്ട് ചോദിക്കാത്തവര്‍ അങ്ങോട്ട് വിളിച്ചും അഭിപ്രായം കാച്ചി.
ലോകകപ്പ് പ്രവചനങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പോള്‍ നീരാളിയോട് ഇക്കാര്യം എന്തുകൊണ്ട് ചോദിച്ചുകൂടാ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പോള്‍ മരിച്ചുവെന്ന സുഹൃത്തിന്റെ ബ്രേക്കിംഗ് ന്യൂസ് ഇ മെയില്‍.
സ്‌പെയിനിന്റെ ഒന്നാം സ്ഥാനവും ജര്‍മനിയുടെ മൂന്നാം സ്ഥാനവുമൊക്കെ പ്രവചിച്ച പോളിനോട് ഇന്ത്യയുടെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു ചിരിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവത്രെ.
നീരാളിയുടെ രംഗപ്രവേശത്തെ തുടര്‍ന്നുള്ള ഹാസ്യ ഭാവനകള്‍ ഇ മെയിലുകളായും എസ്.എം.എസുകളായും പരന്നുകൊണ്ടിരിക്കുന്നു.
നീരാളി സ്ഥാനം പിടിച്ചടക്കിയതിനെ തുടര്‍ന്ന് പാവം തത്തമ്മയ്ക്ക് ജോലി പോയെന്നും തത്തമ്മ വേറെ ജോലി അന്വേഷിക്കുകയാണെന്നും ചിത്രസഹിതമുള്ള ഇ മെയില്‍ വേറെ.
ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ ആയിരുന്നു നീരാളിക്കു പിറകിലെങ്കില്‍ അന്ധവിശ്വാസത്തേയും ബ്ലാക്ക് മാജിക്കിനെയുമൊക്കെ പഴിക്കാമായിരുന്നു. ഇതിപ്പോ സായ്പ്പന്മാര്‍ പറയുമ്പോള്‍... നീരാളി പറഞ്ഞതിനനുസരിച്ചായിരുന്നുവത്രെ വമ്പന്മാരായ താരങ്ങള്‍ പോലും പന്തുരുട്ടിയിരുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആലിബാബ 41 കള്ളന്മാരുടെ സംഘത്തില്‍നിന്ന് 20 പേരെ പിരിച്ചുവിട്ടുവെന്ന് അന്ന് പ്രചരിച്ച തമാശകളിലൊന്ന്. സാമ്പത്തിക പ്രതിസന്ധി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍ സംഘബലം 41 തന്നെയാക്കാനുള്ള പുതിയ റിക്രൂട്ട്‌മെന്റ് തുടങ്ങിയിരിക്കയാണത്രെ ഇപ്പോള്‍ ആലിബാബ.
അപ്രതീക്ഷിതമായി പിടിമുറുക്കിയ സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്ന പ്രവാസികളുടെ ജീവിത രീതിയില്‍ വലിയ മാറ്റം വരുത്തിയെന്നാണ് ചില മഹാന്മാരൊക്കെ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
വീണ്ടും ഗള്‍ഫ് നാടുകള്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് ചിലര്‍ ഈ അഭിപ്രായത്തിലെത്തിയതെങ്കില്‍ മറ്റുചിലര്‍ ഇങ്ങോട്ടുവരാതെ തന്നെയാണ് നിഗമനത്തിലെത്തിയത്.
വര്‍ഷത്തിലൊരിക്കലെങ്കിലും ഗള്‍ഫ് കാണാന്‍ അവസരം ലഭിച്ചവര്‍ ഇപ്പോള്‍ വീണ്ടുമൊരവസരത്തിനായി കാത്തിരുന്ന് മടുത്തു. അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ നിഗമനത്തിലെത്തുക എളുപ്പം.
മടങ്ങിപ്പോകുമ്പോള്‍ മുമ്പൊക്കെ വലിയ ഭാണ്ഡവും പേറി പോയിരുന്നവര്‍ കനമില്ലാതെ മടങ്ങിയപ്പോഴും നിഗമനം എളുപ്പമായി.
മുമ്പ് നൂറു റിയാലിന്റെ പെര്‍ഫ്യൂം നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ അഞ്ചും പത്തും റിയാലിന്റേത് കൊണ്ട് ഒപ്പിക്കുമ്പോള്‍ പ്രവാസിയുടെ പ്രതിസന്ധി എളുപ്പം മനസ്സിലാക്കാമല്ലോ?
പ്രതിസന്ധി നീങ്ങിവരുന്നതേയുള്ളൂ മാഷേ. കുറച്ചൂടി ഒന്നു ക്ഷമിക്ക്.
അടുത്ത പരിപാടി തട്ടിക്കൂട്ടുമ്പോള്‍ ആദ്യത്തെ ചാന്‍സ് നിങ്ങള്‍ക്ക്.
പേരുകേട്ട ഗള്‍ഫിലെ ആതിഥേയനായ മല്‍ബു ഫോണില്‍ മറുപടി നല്‍കുകയായിരുന്നു.
ആര്‍ക്കാ ചാന്‍സ് ഉറപ്പു നല്‍കുന്നത്?
ഒന്നും പറയണ്ടാ. ഗള്‍ഫ് കണ്ട നാളു മറന്നൂന്നും എന്താ ഞങ്ങളെയൊക്കെ മറന്നോന്നും ആണ് ചോദ്യം. പ്രതിസന്ധിയൊക്കെ നീങ്ങി ഗള്‍ഫ് പണ്ടത്തെ പോലെ തന്നെ ആയെന്നാണ് എല്ലാവരുടേയും വിചാരം. നമുക്കല്ലേ അറിയൂ ഇവിടത്തെ കാര്യങ്ങള്‍. അവര്‍ക്കൊക്കെ വരണം, കാണണം, പണം പിരിക്കണം, സമ്മാനങ്ങളുമായി മടങ്ങണം.
കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഒറ്റ കോണ്‍ട്രാക്ടും ഇനി ബാക്കിയില്ല. പണിക്കാരെ എന്തു ചെയ്യണം എന്നറിയതെ മേലോട്ട് നോക്കുകയാ ഞാന്‍.
എന്നാലും പ്രതിസന്ധി ഇപ്പോള്‍ അത്ര ഗുരുതരമല്ലല്ലോ? നിങ്ങളുടെ മറ്റു സ്ഥാപനങ്ങളെല്ലാം ഉഷാറല്ലേ? ആശുപത്രിയില്‍ തിരക്കോടു തിരക്കാണല്ലോ?
അങ്ങനെയൊന്നും പറയാറായിട്ടില്ല. പ്രതിസന്ധി മെല്ലെ നീങ്ങിത്തുടങ്ങുന്നു എന്നു വേണമെങ്കില്‍ പറയാം. എന്നാലും നമ്മള്‍ സൂക്ഷിക്കണം. ചെലവു നന്നായി ചുരുക്കണം. പത്ത് വണ്ടിയുണ്ടായിരുന്നു എനിക്ക്. ഇപ്പോള്‍ രണ്ടെണ്ണം മാത്രമേയുള്ളൂ. ദാ നോക്കിയേ, രണ്ട് പാക്കറ്റ് സിഗരറ്റ് വലിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു പാക്കറ്റ് മാത്രമേ വലിക്കുന്നുള്ളൂ.
പിന്നെ കാര്യമായിട്ടുള്ള ഒരു ചെലവ് നാട്ടില്‍നിന്ന് വരുന്ന നേതാക്കള്‍ക്കായിരുന്നു. ജാതിയോ മതമോ പാര്‍ട്ടിയോ സാഹിത്യകാരന്മാരുടെ പരസ്പര വൈരമോ ഒന്നും നോക്കിയിരുന്നില്ല. ആരു വന്നാലും അവരെ എയര്‍പോര്‍ട്ടില്‍നിന്ന് പിക്ക് ചെയ്യുന്നതു മുതല്‍ തിരിച്ചെത്തിക്കുന്നതുവരെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നു.
അതല്ലേ നിങ്ങളിത്രയും പ്രശസ്തനാകാന്‍ കാരണം. ഗള്‍ഫിലേക്ക് ആരു വരുമ്പോഴും നിങ്ങളെയല്ലേ ആദ്യം വിളിക്കുന്നത്.
അതൊക്കെ അവരുടെ കാര്യത്തിനല്ലേ. ദേ ഇപ്പോ കണ്ടില്ലേ, മറന്നുപോയോ എന്നു ചോദിച്ചായിരുന്നു വിളി. അതുതന്നെ കാര്യം. കഴിഞ്ഞാഴ്ച നാട്ടില്‍ എന്റെ ഒരു വണ്ടി പിടിച്ചു. പലരേയും ഞാന്‍ വിളിച്ചു നോക്കി. ഒരാളും ഫോണെടുത്തില്ല. ഈയിടെ വന്ന് പണം പിരിച്ചു ബാഗ് നിറച്ചു പോയവരുടെ പത്ര പ്രസ്താവനകള്‍ വായിച്ചില്ലേ. ഗള്‍ഫ് പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന്. കേട്ടാല്‍ തോന്നും അവരൊക്കെ ഉംറ നിര്‍വഹിക്കാനാണ് വന്നിരുന്നതെന്ന്.
ഇല്ല, ഇനി സംഭാവനകളൊക്കെ എഴുതുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം.
താങ്ക്‌സ് ടു റിസെഷന്‍.



7/11/10

എയര്‍പോര്‍ട്ടിലെ പോര്‍ട്ടര്‍


എയര്‍പോര്‍ട്ടില്‍ തലങ്ങും വിലങ്ങും പായുകയാണ് മല്‍ബുവും കൂട്ടുകാരനും.
ആരായാലും ശ്രദ്ധിച്ചു പോകുന്ന തരത്തിലാണ് അവരുടെ മട്ടും ഭാവവും. വിമാനം പുറപ്പെടാന്‍ ഇനി അധിക നേരമില്ല. അതിനിടയിലാണ് ട്രോളിയും തള്ളിയുള്ള ഈ പരക്കം പാച്ചില്‍.
നീണ്ടു മെലിഞ്ഞു താടിയുള്ള ഒരാളെ കണ്ടോ? കൈയിലൊരു തോര്‍ത്തോ കര്‍ച്ചീഫോ ഉണ്ടായിരുന്നു.
പോര്‍ട്ടറാണോ? മലയാളി ആണോ? എന്താ പ്രശ്‌നം?
ആരെങ്കിലും കബളിപ്പിച്ചോ നിങ്ങളെ?
ഏയ്, അതൊന്നുമല്ല. അയാളെ കണ്ടാല്‍ ഒരു കാര്യമുണ്ടായിരുന്നു.
എന്തു കാര്യായാലും വേഗം നോക്കിക്കോ. ഫ്‌ളൈറ്റ് പോകാന്‍ ഇനി അര മണിക്കൂറേയുള്ളൂ.
എയര്‍പോര്‍ട്ടില്‍ ഇങ്ങനെയുള്ള പരക്കംപാച്ചില്‍ പുതിയതൊന്നുമല്ല.
ചില അടയാളങ്ങളൊക്കെ നല്‍കിയിട്ടുണ്ടാകും. തോര്‍ത്ത്, തൂവാല, അല്ലെങ്കില്‍ നീണ്ട താടി, അതുമല്ലെങ്കില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന കുറിയ മനുഷ്യന്‍.
അടയാളങ്ങള്‍ വെച്ച് ഇയാളെ കണ്ടുപിടിച്ചാല്‍ മാത്രമേ ചിലര്‍ക്ക് യാത്ര തരപ്പെടൂ.
പലവിധ ഏടാകൂടങ്ങളില്‍ കെണിഞ്ഞുകിടക്കുന്ന യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നാല്‍ അദ്ഭുതപ്പെടാനില്ല.
കൊടുത്ത തുക തിരികെ കിട്ടിയാല്‍ ഭാഗ്യം.
തുകയില്ലെങ്കിലും ഒന്നാന്തരം മറുപടി ഉണ്ടാകും.
എന്തു ചെയ്യാനാ, നിങ്ങളുടെ ഒരു ഭാഗ്യദോഷം. ഞാന്‍ എല്ലാം ഏര്‍പ്പാടാക്കിയതായിരുന്നു. പക്ഷേ, സമയത്തിനു അയാള്‍ ഫോണെടുത്തില്ല. നിങ്ങള്‍ക്കറിയാലോ. ഫോണ്‍ കൈയില്‍നിന്ന് താഴെ വെക്കാത്ത കൂട്ടരാ. നമ്മുടെ ഒരു ആവശ്യം വന്നപ്പോള്‍ ഇതാ ഇങ്ങനെ.
സമാധാനിക്കൂ, ഒന്നുകില്‍ അയാള്‍ വഴി തന്നെ യാത്ര ശരിപ്പെടുത്താം. അല്ലെങ്കില്‍ അയാളുടെ കൈയില്‍നിന്ന് പണം തിരികെ വാങ്ങി മറ്റൊരാള്‍ വഴി നോക്കാം. അതുവരെ ക്ഷമിക്കാതെ നിര്‍വാഹമില്ല.
പെട്ടിയില്‍ പെട്ടെന്ന് മോശമാകുന്ന ഒന്നും ഇല്ലല്ലോ?
ശരിയാകുന്നതുവരെ കാത്തിരിക്കാം.
സന്ദര്‍ശക വിസയിലെത്തി സമയത്തിനു മടങ്ങാത്തവര്‍ മുതല്‍ മടങ്ങിവരവ് മുടങ്ങാതിരിക്കാന്‍ കൊതിക്കുന്നവര്‍ വരെ ഇങ്ങനെ ഏജന്റുമാരെ ആശ്രയിക്കുന്നവര്‍ എത്രയോ പേര്‍. അവരില്‍ ചതിക്കപ്പെടുന്നവരും എത്രയോ.
മല്‍ബു മല്‍ബൂനെ ചതിക്കുമോ എന്നു ചോദിക്കാന്‍ വരട്ടെ, മല്‍ബു മല്‍ബൂനെയേ ചതിക്കൂ എന്നായിട്ടുണ്ട് കാര്യങ്ങള്‍.
ഇപ്പോള്‍ പരക്കം പായുന്ന മല്‍ബുവിന്റെ കഥ അറിയാന്‍ ധിറുതിയായി.
ട്രോളി തള്ളി മുന്നോട്ടു നീങ്ങുകയായിരുന്ന മല്‍ബുവിന്റെ കാതില്‍ പോര്‍ട്ടര്‍ വേഷത്തിലെത്തിയ ഒരാള്‍ മന്ത്രിക്കുന്നതോടെയായിരുന്നു തുടക്കം.
വിട്ടുതരണോ?
വേണ്ടപ്പാ, ഞാന്‍ തന്നെ തള്ളിക്കോളാം. ഇത്രല്ലേയുള്ളൂ.
ചോദിച്ചത് വിട്ടുതരണോ എന്നാണെങ്കിലും കേട്ടത് തള്ളിത്തരണോ എന്നായിരുന്നു. ഓരോ അവസ്ഥക്കനുസരിച്ചായിരിക്കും നമ്മുടെ കേള്‍വിയെന്ന് വേണമെങ്കില്‍ ഇതില്‍നിന്ന് അനുമാനിക്കാം.
തിരക്കേറിയ എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ വേഗം വിട്ട് കൈ സ്വതന്ത്രമാക്കാന്‍ കൊതിക്കുന്ന ആരായാലും, അയാള്‍ ട്രോളി തള്ളിക്കൊണ്ടിരിക്കേ ഒരാള്‍ വന്ന് കാതില്‍ മന്ത്രിക്കുന്നത് ശബ്ദം ഇത്തിരി കൂട്ടിയാണെങ്കിലും ഇങ്ങനെയേ കേള്‍ക്കാന്‍ നിര്‍വാഹമുള്ളൂ.
വിമാനത്താവളത്തില്‍ നല്ല തിരക്കുണ്ട്. പരീക്ഷ കഴിഞ്ഞതേയുള്ളൂ. സ്കൂള്‍ അടച്ചിട്ടില്ല. അതിനു മുമ്പ് തന്നെ നാട്ടില്‍ പോകുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. കഴിയും വേഗം ലഗേജുകള്‍ അയക്കാനുള്ള വെപ്രാളമാണ് എല്ലാവര്‍ക്കും. ലഗേജ് അങ്ങ് പോയാല്‍ പിന്നെ വിമാനം പുറപ്പെടാന്‍ എത്ര വേണമെങ്കിലും കാത്തിരിക്കാമല്ലോ?
തള്ളിത്തരാനല്ല, വിട്ടുതരണോ എന്നാണ് ചോദിച്ചതെന്നായി പോര്‍ട്ടര്‍.
മല്‍ബുവിനെ യാത്രയയക്കാന്‍ എത്തിയ കൂട്ടുകാരന് കൗതുകമായി.
എന്താ കാര്യം?
ഇത്രയും ലഗേജ് എന്തായാലും നിങ്ങളുടെ ടിക്കറ്റില്‍ പോകില്ല. വേണമെങ്കില്‍ ഞാന്‍ വിട്ടുതരാം. കിലോക്ക് 18 തന്നാല്‍ മതി.
അതെന്താ.. കൗണ്ടര്‍ വഴി അയക്കാന്‍ അത്രയല്ലേ വേണ്ടൂ.
അതൊക്കെ പോയി മാഷേ, ഇപ്പോള്‍ കിലോക്ക് 30 ആണ് ചാര്‍ജ്. ഇതൊന്നും അറിയാതെയാണോ വലിയ പെട്ടിയും കെട്ടി പോന്നത്?
അല്ല, ലഗേജ് 40 കിലോയിലും അല്‍പം കൂടുതലുണ്ട്. പിന്നെ അകത്ത് ആളുണ്ട്. അതോണ്ട് കുഴപ്പമില്ല. പോയ്‌ക്കോളും.
മല്‍ബുവിന്റെ മറുപടി കേട്ടപ്പോള്‍ എന്നാല്‍ അങ്ങനെയാവട്ടെ എന്നു പറഞ്ഞുകൊണ്ട് വന്നയാള്‍ തിരിച്ചുപോയി.
അധിക ബാഗേജുമായി മല്‍ബു അകത്തു കയറി.
മല്‍ബുവിന്റെ ഒ.കെ കേട്ട് മടങ്ങാനിരുന്ന കൂട്ടുകാരന്‍ ഒരു മണിക്കൂറായി ഒരേ നില്‍പാണ്.
ഇടക്കൊരു ഫോണ്‍ വന്നു.
രക്ഷയില്ലാട്ടോ. പറഞ്ഞ കക്ഷിയെ ഇവിടൊന്നും കാണാനില്ല. ഫോണ്‍ എടുക്കുന്നുമില്ല.
അതു പിന്നെ അങ്ങനെ തന്നെ ആയിരിക്കും. നിന്നെ പോലുള്ള എത്ര പേര്‍ അങ്ങേരെ വിളിക്കാനിരിക്കുന്നു. അയാള്‍ ഫോണ്‍ എടുത്താലാണ് അദ്ഭുതം.
വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞാണ് മല്‍ബു ട്രോളിയും തള്ളി പുറത്തേക്കിറങ്ങിയത്.
ബാക്കി വന്ന 18 കിലോ പതിനെട്ടിനയക്കാന്‍ ആളെ തേടി.

7/4/10

കാലമാടന്‍



വെബ്‌സൈറ്റ് നോക്കി നോക്കി മടുത്ത മല്‍ബു ബാങ്കില്‍ പോയി മടങ്ങുകയായിരുന്നു. ഇന്നു വരും, നാളെ വരും എന്നു കരുതി പത്തിരുപത് ദിവസായി വെബ്‌സൈറ്റ് നോക്കി തുടങ്ങിയിട്ട്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നു നോക്കും. അപ്പോഴാണ് ഓര്‍മ വരിക. ഓഫീസുകളൊക്കെ തുറന്ന് ഒന്ന് റെഡിയായിട്ടുവേണ്ടേ വല്ല അപ്‌ഡേറ്റും നടക്കാന്‍. അക്ഷമയോടെ കാത്തിരിപ്പായി പിന്നെ. ഒമ്പത്, പത്ത് അങ്ങനെ സമയം നീളുന്നതിനനുസരിച്ച് വീണ്ടും വീണ്ടും നോക്കി.
മാഫി ഫാഇദ. ആകെ ഉണ്ടായ മെച്ചം ഇഖാമയുടെ നമ്പര്‍ മനഃപാഠമായി. അറബിയിലുള്ള ഇഖാമ നമ്പര്‍ കടലാസില്‍ ഇംഗ്ലീഷ് അക്കത്തിലെഴുതി കൊണ്ടുനടക്കുകയായിരുന്നു പതിവ്. എവിടെയെങ്കിലും ഇഖാമ നമ്പര്‍ ആവശ്യമായി വന്നാല്‍ പഴ്‌സിനകത്തുനിന്ന് വെള്ളക്കടലാസ് വലിച്ചെടുത്ത് വേണം എഴുതിക്കൊടുക്കാന്‍.
ബുക്ക്‌ലെറ്റില്‍നിന്ന് മാറി കാര്‍ഡ് ഇഖാമ ലഭിച്ചവര്‍ക്ക് ഈ ബുദ്ധിമുട്ടില്ല. കാര്‍ഡിന്റെ താഴെ ഭാഗത്ത് നമ്പര്‍ ഇംഗ്ലീഷ് അക്കത്തില്‍ കൊടുത്തിട്ടുണ്ട്.
മല്‍ബുവിനാകട്ടെ, കാര്‍ഡ് ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നില്ല. ഇപ്പോള്‍ ഇഖാമ നമ്പര്‍ ആരു ചോദിച്ചാലും വെള്ളം പോലെ പറയാം. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പണ്ട് സ്കൂളില്‍ പഠിച്ചത് കാര്യമാണെന്ന് ഇപ്പോഴാണ് ബോധ്യമായത്.
വെബ്‌സൈറ്റിലെ കോളത്തില്‍ ഇഖാമ നമ്പര്‍ അടിച്ചടിച്ചാണ് ഈ മനഃപാഠ വൈഭവം നേടിയത്. ഈയിടെയായി ഒന്നും ഓര്‍മിക്കാന്‍ മെനക്കെടാറില്ല. ഒന്നുകില്‍ കടലാസില്‍ എഴുതിവെക്കും അല്ലെങ്കില്‍ മൊബൈലില്‍ ഫീഡ് ചെയ്യും. ആവശ്യം വരുമ്പോള്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍.
രാവിലെ എഴുന്നേറ്റ ഉടന്‍ കംപ്യൂട്ടര്‍ തുറന്ന് കാണിക്കുന്ന അഭ്യാസത്തില്‍ മല്‍ബിക്ക് സഹികെട്ടിട്ടുണ്ട്. ചെറിയ കുട്ടിയെ സ്കൂള്‍ ബസ് വരുമ്പോഴേക്കും ഒരുക്കി ഇറക്കാന്‍ മെനക്കെടുന്ന മല്‍ബിക്ക് ഒരു സഹായവും കിട്ടുന്നില്ല. ഒടുക്കത്തെ രണ്ടായിരത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണിതെന്ന് അവള്‍ പിരാകിയിട്ടുണ്ട്. അതേ, രണ്ടായിരം റിയാലാണ് പ്രശ്‌നം.
അവള്‍ അങ്ങനെയൊക്കെ പറയും. കിട്ടിയാല്‍ എന്തെങ്കിലും സമ്മാനം വാങ്ങിത്തരണമെന്നും പറയുക അവള്‍ തന്നെയാണ്. നാക്കുപിഴ വരാതിരിക്കാനാണ് ചുറ്റും പല്ലുകൊണ്ടുള്ള മതിലെന്ന് അറിയാവുന്നതിനാല്‍ മല്‍ബു മറുപടി പറയില്ല. കര്‍മത്തില്‍ വ്യാപൃതനാകും.
അല്ല, മനുഷ്യാ നിങ്ങളല്ലേ ഇന്നലെ സ്കൂളില്‍നിന്നുള്ള സര്‍ക്കുലര്‍ വായിച്ചത്? ഒന്ന് മോനെ ബസില്‍ കയറ്റി വിട്ടശേഷം വന്നിട്ട് ഇരുന്നൂടെ ഈ കുന്ത്രാണ്ടത്തിനു മുന്നില്‍.
ശരിയാണ്. ചെറിയ കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റുന്നതിനും തിരികെ എത്തിയാല്‍ കൂട്ടിക്കൊണ്ടു പോകുന്നതിനും രക്ഷിതാക്കളോ മുതിര്‍ന്നവരോ ശ്രദ്ധിക്കണമെന്ന് സ്കൂളില്‍നിന്ന് അറിയിപ്പ് വന്നിരുന്നു. പല പ്രദേശങ്ങളിലും കുട്ടികളെ ഉപദ്രവിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു സര്‍ക്കുലര്‍.
എന്നാലും കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ ഇത്തിരി പാടാണ്. "ഓ അവനങ്ങ് ബസില്‍ കയറി പോയ്‌ക്കോളൂന്നേ'.
കുടുംബ വിസയെടുക്കുന്നതിന് അടച്ച രണ്ടായിരം റിയാല്‍ സര്‍ക്കാര്‍ തിരികെ നല്‍കുന്നുവെന്ന വാര്‍ത്തയാണ് മല്‍ബുവിനെ മോഹവലയത്തിലാക്കിയത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇഖാമ നമ്പര്‍ അടിച്ചുകൊടുത്താല്‍ തിരികെ കിട്ടാനുള്ള തുകയായി 2000 റിയാല്‍ കാണിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രിന്റുമായി ബാങ്കില്‍ പോയാല്‍ തുക ലഭിക്കും. വളരെ എളുപ്പമാണ് പ്രക്രിയ. ഇതുപോലെ പോയി വാങ്ങിയവര്‍ നിരവധി. പക്ഷേ മല്‍ബുവിന്റെ ഇഖാമ നമ്പറില്‍ എപ്പോഴും കാണിക്കുന്നത് സീറോ.
ആ സീറോ രണ്ടായിരമായി മാറുന്നതുവരെ അടിച്ചുകൊണ്ടേ ഇരിക്കാനായിരുന്നു തുക കിട്ടിയവരെ നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ ലഭിച്ച ഉപദേശം.
വിജയിക്കുന്നതുവരെ പരിശ്രമം തുടരണം.
നഷ്ടമുള്ള ഏര്‍പ്പാടൊന്നുമല്ലല്ലോ? വീട്ടില്‍ ഡി.എസ്.എല്‍ കണക്ഷന്‍. ഓഫീസിലാണെങ്കില്‍ ഹൈസ്പീഡ് നെറ്റ്. പിന്നെ സൈറ്റ് തുറന്ന് അടിച്ചുനോക്കണം. അത്രതന്നെ.
അടിച്ചടിച്ച് മനസ്സു മടുത്ത മല്‍ബുവിനു ബാങ്കില്‍നിന്നും നിരാശയായിരുന്നു ഫലം. ഇഖാമ വാങ്ങി നോക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല. വെബ്‌സൈറ്റ് നോക്കി ഫണ്ട് ഉണ്ടെങ്കില്‍ മാത്രം ബാങ്കില്‍ വന്നാല്‍ മതിയെന്നായിരുന്നു മറുപടി.
അങ്ങനെ സകലരേയും പഴിച്ചുകൊണ്ട് കാറില്‍ മടങ്ങുമ്പോഴാണ് ആ വിളി വന്നത്.
നിങ്ങളുടെ സിം കാര്‍ഡ് ഒന്നു പരിശോധിക്കാമോ? അതില്‍ 124000 എന്നുണ്ടെങ്കില്‍ നിങ്ങള്‍ വിജയിയാണ്. ഇനാമിനായി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു.
2000 റിയാലാണ് സമ്മാനത്തുക. സിം പരിശോധിച്ച് ഉടന്‍ തിരിച്ചുവിളിക്കുക.
തിരിച്ചുവിളിപ്പിച്ച് പ്രോസസിംഗ് ഫീ ആയി പണം പിടുങ്ങുന്ന തട്ടിപ്പിനെക്കുറിച്ച് പത്രത്തില്‍ വായിച്ച ഓര്‍മയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിം പരിശോധിക്കാനൊന്നും പോയില്ല.
കൊടുംചൂടില്‍ ബാങ്കില്‍നിന്നുള്ള നിരാശയുടെ അരിശവും കൂടി ചേര്‍ത്ത് കാലമാടാ... എന്നോടു വേണ്ട എന്നു തിരികെയങ്ങു പച്ചമലയാളത്തില്‍ പറഞ്ഞു.
ഉടന്‍ അങ്ങേ തലക്കല്‍നിന്ന് ഫിലിപ്പിനോയുടെ മുറി അറബി. കലാംഹാഡ.. മാപ്പി മുശ്കില. പീ ഹിന്ദി.
ഫോണ്‍ ഹിന്ദിയുടെ കൈയില്‍.
ഐവ ജനാബ്. ആപ് വിന്നര്‍ ഹെ, ഇനാം കിത്‌നാഹെ മാലൂം ഹെ.. ദോ ലാക് റിയാല്‍..
അമ്പട…2000 റിയാല്‍ മിനിറ്റ് കൊണ്ട് രണ്ട് ലക്ഷമായോ?
മല്‍ബു കുറച്ചുകൂടി ശബ്ദമുയര്‍ത്തി പറഞ്ഞു. പോടാ കാലമാടാ..ചെലക്കാതെ..
അതു കലാമിനെക്കുറിച്ചല്ല എന്നു മനസ്സിലായതുകൊണ്ടാവണം ഹിന്ദി പിന്നെ തിരിച്ചുവിളിച്ചില്ല.



Related Posts Plugin for WordPress, Blogger...