5/10/08

ബുഷിനെ കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ട

ബുഷിനെ കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ട. ക്ലസ്റ്റര്‍ ബോംബുകളിട്ട്‌ നിരപരാധികളായ കുഞ്ഞുങ്ങളേയും സ്‌ത്രീകളേയും കൊന്നൊടുക്കി രസിക്കുന്ന അദ്ദേഹത്തിനുമേല്‍ മൂത്രമൊഴിച്ച്‌ ആരെങ്കിലും രോഷം തീര്‍ക്കട്ടെ. എന്നാല്‍ ഞാന്‍ ഇവിടെ സദാചാരം ലംഘിച്ചോ എന്ന്‌ എല്ലാവരും കൂടി ഒന്നു പറ.

5/9/08

സൗദിയിലെ മലയാളികള്‍ക്ക്‌ അവസരം

സൗദിയിലെ ബ്ലോഗന്മാരായ മലയാളികള്‍ക്ക്‌ ഇതാ അവസരം


ബൂലോകത്തെ സദാചാരം

പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങള്‍ കാണാതെ ഇന്ത്യക്കാരെ ആക്ഷേപിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെതിരെ അത്യാവശ്യം മാത്രം പ്രതികരിക്കാറുള്ള നമ്മുടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി മുതല്‍ ഭരണ, പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളൊക്കെയും പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍ ഞാനൊരു അബദ്ധം ചെയ്‌തു. അത്‌ ഇങ്ങനെ വലിയൊരു സദാചാര പ്രശ്‌നമാകുമെന്ന്‌ കരുതിയതേയില്ല.

ചിത്രത്തിലുള്ള ബഷിന്റെ വായിലേക്ക്‌ മൂത്രം ഒഴിക്കുന്ന ഒരു ചിത്രമാണ്‌ ഞാന്‍ ഇവിടെപോസ്റ്റ്‌ ചെയ്‌തത്‌. പലരും കണ്ടുകഴിഞ്ഞ ഈ ചിത്രം കാണാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കണ്ടോട്ടെ എന്നുമാത്രമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.പക്ഷേ അത്‌ ബൂലോകത്തെ സദാചാര മര്യാദകളുടെ ലംഘനമായെന്നും ഉടന്‍ നീക്കണമെന്നും ഒരു സുഹൃത്ത്‌ പ്രതികരിച്ചിരിക്കുന്നു.ചിത്രം പോസ്റ്റ്‌ ചെയ്യുമ്പോള്‍ അത്‌ ഇങ്ങനെ ഒരു വിശാല ചിന്തയിലേക്ക്‌ കടന്നു പോകുമെന്ന്‌ ഞാന്‍ ആലോചിച്ചതേയില്ല. നെറ്റിലായാലും അല്ലെങ്കിലും സദാചാര മര്യാദകള്‍ പാലിക്കപ്പെടണമെന്നു തന്നെയാണ്‌ എന്റെയും അഭിപ്രായം. ഈ ചിത്രം അതിനെതിരായി തോന്നിയ എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു. ചിത്രം കണ്ടശേഷം മറ്റു ചില വായനക്കാര്‍ അങ്ങനൊയരു സദാചാര മര്യാദയൊന്നും ഇല്ലെന്നും എഴുതിക്കണ്ടു. ഏതായാലും അങ്ങനെയാണെങ്കില്‍ ഏത്‌ അതിരുവരെ പോകാം എന്ന കാര്യത്തില്‍ മലയാള ബ്ലോഗര്‍മാരെങ്കിലും ഒരു ധാരണയിലെത്തുന്നത്‌ ഉചിതമായിരിക്കും.

5/5/08

അരിക്കു പകരം മൂത്രം

ഇപ്പോള്‍ പ്രസംഗിക്കേണ്ട സമയമല്ല,പ്രവര്‍ത്തിക്കേണ്ട സമയമാണ്‌.
ആരാണാവോ ബുഷിന്റെ വായടപ്പിക്കുന്നത്‌.
അയച്ചു കിട്ടിയ ഫോട്ടോ

5/2/08

അംബാനിയുടെ കൊട്ടാരവും `അരി'യുടെ കുത്തും


എം. അഷ്‌റഫ്‌

മലയാളം ന്യൂസില്‍ മെയ്‌ മൂന്നിന്‌ പ്രസിദ്ധീകരിച്ച ലേഖനം

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ്‌ അംബാനി മുംബൈയില്‍ പണിയുന്ന 27 നിലയുള്ള അംബരചുംബിയായിരിക്കും ലോകത്തെ എറ്റവും വിലകൂടിയ കൂറ്റന്‍ ഭവനമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ തന്നെയാണ്‌ ഇന്ത്യയിലെ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമൊക്കെ അലോസരമുണ്ടാക്കിക്കൊണ്ട്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസിന്റെ പ്രസ്‌താവനയും വന്നത്‌. ഇന്ത്യക്കാരും ചൈനക്കാരും തിന്നുമുടിക്കുന്നതു കൊണ്ടാണ്‌ ലോകം പട്ടിണിയിലേക്ക്‌ നീങ്ങുന്നതെന്നാണ്‌ ഭക്ഷ്യക്ഷാമം ഒരിക്കലും അനുഭവപ്പെടാത്ത രാജ്യത്തുനിന്ന്‌ പേരിനോടൊപ്പം ഇംഗ്ലീഷില്‍ അരി എന്നു കൂടി ചേര്‍ത്തു കൊണ്ടുള്ള കോണ്ടലീസയുടെ പരാമര്‍ശം. ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌ സിംഗ്‌ അലുവാലിയക്കുമൊക്കെ അത്‌ അവഹേളനമായി അനുഭവപ്പെട്ടു. വികസന രംഗത്തെ പുരോഗതി ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങളുടെ ഭക്ഷണ രീതിയില്‍ മാറ്റം വരുത്തിയെന്നും അവര്‍ തിന്നു മുടിക്കുന്നതു കൊണ്ടാണ്‌ ലോകം ഭക്ഷ്യക്ഷാമത്തിലേക്ക്‌ നീങ്ങുന്നതെന്നുമാണ്‌ കോണ്ടലീസയുടെ കണ്ടുപിടിത്തം. ചൈനീസ്‌ ഗ്രാമങ്ങളില്‍നിന്ന്‌ ജനങ്ങള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക്‌ ചേക്കേറിയെന്നും അവര്‍ക്കുണ്ടായ സാമ്പത്തിക പുരോഗതി നിമിത്തം ഭക്ഷണ രീതി മാറിയെന്നും അതാണ്‌ ഇപ്പോള്‍ ക്ഷാമത്തിലേക്ക്‌ നയിക്കുന്നതെന്നും പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന്‌ നേരത്തെ തന്നെ നിരീക്ഷണം പുറത്തുവന്നിരുന്നു. ഇതിനു ചുവടു പിടിച്ചുകൊണ്ടാണ്‌ കോണ്ടലീസയുടെ കമന്റ്‌. ഭക്ഷ്യ ഉപഭോഗത്തില്‍ ഇന്ത്യയും ചൈനയും തന്നെയാണ്‌ മുന്നില്‍ നില്‍ക്കുന്നതെങ്കിലും ലോകത്ത്‌ ഇപ്പോള്‍ ഉടലെടുത്ത ഭക്ഷ്യ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം മറച്ചുവെച്ചുകൊണ്ടാണ്‌ കോണ്ടലീസയുടെ പരാമര്‍ശം. അതുകൊണ്ടു കൂടിയാണ്‌ അവരുടെ കുത്ത്‌ സാമൂഹികമായും ധാര്‍മികമായും ശരിയായില്ലെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്‌. യഥാര്‍ഥത്തില്‍ ഇന്ത്യയിലേയും ചൈനയിലേയും ഭക്ഷ്യോല്‍പാദനം കൂടുകയാണ്‌ ചെയ്‌തതെന്ന്‌ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടക്‌ അലുവാലിയ കണക്കുകള്‍ നിരത്തി സമര്‍ഥിക്കുകയും ചെയ്‌തു. ആഗോളീകരണവും ഉദാരീകരണവും സമ്പന്നര്‍ക്ക്‌ കണക്കില്ലാത്ത സൗകര്യങ്ങള്‍ സമ്മാനിച്ചതോടൊപ്പം രാഷ്‌ട്രങ്ങളെ ഒന്നാകെ തന്നെ പട്ടിണിയിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്ന ദുരന്തം കൂടിയായി മാറുകയാണെന്ന പാഠമാണ്‌ ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന ഭക്ഷ്യപ്രതിസന്ധി വരച്ചുകാണിക്കുന്നത്‌. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെ തിരക്കും തല്ലും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍നിന്നു വന്നുകൊണ്ടേയിരിക്കുന്നു. അന്താരാഷ്‌ട്ര ധനകാര്യ മേഖലയിലെ വ്യവസ്ഥയില്ലായ്‌മയാണ്‌ ആഗോള പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ ഇന്ത്യയും പലിശയിലധിഷ്‌ഠിതമായ മുതലാളിത്ത സാമ്പത്തിക ക്രമമാണ്‌ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നതെന്ന്‌ ഇറാനും കുറ്റപ്പെടുത്തുന്നു. ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങള്‍ മാത്രമല്ല, മറ്റു അവികസിത രാജ്യങ്ങളും ചികിത്സക്കും വിദ്യാഭ്യാസത്തിനും ചെലവഴിക്കുന്ന ശരാശരി തുകയുടെ എത്രയോ ഇരട്ടിയാണ്‌ അന്താരാഷ്‌ട്ര നാണയനിധിക്കും ലോകബാങ്കിനും മറ്റും പലിശയിനത്തില്‍ നല്‍കുന്നത്‌. വികസനത്തിന്റെ പേരില്‍ നല്‍കുന്ന സഹായത്തിനുള്ള പലിശക്കെണിയുടെ ഭാരമാണ്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഹിക്കുന്നത്‌. വര്‍ധിച്ചുവരുന്ന വ്യാവസായിക ആവശ്യങ്ങള്‍ക്കായി ജൈവ ഇന്ധനം കണ്ടെത്താന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിച്ചിരുന്ന കൃഷി ഭൂമികള്‍ അമേരിക്ക മാറ്റിമറിച്ചതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണമെന്ന വിശകലനത്തെ കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ്‌ പട്ടിണി കിടന്നു കൊണ്ട്‌ ലോകത്തെ ഊട്ടാന്‍ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസ്‌ ഇന്ത്യയേയും ചൈനയേയും ഉപദേശിക്കുന്നത്‌. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഉദാരീകരണവും ആഗോളീകരണവും വഹിച്ച പങ്കിനെ കുറിച്ച്‌ വാതോരാതെ സംസാരിച്ചിരുന്ന അതേ രാഷ്‌ട്രീയ നേതാക്കള്‍ തന്നെയാണ്‌ ഇപ്പോള്‍ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങളില്‍നിന്ന്‌ അടുത്ത തവണ എങ്ങനെ വോട്ട്‌ കൈക്കലാക്കാമെന്ന തന്ത്രങ്ങളും അന്വേഷിച്ചുനടക്കുന്നത്‌.അവശ്യവസ്‌തുക്കളുടെ വില കുറഞ്ഞെങ്കില്‍ ഒരുനേരം കൂടി ഭക്ഷണം കഴിക്കാമല്ലോ എന്ന്‌ ആലോചിച്ച്‌ കഴിയുന്ന ഗ്രാമീണരുടെ കുടിലുകളില്‍ അന്തിയുറങ്ങി പാവങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നേതാക്കളുള്ള നാട്ടില്‍തന്നെയാണ്‌ മുകേഷ്‌ അംബാനി വീട്‌ നിര്‍മാണത്തിലൂടെ ലോകത്തെ വിസ്‌മയിപ്പിക്കുന്നത്‌. ഉദാരീകരണത്തിനും ആഗോളവല്‍കരണത്തിനും ഓശാന പാടിയിരുന്ന നേതാക്കളാകട്ടെ ഈ വിസ്‌മയത്തുമ്പില്‍ എല്ലാം മറന്ന്‌ ഉല്ലസിക്കുന്നു. നാല്‌ വര്‍ഷമായിട്ടും പണി തീരാത്ത അംബാനി ഭവനം അടുത്ത ജനുവരിയിലാണ്‌ പൂര്‍ത്തിയാകുന്നത്‌. നാല്‌ ലക്ഷം ചതുരശ്ര അടി അകത്തളമുള്ള വീടിന്റെ ഉയരം 550 അടിയായിരിക്കും. 200 കോടി ഡോളര്‍ (8000 കോടി രൂപ) ചെലവിടുന്ന ഈ വീടായിരിക്കും ലോകത്തെ ഏറ്റവും വലുതും ചെലവേറിയുതുമായ ഭവനമെന്ന്‌ ഫോബ്‌സ്‌ മാഗസിനാണ്‌ വെളിപ്പെടുത്തിയത്‌. മുകേഷും പത്‌നി നീതയും മൂന്ന്‌ മക്കളും ഇപ്പോള്‍ മുംബൈയിലെ 22 നില ടവറിലാണ്‌ താമസം. പുതിയ കൊട്ടാരത്തിലെ മുകള്‍ നിലകള്‍ ബിസിനസ്‌ അതിഥികള്‍ക്ക്‌ വിനോദമൊരുക്കാനാണെങ്കില്‍ ചൂടുള്ള ദിനങ്ങളില്‍ കാറ്റുകൊള്ളാനുള്ള തുറന്ന പൂന്തോട്ടങ്ങളാണ്‌ നാല്‌ നിലകളില്‍. 4300 കോടി ഡോളറിന്റെ ആസ്‌തിയുള്ള മുകേഷ്‌ അംബാനിയെ കഴിഞ്ഞ മാര്‍ച്ചില്‍ ലോകത്തെ അഞ്ചാമത്തെ അതിസമ്പന്നനായി ഫോര്‍ബ്‌സ്‌ മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. നാലാം സ്ഥാനത്ത്‌ ഇന്ത്യന്‍ പൗരത്വമുള്ള ലക്ഷ്‌മി മിത്തല്‍ ഉണ്ടെങ്കിലും അദ്ദേഹം ബ്രിട്ടനിലാണ്‌ താമസം. ഇന്ത്യയിലെ സമ്പന്നരില്‍ മുകേഷ്‌ തന്നെയാണ്‌ ഒന്നാം സ്ഥാനത്ത്‌. എണ്ണ, പെട്രോകെമിക്കല്‍ കുത്തകയായ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ അമരക്കാരനായ അംബാനിയുടെ അംബരചുംബി ഇന്ത്യയുടേയും ഇന്ത്യക്കാരന്റേയും ഉയര്‍ച്ചയുടെ പ്രതീകമാകുമ്പോഴും റിലയന്‍സ്‌ ഓഹരികളില്‍ നിക്ഷേപിച്ച്‌ വിപണിയുടെ ചതിയില്‍ കുടുങ്ങി കണ്ണീര്‍ കുടിക്കേണ്ടിവന്ന പതിനായിരങ്ങളെ ആരും കാണുന്നില്ല.ഉദാരീകരണത്തിനും ആഗോളീകരണത്തിനും ജയ്‌ വിളിച്ചുകൊണ്ടുതന്നെ നമുക്ക്‌ അംബാനിയുടെ കൂറ്റന്‍ ബംഗ്ലാവ്‌ നോക്കി ആസ്വദിക്കാം. കോണ്ടലീസ റൈസിന്റെ അവഹേളന വാക്കുകള്‍ സഹിക്കുകയുമാവാം.
Related Posts Plugin for WordPress, Blogger...