4/1/14

ആയാറാം ഗയാറാം


എന്റെ സുധാകരേട്ടാ എന്നു വിളിച്ചുകൊണ്ട് കണ്ണൂരിൽ ഒറ്റയാൾ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഒരു കാലത്ത് അത്ഭുതക്കുട്ടിയെന്ന് വിളിച്ചിരുന്ന അബ്ദുല്ലക്കുട്ടി ഇപ്പോൾ.
സോളാർ തട്ടിപ്പ് കേസ് പ്രതി സരിതാ എസ്. നായരാണ് അദ്ദേഹത്തിന് ഈ ഗതി വരുത്തിയത്. ലൈംഗിക അപവാദത്തിൽ കുടുങ്ങിയ കുട്ടി പ്രചാരണത്തിനു വേണ്ട എന്ന് കോൺഗ്രസ് നിർദേശിച്ചുവെങ്കിലും അദ്ദേഹത്തിന് അടങ്ങിയിരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വോട്ട് യു.ഡി.എഫ് സ്ഥാനാർഥി സുധാകാരന് ഉറപ്പിക്കാൻ അബ്ദുല്ലക്കുട്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.
അബ്ദുല്ലക്കുട്ടിയെ ഓർക്കാൻ കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ഇക്കുറി ആയാറാം ഗയാറാം രാഷ്ട്രീയം മുഖ്യ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിനേയും ബി.ജെ.പിയേയും വെള്ളം കുടിപ്പിച്ച പശ്ചാത്തലത്തിലാണ്.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പറഞ്ഞുകേട്ടിരുന്ന ആയാറാം ഗയാറാം രാഷ്ട്രീയം കേരളത്തിനു പരിചയപ്പെടുത്തിയവരിൽ പ്രമുഖനാണ് അബ്ദുല്ലക്കുട്ടി.
യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി നേതാക്കളും എം.എൽ.എമാരും എം.പിമാരും സ്ഥാനമാനങ്ങൾക്കും പണത്തിനുമായി സ്വന്തം പാർട്ടി വിട്ടും പാർട്ടിയെ മൊത്തത്തിൽ കീശയിലാക്കിയും ഭരണ പ്രതിപക്ഷ കക്ഷികൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറുന്നതിനെയാണ് ആയാറാം ഗയാറാം എന്നു വിശേഷിപ്പിക്കാറുള്ളത്.
             ആണവ കരാർ പ്രശ്‌നവുമായി അവിശ്വാസ പ്രമേയം നേരിടേണ്ടി വന്ന ഒന്നാം യു.പി.എ സർക്കാർ  കോടികൾ മുടക്കി എം.പിമാരെ വിലക്കുവാങ്ങുകയുണ്ടായി.  
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അരങ്ങുണരും മുമ്പേ കോൺഗ്രസും ബി.ജെ.പിയും മത്സരിച്ചാണ് മറ്റു പാർട്ടികളിൽനിന്നുള്ളവർക്കു വേണ്ടി വലവീശിയത്.
സി.പി.എം അടക്കമുള്ള വിപ്ലവ പ്രസ്ഥാനങ്ങളും ഇങ്ങനെ മറ്റു പാർട്ടിക്കാരെ സ്വന്തക്കാരാക്കുന്നതിൽ പിറകിലല്ല.
പക്ഷേ, വോട്ടെടുപ്പിനു മുമ്പു തന്നെ കോൺഗ്രസും ബി.ജെ.പിയും ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ തിക്തഫലം അനുഭവിച്ചു എന്നതാണ് സവിശേഷത.
തീവ്ര ഹിന്ദുത്വ പ്രതീകമായ നരേന്ദ്ര മോഡിയെ മുന്നിൽ നിർത്തി ആർ.എസ്.എസ് പിന്തുണയോടെ ഇന്ദ്രപ്രസ്ഥം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയെ നോക്കുക.
മറ്റു പാർട്ടികളിൽ നിന്നെത്തിയ 56 പേർക്കാണ് ലോക്‌സഭയിലേക്ക് മത്സരിക്കുവാൻ ബി.ജെ.പി ഇതുവരെ  ടിക്കറ്റ് നൽകിയത്. കണക്ക് ഇനിയും വരാനിരിക്കുന്നു.  സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകാതെയാണ് ബി.ജെ.പി ആയാറാമുമാർക്ക് ഇങ്ങനെ സീറ്റ് നൽകുന്നത്.
ബി.ജെ.പിക്കു വേണ്ടി ഇതിനകം പത്രിക സമർപ്പിച്ച 409 സ്ഥാനാർഥികളിൽ  14 ശതമാനം പേർ ഇതര പാർട്ടികൾ വിട്ടുപോന്നവരാണ്.
ഉത്തർപ്രദേശിലും ബിഹാറിലും  28 പേർ മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറി  മത്സരിക്കുന്നു. പ്രചാരണ രംഗത്ത് കോൺഗ്രസ് വെള്ളം കുടിച്ചുകൊണ്ടിരിക്കേ ബി.ജെ.പി തന്നെയാകും മോഡിയുടെ തേരോട്ടത്തിൽ അധികാരത്തിലെത്തുകയെന്ന പ്രതീക്ഷയാണ് കാലങ്ങളായി ഹിന്ദുത്വ വർഗീയതക്കെതിരെ പ്രസംഗിച്ചവരെ പോലും ബി.ജെ.പി പാളയത്തിലെത്തിക്കുന്നത്.  ഇങ്ങനെ ഇറക്കുമതിക്കാർക്ക് സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ തികഞ്ഞ പ്രതിഷേധമുണ്ടെങ്കിലും ബി.ജെ.പി നേതൃത്വം അതു കണ്ടില്ലെന്നു നടിക്കുന്നു. പാർട്ടിക്കു വേണ്ടി ഇതുവരെ അധ്വാനിച്ചവരേക്കാൾ സീറ്റ് നേടിത്തരുന്ന ഇതര പ്രമുഖർക്കാണ് ഇപ്പോൾ പരിഗണന നൽകേണ്ടതെന്നാണ് ബി.ജെ.പിയുടെ മന്ത്രം.

സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് കക്ഷിരഹിതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു.  സീറ്റ് കിട്ടാത്ത പല പ്രമുഖരും ബി.ജെ.പി  വിമതരായി മത്സര രംഗത്തുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് കോൺഗ്രസിനും ബി.ജെ.പിക്കും വെള്ളം കുടിപ്പിക്കുന്ന അനുഭവങ്ങളുണ്ടായത്.   തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ബിഹാറിലെ മുൻ ജനതാദൾ-യു നേതാവ് സാബിർ അലിക്ക് ബി.ജെ.പി കഴിഞ്ഞ ദിവസം പാർട്ടിയിൽ നൽകിയ വരവേൽപ് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. തുടർന്ന് അദ്ദേഹത്തിനു നൽകാനിരുന്ന അംഗത്വം പാർട്ടിക്ക് റദ്ദാക്കേണ്ടി വന്നു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ  നരേന്ദ്ര മോഡിയെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമെന്ന് മുമ്പെന്നോ പ്രസ്താവിച്ച ഉത്തർപ്രദേശിലെ സഹറാൻപുർ മണ്ഡലത്തിലെ സ്ഥാനാർഥി ഇംറാൻ  മസൂദിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത് കോൺഗ്രസിനു നാണക്കേടും പുലിവാലുമായി.  ഇംറാൻ മസൂദ് സമാജ്‌വാദി പാർട്ടിയിലായിരുന്നപ്പോൾ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ പുറത്തു വന്നതെന്നും കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നടത്തിയ പ്രസംഗമല്ലെന്നും വിശദീകരിക്കാൻ കോൺഗ്രസ് നേതാക്കൾ പാടുപെടുകയാണ്.
തനിക്ക് തീവ്രവാദ ബന്ധം ആരോപിച്ച ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വിക്കെതിരെ ബി.ജെ.പി വേണ്ടെന്നുവെച്ച  സാബിർ അലി രംഗത്തുണ്ട്. തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധം തെളിയിക്കുകയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.  നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന സബീർ അലി ആരോപണം തെളിയിക്കപ്പെട്ടാൽ വധശിക്ഷ വാങ്ങാൻ തയാറാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
ബി.ജെ.പി മെംബർഷിപ്പ്  നൽകിയതിനു തൊട്ടു പിന്നാലെയായിരുന്നു പാർട്ടിയിൽ ന്യൂനപക്ഷ നാമത്തിൽ വിലസിക്കൊണ്ടിരിക്കുന്ന മുഖ്താർ  അബ്ബാസ് നഖ്‌വി രംഗത്തു വന്നത്.  ആർ.എസ്.എസി കൂടി പ്രശ്‌നത്തിൽ ഇടപെട്ടതോടെ  മണിക്കൂറുകൾക്കകമാണ് സാബിർ അലിയെ പാർട്ടി വേണ്ടെന്നുവെച്ചത്.  ഇന്ത്യൻ മുജാഹിദീൻ സ്ഥാപകൻ യാസീൻ ഭട്കലുമായി സാബിർ അലിക്ക് ബന്ധമുണ്ടെന്നായിരുന്നു നഖ്‌വിയുടെ ആരോപണം. ട്വിറ്ററിൽ നടത്തിയ ആരോപണം വിവാദമായതിനെ തുടർന്ന്  നഖ്‌വി അത് കളഞ്ഞിട്ടുണ്ട്. ആരോപണത്തിൽ നഖ്‌വി മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ വസതിക്കു മുമ്പിൽ ധർണ നടത്തുമെന്നു സാബിർ അലിയുടെ ഭാര്യയും മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
പതിനാല് ദിവസത്തെ റിമാന്റിൽ കഴിയുന്ന ഇംറാൻ മസൂദിന്റെ പേരിൽ
അഞ്ചു കേസുകൾ നിലവിലുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മനപ്പൂർവമുള്ള അപമാനിക്കൽ, മറ്റുള്ളവർക്കെതിരേ കരുതിക്കൂട്ടി പ്രകോപനപരമായി സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ കോടതികളിലായാണ് കേസുകൾ.
വിവാദങ്ങൾക്ക് കാരണമായതുകൊണ്ടാണ് കോൺഗ്രസിനും ബി.ജെ.പിക്കും നടപടികൾ സ്വീകരിക്കേണ്ടി വന്നത്.
യു.പി.യിലും ബിഹാറിലും വൻതോതിലുള്ള കാലുമാറ്റങ്ങൾ വേറെയും നടന്നിട്ടുണ്ട്. ഒരു സീറ്റെങ്കിലും അധികം നേടുകയെന്ന ലക്ഷ്യത്തോടെ പരക്കം പായുന്ന പാർട്ടികൾ പ്രവർത്തകരുടെ അമർഷം ഒട്ടും കണക്കിലെടുക്കുന്നില്ല.
മത്സരിക്കാൻ സീറ്റിനും സ്ഥാനമാനങ്ങൾക്കും വേണ്ടി പാർട്ടി മാറുന്നവർക്കോ അവരെ സ്വീകരിക്കുന്ന പാർട്ടികൾക്കോ ഒരു തരത്തിലുള്ള മനഃസാക്ഷിക്കുത്തുമില്ല.
കാലുമാറ്റം തൽക്കാലം മാധ്യമങ്ങൾ ആഘോഷിക്കുമെങ്കിലും വോട്ടർമാർക്ക് അതൊന്നും ഓർമയുണ്ടാകില്ലെന്ന പ്രതീക്ഷയാണ് പാർട്ടികളെ നയിക്കുന്നത്.
അല്ലെങ്കിലും വോട്ടർമാരുടെ മറവിയുടെ പിൻബലത്തിലാണല്ലോ ഓരോ സ്ഥാനാർഥിയും പാർട്ടികളും വീണ്ടും വോട്ട് ചോദിച്ചെത്തുന്നത്.

Related Posts Plugin for WordPress, Blogger...