താളമേളങ്ങളുയരുന്ന വാഹനങ്ങള്‍, നിലയ്‌ക്കാത്ത വാഗ്‌ധോരണികള്‍, വോട്ടഭ്യര്‍ഥനയുമായി നീങ്ങുന്ന കൊച്ചു കൊച്ചു കൂട്ടങ്ങള്‍, അലയടിച്ചുയരുന്ന ജയ്‌ഹോ..
അതിനിടയില്‍ മല്‍ബുവിന്റെ ഉറക്കം കെടുത്താനൊരു ചോദ്യം.
എന്താഹേ നാട്ടില്‍ വരുന്നില്ലേ..
മേളങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കമിടയില്‍ ആരുടെയൊക്കെയോ മുഖങ്ങള്‍ അവ്യക്തമായി തെളിഞ്ഞുവരുന്നു. പുതുമുഖങ്ങളായ, മുണ്ട് മാത്രമുടുക്കുന്ന കുഞ്ഞാമുവും പാന്റ്‌സും കോട്ടുമിടുന്ന രണ്ടത്താണിയുമൊക്കയുണ്ട്. പിന്നെ കളരിയില്‍ പയറ്റിത്തെളിഞ്ഞ കൊമ്പന്മാരും വമ്പന്മാരും പത്രാസു കാട്ടി ക്ഷണിക്കുന്നു.
വാ, വാ കെങ്കേമമാക്കാന്‍ വാ..
ഉറങ്ങാന്‍ കിടന്നാല്‍ തെളിഞ്ഞുവരുന്നത് നിങ്ങളുടെ വിലപ്പെട്ട വോട്ട് എന്നു തുടങ്ങുന്ന അനൗണ്‍സുമെന്റും പാട്ടുകളുമാണ്.
ഉറക്കം കിട്ടാത്ത ഈ അവസ്ഥ തുടങ്ങിയിട്ട് കുറച്ചായി. പൊന്നാനിയില്‍ മത്സരിക്കാന്‍ തയാറുള്ള സര്‍വസമ്മതനായിട്ടൊന്നുമല്ല. നാട്ടിലെ പുകില് നേരില്‍ കാണാനൊക്കാത്തതിലുള്ള ഒരു തരം വിമ്മിഷ്‌ടം.
പത്രങ്ങള്‍ പരതിയും കിട്ടാത്ത ടെലിവിഷന്‍ ചാനലുകളെ ശപിച്ചും തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കൂട്ടുകാര്‍ പറയും നിനക്ക് ഭ്രാന്താ.
അങ്ങനെ കേള്‍ക്കുമ്പോഴും മല്‍ബുവിന് പ്രയാസമില്ല. ഒരു കണക്കിനു ഇതൊരു ഭ്രാന്ത് തന്നെയാ. ജയം അറിഞ്ഞിട്ട് വേണം ഇതൊന്നു തണുക്കാന്‍.
നാട്ടില്‍ ഫുട്‌ബോള്‍ നടക്കുമ്പോഴാണ് ഈ ഭ്രാന്തിന്റെ മറ്റൊരു വകഭേദം അനുഭവിച്ചറിയുക.
ഓന്‍ നാട്ടില്‍ വരണമെങ്കില്‍ ഫുട്‌ബോളോ വോട്ടോ വരണം എന്നും ആളുകള്‍ പറയാറുണ്ട്.
ആദ്യത്തെ കണ്‍മണിയെ കാണാനും പെങ്ങളെ കല്യാണത്തിനു കൂടാനുമൊക്കെ നാട്ടില്‍നിന്ന് വിളി വന്നതാ.
എന്തായിപ്പം വിമാനക്കൂലി. ഞാന്‍ അങ്ങോട്ട് വരുന്ന പണം കൂടിയുണ്ടെങ്കില്‍ കണ്‍മണിക്ക് തീര്‍ക്കുന്ന അരഞ്ഞാണത്തിന്റെ കനം കൂട്ടാം. പെങ്ങളെ കല്യാണത്തിന് രണ്ട് പവന്‍ കൂടുതല്‍ കൊടുക്കാം.
അങ്ങനെയൊക്കെയായിരുന്നു മല്‍ബുവിന്റെ ഒഴികഴിവുകള്‍.
ഇതിപ്പോള്‍ ഇങ്ങനെ ഇവിടെ കഴിച്ചു കൂട്ടാന്‍ കഴിയുമെന്നൊന്നും തോന്നുന്നില്ല. ഒരാഴ്‌ചയെങ്കിലും പോയി ഒന്നു കലക്കിമറിച്ചില്ലെങ്കില്‍ ശരിക്കും ഭ്രാന്തായി പോകും.
എങ്കിലും മനസ്സില്‍ മല്‍ബിയെ പേടി. കുഞ്ഞിനെ കാണാന്‍ വരാത്തയാള്‍ വോട്ടിനു വന്നൂന്നറഞ്ഞാല്‍ നാട്ടുകാര്‍ തല്ലിക്കൊല്ലും എന്നാണ് കഴിഞ്ഞ ദിവസം മല്‍ബി പറഞ്ഞത്.
കണ്‍മണികള്‍ ഇനിയും വരും. ഇലക്‌ഷന്‍ അഞ്ച് വര്‍ഷം കഴിഞ്ഞല്ലേ വരൂ.
പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് എത്ര പേര്‍ക്ക് നാട്ടില്‍ പോകാനൊക്കും. ഗ്രൂപ്പിലെ കൊച്ചുനേതാവാകാനും നേതാക്കളുടെ വലംകൈയുമൊക്കെയാകുന്നതിന് ഭാഗ്യം സിദ്ധിച്ച രണ്ടോ മൂന്നോ പേര്‍ക്ക് ലഭിക്കും അവസരം.
അതിനെന്താ സ്വന്തമായി തന്നെ പോയിക്കൂടേ.
അതിനു വേണ്ടിയല്ലേ വിമാനങ്ങളെല്ലാം കൂലി കുറച്ചത്.
എന്താ സംശയം, അത് ഞങ്ങളുടെ നേട്ടം തന്നെയാ.
മല്‍ബൂന്റെ രാഷ്‌ട്രീയബോധമുണര്‍ന്നു.
മറ്റേ മല്‍ബു വിടുമോ.. പിന്നെ സൗദി സര്‍വീസ് തുടങ്ങുന്നതു കൊണ്ടാ ഈ മാറ്റം.
സൗദി സര്‍വീസ് തുടങ്ങിച്ചതാരാ. അതു നമ്മളാ.
അതോണ്ട് ഇക്കുറി പ്രവാസികളുടെ വോട്ട് നമ്മള്‍ക്ക് തന്നെ കിട്ടണം.
അതിനു പ്രവാസികള്‍ക്കെവിടാ വോട്ട്.
പ്രവാസികളെ ആശ്രയിച്ചു കഴിയുന്നോരൊക്കെ വോട്ട് ചെയ്യണം. അതിന് കത്തെഴുതണം, എസ്.എം.എസ് അയക്കണം, ഫോണ്‍ വിളിക്കണം.
ഇതൊക്കെ തന്നെയാ കര്‍മങ്ങള്‍.
പിന്നെ കോടികള്‍ ഒഴുക്കണം. വലിയ വലിയ ബോര്‍ഡുകളൊക്കെ വെക്കാന്‍ നാട്ടുകാര്‍ക്ക് എവിടുന്നാ പണം. അതു നമ്മള്‍ തന്നെ കൊടുക്കണം. വോട്ടില്ലെങ്കിലും സംഗതികള്‍ക്ക് ഒരു മുടക്കവും വരരുത്. തിരിച്ചു പോകേണ്ട നാടല്ലേ. ഏതെങ്കിലും ഒരു കാലത്ത് നമുക്ക് വോട്ട് ചെയ്യേണ്ടതല്ലേ.
അല്ലെങ്കിലും പ്രവാസി വോട്ട് അടുത്തൊന്നും നടക്കാന്‍ പാടില്ലാത്തതാകുന്നു. കാരണം പിന്നെ നേതാക്കള്‍ എന്താ പറയുക.
വിമാനയാത്രാ പ്രശ്‌നത്തില്‍ അല്‍പം അയവു വന്ന സ്ഥിതിക്ക് ഇനി നേതാക്കള്‍ക്ക് പോരാട്ടം പ്രഖ്യാപിക്കാനുള്ളത് വോട്ടവകാശത്തിനുവേണ്ടി തന്നെയാ.
തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഒന്നാം ഇനമായി പോലും എഴുതി ചേര്‍ക്കാം. ഉശിരോടെ കാച്ചാം.
ഇതിനു വേണ്ടിത്തന്നെയാ വമ്പന്മാര്‍ നേതാക്കള്‍ക്കു നല്‍കുന്ന സ്വീകരണത്തില്‍ സമ്മാനിക്കുന്ന ബൊക്കെയോടോപ്പം കോടികള്‍ കൂടി നല്‍കുന്നത്.
പ്രവാസികളുടെ പണം മതി. പിന്നെ എസ്.എം.എസും.
വോട്ട് വേണ്ട.
ജാഥ നയിക്കാതെയും മുദ്രാവാക്യം മുഴക്കാതെയും മൈദ തേച്ച് പോസ്റ്റര്‍ ഒട്ടിക്കാതെയും ഉറക്കം വരാത്ത മല്‍ബുവിന് ഇതാണവസരം.
കമ്പനികള്‍ വാരിക്കോരി അവധി കൊടുക്കാന്‍ തയാര്‍. ഒരു മാസം ലീവ് ചോദിക്കുന്നവരോട് അഞ്ചോ ആറോ മാസം എടുത്തോളൂ എന്നു കമ്പനികള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
മല്‍ബുവിന് വേണമെങ്കില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് നന്ദി പറഞ്ഞുകൊണ്ട് മഈ ഇലക്‌ഷന്‍ ആഘോഷിക്കാം.
മല്‍ബൂ ജയ്ഹോ!
ReplyDeleteഒരിക്കല്‍ ഇലക്‍ഷന്‍ കാലത്ത് നാട്ടില് പെട്ടു പിരിവുകാര്‍ കഞ്ഞികുടി മുട്ടിച്ചു...വന്ന് 500 രൂപാ ഏറ്റം കുറഞ്ഞത് എന്നൊക്കെ പറഞ്ഞാല്‍ ...
കൊടുത്തില്ലങ്കില്‍ സ്ഥലത്തെ ദിവ്യന്മാരാണേ!
“വൈകിട്ട് എന്താ പരിപാടീന്നാ” വിചാരം?
അതു കഴിഞ്ഞ് ഒരിക്കലും പ്രചരണ സമയത്ത് നാട്ടീല്‍ പോകരുത്ത് എന്ന് ഗുണപാഠം പടിച്ചു.
ഇതൊക്കെ പറഞ്ഞാലും ഇലക്ഷന്‍ പ്രചരണം റ്റീവിയില്‍ കാണുന്നത് ഒരു രസമാനേയ്!
ജയഹോ !!