7/27/07

ടൊക്കീവ

ടൊക്കീവ
വെബ്‌ സൈറ്റില്‍നിന്ന്‌ ടെലിഫോണുകളെ ബന്ധിപ്പിക്കുന്ന പുതിയൊരു സൈറ്റാണ്‌ ടൊക്കീവ. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ആദ്യത്തെ 15 മിനിറ്റ്‌ സൌജന്യവും വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ഉപയോഗിച്ചുനോക്കി.
സൌജന്യം ഉപയോഗപ്പെടുത്തിയ ശേഷം താല്‍പര്യമുള്ളവര്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍ക്ക്‌ ആശ്രയിക്കാം.

https://www.tokiva.com/signup.php?refercode=622707

7/26/07

പണമില്ലേ, പ്രശ്നമില്ല

എം. അഷ്‌റഫ്‌

( 2007 ജൂലൈ 27 -ന്‌ മലയാളം ന്യൂസില്‍
പ്രസിദ്ധീകരിച്ച ലേഖനം)‌


നാട്ടില്‍ പോകുന്ന നാളടുത്താല്‍ നാട്ടില്‍നിന്നുള്ള കത്തുകള്‍ കിട്ടാറില്ലെന്നത്‌ പ്രവാസികളെ കുറിച്ച്‌ പണ്ടേ പറഞ്ഞു പരത്തിയ അപഖ്യാതിയാണ്‌. വലിയ അടിസ്ഥാനമൊന്നുമില്ലെങ്കിലും നാട്ടിലേക്ക്‌ മടങ്ങാനുള്ള അവധിക്കാലമടുത്താല്‍ അവര്‍ക്കു പിന്നെ ബന്ധുക്കള്‍ അയക്കുന്ന കത്തുകള്‍ കിട്ടാറില്ലെന്നതാണ്‌ ഈ പരാതിക്ക്‌ കാരണമായി പറഞ്ഞിരുന്നത്‌. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞ്‌ നാട്ടിലേക്ക്‌ തിരിക്കാനൊരുങ്ങുമ്പോഴാണ്‌ ഗള്‍ഫുകാരന്‌ ബന്ധുജനങ്ങളില്‍നിന്ന്‌ ആവശ്യങ്ങളുടെ നീണ്ട പട്ടിക ലഭിക്കാറുള്ളത്‌. സ്നേഹാന്വേഷണങ്ങള്‍ക്കുപരി ഗള്‍ഫ്‌ മണമുള്ള സാധനങ്ങളുടെ ആ കുറിപ്പടി ലഭിച്ചില്ലെങ്കിലെന്ന്‌ ആഗ്രഹിക്കാന്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക്‌ നിര്‍വാഹമില്ല. മൊബൈലിലെ മിസ്ഡ്‌ കോളുകള്‍ കണ്ടില്ലെന്ന്‌ പറയാന്‍ കഴിയില്ലെന്നു മാത്രമല്ല, ഗള്‍ഫ്‌ സാധനങ്ങള്‍ നാട്ടിലെത്താന്‍ ഇപ്പോള്‍ പ്രവാസി അവയും ചുമന്ന്‌ നേരിട്ടെത്തിക്കൊള്ളണമെന്നില്ല, ആ സൌകര്യം ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഡോര്‍ ഡു ടോര്‍ കാര്‍ഗോ സര്‍വീസുകള്‍ എമ്പാടുമായി. ഇവിടെനിന്ന്‌ ഡ്രാഫ്റ്റ്‌ അയച്ചുകൊടുത്താല്‍ ഇഷ്ടമുള്ള സാധനങ്ങള്‍ ബന്ധുജനങ്ങള്‍ക്കെത്തിക്കാന്‍ നാട്ടില്‍ തന്നെ ഏജന്‍സികള്‍ ഇഷടം പോലെ വേറെയുമുണ്ട്‌. അവയുടെ പരസ്യങ്ങള്‍ പത്രങ്ങളിലും ടി.വികളിലും നാട്ടുകാരും കാണുന്നുണ്ട്‌. ഈ മാസം ഒന്നും ബാക്കിയായില്ല, അടുത്ത മാസമാവട്ടെയെന്നു പറയാനും നിര്‍വാഹമില്ലാതായിരിക്കുന്നു ഗള്‍ഫുകാരന്‌. നിനക്കെന്താ ക്രെഡിറ്റ്‌ കാര്‍ഡില്ലേ എന്ന ചോദ്യത്തിന്‌ മുന്നില്‍ ഇല്ല എന്നു തറപ്പിച്ചു പറയാന്‍ അവനു സാധിക്കുന്നില്ല. ഒരു ക്രെഡിറ്റ്‌ കാര്‍ഡ്‌ പോലുമില്ലാത്തവന്‍ എന്തു പ്രവാസി. അവനൊരു ദരിദ്രവാസി. ഗള്‍ഫുകാര്‍ക്ക്‌ മാത്രമല്ല, നാട്ടുകാര്‍ക്കും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇന്നൊരു സ്റ്റാറ്റസ്‌ പ്രതീകമായി മാറിയിട്ടുണ്ട്‌. താന്‍ വാങ്ങുന്ന കടം കൂട്ടിവെക്കുന്ന ബാധ്യതാ കാര്‍ഡാണ്‌ അതെന്ന വസ്തുത പോലും വിസ്മരിക്കപ്പെട്ട്‌ അഞ്ചും ആറും ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കൊണ്ടുനടക്കുന്ന പ്രവാസികള്‍ നമുക്ക്‌ ചുറ്റും ധാരാളമുണ്ട്‌. ജിദ്ദയില്‍നിന്ന്‌ കൊണ്ടുപോയ സാധനങ്ങള്‍ക്കുപുറമെ ൪൦,൦൦൦ രൂപയുടെ സാധനങ്ങള്‍ മുംബൈയില്‍നിന്ന്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വാങ്ങിയ സുഹൃത്തിനോട്‌ അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ എന്നിട്ടുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താനായില്ലെന്നായിരുന്നു മറുപടി. പിശുക്കനെന്ന വിളിയും വെറുപ്പും ബാക്കി. കടം വാങ്ങുന്നത്‌ ആരും സന്തോഷത്തോടെയല്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ വാങ്ങിപ്പോകുന്നതാണ്‌ കടം. കടബാധ്യതകള്‍ നിറവേറ്റാനാവതെ ജീവനൊടുക്കുന്നവരുടെ കഥകള്‍ നാം നിത്യേന വായിക്കുന്നു. നാട്ടുകാരുടെ കടങ്ങളെ കുറിച്ച്‌ ധാരാളം പറയാറുണ്ടെങ്കിലും കടത്തില്‍ മുങ്ങിയ പ്രവാസിയെ കുറിച്ച്‌ ആരും പറയാറില്ല. കെട്ടിപ്പൊക്കിയ മണിമന്ദിരങ്ങള്‍ക്ക്‌ പെയിണ്റ്റടിക്കാന്‍ പോലും പ്രവാസി ആശ്രയിക്കുന്നത്‌ പലിശ കൊടുത്ത്‌ വാങ്ങുന്ന കടത്തെയാണെന്നത്‌ വസ്തുത. ആകര്‍ഷകമായ എത്രയൊക്കെ വശങ്ങള്‍ എണ്ണിപ്പറഞ്ഞാലും ക്രെഡിറ്റ്‌ കാര്‍ഡ്‌ മാനിയയും ഗള്‍ഫുകാരെ കടബാധ്യതകളിലേക്കാണ്‌ നയിക്കുന്നത്‌. പൊങ്ങച്ചപ്പുടവകള്‍ അഴിച്ചുമാറ്റാനാവാത്ത, പ്രവാസിയുടെ ഒട്ടും അച്ചടക്കമില്ലാത്ത ജീവിതം കൂടിയാകുമ്പോള്‍ കഥ പൂര്‍ണമാകുന്നു. അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും ക്രെഡിറ്റ്‌ കാര്‍ഡിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിനിമകളും ഡോക്യുമെണ്റ്ററികളും ഇറങ്ങുമ്പോഴാണ്‌ അവരുടെ ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന പട്ടിണി നാടുകളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ജ്വരം പടര്‍ന്നു പിടിക്കുന്നത്‌. ആസ്തിയും വരുമാനവുമുള്ള സ്വദേശികള്‍ക്ക്‌ മാത്രമേ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ലഭിക്കുകയുള്ളൂവെന്ന ധാരണ തിരുത്തപ്പെട്ടതോടെ അവ സ്വന്തമാക്കാനുള്ള മത്സരത്തില്‍ പ്രവാസികളും ഏര്‍പ്പെട്ടു തുടങ്ങി. വിവിധ കമ്പനികളുടെ കാര്‍ഡുകളുമായി ബാങ്കുകളുടെ പ്രതിനിധികള്‍ ഓഫീസുകളിലും താമസ സ്ഥലങ്ങളിലും എത്തിത്തുടങ്ങിയതോടെ വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയല്ലോ, ഇരിക്കട്ടെ ഒന്ന്‌ എന്ന ചിന്തയിലേക്ക്‌ മാറിത്തുടങ്ങി ഓരോരുത്തരും. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗത്തില്‍ നിരുത്തരവാദിത്തവും അച്ചടക്കമില്ലായ്മയും കാണിച്ച പലര്‍ക്കും അതൊരു കെണിയായി മാറിയിരിക്കയാണ്‌. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായിരിക്കുന്നു പലിശയും കൂട്ടുപലിശയുമായി വലിയ തുകയുടെ ബാധ്യത വന്നവരുടെ ചിന്ത. ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിലെ തുക കൃത്യമായി അടച്ചില്ലെങ്കില്‍ അതിണ്റ്റെ പലിശക്ക്‌ കൂടി പലിശ നല്‍കാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാണ്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുത്തശേഷം ചെലവ്‌ ഗണ്യമായി വര്‍ധിച്ചുവെന്നു പറയുന്നവര്‍ ധാരാളമാണ്‌. വാര്‍ഷിക ഫീസ്‌ നല്‍കിയാല്‍ ടെലിഫോണ്‍ ബില്ലും ഇലക്ട്രിക്‌ ബില്ലും അടക്കാം, അത്യാവശ്യം വേണമെങ്കില്‍ എയര്‍ ടിക്കറ്റ്‌ വാങ്ങാം തുടങ്ങിയ ചിന്തകളാണ്‌ പലരേയും ക്രെഡിറ്റ്‌ കാര്‍ഡിലേക്ക്‌ ആകര്‍ഷിച്ചത്‌. അക്കൌണ്ട്‌ ഏതെങ്കിലും ബാങ്കിലാകട്ടെ, കാര്‍ഡ്‌ തരാമെന്ന വാഗ്ദാനവുമായുള്ള ബാങ്ക്‌ പ്രതിനിധികളുടെ ഓഫീസുകളിലെ കാത്തിരിപ്പ്‌ അതിന്‌ ആക്കം കൂട്ടുകയും ചെയ്തു. ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത, അല്ലെങ്കില്‍ ദൌര്‍ഭാഗ്യകരമായ ആവശ്യം നേരിട്ടതിനാലാകാം ചിലര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കടത്തില്‍ മുങ്ങിയത്‌. എന്നാല്‍ തെറ്റായ രീതിയിലുള്ള ഉപയോഗം തന്നെയാണ്‌ ബഹുഭൂരിഭാഗം പേര്‍ക്കും വിനയായി മാറിയിരിക്കുന്നത്‌. കാര്‍ഡ്‌ കടം വീട്ടാന്‍ വഴികള്‍ പലതുമുണ്ടെങ്കിലും അപൂര്‍വം ചിലര്‍ മാത്രമേ അതില്‍ യഥാസമയം വിജയിക്കുന്നുള്ളൂ. ആസൂത്രണവും കര്‍ശനമായ അച്ചടക്കവും നിയന്ത്രണവും പാലിക്കാന്‍ കഴിയുന്നവരെ മാത്രമേ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വിഴുങ്ങാതിരിക്കൂ. പണമില്ലേ അതൊരു പ്രശ്നമാക്കേണ്ട എന്ന മുദ്രാവാക്യത്തിനു മുന്നില്‍ രണ്ടു തവണ ആലോചിച്ചാല്‍ ഈ കെണിയില്‍നിന്ന്‌ രക്ഷപ്പെടാം. ഒന്നോ രണ്ടോ മാസത്തെ ശമ്പളത്തിണ്റ്റെ തുക സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ വായ്പയായി കിട്ടാനിടയുള്ളവര്‍ ക്രെഡിറ്റ്‌ കാര്‍ഡിനെ കുറിച്ച്‌ ചിന്തിക്കാതിരിക്കുന്നതാണ്‌ ഉത്തമം. അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന്‌ ചെറിയ കൂട്ടായ്മകളുണ്ടാക്കി മാസം നിശ്ചിത തുക നീക്കിവെച്ചാല്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ അത്യാവശ്യങ്ങള്‍ നികത്താനാകുമെന്ന്‌ ചില സുഹൃത്തുക്കള്‍ തെളിയിച്ചിട്ടുണ്ട്‌. പത്ത്‌ പേര്‍ ചേര്‍ന്നുള്ള ഒരു സംഘത്തിന്‌ ഏതാനും വര്‍ഷമായി തുടരുന്ന ഈ സംവിധാനത്തിലൂടെ പണം ലാഭകരമായ ഒരു കച്ചവടത്തില്‍ നിക്ഷേപിക്കാന്‍ പോലും സാധിച്ചു. ഒരു ക്രെഡിറ്റ്‌ കാര്‍ഡിലെ വായ്പയും പലിശയും അടച്ചു തീര്‍ത്താലും കാര്‍ഡുകളുടെ മായിക ലോകത്ത്‌ സംഘര്‍ഷമില്ലാത്ത ജീവിതം നയിക്കണമെങ്കില്‍, കടമില്ലാത്ത സ്ഥിതി തുടരുമെന്ന ഉറച്ച തീരുമാനവും ദൃഢനിശ്ചയവുമുണ്ടെങ്കിലേ സാധിക്കൂ. പേഴ്സില്‍ ക്രെഡിറ്റ്‌ കാര്‍ഡുള്ളവര്‍ അത്‌ ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെട്ടുവെന്നും എന്തു ബാധ്യതകള്‍ വരുത്തിയെന്നും വിലയിരുത്തിയശേഷം അത്‌ നല്‍കുന്ന പാഠങ്ങള്‍ യഥാവിധി ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഒരിക്കല്‍ രക്ഷപ്പെട്ട കെണി വീണ്ടും മുറുകുമെന്ന്‌ വിസ്മരിക്കേണ്ട. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുകയും അത്‌ വിനയായി മാറുകയും ചെയ്ത പലരുടേയും അനുഭവങ്ങളില്‍നിന്ന്‌ മനസ്സിലാക്കാന്‍ സാധിച്ച ഏതാനും മുന്‍കരുതലുകള്‍: ആകര്‍ഷകമായ ധാരാളം ഓഫറുകളും ഡിസ്കൌണ്ടുകളും എത്തിയാലും അത്യാവശ്യമുള്ള സാധനങ്ങളേ വാങ്ങൂ എന്ന്‌ തീരുമാനിക്കാന്‍ സാധിക്കണം. ആരുടെ സമ്മര്‍ദമുണ്ടായാലും അമിതമായി ചെലവഴിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയണം. കാര്‍ഡ്‌ അനുവദിക്കുന്ന പരിധിയുടെ ൭൫ ശതമാനം കടക്കുന്നില്ലെന്നും സമയത്ത്‌ ബില്‍ തുക അടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ടിലധികം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ ബാക്കിയുള്ളവ ഉപേക്ഷിക്കണം. അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കാര്‍ഡുകള്‍ തന്നെ ധാരാളം.

7/24/07

അപൂര്‍വ സൌഹൃദം

സുനാമി തിരമാലകളില്‍നിന്ന്‌ രക്ഷപ്പെട്ട ഹിപ്പൊ കുട്ടിയും നൂറ്റാണ്ട്‌ പ്രായമുള്ള കൂറ്റന്‍ ആമയും തമ്മില്‍ ഉടലെടുത്ത സ്നേഹവും സൌഹൃദവും ചിത്രങ്ങളിലൂടെ. നെയ്‌റോബിയില്‍നിന്നുള്ള കാഴ്ച. അടിക്കുറിപ്പ്‌ വേണ്ടാത്ത വിധം ഈ ചിത്രങ്ങള്‍ നമ്മോട്‌ സംസാരിക്കുന്നു.


7/20/07

ലിഫ്റ്റും കണ്ണാടിയും

എം. അഷ്‌റഫ്‌
(2007 ജൂലൈ 20-ന്‌ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം)
കഷണ്ടിയില്‍ അങ്ങിങ്ങായി അവശേഷിക്കുന്ന മുടികള്‍ ചീകിയൊതുക്കുന്നത്‌ നലാളുകള്‍ കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പലപ്പോഴും ലിഫ്റ്റിലെ കണ്ണാടി അനുഗ്രഹമാകാറുണ്ട്‌. മുടിചീകി സുന്ദരന്‍മാരായി ഓഫീസിലേക്ക്‌ കയറാനാണ്‌ എല്ലാ കെട്ടിടങ്ങളിലേയും ലിഫ്റ്റുകളില്‍ മനോഹരമായ കണ്ണാടി വെച്ചിരിക്കുന്നതെന്ന്‌ കരുതുന്നവരുമുണ്ട്‌. ഇന്‍ ചെയ്ത പാണ്റ്റ്സും ഷര്‍ട്ടും കോട്ടുമൊക്കെ ഒന്ന്‌ ശരിയാക്കി, താന്‍ കൊള്ളാമല്ലോ എന്ന ചിന്തയോടെ ലിഫ്റ്റില്‍നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിയാകും. ലിഫ്റ്റില്‍ മുകളിലോട്ടും താഴോട്ടും പോകുമ്പോള്‍ ഒരുതവണയെങ്കിലും കണ്ണാടിയില്‍ നോക്കാത്തവരുണ്ടാവില്ല. മുടി ചീകുന്നില്ലെങ്കില്‍ പല്ലിനിടയില്‍ തൊട്ടുമുമ്പ്‌ കഴിച്ച ഭക്ഷണത്തിണ്റ്റെ അവശിഷ്ടം വല്ലതുമുണ്ടോയെന്നെങ്കിലും നോക്കിയിരിക്കും. ലിഫ്റ്റില്‍ എന്തിനാണ്‌ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്ന ചോദ്യത്തിന്‌ പലര്‍ക്കും പല ഉത്തരമാണുണ്ടാവുക. കണ്ണാടിയില്ലാത്ത ലിഫ്റ്റിനെക്കുറിച്ച്‌ ചിന്തിച്ചു നോക്കുക. എത്ര ഇടുങ്ങിയതായിരിക്കും അത്‌. ഇടുങ്ങിയ സ്ഥലം ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീത ഭയത്തെ ക്ളോസ്ട്രോഫോബിയ എന്നാണ്‌ പറയാറുള്ളത്‌. ഇത്തരം ഭീതി ഒഴിവാക്കാനാണ്‌ ലിഫ്റ്റില്‍ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്നാണ്‌ ചിലര്‍ പറയുക. അടുത്ത തവണ ലിഫ്റ്റില്‍ കയറുമ്പോള്‍ കണ്ണാടിയില്ലെന്ന്‌ വെറുതെ ഒന്ന്‌ സങ്കല്‍പിച്ചുനോക്കുക. ലിഫ്റ്റിനെ കുറിച്ചും കണ്ണാടിയെ കുറിച്ചും ചിന്തിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്‌. കാസര്‍കോട്‌ മൊഗ്രാലിലെ ശാഫിയെന്ന പ്രവാസി യുവാവുമായി ബന്ധപ്പെട്ടതാണത്‌. ജിദ്ദയിലെ കിംഗ്‌ ഫഹ്ദ്‌ ആശുപത്രിയില്‍ മൂന്ന്‌ ശസ്ത്രക്രിയക്ക്‌ വിധേയനായ ശേഷം ബാക്കി ചികിത്സക്കായി ശാഫി കഴിഞ്ഞയാഴ്ച നാട്ടിലേക്ക്‌ പോയി. ആരിലും അദ്ഭുതമുണര്‍ത്തുന്ന ഒരു രക്ഷപ്പെടലിണ്റ്റെ കഥയാണ,്‌ നമ്മെയൊക്കെ പോലെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസം തെരഞ്ഞെടുത്ത ഈ യുവാവിണ്റ്റേത്‌. ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയില്‍നിന്ന്‌ ലിഫ്റ്റ്‌ എത്തിയെന്നുകരുതി കാലെടുത്തുവെച്ച ശാഫി താഴേക്ക്‌ പതിക്കുകയായിരുന്നു. വീഴ്ചയുടെ ശബ്ദം ആരുടെയോ കാതില്‍ പതിഞ്ഞതുകൊണ്ട്‌ ലിഫ്റ്റ്‌ താഴേക്ക്‌ വരുന്നത്‌ നിര്‍ത്താന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ലിഫ്റ്റ്‌ വന്ന്‌ നേരെ അമരേണ്ടിയിരുന്നത്‌ താഴേക്ക്‌ പതിച്ച ശാഫിയുടെ ദേഹത്തായിരുന്നു. വീഴ്ചയില്‍ തലക്ക്‌ എവിടേയും പോറലേല്‍ക്കാത്തതുകൊണ്ട്‌ ശാഫിയുടെ ജീവന്‍ തിരിച്ചുകിട്ടി. ഏതു നിലയിലായാലും സാധാരണ ഗതിയില്‍ ലിഫ്റ്റ്‌ എത്താതെ അതിണ്റ്റെ ഡോര്‍ തുറക്കാറില്ല. സാങ്കേതിക പിഴവുകൊണ്ടാണ്‌ ഇവിടെ അങ്ങനെ സംഭവിച്ചത്‌. ലിഫ്റ്റില്‍ കയറാനൊരുങ്ങുന്ന നമ്മളാരും അത്രയേറെ ജാഗ്രത പുലര്‍ത്താറില്ലെന്നതും നേര്‌. ലിഫ്റ്റ്‌ എത്തിക്കഴിഞ്ഞാലല്ലേ വാതില്‍ തുറക്കൂ എന്ന ധാരണ നമ്മില്‍ ഉറച്ചതുകൊണ്ടാണത്‌. തിരിഞ്ഞുനിന്നും മൊബൈലില്‍ സംസാരിച്ചുകൊണ്ടും ആളുകള്‍ അശ്രദ്ധമായി ലിഫ്റ്റില്‍ കയറുന്നത്‌ കാണാറുണ്ട്‌. കുടുംബത്തോടൊപ്പമാകുമ്പോള്‍ കുട്ടികളായിരിക്കും ലിഫ്റ്റിണ്റ്റെ ബട്ടണ്‍ അമര്‍ത്തുന്നതും തുറക്കുന്നതുമൊക്കെ. അപൂര്‍വമായേ ഇങ്ങനെ ഡോര്‍ തുറന്നിട്ടും ലിഫ്റ്റ്‌ എത്താതിരിക്കൂ എന്നു കരുതേണ്ട. ശാഫിയുടെ ശസ്ത്രക്രിയക്കും രക്തദാനം ചെയ്യുന്നതിന്‌ ആളുകളെ ഏര്‍പ്പാടാക്കാനും മറ്റും ഉണ്ടായിരുന്ന കാസര്‍കോട്‌ സ്വദേശി സി.എച്ച്‌. ബഷീര്‍ പറയുന്നത്‌ നേരത്തെ, സൌദിയുടെ മറ്റു നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌. ലിഫ്റ്റുകളില്‍ നിര്‍ബന്ധമായും സ്ഥാപിക്കുന്ന കണ്ണാടിയുടെ സുരക്ഷാ വശത്തിലേക്കാണ്‌ ഈ അപകടം വിരല്‍ചൂണ്ടുന്നത്‌. ലിഫ്റ്റില്‍ സഞ്ചരിക്കാനെത്തുന്നവര്‍ക്ക്‌ താന്‍ കയറാന്‍ പോകുന്ന കാറിണ്റ്റെ സാന്നിധ്യം അറിയിക്കുകയെന്ന ദൌത്യമാണ്‌ കണ്ണാടി നിര്‍വഹിക്കുന്നത്‌. ഇടുക്കം തോന്നാതിരിക്കുകെയന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണ്‌ വാതില്‍ തുറന്നാല്‍ അകത്ത്‌ വെളിച്ചത്തോടുകൂടി സാന്നിധ്യമറിയിക്കാനുള്ള സംവിധാനം. മുന്നോട്ടു നോക്കിത്തന്നെയാണ്‌ നാം ലിഫ്റ്റില്‍ കയറുന്നതെങ്കില്‍ അസാന്നിധ്യം നമ്മുടെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. എന്നാല്‍ മറ്റുള്ളവരോടോ മൊബൈലിലോ സംസാരിച്ചുകൊണ്ടാണെങ്കില്‍ ഡോര്‍ തുറന്ന സ്ഥിതിക്ക്‌ ലിഫ്റ്റ്‌ എത്തിയിട്ടുണ്ടാകുമെന്ന ധാരണ അപകടത്തിലേക്ക്‌ നയിക്കും. ജിദ്ദയിലെ ഹറമൈനി ബില്‍ഡിംഗിലെ ഫ്ളാറ്റില്‍ ബോട്ടില്‍വെള്ളം എത്തിക്കാനാണ്‌ ശാഫി കയറിയിരുന്നത്‌. ജോലിയുടെ ധിറുതിയില്‍ നമുക്കൊക്കെയുള്ള അമിത വിശ്വാസംതന്നെയാണ്‌ ഈ യുവാവിനേയും പിടികൂടിയിരുന്നത്‌. ലിഫ്റ്റ്‌ തുറന്ന സ്ഥിതിക്ക്‌ ലിഫ്റ്റ്‌ എത്താതിരിക്കുമോ എന്ന ചോദ്യമാണല്ലോ ഇപ്പോഴും നമ്മുടെ മനസ്സിലുള്ളത്‌. ഏതായാലും കിംഗ്‌ ഫഹ്ദ്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ സാധിച്ചത്‌ പ്രാരബ്ധങ്ങള്‍ അവസാനിച്ചിട്ടില്ലാത്ത ശാഫിക്ക്‌ ആശ്വാസമായി. ഇത്രയും ശസ്ത്രകിയകള്‍ക്കും മറ്റും സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകുന്ന സ്ഥിതിയിലല്ല ശാഫിയും അദ്ദേഹത്തിണ്റ്റെ ഇവിടെയുള്ള ബന്ധുക്കളും. അടിയന്തര ഘട്ടങ്ങളില്‍ ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവാസികള്‍ക്കുമുമ്പിലും തുറക്കപ്പെടുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ്‌ മലപ്പുറം എ.ആര്‍. നഗര്‍ സ്വദേശി മുഹമ്മദിണ്റ്റെ കഥയും വിരല്‍ ചൂണ്ടുന്നത്‌. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ബൈപാസ്‌ കഴിഞ്ഞ്‌ ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ മെഡിക്കല്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ കഴിയുകയാണ്‌ മുഹമ്മദ്‌ ഇപ്പോള്‍. എത്ര ഗുരുതരമായ അസുഖമായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിക്കലും പ്രവാസികള്‍ക്ക്‌ ചികിത്സ ലഭിക്കില്ലെന്നാണ്‌ പ്രചരിപ്പിച്ചുവരുന്നത്‌. മുഹമ്മദ്‌ തന്നെയും ഒരു ദിവസം സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പതിനാറായിരം റിയാലായിരുന്നു അവിടത്തെ ബില്‍. ബൈപാസ്‌ നടത്തണമെങ്കില്‍ ചുരുങ്ങിയത്‌ ൬൦,൦൦൦ റിയാലെങ്കിലും വേണ്ടിവരുമെന്ന വിവരം ഭാര്യയോടും മകനോടുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മുഹമ്മദിണ്റ്റെ ഇവിടെ ജോലി ചെയ്യുന്ന മകനേയും മറ്റു ബന്ധുക്കളേയും തളര്‍ത്തിയപ്പോഴാണ്‌ ചില സാമൂഹിക പ്രവര്‍ത്തകര്‍ ഈ വഴിയെ കുറിച്ച്‌ ചിന്തിച്ചത്‌. പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ സംവിധാനം കൂടിയുള്ള കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേഴ്സിറ്റിയില്‍ ഫീ ആവശ്യമില്ലാത്ത സര്‍ക്കാര്‍ സംവിധാനത്തില്‍തന്നെയാണ്‌ മുഹമ്മദിന്‌ പ്രവേശനം ലഭിച്ചത്‌. യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സുമാരും മറ്റുമായി ധാരാളം മലയാളി ജീവനക്കാരുമുണ്ട്‌. ഹൃദയാഘാതത്തിന്‌ പ്രവാസി ചികിത്സക്കെത്തിയത്‌ അവര്‍ക്കും പുതിയ അനുഭവമായി. മലയാളി നഴ്സുമാരുള്ളതുകൊണ്ട്‌ കുടിക്കാന്‍ ചൂടുവെള്ളം നല്‍കുന്നതിനുപോലും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന്‌ ജിദ്ദയില്‍ ൨൦ വര്‍ഷം പ്രവാസജീവിതം നയിച്ച്‌ മടങ്ങിപ്പോയിരുന്ന മുഹമ്മദിണ്റ്റെ കമണ്റ്റ്‌. അത്യാവശ്യഘട്ടത്തില്‍ പ്രവാസിയായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടാനാകുമെന്ന അറിവിനോടൊപ്പം, ശസ്ത്രക്രിയ നടക്കുന്നതിനിടയിലും ഹൃദയാഘാതം അതിജീവിച്ച മുഹമ്മദിനു വേണ്ടി നമുക്ക്‌ പ്രാര്‍ഥിക്കാം.

7/14/07

അന്നം മുട്ടിക്കുന്ന കണ്ടുപിടിത്തങ്ങള്‍

എണ്ണക്ക്‌ വേണ്ടിയുള്ള വിദേശ ആശ്രിതത്വം ഒഴിവാക്കുന്നതിന്‌ അമേരിക്കയും യൂറോപ്പും കൃഷിഭൂമികള്‍ കാര്‍ഷിക ഇന്ധനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ അത്‌ അന്നം മുട്ടിക്കുന്നതിലേക്ക്‌ നയിക്കുമെന്ന്‌ യു.എന്‍. പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു.
വാഹനങ്ങള്‍ ഓടിക്കാനും ഫാക്ടറികളിലും മറ്റുമുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും വെളിച്ചെണ്ണ ഉപയോഗിച്ചുതുടങ്ങിയെന്ന വാര്‍ത്തകള്‍ നാം കേരളീയരെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണ്‌. കൊളസ്ട്രോള്‍ ഭീകരനെ ചൂണ്ടിക്കാട്ടി വെളിച്ചെണ്ണയുടെ ഭക്ഷ്യോപയോഗം കുറയ്ക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെയാണ്‌ വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നതില്‍ പസഫിക്‌ ദ്വീപ്‌ രാഷ്ട്രങ്ങള്‍ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നുവെന്ന വാര്‍ത്തകളും വന്നത്‌. എണ്ണ വില വര്‍ധനയോട്‌ പൊരുതുന്ന ഈ രാജ്യങ്ങള്‍ സാമ്പത്തികമായും പാരിസ്ഥിതികമായും പെട്രോളിന്‌ പകരം വെക്കാവുന്ന ശുദ്ധ ഇന്ധനമായി വെളിച്ചെണ്ണയെ കാണുന്നു. എന്‍ജിനുകളില്‍ വെളിച്ചെണ്ണയുടെ ഉപയോഗം പുതിയതല്ലെന്നും പറയാം. രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ഡീസിലനു ക്ഷാമം നേരിട്ടപ്പോള്‍ ഫിലിപ്പൈന്‍സില്‍ വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിച്ചിരുന്നു. പിന്നീട്‌ ഡീസല്‍ സുലഭമായതും ശൈത്യകാലത്ത്‌ വെളിച്ചെണ്ണയുടെ ഉപയോഗം സാധ്യമാകാതെയും വന്നതാണ്‌ അതിണ്റ്റെ പ്രചാരം കുറച്ചത്‌. ദക്ഷിണ പസഫിക്‌ ദ്വീപ്‌ രാജ്യമായ വനാട്ടുവിലും സമീപ ദ്വീപുകളിലും ഈയുടത്തായി വീണ്ടും വെളിച്ചണ്ണ ഇന്ധനം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. എണ്ണ ക്ഷാമവും വിലവര്‍ധനയും കാരണം പൂട്ടിയിട്ടിരുന്ന പല ചെറുകിട വ്യവസായങ്ങളും പുതിയ ഇന്ധനത്തിണ്റ്റെ വരവോടെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. തേച്ചുകുളിക്കും ഭക്ഷ്യോപയോഗത്തിനുമപ്പുറം വെളിച്ചെണ്ണയ്ക്ക്‌ പുതിയ വ്യാപ്തി കണ്ടെത്തുന്നത്‌ ആഹ്ളാദകരമാണെങ്കിലും ഭക്ഷ്യവസ്തുക്കളും എണ്ണക്കുരുക്കളും ഇതുപോലെ ഇന്ധനമായി ഉപയോഗിക്കാനുള്ള നീക്കം ഇതുപോലെ തുടര്‍ന്നാല്‍ അടുത്ത പത്ത്‌ വര്‍ഷത്തിനകം ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുമെന്ന്‌ ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നു. വികസ്വര രാജ്യങ്ങളില്‍ മാംസ ഉപയോഗം ഗണ്യമായി വര്‍ധിച്ചുവരുന്നതും ഇന്ധനത്തിനായുള്ള വിളകള്‍ ഉല്‍പാദിപ്പിക്കുന്നതിന്‌ കൂടുതല്‍ ഭൂമി ഉപയോഗപ്പെടുത്തുന്നതുമാണ്‌ ഭക്ഷ്യവിലക്കയറ്റത്തിനു കാരണമായി യു.എന്‍. ചൂണ്ടിക്കാണിക്കുന്നത്‌. അതേസമയം ഈ മാറ്റം ഹരിത വാതകങ്ങള്‍ കൊണ്ട്‌ ഭൂമിക്കുണ്ടാകുന്ന ദ്രോഹം അത്രയൊന്നും കുറക്കാന്‍ പോകുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രവണതകള്‍ മുന്‍നിര്‍ത്തിയാണ്‌ അടുത്ത പത്ത്‌ വര്‍ഷത്തേക്കുള്ള യു.എന്നിണ്റ്റെ പഠനം. വാഹനങ്ങള്‍ക്ക്‌ ഇന്ധനമാക്കാന്‍ കരിമ്പിണ്റ്റേയും ചോളത്തിണ്റ്റേയും എണ്ണക്കുരുക്കളുടേയും ഉല്‍പാദനം ഇരട്ടിയായി വര്‍ധിക്കുമെന്നും വിക്വസര രാജ്യങ്ങളിലെ ജനങ്ങള്‍ വന്‍തോതില്‍ മാംസാഹാരത്തെ മാത്രം ആശ്രയിച്ചു തുടങ്ങുമെന്നുമാണ്‌ നിരീക്ഷണം. ഈ മാറ്റം അമേരിക്കയും യൂറോപ്യന്‍ സമൂഹവും വിദേശ എണ്ണയെ ആശ്രയിക്കുന്നതില്‍ കുറവു വരുത്തുമെന്ന്‌ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. കാര്‍ഷിക ഇന്ധന വ്യവസായം വികസിപ്പിക്കുന്നതില്‍ യൂറോപ്പും അമേരിക്കയും ചൈനയും ബ്രസീലുമാണ്‌ മുന്നിലുള്ളത്‌. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ചോളം ഉല്‍പാദനത്തിണ്റ്റെ മൂന്നിലൊരു ഭാഗം ഇന്ധനാവാശ്യങ്ങള്‍ക്കായുള്ള എതനോള്‍ ഉല്‍പാദിപ്പിക്കാനാണ്‌ പോയത്‌. 2005 നെ അപേക്ഷിച്ച്‌ 48 ശതമാനം വര്‍ധനയാണിത്‌. ബ്രസീലും ചൈനയും 20 ദശലക്ഷം ഹെക്ടര്‍ സ്ഥലമാണ്‌ ഇന്ധന വിളകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്‌. പത്ത്‌ വര്‍ഷത്തിനകം ഇത്‌ ഇരട്ടിയാകുമെന്ന്‌ യു.എന്‍. പഠനം പറയുന്നു. ലോക ഭക്ഷ്യ സംഘടനയും ഒ.ഇ.സി.ഡിയും സംയുക്തമായാണ്‌ യു.എന്‍. റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. കൃഷി ഭൂമികള്‍ നികത്തി കോണ്‍ക്രീറ്റ്‌ കാടുകള്‍ വികസപ്പിച്ചതിനെ തുടര്‍ന്ന്‌ കേരളം നേരിടുന്ന കാര്‍ഷിക, പാരിസ്ഥിതിക പ്രതിസന്ധിയിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ആഗോളതലത്തില്‍തന്നെ കൃഷിക്കു വരുന്ന പരിണാമത്തിണ്റ്റെ ദുരന്തം നമുക്ക്‌ മുന്നില്‍ കാണാവുന്നതാണ്‌. എന്തുകൊണ്ട്‌ ഇത്‌ ഭക്ഷ്യ വസ്തുക്കളുടെ വിലയെ ബാധിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്‌. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനുള്ള സ്ഥലം ഇന്ധന വിളകള്‍ക്കായി മാറ്റുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യത്തിനു കാരണമാകുകയും അത്‌ വില വര്‍ധനക്ക്‌ കാരണമാകുകയും ചെയ്യുന്നു. പഞ്ചസാര, ചോളം, പാംഓയില്‍ എന്നിവയെയാണ്‌ പ്രത്യക്ഷത്തില്‍ അത്‌ ബാധിച്ചുതുടങ്ങുക. കാലവസ്ഥാ വ്യതിയാനം കാരണമായുള്ള വരള്‍ച്ചയും പ്രളയവും അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ വരുത്താനിടയുള്ള കൃഷി നാശം കണക്കിലെടുക്കാതെയുള്ളതാണ്‌ യു.എന്‍. റിപ്പോര്‍ട്ട്‌. ആസ്ട്രേലിയിലെ കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ കാരണം ഗോതമ്പിണ്റ്റേയും മറ്റും വില ഇപ്പോള്‍തന്നെ റെക്കൊര്‍ഡ്‌ നിലയില്‍ എത്തിച്ചിട്ടുണ്ട്‌. അമേരക്കിയിലെ ഭക്ഷ്യശേഖരത്തില്‍വന്ന ഇടിവും ആഫ്രിക്കയിലെ വരള്‍ച്ചയും ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നുണ്ട്‌. ചില വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന റെക്കോര്‍ഡ്‌ നിലവാരത്തിലേക്കാണ്‌ പോകുന്നത്‌. പുതിയ സാധ്യതള്‍ മുന്നില്‍ കണ്ട്‌ കൃഷിയിലേക്ക്‌ തിരിഞ്ഞിരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക്‌ ഇത്‌ വന്‍ലാഭം സമ്മാനിക്കുമെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളേയും നഗരങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരേയും ഗുരതരമായി ബാധിക്കുമെന്ന്‌ യു.എന്‍. മുന്നറിയിപ്പ്‌ നല്‍കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന കന്നുകാലി കര്‍ഷകരേയും ബാധിക്കും. തീറ്റകള്‍ വാങ്ങാന്‍ അവര്‍ അധിക വില നല്‍കേണ്ടി വരും. ചൈനയെ പോലെ വികസനരംഗത്ത്‌ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ 2016 ഓടെ പോത്തിറച്ചിയുടേയും പന്നിയിറച്ചിയുടേയും പകുതിയോളവും കോഴിഇറച്ചി, മുട്ട എന്നിവയുടെ ഉപയഭോഗം ൨൫ ശതമാനവും വര്‍ധിക്കുമെന്നാണ്‌ പഠനം കണക്കാക്കുന്നത്‌. ചില ഗവണ്‍മെണ്റ്റുകള്‍ നല്‍കുന്ന പ്രോത്സാഹനവും സബ്സഡിയുമാണ്‌ ഊര്‍ജവിളകളുടെ സ്വീകാര്യത കൂട്ടിയിരിക്കുന്നതെന്ന്‌ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരിരതര സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഊര്‍ജ വിളകള്‍ക്ക്‌ യൂറോപ്യന്‍ യൂനിയന്‍ നല്‍കുന്ന സബ്സിഡി നിര്‍ത്തണമെന്ന്‌ നൂറിലേറെ സംഘടനകളാണ്‌ ആവശ്യപ്പെട്ടത്‌.

പ്രവാസികളുടെ തിരോധാനം

പ്രവാസികളുടെ തിരോധാനം
ഇസ്ളാമാബാദിലെ ലാല്‍ മസ്ജിദില്‍ പാക്‌ സൈന്യം നടത്തിയ കൂട്ടക്കുരുതി അനിവാര്യമെന്നു തന്നെയാണ്‌ പ്രസിഡണ്റ്റ്‌ പര്‍വേസ്‌ മുഷറഫിനെ പോലെ പാക്കധീന കശ്മീരില്‍നിന്നുള്ള പ്രവാസി വസീമിണ്റ്റേയും അഭിപ്രായം. പാക്കിസ്ഥാനിലെ എല്ലാ ഭീകരന്‍മാരെയും കൊലപ്പെടുത്തിയാലേ രാജ്യത്തിനു സ്വസ്ഥതുയുണ്ടാകൂ എന്നും ജിദ്ദയില്‍ ടാക്സി ഡ്രൈവറായ അദ്ദേഹം കരുതുന്നു. മദ്രസയില്‍ പഠിക്കാന്‍ പോയി കാണാതായ മക്കള്‍ക്ക്‌ വേണ്ടി ആശുപത്രികളില്‍ കയറിയിറങ്ങുന്ന രക്ഷിതാക്കളുടെ വിലാപം വസീമിനെ സ്വാധീനിച്ചിട്ടേയില്ല. കൂടുതല്‍ സംസാരിച്ചപ്പോഴാണ്‌ വസീമും സ്വന്തം കുടുംബത്തെ സംബന്ധിച്ചിടത്തോളം തിരോധാനം ചെയ്യപ്പെട്ട ഒരു പ്രവാസിയാണെന്ന്‌ മനസ്സിലായത്‌. നാല്‌ വര്‍ഷമായി സൌദിയില്‍ ജോലി ചെയ്യുന്ന വസീം കുടുംബവുമായി ബന്ധം പുലര്‍ത്താറില്ല. കശ്മീരികളുടെ സ്വാതന്ത്യ്ര പോരാട്ടത്തോടും ഇദ്ദേഹത്തിനു മതിപ്പില്ല. എന്തു കൊണ്ടു കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്ന ചോദ്യത്തിന്‌ ബാപ്പയും ഉമ്മയും സഹോദരന്‍മാരും നാട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു മറുപടി. വിവാഹം കഴിച്ചിട്ടില്ലെന്നു കൂടി പറഞ്ഞപ്പോള്‍ ഇത്രയും പ്രായമായിട്ടും എന്തേ കുടുംബ ജീവിതം തുടങ്ങുന്നില്ലെന്ന ചോദ്യത്തിന്‌ തന്നെ കണ്ടാല്‍ ൪൫ തോന്നുമെങ്കിലും തനിക്ക്‌ ൩൫ വയസ്സേ പ്രായമായിട്ടുള്ളൂ എന്ന മുഖവുരയോടെയായിരുന്നു വസീമിണ്റ്റെ മറുപടി. പ്രവാസികള്‍ക്ക്‌ വേഗം പ്രായമേറുമെന്ന പൊതു തത്ത്വവും. അനുജന്‍മാര്‍ വിവാഹത്തിനു ധൃതി കൂട്ടുന്നുണ്ടെന്നും താന്‍ ഒഴിഞ്ഞു മാറുകയാണ്‌ എന്നു കൂടി പറഞ്ഞ വസീം അവസാനമാണ്‌ കുടുംബവുമായി ബന്ധം പുലര്‍ത്താതിരിക്കാനുള്ള രഹസ്യം വെളിപ്പെടുത്തിയത്‌. അവരൊന്നും അറിയാതെ ഇവിടെ ഒരു ശ്രീലങ്കക്കാരിയെ ഒരു വര്‍ഷം മുമ്പ്‌ താന്‍ വിവാഹം ചെയ്തുവെന്നും ഇപ്പോള്‍ സുഖമായി കഴിയുന്നുവെന്നും വസീം പറഞ്ഞു. ഭാര്യ, സൌദി വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുന്നുവെന്നും അവരുടെ സ്പോണ്‍സറാണ്‌ വിവാഹത്തിന്‌ എല്ലാ ഒത്താശയും ചെയ്തുതന്നതെന്നും വസീം തുടര്‍ന്നു. ആഴ്ചയില്‍ സൌദി വീട്ടില്‍ പോയി തങ്ങുകയാണ്‌ പതിവ്‌. ഇതൊക്കെ കേട്ടപ്പോള്‍, ആദ്യം ഈ വര്‍ഷമെങ്കിലും വീട്ടില്‍ പോകണമെന്ന്‌ വസീമിനോട്‌ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഞാന്‍ ഇനി മറ്റൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കരുതെന്നാണ്‌ ഒടുവില്‍ പറഞ്ഞത്‌. തല്‍ക്കാലം നാടും കുടുംബവും മറന്നെങ്കിലും കാറില്‍ കളഞ്ഞുകിട്ടിയ റീ എന്‍ട്രി അടിച്ച പാസ്പോര്‍ട്ടിണ്റ്റെ മലയാളി ഉടമയെ കണ്ടെത്താന്‍ വസീം കാണിച്ച സന്‍മനസ്സ്‌ മാതൃകാപരമായിരുന്നു. ഉമ്മക്ക്‌ അസുഖം ബാധിച്ചതിനെ തുടര്‍ന്ന്‌ അടിയന്തിരമായി നാട്ടില്‍ പോകാന്‍ തയാറെടുത്ത മലയാളിയുടെ പാസ്പോര്‍ട്ടാണ്‌ റീ എന്‍ട്രിക്ക്‌ കൊണ്ടുപോയ ആള്‍ വസീമിണ്റ്റെ കാറില്‍ കളഞ്ഞു പോയത്‌. കാണുന്ന മലയാളികളോടും കടകളിലുമൊക്കെ പറഞ്ഞാണ്‌ അവസാനം പാസ്പോര്‍ട്ടിണ്റ്റെ ഉടമ വസീമിനെ ബന്ധപ്പെട്ടത്‌. ജിദ്ദയിലെ ഒരു ഔഷധ വിതരണ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി നല്‍കിയ ൫൦൦ റിയാല്‍ താങ്കളുടെ മാതാവിന്‌ വേഗം സുഖമാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്‌ തിരിക നല്‍കിയെന്നും വസീം പറഞ്ഞു. ആ മലയാളി ഉദ്യോഗസ്ഥന്‍ ഇപ്പോഴും ബന്ധപ്പെടാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ ആദ്യം ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട്‌ തണ്റ്റെ മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു മറുപടി. വിസയില്ലാതെയും ജോലിയില്ലാതെയും കഷ്ടപ്പെടുന്നതുമൂലം നാടുമായി ബന്ധപ്പെടാന്‍ കഴിയാത്തവരെ ധാരാളം കാണുമെങ്കിലും വസീമിനെ പോലെ 'തിരോധാനം' ചെയ്യപ്പെട്ടവരും പ്രവാസ ലോകത്ത്‌ ധാരാളമാണ്‌. നാട്ടില്‍ ഭാര്യ ഉള്ളവരും ഇല്ലാത്തവരുമായ ധാരാളം പ്രവാസികള്‍ ഇവിടെ വിദേശികളെ വിവാഹം ചെയ്ത്‌ കഴിയുന്നുണ്ട്‌. ഇത്തരത്തിലുള്ള നിരവധി പേരുടെ കഥകള്‍ നജ്‌റാനില്‍ കോടതി ട്രാന്‍സ്ളേറ്ററും ഇസ്ളാഹി സെണ്റ്റര്‍ പ്രവര്‍ത്തകനുമായ അബ്ദുല്‍ലത്തീഫ്‌ പറഞ്ഞു. ഇങ്ങനെ വിവാഹത്തിനുവേണ്ടി മതം മാറുന്ന വിദേശികളില്‍ പലരും സ്വന്തം നാട്ടുകാരില്‍നിന്ന്‌ അത്‌ സമര്‍ഥമായി മറച്ചുവെക്കാറാണ്‌ പതിവ്‌. രണ്ടാം വിവാഹത്തിനുള്ള പരസ്യത്തില്‍ മതം മാറുന്നവര്‍ക്ക്‌ മുന്‍ഗണനെയന്നു കൂടി ചേര്‍ത്ത മലായളിയോട്‌ അക്കാര്യത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അതാണ്‌ ലഭിക്കാന്‍ എളുപ്പമെന്നായിരുന്നു മറുപടി. അദ്ദേഹം പറഞ്ഞതു തന്നെയായിരുന്നു ശരി. അഭുതപൂര്‍വമായ പ്രതികരണമായിരുന്നു അദ്ദേഹത്തിണ്റ്റെ പരസ്യത്തിന്‌. സാമ്പത്തിക ബാധ്യതകള്‍ ഏല്‍ക്കേണ്ടതില്ലാത്ത മിസ്‌യാര്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട്‌ അതിണ്റ്റെ വിശദാംശങ്ങള്‍ തേടുന്ന മലയാളികളടക്കമുള്ള പ്രവാസികളും ധാരാളം. വളരെ അത്യാവശ്യമാണെന്നും മിസ്‌യാര്‍ തരപ്പെടുത്തിക്കൊടുക്കുന്ന ഏജണ്റ്റിണ്റ്റെ ഫോണ്‍ നമ്പര്‍ വേണമെന്നും പറഞ്ഞ്‌ ഈയിടെ ഒരു മലയാളി പത്രം ഓഫീസിലേക്ക്‌ വിളിച്ചു. അത്യാവശ്യത്തെ കുറിച്ച്‌ അയാള്‍ വെളിപ്പെടുത്തിയില്ലെങ്കിലും മിസ്‌യാര്‍ വെബ്‌ സൈറ്റിണ്റ്റെ വിലാസം കൊണ്ട്‌ തൃപ്തിപ്പെട്ടു. -------
കന്യകാത്വത്തിണ്റ്റെ വില 10000 പൌണ്ട്‌
സര്‍വകലാശാലയിലെ പഠനത്തിനുള്ള ഫീസ്‌ കണ്ടെത്താന്‍ 18വയസ്സായ ബ്രിട്ടീഷ്‌ പെണ്‍കുട്ടി കന്യകാത്വം വില്‍ക്കാനുണ്ടെന്ന്‌ വെബ്സൈറ്റില്‍ പരസ്യം ചെയ്തു. 10000പൌണ്ടിനു കന്യകാത്വം വില്‍ക്കാനുണ്ടെന്ന തലക്കെട്ടിലാണ്‌ വേശ്യകള്‍ക്കായുള്ള വെബ്‌ സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിച്ചത്‌. സാല്‍ഫോര്‍ഡ്‌ യൂനിവേഴ്സിറ്റിയില്‍ ഫിസിക്സ്‌ പഠിക്കാന്‍ ട്യൂഷന്‍ ഫീസിനും ഹോസ്റ്റല്‍ ഫീസിനുമായി 20,000 പൌണ്ട്‌ വേണം. മറ്റു ജോലി ചെയ്തിട്ടും തുക തികയാത്തതിനാലാണ്‌ പെണ്‍കുട്ടി ഇതിനു തുനിഞ്ഞതെന്ന്‌ പരസ്യം കണ്ട്‌ ആവശ്യക്കാരനെന്ന്‌ നടിച്ച്‌ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മെല്‍റ്റാ സ്റ്റാറിലെ ഒരു പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. പരസ്യത്തെ തുടര്‍ന്ന്‌ ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. പത്രക്കാരനാണെന്ന്‌ വെളിപ്പെടുത്താതെ പല കാര്യങ്ങളും ചോദിച്ചു തുടങ്ങിയപ്പോള്‍ ഡിസ്കൌണ്ടിനുവേണ്ടിയാണോയെന്ന്‌ പെണ്‍കുട്ടി അത്ഭുതംകൂറിയത്രെ. യഥാര്‍ഥത്തില്‍ കന്യകയാണോ അതേ വേശ്യയുടെ തട്ടിപ്പ്‌ പരസ്യമാണോ എന്നു ചോദിച്ചപ്പോള്‍ അവള്‍ രോഷംകൊണ്ടുവെന്നും പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. തുക റൊക്കം നല്‍കണമെന്നും ഗര്‍ഭനിരോധ ഉറ ധരിക്കണമെന്നുമായിരുന്നു പെണ്‍കുട്ടി മുന്നോട്ട്‌ വെച്ച ഉപാധികള്‍. നിരക്ക്‌ കുറക്കാന്‍ വീണ്ടും ടെക്സ്റ്റ്‌ മെസേജ്‌ അയച്ചപ്പോള്‍ പത്തില്‍ ഒട്ടു കുറയുന്നില്ലെന്നായിരുന്നുവത്രെ മറുപടി. മറ്റു പ്രസിദ്ധീകരണമായ ദ പീപ്പിള്‍ ബന്ധപ്പെട്ടപ്പോള്‍ ഇടപാട്‌ ഉറപ്പിച്ചുവെന്നും റൊക്കം തുക കിട്ടിയെന്നും ദിവസം നിശ്ചയിച്ചുവെന്നുമാണത്രെ പെണ്‍കുട്ടി പ്രതികരിച്ചത്‌. മനുഷ്യക്കടത്തും വില്‍പനയും നാം കേരളീയര്‍ക്ക്‌ സുപരിചിതമായി മാറിയിട്ടുണ്ടെങ്കിലും പഠനത്തിനും വില കൂടുന്ന പുതിയ പശ്ചാത്തലത്തില്‍ ഇക്കഥ കൂടി ദുരന്തത്തെക്കുറിച്ചുള്ള ഒരു ചൂണ്ടുപലകയാകുന്നു.
Related Posts Plugin for WordPress, Blogger...