2/22/10

പെന്‍ഷന്‍ ഗുട്ടന്‍സും മല്‍ബുവും



ഉച്ചയൂണും കഴിഞ്ഞ് ചാരുകസേരയില്‍ അല്‍പനേരം വിശ്രമിക്കുകയായിരുന്നു മല്‍ബു. ഈയിടെയായി ചിന്തയൊരല്‍പം കൂടുന്നുണ്ട്. ചിലപ്പോള്‍ അങ്ങനെയങ്ങ
ഇരുന്നു പോകും.
ചിന്ത കാടുകയറിയുള്ള ആ ഇരിപ്പിന്റെ ഫലം പിന്നെ അനുഭവിക്കുക ഓഫീസിലേക്കുള്ള നടപ്പിന്റെ വേഗം കൂടുമ്പോഴായിരിക്കും.
ഉച്ചയൂണിനുള്ള ബ്രേക്കില്‍ ഇങ്ങനെ ഒരു ചിന്താശീലമുള്ളത് കഫീലിനറിയില്ലല്ലോ? ഓടിക്കിതച്ച്, വിയര്‍ത്തു കുളിച്ച് ഓഫീസില്‍ കയറുമ്പോഴായിരിക്കും കഫീലിന്റെ മുഖത്ത് കാര്‍മേഘം.
വിയര്‍പ്പ് തുടക്കാന്‍ നില്‍ക്കാതെ, വേഗം മേശ തുറന്ന് കഫീലിന് ഏറ്റവും പ്രിയപ്പെട്ട അത്തറും പൂശി, സ്‌പെഷല്‍ ചായയുമിട്ട്, പടച്ച തമ്പുരാനേ കാക്കണേ എന്ന പ്രാര്‍ഥനയോടെ കഫീലിന്റെ കാബിനിലേക്ക്.
പടച്ചവന്‍ പ്രാര്‍ഥന കേട്ടതു പോലെ, കഫീലിന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചതും മുഖത്തെ കാര്‍മേഘം നീങ്ങി പുഞ്ചിരി പടര്‍ന്നതും ഒരേ സമയത്തായിരുന്നു. ചായ മേശപ്പുറത്തുവെച്ച് പോടോ മല്‍ബൂ എന്ന ആംഗ്യം കിട്ടിയതോടെ മല്‍ബുവിന് ദീര്‍ഘനിശ്വാസം.
പത്ത് മിനിറ്റ് വൈകിയതിനു കഫീലിനു മല്‍ബുവിനെ ശകാരിക്കാം. മല്‍ബു ആരെ പഴിക്കും. വര്‍ഷങ്ങളായി തന്നെ പോലുള്ളവര്‍ക്ക് ചിന്താശീലം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ചാരുകസേരയേയോ? കുടുസ്സുമുറിയാണെങ്കിലും ഈ ചാരുകസേര മല്‍ബുത്തറവാട്ടിന്റെ അന്തസ്സാണ്. വിശ്രമമല്ല, ചിന്താശക്തിയാണ് ഈ പുരാവസ്തു സമ്മാനിച്ചത്.
ഏതാനും ദിവസങ്ങളായി മല്‍ബുവിനെ അലട്ടുന്നത് പെന്‍ഷനെ സംബന്ധിച്ചുള്ള ചിന്തയാണ്്.
അതെന്താ, പെന്‍ഷനാകാറായോ എന്നു സംശയിക്കേണ്ട. പെന്‍ഷനാകുക എന്നതാകട്ടെ നിസ്സാര കാര്യവുമല്ല. നാട്ടില്‍ പെന്‍ഷനാവുക എന്നു പറഞ്ഞാല്‍ ജീവിതത്തിന്റെ മുക്കാല്‍ ഘട്ടം പൂര്‍ത്തിയാക്കി മരണത്തോട് അടുക്കുക എന്നു കൂടിയാണ്. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സമരത്തിലേര്‍പ്പെടുന്നവര്‍ മരണത്തെ തോല്‍പിക്കാനാണ് അങ്ങനെ ചെയ്യുന്നത്് എന്നൊക്കെ പറയുന്നത് അതിശയോക്തിയാകും.
നാട്ടുകാരും കൂടെ പഠിച്ചവരും പലരും സര്‍ക്കാരുദ്യോഗത്തിലാണ്. അവരൊക്കെ രാവും പകലും പെന്‍ഷന്‍ തുക കണക്കുകൂട്ടി തളരുമ്പോള്‍, പ്രവാസിക്ക് അങ്ങനെ പെന്‍ഷന്‍ വാങ്ങി ജീവിക്കേണ്ട ഗതികേടൊന്നുമില്ലെന്ന് നെഞ്ചുവിരിച്ചു പറഞ്ഞിട്ടുണ്ട് മല്‍ബു.
മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയ പണം കൊണ്ട് തീര്‍ത്ത മാളികയും അതിന്റെ പോര്‍ച്ചിലേക്ക് മകന്‍ അതിവേഗത്തില്‍ ഓടിച്ച് കയറ്റുന്ന കാറും സാക്ഷി നിര്‍ത്തി അവരും തിരിച്ചു പറയും അതേ, പ്രവാസിക്കെന്തിനാ പെന്‍ഷന്‍?
ഇപ്പോഴെന്താ കഥ. ആകെ കീഴ്‌മേല്‍ മറഞ്ഞിരിക്കുന്നു.
പ്രവാസികളുടെ പെന്‍ഷന്‍ മഹാ സംഭവം തന്നെ.
ഇച്ചും മാണം പെന്‍സനെന്ന് മല്‍ബുകള്‍ മുറവിളി കൂട്ടുമ്പോഴൊക്കെ പ്രതീക്ഷിച്ചിരുന്നത് കടല്‍ കടക്കുമ്പോള്‍ അവന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത കോടികളുടെ കുന്നില്‍നിന്ന് ഇത്തിരി വീതം മാസാമാസം നല്‍കുമെന്നായിരുന്നു. പക്ഷേ, വൈദ്യരുടെ ഉപായം കട്ടെടുത്തവര്‍ മല്‍ബുവിനെ വീണ്ടും പറ്റിച്ചു.
അതെന്താ വൈദ്യരുടെ ഉപായം? ആരാ കട്ടെടുത്തത്?
വൈദ്യര്‍ മറ്റാരുമല്ല, കോഴിക്കോടിനു ചിരി സമ്മാനിച്ച രാമദാസ് വൈദ്യര്‍.
വിവാഹത്തിന്റെ സില്‍വര്‍ ജൂബിലിയില്‍ രാമദാസ് വൈദ്യരോട് പ്രിയപത്‌നി നിര്‍മല ചോദിച്ചുവത്രെ. 25 വര്‍ഷമായി ഞാന്‍ നിങ്ങളെ സേവിക്കുന്നു. എന്താണ് നിങ്ങള്‍ എനിക്ക് ഇങ്ങോട്ട് തരുന്നത്്?
വൈദ്യര്‍ ഭാര്യയെ അരികില്‍ വിളിച്ചുകൊണ്ട് പറഞ്ഞു.
അതേ, പ്രിയപ്പെട്ട ഭാര്യേ, നിനക്കിതാ ഞാന്‍ പെന്‍ഷന്‍ അനുവദിക്കുന്നു. ആജീവനാന്ത സേവനത്തിനുള്ള പെന്‍ഷന്‍. മാസം ആയിരം രൂപ.
ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കിയ ശേഷം പാസ് ബുക്കും ചെക്കു ബുക്കും ഏല്‍പിച്ചു കൊണ്ടായിരുന്നു വൈദ്യരുടെ ഭാര്യക്കുള്ള പെന്‍ഷന്‍ പ്രഖ്യാപനം.
ഇതാ ബാങ്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്.
എല്ലാ മാസവും ആയിരം രൂപ വീതം എഴുതിയെടുത്തുകൊള്ളണം.
ഈ ഗുട്ടന്‍സ് കട്ടെടുത്തോണ്ടല്ലേ, സാറന്മാരെ നിങ്ങളിപ്പം പെന്‍ഷനുമായി ഇറങ്ങിത്തിരിച്ചതെന്ന് ചോദിച്ചാല്‍ ക്ഷേമനിധി ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന ഹംസ വക്കീലിന് വേണമെങ്കില്‍ അത് ഞാനല്ല മക്കളേ ഓലാ എന്ന് നീട്ടി പാടാം.
രാമദാസ് വൈദ്യര്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ തല്‍ക്കാലം ഹംസാക്കക്കും കേരളത്തിന്റെ സ്വന്തം സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് ഐസക്കിനും രക്ഷ. കോപ്പിറൈറ്റ് കേസ് പേടിക്കേണ്ടി വരില്ല. പക്ഷേ സൂക്ഷിക്കണം, പ്രവാസി പെന്‍ഷന്റെ പോരിശ ഇങ്ങനെ നീട്ടി നീട്ടി പാടിയാല്‍ സഹികെട്ട് വൈദ്യരെങ്ങാനും ഇങ്ങോട്ട് തിരിച്ചുവന്നാലോ?
ദേ ഒരു മല്‍ബു ഫോറവും നീട്ടിപ്പിടിച്ച് പോകുന്നു.
എങ്ങോട്ടാ യാത്ര? ഇതൊന്നു പൂരിപ്പിച്ച് പണമടക്കണം. നമ്മടെ ഹംസാക്കയുടെ പെന്‍ഷനുവേണ്ടിയാ.
അതിനെന്തിനാ നിങ്ങള്‍ നെട്ടോട്ടമോടുന്നേ. എല്ലാം ഏജന്റിനെ ഏല്‍പിച്ചാല്‍ പോരേ. ഫോറം പൂരിപ്പിക്കലും പണമടക്കലുമെല്ലാം അവര് നടത്തിക്കോളും. പെന്‍ഷന്‍ മാത്രം നിങ്ങള്‍ വാങ്ങിയാല്‍ മതി.
പാസ്‌പോര്‍ട്ട് പുതുക്കല്‍ പുറംവേലക്കാര്‍ ചെയ്യുന്നതു പോലെ തന്നെ.
ആഹാ, കൊള്ളാല്ലോ. മല്‍ബു പെന്‍ഷന്‍ വഴിയും ഒരു കൂട്ടര്‍ക്ക് തൊഴില്‍.

2/14/10

പഞ്ചസാരയും കറിവേപ്പിലയും




കാറില്‍നിന്നിറങ്ങി, രണ്ടുകിലോ പഞ്ചസാരയും തൂക്കിപ്പിടിച്ചു പോവുകയായിരുന്നു മല്‍ബു.
അപ്പോഴാണ് "ഇജ്ജ് യേടേനു' എന്നു ചോദിച്ച് നാണിയുടെ വരവ്.
"ജ്ജ് അയിങ്ങ് കാട്ടിക്കാ, ഞാന്‍ പിടിച്ചോളാം.'
"എന്ത്, രണ്ട് കിലോ പഞ്ചസാരയോ?'
"ഇത് തൂക്കിപ്പിടിക്കാനൊക്കെ എന്റെ കൈക്ക് ബലമുണ്ട്.'
"ജ്ജും കുറച്ചോ പഞ്ചാര'? നാണിയുടെ അടുത്ത ചോദ്യം.
പത്തു കിലോയില്‍ കുറഞ്ഞ് ഒരിക്കലും പഞ്ചസാര വാങ്ങിയിട്ടില്ല.
ഇതിപ്പോള്‍ രണ്ടു കിലോയും തൂക്കി പോകുമ്പോള്‍ ആരായാലും സംശയിക്കും.
കൂട്ടുകുടുംബമായി കഴിയുന്നവര്‍ക്ക് രണ്ട് കിലോ പഞ്ചസാര എത്രനാള്‍ തികയും?
നാണി തുടരുകയായിരുന്നു.
തൊട്ടു പോകരുത്ന്നാ അന്നോടുള്ള കല്‍പന. ഇനി സൂചി അനങ്ങിയാല്‍ ഇന്‍സുലിനില്ലാതെ പറ്റൂല്ലാന്നാ ഓന്‍ പറഞ്ഞ്ക്ക്‌ണെ.
മ്മടെ നാട്ടാരനായതോണ്ടാ ഇതുബരെ സൂചിയും ഇന്‍സുലിനൊക്കെ ഒയിവാക്കിയത്. ഇനീം ഒന്ന് സലാമത്തായാ മതിയായിനീം.
നാണി സംസാരം തുടങ്ങിയാപ്പിന്നെ നിര്‍ത്തുന്ന പരിപാടിയില്ല.
രണ്ട് ദിവസം മുമ്പ് ഡോക്ടറെ കാണാന്‍ പോയതുമുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞതിനോടൊപ്പം ഡോക്ടറെ കുറിച്ചുള്ള പോരിശയും.
നാണിയുടെ അഭിപ്രായത്തില്‍ പ്രവാസികളോട് നീതി പുലര്‍ത്തുന്ന ഒറ്റ ഡോക്ടറേയുള്ളൂ. അതു നാണിയുടെ സ്വന്തം ഡോക്ടറാ.
ഏതു സമയത്തും കയറിച്ചെല്ലാം. എല്ലാ വിവരങ്ങളും വിശദമായി പറയാം. നാണിയെ പോലുള്ള കത്തികള്‍ കയറിച്ചെന്നാല്‍ അതു മുഴുവന്‍ കേള്‍ക്കാനുള്ള സന്മനസ്സുള്ള ഡോക്ടറോ എന്നു വേണമെങ്കില്‍ നമുക്ക് അത്ഭുതപ്പെടാം.
അത്യാവശ്യമാണെങ്കില്‍ മാത്രമേ മരുന്ന് കുറിക്കൂ. സൂപ്പര്‍ മാര്‍ക്കറ്റിലെ പണിക്കാരനായതിനാല്‍ എപ്പോഴും എപ്പോഴും ഫീസും കൊടുക്കണ്ടാ.
ഇന്‍ഷുറന്‍സില്ലാത്തതു കൊണ്ടല്ല, മനുഷ്യപ്പറ്റ് ബാക്കിയുള്ളതുകൊണ്ടാ ഇങ്ങനെയൊക്കെ. കണ്ണൂനീര്‍ തുടച്ചുകൊണ്ടേ സ്വന്തക്കാരന്‍ ഡോക്ടറെ കുറിച്ച് നാണിക്ക് മുഴുമിക്കാനാകൂ.
ഷുഗറിന്റെ അളവ് കൂടിയതിനാല്‍ ഡോക്ടറുടെ അന്ത്യശാസനം കിട്ടിയ ആളായതിനാല്‍ നാണിയുടെ ചോദ്യം പ്രസക്തമാണ്.
ജ്ജും കുറച്ചോ പഞ്ചാര?…
ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് മധുരം നല്‍കുന്നതിന് ഉപയോഗിക്കുന്ന വസ്തുവാണ് പഞ്ചസാരയെങ്കിലും ഇന്ന് അതിനെ പേടിക്കാത്തവരുണ്ടാകില്ല. ചായ, കാപ്പി, പലഹാരങ്ങള്‍ തുടങ്ങിയവയില്‍ ചേര്‍ക്കുന്ന ഈ പദാര്‍ഥത്തെ ചൊല്ലി മല്‍ബുവും മല്‍ബിയും പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്.
വിശ്വസിക്കാവുന്ന ലാബില്‍നിന്നു തന്നെയാണ് പരിശോധനയില്‍ ഷുഗര്‍ സ്ഥിരീകരിച്ചതെന്നത് വാസ്തവം. വിശ്വസിക്കാനാവാത്ത ലാബുകളുമുണ്ടോ എന്നു സംശയിക്കാനൊന്നുമില്ല. ഉണ്ട് എന്ന് ഒട്ടും സംശയിക്കാതെ പറയുന്ന മല്‍ബുകള്‍ എത്രയോ.
ഷുഗര്‍ സ്ഥിരീകരിക്കുകയും ബേക്കറി സാധനങ്ങള്‍ ഇനി വീട്ടില്‍ കയറ്റരുതെന്ന് ഡോക്ടര്‍ ഉപദേശിക്കുകയും ചെയ്തതിനുശേഷം പഞ്ചസാരക്കു പകരം ശര്‍ക്കര ചേര്‍ത്തുകൊണ്ടുള്ള ഒരു പരീക്ഷണം ഒരിക്കല്‍ നടത്തിനോക്കിയതാണ്. ചായയുടെ സകല ഗുണങ്ങളും അലിഞ്ഞില്ലാതാവുകയും പകരം മധുരമേറുകയും ചെയ്ത ആ പരീക്ഷണത്തില്‍ ഒപ്പം മൂന്ന് കൂട്ടുകാരുമുണ്ടായിരുന്നു.
മല്‍ബിയുടെ അതിഥിയല്ലാത്ത മല്‍ബുവിന് ഗ്ലാസ് താഴെവെക്കാന്‍ സാധിച്ചുവെങ്കിലും മധുരമേറിയ പാനീയത്തിന്റെ കയ്പ് എങ്ങനെ പ്രകടിപ്പിക്കുമെന്നറിയാതെ അതിഥികള്‍ മൂവരും അത് വലിച്ചു കുടിച്ചുകഴിഞ്ഞപ്പോഴാണ് ശ്വാസം വീണത്.
നിങ്ങക്കല്ലേ ശര്‍ക്കര ചായ പറ്റാത്തത്? അവര്‍ മൂന്ന് പേരും ആസ്വദിച്ചു കുടിച്ചുവല്ലോ എന്ന മല്‍ബിയുടെ ഉത്തരമില്ലാത്ത ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
അതിഥികള്‍ക്ക് ഇങ്ങനെ പലതും സഹിക്കേണ്ടിവരും. കൊള്ളാം, സൂപ്പറായി എന്നു പറയാതെ പിന്നെയെന്തു മര്യാദ.
പിന്നീടങ്ങോട്ട് അതിഥികള്‍ക്കുവേണ്ടിയെങ്കിലും എപ്പോഴും പഞ്ചസാര സ്റ്റോക്ക് ഉണ്ടായിരിക്കണമെന്നാണ് മല്‍ബിയുമായുള്ള ധാരണ.
രണ്ടു കിലോ പഞ്ചസാര കണ്ടപ്പോള്‍ മല്‍ബിയുടെ സംശയം ന്യായം.
ഇതെന്താ വീണ്ടും തുടങ്ങിയോ നിങ്ങള്‍ക്ക് അസുഖം?
രാവിലെ തന്നെ ഡോക്ടറെ കാണാന്‍ പോയി അല്ലേ?
കുറച്ചാ നല്ലതു തന്നാ.
നാണിയുടെ നിര്‍ദോഷമായ കമന്റ്. അനുഭവസ്ഥനാണല്ലോ നാണി.
മല്‍ബി നിര്‍ത്തിയില്ല. നിങ്ങള്‍ക്ക് ഷുഗറുണ്ടെന്നുവെച്ച് ഇവിടെ കുട്ടികളുണ്ട്, ഗസ്റ്റ് വരും. ദേ, ഇന്നൊരു കൂട്ടുകുടുംബം തന്നെ ഇങ്ങോട്ട് എത്തൂന്ന് വിളിച്ചുപറഞ്ഞിട്ട് ഫോണ്‍ വെച്ചതേയൂള്ളൂ.
രണ്ട് കിലോ പഞ്ചസാര കൊണ്ട് എന്താക്കാനാ?
അതു തന്നെയാ മല്‍ബുവിനും ചോദിക്കാനുള്ളത്.
കറിവേപ്പിലക്ക് ക്ഷാമം തുടങ്ങിയപ്പോള്‍ നിനക്ക് നാട്ടില്‍നിന്ന് അതിന്റെ മരം തന്നെ വരുത്താം. പഞ്ചസാര കിട്ടാതായപ്പോള്‍ പഞ്ചസാര എന്തുകൊണ്ട് നാട്ടില്‍നിന്ന് വരുത്തിക്കൂടാ?
ഇന്ത്യയിലും ബ്രസീലിലും കാലാവസ്ഥ ചതിച്ചതിനാല്‍ ഈ സാധനത്തിന്റെ ഉല്‍പാദനം കുറഞ്ഞുവെന്നും അതുകൊണ്ട് വില വര്‍ധിച്ചുവെന്നും മാത്രമല്ല, സാധനം ഇപ്പോള്‍ റേഷന്‍ പോലെയേ കിട്ടുന്നുള്ളൂ എന്നൊന്നും പാവം മല്‍ബിയോട് പറയാന്‍ പോയില്ല.
ഷുഗറിനു പുറമെ, എന്തിനു ബി.പി കൂടി കൂട്ടണം.

2/7/10

വെപ്പും കുടിയും മരുഭൂമിയില്‍



പിരിവിനു പോകുന്നതിനുമുമ്പ് പത്രങ്ങളില്‍ അതു സംബന്ധിച്ച് ഒന്നു വീശി വരണമെന്ന് ആഗ്രഹിക്കുന്നതു വലിയ തെറ്റൊന്നുമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ അനാഥാലയങ്ങള്‍ക്കുവരെ അതു നിര്‍ബന്ധമാണ്. ഏറ്റവും ചുരുങ്ങിയത് ഈ വരുന്ന ആള്‍ ഒറിജിനലാണെന്നും അയാള്‍ക്കു വല്ലതും കൊടുത്താല്‍ കമ്മീഷന്‍ കഴിച്ചെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്നും സംഘടനയുടേതായി ഒരു രണ്ട് കോളം പരസ്യമെങ്കിലും വരണം.
ഇങ്ങനെയുള്ള കട്ടിംഗുമായി പോകുന്നവര്‍ക്കുമുണ്ട് ഒരു ഗമ. അതു കാണുമ്പോള്‍ പിരിവുകാരെ സാധാരണ ആട്ടിയോടിക്കുന്നവര്‍ക്കുപോലും കീശയില്‍ കൈയിടാതിരിക്കാന്‍ വയ്യ. പ്ലാസ്റ്റിക് കവറില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന പരസ്യം അങ്ങോട്ട് കാണിച്ചാല്‍ മതി. പിന്നെ കിട്ടുന്ന കമ്മീഷന്‍ കണക്ക് കൂട്ടി ആതിഥേയന്‍ നല്‍കുന്ന ജ്യൂസും കഴിച്ച് അങ്ങനെ ഇരിക്കാം. നാക്കിട്ടടിക്കേണ്ട കാര്യമില്ല.
പണ്ടൊക്കെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ് നാട്ടില്‍നിന്നുള്ള പിരിവുകാര്‍ മല്‍ബുകളെ സമീപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മകളെ കെട്ടിക്കാനും വീടുവെക്കാനും വ്യക്തികള്‍ തന്നെയും ഇറങ്ങിത്തുടങ്ങിയിരിക്കുന്നു.
ഒരു വിസിറ്റ് വിസ തരപ്പെടുത്തി കയറിയിങ്ങുപോരുക. വിമാന ടിക്കറ്റിനും മറ്റും വലിയ തുക ചെലവാക്കി ഇങ്ങനെ പിരിവിനു വന്നാല്‍ വല്ലതും ഒക്കുമോ കാക്കാ...
അതൊക്കെ ഒക്കും മക്കളേ, ങ്ങളൊക്കെ കടലും കടന്ന് വന്നതോണ്ട് ഞങ്ങളെ കാര്യങ്ങളൊക്കെ അങ്ങനെ നടക്കുന്നു. ഇല്ലെങ്കില്‍ കാണായിരുന്നു.
നാടു ഭരിക്കുന്ന നേതാക്കളുടെ അതേ കമന്റ് തന്നെയാണ് നാട്ടുകാരെ കാണാനെത്തുന്ന നേതാക്കളല്ലാത്ത പാവങ്ങള്‍ക്കും.
പ്രവാസികളില്ലാതെ എന്തോന്ന് കേരളം?
പിരിവിന് ഇപ്പോള്‍ നാട്ടില്‍നിന്നൊന്നും ആളുകള്‍ വരേണ്ട മാഷേ, ഇവിടെ തന്നെ പ്രവാസി സേവനത്തിന് ഇറങ്ങിത്തിരിച്ചവരെ തട്ടിയിട്ട് നടക്കാന്‍ വയ്യ. പത്രങ്ങള്‍ എടുത്തുനോക്കിയാലും ടി.വി നോക്കിയാലും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് അരുക്കാക്കിയ കേസുകള്‍ നൂറുകൂട്ടം. ഇടപെടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ഇങ്ങനെ കൂടിയാല്‍ ആരെങ്കിലും അവാര്‍ഡ് കൊടുക്കാന്‍ വിചാരിച്ചാല്‍ കുടുങ്ങിയതുതന്നെ. എങ്ങനെ തെരഞ്ഞെടുക്കും യോഗ്യനായ ഒരാളെ. എല്ലാരും ഒന്നിനൊന്നു മെച്ചം. ആര്‍ക്കുമില്ല എന്തെങ്കിലും കുറവുകള്‍. ജോലിക്കും നൂറുകൂട്ടം തിരക്കിനുമിടയില്‍ എല്ലാവരും മത്സരിച്ചു തന്നെയാ കാര്യങ്ങള്‍ ചെയ്യുന്നത്.
വാര്‍ത്തയും പടവും പത്രങ്ങളില്‍ വരാനുള്ള മത്സരം കാണുമ്പോള്‍ പിന്നെ സംശയമേയില്ല. ഇത് അവാര്‍ഡ് തരപ്പെടുത്താനുള്ള കിടമത്സരം തന്നെ. വാര്‍ത്തയില്‍ പേരെങ്ങാനും വിട്ടുപോയാല്‍ കാണാം കഥ. സാമൂഹിക പ്രവര്‍ത്തകന്റെ ഇരമ്പുന്ന മനസ്സു മാത്രല്ല, പത്രക്കാരന്റെ സ്വസ്ഥതയും പോയതുതന്നെ.
അറിഞ്ഞില്ലേ ഇത്തവണ ഇടപെടല്‍ മരുഭൂമിയിലാ...
അവിടെ ഒരാള്‍ വെപ്പും കുടിയുമില്ലാതെ കഴിയുന്നു. കേട്ടിടത്തോളം മല്‍ബു തന്നെയാണെന്നാ മനസ്സിലാകുന്നത്.
അവരല്ലേ ഇങ്ങനെയുള്ള ചതികളില്‍ ചെന്നു ചാടൂ. എന്തു ചെയ്യാം, അറിഞ്ഞിട്ടും നമുക്ക് അറിഞ്ഞില്ലെന്ന് നടിക്കാന്‍ കഴിയില്ലല്ലോ?
കുറച്ച് അരിയും ഭക്ഷണസാധനങ്ങളും പലഹാരങ്ങളുമൊക്കെയായിട്ടാ യാത്ര. വലിയ വണ്ടി തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇവിടത്തെ ചില കേമന്മാരേം കൊണ്ടുപോണം. എന്നിട്ട് മരുഭൂമിയിലെ ജീവിത സാഹചര്യങ്ങള്‍ കാണിച്ചുകൊടുക്കണം. അവരൊക്കെയിടുന്ന കോട്ടിന്റെ മഹത്വം ഒന്നറിയട്ടെ. അങ്ങനെയെങ്കിലും നന്ദികേട് ഒഴിവാക്കാന്‍ തോന്നിയാലോ.
അതല്ല, അരിയും മറ്റു സാധനങ്ങളുമൊക്കെ കൊള്ളാം. ഇതെന്തിനാ പലഹാരങ്ങള്‍?
നമുക്കല്ലേ മാഷേ കുടവയറും പഞ്ചസാരയുമൊക്കെ. മരുഭൂമിയിലാകുമ്പോള്‍ ആ പ്രശ്‌നങ്ങളൊന്നും കാണില്ല. മെലിഞ്ഞൊട്ടിയ ശരീരമായിരിക്കും. ഇതൊക്കെ കഴിച്ചിട്ട് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയായിട്ടുണ്ടാകും.
അങ്ങനെ കേമന്മാരുമായി വലിയ വണ്ടി മരുഭൂമി ലക്ഷ്യമാക്കി പാഞ്ഞു.
അതാ, ദൂരെ ഒരു ചായ്പ് കാണാം. ആരോരുമില്ലാത്ത മരുഭൂമിയുടെ നടു മധ്യത്തില്‍. വണ്ടിയിലിരിക്കുന്ന ആരുടെയോ കണ്ണില്‍നിന്ന് കണ്ണീര്‍ അടര്‍ന്നുവീണു.
നമ്മെപോലെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറിയതല്ലേ ഇയാളും. നോക്കണേ ഓരോരോ വധി.
വണ്ടിയും മല്‍ബു സംഘത്തേയും കണ്ട കഥാനായകന്‍ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല.
ന്താ ഇത്, ഇവരെയൊക്കെ ഇങ്ങോട്ട് കെട്ടിയെടുത്തത്? പുതിയ വല്ല പ്രവാസി സംഘടനയും രൂപീകരിച്ചോ ആവോ.
ദേ കഫീല് ഇന്നലെ എത്തിച്ച മലയാളം ന്യൂസ് കിടപ്പുണ്ട്. അതിലൊന്നും സംഘടന രൂപീകരിച്ച വാര്‍ത്തയൊന്നും കാണാനില്ല.
ങ്ങളെ കഥകളൊക്കെ ഞങ്ങളറിഞ്ഞു. എടുത്തുചാടി പുറപ്പെട്ടാല്‍ ഇങ്ങനെയൊക്കെ തന്ന്യാ പറ്റാ. ങ്ങളെ ഞങ്ങള്‍ കുറ്റം പറയുന്നില്ല. എല്ലാര്‍ക്കും ഗള്‍ഫ് കാണാന്‍ തന്നല്ലേ മോഹം.
വെപ്പും കുടിയും ഇല്ലാന്നറിഞ്ഞിട്ട് ഞങ്ങള്‍ പരമാവധി ഭക്ഷണസാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്. ഒരു മാസത്തേക്ക് മതിയാകും. പിന്നെയും ഞങ്ങള്‍ ചില ഏര്‍പ്പാടുകളൊക്കെ ചെയ്യുന്നുണ്ട്. ഇത്രയൊക്കെയല്ലേ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റൂ.
നിക്ക്, നിക്ക്... ങ്ങള് എന്തൊക്കെയാ ഈ പറേന്നേ?
ഇബ്‌ടെന്തിനാ വെപ്പും കുടിയും? നേരാനേരത്തിന് കഫീല് കൊണ്ടുവരും ഭക്ഷണം. അതങ്ങ് തിന്നു തീര്‍ക്കുകയേ വേണ്ടൂ. നേരം അല്‍പം തെറ്റിയാല്‍ പിന്നെ ഞാന്‍ കഫീലും അങ്ങേര് ജോലിക്കാരനുമാകും. അങ്ങനെയാ ഒരു മാലീഷ് പറച്ചില്.
ദേ കണ്ടാ, ഇന്നു രാവിലെയാ സവേല് 100 റിയാല് നിറച്ചു തന്നത്. വീട്ടിലേക്ക് വിളിക്കാനാ. തങ്കപ്പെട്ട കഫീലാ സാറന്മാരേ...
ദേ ഇപ്പോ ഇങ്ങെത്തും മന്തിച്ചോറുമായി. ങ്ങള് വേഗം പോയ്‌ക്കോളീന്‍, അങ്ങേര് കാണേണ്ട.



Related Posts Plugin for WordPress, Blogger...