10/11/12

അസ്ഥികള്‍ കഥ പറയുന്നു



 യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന സൗദി അറേബ്യന്‍ പ്രവിശ്യയാണ് നജ്‌റാന്‍. കാര്‍ഷിക നഗരമെന്നു പേരുകേട്ട ഇവിടെ വിശുദ്ധ ഖുര്‍ആനില്‍ ഇടംപിടിച്ച ഒരു ദുരന്ത സംഭവത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

അമേരിക്കയിലും പുറത്തും ഇസ്‌ലാം ഭീതി പടര്‍ത്തുന്നതിന് ഇന്ന് മുന്‍പന്തിയിലുള്ള ജൂതന്മാരുടെ ക്രൂരതയുടെ മുദ്രകളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രാചീന നഗരത്തിന്റെ ശേഷിപ്പുകള്‍. പച്ചപ്പുള്ള ഈ നഗരത്തിലെത്തുന്ന സഞ്ചാരികള്‍ തേടുന്ന അസ്ഥികള്‍ പറയുന്ന കഥയുടെ തുടര്‍ച്ചയാണ് ഈയിടെ അമേരിക്കയുടെ കൂടി പൗരത്വമുള്ള ഒരു ആധുനിക ജൂതന്‍ നൂറുപേരില്‍നിന്ന് പത്ത് ലക്ഷം ഡോളര്‍ പിരിച്ചെടുത്ത് നിര്‍മിച്ച സിനിമക്കു പിന്നിലെയും വിദ്വേഷം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു രാജാവ് പ്രകടിപ്പിച്ച വിദ്വേഷത്തിന്റേയും രാഷ്ട്രീയ, സാമ്പത്തിക മോഹങ്ങളുടേയും ആവര്‍ത്തനം തന്നെയാണ്  ഇസ്‌ലാമിനേയും മുഹമ്മദിനേയും അവഹേളിക്കുന്നതിന് കാലിഫോര്‍ണിയയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സാം ബാസിലി നിര്‍മിച്ച സിനിമക്കുപിന്നിലും.
 
അമേരിക്കയില്‍ നിലം പൊത്തിയ ഇരട്ട ടവറുകളും സെപ്റ്റംബര്‍ പതിനൊന്നും ഓരോ വര്‍ഷവും അനുസ്മരിക്കുമ്പോള്‍ ഇസ്‌ലാമിനെ വീഴ്ത്താന്‍ ശ്രമിക്കുന്ന ജൂത തന്ത്രങ്ങള്‍ നജ്‌റാനിലെ മായാത്ത ചരിത്രത്തിലെ വിറകുകൊള്ളികള്‍ക്കു സമാനമാണ്. വിശ്വാസികളെ പച്ചക്കു ചുട്ടുകൊന്നവരുടെ പാരമ്പര്യം പേറുന്നവരാണ് ഇന്നും ആഗോള ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിച്ച് ഫലം കൊയ്യുന്നത്. വെന്തുതീരുന്ന വിശ്വാസികളെ നോക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് അട്ടഹസിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് കൈയടക്കിവെച്ചിരിക്കുന്ന  ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ അതിന്റെ തനിയാവര്‍ത്തനം നടപ്പിലാക്കുന്നു.

കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു.
ആ കിടങ്ങുകള്‍ തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു.
അവര്‍ അതിന്റെ വക്കില്‍ ഇരുന്ന് സത്യവിശ്വാസികളോട്
ചെയ്തതൊക്കെ നോക്കിക്കണ്ടത് ഓര്‍ക്കുക.
അജയ്യനും സ്തുത്യര്‍ഹനും ആകാശഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു  അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം.
അല്ലാഹു എല്ലാ കാര്യത്തിനും ദൃക്‌സാക്ഷിയാണ്.
വിശുദ്ധ ഖുര്‍ആന്‍ (85: 4-9)
നജ്‌റാന്റെ പ്രാചീന പേരാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്ന അല്‍ ഉഖ്ദൂദ്. നജ്‌റാന്‍ സിറ്റിയില്‍നിന്ന് ആറ് കിലോമീറ്റര്‍ തെക്കുമാറി ഈ പുരാതന നഗരത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് സംരക്ഷിച്ചിരിക്കുന്നു. നജ്‌റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്ദൂദ് പ്രദേശമെന്നു പറയാം. സമീപ പ്രദേശങ്ങളിലെല്ലാം ജനവാസമുണ്ട്. മുഹമ്മദ് നബിയുടെ ആഗമനത്തിനു 200 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രൈസ്തവ വിശ്വാസികളെ കിടങ്ങിലിട്ട് ചുട്ടെരിച്ച സംഭവമാണ്  വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് മുസ്‌ലിം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കിടങ്ങിലിട്ട് വിശ്വാസികളെ ചുട്ടുകളഞ്ഞ സംഭവം ചരിത്രത്തില്‍ വേറെയുമുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായ സംഭവം നജ്‌റാനിലേതാണ്.
അറബ് ലോകത്തെ പാശ്ചാത്യ ലോകവുമായി ബന്ധിപ്പിച്ച കുന്തിരിക്ക പാതയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു നജ്‌റാന്‍. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നുവെന്ന് കരുതുന്ന ഇവിടെ വ്യാപാരം തഴച്ചുവളര്‍ന്നത് ക്രിസ്തുവിന് മുമ്പ് ഒന്നും രണ്ടും നൂറ്റാണ്ടുകളിലായിരുന്നു. പ്രാചീന നഗരശേഷപ്പുകളില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ കണ്ടുകിട്ടിയ പാത്രങ്ങളും ലോഹങ്ങളും മറ്റും നജ്‌റാന്‍ മ്യൂസിയത്തില്‍ കാണാം. സവിശേഷമായ കെട്ടിടങ്ങളും കോട്ടയും മതിലുകളുമൊക്കെ തകര്‍ന്നടഞ്ഞതിന്റെ അവശിഷ്ടങ്ങളാണ് ഇന്ന്  ഉഖ്ദൂദില്‍ കാണാനുള്ളത്. ചുട്ടെരിച്ചവരുടെ എല്ലുകളാണെന്ന് പറയാനാവില്ലെങ്കിലും കല്ലുകള്‍ക്കിടയില്‍ പരതി നടന്നാല്‍ അസ്ഥികള്‍ കണ്ടെത്താം.
അവേശഷിക്കുന്ന ആ അസ്ഥികള്‍ നമ്മെ കൊണ്ടുപോകുന്നത് ഖുര്‍ആന്‍ പരാമര്‍ശിച്ച സംഭവത്തിലേക്കാകുമെന്നതില്‍ സംശയമില്ല.
ഈജിപ്തുകളിലെ പിരമിഡ് നിര്‍മിക്കാനുപയോഗിച്ചതു പോലുള്ള വലിയ കല്ലുകള്‍ കൊണ്ടാണ് ഉഖ്ദൂദ് നഗരത്തിലെ കോട്ട നിര്‍മിച്ചത്. സൗദി പുരാവസ്തു മന്ത്രാലയത്തിനു കീഴിലെ സംഘങ്ങള്‍ നജ്‌റാനില്‍ നടത്തിയ സര്‍വേയില്‍ ഇസ്‌ലാമിനും മുമ്പും ഇസ്‌ലാമിന്റെ ആദ്യകാലത്തുമുള്ള കേന്ദ്രങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഉഖ്ദൂദില്‍ കാണുന്ന കല്ലുകളിലും പാറകളിലും മൃഗങ്ങളുടെ ചിത്രങ്ങളും പുരാതന ലിഖിതങ്ങളുമുണ്ട്.
വസ്ത്രനിര്‍മാണത്തില്‍ പേരെടുത്ത യഹൂദ വിശ്വസികളാണ് ഈ പ്രദേശത്തു താമസിച്ചിരുന്നതെന്നും പിന്നീട് അവര്‍ ക്രൈസ്തവ വിശ്വാസികളായെന്നും പിന്മുറക്കാര്‍ ഒടുവില്‍ സി.ഇ 630-631-ല്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നും  ചരിത്രം പറയുന്നു.
യെമനിലെ ഹിംയര്‍ രാജാവായിരുന്ന തുബാന്‍ യസ്‌രിബ് (മദീനയുടെ ആദ്യനാമം) സന്ദര്‍ശിച്ച വേളയില്‍ ജൂതന്മാരില്‍ ആകൃഷ്ടനായി ജൂതമതം സ്വീകരിച്ചുവെന്നും തുടര്‍ന്ന് ഖുറൈള ഗോത്രത്തിലെ ജൂതപണ്ഡിതന്മാരെ യെമനിലേക്ക് കൊണ്ടുപോയെന്നും ഇബ്‌നുഹിശാം, ത്വബരി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ ഇസ്‌ലാമിക ചരിത്രകാരന്മാര്‍ വിവരിക്കുന്നു. ഇന്ന് നജ്‌റാന്‍ പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യെമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്താം.

യെമനില്‍ ജൂതമതം പ്രചരിപ്പിച്ച തുബാന്റെ പിന്‍ഗാമിയായി അധികാരമേറ്റ പുത്രന്‍ ദൂനവാസ്  സി.ഇ 523 ല്‍ ദക്ഷിണ അറേബ്യയിലെ െ്രെകസ്തവ മേഖലയായിരുന്ന നജ്‌റാന്റെ നിയന്ത്രണം പിടിച്ചതാണ്   കിടങ്ങുസംഭവത്തിന് ആധാരം. ക്രിസ്തുമതം ഉപേക്ഷിച്ച് ജനങ്ങള്‍  ജൂതമതം സ്വീകരിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഈ ക്രൈസ്തവരാകട്ടെ, ഒട്ടും മാര്‍ഗഭ്രംശമില്ലാതെ  ഈസാ(അ) പ്രബോധനം ചെയ്ത യഥാര്‍ഥ ദീനില്‍ നിലകൊണ്ടവരായിരുന്നുവെന്ന് ഇബ്‌നുഹിശാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയുടേയും അധികാരത്തിന്റേയും ഹുങ്കില്‍ ദൂനവാസ്  ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കോട്ടക്കു സമീപം കിടങ്ങുകളില്‍ വലിയ അഗ്നികുണ്ഡങ്ങള്‍ തീര്‍ത്ത് ആയിരങ്ങളെ ചുട്ടുകൊന്നത്. നൂറുകണക്കിനാളുകളെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ദൂനവാസിന്റെ ക്രൂരതയില്‍നിന്ന് ഓടിരക്ഷപ്പെട്ട ഒരു നജ്‌റാന്‍കാരന്‍ നല്‍കിയ വിവരങ്ങളാണ് പിന്നീട് ദൂനവാസ് നിഷ്‌കാസിതനാകാന്‍ നിമിത്തമായത്. 70,000 ഭടന്മാരുള്ള  അബിസീനിയന്‍ (എത്യോപ്യ) സൈന്യം യെമനെ ആക്രമിച്ചതോടെയാണ് ദൂനവാസിന്റെ നേതൃത്വത്തിലുള്ള ജൂതഭരണത്തിന്  അന്ത്യം കുറിച്ചത്. ദൂനവാസിന്റെ ക്രൂരതയുടെ വിവരങ്ങള്‍ റോമിലെ സീസര്‍ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അബിസീനിയയിലെ നജ്ജാശി (നേഗസ്) രാജാവിന് കത്തയച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു. 

 രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളും  ദൂനവാസിനെ നജ്‌റാന്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതായി ചരിത്രരേഖകളില്‍ തെളിയുന്നുണ്ട്. ദക്ഷിണ അറേബ്യയിലെ പ്രമുഖ വ്യാപാര വ്യവസായ കേന്ദ്രമായിരുന്ന നജ്‌റാനില്‍ അന്ന് തുകല്‍ വ്യവസായവും ആയുധവ്യവസായവും പുഷ്ടിപ്പെട്ടിരുന്നു. യെമനീ വസ്ത്രങ്ങളിലൂടെയും നജ്‌റാന്‍ പ്രശ്‌സതമായി.
നേരത്തെ, ഫെയ്മിയോന്‍ എന്ന സന്യാസിയുടെ പ്രബോധന ഫലമായാണ് നജ്‌റാനിലെ വിഗ്രഹാരാധകര്‍ ഈസാ നബിയുടെ മതം സ്വീകരിച്ചത്.  നജ്‌റാനില്‍ അന്ന് ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഗോത്രത്തലവനെയാണ് ദൂനവാസ് വധിച്ചത്. സുറിയാനി ചരിത്രകാരന്മാര്‍  അറത്താസ് എന്നു വിളിച്ച ഇദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളെ ഭാര്യ വേമയുടെ മുമ്പില്‍വെച്ച് കൊന്ന് ആ ചോര അവരെക്കൊണ്ടു കുടിപ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിശ്വാസത്തില്‍ ഉറച്ചുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തെ  അഗ്നി നിറച്ച കിടങ്ങുകളില്‍ തള്ളിയത്. രാജാവും കിങ്കരന്മാരും കിടങ്ങിനു ചുറ്റുമിരുന്ന് അത് ആസ്വദിച്ചു.
സി.ഇ 523 ഒക്ടോബറില്‍ ഈ സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുശേഷം 525 ലാണ് അബിസീനിയന്‍ സേന ദൂനവാസിനെയും അയാളുടെ  ഭരണകൂടത്തെയും ഉന്മൂലനം ചെയ്തത്. യെമനിലെ പുരാവസ്തു ഗവേഷകര്‍ ഗുറാബു കോട്ടയില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ ഈ വിവരങ്ങള്‍ ശരിവെക്കുന്നു. ആറാം നൂറ്റാണ്ടിലെ നിരവധി െ്രെകസ്തവരേഖകളിലും ക്രൈസ്തവ പീഡനത്തിന്റെ വിശദാംശങ്ങളുണ്ട്.  നജ്‌റാനില്‍ കൊലചെയ്യപ്പെട്ടവരുടെ പേരില്‍ ബിഷപ്പ് പോള്‍സ് എഴുതിയ വിലാപഗീതവും പ്രശ്‌സതമായിരുന്നു.
സുറിയാനി ഭാഷയിലുള്ള കിതാബുല്‍ ഹിംയരിയ്യീന്‍ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്‌ളീഷ് തര്‍ജമയാ ബുക്ക് ഓഫ് ഹിംയരിറ്റ്‌സും  ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള അബിസീനിയന്‍ ലിഖിതങ്ങളും  നജ്‌റാനിലെ ക്രൈസ്തവ പീഡന കഥ ശരിവെക്കുന്നു. കിടങ്ങു സംഭവം നടന്ന സ്ഥലം നജ്‌റാനിലെ ജനങ്ങള്‍ക്ക് സുപരിചിതമാണെന്നും ഉമ്മുഖര്‍ഖിനടുത്ത് പാറകളില്‍ കൊത്തിയ ചില ചിത്രങ്ങള്‍ കാണാമെന്നും ഫിലിപ്പി അദ്ദേഹത്തിന്റെ യാത്രാവിവരണമായ അറേബ്യന്‍ ഹൈലാന്റ്‌സില്‍ എഴുതിയിട്ടുണ്ട്.
ക്രൈസ്തവരെ ജൂതന്മാര്‍ കൂട്ടക്കൊല ചെയ്ത സംഭവം 2009-ല്‍ ബി.ബി.സി ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. കുന്തിരിക്കപ്പാതയിലുടെ സഞ്ചരിച്ച് കേറ്റ് ഹംബിള്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയില്‍ ഉഖ്ദൂദ് സംഭവം ഉള്‍പ്പെടുത്തിയതില്‍ ചില കോണുകളില്‍നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ ഇസ്രായിലി ചരിത്രകാരന്മാര്‍ തന്നെ സംഭവം ശരിവെക്കുകയായിരുന്നു.  ഹിംയാര്‍ രാജവംശത്തിലുള്ളവരെ ഇസ്രായിലിലെ ബൈത്ത് ശാരിമില്‍ സംസ്‌കരിച്ചിട്ടുണ്ടെന്നും ജോസഫ് ദൂനവാസിന്റെ പേരില്‍ ഇസ്രായിലില്‍ ഒരു സ്ട്രീറ്റുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ആധികാരിക സ്രോതസ്സകളില്‍നിന്നാണ് വിവരങ്ങളെന്നു വിശദീകരിച്ചുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. തങ്ങള്‍ കൂട്ടക്കൊല നടത്തുന്നവരല്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാകാമെന്നും സ്ഥാപിക്കാനായിരുന്നു ജൂതന്മാരുടെശ്രമം. മരുഭൂ പട്ടണത്തില്‍ ഇരുപതിനായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന വാദവും ഉന്നയിച്ചിരുന്നു. ഡോക്യുമന്ററി സംഘം ബേത്ത് അര്‍ഷാം ബിഷപ്പ് 524 ല്‍ എഴുതിയ രേഖക്കു പുറമെ, ഒട്ടേറെ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് എതിര്‍ വാദങ്ങളുടെ മുനയൊടിച്ചത്.
വിശുദ്ധ ഖുര്‍ആനിലെ 105-ാം അധ്യായമായ അല്‍ ഫീലില്‍ പരാമര്‍ശിച്ചിരിക്കുന്ന ആനക്കലഹ സംഭവത്തിലെ നായകനായ അബ്‌റഹത്തിനെയാണ് അബ്‌സീനിയന്‍ രാജാവ് നജ്ജാശി തന്റെ പ്രതിനിധിയായി പിന്നീട് നജ്‌റാനില്‍ നിയോഗിച്ചത്. അബ്‌സീനിയക്കാര്‍ ഇവിടെ കഅ്ബയുടെ മാതൃകയില്‍ ഒരു കെട്ടിടമുണ്ടാക്കി അതിനു മുഖ്യസ്ഥാനം നല്‍കാന്‍ ശ്രമിച്ചിരുന്നു. തലപ്പാവ് ധരിച്ച ബിഷപ്പുമാര്‍ പുണ്യസ്ഥലമായി പ്രഖ്യാപിച്ച ഇവിടേക്ക് റോമാ സാമ്രാജ്യവും സഹായങ്ങള്‍ എത്തിച്ചിരുന്നു. ഈ കഅ്ബയിലെ പുരോഹിതന്‍ ബിഷപ്പുമാരുടെ നേതാവായി മദീനയിലേക്ക് സംവാദത്തിനു വന്നതായി പ്രവാചക ചരിത്രത്തിലുണ്ട്. പ്രവാചകന്റെ പ്രബോധനത്തോടെ  ഉഖ്ദൂദുകാര്‍ ഇസ്‌ലാമിലേക്ക് വരികയായിരുന്നു. നജ്‌റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പലപ്പോഴായി പ്രവാചക സദസ്സില്‍ എത്തിയിരുന്നതായി ചരിത്രരേഖകളിലുണ്ട്. പുരാവശിഷ്ടങ്ങളില്‍ നജ്‌റാനില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പള്ളിയുടെ തറയും കാണാം.
കിടിലം കൊള്ളിക്കുന്ന ചരിത്രശേഷപ്പ് പേറി നില്‍ക്കുന്ന നജ്‌റാനിലും ധാരാളം മലയാളികള്‍ ജോലി നോക്കുന്നു. ചിലപ്പോള്‍ കേരളത്തിലെ അതേ കാലാവസ്ഥ സമ്മാനിക്കുന്ന ഇവിടെ നാട്ടിലെ പോലെ കപ്പയും വാഴയും നട്ട് ഗൃഹാതുരത്വം മറക്കാന്‍ ശ്രമിക്കുന്നു അവര്‍. കാലവസ്ഥയും അണക്കെട്ടും വെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനങ്ങളും നജ്‌റാനെ സൗദി അറേബ്യയിലെ മറ്റു മരൂുഭൂ പ്രദേശങ്ങളില്‍നിന്ന് വ്യതിരിക്തമാക്കക്കുന്നു. പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ പച്ചപ്പ് നിറഞ്ഞ വിസ്തൃതമായ പാടങ്ങളോടൊപ്പം പുരാതന വാസ്തുവിദ്യ മുഴച്ചുനില്‍ക്കുന്ന കെട്ടിടങ്ങളും കാഴ്ചകളാണ്. പര്‍വതനിരകളിലെ കനത്ത മഴ പാറകള്‍ക്കിടയിലൂടെ അനുഗ്രഹമായി താഴ്‌വരകളെ നനക്കുമ്പോള്‍ നജ്‌റാന്‍ ഒരു കാര്‍ഷിക നഗരമായി മാറുന്നു. ഉഖ്ദൂദിനു പുറമെ, നജ്‌റാന്‍ അണക്കെട്ടും പരമ്പരാഗത ചന്തയും അല്‍ ആന്‍ കൊട്ടാരവും മ്യൂസിയവും പാറകളില്‍നിന്ന് ജലമൊഴുകുന്ന താഴ്‌വരകളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അബഹയില്‍നിന്ന് 280 കി.മീ കിഴക്കുള്ള നജ്‌റാനിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമാന സര്‍വീസുണ്ട്.
പ്രബോധനം പ്രസിദ്ധീകരിച്ച യാത്ര



രാജവിഥികളിലെ കൊള്ളക്കാരെ തേടി






കാവല്‍ക്കാരന്റെ അനുമതി ലഭിച്ചതും സഞ്ചാരികള്‍ കുന്നിനു മുകളിലേക്കു കുതിച്ചു. ദൂരെക്കാണുന്ന ശിലാഭവനങ്ങള്‍ ലക്ഷ്യമാക്കി ഓട്ടമത്സരം നടത്തുന്ന അവര്‍ ഒട്ടേറെ ജനപഥങ്ങളുടെ ഉത്ഥാനപതനങ്ങള്‍ കണ്ട ചരിത്രത്തിലേക്കു കൂടിയാണ് ഓടിക്കയറുന്നത്.
ചരിത്രശേഷിപ്പായി അവിടെ കാണുന്നത് മല തുരന്നുണ്ടാക്കിയ ഏതാനും ഭവനങ്ങള്‍. അകത്തേക്ക് നൂണുകയറി വെളിച്ചമില്ലാത്ത ഉള്‍മുറികളില്‍ ക്യാമറയുടേയും മൊബൈലിന്റേയും വെളിച്ചത്തില്‍ അവര്‍ ആരെയാണ് അന്വേഷിക്കുന്നത്. യാത്രാ സംഘത്തെ കൊള്ളയടിക്കാനോ കച്ചവടസംഘങ്ങളില്‍നിന്ന് വെട്ടിപ്പ് നടത്താനോ തക്കം പാര്‍ത്തിരിക്കുന്ന ഒരു ഐക്ക വാസി അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ?
ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്ന ആധുനിക മനുഷ്യനെ നയിക്കുന്ന മുദ്രാവക്യം ഏതോ കാലത്തുതന്നെ പ്രായോഗികമാക്കി അതിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഒരു ജനതയുടെ ചരിത്രം പറയാന്‍ ഇവിടെ ഒരാളുടെ ആവശ്യമില്ല, ഈ ചരിത്രശേഷിപ്പു മതി.
പച്ചപ്പ് ചിറകുവിടര്‍ത്തിയിരുന്ന ഈ പ്രദേശത്ത് മരുപ്പച്ചതേടി പിന്നെയും ജനപഥങ്ങള്‍ പലതും വന്നുപോയെങ്കിലും തലമുറകള്‍ക്കായി കാത്തുവെച്ചിരിക്കയാണ് ഈ കാഴ്ചകള്‍.

സൗദി അറേബ്യയിലെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെ മദായിന്‍ ശുഐബെന്നും മാഗയിര്‍ ശുഐബെന്നും അറിയപ്പെടുന്ന ചരിത്രശേഷിപ്പ് കാണാനെത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും വിവരിക്കപ്പെട്ടിരിക്കുന്ന ശഐബ് നബിയുടേയും അദ്ദേഹത്തിന്റെ ജനതയുടേയും ചരിത്രമാണ് മനസ്സില്‍. തബൂക്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ പഴയ പേരാണ് ഐക്ക.
എക്കാലത്തേയും മനുഷ്യര്‍ക്ക് ചരിത്രപാഠം നല്‍കാന്‍ കാത്തുവെച്ചിരിക്കുന്ന ശേഷിപ്പുകള്‍ക്ക് മീതെ പില്‍ക്കാലത്തുവന്ന ജനതകളുടെ ചരിത്രം അടിച്ചേല്‍പിക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ ശ്രമങ്ങളുണ്ട്. എന്നാല്‍ പോലും പേരുസൂചിപ്പിക്കുന്നതു പോലെ മദാഇന്‍ സാലിഹിനൊപ്പം മദാഇന്‍ ശുഐബും വാതില്‍ തുറക്കുന്നത് ചിരിത്രകഥനത്തിലേക്കു തന്നെ.
മദാഇന്‍ ശുഐബില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പുരാവശിഷ്ടം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിനപ്പുറത്തേക്കുള്ള വസ്തുതകള്‍ ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ചുകൊണ്ട് മണ്ണൊലിപ്പില്‍ ഒലിച്ചുതീരാത്ത ഈ ശിലാഭവനങ്ങളുടെ കാത്തിരിപ്പ് മറ്റൊന്നിനല്ല. ദൈവികശിക്ഷ ഇറങ്ങിയ പ്രദേശമെന്ന ഖ്യാതി ഈ പ്രദേശത്തുനിന്ന് മായ്ച്ചുകളയുക സാധ്യമേയല്ല.
ശുഐബ് നബിയേയും ദൈവിക നിര്‍ദേശങ്ങളേയും ധിക്കരിച്ചതിന്റെ ഫലമായി ശിക്ഷ ഇറങ്ങിയ പ്രദേശമാണ് മദായിന്‍ ശുഐബ്. ആ ദേശം തകര്‍ന്നടിഞ്ഞ ശേഷവും അറബികള്‍ക്ക് ദൃഷ്ടാന്തമായി അതുനിലനിന്നതിനാലാണ് ഇന്നും പേരുകൊണ്ടുതന്നെ ഈ സ്ഥലം അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അറബികള്‍ തലമുറകളായി കൈമാറിപ്പോന്ന ചരിത്രം ഗവേഷണം പാതിഴിയിലെത്തിയ നിരീക്ഷണത്തെ അതിജീവിക്കുന്നു. തകര്‍ന്നടിഞ്ഞ ജനപഥത്തിന്റെ പുരാവശിഷ്ടങ്ങള്‍ക്ക് മധ്യത്തിലൂടെ ആയിരുന്നു അറബികളുടെ സാര്‍ഥവാഹക സംഘങ്ങള്‍ സിറിയയിലേക്കും ഈജിപ്്തിലേക്കും പോയിരുന്നത്.

മദ്‌യന്‍ വാസികളിലേക്കാണ് ശുഐബ് നബിയെ നിയോഗിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (അല്‍ അഅ്‌റാഫ് 85-87)
ഭൂമിയില്‍ സംസ്‌കരണം വന്നശേഷം നാശമുണ്ടാക്കരുതെന്നും അളവുതൂക്കത്തില്‍ കൃത്യത പാലിക്കണമെന്നും ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമാണ് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തത്. ബഹുദൈവ വിശ്വാസത്തിനുപുറമേ, വ്യാപാരത്തിലെ ചതിയും കൃത്രിമവുമാണ് മദ്‌യന്‍കാരില്‍ കാണപ്പെട്ട ഏറ്റവും വലിയ തിന്മ. പൂര്‍വപ്രവാചകന്മാര്‍ പടുത്തുയര്‍ത്തിയ ധാര്‍മിക ജീവിതവ്യവസ്ഥ നശിപ്പിക്കരുതെന്നും അവരോട് ശുഐബ് നബി പറഞ്ഞു. രാജവീഥികളിലെ കൊള്ളക്കാരായി അവര്‍ വിലസി.
ശുഐബ് നബിയുടെ ആഹ്വാനം ചെവിക്കൊള്ളാതെ ആ സമൂഹത്തിലെ നായകന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങിയ ജനതയെ കിടിലം കൊള്ളിക്കുന്ന വിപത്ത് ബാധിക്കുകയും ആ ഭവനങ്ങളില്‍ താമസിക്കുകയേ ഉണ്ടായിട്ടില്ലാത്തവിധം തുടച്ചുനീക്കപ്പെട്ടുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അഅ്‌റാഫ് 90-93).
സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് ചെങ്കടലിന്റേയും അഖബാ ഉള്‍ക്കടലിന്റേയും തീരത്തൂടെ സീനാ ഉപദ്വീപിന്റെ കിഴക്കെ കരയിലോളം നീണ്ടതായിരുന്നു മദ്‌യന്‍ ദേശം. ചെങ്കടല്‍ തീരത്തൂടെ യെമനില്‍നിന്ന് യാമ്പു വഴി സിറിയ വരേയും ഇറാഖില്‍നിന്ന് ഈജിപ്ത് വരേയും പോകുന്ന വ്യാപാര മാര്‍ഗങ്ങളുടെ ഒരു ജംഗ്ഷനായിരുന്നു അത്.  ഇബ്രാഹിം നബിക്ക് മൂന്നാമത്തെ പത്‌നി ഖാത്തൂറയില്‍ ജനിച്ച പുത്രന്‍ മിദ്‌യാനോട് ബന്ധപ്പെട്ട ഒരു ജനവിഭാഗമാിരുന്നു ഇവരെന്നും വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുപോയ ഇവരെ സംസ്‌കരിക്കാനാണ് ശഐബ് നബി നിയോഗിതനായതെന്നും മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നു.
ഈജിപ്തിലേക്കും ഇറാഖിലേക്കും കടന്നുപോകുന്ന കച്ചവട സംഘങ്ങളെ ചൂഷണം ചെയ്യാതെ, സത്യസന്ധരായി ജീവിക്കണമെന്ന ശുഐബിന്റെ ആഹ്വാനം സ്വീകരിച്ചാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ നേട്ടങ്ങളും നഷ്ടപ്പെടുമെന്ന് ഉണര്‍ത്തിയ അവരുടെ നേതാക്കള്‍ മറ്റൊരര്‍ഥത്തില്‍ മത വിശ്വാസം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ശഠിച്ചത്.
ധനം ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്നും പൂര്‍വികര്‍ ആരാധിച്ച ദൈവങ്ങളെ ഉപേക്ഷിക്കണമെന്നും പറയാന്‍ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ എന്ന് അവര്‍ ശുഐബ് നബിയോട് ചോദിക്കുന്നുണ്ട് (ഹൂദ 84-86)
ഗുണകാംക്ഷയോടെയുള്ള ഒരു സദുപദേശകന്‍ മാത്രമാണ് താനെന്നും നിങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ഇന്നത്തെ സുസ്ഥിതി സകലരേയും വലയം ചെയ്യുന്ന പീഡനം നിറഞ്ഞ ഒരു ദിനം വന്നെത്തുമെന്ന് ഭയപ്പെടുന്നുവെന്നും ശുഐബ് നബി അവര്‍ക്ക് മറുപടി നല്‍കുന്നു.
ദൈവികശിക്ഷ ഏറ്റുവാങ്ങിയ മദ്‌യന്‍ ജനതക്ക് സംഭവിച്ച നാശം വളരെ കാലത്തോളം അയല്‍നാടുകളിലും മറ്റു ജനതകളിലും ഒരു ചൊല്ലായി നിലനിന്നിരുവെന്ന് ബൈബിളും പറയുന്നു.
സംരക്ഷിത പ്രദേശമായതിനാല്‍ തലസ്ഥാനമായ റിയാദിലെ പുരാവസ്തു വിഭാഗം ഡയരക്ടറില്‍നിന്ന് അനുമതി വാങ്ങിവേണം മദാഇന്‍ ശുഐബും അതുപോലുള്ള ചരിത്രശേഷിപ്പുകളും പുരാവസ്തു കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍.
പേരില്‍നിന്നു ഭിന്നമായി, നബ്ത്തി സാമ്രാജ്യത്തിന്റെ ശേഷിപ്പായാണ് മദാഇന്‍ ശുഐബ് നിലവില്‍ അംഗീകരിക്കപ്പെട്ട ചരിത്ര ശേഷിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശുഐബ് നബിക്ക് ശേഷം ഒട്ടേറെ ജനപഥങ്ങള്‍ ഇവിടെ ജീവിച്ചു കടന്നുപോയി എന്നാണ് അനുമാനിക്കേണ്ടത്.
പ്രവാചകന്‍ മുഹമ്മദിനു (സ)700 വര്‍ഷം മുമ്പ് ദമസ്‌കസ് മുതല്‍ ചെങ്കടല്‍വരെ നീണ്ടുപരന്നു കിടന്ന ഒരു രാജവംശമായിരുന്നു നബ്ത്തി. ഇവരുടെ ബാക്കി പത്രമാണ് സൗദിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യന്ന ഹിസ്മ പര്‍വത നിരയിലുള്ളതെന്ന് ഔദ്യോഗിക ഭാഷ്യം. ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന ശവകുടീരങ്ങള്‍ക്ക് സാമ്യമുള്ള സൗദിയിലെ ചുകപ്പന്‍ കുടീരങ്ങളിലേക്ക് ചരിത്രത്തെ വലിച്ചുനീട്ടിയത് യൂറോപ്യനായ ചോള്‍ഡ് ഡോട്ടി ആയിരുന്നു.
മദായിന്‍ ശുഐബിലെ ശേഷിപ്പിന് മദായിന്‍ സാലിഹിലെ ശിലാഭവനങ്ങളോട് സാമ്യതയുണ്ടെങ്കിലും മനോഹാരിതയിലും വ്യാപ്തിയിലും മദായിന്‍ സാലിഹാണ് മുന്നില്‍. നിര്‍മാണ വൈദഗ്ധ്യം വിളിച്ചോതുന്നതാണ് നബ്ത്തികളുടെ പട്ടങ്ങളുടേയും ശവകുടീരങ്ങളുടേയും കിണറുകളുടേയും അവശിഷ്ടങ്ങള്‍. അറബിയുടെ സ്വാധീനം പ്രകടമായ അരാമിക് ഭാഷ സംസാരിച്ചിരുന്ന പുരാതന ജനവിഭാഗമായിരുന്നു നബ്ത്തികള്‍. ആ കാലഘട്ടത്തിലെ എന്‍ജിനീയറിംഗില്‍ വൈദഗ്ധ്യം പുലര്‍ത്തിയ അവര്‍ കിണറുകളും കനാലുകളും നിര്‍മിച്ച് ജലസേചനം നടത്തി പച്ചപ്പുകള്‍ തീര്‍ത്തു. അവരുടെ കിണറുകളില്‍ ചിലത് ഇക്കാലത്തും ഉപയോഗ യോഗ്യമാണ്. വടക്കന്‍ തബൂക്ക് വരെ നീണ്ടുകിടക്കുന്നതും ഹിസ്മ, സെയ്ത, അബിയദ് താഴ് വരകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഹിസ്മയാണ് മേഖലയിലെ ഏറ്റവും വലിയ പര്‍വതനിര. ഇത് തബൂക്കിലെ സറവാത്ത് മലനിരകളോടൊപ്പം ചേര്‍ന്ന് വടക്കോട്ട് നീണ്ട് ജോര്‍ദാനിലെ വാദിറുമില്‍ എത്തുന്നു. 
തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെയുള്ള വാദി അഫലിലാണ് മദായിന്‍ ശുഐബ് ഉള്‍പ്പെടുന്നത്. ഇവിടെ നബ്ത്തികളുടെ മുപ്പതോളം ശവകുടീരങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 20 വര്‍ഷം നീണ്ട വരള്‍ച്ചയാണ് ഇവിടെനിന്ന് നബ്ത്തിയന്‍ അധിവാസ കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്തതെന്നും പറയുന്നു. അതേസമയം, നബ്ത്തികളുടെ തലസ്ഥാനമായിരുന്ന ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന കുടീരങ്ങളും മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും കാണുന്ന ശേഷിപ്പുകളും വ്യത്യസ്തമാണെന്ന നിരീക്ഷണം ശക്തമാണ്.
ഈജിപ്ത് വിട്ട മൂസാ നബി ശുഐബ് നബിയുടെ സമൂഹം താമസിച്ചിരുന്ന മദ്‌യനിലേക്കാണ് വന്നതെന്ന് ഖുര്‍ആനും ബൈബിളും വ്യക്തമാക്കുന്നു. ഫറോവക്ക് സ്വാധീനമോ നിയന്ത്രണമോ ഇല്ലാത്ത പ്രദേശമായതിനാലാണ് മൂസാ നബി മദ്‌യിനിലേക്ക് നീങ്ങിയത്. സീനായുടെ തെക്കും പടിഞ്ഞാറും ഭാഗത്തല്ലാതെ ഉപദ്വീപില്‍ മുഴുവന്‍ ഫറോവക്ക് നിയന്ത്രണമുണ്ടായിരുന്നില്ല.
അറബികള്‍ കൈമാറിയ അറിവാണ് ഈ പ്രദേശം തന്നെയാണ് ശഐബ് നബിയുടെ ജനത താമസിച്ചിരുന്ന മദ്‌യന്‍ എന്നുള്ളത്. ഇന്ന് അത് അല്‍ ബിദ് എന്നറിയപ്പെടുന്നു. ചരിത്രകാരന്മാരും പൊതുവെ ഇതുതന്നെയാണ് പുരാതന മദ്‌യനെന്ന് സമ്മതിക്കുന്നു. 
മഴ പെയ്താല്‍ വീണ്ടും കിളിര്‍ക്കുമെന്നും അരുവികള്‍ ഒഴുകുമെന്നും തോന്നിപ്പിക്കുന്ന ഈ പ്രദേശത്ത്  വ്യത്യസ്ത കാലഘട്ടങ്ങളില്‍ വേറെയും ജനപഥങ്ങള്‍ താമസിച്ചിരുന്നു. ടോളമി അല്‍ ഉയ്‌യ്‌നയെന്നു പരാമര്‍ശിച്ച ഈ പ്രദേശം പുരാതന മരുപ്പച്ചയായിരുന്നു. തബൂക്കിന്റെ തെക്കു പടിഞ്ഞാറ് അല്‍ദിസാഹിലും കിണറുകളുടേയും പാര്‍പ്പിടങ്ങളുടേയും ശിലാലിഖിതങ്ങളുടേയും ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു.
ശുഐബ് നബിയുടെ സമുദായത്തിനുശേഷം വന്ന ജനപഥങ്ങളും വരള്‍ച്ചക്കെടുതിയില്‍ നാമാവശേഷമായെന്നു മനസ്സിക്കുമ്പോള്‍ വരുംതലമുറകള്‍ക്കുള്ള പാഠമാണിതെന്ന ഖുര്‍ആന്റെ പ്രഖ്യാപനവും അതിന്റെ സ്വാധീനവുമാണ് പ്രകടമാകുന്നത്.
മക്കയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളും ധിക്കാരികളുമായ പ്രമാണികളോട് ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പ്രവാചകന്‍ (സ) കല്‍പിച്ച മദായിന്‍ ശുഐബിന്റെ ശേഷിപ്പ് അന്വേഷിക്കുന്ന സഞ്ചാരികള്‍ക്ക് ഈ ഭൂപ്രകൃതി തന്നെ അതു സമ്മാനിക്കുന്നുണ്ട്. പ്രവാചകന്‍ (സ) മക്കയിലെ അവിശ്വാസികള്‍ക്ക് മുമ്പാകെ ചെയ്തതു പോലെ, പൂര്‍വ പ്രവാചകന്മാരായ നൂഹിന്റേയും ഹൂദിന്റേയും സാലിഹിന്റേയും ജനത്തെ ബാധിച്ച മഹാവിപത്ത് നിങ്ങള്‍ക്ക് എത്താതിരിക്കട്ടെയെന്ന് പറയുന്ന ശുഐബ് നബി വിപത്ത് ഏറ്റുവാങ്ങിയ ലൂത്തിന്റെ ജനത നിങ്ങളുടെ അടുത്താണല്ലോ എന്നു പറയുന്നുണ്ട് (ഹൂദ് 88-90)
ലൂത്ത് നബിയുടെ ജനത ശുഐബ് നബിയുടെ ജനത താമസിച്ചിരുന്ന ദേശത്തിന്റെ തൊട്ടടുത്തായിരുന്നു എന്നു മാത്രമല്ല, അപ്പോഴേക്കും 600-700 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ. കുടുംബമില്ലായിരുന്നുവെങ്കില്‍ കൊന്നു കളയുമെന്ന് ആ സമൂഹത്തിലെ നേതാക്കള്‍ ശുഐബ് നബിയെ ഭീഷണിപ്പെടുത്തിയതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
മദീനയില്‍നിന്നുള്ള യാത്രയില്‍ മദായിന്‍ സാലിഹിനുശേഷം തബൂക്കിലുള്ള മദായിന്‍ ശുഐബ് കൂടി ഉള്‍പ്പെടുത്തുന്നവര്‍ക്ക് അഖബ ഉള്‍ക്കടലിന്റെ തീരത്ത് സൗദിയുടെ ജോര്‍ദാന്‍ അതിര്‍ത്തിയായ ഹഖല്‍ കൂടി കണ്ടു മടങ്ങാം. ഇവിടെനിന്ന് നോക്കിയാല്‍ കടലിനക്കരെ ഈജിപ്തിലെ സീനായ് മലനിരകളും വിദൂരതയില്‍ ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തില്‍നിന്നുള്ള വെളിച്ചവും കാണാം. 


വിസ്മയിപ്പിക്കുന്ന ശിലാഭവനങ്ങള്‍




പ്രകൃതിയുടെ കരവിരുത് മോഹിപ്പിക്കുന്ന ശില്‍പഭംഗി തീര്‍ത്ത ഈ താഴ്‌വാരത്ത് സഞ്ചാരികള്‍ ധിറുതിയിലാണ്. കണ്ടു തീരില്ലെന്ന് കരുതി തിരക്കിട്ടു നടക്കുന്നവരും വേഗം കണ്ടുതീര്‍ത്ത് പുറത്തു കടക്കണമെന്ന് ആഗ്രഹിക്കുന്നവരും.
സൗദി അറേബ്യയില്‍ മദീനക്കും തബൂക്കിനുമിടയില്‍ മദായിന്‍ സാലിഹിനെ തേടി വരുന്നവര്‍ക്ക് ഇവിടെ അധികനേരം ചെലവഴിച്ച് ഉല്ലസിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സാലിഹ് നബിയുടെ നഗരങ്ങള്‍ അഥവാ മദായിന്‍ സാലിഹ്.

ഘോരശബ്ദത്തോടെ ഭൂചലനത്തില്‍ നശിപ്പിക്കപ്പെട്ടുവെന്ന് കരുതുന്ന സാലിഹ് നബിയുടെ ജനതയായ സമൂദ് ഗോത്രത്തിന്റെ ആവാസകേന്ദ്രം ഇതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാവുന്ന തെളിവുകള്‍ ഇനിയും ലഭിക്കണമെങ്കിലും, ജീവിതത്തില്‍ പ്രവാചക നിര്‍ദേശങ്ങള്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ ദൈവശിക്ഷ ഇറങ്ങിയ ഇവിടെനിന്ന് വേഗം കടന്നുപോകണമെന്ന പ്രവാചകന്റെ നിര്‍ദേശം അതേപടി അനുസരിക്കുന്നു.
സാലിഹ് നബിയുടെ കാലത്തിനും നൂറ്റുണ്ടുകള്‍ക്ക് ശേഷം ചേക്കേറിയ നബ്ത്തികളുടെ ശവകുടീരങ്ങളാണ് മദായിന്‍ സാലിഹിലുള്ളതെന്ന നിഗമനം ശരിവെച്ചുകൊണ്ട് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഈ വിസ്മയ ഭൂപ്രദേശം കണ്ടാല്‍ കൊതി തീരില്ല. പ്രകൃതി തീര്‍ത്ത മനോഹാരിതക്കൊപ്പം പാറകള്‍ തുരന്ന് തീര്‍ത്ത പാര്‍പ്പിടങ്ങളും ശവകുടീരങ്ങളും ആരേയും വിസ്മയിപ്പിക്കുന്നതാണ്.
പത്ത് വര്‍ഷത്തിനുശേഷം വീണ്ടും മദായിന്‍ സാലിഹില്‍ എത്തിയപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. മാറ്റമില്ലാത്തത് ഗരിമയോടെ നില്‍ക്കുന്ന ചുകന്ന കുന്നുകളും അതിലെ ശിലാഭവനങ്ങളും.

സംരക്ഷണത്തിന് യാതൊരു നടപടികളും സ്വീകരിക്കാതെ തന്നെ ഈ സ്മാരകങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം പ്രകൃതി ഏറ്റെടുത്തിരിക്കയാണ്. സൗദി അറേബ്യയിലെ മറ്റു പലസ്ഥലങ്ങളിലും മണ്ണൊലിപ്പ് ചെറുതും വലുതുമായ മലകള്‍ക്ക് രൂപപരിണാമം വരുത്തിയിട്ടുണ്ടെങ്കിലും മദായിന്‍ സാലിഹിലെ ചുകപ്പന്‍ കുന്നുകളില്‍ മണ്ണൊലിപ്പ് അത്ര തീവ്രമല്ല.

കുടീരങ്ങളിലെ ശിലാലിഖിതങ്ങളും പ്രാചീന ചിത്രങ്ങളും നേരത്തെ തന്നെ മാഞ്ഞുപോകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മദായിന്‍ സാലിഹിന് ഇപ്പോള്‍ പുതമോടി കൈവന്നിട്ടുണ്ട്.
2008-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയതാണ് വിശാലമായ ഈ ഭൂപ്രദേശത്ത് ചുറ്റിക്കറങ്ങാന്‍ സഞ്ചാരികള്‍ക്ക് എളുപ്പമായ റോഡുകളും പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും സമ്മാനിച്ചത്.
131 സ്മാരകങ്ങളുള്ള ഏക്കര്‍ കണക്കിനു പ്രദേശത്ത് വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ ചില്ലിട്ട് സ്ഥാപിച്ചിരിക്കുന്നു.


ഖസ്‌റുല്‍ സനേഹ്, അല്‍ ഖുറൈമത്ത്, ഖസ്‌റുല്‍ ബിന്‍ത്,  ഖസര്‍ ഫരീദ്, അല്‍ മഹജര്‍ തുടങ്ങിയ ഈ പേരുകള്‍ നബ്ത്തികളുടെ സംഭാവനയല്ലെന്നാണ് പൊതു നിഗമനം. ആധുനിക അറബിയോട് സാമ്യമുള്ള ഈ നാമങ്ങള്‍ പിന്നീട് ബദുക്കള്‍ സമ്മാനിച്ചതാണെന്ന് കരുതുന്നു.
ജോര്‍ദാനിലെ പെട്ര ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട നബ്ത്തിയന്‍ രാജ്യത്തിന്റെ രണ്ടാം നഗരമോ കോളനിയോ ആയിരുന്നു ഹിജാസിലെ ഈ ഭൂപ്രദേശമെന്ന നിഗമനമാണ് അംഗീകരിക്കപ്പെട്ടത്. 1880-കളില്‍ ഇവിടം സന്ദര്‍ശിച്ച യൂറോപ്യന്‍ ചാള്‍സ് ഡോട്ടിയുടെ വകയാണ് ഇതിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍. രണ്ടാം നഗരമുണ്ടെന്ന് പെട്രയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അദ്ദേഹത്തെ ഇങ്ങോട്ട് നയിച്ചത്.


സമൂദ് ജനതയുടെ ആവാസ കേന്ദ്രവും സാലിഹ് നബിയേയും ദൈവിക കല്‍പനകളേയും ധിക്കരിച്ചതിനാല്‍ ദൈവശിക്ഷ ഇറങ്ങിയ സ്ഥലവും ഇതുതെന്നയെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍ സൗദി അറേബ്യയിലെ തദ്ദേശീയരില്‍നിന്ന് ഇവിടേക്ക് വന്‍തോതിലുള്ള ടൂറിറ്റ് പ്രവാഹമില്ല. ടൂറിസം വികസനത്തിന് കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിവരുന്ന സൗദി ഭരണകൂടം ഇസ്‌ലാമിനു മുമ്പത്തെ ചരിത്ര സ്മാരകങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നുമില്ല.

ജിദ്ദയില്‍നിന്ന് 750 കി.മീറ്ററും മദീനയില്‍നിന്ന് 300കി.മീറ്ററും വടക്ക് സ്ഥിതി ചെയ്യുന്ന മദായിന്‍ സാലിഹ് കാണാന്‍ എത്തുന്നവരില്‍ മലയാളികള്‍ ധാരാളമുണ്ട്. സൗദി അറേബ്യയില്‍ വിശുദ്ധ ഗേഹങ്ങള്‍ക്ക് പുറമേ ഒരേയൊരു സ്ഥലമാണ് കാണുദ്ദേശിക്കുന്നതെങ്കില്‍ അത് മദായിന്‍ സാലിഹായിരിക്കണമെന്ന് നിസ്സംശയം പറയാം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മലയാളികളുടെ നിരവധി പഠനവിനോദ യാത്ര സംഘങ്ങള്‍ ഈ ചരിത്ര ഭൂമിയിലെത്തുന്നു.
അല്‍ ഉലാ സിറ്റിയില്‍ എത്തുമ്പോള്‍ തന്നെ പാറകളുടെ രൂപഭാവങ്ങളും വര്‍ണങ്ങളും മനോഹര കാഴ്ചയൊരുക്കി തുടങ്ങും. ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും തബൂക്കില്‍നിന്നും അല്‍ ഉല സിറ്റിയിലേക്ക്  ബസ് സര്‍വീസുണ്ട്. അല്‍ ഉലയില്‍നിന്ന് 23 കി.മീറ്ററാണ് മദായിന്‍ സാലിഹിലേക്കുള്ളത്.

വിശുദ്ധ ഖുര്‍ആനില്‍ ഈ പട്ടണത്തെ അല്‍ ഹിജ്ര്‍ എന്നാണ് വിളിച്ചിരിക്കുന്നത്. അല്‍ അഅറാഫ്-7:73-79, ഹൂദ് 11: 61-68, അല്‍ ഹിജ്ര്‍ 15:80-84, അല്‍ ഇസ്രാഅ് 17:59, അശ്ശൂറാ 26: 141-159, അല്‍ നംല് 27: 45-53, ഫുസ്സിലാത്ത് 41: 17-18, അല്‍ ഖമര്‍ 54: 23-32, അശ്ശംസ് 91: 11-15, ഇബ്രാഹിം 14: 8-9 എന്നീ സൂക്തങ്ങളിലാണഅ ഥമൂദ് ഗോത്രത്തേയും സാലിഹ് നബിയേയും ഇവരുടെ പരിണിതിയേയും പരാമര്‍ശിക്കുന്നത്.
ആദ് സമുദായത്തിനുശേഷം നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചതും ഭൂമിയില്‍ നിങ്ങള്‍ക്ക് ഈ അധിവാസ സൗകര്യം പ്രദാനംചെയ്തതും ഓര്‍ക്കണമെന്ന് ഖുര്‍ആന്‍ സമൂദ് ജനതയോട് പറയുന്നുണ്ട്. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നുവെന്നും  പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുന്നുവെന്നും ഉണര്‍ത്തിയശേഷം  ദൈവത്തിന്റെ ശക്തിയുടെ അടയാളങ്ങളെക്കുറിച്ച് അശ്രദ്ധരാകരുതെന്നും ഭൂമിയില്‍ നാശമുണ്ടാക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
അറേബ്യയിലെ അതിപുരാതനമായ രണ്ടാമത്തെ സമുദായമാണ് സമൂദിനെ കണക്കാക്കുന്നത്. ആദിനുശേഷം ഏറ്റവും പ്രശസ്തമായ ഇവരുടെ കഥകള്‍ വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് മുമ്പുതന്നെ അറബികളില്‍ പ്രചാരം നേടിയിരുന്നു.
വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക.
ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ  കച്ചവടസംഘങ്ങള്‍ മദായിന്‍ സാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തിരുന്നുവെന്നും  പുരാവസ്തുക്കള്‍ക്കിടയിലെ  കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്.  സമൂദിന്റെ നഷ്ടാവശിഷ്ടങ്ങളിലൂടെ ചുറ്റിക്കറങ്ങിയ അനുചരന്മാരോട്  അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമാണിതെന്നും ഉല്ലാസ വേദിക്കപ്പുറും  വിലാപ വേദിയാണെന്നും ചൂണ്ടിക്കാട്ടി  അവിടെ നിന്ന് വേഗം പോകണമെന്നും നിര്‍ദേശിക്കുകയും ചെയ്തു.
ആദ് സമുദായത്തെ പോലെ സമൂദും വിഗ്രഹാരാധാകരായിരുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടായിരാമാണ്ടില്‍ സാലിഹ് നബി ഇവരിലേക്ക് നിയോഗിതനായപ്പോള്‍ ചുരുങ്ങിയത് 47 ദൈവങ്ങളാണ് ആരാധിക്കപ്പെട്ടിരുന്നത്. ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ദൈവത്തില്‍ ആരെയും പങ്കു ചേര്‍ക്കരുതെന്നാണ് സാലിഹ് നബി ആഹ്വാനം ചെയ്തത്. ഭൂരിഭാഗം ജനതയും സാലിഹിന്റെ വിളി തള്ളിക്കളയുക മാത്രമല്ല, അദ്ദേഹത്തെ വധിച്ചു കളയാന്‍ പോലും മുതിര്‍ന്നു. ഒരു ദൈവമേയുള്ളൂ എന്ന സാലിഹിന്റെ വാദത്തിനു അവര്‍ തെളിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ചുവന്ന ഒട്ടകം അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അവരിലെ പുരോഹിതന്മാര്‍ സാലിഹിന്റെ ദൃഷ്ടാന്തത്തില്‍ വിശ്വസിച്ചാല്‍ ശിക്ഷിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തകയും അവരിലെ സമ്പന്നര്‍ ഒട്ടകത്തെ കൊന്നു കളയാന്‍ ആളുകളെ നിയോഗിക്കുകയുമായിരുന്നു. ഒട്ടകം കൊല്ലപ്പെട്ടപ്പോള്‍ കൊലയാളികളും ദൈവധിക്കാരികളും മൂന്ന് ദിവസം മാത്രമേ ജീവിക്കുകയുള്ളൂവെന്ന് സാലിഹ് നബി പ്രവചിച്ചതുപോലെ ഘോരശബ്ദത്തോടെ ഭൂമി കുലുങ്ങുകയും ഏതാനും വിശ്വാസികളെ ഒഴിച്ച് ബാക്കിയുള്ളവര്‍ നാശമടയുകയും ചെയ്തു. 
നബ്ത്തികളുടെ രണ്ടാം പട്ടണമായി യുനെസ്‌കോ ഉള്‍പ്പെടുത്തിയിരിക്കുന്ന മദായിന്‍ സാലിഹ് അവരുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രമായിരുന്നു. നബ്ത്തികളുടെ തലസ്ഥാനമായ പെട്ര 106-ല്‍  റോമാ സൈന്യത്തോട് അടിയറവു പറഞ്ഞതോടെ മദായിന്‍ സാലിഹിന്റെ പ്രതാപവും അവസാനിച്ചു. ചെങ്കടലില്‍ തുറമുഖങ്ങളുണ്ടാക്കി കരമാര്‍ഗമുള്ള വ്യാപാരത്തിന്റെ പ്രാധാന്യം റോമാക്കാര്‍ കുറക്കുകയായിരുന്നു. പില്‍ക്കാലത്ത് ദമസ്‌കസില്‍നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയില്‍ മദായിന്‍ സാലിഹ് ഒരു കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷനായിരുന്ന ഇവിടെ അതിന്റെ കെട്ടിടങ്ങളുടേയും റെയിലിന്റെയും എന്‍ജിന്റേയും അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളുണ്ടായിരുന്നതില്‍ ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. ഈ കിണറിലേക്ക് വീഴാതിരിക്കാനും സുരക്ഷിതമാക്കാനും ഹിജാസ് റെയിലിന്റെ പാളങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ടെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതുന്നു. കാര്‍ഷികവൃത്തിയില്‍ കേന്ദ്രീകരിക്കുന്നതുവരെ നാടോടികളായ ബദുക്കളായിരുന്ന അവര്‍ക്ക് മരുഭൂമിയിലെ ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിലുള്ള മികവും വ്യാപാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലുഉണ്ടായിരുന്ന പ്രാഗത്ഭ്യവുമാണ് മേല്‍ക്കൈ സമ്മാനിച്ചത്. പില്‍ക്കാലത്ത് വാണിജ്യ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കി ചുങ്കം പിരിക്കാനും തുടങ്ങിയെന്ന് ചരിത്രം പറയുന്നു. ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സാലിഹും നിലംപൊത്തിയതിനുശേഷം നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനു ഉത്തരം ലഭിക്കാന്‍ പുരാവസ്തു ഗവേഷണം ഇനിയും തുടരണം.
ശിക്ഷ ഇറങ്ങിയശേഷം മദായിന്‍ സാലിഹില്‍ സമൂദ് ഗോത്രത്തില്‍ അവശേഷിച്ച ഏതാനും വിശ്വാസികള്‍ ജറൂസലമിലേക്ക് രക്ഷപ്പെട്ടുവെന്നും നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ പിന്മുറക്കാരാണ് പെട്രയില്‍ നബ്ത്തി സാമ്രാജ്യത്തിനു തുടക്കം കുറിച്ചതെന്നും സമൂദ് ഗോത്രത്തില്‍ അവശേഷിച്ചവര്‍ റോമാക്കാരോടൊപ്പം ചേര്‍ന്ന് പിന്നീട് നബ്ത്തികളോട് യുദ്ധം ചെയ്തുവെന്നും രണ്ട് അഭിപ്രായങ്ങള്‍ ഇസ്്‌ലാമിക ചരിത്രകാരന്മാരെ ഉദ്ധരിച്ചുണ്ട്.
പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച യാത്ര


Related Posts Plugin for WordPress, Blogger...