Pages

8/17/13

വാര്‍ത്തകളുടെ പാചകം

സംഭവങ്ങളെ പര്‍വതീകരിക്കുകയും ന്യൂനീകരിക്കുകയും വികലമാക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍പോലും ചര്‍ച്ചാ വിഷയമാണ്. വിവാദങ്ങള്‍ക്ക് അര്‍ഹമായതിലേറേ സ്ഥാനവും പ്രാധാന്യവും ലഭിക്കുമ്പോള്‍ സാധാരണക്കാരന്‍ പത്രം ചുരുട്ടിവെക്കുകയോ ചാനല്‍ മാറ്റി നോക്കുകയോ ചെയ്യുന്നു.
ആളുകളെ പിടിച്ചിരുത്താനും റേറ്റിംഗ് കൂട്ടാനും ടെലിവിഷന്‍ ചാനലുകള്‍ ഏതറ്റംവരേയും പോകാന്‍ തയാറാണ് എന്നു തെളിയിക്കുന്നതാണ് വ്യക്തിഹത്യകളിലേക്ക് പോലും നീങ്ങുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗും ചര്‍ച്ചകളും. ഗോപ്യമായത് കാണാനുള്ള ആളുകളുടെ ത്വര വാര്‍ത്തകളില്‍ സന്നിവേശിപ്പിച്ച് അതുവഴി റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പെണ്ണുടലുകള്‍ക്കും വേണ്ടിവന്നാല്‍ കിടപ്പറ രംഗങ്ങള്‍ക്കുപോലും ദൃശ്യമൊരുക്കാന്‍ ചാനലുകള്‍ ധൈര്യം കാണിക്കുന്നു. ഒളിക്യാമറാ ദൃശ്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും അത് ഏതുനിമിഷവും സ്‌ക്രീനില്‍ തെളിയാമെന്നും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പ്രമുഖരെ ക്ഷണിച്ചുവരുത്തി പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുമ്പെടുകയാണ് ചാനലുകള്‍.
കണക്കില്ലാത്ത കോടികള്‍ തട്ടിയെന്ന് പ്രതിപക്ഷവും ഓ, അത് വെറും ഏഴ് കോടിയേ ഉള്ളൂവെന്ന് ഭരണപക്ഷവും പറയുന്ന സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ദൃശ്യമായ മാധ്യമ പടയൊരുക്കം സമാനതകളില്ലാത്തതാണ്. സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന മറ്റുപല വിഷയങ്ങള്‍ കടന്നുവന്നെങ്കിലും അതെല്ലാം ഈയാംപാറ്റകളെ പോലെ ചത്തുവീണു. സോളാര്‍ താപത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളായിരുന്നവരും അവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ജ്വലിച്ചുനിന്നു.
വ്യക്തികളും പാര്‍ട്ടികളും പാര്‍ട്ടികളിലെ ഗ്രൂപ്പുകളും അതോടൊപ്പം ഏതാനും മാധ്യമ പ്രവര്‍ത്തകരുടെ താല്‍പര്യങ്ങളും ഒത്തുചേര്‍ന്നപ്പോഴാണ് പ്രതിപക്ഷ സമരത്തിനപ്പുറം സോളാര്‍ വാര്‍ത്തകള്‍ക്ക് എപ്പോഴും എരിവും പുളിയും പകര്‍ന്നു കിട്ടിയത്.
ഈ മാധ്യമ പടയൊരുക്കത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനകളും പണമൊഴുക്കും സംബന്ധിച്ച ആരോപണങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വഴിത്തിരിവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സാക്ഷര കേരളത്തില്‍പോലും ഇതാണ് സ്ഥിതിയെങ്കില്‍ വിശ്വാസ്യത വേണ്ടെന്നുവെച്ച മാധ്യമങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയും ജനവികാരത്തെയും എങ്ങനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. പട്ടിണിയോട് മല്ലിടുന്ന സാധാരണ ജനം ഇതൊന്നും കാണാന്‍ ഇടയില്ലെന്ന് ആശ്വസിക്കാന്‍ തരമില്ല, കാരണം അവരുടെ കൈകളിലേക്ക് ടെലിവിഷന്‍ സെറ്റുകളും കംപ്യൂട്ടറുകളും എത്തിക്കാന്‍ ഭരണകൂടങ്ങളും പാര്‍ട്ടികളും കോര്‍പറേറ്റുകളും മത്സരിക്കുകയാണ്.
വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞിടത്ത് മാധ്യമ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളുമാണ് നേരും നീതിയും വേണമെന്ന് ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകരെപോലും ഇന്ന് ചലിപ്പിക്കുന്നത്.
മാധ്യമ അപചയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സാധാരണമാണെങ്കിലും പ്രസ് കൗണ്‍സിലും സര്‍ക്കാരുകളുമൊക്കെ ഇരുട്ടില്‍ തപ്പുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നതില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ എപ്പോഴും വിജയം വരിക്കുന്നു.
ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിച്ചെങ്കില്‍, മാധ്യമങ്ങള്‍ ഇന്ന് ജനപക്ഷത്തെ വിസ്മരിച്ചുകൊണ്ട് കോര്‍പറേറ്റുകളുടെ സ്വാധീനത്തിലാണ്. സാമ്പത്തിക ഉദാരീകരണത്തോടെ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് വന്‍വളര്‍ച്ചയാണ് ദൃശ്യമായതെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളോടൊപ്പം കോര്‍പറേറ്റുകളുടെ കൈകടത്തലുകളാണ് ഏറ്റവും വലിയ വെല്ലുവിളി.
സാമൂഹിക സ്ഥാപനങ്ങളെന്ന നിലയില്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതലയാണ് മാധ്യമങ്ങള്‍ നിറവേറ്റേണ്ടത്. നവഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന ധാരണ തിരുത്തുന്നതാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്റര്‍നെറ്റ് ചോര്‍ത്തലില്‍ തുടങ്ങി വെബ്‌സൈറ്റുകളുടെ നിരീക്ഷണത്തിലും അവ ബ്ലോക്ക് ചെയ്യുന്നതിലും എത്തിനില്‍ക്കുന്ന നടപടികള്‍.
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച പട്ടാള അധികാരികള്‍ അതോടൊപ്പം ചെയ്ത ആദ്യത്തെ നടപടി എതിരുനില്‍ക്കുന്ന മാധ്യമങ്ങളെ തച്ചുടക്കുകയായിരുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അധികാരമാണ് ഇന്ത്യയില്‍ ഭേദഗതി ചെയ്യപ്പെട്ട വിവര സാങ്കേതിക വിദ്യാ നിയമം സര്‍ക്കാരിന് നല്‍കുന്നത്.
സ്വാത്രന്ത്യത്തിനുശേഷം അരനൂറ്റാണ്ടോളം മാധ്യമങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനായിരുന്നുവെങ്കില്‍ 1990-കളില്‍ രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍കരണത്തോടെ തഴച്ചുവളര്‍ന്ന സ്വകാര്യ മേഖലയിലെ മാധ്യമങ്ങളെ ഇപ്പോള്‍ കോര്‍പറേറ്റുകളാണ് സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നത്.
ഇന്ത്യയിലെ പല മാധ്യമങ്ങളുടേയും പിറകില്‍ വന്‍കിട ബിസിനസുകാര്‍ ഒളിച്ചിരിപ്പുണ്ട്. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ബിസിനസുകാര്‍ നടത്തുന്ന ചാനലുകളും പത്രങ്ങളും വെബ്‌സൈറ്റുകളുമുണ്ട്. വന്‍കിട മാധ്യമ സ്ഥാപനങ്ങളായ സണ്‍ ടി.വിക്കും സ്റ്റാര്‍ ഇന്ത്യക്കും മറ്റു ഗ്രൂപ്പുകള്‍ക്കും ചില്ലറ മാധ്യമങ്ങളല്ല ഉള്ളത്. ചില ചാനലുകളുടെ യഥാര്‍ഥ ഉടമകളാരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് ഘടന. പശ്ചിമബംഗാളിലെ സാധാരണക്കാരെ വഴിയാധാരമാക്കി ചിട്ടിത്തട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ് മാധ്യമ സ്ഥാപനങ്ങളുടെ കൂടി ഉടമകളാണ്.  ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പിനെ തുടര്‍ന്ന് ചാനലുകളോട് ഓഹരി ഘടന വെളിപ്പെടുത്താന്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു പിന്നിലുള്ള രാഷ്ട്രീയക്കാരുടെ പേരുവിവരങ്ങളാണ് ഇതുവഴി പുറത്തുവന്നത്.
കോര്‍പറേറ്റ്, രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ മുതല്‍മുടക്കിയിട്ടുണ്ട് എന്നതില്‍ ഒട്ടും സംശയമില്ല. തമിഴ്‌നാട്ടില്‍ മിക്ക പാര്‍ട്ടികള്‍ക്കും സ്വന്തം ചാനലുകളുണ്ട്. മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകന്‍ നടത്തുന്ന സണ്‍ ഗ്രൂപ്പിന് 32 ടെലിവിഷന്‍ ചാനലുകളും 45 റേഡിയോ നിലയങ്ങളുമാണ് ഉള്ളത്. കേബിള്‍ വിതരണ ശൃംഖലയും ഇവര്‍ക്കു സ്വന്തം. കുത്തകകളെ തച്ചുടച്ച് ഒരു കമ്പനിക്ക് ഒന്നോ രണ്ടോ മാധ്യമങ്ങളെന്ന ആലോചനപോലും സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്.
സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കാന്‍ ലോകത്തെമ്പാടും ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് ഇന്ത്യന്‍ മാധ്യമങ്ങളും വിശ്വാസ്യത കളഞ്ഞുകുളിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി ജനകോടികള്‍ തെരുവിലിറങ്ങിയ അറബ് വസന്ത വര്‍ഷമായ 2011-ല്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം 16 ശതമാനത്തില്‍നിന്ന് 66 ശതമാനമായാണ് ഉയര്‍ന്നത്. അറസ്റ്റും ഭീഷണിയും 43 ശതമാനം വര്‍ധിച്ചു. തട്ടിക്കൊണ്ടുപോകലുകളും കൂടിക്കൊണ്ടിരിക്കുന്നു. ധാരാളം പത്രപ്രവര്‍ത്തകര്‍ സ്വന്തം രാജ്യംവിടാനും മറ്റു നാടുകളില്‍ ജോലി തുടരാനും നിര്‍ബന്ധിതരായി. സെന്‍സര്‍ഷിപ്പ് കഠിനമാക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വസ്തുനിഷ്ഠമായ വിവരങ്ങള്‍ മറച്ചുവെച്ച് തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കും അവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്കും വേണ്ടി കുഴലൂത്ത് നടത്തുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ വീണ്ടും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുപോകേണ്ടിവരുമോ എന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറി വരികയാണ്.
മാധ്യമങ്ങളെ നിയന്ത്രിക്കുകയല്ല, അവ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം വരെ പറയുമ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനകളും പെയ്ഡ് ന്യൂസുകളുടെ അതിപ്രസരവുമാണ് തെളിഞ്ഞുവരുന്നത്.
തങ്ങളാണ് ഉടമകളെന്നതിനാല്‍ മാധ്യമങ്ങളുടെ നിയന്ത്രണം തങ്ങള്‍ തന്നെയാണ് നിര്‍വഹിക്കേണ്ടതെന്ന് പുതിയ കുത്തക മുതലാളികമാര്‍ ശഠിക്കുന്നു. സത്യസന്ധതക്കും നീതിക്കും നിലകൊള്ളുന്ന പത്രപ്രവര്‍ത്തകരെ ചൊല്‍പടിക്കു നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ പുറന്തള്ളി സ്വന്തക്കാരെ വെച്ചുകൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കുകയോ ചെയ്യുന്നു മാധ്യമ മുതലാളിമാര്‍. സാമ്പത്തിക ക്രമക്കേടുകള്‍ മറച്ചുവെക്കാനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും മാധ്യമങ്ങള്‍ ചരടുവലിച്ച എത്രയോ സംഭവങ്ങള്‍ ഈയടുത്ത കാലത്ത് ഇന്ത്യയില്‍ പ്രകടമായി. മാധ്യമ ഉടമകളില്‍നിന്നു മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരെ സമര്‍ഥമായി സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും പുതുമയല്ലാതായിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും സമ്മാനിച്ച് സ്വന്തം ചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ വരുത്തിക്കുന്ന തുക്കടാ നേതാക്കള്‍ മുതല്‍ കോടികളൊഴുക്കുന്ന വമ്പന്‍ സ്രാവുകള്‍വരെയുണ്ട്.
നീരാ റാഡിയ ടേപ്പ് കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടര്‍മാരേയും മാധ്യമങ്ങളേയും എങ്ങനെയൊക്കെ ഉപയോഗിക്കുന്നുവെന്ന് ജനം കണ്ടു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയ രംഗത്തെ വന്‍തോക്കുകളും സ്വാധീനമുള്ള പത്രപവര്‍ത്തകരും ലോബിയിസ്റ്റുകളുമൊക്കെ ഉള്‍പ്പെടുന്ന സംഘങ്ങള്‍ പിന്നാമ്പുറത്ത് സജീവമായിരിക്കുമ്പോള്‍ വിശ്വസ്തമെന്നു കരുതി ഒരു വാര്‍ത്ത വായിക്കാനോ കേള്‍ക്കാനോ സാധിക്കാതെ വരുന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും അവ ചത്തൊടുങ്ങാതെ നിലനര്‍ത്തുന്നതിലും അഹിതകരമായ വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതിലും വിപണി ശക്തികളാണ് മുഖ്യപങ്കു വഹിക്കുന്നതെന്നാണ് നീരാ റാഡിയ ടേപ്പ് കേസും സമീപകാലത്തു പുറത്തുവന്ന നിരവധി പെയ്ഡ് ന്യൂസ് സംഭവങ്ങളും അടിവരയിടുന്നത്. ഇതിനിടയില്‍ യഥാര്‍ഥ വാര്‍ത്തകളായി മാറേണ്ടതും വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യേണ്ടതുമായ എത്രയോ സംഭവങ്ങള്‍ ആരോരുമറിയാതെ പോകുന്നു.
8 comments:

 1. parasparam paartikkare thammiladippichu idayil ninnu chora kudikkunna tharathilaanu maadhyama dharmam, ippol

  ReplyDelete
 2. കുക്ക്ഡ് ന്യൂസ്

  ReplyDelete
 3. പത്റധര്‍മ്മം

  ReplyDelete
 4. മാധ്യമങ്ങളെയും അവര്‍ പടച്ചു വിടുന്ന വാര്‍ത്തകളെയും ബാഹ്യ ശക്തികള്‍ / താല്പര്യങ്ങള്‍ സ്വാധീനിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമൊന്നുമല്ല. മാധ്യമങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ കാപട്യം ആണ് "നിഷ്പക്ഷത" എന്നത്. എല്ലാ മാധ്യമങ്ങള്‍ക്കും ഓരോ പക്ഷം ഉണ്ടെന്നുള്ള തിരിച്ചറിവും കാര്യങ്ങളെ വസ്തു നിഷ്ഠമായി അപഗ്രഥിക്കാനുള്ള യുക്തിബോധവും വായനക്കാര്‍ /കാഴ്ചക്കാര്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാന്‍ ഉള്ള മാര്‍ഗ്ഗം

  ReplyDelete
 5. വളരെ ശരി..ഒരേ വാർത്തകൾ തന്നെ മാറി മാറി ഒന്ന് രണ്ടു
  ചാനലുകളും പത്രങ്ങളും എങ്ങനെ തലക്കെട്ട്‌ ആക്കുന്നു
  എന്ന് മാത്രം നോക്കിയാല മതി അതിലെ വ്യത്യാസം നമുക്ക്
  മനസിലാക്കാൻ..അതെ സാക്ഷര കേരളത്തിന്റെ സ്ഥിതി
  ഇതെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്ത് ആവും!!

  ReplyDelete
 6. അതെ ഇപ്പോള്‍ പത്രധര്‍മ്മം നെഗറ്റീവുകളെ പര്‍വ്വതീകരിച്ചുകാണിക്കുക എന്ന തലത്തില്‍ എത്തിനില്‍ക്കുന്നു. ഇന്നലകളൂടെ മാനസിക സമ്മര്‍ദ്ദങ്ങളെ ഒരുറക്കത്തിലൂടെ ലഘൂകരിച്ച് , പുലരിയില്‍ ആ പത്രതാളുകള്‍ കയ്യില്‍ ഏന്തുമ്പോള്‍ വീണ്ടും നെഞ്ചിലെടുത്ത് വെയ്ക്കുന്നത് ഘനമുള്ള , തിങ്ങുന്ന വികാരങ്ങളാണ്. ഈ ലോകത്ത് ശുഭമായതൊന്നും ഇല്ലേ എന്ന് തോന്നിപ്പിക്കും വിധത്തില്‍ .

  ReplyDelete

Related Posts Plugin for WordPress, Blogger...