3/16/15

പോര്‍ക്കളത്തില്‍ ഇനി നവമാധ്യമങ്ങള്‍ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. പരിഷ്‌കാരത്തിന്റെ കാപട്യങ്ങള്‍ വലുതായൊന്നും എടുത്തണിയാത്ത പാവങ്ങളെന്ന് മറുനാട്ടില്‍ ജോലിക്കെത്തിയ ഇവരെ ചൂണ്ടി പറയാറുണ്ട്. സമ്പത്ത് വലിയ ജീവിത സൗകര്യങ്ങളിലേക്ക് നീക്കുന്നതിനു മുമ്പ് ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള കൊതി ഇവരെ ചെറുപ്പത്തില്‍തന്നെ പുണ്യഭൂമിയിലെത്തിക്കാറുമുണ്ട്.
ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരുന്നതിന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 16 ഇന്തോനേഷ്യക്കാര്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ പിടിയിലായി. ഒരു പുരുഷനും നാല് സ്ത്രീകളും 11 കുട്ടികളുമടങ്ങുന്ന സംഘമാണ് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായത്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ടാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നും 16 പേരടങ്ങിയ മറ്റൊരു സംഘം അപ്രത്യക്ഷമായിട്ടുണ്ടെന്നും തുര്‍ക്കി വിദേശമന്ത്രാലയം പറയുന്നു. ഐ.എസുകാരോടൊപ്പം ചേര്‍ന്ന് പൊരുതാന്‍ 500-ലേറെ ഇന്തോനേഷ്യക്കാര്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയോടൊപ്പം ചേര്‍ന്ന് അന്വേഷണം നടത്താന്‍ ഒരു സംഘത്തെ അയച്ചതായി ഇന്തോനേഷ്യയും വെളിപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലും ഇറാഖിലും എണ്ണപ്പാടങ്ങള്‍ അടക്കം പിടിച്ചെടുത്തുകൊണ്ട്  സ്വയം ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച ഒരുപിടി ചട്ടമ്പികള്‍ക്ക് പിന്നില്‍ ശക്തമായ കരങ്ങളുണ്ടെന്നല്ലാതെ, മറ്റുവിവരങ്ങളൊക്കെ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഐ.എസുകാരുടെ പിന്നാമ്പുറം അേന്വഷിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഒക്കെ അനുമാനങ്ങളാണ്. ഐ.എസ് ഒരു പാശ്ചാത്യ നിര്‍മിതിയാണെന്ന സംശയങ്ങള്‍ നിരാകരിക്കുന്നതാണ് കൂടുതല്‍ ഗ്രന്ഥങ്ങളുമെന്നത് വീണ്ടും ദുരൂഹത വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മാസം മൂന്ന് ബ്രിട്ടീഷ് വിദ്യാര്‍ഥിനികളെ സിറിയയിലേക്ക് കടക്കാന്‍ സഹായിച്ചതിന് തുര്‍ക്കി അധികൃതര്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സിറിയന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. വിദേശരാജ്യം ഐ.എസിനെതിര യുദ്ധം തുടരുന്ന അമേരിക്കന്‍ സഖ്യത്തില്‍ ഉള്‍പ്പെടുന്നുവെന്നതായിരുന്നു ഈ വാര്‍ത്തയിലെ കൗതുകം.
ലിബിയ വഴി ഐ.എസ് ഇതാ യൂറോപ്പിലേക്ക് വരുന്നു എന്ന പുതിയ വാര്‍ത്തകള്‍ക്കിടെ, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ തലവന്‍ ജോണ്‍ ബ്രണ്ണന്‍ മറ്റൊരു യുദ്ധപ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും പുതിയ സാങ്കേതിക വിദ്യകളാണ് ഐ.എസ് പോലുള്ള ഗ്രൂപ്പുകളെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിവരങ്ങള്‍ കൈമാറാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുകാരണം തീവ്രവാദികള്‍ക്കെതിരായ പോരാട്ടം പ്രയാസകരമാക്കിയിരിക്കുന്നു എന്നാണ് പുതിയ സി.ഐ.എ മേധാവിയുടെ അഭിപ്രായം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുഭാവികളെ നേടാനും ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും.
ബുഷ് ഭരണകൂടത്തിന്റെ പീഡന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബ്രണ്ണന്‍ ഇതു രണ്ടാം തവണയാണ് സി.ഐ.എയുടെ തലപ്പത്ത് എത്തുന്നത്.
പൗരാവകാശങ്ങള്‍ക്ക് മുഖ്യസ്ഥാനം നല്‍കേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടുകാരനായ അദ്ദേഹം നവ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിനും ഭീകരതക്കുമെതിരായ നടപടികളെ രാജ്യാന്തരതലത്തില്‍ ഏകോപിപ്പിച്ച് പരിചയമുള്ള അദ്ദേഹത്തിന് എതിര്‍ശബ്ദങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന് ഭരണകൂടങ്ങളെ പഠിപ്പിക്കാന്‍ എളുപ്പം സാധിക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ അങ്ങിങ്ങായി സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. കിരാതമായ ആക്രമണമുറകള്‍ സ്വീകരിച്ച് ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ക്കുന്ന ഐ.എസ്. ഭീകരരെ ന്യായീകരിക്കുന്നവര്‍ മാത്രമല്ല, രാഷ്ട്രങ്ങളുടെ പരമാധികാരത്തിലും പൗരാവകാശങ്ങളിലും ഇടപെടുന്ന  അമേരിക്കയുടെ ഇരട്ടത്താപ്പുകള്‍ ചോദ്യം ചെയ്യുന്നവരും  സി.ഐ.എ മേധാവി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ പരിധിയില്‍ വരും.
സൈബര്‍സ്‌പേസില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള നടപടികള്‍ സി.ഐ.എ സ്വീകരിച്ചുവരികയാണ്. പ്രത്യേക ഭീഷണികള്‍ നേരിടുന്നതിന് ഏജന്‍സിക്കു കീഴില്‍ മിഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്.
ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിലുണ്ടാകുന്ന സംഭവം ഉടന്‍ തന്നെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയാണ് അനുരണനങ്ങളുണ്ടാക്കുന്നതെന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്ന് ഒരു തീവ്രവാദിക്ക് ഓണ്‍ലൈനില്‍നിന്ന് ആക്രമണം എങ്ങനെ നടത്താമെന്ന് പഠിക്കാമെന്നും ബ്രണ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരാക്രമണ ഭീഷണി ഉടന്‍തന്നെ വികേന്ദ്രീകരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു.
സ്വതന്ത്ര്യം, സാമൂഹ്യ നീതി പോലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സിറിയന്‍ ജനത ആരംഭിച്ച പ്രക്ഷോഭം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 80 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. ഏകാധിപത്യത്തില്‍നിന്ന് മോചിതരായി ജനാധിപത്യത്തിലേക്കു നീങ്ങാമെന്ന് സ്വപ്‌നം കണ്ട സിറിയന്‍ ജനതയല്ല ഇപ്പോള്‍ അവിടെ യുദ്ധം ചെയ്യുന്നത്. വിവിധ രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളാണ് അവിടെ ഏറ്റുമുട്ടുന്നത്.
അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വലിയ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് രാപകലില്ലാതെ നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിനു സിവിലിയ•ാര്‍ കൊല്ലപ്പെടുന്നതല്ലാതെ യഥാര്‍ഥ ഭീഷണിയായ ഐ.എസുകാര്‍ക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. കവചിത വാഹനങ്ങളില്ലാതെ, സാദാ ട്രക്കുകളില്‍ അവര്‍ തോക്കേന്തി വിലസുന്നു, എണ്ണ വില്‍ക്കുന്നു, മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയക്കുന്നു.
സിറിയയില്‍ അസദിന്റെ ഏകാധിപത്യ ഭരണകൂടം പീഡിപ്പിച്ച് കൊലപ്പെടുത്തിയവരുടെ കണക്കുകള്‍ പുറംലോകം അറിഞ്ഞത് ഔദ്യോഗിക മാധ്യമങ്ങളിലൂടെയല്ല. അതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന കൂട്ടക്കൊലകളും പൗരാവകാശ നിഷേധങ്ങളും പുറംലോകം അറിയുന്നതും നവ മാധ്യമങ്ങളിലൂടെയാണ്.
ഐ.എസിനെതിരായ സൈനിക നടപടികളുടെ മറവില്‍ ഈയൊരു സ്വാതന്ത്ര്യം കൂടിയാണ് നിഷേധിക്കപ്പെടാന്‍ പോകുന്നത്. നിരപരാധികളെ കൊലപ്പെടുത്തിയും ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തും ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ഐ.എസ് അങ്ങനെ സൈബര്‍ ലോകത്തും വലിയ സംഭാവനയാണ് നല്‍കാന്‍ പോകുന്നത്. ഇസ്‌ലാമിനോടൊപ്പം തളികയിലാക്കി അവര്‍ സാമൂഹിക മാധ്യമങ്ങളേയും ആധുനിക സാങ്കേതിക വിദ്യകളേയും സമര്‍പ്പിച്ചിരിക്കുന്നു. ഫേസ് ബുക്കിനും വാട്ട്‌സ്ആപ്പിനും ഇനി അങ്കിള്‍ സാമിന്റെ സമ്പൂര്‍ണ നിരീക്ഷണം.

3/9/15

രാഹുല്‍ നെഹ്‌റുവാകുമ്പോള്‍


മാധ്യമങ്ങളേയും സ്വന്തം പാര്‍ട്ടിക്കാരേയും അഭ്യൂഹങ്ങളിലേക്ക് തള്ളിവിട്ട് വനവാസത്തിനു പോയിരിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത മാസം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസിനെ വീണ്ടും കോണ്‍ഗ്രസാക്കുമെന്നും വിശ്വസിക്കാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. അതുകൊണ്ടാണ് രാഹുല്‍ പോയ സ്ഥലത്തെ കുറിച്ചുള്ള തമാശകള്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ ചിരി പടരാത്തത്.
ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളുടെ മഹിമയല്ല, മറിച്ച് കാലം തൂത്തെറിയാനിരുന്ന കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിച്ചതെന്ന വസ്തുത പോലെ തന്നെ, രാജ്യത്തെ മഹാവിപത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ പിടിച്ചുകെട്ടാന്‍ ശക്തിയുള്ള ഒരു കോണ്‍ഗ്രസിനെ ഇപ്പോള്‍ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നു എന്നതും ഒരു വസ്തുതയാണ്.
വര്‍ഗീയതയും ഫാസിസവും നടപ്പിലാക്കുന്ന മോഡി സര്‍ക്കാരിനു കടിഞ്ഞാണിടാനും ഇന്ത്യയുടെ അധികാരക്കസേരകളില്‍നിന്ന് താഴെയിറക്കാനും നെഹ്‌റുവിയന്‍ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പോരാട്ടത്തിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസില്‍ ഇപ്പോഴും എഴുന്നേറ്റു നില്‍ക്കുന്ന ചില നേതാക്കള്‍ പറയുന്നു. ആ ഒരു പോരാട്ട നിറവിലേക്ക് വളര്‍ന്നു വികസിച്ച് ഭാവിയിലെ നെഹ്‌റുവായി രാഹുല്‍ ഗാന്ധി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുമുള്ള പ്രതീക്ഷയും അവര്‍ നല്‍കുന്നു.
അധികാരമുണ്ടെങ്കില്‍ മാത്രമേ, സംസാരിക്കാന്‍ പോലും കോണ്‍ഗ്രസിലെ ഖദര്‍ധാരികള്‍ തയാറാവുകയുള്ളൂ എന്നാണ് മോഡി സര്‍ക്കാരിന്റെ ബലത്തില്‍ ഹിന്ദുത്വ സംഘടനകളും നേതാക്കളും ഉയര്‍ത്തിവിട്ട പല വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും രംഗത്തു വരുന്നതിന് അവര്‍ കാണിച്ച വൈമുഖ്യം വെളിപ്പെടുത്തുന്നത്.
സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയും ജനവിരുദ്ധ നയങ്ങളും ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് വഴി തുറക്കുമായിരുന്നിട്ടും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒളിച്ചു കഴിയുകയായിരുന്നു.
കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായും പാവങ്ങള്‍ക്ക് എതിരായും ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഉത്തരവ് കൊണ്ടുവന്നപ്പോള്‍ അതിനെതിരെ അണ്ണാ ഹസാരെയുടെ  നേതൃത്വത്തില്‍ കര്‍ഷകരും ജനങ്ങളും രംഗത്തു വന്ന ശേഷമാണ് കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഉണര്‍ന്നത്.
അധികാരം നഷ്ടമായ കോണ്‍ഗ്രസിനും അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗന്ധിക്കും ചിക്്മാംഗ്ലൂര്‍ വിജയം നല്‍കിയ പുതുജീവന്‍ പോലെ ഓര്‍ഡിനന്‍സ് വിരുദ്ധ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ ഉയര്‍ത്തിന്നെഴുന്നേല്‍പിന് കാരണമാകുമെന്ന് അവിടെ പ്രസംഗിച്ച രണ്ടാംനിര നേതാക്കള്‍ പറഞ്ഞുവെങ്കിലും പാര്‍ട്ടി അധ്യക്ഷ സോണിയയെ അവിടെ കണ്ടിരുന്നില്ല. ഒളി ജീവിതത്തിനു പോയതിനാല്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ ഉണ്ടായിരുന്നുമില്ല.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വിസ്മയിപ്പിച്ച നേതാവായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മോഡിയെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നെഹ്‌റുവിന്റെ യശസ്സ് ഇല്ലാതാക്കി ജനമനസ്സുകളില്‍നിന്ന് അദ്ദേഹത്തെ കുടിയിറക്കി കുഴിച്ചുമൂടാനുള്ള ആസൂത്രിത ശ്രമം കേന്ദ്ര സര്‍ക്കാരും സംഘ്പരിവാര്‍ മേധാവികളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നെഹ്‌റുവിനെ വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം.
വില്‍ക്കുക എന്നു പറയുമ്പോള്‍, ഉദാരീകരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് വിറ്റു തുലക്കാന്‍ ആരംഭിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കൈയൊഴിയലല്ല. വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടാന്‍ നെഹ്‌റു മുന്നോട്ടുവെച്ച മതേതരത്വവും സോഷ്യലിസവും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പരീക്ഷണമാണ്. ഇന്ത്യയുടെ മനസ്സില്‍നിന്ന് മതേതരത്വും സോഷ്യലിസവും ഇല്ലായ്മ ചെയ്യുന്നതിന് തങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടാണ് നെഹ്‌റുവിനെ
പൊതുസ്വത്താക്കാനും ഭാരതീയരെ ചാച്ചാജിയുടെ പേരില്‍ അണിനിരത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയുടെ മതേതര പ്രതീകമായിരുന്ന ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ കാണിച്ച അലംഭാവവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റൊഴിക്കലിനും ഇന്ത്യയുടെ മിശ്ര സമ്പദ്‌വ്യവസ്ഥക്ക് അവസാനത്തെ ആണിയടിച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ മതി കുടുംബ വാഴ്ചക്കപ്പുറം നെഹ്്‌റുവിനെ വിസ്മരിച്ച കോണ്‍ഗ്രസിനെ വിലയിരുത്താന്‍.
സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയുമായ ജവാഹര്‍ലാല്‍ നെഹ്‌റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സന്ദര്‍ശന വിലക്ക് നീക്കാന്‍ അമേരിക്ക പറയുന്നിടത്ത് ഒപ്പിട്ട പ്രധാനമന്ത്രി മോഡിയുമായി നെഹ്‌റുവിനെ താരതമ്യപ്പെടുത്താനാവില്ല. ഹിന്ദുത്വ ശക്തികളെ തൃപ്തിപ്പെടുത്തുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ മോഡിയെ വിവിധ രാജ്യങ്ങള്‍, അമേരിക്ക പോലും വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു. ഈ വിമര്‍ശത്തെ മറികടക്കാന്‍ രാജ്യത്തിന്റെ പരമാധികാരത്തെ അടിയറ വെക്കുക മാത്രമാണ് മോഡിക്കു മുന്നിലുള്ള വഴി.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടാന്‍ നെഹ്‌റുവിയന്‍ രീതിശാസ്ത്രത്തിനു മാത്രമേ സാധിക്കൂ എന്നും നെഹ്‌റുവിനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകണമെന്നും  കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇടതു കക്ഷികളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ജയറാം രമേശ് തൃശൂരില്‍ സി.അച്ചുതമേനോന്‍ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ഇതൊരു ചരിത്ര സന്ധിയാണെന്നും ഈ ഘട്ടത്തില്‍ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കണമെന്നുമാണ് സി.പി.എം എം.പി പി. രാജീവിനേയും സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തേയും സാക്ഷികളാക്കി ജയറാം രമേശ് നടത്തിയ അഭ്യര്‍ഥന.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു മാപ്പു നല്‍കി ഹിന്ദുത്വ ശക്തികളുടെ ഏകാധിപത്യ പ്രവണതക്കെതിരായ പോരാട്ടത്തില്‍ ഒന്നിക്കണമോ എന്നത്  ഇടതു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണെങ്കിലും നെഹ്‌റുവിനെ പൊതുസ്വത്താക്കി ചര്‍ച്ചക്ക് സമര്‍പ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
നെഹ്‌റുവിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ തന്നെ അദ്ദേഹം ഉയര്‍ത്തിപ്പിച്ച ആശയ, ആദര്‍ശങ്ങളില്‍നിന്ന് ഭിന്നമായിരുന്നു കോണ്‍ഗ്രസിന്റെ നയപരിപാടികളെന്ന് ജനങ്ങള്‍ക്ക് വ്യക്തതയോടെ മനസ്സിലാക്കാന്‍ ഈ ചര്‍ച്ച ഉപകരിക്കും.
പ്രധാനമന്ത്രിയെന്ന നിലയിലും ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും നെഹ്‌റു കൈവരിച്ച വിജയം അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ധാരാളം മേഖലകളുണ്ട്.  ഇതില്‍ ഏറ്റവും പ്രധാനമാണ് കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്ന നേതൃപ്രതിസന്ധിയും കുടുംബ വാഴ്ചാ സങ്കല്‍പവും. സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി രാഹുല്‍ അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്താനിരിക്കയാണ്. സോണിയയും രാഹുലും പാര്‍ട്ടിക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു എന്ന ചിന്താഗതിക്ക് തുടക്കം കുറിച്ചത് നെഹ്‌റുവില്‍നിന്നാണ്.
നിങ്ങള്‍ക്ക് ശേഷം പ്രളയമാണ്, മറ്റാരുമില്ല എന്ന് അണികള്‍ പറഞ്ഞപ്പോള്‍ അത് അംഗീകരിച്ചതാണ് 1958 ല്‍ അദ്ദേഹം വിരമിക്കാതിരിക്കാന്‍ കാരണമെന്ന് നിരീക്ഷിക്കുന്ന ചരിത്ര പണ്ഡിത•ാരുണ്ട്. എന്നുവെച്ച് നെഹ്‌റു കുടുംബ വാഴ്ചയെ അംഗീകരിച്ചു എന്നു പറയാന്‍ കഴിയില്ല. രാജവംശം സ്ഥാപിക്കുന്നില്ലെന്നും പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ താന്‍ ആളല്ലെന്നും നെഹ്‌റു തുറന്നുപറഞ്ഞിട്ടുണ്ട്.
പുതിയ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ മഹാത്മാ ഗാന്ധി നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയായിരുന്നു നെഹ്‌റു. നെഹ്‌റുവിനു പുറമെ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സി. രാജഗോപാലാചാരി തുടങ്ങിയവര്‍ക്ക് ഗാന്ധിജി നല്‍കിയ പ്രോത്സാഹനം വിസ്മരിക്കാന്‍ കഴിയില്ല.
ഒരിക്കല്‍ ജവാഹര്‍ലാല്‍ നെഹ്‌റു കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണിനെ മുംബൈയിലെ ഒരു ചടങ്ങില്‍ അടുത്തു കണ്ടപ്പോള്‍ ചോദിച്ചുവത്രേ,  'താങ്കള്‍ എന്താണ് തുടര്‍ച്ചയായി എന്നെ തൊപ്പിയില്ലാതെ വരയ്ക്കുന്നത്?''
കാര്‍ട്ടൂണിസ്റ്റ്  ആ രഹസ്യം പുറത്തു വിട്ടത് ഇങ്ങനെയായിരുന്നു. 'പ്രധാനമന്ത്രി, താങ്കളുടെ സ്വഭാവങ്ങള്‍ക്ക് ആ ഗാന്ധിത്തൊപ്പി തീരെ ഇണങ്ങുന്നില്ല. അതുകൊണ്ടാണ് എന്റെ ചിത്രങ്ങളില്‍ ഞാനത് ഒഴിവാക്കുന്നത്.''
സോവിയറ്റ് ഭരണ വ്യവസ്ഥയേയും സോഷ്യലിസത്തേയും കൊണ്ടുനടന്നിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വഭാവങ്ങള്‍ക്ക് ഗാന്ധിസം തീരെ ഇണങ്ങുന്നില്ലെന്ന് കാര്‍ട്ടൂണിസ്റ്റിന്റെ മറുപടി അംഗീകരിച്ചുകൊണ്ട് നെഹ്‌റു പൊട്ടിച്ചിരിച്ചുവെന്നത് ബാക്കി കഥ.
യുക്തിവാദിയായ നെഹ്‌റുവും ദൈവ വിശ്വാസിയായ ഗാന്ധിയും എങ്ങനെ ഒത്തുപോയെന്ന് ചോദിക്കുന്നവരുണ്ട്. ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്യണമെന്ന നെഹ്‌റുവിന്റെ ഒസ്യത്തിലെ വൈരുധ്യവും ഉയര്‍ത്തിക്കാണിക്കുന്നവരുണ്ട്. ഇന്ത്യയുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിക്കേണ്ട നിര്‍ണായക സന്ദര്‍ഭത്തില്‍ ഇതൊന്നും പ്രസക്തമല്ല. ഇന്ത്യ മതേതര രാജ്യമാണെന്നു മാത്രമല്ല, നാനാത്വത്തില്‍ ഏകത്വം അഥവാ നാനാജാതി മതസ്ഥര്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന നാടെന്ന സവിശേഷത കൂടി നഷ്ടപ്പെടാനിരിക്കുന്നു. ഇന്ത്യയുടെ അതുല്യമായ വിശേഷണങ്ങളില്‍ വിശ്വസിക്കാത്ത ഒരു ഭരണകൂടമാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്് ദിനത്തോടനുബന്ധിച്ച് നല്‍കിയ പരസ്യത്തില്‍ മതേതര സോഷ്യലിസ്റ്റ് രാജ്യമെന്ന വിശേഷണം മനഃപൂര്‍വം ഒഴിവാക്കി. ഈ ആശയങ്ങളോട് പ്രതിബദ്ധതയില്ലാത്തവരുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി മര്‍ദിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടകയും കൂട്ടത്തോടെ ഹന്ദു മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
അധികാരം തിരിച്ചുപിടിക്കുക എന്നതിനപ്പറും ഭരണത്തില്‍ നെഹ്‌റു കാണിച്ച മതേതരത്വവും സാമൂഹിക ജീവിതത്തില്‍ ഗാന്ധിജി കാണിച്ചു തന്ന മതസൗഹാര്‍ദവും വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെങ്കില്‍ അത് കോണ്‍ഗ്രസിനും രാജ്യത്തിനും ഒരുപോലെ ഗുണകരമാകും. അതല്ല, രാഹുലിനെ നെഹ്‌റുവിന്റെ തൊപ്പി അണിയിച്ച് ഇന്ദിരാ ഗാന്ധിയോടും രാജീവിനോടുമുള്ള ഭക്തി ജ്വലിപ്പിച്ച് കുടുംബ വാഴ്ചയെന്ന മഹിമയില്‍ പിടിച്ചുനില്‍ക്കാനാണെങ്കില്‍ മഹാകഷ്ടവും.

Related Posts Plugin for WordPress, Blogger...