1/21/09

ദവാദ്‌മിയും ദോ ആദ്‌മിയും

ചെറുപ്പക്കാരായ രണ്ട്‌ മല്‍ബുകള്‍ കാറില്‍ കയറിയതിനു ജയിലിലായി.
അങ്ങനെ സംഭവിക്കുമോ? കാറില്‍ കയറിയതിനു ജയിലിലാവുകയോ? അവിശ്വസനീയം.
വാര്‍ത്തക്ക്‌ ഇത്രയൊക്കെ മതീട്ടോ. കഥകള്‍ പിന്നീട്‌ മെനയുകയാണ്‌ മാധ്യമങ്ങളുടെ ഇപ്പോഴത്തെ രീതി. കഥകള്‍ നീണ്ടു നീണ്ടുപോയി ഒടുവിലായിരിക്കും വാര്‍ത്തയുടെ ഗുട്ടന്‍സ്‌ വായനക്കാര്‍ക്ക്‌ പിടികിട്ടുക.
ഇതങ്ങനെയല്ലാട്ടോ.
കാറില്‍ കയറി എന്നതല്ലാതെ, മറ്റൊരു കുറ്റവും അവര്‍ ചെയ്‌തിട്ടില്ല.
അങ്ങനെ പറഞ്ഞൂടാ. കാര്‍ ഓടിച്ചിരുന്ന ബംഗാളി അടുത്ത സുഹൃത്താണെന്നുകൂടി പറഞ്ഞു.
പത്ത്‌ മിനുട്ടിന്റെ പരിചയമാണെങ്കിലും ബംഗാളി ഡ്രൈവര്‍ മല്‍ബുകളുടേയും അവര്‍ തിരിച്ചും പേരുകള്‍ ചൊല്ലി പഠിച്ചു. മിയാന്‍ തൂഫൈല്‍ എന്ന ബംഗാളി പേര്‌ പഠിക്കാന്‍ എളുപ്പമായിരുന്നെങ്കിലും മല്‍ബു പേരുകള്‍ മനഃപാഠമാക്കാന്‍ ബംഗാളി കുറച്ചു മെനക്കെട്ടിരുന്നു.
അതങ്ങനെന്യാ. ഈയിടെ ദവാദ്‌മിയിലേക്ക്‌ പോകേണ്ടിയിരുന്ന രണ്ട്‌ ബംഗാളികളെ ടാക്‌സി ഡ്രൈവര്‍ മദീനയില്‍ കൊണ്ടുപോയി.
ബംഗാളികള്‍ ദവാദ്‌മി എന്നുതന്നെയാണ്‌ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും ഡ്രൈവര്‍ കേട്ടത്‌ ദോ ആദ്‌മി എന്നതായിരുന്നു. മദീന എന്നു ഡ്രൈവര്‍ വിളിച്ചികൊണ്ടിരുന്നെങ്കിലും ബംഗാളികള്‍ അതു കേട്ടിരുന്നില്ല. മദീനയിലേക്ക്‌ രണ്ട്‌ പേര്‍ എന്നാണ്‌ ഡ്രൈവര്‍ മനസ്സിലാക്കിയതും.
ബംഗാളികളുടെ ഉര്‍ദു, ഹിന്ദി സംസാരത്തെ കുറിച്ച്‌ കഥകള്‍ ധാരാളമുണ്ടെങ്കിലും ഇവിടെ കാറില്‍ കയറിയവരും ഡ്രൈവറും ഇഖാമയിലുള്ളതുപോലെ തന്നെയാണ്‌ പേരുകള്‍ പഠിച്ചത്‌.
പോലീസ്‌ ചോദിച്ചാല്‍ മൂവരും സുഹൃത്തുക്കളാണെന്നു പറയാന്‍ ശട്ടം കെട്ടുകുയും ചെയ്‌തു.
പ്രതീക്ഷിച്ചതുപോലെ പോലീസ്‌ കൈ നീട്ടി. ഒട്ടും തെറ്റാതെ മല്‍ബുകള്‍ ഡ്രൈവര്‍ തങ്ങളുടെ ഉറ്റ സുഹൃത്താണെന്ന്‌ പോലീസിനെ ധരിപ്പിക്കുകയും ചെയ്‌തു.
ഓ, കള്ള ടാക്‌സിയായിരിക്കും. അത്‌ എല്ലാവരും ചെയ്യുന്നതാ. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന്‌ പറഞ്ഞാണ്‌ അങ്ങനെയുള്ള അവസരങ്ങളില്‍ കള്ള ടാക്‌സിക്കാര്‍ രക്ഷപ്പെടുക. എന്നാല്‍ അതിന്‌ യാത്രക്കാര്‍ എങ്ങന്യാ ജയിലിലാകുന്നേ. അപ്പോള്‍ അത്‌ വാര്‍ത്ത തന്ന്യാ.
ദേ പിന്നേം തോക്കില്‍ കയറി വെടിവെക്കുന്നു. മുഴുവന്‍ കഴിയട്ടെ, എന്നിട്ടാകാം നിഗമനം.
അത്‌ കള്ളക്കാറായിരുന്നില്ല, ശരിക്കും കള്ളുംകാറായിരുന്നു.
സുഹൃത്തുക്കളാണോ എന്ന്‌ പോലീസ്‌ രണ്ടു തവണ മല്‍ബുകളോട്‌ ചോദിച്ചതാ.
പിന്നെ, സംശയമെന്താ? മിയാന്‍ ഞങ്ങളുടെ ഉറ്റ സുഹൃത്താ. അറബിയിലും ഇംഗ്ലീഷിലുമൊക്കെയായി മല്‍ബുകള്‍ പറഞ്ഞൊപ്പിച്ചു.
പിന്നീടാണ്‌ പോലീസ്‌ കാര്‍ പരിശോധിച്ചത്‌. കിട്ടിയതോ, രണ്ടു കുപ്പികള്‍.
വെറും കുപ്പികളല്ല, അതിനകത്ത്‌ ഉഗ്രന്‍ സാധനമുണ്ടായിരുന്നു. അങ്ങനെയാണ്‌ ഒരിക്കലും കുടിക്കുകയോ, കുപ്പികള്‍ കടത്തുകയോ ചെയ്യാത്ത, നിരപരാധികളായ മല്‍ബുകള്‍ ജയിലിലായത്‌.
കഷ്‌ടായിപ്പോയി അല്ലേ.
എത്രയോ ആളുകള്‍ കള്ള ടാക്‌സികളെ ആശ്രയിക്കുന്നു. എത്രയോ മല്‍ബുകള്‍ അതുകൊണ്ട്‌ ഉപജീവനം തേടുന്നു.
ടാക്‌സിക്കൂലിയില്‍ ചില്ലറ ലാഭം നോക്കിയും അവര്‍ക്കൊരു സഹായമായിക്കോട്ടെ എന്നു കരുതിയും കള്ള ടാക്‌സിയില്‍ കയറുന്നവരുണ്ട്‌. ലിമോസിന്‍ തന്നെയാണ്‌ സുരക്ഷിതമെന്ന്‌ അറിയാവുന്നവര്‍ പോലും മല്‍ബുവല്ലേ, കയറിക്കളയാം എന്നു കരുതി ഇത്തരം ടാക്‌സികളെ ആശ്രയിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ലാഭം നോക്കുന്നവര്‍ തന്നെയാണ്‌ കൂടുതലും.
കാര്‍ ഇത്തിരി പഴഞ്ചനാണെങ്കിലും എ.സി ഇല്ലെങ്കിലും അഞ്ച്‌ റിയാല്‍ കുറയുമല്ലോ എന്നതാണ്‌ അവരുടെ നോട്ടം.
അങ്ങനെയൊന്നും അല്ലാട്ടോ...
കള്ള ടാക്‌സിക്കാരില്‍ ലിമോസിനേക്കാള്‍ വാടക വാങ്ങുന്നവരുമുണ്ട്‌. അവരില്‍ ചിലര്‍ ലിമോസിന്‍ കാര്‍ നല്‍കുന്ന ഇളവ്‌ പോലും നല്‍കാറുമില്ല.
വന്നുവന്ന്‌ അവര്‍ നാട്ടിലെ പോലെ യൂനിയനായാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ശരിക്കും.
അതേ ശരിക്കും തന്ന്യാ. നഗരത്തിലെ ചില ആശുപത്രിക്ക്‌ പുറത്ത്‌ കാത്തുനില്‍ക്കുന്ന
മല്‍ബു ടാക്‌സികള്‍ നിരക്ക്‌ ഏകീകരിച്ചിട്ടുണ്ട്‌. അവര്‍ ടേണ്‍ വെച്ചാണ്‌ ആളുകളെ എടുക്കുക. അതു തെറ്റിച്ചാല്‍ നാട്ടിലെ എയര്‍പോര്‍ട്ടിലെ പോലെ കശപിശയും പതിവായിട്ടുണ്ട്‌.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഒരു യാത്രക്കാരനെ എടുക്കാന്‍ വന്ന കാറില്‍, ടാക്‌സി അന്വേഷിക്കുന്നതായി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്ന മറ്റൊരു യാത്രക്കാരനെ കയറ്റിയാല്‍ പിന്നെ രക്ഷ ഉണ്ടാവാറില്ല. ബഹളം കയ്യാങ്കളിയില്‍ വരെ എത്താം.
ഇവിടെ ഏതായാലും അത്രത്തോളം എത്തിയിട്ടില്ല. കാരണം മല്‍ബൂനറിയാലോ, കള്ള ടാക്‌സിയുടെ അതിരും ഗതിയും.

1 comment:

  1. അഷ്‌റ‌ഫിക്കാ നല്ല വിവരണം... മാധ്യമപ്രവർത്തകനായ താങ്കൾ തന്നെ മാധ്യമങ്ങളെ ഇങിനെ കുറ്റം പറയാവൊ?..

    വീന്റും വരാം

    ReplyDelete

Related Posts Plugin for WordPress, Blogger...