Pages

1/17/09

മല്‍ബു ജയിച്ചു, കഷ്‌ടംസ്‌ തോറ്റു

കഷ്‌ടംസുകാര്‍ യാചിക്കാറുണ്ടോ?
അതാരാ കഷ്‌ടംസുകാര്‍?
ഗള്‍ഫുകാരന്‍ പാടുപെട്ട്‌ നിറച്ചുകൊണ്ടു പോകുന്ന പെട്ടിക്കായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്ന കശ്‌മലന്മാര്‍.
ഓ കസ്റ്റംസുകാര്‍.
കേന്ദ്ര സര്‍ക്കാരില്‍നിന്ന്‌ മോശമല്ലാത്ത ശമ്പളം പറ്റുന്നത്‌ പോരാഞ്ഞിട്ട്‌, നാടും കുടുംബവും വിട്ട്‌ മരുഭൂമിയിലെത്തി കഷ്‌ടപ്പെടുന്നവരോട്‌ യാചിക്കുന്ന ഇവരെ കുറിച്ച്‌ കഷ്‌ടം എന്നല്ലാതെ എന്താ പറയാ. ക എന്നല്ല, ദീര്‍ഘം കൂട്ടി കാ എന്നാണ്‌ ശരിക്കും പറയേണ്ടത്‌.
എന്നാല്‍ കേട്ടോളൂ ഒരു കഥ.
കൊണ്ടോട്ടിക്കാരനായ ഒരു മല്‍ബൂനെ തേടി ഈയിടെ ഒരു കസ്റ്റംസ്‌ ഓഫീസര്‍ക്ക്‌ പുരയില്‍ പോകേണ്ടിവന്നു.
അതെന്താ, ഇപ്പോള്‍ റെയ്‌ഡിന്റെ കാലമാണല്ലോ, അല്ലേ.
അതൊന്നും അല്ല, കര്‍മഫലം തന്ന്യാ കാരണം.
ആരുടെ കര്‍മം? കര്‍മം ചെയ്യാന്‍ വിധിക്കപ്പെട്ടവനാണല്ലോ പ്രവാസി മല്‍ബു.
മല്‍ബൂന്റെ കര്‍മമല്ല, ഇത്‌ ഓഫീസറുടെ കര്‍മം തന്ന്യാ.
തോക്കില്‍ കയറി വെടിവെക്കുന്ന സാധാരണ മല്‍ബുവാകാതെ, മുഴുവന്‍ കേള്‍ക്ക്‌.
രണ്ട്‌ ഡസന്‍ ഓട്‌സ്‌ കൊണ്ടുപോയതായിരുന്നു നമ്മുടെ കൊണ്ടോട്ടിക്കാരന്‍ മല്‍ബു. പ്രമേഹ രോഗിയായ ബാപ്പയെ ശുശ്രൂഷിക്കാനുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ ഭക്ഷണമായ ഓട്‌സല്ലതെ മറ്റു സാധനങ്ങളൊന്നും കൊണ്ടുപോയിരുന്നുമില്ല.
കൈയിലുള്ള റിയാല്‍ തന്ന്‌ വേഗം പോയിക്കോളൂ എന്ന കസ്റ്റംസ്‌ പല്ലവി എല്ലാ യാത്രയിലും കേള്‍ക്കാറുണ്ടെങ്കിലും ഇത്തവണ വിചാരണയും കുറിപ്പടി തയാറാക്കലുമൊക്കെ നേരിടേണ്ടിവന്നു.
ഇതെന്തിനാ ഇത്രയും ഓട്‌സ്‌ കൊണ്ടുപോകുന്നത്‌? കച്ചവടമുണ്ടാകും അല്ലേ?
അയ്യോ, ഇതെന്റെ ഭക്ഷണമാ. മറ്റൊന്നും എനിക്ക്‌ കഴിക്കാന്‍ പാടില്ല. മടങ്ങുന്നതുവരെ ഇതുകൊണ്ട്‌ ഒപ്പിക്കണം.
രക്ഷപ്പെടാനായി ബാപ്പയുടെ കാര്യം മാറ്റിവെച്ച്‌ മല്‍ബു ഒന്നു കാച്ചിനോക്കി.
എന്താ അവിടെ ജോലി?
കൂലിപ്പണിയാണേ. ഇവിടെ ഗതി കിട്ടാഞ്ഞിട്ട്‌ പോയതാ. അവിടെ കിട്ടിയതും കൂലിപ്പണി തന്നെ.
ഇംപോര്‍ട്ടിംഗ്‌ ലൈസന്‍സ്‌ ഉണ്ടോ?
അതെന്തിനാ സാറേ...?
ലൈസന്‍സില്ലാതെ ഇത്രയും സാധനം കൊണ്ടുപോകാന്‍ പാടില്ല എന്നറിയില്ലേ?
കസ്റ്റംസ്‌ ഓഫീസര്‍ നീളമുള്ള പേപ്പറെടുത്ത്‌ മല്‍ബൂന്റെ പേരെഴുതി.
അയ്യോ. ഇതാര്‍ക്കും കൊടുക്കാനൊന്നും അല്ല. ക്ക്‌ തന്നെ കഴിക്കാനാ.
എന്നു പറഞ്ഞോണ്ട്‌ ബോര്‍ഡിംഗ്‌ പാസ്‌ കഷ്‌ണത്തിന്റെ മറുഭാഗത്ത്‌ മല്‍ബു കസ്റ്റംസ്‌ ഓഫീസറുടെ പേരും എഴുതി.
സു...
വേണോങ്കില്‍ പാസ്‌പോര്‍ട്ടില്‍ എഴുതിക്കോളൂ സാറേ. ഞാന്‍ തിരിച്ചുവരുമ്പോള്‍ കഴിച്ച ഓട്‌സിന്റെ ടിന്‍ മുഴുവന്‍ കൊണ്ടുവരാം.
സ്വര്‍ണവും ഇലക്‌ട്രോണിക്‌ സാധനങ്ങളുമൊക്കെ കൊണ്ടുപോകുമ്പോള്‍ എഴുതാറുണ്ടല്ലോ അതു പോലെ.
അതൊന്നും പറ്റില്ല. ഫൈനടച്ച്‌ സാധനം കൊണ്ടുപോയിക്കോളൂ.
അപ്പോഴാണ്‌ പേരെഴുതിയെടുത്തത്‌ ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടത്‌.
അതന്തിനാ നീ എന്റെ പേരെഴുതിയത്‌?
അതെന്താ സാറേ. അറിയാന്‍ വേണ്ടി തന്നെയാണല്ലോ ഇത്ര നന്നായി ബാഡ്‌ജില്‍ പേര്‌ എഴുതിവെച്ചിരിക്കുന്നത്‌.
വാദവും മറുവാദവും മുറുകിയപ്പോള്‍ പിന്നില്‍ രണ്ടുമൂന്ന്‌ ഇരകള്‍ കാത്തുനില്‍പുണ്ടായിരുന്നു.
ഒന്നും തടയില്ലെന്ന്‌ തോന്നിയ ഓഫീസര്‍ വെറുതെ വിടാനൊരുങ്ങിയ മല്‍ബു പോകാന്‍ ഒരുക്കമല്ലായിരുന്നു.
അങ്ങനെയങ്ങ്‌ പോകാന്‍ പറ്റില്ല സാറേ.
കേന്ദ്ര സര്‍ക്കാരിന്റെ കടലാസില്‍ അങ്ങ്‌ എന്റെ പേരെഴുതിയത്‌ കാന്‍സല്‍ ചെയ്യാതെ പോകാനൊക്കൂല.
അതൊക്കെ ഞാന്‍ നോക്കിക്കോളും. വേഗം സ്ഥലം കാലിയാക്കിയാട്ടെ.
ഇല്ല സാര്‍. അത്‌ റദ്ദാക്കി കോപ്പി കിട്ടാതെ പോകൂല്ല. നിങ്ങള്‍ അവിടെ എന്തൊക്കെയാണ്‌ എഴുതി ചേര്‍ക്കുകയെന്ന്‌ ആര്‍ക്കാ നിശ്ചയം.
പേടിക്കേണ്ട. അത്‌ ഞാന്‍ കാന്‍സല്‍ ആക്കിക്കൊള്ളാം.
അതെങ്ങന്യാ സാറേ. വെറുമൊരു കൗണ്ടര്‍ ഉദ്യോഗസ്ഥനായ നിങ്ങള്‍ക്ക്‌ അത്‌ കാന്‍സലാക്കാന്‍ പറ്റ്വോ. കലക്‌ടര്‍ തന്നെ കാന്‍സല്‍ ചെയ്‌ത്‌ സീല്‍വെച്ചുള്ള കോപ്പി കിട്ടിയാലേ ഞാന്‍ പോകൂ.
ഓഫീസറുടെ പക്കലുള്ളത്‌ വ്യാജ കടലാസാണെന്ന്‌ ബോധ്യപ്പെട്ട മല്‍ബു വിടാന്‍ ഭാവമില്ല.
ഒന്നു ചോദിച്ചോട്ടെ, അതെങ്ങന്യാ വ്യാജനാണെന്ന്‌ മല്‍ബൂന്‌ ബോധ്യായത്‌.
സീരിയല്‍ നമ്പരൊന്നും ഇല്ലാത്ത വ്യാജ പേപ്പറിലെഴുതിയാണ്‌ കസ്റ്റംസ്‌ ഓഫീസര്‍മാര്‍ ഗള്‍ഫുകാരെ വിരട്ടി സംതിങ്ങ്‌ നേടാറുള്ളതെന്ന്‌ മല്‍ബു പണ്ടെവിടെയോ വായിച്ചിട്ടുണ്ട്‌. പേപ്പറില്‍ നോക്കിയപ്പോള്‍ സീരിയല്‍ നമ്പറില്ല.
ശരി, എന്നിട്ടെന്തുണ്ടായി?
ബഹളം കേട്ട്‌ ഉദ്യോഗസ്ഥനെ സഹായിക്കാനൊരാളെത്തി.
വീട്ടില്‍ പോണ്ടേ, കോംപ്രമൈസ്‌ ആക്കിക്കൂടേ?
ഇല്ല, എനിക്ക്‌ തീരെ തിരക്കില്ല. ഇവിടെ അടുത്താ സാറേ വീട്‌. എത്ര സമയവും കാത്തുനില്‍ക്കാം. കാന്‍സല്‍ ചെയ്‌ത്‌ കലക്‌ടര്‍ ഒപ്പിട്ട കടലാസില്ലാതെ പോകുന്ന പ്രശ്‌നമില്ല.
കഥാനായകന്‍ കടലാസുമെടുത്ത്‌ കലക്‌ടറേയും തേടി പോയി.
രക്ഷയില്ല സാറേ, കലക്‌ടര്‍ കാര്‍ഗോ നോക്കുകയാ. തിരക്ക്‌ ഇപ്പോഴൊന്നും തീരില്ല.
ഇങ്ങോട്ടുള്ള സാറേ വിളി കേട്ടപ്പോള്‍ മല്‍ബൂന്‌ കുളിരുകോരി.
ന്നാല്‌ ഒരു കാര്യം ചെയ്യാം. നിങ്ങളെ ഐഡന്റിറ്റി കാര്‍ഡ്‌ എന്റെ കൈയില്‍ താ. വൈകിട്ട്‌ കാന്‍സല്‍ ചെയ്‌ത ഫോറം തന്നാല്‍ മടക്കിത്തരാം.
അയ്യോ അതൊന്നും പാടില്ല സാറേ. ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ ഇതിന്റെ കോപ്പി തരാം. കാന്‍സല്‍ ചെയ്‌ത കടലാസ്‌ വൈകിട്ട്‌ വീട്ടിലെത്തിച്ചുതരാം.
മല്‍ബു വഴങ്ങി.
അങ്ങനെ വൈകിട്ട്‌ മല്‍ബൂനെ തേടിയെത്തിയ ഓഫീസര്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സങ്കടക്കഥയഴിച്ചു.
25 കൊടുത്താ സാറേ ഇങ്ങോട്ട്‌ മാറിയത്‌. അഞ്ച്‌ വര്‍ഷമേ കിട്ടൂ. അതിനിടയില്‍ എന്തെങ്കിലുമൊക്കെ ഒപ്പിക്കണമെങ്കില്‍ ഇതൊന്നും ഇല്ലാതെ പറ്റില്ല.
25,000 ആണോ 25 ലക്ഷമാണോ കൊടുത്തതെന്നൊന്നും പാവം മല്‍ബു ചോദിക്കാന്‍ പോയില്ല.
അതൊക്കെ വലിയ വലിയ കാര്യമല്ലേ?

2 comments:

  1. ഒരു ഗൾഫൻ ‘കാടൂവയെ പിടിക്കുന്ന കിടുവയായൊ ...?“

    ReplyDelete
  2. 25 കൊടുത്താ സാറേ ഇങ്ങോട്ട്‌ മാറിയത്‌. അഞ്ച്‌ വര്‍ഷമേ കിട്ടൂ. അതിനിടയില്‍ എന്തെങ്കിലുമൊക്കെ ഒപ്പിക്കണമെങ്കില്‍ ഇതൊന്നും ഇല്ലാതെ പറ്റില്ല.
    25,000 ആണോ 25 ലക്ഷമാണോ കൊടുത്തതെന്നൊന്നും പാവം മല്‍ബു ചോദിക്കാന്‍ പോയില്ല.
    അതൊക്കെ വലിയ വലിയ കാര്യമല്ലേ?

    ReplyDelete

Related Posts Plugin for WordPress, Blogger...