1/17/09

ന്റെ ഉംറീ, ഇത്‌ കൊലച്ചതി

മല്‍ബു നിസ്സഹായനാണ്‌. മാത്രമല്ല, നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ നിര്‍ബന്ധിതന്‍ കൂടിയാണ്‌. പരാജയപ്പെട്ടാല്‍ വരാന്‍ പോകുന്നത്‌ വലിയ പേരുദോഷം.
ടെലിഫോണ്‍ കമ്പനിക്ക്‌ നന്ദി പറയാം. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഇക്കുറി ശരിക്കും കുഴങ്ങിയേനേ. നാട്ടുകാരും വീട്ടുകാരുമൊക്കെ എത്തുന്ന വേളയില്‍ മല്‍ബു നേരിടാനിരിക്കുന്ന നിസ്സഹായാവസ്ഥ അറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം ടെലിഫോണ്‍ കമ്പനികളുടെ ബംബര്‍ ഓഫര്‍. ഉറ്റവരായാലും അല്ലെങ്കിലും ഹജിനായി എത്തുന്നവരെ മക്കയില്‍ പോയി കാണുന്നതും അവര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും ജിദ്ദയിലും പരിസരങ്ങളിലുമുള്ള മല്‍ബുകള്‍ കാലങ്ങളായി തുടരുന്ന പതിവാണ്‌.
ക്ഷേമാന്വേഷണത്തിലുപരി, വിശുദ്ധ ഹജിന്റെ പശ്ചാത്തലത്തില്‍ മക്കയിലേക്കുള്ള യാത്രക്ക്‌ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്താല്‍ വന്നു ചേര്‍ന്ന നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താനാണ്‌ ഈ വിളി.
ഹലോ. . . . ഹലോ.. .
ചുമയൊന്നും പിടിച്ചില്ലല്ലോ എന്ന ക്ഷേമാന്വേഷണം നിസ്സഹായവസ്ഥ ബോധ്യപ്പെടുത്തുന്നതിലേക്ക്‌ മാറി.
ഇങ്ങോട്ട്‌ കൊണ്ടുവരണം. സിറ്റിയൊക്കെ കാണിക്കണം. രണ്ട്‌ ദിവസം ഇവിടെ താമസിപ്പിക്കണം. കുറച്ച്‌ സാധനങ്ങള്‍ വാങ്ങിത്തരണം എന്നൊക്കെ കണക്കു കൂട്ടിയതായിരുന്നു. ഇക്കാക്ക കുറച്ച്‌ സ്വര്‍ണം വാങ്ങിത്തരാനും പറഞ്ഞിരുന്നു.
കുട്ടികളാണെങ്കില്‍ ങ്ങളെ കാണാന്‍ കാത്തിരക്കയാ. ന്താ ചെയ്യാ. എല്ലാം അല്‍ക്കുല്‍ത്തായി.
ഇത്തവണ നിയമം ഇങ്ങനെ കര്‍ശനമാക്കുമെന്ന്‌ വിചാരിച്ചതല്ല. കഴിഞ്ഞ വര്‍ഷം മുതലേ നിയമം ഉണ്ടെങ്കിലും ഇത്തവണ ഇതാ വലിയ വലിയ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നു. ഹജിന്‌ അനുമതി പത്രം ലഭിച്ചവര്‍ക്കു മാത്രമേ ഹജ്‌ കര്‍മം കഴിയുന്നതുവരെ മക്കയിലേക്ക്‌ പ്രവേശനമുള്ളൂ.
ചെക്ക്‌ പോസ്റ്റില്‍ മാത്രമല്ല. അവിടെ എത്തിയാലും ചുറ്റും സി.ഐ.ഡികളാ. എപ്പോഴാ പരിശോധിക്കാന്ന്‌ പറയാന്‍ പറ്റൂല.
പിടിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. നേരേ നാട്ടിലേക്കാ.. പലരേയും പിടിച്ചു. കുറച്ചു പേരെ കയറ്റിവിട്ടു. കുറച്ചു പേര്‌ ഇപ്പോഴും ജയിലിലാ.

ങാ പോട്ടെ, സാരമില്ല. ഫോണിന്റെ അങ്ങേ തലക്കല്‍നിന്ന്‌ മല്‍ബൂന്‌ ഇങ്ങോട്ട്‌ ആശ്വസ വാചകം.
പിന്നെ നീ ഇവിടെ വന്നാ കാര്യമുണ്ടായിരുന്നു. ആ അമീറും ഞാനും തെറ്റി.
അയ്യോ ഹജിന്‌ വന്നാല്‍ അങ്ങനെ തെറ്റാനൊന്നും പാടില്ല.
നല്ല കാര്യത്തിനു തന്നെയാ തെറ്റീത്‌.
അതെന്താ.
അയാള്‍ ഞങ്ങള്‌ പെണ്ണുങ്ങളെ പള്ളീ പോകാന്‍ വിടുന്നില്ല.
ഞങ്ങള്‍ റൂമിലെ മൂന്നാല്‌ പെണ്ണുങ്ങള്‍ ഇന്നലെ പള്ളിയിലേക്കിറങ്ങിയപ്പോള്‍ വിലക്കി. ക്ലാസിലിരുന്നാ മതീ. പള്ളീ പോകേണ്ട എന്നാ പറഞ്ഞത്‌.
നിങ്ങള്‍ നാട്ടീന്ന്‌ പള്ളീ പോകാറുണ്ടോന്നും ചോദിച്ചു.
ഞാനും വിട്ടുകൊടുത്തില്ല.
ഇത്രേം പണം ചെലവാക്കി ഇവിടെ വന്നത്‌ റൂമിന്ന്‌ നിസ്‌കരിക്കാനാണോ എന്നു തിരിച്ചുചോദിച്ചു.
ഞങ്ങള്‍ക്ക്‌ ഇവിടെ റൂമീന്ന്‌ നിസ്‌കരിക്കാന്‍ സൗകര്യമൊക്കെ ഒരുക്കിട്ടൂണ്ട്‌. അമീറും മറ്റും പള്ളീ പോയി തിരിച്ചെത്തിയാല്‍ പിന്നെ ക്ലാസും ഹദ്ദാദും തുടങ്ങും.
ദേ ഇവിടെ പതിനായിരക്കണക്കിന്‌ പെണ്ണുങ്ങളല്ലേ ഹറമില്‍ പോയി നിസ്‌കരിക്കുന്നത്‌. ഞങ്ങക്കും വേണ്ടേ ലക്ഷക്കണക്കിനു കൂലി. അതില്ലാതാക്കുന്നത്‌ ശരിയാണോന്ന്‌ ഞാന്‍ അമീറിനോട്‌ ചോദിച്ചപ്പം അങ്ങേര്‌ പറയാ, ആരാ ഇതൊക്കെ പഠിപ്പിച്ചതീന്ന്‌. ഞാന്‍ പറഞ്ഞു. നാട്ടിലെ ഖത്തീബാന്ന്‌. അമീര്‍ എന്നിട്ട്‌ ഖത്തീബിന്റെ ടെലിഫോണ്‍ നമ്പര്‍ വാങ്ങീരിക്കാ.
അതെന്തിനാ?
അങ്ങേരെ പഠിപ്പിക്കാനാരിക്കും. വിളിച്ചോന്നറിയില്ല. വിളിച്ചാല്‍ ഖത്തീബ്‌ നല്ല മറുപടി കൊടുത്തോളും. അയാള്‍ ഇയാളേക്കാളും വലിയ ഉസ്‌താദാ.

ഹറമീന്ന്‌ തന്നെ നിസ്‌കരിക്കണോങ്കില്‍ ങ്ങള്‌ ഇവരുടെ കൂടെ വരണ്ടായിരന്നു. ഹറമില്‍ നിസ്‌കരിക്കാന്‍ വിടാത്തവരാണ്‌ ഇവരെന്ന്‌ അറിയില്ലേ. ഹറമില്‍ ബാങ്ക്‌ വിളിക്കുന്നതിന്‌ തൊട്ടു മുമ്പ്‌ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുന്ന ശബ്‌ദം ഹറമിലുള്ള പെണ്ണുങ്ങള്‍ റൂമിലേക്ക്‌ മടങ്ങാനുള്ള ഊത്താണെന്ന്‌ അവര്‌ പറയാറുണ്ടല്ലോ.. ഇനിയിപ്പോ എന്താ ചെയ്യാ. തവാഫിനാന്നും പറഞ്ഞ്‌ പോയി നിസ്‌കരിച്ചിട്ടു വന്നോ. അവരോട്‌ അധികം തര്‍ക്കിക്കാന്‍ നിക്കണ്ട. ഹജിനു വന്നാല്‍ കലമ്പും കൂട്ടോന്നും പാടില്ല.

അയ്യോ, അമീറിന്റെ കല്‍പന അനുസരിക്കാതിരുന്നാല്‍ പിന്നെങ്ങനാ ഹജ്‌ ശരിയാവുക. അതു മാത്രല്ല, നമ്മള്‍ പോകുന്നതൊക്കെ നോക്കാന്‍ ഗ്രൂപ്പിലെ സഹായികളുണ്ട്‌. ക്ലാസിനും ഹദ്ദാദിനൊന്നും സമയത്ത്‌ ചെന്നില്ലെങ്കില്‍ പിന്നെ പോലീസ്‌ സ്റ്റേഷനിലെ പോലാ. ചോദ്യം ചെയ്യാതെ വിടില്ല. ദാ ഇവിടെ ഒരാളുണ്ട്‌ . മറ്റേ റൂമിലെ താത്താനെ കാണാന്‍ ജിദ്ദേന്ന്‌ വന്നതാ. ഇങ്ങോട്ട്‌ വരാന്‍ ഒരു പ്രശ്‌നോം ഇല്ലെന്നാ അയാള്‌ പറയുന്നത്‌. നിനക്ക്‌ മാത്രാണോ ചെക്കിംഗും തടയലുമൊക്കെ. അയാളിത്‌ അഞ്ചാമത്തെ തവണയാ വന്നത്‌. താത്താക്ക്‌ ജിദ്ദേന്ന്‌ തന്നെയാ എല്ലാ സാധനങ്ങളും കൊണ്ടുകൊടുത്തത്‌.

ശരിക്കുമൊന്ന്‌ }ഞെട്ടിയ മല്‍ബുവിന്റെ നാവിറങ്ങിയപ്പോള്‍ ദാ വീണ്ടും.
ഞാനയാള്‍ക്ക്‌ ഫോണ്‍ കൊടുക്കാം. നീ തന്നെ ചോദിച്ചുനോക്ക്‌.

അല്ല മാഷേ, ഇതെങ്ങനാ ങ്ങള്‌ അവിടെ എത്തീത്‌.

അയിനെന്താ. ങ്ങളൊക്കെ പേടിക്കൊടല�ാരാ. ഞാന്‍ അഞ്ച്‌ തവണ വന്നിട്ടും ഇതുവരെ ഒരാളും ചെക്ക്‌ ചെയ്‌തിട്ടില്ല. പിടിച്ചൂന്നും ജയിലിട്ടൂന്നും നാട്ടിലയച്ചൂന്നും ഒക്കെ പറയുന്നുണ്ട്‌. അതൊക്കെ ലുങ്കി ന്യൂസുകളാ. . . .ശരിക്കും ലുങ്കി.

ങ്ങള്‌ ബോര്‍ഡും പരസ്യങ്ങളൊന്നും കണ്ടിട്ടില്ലേ. നിയമം ഇക്കുറി വളരെ കര്‍ശനമായി നടപ്പാക്കൂന്ന്‌ പല തവണ മുന്നറിയിപ്പ്‌ നല്‍കീട്ടുണ്ട്‌. എത്രയോ പേരെ മടക്കി അയക്കേം ചെയ്‌തു. ദാ ഇന്നലെ ന്റെ ഒരു സുഹൃത്തും കുടുംബവും പോയി ചെക്ക്‌ പോയന്റീന്ന്‌ മടങ്ങീതാ. ങ്ങളെ ഭയങ്കര ധൈര്യം തന്നെയാ.. സമ്മതിച്ചിരിക്കുന്നു.

എന്നെ ഇതുവരെ ആരും ചെക്ക്‌ ചെയ്‌തിട്ടില്ല. ഇനി ചെക്ക്‌ ചെയ്‌താ തന്നെ എനിക്ക്‌ പേടീം ഇല്ല. ഞാന്‍ ഉംറിയാ. നാട്ടീ പോകാന്‍ രാജാവിന്റെ ടിക്കറ്റും കാത്തുനില്‍ക്കുവാ. മൂന്ന്‌ കൊല്ലായി വന്നിട്ട്‌. . എത്ര നോക്കീട്ടും പിടിക്കുന്നില്ല. പോലീസും ജവാസാത്തും എന്നെ മാത്രം ചെക്ക്‌ ചെയ്യൂല.
മല്‍ബുവിന്റെ നാവ്‌ വീണ്ടും ഇറങ്ങി. സ്വബോധം വീണ്ടു കിട്ടിയപ്പോള്‍ പറഞ്ഞുപോയി.
ന്റെ ഉംറീ ഇതെന്തൊരു കൊലച്ചതി.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...