കൊള്ളാം.
മല്‍ബിയുടെ സെലക്‌ഷന്‍ ഇക്കുറി സൂപ്പറായിരിക്കുന്നു.
സാധാരണ മല്‍ബി കുപ്പായം കൊടുത്തയച്ചാല്‍ ഏതെങ്കിലും പാര്‍ട്ടിക്കാരുടെ കൊടി പുതച്ചാലെന്ന പോലെയാണിരിക്കുക. അല്ലെങ്കില്‍ മെക്കെയിന്റെ കുപ്പായം ഒബാമയിട്ടതു പോലെ. അതുമല്ലെങ്കില്‍ മുഖ്യമന്ത്രി വി.എസിന്റെ ജുബ്ബ പിണറായി ധരിച്ചതുപോലെ.
മെക്കെയ്‌നേക്കാളും കൂടെ ഉണ്ടായിരുന്ന പെയ്‌ലിന്‍ സുന്ദരിയേക്കാളും മല്‍ബുവിനെ ആകര്‍ഷിച്ചത് ഒബാമയുടെ ചുറുചുറുക്കായിരുന്നു. വോട്ടുണ്ടായിരുന്നെങ്കില്‍ അത് ഒബാമക്ക് തന്നെയെന്ന് മല്‍ബു മെസ് റൂമില്‍ പ്രഖ്യാപിച്ചപ്പോള്‍ കറുമ്പനെന്ന് പറഞ്ഞ് കളിയാക്കിയവരൊക്കെ ഫലം വന്നപ്പോള്‍ പത്തി താഴ്‌ത്തി. നിറം ഇത്തിരി കറുപ്പായതിനാലും ഒബാമയെ ഇഷ്‌ടപ്പെടുന്നതിനാലും ചിലരൊക്കെ ഇപ്പോഴും ഒബാമയെന്ന് വിളിക്കാറുണ്ട്.
മുടി പറ്റെ വെട്ടിച്ച് ഒബാമയെ പോലെ ചുറുചുറുക്കോടെ നടക്കാന്‍ അരക്കൈ കുപ്പായം തന്നെ കൊടുത്തയക്കാന്‍ മല്‍ബിയോട് പ്രത്യേകം പറഞ്ഞതായിരുന്നു.
ഷര്‍ട്ടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മല്‍ബു കഴിഞ്ഞയാഴ്‌ച വാങ്ങിയ സുഗന്ധ തൈലമെടുത്തു. പുറംകൈയില്‍ തേച്ച ശേഷം മറുകൈയുടെ പുറംഭാഗത്തുമാക്കി ഷര്‍ട്ടിന്റെ ഇരു ഭാഗത്തും പുരട്ടി. പിന്നെ കൈ ഒന്ന് മണത്ത് നോക്കിയ മല്‍ബു ശരിക്കും ഞെട്ടി.
ശ്ശൊ ഇങ്ങനെയൊരു പറ്റു പറ്റിയല്ലോ.. ഒറ്റ മല്‍ബൂനേം വിശ്വസിച്ചൂടാ. . . �
സാധാരണ പെര്‍ഫ്യൂം വാങ്ങുമ്പോള്‍ സ്‌പ്രേ തെരഞ്ഞെടുക്കാറുള്ള മല്‍ബൂനെ തൈലത്തിന്റെ മഹിമ പറഞ്ഞ് ഒരു മല്‍ബുക്കുട്ടി കുപ്പിയിലിറക്കിയതായിരുന്നു.
തൈലം വിരലിലാക്കി മണത്തപ്പോള്‍ അങ്ങനെ പാടില്ലെന്നു പറഞ്ഞു കൊണ്ട് അത് പുറംകൈയിലാക്കിയ ശേഷം കുപ്പായത്തില്‍ പുരട്ടേണ്ട രീതിയും ആ സെയില്‍സ് മാന്‍ തന്നെ പഠിപ്പിച്ചതാണ്.
പത്തോ പതിനഞ്ചോ റിയാല്‍ കൊടുത്തു വാങ്ങാവുന്ന സ്‌പ്രേ ഒഴിവാക്കി തൈലം വാങ്ങാന്‍ ഇരട്ടി റിയാലാണ് കൊടുത്തത്.
അത്തറ് കടയുടെ പോരിശ പറയുമ്പോള്‍ കുട്ടി മല്‍ബുവിന് നൂറു നാവായിരുന്നു.
കഥ മുഴുവന്‍ കേട്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനും കഴിഞ്ഞില്ല. രണ്ടു മല്‍ബുമാര്‍ കഠിനാധ്വാനത്തിലൂടെ സാധിച്ചെടുത്തതാണത്രേ ഈ അത്തര്‍ സാമ്രാജ്യം. എളിയ തുടക്കം. വീട്ടില്‍വെച്ച് ഭാര്യമാര്‍ കുപ്പിയില്‍ നിറച്ചുകൊടുത്തിരുന്ന അത്തര്‍ കൊണ്ടു നടന്ന് വിറ്റിരുന്നവര്‍. അവരുടെ സൗഹൃദവും വിശ്വാസ്യതയും ഇവര്‍ മല്‍ബുകള്‍ തന്നെയോ എന്നു പോലും സംശയിക്കത്തക്ക നിലയിലായിരുന്നു. ഇപ്പോള്‍ കടകള്‍ നിരവധി. നൂറുകണക്കിനു ജോലിക്കാര്‍.
കടയില്‍ മല്‍ബുവാണെങ്കില്‍ ഒറിജിനല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്‌ക്കു ലഭിക്കുമെന്ന ധാരണ തെറ്റാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞ സംഭവം.
ങാ പോട്ടെ, അവരു നന്നാവട്ടെയെന്ന ആത്മഗതത്തോടെ മല്‍ബു ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി ഇസ്‌തിരി ചുളിഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്തി.
പ്രിയപ്പെട്ട സര്‍പ്പീലേക്കുള്ള വാരാന്ത്യ യാത്രയാണ്. പല നഗരങ്ങളിലും ഷറഫിയ ഉണ്ടെങ്കിലും ജിദ്ദയില്‍ ഇത് മല്‍ബൂന്റെ സ്വന്തം `സര്‍പ്പി'യാണ്. ആഴ്‌ചയിലൊരിക്കല്‍ അവിടെ ചെന്നില്ലെങ്കില്‍, അണിഞ്ഞൊരുങ്ങി ഇതാ ഇവിടെ ഒരു ഉരുപ്പടി എന്ന പോലെ നിന്നില്ലെങ്കില്‍, ഷര്‍ട്ടിനെ കുറിച്ചും പാന്റ്‌സിനെ കുറിച്ചും നാലു പേരൊന്ന് കേമം പറഞ്ഞില്ലെങ്കില്‍ അടുത്തയാഴ്‌ച മുഴുവന്‍ മല്‍ബൂന് ദഹനക്കേടാണ്. മല്‍ബൂന് സര്‍പ്പി പോലെ ഫില്‍ബൂനും ബംഗ്ലൂവിനുമൊക്കെ ഈ മഹാ നഗരം തുരുത്തുകളൊരുക്കിയിട്ടുണ്ട്. പ്രവാസ ജീവിതത്തിലെ കയ്‌പുകള്‍ ഇറക്കിവെക്കാന്‍.
സമയം വൈകിയോ എന്നു വാച്ചില്‍ നോക്കി സംശയിച്ചുകൊണ്ട് മല്‍ബു രണ്ട് റിയാല്‍ ബസിനു കൈനീട്ടി. ഷര്‍ട്ടിന്റെ ഇസ്‌തിരി ചുളിയാതിരിക്കാന്‍ ഇരട്ടി ശ്രദ്ധയോടെ ബസില്‍ കയറിയ മല്‍ബു ആദ്യം കണ്ട സീറ്റില്‍ തന്നെ എവിടെയും തട്ടാതെ ഇരുന്നു. ഇനിയും കയറുന്നവര്‍ ശല്യം ചെയ്യാതെ പിറകോട്ടോ മുമ്പോട്ടോ പോകണേ എന്ന പ്രാര്‍ഥനയോടെ.
മുമ്പിലും പിറകിലും ഇരിക്കുന്നതെല്ലാം മല്‍ബുകള്‍ തന്നെയെങ്കിലും പരിചിത മുഖങ്ങളൊന്നുമില്ല. തുറിച്ചു നോക്കിയ ഒരാളെ തിരിച്ചും തുറിച്ചു നോക്കി.
ഡ്രൈവര്‍ ഇടക്കിടെ തിരിഞ്ഞു നോക്കി അറബിയില്‍ പറയുന്നുണ്ട്. ഇത്രയും വര്‍ഷായിട്ടും ബോസ് പോലും തന്നോട് അറബിയില്‍ പറഞ്ഞിട്ടില്ലെന്ന ഗമയിലാണ് മല്‍ബുവിന്റെ ഇരിപ്പ്. ഇടതു വശത്തെ ഒഴിഞ്ഞ സീറ്റില്‍ നീങ്ങിയിരിക്കാനാണ് ഡ്രൈവര്‍ പറയുന്നതെന്ന് മനസ്സിലായിട്ടും തിരിയാതെ പോലെ ഇരുന്നു. എല്ലാ സീറ്റിലും ആളായാല്‍ വേണമെങ്കില്‍ നീങ്ങാമെന്ന് മനസ്സില്‍ കരുതുകയും ചെയ്‌തു.
പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. ബസ് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയ ഡ്രൈവര്‍ പാഞ്ഞെത്തി മല്‍ബുവിന്റെ മുഖത്ത് രണ്ടടി. കുറെ നേരായില്ലേ തന്നോട് നീങ്ങിയിരിക്കാന്‍ പറയുന്നതെന്ന ഗര്‍ജനവും.
മൂന്നാമതും അടിക്കാന്‍ ഉയര്‍ത്തിയ ഡ്രൈവറുടെ കൈ മറ്റേതോ ദേശക്കാരനാണ് പിടിച്ചത്. സര്‍പ്പീലെത്താന്‍ സമയം വൈകിയല്ലോ എന്ന ചിന്തയിലായിരുന്നു ബസിലുണ്ടായിരുന്ന മറ്റു മല്‍ബുകളെല്ലാം.
രണ്ടു റിയാല്‍ ബസിലെ ഡ്രൈവറെയോ റിയാല്‍ വാങ്ങാന്‍ മുന്‍ സീറ്റിലിരിക്കുന്ന സഹായിയെയോ
ഒരിക്കലും പ്രകോപിപ്പിക്കരുതെന്ന് അവര്‍ക്കൊക്കെ അറിയാം.
0 comments:
Post a Comment