2/15/09

രണ്ടു ചാലെങ്കിലും പൂട്ടാതെങ്ങനാ

വയലാര്‍ രവിയേയും ഇ. അഹമ്മദിനേയുമൊക്കെ ശപിച്ചുകൊണ്ടാണ്‌ മല്‍ബു കോഴിക്കോട്‌ നഗരത്തില്‍ ലുങ്കിയും തോര്‍ത്തും പരതി നടന്നത്‌. വലിയ ഹോട്ടലിലാണ്‌ കൊണ്ടുവന്ന്‌ നിറച്ചതെങ്കിലും അതിനു മുമ്പില്‍ തോര്‍ത്തും ലുങ്കിയും വില്‍ക്കുന്ന കടയുടെ അഭാവം അന്ന്‌ ശരിക്കും അനുഭവപ്പെട്ടു.
ഉച്ചക്ക്‌ മുമ്പ്‌ അത്യുത്തര കേരളത്തില്‍നിന്ന്‌ കാറില്‍ കയറി കരിപ്പൂരിലെത്തി അവിടത്തെ കാത്തിരിപ്പിനുശേഷം നഗരത്തിലെ ഹോട്ടലിലെത്തിയ മല്‍ബുവിന്‌ കളസമൊന്നഴിച്ച്‌ കുളിച്ച്‌ വിയര്‍പ്പിന്റെ ഗന്ധമകറ്റാന്‍ വലിയങ്ങാടിയില്‍ പോയി തോര്‍ത്തും ലുങ്കിയും വാങ്ങേണ്ടിവന്നു.
ഓട്ടോക്ക്‌ പോകാമായിരുന്നെങ്കിലും നാളേയും പണ്ടാരം പോയില്ലെങ്കില്‍ ടെലിഫോണില്‍ ആരെയെങ്കിലും ഒന്നു വിളിക്കണ്ടേ എന്നു കരുതി കാശ്‌ പിശുക്കാനായിരുന്നു പത്രാസുള്ള ഗള്‍ഫുകാരനായിട്ടും തോര്‍ത്തിനു വേണ്ടിയുള്ള നടപ്പ്‌.
ആ നടപ്പില്‍ എയര്‍ ഇന്ത്യയെ പ്‌രാകുന്നതോടൊപ്പം മനസ്സില്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നമോര്‍ത്ത്‌ ഉറങ്ങാന്‍ കഴിയാത്ത മന്ത്രിപുംഗവന്മാരും കടന്നുവന്നെങ്കില്‍ മല്‍ബൂനെ എങ്ങനെ കുറ്റം പറയും.
വസ്‌ത്രങ്ങളൊക്കെ ലഗേജില്‍ അയച്ച്‌, രാത്രി എത്തിയ ഉടന്‍ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും വിളമ്പാനുള്ള പത്തിരിയും ഇറച്ചിയും ബ്രീഫ്‌ കെയ്‌സില്‍ നിറച്ച മല്‍ബുവിനെയല്ലോ പറയേണ്ടൂ.
അതൊക്കെ ലോഡ്‌ജില്‍ സഹമുറിയനായി ലഭിച്ചയാള്‍ക്ക്‌ സമ്മാനിച്ചപ്പോള്‍ അയാളില്‍നിന്ന്‌ ഉഗ്രനായിരിക്കുന്നു, ഭക്ഷണ കാര്യത്തില്‍ നിങ്ങള്‍ വടക്കന്മാരെ സമ്മതിക്കണമെന്ന അഭിനന്ദന പ്രവാഹമുണ്ടായപ്പോഴും മല്‍ബുവിന്റെ മനസ്സ്‌ രോഷത്തില്‍ തിളച്ചുമറിയുകയായിരുന്നു.
ദുരനുഭവം.
അതുതന്നെ, ദുരനുഭവം. ഇതൊന്ന്‌ വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞാല്‍, ഞാന്‍ കഴിഞ്ഞ തവണ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്‌തപ്പോള്‍ എനിക്ക്‌ ദുരനുഭവമുണ്ടായി എന്ന്‌ എഴുതാത്ത മല്‍ബുകള്‍ കുറവായിരിക്കും.
ടിക്കറ്റ്‌ കിട്ടാതിരിക്കുക, കിട്ടിയാല്‍ തന്നെ ക്ലാസിന്റെ പേരിലുള്ള ചൂഷണം, എയര്‍പോര്‍ട്ടിലെത്തിയാല്‍ ഓഫ്‌ ലോഡിംഗിന്‌ വിധേയനാവുക, വിമാനം സമയത്തിനു പോകാതെ താമസസ്‌ഥലത്തേക്ക്‌ മടങ്ങേണ്ടി വരിക, ഹോട്ടിലിലാണെങ്കില്‍ അവിടെ മുറിയും കുടിവെള്ളവും കിട്ടാതാവുക തുടങ്ങി ദുരനുഭവങ്ങളുടെ വിശദാംശങ്ങള്‍ പലര്‍ക്കും പലതരത്തിലായിരിക്കും.
താന്‍ തന്നെയായിരിക്കും അടുത്ത തവണയും പ്രവാസികാര്യ മന്ത്രിയെന്ന്‌ പ്രഖ്യാപിച്ച വയലാര്‍ രവിയുടെ തൊലിക്കട്ടിയെ കുറിച്ച്‌ സന്ദേഹിച്ച മല്‍ബുവിന്‌ രവി രാജ്യസഭാംഗമാകുമെന്ന്‌ ഉറപ്പായതോടെ അതല്‍പം മാറി.
വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന കാര്യത്തില്‍ രവിക്ക്‌ മാത്രമല്ല, കോണ്‍ഗ്രസിനാകെ തന്നെ ഒട്ടും സംശയമില്ല.
പക്ഷേ, വീണ്ടും പ്രവാസികാര്യ വകുപ്പ്‌ തന്നെ മതിയെന്നു തീരുമാനിക്കാന്‍ രവിക്കെങ്ങനെ തോന്നിയെന്ന്‌ ആലോചിച്ചുകൊണ്ട്‌ ഒരു ട്രാവല്‍സില്‍ ഇരിക്കെയാണ്‌ മല്‍ബുവിനെ തേടി മേനിക്കടലാസില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള മഹാരാജാവിന്റെ ക്ഷണം.
ങ്ങള്‌ അങ്ങനെ ക്ഷണിക്കാറൊക്കെ ഉണ്ടോ?
ന്നാല്‌ സൗദി വരട്ടെ, എന്നിട്ടുവേണം എയര്‍ ഇന്ത്യ യിലൊന്ന്‌ യാത്ര ചെയ്യാന്‍.
മല്‍ബു പറഞ്ഞപ്പോള്‍
പിണറായി വിജയനേയും മന്ത്രി സുധാകരനേയും പോലെ ക്ഷുഭിതനായില്ലെങ്കിലും അതൊന്നും എയറിന്ത്യയെ ബാധിക്കില്ലെന്നായിരുന്നു മഹാരാജായുടെ മറുമൊഴി.
അപ്പോള്‍ മല്‍ബൂനൊരു സംശയം-
പടച്ചോനെ, സൗദി വരൂല്ലേ?
അവസാനം കരിപ്പൂരില്‍ മാഫിയ ഇറങ്ങുമോ?
കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിച്ചോണ്ട്‌ ഉണ്ടായിരുന്ന ഒരു വിമാനത്തെ തകര്‍ക്കാന്‍ കണ്‍ട്രോള്‍ ടവറില്‍ മാഫിയ ഇറങ്ങിയതായി കേട്ടിട്ടുണ്ട്‌.
കിഴക്കും പടിഞ്ഞാറും സൗദിയുമൊക്കെയായാലും സമയമാണ്‌ പ്രധാനം. കൃത്യത. ഷെഡ്യൂള്‍ ചെയ്‌ത സമയത്ത്‌ വിമാനം ഉയരുമെന്നും ഇറങ്ങുമെന്നുമുള്ള പ്രതീക്ഷ.
സമയത്തിന്‌ ഇറങ്ങാന്‍ സമ്മതിക്കാതിരുന്നാല്‍ പിന്നെ ആ വിമാനത്തില്‍ ആരെങ്കിലും കയറുമോ?
മാഫിയ കളിച്ചാലും കാര്‍മേഘം കളിച്ചാലും പത്തു തവണ ആകാശത്ത്‌ കറക്കിയാല്‍ വിശ്വാസ്യത നഷ്‌ടപ്പെടുത്താന്‍ ആരെങ്കിലും മുതിരുമോ?
വല്ലാഹി, കഥീര്‍ മുശ്‌കില... ഹിന്ദി കഥീര്‍ മുശ്‌കില...
അത്ര കേട്ടാല്‍ മതി ഇപ്പോള്‍ ജിദ്ദയില്‍ മല്‍ബുകളില്‍ മൊട്ടിട്ട പ്രതീക്ഷകള്‍ അസ്‌തമിക്കാന്‍.
സൗദി എയര്‍ലൈന്‍സിന്റെ വരവ്‌ സാധ്യമായാല്‍ പ്രവാസികളുടെ ഭാഗത്തുനിന്നുള്ള അലമ്പ്‌ കുറച്ച്‌ കുറയുമല്ലോ എന്നുകരുതി വീണ്ടും പ്രവാസികാര്യ വകുപ്പ്‌ മതിയെന്ന്‌ തീരുമാനിക്കാന്‍ വയലാര്‍ രവിയേയും വിദേശകാര്യം മതിയെന്ന്‌ തീരുമാനിക്കാന്‍ ഇ. അഹമ്മദിനേയും (തീരുമാനിച്ചെന്ന്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല) പ്രേരിപ്പിച്ചെങ്കിലും
ഏറനാട്ടുകാരന്‍ മല്‍ബു പറഞ്ഞതുതന്നെ ശരി. സൗദിക്ക്‌ ബുക്കിംഗൊക്കെ നടക്കട്ടെ, രണ്ടുചാല്‌ പൂട്ടാതെങ്ങനാ... കാത്തിരിക്കാം.

3 comments:

  1. മല്‍ബു മരിച്ചില്ലേ? ആടി തിമിര്‍ക്ക് മോനേ

    ReplyDelete
  2. സൗദിക്ക്‌ ബുക്കിംഗൊക്കെ നടക്കട്ടെ, രണ്ടുചാല്‌ പൂട്ടാതെങ്ങനാ... കാത്തിരിക്കാം.

    ReplyDelete

Related Posts Plugin for WordPress, Blogger...