6/14/09

ആളും വേണ്ട, കാറും വേണ്ട

മല്‍ബുഗൃഹം മരിച്ച വീടു പോലെയായി.
ഇടിത്തീ പോലെ ആയിരുന്നു ആ ഫോണ്‍ കോള്‍.
കൂട്ടാന്‍ ആളും വേണ്ട, കാറും വേണ്ട എന്നു മല്‍ബു പറഞ്ഞപ്പോള്‍ ഉമ്മക്കു മാത്രമല്ല, പ്രവാസത്തിന്റെ നോവും ദുരന്തവും അനുഭവിച്ചു തീര്‍ത്ത ഉപ്പ മൊയ്‌തീന്‍ കുഞ്ഞിക്കും അതു സഹിക്കാനായില്ല.
എന്താ ഓന്‌ പറ്റീത്‌. കോലായിലിരുന്നു മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട്‌ ഇരുവരും പരസ്‌പരം ചോദിച്ചു.
കല്യാണം കഴിഞ്ഞ ശേഷം മല്‍ബൂന്റെ ആദ്യത്തെ വരവാ ഇത്‌. ഇതുവരെയുള്ള എല്ലാ പോക്കുവരവുകളിലും ഉപ്പയും ഉമ്മയും മാത്രമല്ല, കുടുംബക്കാരുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നു.
അവനെ യാത്രയാക്കാനും സ്വീകരിക്കാനും രണ്ട്‌ ജിപ്പ്‌ ആളുകളാ പോകാറുള്ളത്‌.
അതിരാവിലേയും സന്ധ്യക്കും കരിപ്പൂര്‍ വിമാനത്താവളത്തില്‍ രൂപപ്പെടാറുള്ള മഹാ സമ്മേളനത്തിലെ കണ്ണികള്‍. മോന്‍ വരുന്നൂന്ന്‌ അറിഞ്ഞാല്‍ തലേ രാത്രി ആരും ഉറങ്ങാറില്ല. കാഞ്ഞങ്ങാട്ടുനിന്ന്‌ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി മോന്‍ ഇറങ്ങിവരുന്നത്‌ നോക്കിക്കാണുന്നതിന്‌ ഒത്ത സ്ഥലത്തുനില്‍ക്കാന്‍ പുലര്‍ച്ചെ രണ്ട്‌ മണിക്കെങ്കിലും പുറപ്പെടണം.
പിന്നെ എയര്‍പോര്‍ട്ട്‌ യാതക്കായി വൈവകിട്ട്‌ തന്നെ എത്തുന്ന കുഞ്ഞുകുട്ടിമക്കള്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കണം. അര്‍ധ കല്യാണ വീടുപോലെയാകുന്ന തറവാട്ടില്‍ പിന്നെ എങ്ങനെ ഉറങ്ങും.
അങ്ങനെ മല്‍ബൂന്റെ വരവും പോക്കും ഒരു ആഘോഷമായി കൊണ്ടാടിയിരുന്ന വീട്ടിലാണ്‌ ഇപ്പോള്‍ അതിനൊക്കെ അറുതിയാവുന്നത്‌.
മരിച്ച വീടു പോലെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അവന്റെ ജോലിക്ക്‌ വല്ലതും സംഭവിച്ചു കാണുമോ? എയര്‍പോര്‍ട്ടില്‍നിന്ന്‌ ബസിലും ട്രെയിനിലും കയറി വീടണയാനുള്ള തീരുമാനം പിശുക്ക്‌ കൊണ്ടാവാനേ തരമില്ല. കാരണം അവന്‍ ആനപ്പുറത്ത്‌ കയറി ഭാര്യവീട്ടിലേക്ക്‌ പോയ മൊയ്‌തീന്‍ കുഞ്ഞിയുടെ മോനാ. ഉപ്പയുടെ ആത്മഗതം ഇത്തിരി ഒച്ചത്തിലായിപ്പോയി.
എന്നാ പിന്നെ ഇത്‌ ഓളെ പണി തന്ന്യാ. ആ മൂസീബത്ത്‌ വന്നു ചേര്‍ന്നതില്‍ പിന്നെ ന്റെ മോന്‍ ഒരു പാട്‌ മാറിപ്പോയി.
കൊടുത്തയക്കുന്ന സാധനങ്ങളും കുറഞ്ഞു, ഫോണ്‍ വിളിയും കറഞ്ഞു. മയോണൈസും ഓട്‌സും കിട്ടീട്ട്‌ നാളെത്രയായി.
മല്‍ബൂമ്മയുടെ മനസ്സിലേക്ക്‌ മല്‍ബൂന്റെ ഓള്‌ മുസീബത്തായി അലിഞ്ഞു ചേര്‍ന്നു.
അല്ല ശൈഖേ, ഓന്‌ ഇക്കുറി ഓളെ വീട്ടിലേക്ക്‌ നേരിട്ട്‌ വരാനായിരിക്കും പരിപാടി അല്ലേ.
മല്‍ബൂമ്മ മൊയ്‌തീന്‍ കുഞ്ഞിയോട്‌ ചോദിച്ചു.
മരുഭൂമിയില്‍ പണിയെടുക്കുമ്പോള്‍ ആളുകള്‍ വിളിച്ചിരുന്ന പേരാണ്‌ ശൈഖ്‌. അതു തന്നെ പിന്നെ വീട്ടിലെ വിളിപ്പേരുമായി.
ഒരറബിയോട്‌ ആദ്യമായി പേരു പറഞ്ഞപ്പോള്‍ കേട്ട മറുപടിയായിരുന്നു അത്‌. യാ ശൈഖ്‌�
ങ്ങളെന്താ ഒന്നും പറയാത്തത്‌. ഫോണ്‍ ചെയ്‌തപ്പോള്‍ ഓനോട്‌ നേരിട്ട്‌ ചോദിച്ചൂടായിരുന്നു. നീ വീട്ടിലേക്കാണോ വരുന്നതെന്ന്‌.
മല്‍ബൂന്‌ രണ്ട്‌ വീടുണ്ട്‌. ഒന്ന്‌ സ്വന്തം വീട്‌, അതു പുര, രണ്ടാമത്തേത്‌ ഭാര്യ വീട്‌. അത്‌ വീട്‌.
ഉത്തര കേരളത്തിലെ സായാഹ്നങ്ങള്‍ ഗള്‍ഫ്‌ അത്തറുകളുടെ സുഗന്ധത്തിലലിയാറുള്ളത്‌ പുരകളില്‍നിന്ന്‌ പുതിയപ്പിളമാര്‍ വീടുകളിലേക്ക്‌ ഇറങ്ങുമ്പോഴാണ്‌. ബസും കാറും ഓട്ടോകളുമൊക്കെ ഈ സുഗന്ധം ഏറ്റുവാങ്ങും.
അങ്ങനെ എത്രയെത്ര പുതിയാപ്പിള ബസുകളും ഓട്ടോകളും സായാഹ്നങ്ങളില്‍ ശ്ലീലമല്ലാത്ത മാപ്പിളപ്പാട്ടകളും കേള്‍പ്പിച്ചുകൊണ്ട്‌ തലങ്ങും വിലങ്ങും പോകുന്നു.
അതെങ്ങനാ കദീസു ഓനോട്‌ ചോദിക്കാ. ജോലി നഷ്‌ടപ്പെട്ടിട്ടാണോ പിടിത്തം കൊടുത്തിട്ടാണോ എങ്ങനാ വരുന്നതെന്ന്‌ അറിയാതെ ഓനോട്‌ എങ്ങനാ ചോദിക്കുക.-ശൈഖ്‌ പറഞ്ഞു.
അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇതെന്തോ കാര്യമായ സാധനങ്ങള്‍ ഓള്‍ക്ക്‌ കൊണ്ടുവരാന്‍ തന്നെയാ. ഇവിടെ കൊണ്ടുവരണ്ടാന്ന്‌ ഓള്‍ ഉപദേശിച്ചിട്ടുണ്ടാകും. ആ മുസീബത്ത്‌.
എ.സി കൊടുത്തയച്ച്‌ നമ്മളാരെങ്കിലും അറിഞ്ഞിരുന്നാ. നമ്മക്കൊന്നും വേണ്ടെ. ഓനും ഓളും സുഖിക്കട്ട.
മല്‍ബൂമ്മയുടെ സങ്കടം മെല്ലെ മെല്ലെ മെല്ലെ രോഷത്തിനു വഴിമാറി.
നീ ഏതായാലും ഓന്‍ വരുന്നത്‌ ആരോടും പറയണ്ട. കൂട്ടാന്‍ കാറുമായി ആളുകള്‍ പോകേണ്ട എന്നു പറയുന്നത്‌ വലിയ നാണക്കേടാ. ആളുകള്‍ നമ്മളെ അളന്നു കളയും.- ശൈഖ്‌ മല്‍ബൂമ്മയെ ഉപദേശിച്ചു.
ങാ ഞാനാരോടും പറയാന്‍ പോകുന്നില്ല. ന്നാലും അതൊന്ന്‌ അറിയണമല്ലോ?
അതൊക്കെ അറിയാന്നെ. അവനിങ്ങോട്ട്‌ വരട്ടെ.

1 comment:

  1. അങ്ങനെ മല്‍ബൂന്റെ വരവും പോക്കും ഒരു ആഘോഷമായി കൊണ്ടാടിയിരുന്ന വീട്ടിലാണ്‌ ഇപ്പോള്‍ അതിനൊക്കെ അറുതിയാവുന്നത്‌.
    മരിച്ച വീടു പോലെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.

    ReplyDelete

Related Posts Plugin for WordPress, Blogger...