9/26/07

ഗാസയിലെ കുഞ്ഞുങ്ങള്‍എം. അഷ്‌റഫ്‌
നാല്‌ മാസം മാത്രം പ്രായമായ മുല കുടിക്കുന്ന കുഞ്ഞിനെ കണ്‍മുമ്പില്‍ വെച്ച്‌ കൊലപ്പെടുത്തിയ ശേഷം മുനീറ അമൃ എന്ന ഫലസ്തീനി സ്ത്രീയെ കൊലപ്പെടുത്തിയത്‌ ഒരു സെപ്റ്റംബറിലായിരുന്നു.
'കരുണയില്ലാതെ' എന്ന മുദ്രവാക്യം സ്വീകരിച്ചുകൊണ്ട്‌ ഇസ്രായില്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ നടപ്പിലാക്കിയ കൂട്ടനരമേധത്തിലെ കരളലിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്‌. ലബനോന്‍കാരായ ക്രിസ്ത്യന്‍ മിലീഷ്യയെ കൂട്ടുപിടിച്ചുകൊണ്ട്‌ അക്ഷരാര്‍ഥത്തില്‍ തന്നെ ഒട്ടും കരുണയില്ലാതെ ഇസ്രായില്‍ സൈന്യം നടപ്പിലാക്കിയ ശബ്‌റാ?-ശത്തീലാ കൂട്ടക്കൊല 25 വര്‍ഷം പിന്നിടുമ്പോള്‍ ഫലസ്തീനി പ്രദേശമായ ഗാസയില്‍ നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും കൂട്ടക്കൊലയുടെ വക്കിലാണ്‌.
1982 സെപ്റ്റംബര്‍ 15 ന്‌ ലബനോനിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പുകളിലാണ്‌ 3500 പേരെങ്കിലും കൊല്ലപ്പെട്ട നരമേധമെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രദേശത്ത്‌ അവരെ പട്ടിണിക്കിട്ട്‌ കൊല്ലുവാനാണ്‌ അമേരിക്കയുടെ ഒത്താശയോടെ ഇസ്രായില്‍ ആസൂത്രണം ചെയ്ത പദ്ധതി. ശത്രു കേന്ദ്രമെന്ന്‌ ഇസ്രായില്‍ പ്രഖ്യാപിച്ച ഗാസയിലെ ബാങ്കുകളുമായുള്ള വ്യാപാര ബന്ധം വിഛേദിക്കുകയാണെന്ന്‌ ഇസ്രായിലിലെ ഏറവും വലിയ കൊമേഴ്സ്യല്‍ ബാങ്കായ ഹാപോഅലിമും കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഗാസാ ചീന്തിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാന്‍ ബാങ്കുകളുടെ തീരുമാനവും കാരണമാകും.
പടിഞ്ഞാറന്‍ പിന്തുണയുള്ള പ്രസിഡണ്റ്റ്‌ മഹ്മൂദ്‌ അബ്ബാസിണ്റ്റെ ഹമാസ്‌ നിയന്ത്രണത്തിലുള്ള ഗാസ ചീന്തിലെ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കുന്നത്‌ ഇസ്രായിലി കറന്‍സിയിലാണ്‌. ഒരാഴ്ച മുമ്പാണ്‌ ഗാസയെ ശത്രു കേന്ദ്രമായി ഇസ്രായില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. സാമ്പത്തിക ഉപരോധത്തിലായിരുന്ന പ്രദേശത്തേക്കുള്ള വൈദ്യുതി, ഇന്ധന വിതരണം പേരിനു മാത്രമാക്കാനായിരുന്നു ഈ പ്രഖ്യാപനം. ഫലസ്തീനി പോരാളികള്‍ നടത്തിയ റോക്കറ്റാക്രമണത്തിനുളള തിരിച്ചടിയായാണ്‌ 15 ലക്ഷത്തോളം പേരെ പാഠം പഠിപ്പിക്കാനുള്ള ഇസ്രായില്‍ നടപടി. ശത്രു കേന്ദ്രമെന്ന്‌ പ്രഖ്യാപിച്ചതിനാല്‍ അവിടേക്ക്‌ അവശ്യ സേവനങ്ങള്‍ എത്തിക്കണമെന്ന അന്താരാഷ്ട്ര നിബന്ധന ബാധകമല്ലെന്നാണ്‌ ജൂത രാഷ്ട്രത്തിണ്റ്റെ വാദം. യു.എന്‍ ഉദ്യോഗസ്ഥര്‍ ഈ വാദത്തെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം അമേരിക്ക മാത്രമാണ്‌ അംഗീകരിക്കപ്പെടേണ്ട അന്താരാഷ്ട്ര സമൂഹം. മ്യാന്‍മറില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കരുതെന്ന്‌ അവിടത്തെ സൈനിക ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തുന്ന അമേരിക്കക്കും സഖ്യ രാജ്യങ്ങള്‍ക്കും ഫലസ്തീന്‍ ഒരു അന്താരാഷ്ട്ര പ്രശ്നം പോലുമല്ലാതായിട്ടുണ്ട്‌. ആവശ്യമായ ഭക്ഷണമോ മരുന്നോ കിട്ടാതെ ദുരിതക്കടലിലായ ഗാസ ജനതക്ക്‌ അവശേഷിച്ചിരുന്ന വൈദ്യുതിയും ഇന്ധനവും കൂടി നല്‍കാതെ ഞെരുക്കാന്‍ കണ്ടെത്തിയ തന്ത്രമായിരുന്നു അധിനിവേശ പ്രദേശത്തെ ശത്രു കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം. സൈന്യത്തെ പിന്‍വലിച്ചുവെങ്കിലും കരയും കടലും അതിര്‍ത്തിയും ഇസ്രായില്‍ നിയന്ത്രണത്തിലുള ഗാസ ഇപ്പോഴും അധിനിവേശ പ്രദേശം തന്നെയാണ്‌. ഇറക്കുമതി, കയറ്റുമതി നിയന്ത്രണവും ഗാസ ജനതയെ ശിക്ഷിക്കുന്നതിന്‌ ഇസ്രായില്‍ കൈക്കൊണ്ട ഇതര നയങ്ങളും മൂലം ഗാസയിലെ 70 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയോ വേതനം കിട്ടാതാവുകയോ ചെയ്തുവെന്നാണ്‌ യു.എന്‍ കണക്ക്‌. 80 ശതമാനം ജനങ്ങളും ദാരിദ്യ്രക്കയത്തിലാണ്‌. യു.എന്നോ ഇതര അന്താരാഷ്ട്ര ഏജന്‍സികളോ വിതരണം ചെയ്യുന്ന ഭക്ഷണ പൊതികളെ മാത്രം ആശ്രയിച്ചാണ്‌ ൮൦ ശതമാനം ജനങ്ങളും കഴിഞ്ഞുപോകുന്നത്‌. ഇതുകൂടിയില്ലെങ്കില്‍ ഗാസ പട്ടിണി മരണങ്ങള്‍ക്ക്്‌ വേദിയാകുമായിരുന്നുവെന്ന്‌ ലോക ഭക്ഷ്യ പരിപാടിയുടെ ക്രിസ്റ്റി കാംപെല്‍ അടിവരയിടുന്നു. മാംസത്തിണ്റ്റെ വില താങ്ങാനാവാത്ത ഗാസയില്‍ പഴവും പച്ചക്കറിയും കിട്ടാനേയില്ല. കുട്ടികള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം പോലും നല്‍കാനാവാതെ രക്ഷിതാക്കള്‍ പരക്കം പായുന്നു. സ്കൂളുകളിലെത്തുന്ന കുട്ടികള്‍ തളര്‍ന്നുവീഴുകയാണെന്ന്‌ യു.എന്‍ റിലീഫ്‌ ആണ്റ്റ്‌ വര്‍ക്ക്‌ ഏജന്‍സിയുടെ ഗാസ ഡയറക്ടര്‍ ജോണ്‍ ഗിംഗ്‌ വെളിപ്പെടുത്തുന്നു. ഇസ്രായിലി പട്ടണമായ സെറോത്തിലേക്ക്‌ നാടന്‍ ബോംബുകളും റോക്കറ്റുമയച്ചവരെ ഫലസ്തീന്‍ ജനത തന്നെ ശിക്ഷിക്കാന്‍ വേണ്ടിയാണത്രേ ഇസ്രായിലിണ്റ്റെ പട്ടിണിക്കിടല്‍ തന്ത്രം. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ ൧൫ ലക്ഷത്തോളം വരുന്ന ജനങ്ങളെ മൊത്തം ശിക്ഷിക്കാനുള്ള ജൂത രാഷ്ട്രത്തിണ്റ്റെ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമായിട്ടും സമ്മര്‍ദമുയരുന്നില്ല എന്നത്‌ അന്താരാഷ്ട്ര സമൂഹത്തിണ്റ്റെ ഇരട്ടത്താപ്പിന്‌ ഒന്നാന്തരം ഉദാഹരണമാണ്‌. നാല്‌ ദശകത്തിലേറെയായി സൈനിക അധിനിവേശം തുടരുന്ന ഇസ്രായിലിണ്റ്റെ ബാധ്യതയാണ്‌ ഗാസയിലെ ജനങ്ങള്‍ക്ക്്‌ അവശ്യ സാധനങ്ങളും സേവനങ്ങളും എത്തിക്കുക എന്നത്‌. ജനീവ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമായിട്ടു പോലും ഇസ്രായിലിനു മേല്‍ സമ്മര്‍ദമുയിരുന്നില്ല. യു. എന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങളും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകളും വിസ്മരിക്കാന്‍ അമേരിക്കയുടെ കൂട്ട്‌ ധൈര്യം പകരുന്ന ജൂത രാഷ്ട്രത്തിണ്റ്റെ കിരാത കൃത്യങ്ങള്‍ക്ക്‌ മുന്നില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ ദീനരോദനത്തിന്‌ എന്തു വില? കഴിഞ്ഞ ദിവസം അമേരിക്കയിലെ കൊളംബിയന്‍ യൂനിവേഴ്സിറ്റിയിലേക്ക്്‌ ക്ഷണിച്ച്‌ അതിണ്റ്റെ പ്രസിഡണ്റ്റ്‌ ലീ ബൊളിംഗര്‍ തന്നെ അവഹേളിച്ചപ്പോള്‍ സംയമനം കൈവിടാതെ ഇറാന്‍ പ്രസിഡണ്റ്റ്‌ മഹ്മൂദ്‌ അഹ്മദി നെജാദ്‌ ചോദിച്ചത്‌ ഫലസ്തീന്‍ പ്രശ്നം അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമായെങ്കിലും സമ്മതിക്കുമോ എന്നാണ്‌. നിങ്ങളും നിങ്ങളുടെ ഗവണ്‍മെണ്റ്റും ഇസ്രായില്‍ രാഷ്ട്രത്തിണ്റ്റെ തകര്‍ച്ചയാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്‌ പരിപാടിയുടെ മോഡറേറ്ററും യൂനിവേഴ്സിറ്റി ഡീനുമായ ജോണ്‍ കോട്സ്‌ വര്‍ത്ത്‌, യെസ്‌ ഓര്‍ നോ മറുപടി ആവശ്യപ്പെട്ടപ്പോള്‍ നെജാദ്‌ അതിനെ തന്‍മയത്വത്തോടെ നേരിട്ടത്‌ ൭൦ ശതമാനത്തിലേറെ നെജാദി വിരുദ്ധരായിരുന്നിട്ടും കാമ്പസ്‌ വേദിയുടെ കൈയടി നേടി. എല്ലാ വിഭാഗം ജനങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും ജൂതന്‍മാര്‍ സുഹൃത്തുക്കളാണെന്നും നിരവധി ജൂതന്‍മാര്‍ സമാധാനത്തോടെ ഇറാനില്‍ കഴിയുന്നുണ്ടെന്നും മറുപടി നല്‍കിയപ്പോഴാണ്‌ കോട്സ്‌വര്‍ത്ത്‌ യെസ്‌ ഓര്‍ നോ മറുപടിക്ക്‌ ശഠിച്ചത്‌. ചോദ്യം ഉന്നയിച്ച ശേഷം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം തന്നെ വേണമെന്ന്‌ ശഠിക്കാമോ എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഫലസ്തീന്‍ പ്രശ്നത്തില്‍ തിരിച്ച്‌ യെസ്‌ ഓര്‍ നോ മറുപടി ആവശ്യപ്പെട്ടത്‌. ൬൦ ലക്ഷം ജൂതന്‍മാരെ നാസികള്‍ കൂട്ടക്കൊല ചെയ്തുവെന്ന ആരോപണത്തിനു വസ്തുതകളുടെ പിന്‍ബലമില്ലെന്ന്‌ ആവര്‍ത്തിച്ച നെജാദ്‌ അങ്ങനെ സമ്മതിച്ചാല്‍ തന്നെ ഫലസ്തീനികള്‍ അതിനെന്തിനു വില നല്‍കണമെന്ന ചോദ്യവും ഉന്നയിച്ചു.

3 comments:

 1. ഈ സംഭവ വികാസങളോട്, സൌദി അറേബ്യ പോലെയുള്ള, അമേരിക്കന്‍ സഖ്യകക്ഷികള്‍ തന്നെയായ, ഗള്‍ഫ് മേഖലയിലെ സമ്പന്ന രാജ്യങള്‍ എങിനെ പ്രതികരിക്കുന്നൂ എന്നു കൂടി എഴുതാമായിരുന്നു. അതില്‍ ഏതെങ്കിലും രാജ്യം ഗാസയിലെ ദുരിതഭാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടോ?

  ReplyDelete
 2. വാചകമടിയേയുള്ളൂ.
  ഒന്നും ആരും കൊടുക്കുന്നില്ല.
  കുറേമുമ്പ്‌ ഒരു സമ്പന്ന രാഷ്ട്രം കുറച്ച്‌ ഈത്തപ്പഴം അയച്ചിരുന്നു.
  അതും ഇസ്രായില്‍ പിടിച്ചെടുത്തു. അഷ്‌റഫ്‌

  ReplyDelete
 3. dear mr.ashar,
  your feelings to the suffering is noted; as long as the palestinians are not ready to come back to their own identity as prescribed in the holy scripture, the devilish jews will make their life more miserable.
  Congratulations for your postings.
  regards
  ashraf unneen

  ReplyDelete

Related Posts Plugin for WordPress, Blogger...