Pages

10/13/08

കൈവിട്ടു പോയ പത്ത്‌ ലക്ഷംഎയര്‍ ഹോസ്റ്റസിനോട്‌ ചോദിച്ച്‌ വാങ്ങിയ പഞ്ഞി ഇരു ചെവികളിലും തിരുകിയ മല്‍ബു ചിന്തയുടെ അഗാധതകളിലേക്ക്‌ ഊര്‍ന്നിറങ്ങി. പൊണ്ണത്തടിയും പ്രായവും കാരണം എയര്‍ ഇന്ത്യ അടുത്തൊന്നും പുറത്താക്കിനിടയില്ലാത്ത എയര്‍ഹോസ്റ്റസിനോട്‌ മൂന്ന്‌ തവണ ആവശ്യപ്പെട്ടതിനുശേഷമാണ്‌ പഞ്ഞി സ്വന്തമാക്കിയത്‌. ഇനിയില്ലെന്നു പറഞ്ഞു കൊണ്ട്‌ കൈമലര്‍ത്തി അടുത്ത സീറ്റിലിരുന്നവരെയൊക്കെ അവര്‍ നിരാശരാക്കുകയും ചെയ്‌തു. ബജറ്റ്‌ എയര്‍ലൈനല്ലാത്തതിനാല്‍ പഞ്ഞി വില കൊടുത്തുവാങ്ങാനാവില്ലല്ലോയെന്ന്‌ അവരൊക്കെ സമാധാനിച്ചിട്ടുണ്ടാകും.
മല്‍ബുവിന്റെ ചിന്ത പറന്നു പറന്നു പോകുന്നത്‌ മരണത്തിലേക്കാണ്‌. വിമാനത്തിലിരുന്നുകൊണ്ട്‌ അശുഭ ചിന്ത പാടില്ലെന്ന്‌ മനസ്സിനെ ആവര്‍ത്തിച്ച്‌ പഠിപ്പിച്ചിട്ടും ചെന്നു ചേരുന്നത്‌ മരണത്തില്‍ തന്നെ. പിന്നെ അത്‌ ജീവിതത്തിലെ കൂട്ടിക്കിഴിക്കലിലേക്ക്‌ തിരിച്ചെത്തും.
ജീവസന്ധാരണത്തിനുള്ള ഈ പോക്കില്‍ മരണം ഇങ്ങനെ അതിക്രമിച്ചു കടന്നുവരാന്‍ പാടില്ലല്ലോ? മനസ്സിനെ അവിടെനിന്ന്‌ പിടിച്ചു വലിച്ചപ്പോള്‍ പിന്നെ അതു പോകുന്നത്‌ ലക്ഷങ്ങളുടെ നോട്ടുകെട്ടിലേക്കാണ്‌. പത്ത്‌ ലക്ഷം രൂപ ഒറ്റയടിക്ക്‌ വരാനിരിക്കയാണ്‌. 20 വര്‍ഷമായി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്നുണ്ടെങ്കിലും പത്ത്‌ ലക്ഷം രൂപ ഒരുമിച്ചു കാണാന്‍ ഇതുവരെ സാഹചര്യമൊത്തിട്ടില്ല. അതിനു ശ്രമിച്ചില്ലെന്നുവേണം പറയാന്‍. പണം ഇങ്ങനെ സ്വരൂപിച്ചയക്കാന്‍ ഒരു എന്‍.ആര്‍.ഇ അക്കൗണ്ട്‌ പോലും തുറന്നിട്ടില്ല. ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കാനുള്ള മടി കൊണ്ട്‌ പണമയക്കാന്‍ എപ്പോഴും ആശ്രയിക്കാറുള്ളത്‌ ഉണ്ടി എന്ന്‌ ഓമാനപ്പേരിട്ട്‌ വിളിക്കുന്ന ഹുണ്ടി എന്ന ഹവാലയെയാണ്‌. ശമ്പളം കിട്ടുന്നതിനു മുമ്പ്‌ തന്നെ നാട്ടില്‍ ഉയര്‍ന്നുവരുന്ന പലമാതിരി ആവശ്യങ്ങള്‍ക്കായി റൂമിനും മെസ്സിനും കഴിച്ചുള്ള ബാക്കി തുകയങ്ങ്‌ അയച്ചുകൊടുക്കാറാണ്‌ പതിവ്‌. കുറച്ചൊക്കെ നീ അവിടെ സൂക്ഷിച്ചുവെക്കണമെന്ന്‌ ശ്രീമതിയോട്‌ പറയാറുണ്ടെങ്കിലും ചെലവ്‌ കഴിഞ്ഞിട്ടുവേണ്ടേ മിച്ചം വെക്കാനെന്ന മറുപടിയാണ്‌ അവള്‍ നല്‍കാറുള്ളത്‌. ടെലിഫോണിനും കറണ്ടിനും ഗ്യാസിനും തന്നെ ഇപ്പോഴെത്ര വേണമെന്ന കണക്കും പറഞ്ഞു തരും.
പത്ത്‌ ലക്ഷം രൂപ കിട്ടിയാല്‍ ഒരു പത്ത്‌ പവന്‍ ആഭരണമെങ്കിലും അവള്‍ക്ക്‌ വാങ്ങിക്കൊടുക്കണം. ഇത്തവണയും താന്‍ നാട്ടില്‍ ചെന്നപ്പോള്‍ അയല്‍ക്കാര്‍ അവളെയിട്ട്‌ കളിയാക്കിയത്രെ. പത്തിരുപത്‌ കൊല്ലമായി കെട്ടിയോന്‍ ഗള്‍ഫിലുണ്ടായിട്ടും കല്യാണത്തിനും സല്‍ക്കാരത്തിനു പോകാന്‍ അയല്‍ക്കാരി ആച്ചുമ്മയുടെ ആഭരണങ്ങളെ ആശ്രയിക്കണമെന്നതു നാണക്കേട്‌ തന്നെ. നീ കാര്യായി പറയാത്തുതുകൊണ്ടല്ലേ ഒന്നും കൊണ്ടു തരാത്തത്‌ എന്ന്‌ അവളെ അയല്‍ക്കാരിലൊരാള്‍ പഠിപ്പിച്ചു വിടുകയും ചെയ്‌തിരിക്കുന്നു. നാണക്കേട്‌ തന്നെയെന്ന്‌ സമ്മതിച്ചുകൊടുത്തപ്പോഴാണ്‌ അവള്‍ക്കും അല്‍പം സമാധാനമായത്‌. ഇനിയെങ്കിലും ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന അവളുടെ ഉപദേശത്തിനു തലയാട്ടുകയും ചെയ്‌തു.
സ്വര്‍ണവില കുത്തനെ കുതിച്ചുയരുന്നുവെന്ന്‌ പത്രങ്ങളിലും ടെലിവിഷനുകളിലും കാണുമ്പോള്‍ പലപ്പോഴും കുറ്റബോധം പിടികൂടാറുണ്ട്‌. പണ്ടേ ഇത്തിരി ആഭരണം അവള്‍ക്ക്‌ വാങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ നല്ല വില കിട്ടിയേനെ എന്ന ചിന്ത ഇല്ലാതാക്കാന്‍ താന്‍ സമ്പാദ്യം തായ്‌ലന്റ്‌ ലോട്ടറി കളിച്ച്‌ കളഞ്ഞതൊന്നുമല്ലല്ലോ എന്നാണ്‌ ആശ്വസിക്കാറുള്ളത്‌.
നീ ഒരു നൂറു റിയാലെങ്കിലും മാസം ബാക്കി വെക്കണമെന്ന്‌ കൂടെ താമസിക്കുന്ന സുഹൃത്ത്‌ പറയാറുണ്ടെങ്കിലും വീട്ടുകാരിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങള്‍ കുന്നുകൂടുമ്പോള്‍ അതൊന്നും ഓര്‍ക്കാറേയില്ല.
ഇരുപത്‌ കൊല്ലത്തെ ഗള്‍ഫ്‌ ജീവിതത്തിനിടെ പത്ത്‌ മാസം മാത്രമാണ്‌ നാട്ടില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞത്‌. രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന ഒരു മാസത്തെ അവധി കണ്ണുചിമ്മി തുറക്കുംമമ്പേ പറന്നു പോകുമായിരുന്നു.
പത്ത്‌ ലക്ഷത്തില്‍ ഒരു ലക്ഷം കൊണ്ട്‌ ഒരു നാനോ കാര്‍ കൂടി വാങ്ങണം. എന്നിട്ട്‌ അവളെയും കുട്ടികളേയും കയറ്റി ഇത്തവണ ബസ്‌ കത്തുനില്‍ക്കുമ്പോള്‍ കളിയാക്കിയ കുഞ്ഞോന്റെ മുന്നിലൂടെ പോകണം. ഒരു റെന്റേ കാറെങ്കിലും വാങ്ങിയാല്‍ ഈ നില്‍പ്‌ ഇങ്ങനെ നില്‍ക്കണോ എന്ന്‌ അവന്‍ ചോദിച്ചപ്പോള്‍ എന്നെക്കാളും ചൂളിയത്‌ അവളായിരുന്നു.
ഓരോ പദ്ധതികളും പ്ലാനുമായി അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കയാണ്‌ നോട്ടുകെട്ടുമായി അവന്‍ മുട്ടി വിളിച്ചത്‌. കണ്ണ്‌ തുറന്ന്‌, തുറിച്ച്‌ നോക്കിയിട്ടും അവന്റെ കൈയില്‍ നോട്ടുകെട്ട്‌ കാണുന്നില്ല.
നല്ല ഉറക്കായിരുന്നു അല്ലേ.. അടുത്തിരുന്ന യാത്രക്കാരന്‍ ഹൈദ്രോസിന്റെ ചോദ്യം.
കാലാവസ്ഥ മോശമായതിനാല്‍ വിമാനം അരമണിക്കൂര്‍ വൈകിയേ ലാന്റ്‌ ചെയ്യുകയുള്ളൂ..ഇനിയും വേണമെങ്കില്‍ ഉറങ്ങാം. ഹൈദ്രോസ്‌ പറഞ്ഞു.
അല്ല, ഞാനിങ്ങനെ ഓരോന്നാലോചിച്ച്‌ മയങ്ങിപ്പോയതാ. പിന്നെ നിങ്ങള്‍ എത്രയുടേതാ എടുത്തത്‌ അഞ്ച്‌ ലക്ഷത്തിന്റേതോ പത്ത്‌ ലക്ഷത്തിന്റേതോ?
ഒന്നും പിടികിട്ടാതെ ഹൈദ്രോസ്‌ മിഴിച്ചു നോക്കി. അല്ല, വിമാനത്തില്‍ കയറുമ്പോള്‍ എടുത്ത ഇന്‍ഷൂറന്‍സിന്റെ തുകയാ ഞാന്‍ ചോദിച്ചത്‌.
നിങ്ങള്‍ എടുത്തോ? ഹൈദ്രോസ്‌ തിരിച്ചുചോദിച്ചു.
ഏതായാലും എടുക്കകുയല്ലേ, 180 രൂപ കൊടുത്ത്‌ ഞാന്‍ പത്ത്‌ ലക്ഷത്തിന്റേതു തന്നെയങ്ങെടുത്തു.
നിങ്ങളൊരു മരപ്പൊട്ടന്‍ തന്നെ. വിമാനവും യാത്രക്കാരെയുമൊക്കെ മൊത്തം എയര്‍ ഇന്ത്യ ഇന്‍ഷുറന്‍സ്‌ ചെയ്‌തിരിക്കയല്ലേ.
പിന്നെ നിങ്ങള്‍ വേറെ തന്നെ ഇന്‍ഷുര്‍ ചെയ്യേണ്ടുതണ്ടോ?
ഹൈദ്രോസിന്റെ ചോദ്യത്തോടൊപ്പം തന്നെ വിമാനം ലാന്റ്‌ ചെയ്യുകയാണെന്ന അനൗണ്‍സുമെന്റുമെത്തി.

5 comments:

 1. ഇരുപത്‌ കൊല്ലത്തെ ഗള്‍ഫ്‌ ജീവിതത്തിനിടെ പത്ത്‌ മാസം മാത്രമാണ്‌ നാട്ടില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞത്‌. രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന ഒരു മാസത്തെ അവധി കണ്ണുചിമ്മി തുറക്കുംമമ്പേ പറന്നു പോകുമായിരുന്നു.

  ReplyDelete
 2. ചിന്തകള്‍ തലയില്‍ വരുമ്പോഴേക്കും കാലം അതിന്റെ വഴിക്ക്‌ പാഞ്ഞുപോയിരിക്കും.. പോയ കാലത്തെ പിറകോട്ട്‌ വലിക്കാനും കഴിയില്ലല്ലോ.. സമ്പാദ്യശീലമില്ലയ്മ എന്ന് കുറ്റപ്പെടുത്താന്‍ കഴിയും ..എല്ലാം കഴിഞ്ഞ്‌ ബാക്കിവെക്കാന്‍ എന്തെങ്കിലും വേണ്ടേ.. കുറച്ച്‌ രോഗമല്ലാതെ.. ഈ പ്രവാസ യാത്ര അറ്റമില്ലാതെ തുടരുക തന്നെ..

  ReplyDelete
 3. അവിചാരിതം....
  പ്രവാസിയെന്ന പ്രയാസിയുടെ ഒടുങ്ങാത്ത സ്വപ്നങ്ങൾ.
  ഈ വേദനകളിൽ നിന്ന് എന്നാണിനി ഒരു മോചനം?
  നന്നായിരിക്കുന്നു മാഷേ..

  ReplyDelete
 4. അല്ല കാഞ്ഞു പോയാലല്ലേ പത്ത് ലക്ഷം കിട്ടുകയുള്ളൂ ? പിന്നെയെങ്ങനാ കാറൊക്കെ മേടിക്കുന്നത് ?

  ReplyDelete

Related Posts Plugin for WordPress, Blogger...