1/19/11

കണ്ണൂര്‍ എയര്‍പോര്‍ട്ട്: ഓഹരിക്ക് അപേക്ഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

അഞ്ച് വര്‍ഷത്തേക്ക് ഓഹരി വില്‍ക്കാനോ 
പണമാക്കി മാറ്റാനോ പറ്റില്ല  

ഉടനെ ലാഭം പ്രതീക്ഷിക്കാത്തവരും ദീര്‍ഘകാല നിക്ഷേപത്തിനു തയാറുള്ളവരുമായ പ്രവാസികള്‍ക്ക് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ക്ക് അപേക്ഷിക്കാം. ചുരുങ്ങിയത് 2001 ഓഹരിയെടുത്ത് 2,00,100 രൂപ നിക്ഷേപിക്കാന്‍ തയാറുള്ളവര്‍ക്കാണ് ഈ അവസരം. ഇതിന്റെ 25 ശതമാനം ഉടന്‍ നല്‍കുകയും വേണം. ബാക്കി തുക ഓഹരി അനുവദിച്ച ശേഷം നല്‍കിയാല്‍ മതി. ഓഹരിയൊന്നിന് 100 രൂപയാണ് വില.  
അഞ്ച് വര്‍ഷത്തേക്ക് ഓഹരി വില്‍ക്കാനോ കമ്പനിക്കു തന്നെ നല്‍കി പണമാക്കി മാറ്റാനോ പറ്റില്ല. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ പരിഗണനാര്‍ഹമാണെങ്കിലും ഉടനെയൊന്നും ലാഭവിഹിതം കിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതിയായതിനാല്‍ ക്രമേണ മാത്രമേ ലാഭം പ്രതീക്ഷിക്കാനാവൂ.
എന്നാല്‍ അഞ്ച് വര്‍ഷത്തിനു ശേഷം ഓഹരി കൈമാറ്റത്തിലൂടെ ലാഭം നേടാം. അപ്പോഴേക്കും ഓഹരിയുടെ വില ഇരട്ടിയെങ്കിലുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലെ ഏഴു വര്‍ഷം കൊണ്ടെങ്കിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് ലാഭത്തിലാകമെന്നു തന്നെയാണ് കണക്കാക്കുന്നത്. പ്രവാസികള്‍ ഉപയോഗിക്കുന്നതിനു പുറമെ, മലബാറിലെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഈ നിഗമനം.
ഇപ്പോള്‍ മിനിമം ഓഹരി എടുക്കുക എന്നതാണ് വിദഗ്ധരുടെ നിര്‍ദേശം. ഏഴു വര്‍ഷത്തിനു ശേഷമേ, കമ്പനിക്ക് കൂടുതല്‍ ഓഹരികള്‍ വിപണയിലിറക്കാന്‍ കഴിയൂ. ഇപ്പോള്‍ ഓഹരി എടുക്കുന്നവര്‍ക്ക് ആ സമയത്ത്് പുതിയ ഷെയറുകള്‍ വാങ്ങുന്നതിന് പ്രത്യേക അവകാശം ലഭിക്കും. ഏഴു വര്‍ഷത്തെ പ്രവര്‍ത്തനത്തോടെ എയര്‍പോര്‍ട്ടിന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ ചിത്രം ഉരുത്തിരിയുമെന്നിരിക്കേ അപ്പോള്‍ കൂടുതല്‍ ഓഹരിയെടുക്കുന്നതാണ് ഉചിതം. ഇപ്പോള്‍ ചുരുങ്ങിയ ഓഹരിയുള്ളവര്‍ക്കും ആ സമയം ഓഹരി വാങ്ങാന്‍ അവകാശമുണ്ടായിരിക്കും.
അഞ്ച് വര്‍ഷത്തേക്ക് വലിയൊരു തുക കെട്ടിക്കിടക്കുമെന്ന കാര്യം കൂടി പരിഗണിച്ചു വേണം ഉടന്‍ തന്നെ ലാഭത്തിനു സാധ്യതയുള്ള മാര്‍ഗങ്ങള്‍ തുറന്നു കിടക്കുന്നവര്‍ തീരുമാനമെടുക്കാന്‍. കൂടുതല്‍ ഓഹരിക്ക് അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ തുക മാറ്റിവെക്കേണ്ടി വരും. 
ഈ മാസം 31 വരെയാണ് ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള സമയം. മിനിമം നിബന്ധനയായ 2001 ഓഹരികള്‍ക്കു ശേഷം ഒരാള്‍ക്ക് എത്ര ഓഹരിക്ക് വേണമെങ്കിലും അപേക്ഷിക്കാം. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ ഓഹരി ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കെ.ഐ.എ.എല്‍) ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ചായിരിക്കും കൂടുതല്‍ ഓഹരി അനവദിക്കുക. ജനുവരി 31 നു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
രണ്ടു ലക്ഷം രൂപ തനിച്ചു നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ചേര്‍ത്ത് ഒറ്റ അപേക്ഷയില്‍ മിനിമം ഷെയറിനു അപേക്ഷിക്കാം. അപേക്ഷയിലുള്‍പ്പെടുത്തിയ എല്ലാവരുടേയും പേരില്‍ ഓഹരികള്‍ അനുവദിക്കുമെന്ന് ഫെഡറല്‍ ബാങ്ക് പയ്യന്നൂര്‍ ബ്രാഞ്ച് ചീഫ് മാനേജര്‍ എ. അലിയാര്‍ റാവുത്തര്‍ പറഞ്ഞു.
പൊതു ഓഹരിയോ ഐ.പി.ഒയോ അല്ലാത്തതിനാല്‍ ഓഹരികള്‍ക്ക് അപേക്ഷിക്കാന്‍ പ്രത്യേക അപേക്ഷാ ഫോറമില്ല. അതുകൊണ്ട് വെള്ളക്കടലാസില്‍ അപേക്ഷിച്ചാല്‍ മതി. പേര്, ഇന്ത്യയിലേയും വിദേശത്തേയും വിലാസം, പാസ്‌പോര്‍ട്ട് നമ്പര്‍, ടെലിഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ആവശ്യമായ ഓഹരികളുടെ വിവരം, ഡിമാന്‍് ഡ്രാഫ്റ്റിന്റെ വിവരങ്ങള്‍ (തുക, ബാങ്ക്, ബ്രാഞ്ച് ) എന്നിവയാണ് അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടത്.
വിവിധ ബാങ്കുകള്‍ ഡ്രാഫ്റ്റ് എടുക്കുന്നതിനും അയക്കുന്നതിനും പ്രവാസികളെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് സൗകര്യം ഉറപ്പുവരുത്തി ഡ്രാഫ്റ്റിനുള്ള അപേക്ഷയും മറ്റു രേഖകളും ബാങ്കില്‍ എത്തിച്ചാല്‍ അവര്‍ ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കും. നാട്ടില്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയും അപേക്ഷയും ഡ്രാഫ്റ്റും യഥാസമയം എത്തിക്കാവുന്നതാണ്.

5 comments:

Related Posts Plugin for WordPress, Blogger...