Pages

4/30/11

രാജ്യം തോറ്റു; ജനം ജയിച്ചു

രാജ്യം തോല്‍ക്കുമ്പോള്‍ പൗരന്‍ ദുഃഖിക്കും. എന്നാല്‍ ജനീവയില്‍ ഇന്ത്യന്‍ നിലപാടിനേറ്റ പരാജയം മണ്ണിനേയും മനുഷ്യനേയും സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റേയും വിജയമായി. ഈ വൈരുധ്യത്തിനിടയാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല.
രാജ്യം തോറ്റു; ജനം ജയിച്ചു

വികൃതമായ ശരീരഘടനയും ബുദ്ധിമാന്ദ്യവുമുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെയും ഇന്ത്യക്കു പുറത്തും പ്രചരിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ എന്ന മാരക ജീവനാശിനിക്കെതിരെ ജനമനഃസാക്ഷി ഉണര്‍ത്തിയ സന്നദ്ധ സംഘടനകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇന്നലെ ജനീവയില്‍നിന്ന് ലഭിച്ചത്. എന്‍ഡോള്‍ഫാനെതിരെ കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികളെയും സംഘടനകളെയും അണിനിരത്തുന്നതിലും കാസര്‍കോടിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രക്ഷോഭത്തെ മാറ്റുന്നതിലും  ഈ സന്നദ്ധ സംഘടനകളും അവര്‍ക്ക് സാധ്യമാകുന്ന എല്ലാ പിന്തുണയും നല്‍കിയ സാംസ്കാരിക പ്രവര്‍ത്തകരും വഹിച്ച പങ്ക് ചെറുതല്ല.
തൊഴില്‍ നഷ്ടപ്പെടുത്തുന്ന വികസന വിരോധികളെന്ന് ആക്ഷേപിക്കപ്പെട്ടപ്പോഴും പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ക്രൂരമായ അധിനിവേശത്തിന്റെ ഉദാഹരണങ്ങളുമായി അവര്‍ സമരരംഗത്തു ഉറച്ചുനിന്നു. പ്രക്ഷോഭത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിലും ശ്രദ്ധിച്ചുകൊണ്ടാണ് ഈ സമരം മുന്നോട്ടു പോയിരുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ കഷ്ടപ്പാടിലും ദുരിതത്തിലുമായ ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്‌നേഹികള്‍ അകമഴിഞ്ഞു സഹായിച്ചു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കേരളം ഒറ്റക്കെട്ടായി ഏറ്റെടുത്തപ്പോള്‍ അവസാന ഘട്ടത്തില്‍ അത് കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നേറുന്ന കോര്‍പറേറ്റ് ലോബിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി പരിണമിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ പ്രതിനിധീകരിക്കുന്ന കോര്‍പറേറ്റ് ലോബിയെ പിണക്കിക്കൊണ്ടുള്ള തീരുമാനമെടുപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സമ്മര്‍ദത്തിനു പോലും സാധിച്ചില്ല.
കക്ഷി രാഷ്ട്രീയത്തിനതീതമായ യോജിച്ച പോരാട്ടത്തിന്റെ പുതിയ മുഖമാണ് എന്‍ഡോസള്‍ഫാന്‍ സമരം കേരളത്തിനു സമ്മാനിച്ചത്. രാഷ്ട്രീയവല്‍ക്കരണത്തിനുള്ള ശ്രമം നടന്നിട്ടു പോലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഈ സമരത്തോടൊപ്പംനിന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകളെ ദേശീയ തലസ്ഥാനത്ത് എത്തിച്ച് മനുഷ്യാവകാശ കമ്മീഷന്റെ മുമ്പില്‍ ഹാജരാക്കിയതിന്റെ തുടര്‍ച്ചയായി കമ്മീഷന്‍ അധ്യക്ഷന്‍ കാസര്‍കോട് സന്ദര്‍ശിച്ച് മാരക കീടനാശിനി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മാറിയില്ല. കടുംപിടിത്തം തുടര്‍ന്ന കേന്ദ്ര സര്‍ക്കാരിനു പകരം കേരളത്തില്‍നിന്നു പോയ നിരീക്ഷകരാണ് ജനീവയില്‍ ശ്രദ്ധാകേന്ദ്രമായത്.
മണ്ണിനെയും മനുഷ്യനെയും ആവാസ വ്യവസ്ഥയെയും കൊടിയ ദുരന്തങ്ങളിലേക്കു തള്ളിവിടുന്ന ഈ
രാസവസ്തുവിന്റെ നിരോധം പഠനങ്ങളുടെ പേരു പറഞ്ഞാണ്  കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയത്. നിരോധം നടപ്പാക്കുന്നതിനുള്ള ഇളവു നേടിയെടുത്തിരിക്കേ കേന്ദ്ര നിലപാടിനെതിരായ സമരം അവസാനിപ്പിക്കാറായിട്ടില്ല. 
കാസര്‍കോട്, പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ കശുവണ്ടിത്തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍, രണ്ടാം ലോകമഹായുദ്ധ വേളയില്‍ വിയറ്റ്‌നാമില്‍ പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന വിഷലായനിയുടെ അതേ ധര്‍മം തന്നെയാണ് നിര്‍വഹിക്കുന്നതെന്നു കണ്ടെത്താന്‍ ഇനിയുമൊരു പഠനത്തിന്റെ ആവശ്യമില്ല. അമിതാദായവും വിളവര്‍ധനയും ലക്ഷ്യമിട്ട് കശുവണ്ടിത്തോട്ടങ്ങളില്‍ തളിക്കുന്ന ജീവനാശിനി കാസര്‍കോട്ട് വിതച്ച ദുരന്തം സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കുന്നതിനു കാത്തുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും കൃഷി മന്ത്രി പവാറും. പരിധികളില്ലാത്ത മനുഷ്യന്റെ ലാഭമോഹത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ജീവനാശിനി.
ഇരുപത് വര്‍ഷമായി സര്‍ക്കാരിന്റെ അനുമതിയോടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്ന
കാസര്‍കോട് ജില്ലയില്‍ നൂറുകണക്കിനാളുകള്‍ക്കാണ് മാരക കീടനാശിനി വരുത്തിയ രോഗങ്ങള്‍മൂലം ജീവന്‍ നഷ്ടപ്പെട്ടത്.  അത്യുത്തര ജില്ലയില്‍  9000 ത്തിലേറെ എന്‍ഡോസള്‍ഫാന്‍ ഇരകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ നാലയിരത്തോളം പേര്‍ കിടപ്പിലാണ്. കസാര്‍കോടന്‍ ദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്നതില്‍ പത്രങ്ങളും ടെലിവിഷനും നല്‍കിയ സംഭാവനകളും അവിസ്മരണീയമാണ്.
നിരന്തര ശ്രമങ്ങളുടെ ഫലമായി എന്‍ഡോള്‍ഫാന്‍ രാജ്യാന്തര തലത്തില്‍ തന്നെ നിരോധിക്കപ്പെട്ടിരിക്കേ അതില്‍ ആഹ്ലാദിക്കാന്‍ പാകത്തിലൊന്നുമല്ല കാസര്‍കോട്ടെ ദുരന്ത ബാധിത പ്രദേശങ്ങള്‍.
വികൃതമായ ശരീരഘടനയുള്ള കുട്ടികളും ബുദ്ധിമാന്ദ്യം ബാധിച്ച യുവാക്കളും ശാരീരിക ശേഷികള്‍ ക്ഷയിച്ച വൃദ്ധരും പുഴുക്കളെ പോലെ ഇഴഞ്ഞു ജീവിക്കുന്ന  ഈ പ്രദേശത്തിനു നെടുവീര്‍പ്പിടാന്‍ പോലും ശേഷിയില്ല. ലാഭക്കൊതിയുടെ ജീവിക്കുന്ന ബലിയാടുകളെയാണ് നമുക്കിവിടെ കാണുക. ടെലിവിഷനുകളില്‍ സംപ്രേഷണം ചെയ്ത അവരുടെ ദൃശ്യങ്ങള്‍ കേരളത്തെ കരയിച്ചു. സമീപകാലത്തൊന്നുമില്ലാത്ത ഒരുമയാണ്  അതു സംസ്ഥാനത്തിനു സമ്മാനിച്ചത്.
ലാഭക്കൊതി കാരണം രാജ്യം ഭരിക്കുന്നവര്‍ ഏതറ്റംവരെയും പോകുമെന്ന പാഠമാണ് മനുഷ്യ വിരുദ്ധ കീടനാശിനിക്ക് അനുകൂലമായി സ്വീകരിച്ച നിലപാടിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ നിരോധിച്ച  എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്ര വേദികളില്‍ വാദിച്ച കേന്ദ്ര സര്‍ക്കാര്‍ ഓരോ ഇന്ത്യാക്കാരനും നാണക്കേടാണ്.  രാജ്യം തോല്‍ക്കുകയും ജനം ജയിക്കുകയും ചെയ്യുന്ന അപൂര്‍വമായ കാഴ്ചക്കാണ് സ്റ്റോക്‌ഹോം സാക്ഷ്യം വഹിച്ചത്.
വന്‍കിട കമ്പനികള്‍ വിപണിയിലിറക്കുന്ന മാരക കീടനാശിനികള്‍ വേറെയും അവശേഷിക്കുന്നുണ്ട്. മനുഷ്യര്‍ക്കും പ്രകൃതിക്കും ഹാനികരമായ ഇത്തരം കീടനാശിനികളുടെ ഉല്‍പാദന ചെലവ് കുറവാണെന്നും ശേഷി ഇരട്ടിയാണെന്നുമൊക്കെ വിശ്വസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും കാര്‍ഷിക മന്ത്രാലയവും ശ്രമിക്കുന്നത്. പ്രകൃതിയെ സ്‌നേഹിക്കുന്ന വികസന സങ്കല്‍പത്തിലേക്ക് ഭരണകൂടങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം. ജനമനഃസാക്ഷി ഉണര്‍ന്നാല്‍ അവിടെ കക്ഷി രാഷ്ട്രീയം പ്രസക്തമല്ലാതായിത്തീരുമെന്ന ഗൗരവമാര്‍ന്ന ഒരു പാഠവും ഈ സമരം നല്‍കുന്നു. ഇത്തരം സമ്മര്‍ദ ഗ്രൂപ്പുകളിലാണ് കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി.0 comments:

Post a Comment

Related Posts Plugin for WordPress, Blogger...