4/28/10

ദുരിതങ്ങളുടെ കടമ്പകള്‍ കടന്ന് പാക് കുടുംബം നാട്ടിലേക്ക് മടങ്ങി

ഗൃഹനാഥന്‍ നാടുകടത്തപ്പെട്ടതോടെ ജിദ്ദയില്‍ കുടുങ്ങിയ കുടുംബത്തിലെ
കുട്ടികള്‍ ഫൈസലിയയിലെ ഫ്‌ളാറ്റിനു മുന്നില്‍.


നാടു കടത്തിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ കുടുങ്ങിയ പാക്കിസ്ഥാനി കുടുംബം ഒരു മാസത്തെ ദുരിതപര്‍വത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. മലയാളികളടക്കമുള്ള സുമനസ്സുകളുടെ സഹായമാണ് അഞ്ച് കുട്ടികളടങ്ങുന്ന കുടുംബത്തിന് തുണയായത്. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന മറദാന്‍ ജില്ലയില്‍നിന്നുള്ള കുടുംബമാണ് നിയമം ലംഘിച്ച് ജിദ്ദയില്‍ കഴിഞ്ഞിരുന്ന ആസിഫ് കമാല്‍ എന്ന 39 -കാരന്‍ പോലീസ് പിടിയിലായതോടെ വിഷമത്തിലായത്.
ലിമോസിന്‍ ഡ്രൈവറായിരുന്ന ആസിഫിന്റെ കാര്‍ അപകടത്തില്‍പെട്ടതോടെയാണ് ഇയാള്‍ പിടിയിലായത്. ആസിഫ് ജയിലിലായതോടെ ഭാര്യ ഫര്‍ഹന്തയും രണ്ടര വയസ്സിനും 14 വയസ്സിനുമിടയില്‍ പ്രായമുള്ള അഞ്ച് മക്കളും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഫൈസലിയയിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഇഖാമയും മറ്റു രേഖകളുമില്ലായിരുന്നുവെന്ന് അറസ്റ്റിലായ ആസിഫിനെ നാട്ടിലേക്ക് കയറ്റി അയച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇളയ രണ്ട് കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടുപോലും ഇല്ലായിരുന്നു. ഉംറ വിസയിലെത്തിയ ഇവര്‍ ഒരിക്കലും നാട്ടിലേക്ക് മടങ്ങിയിട്ടില്ല.
സമീപത്തെ മലയാളികളടങ്ങുന്ന ഇന്ത്യന്‍ കുടുംബങ്ങളും പാക്കിസ്ഥാനികളുമാണ് ഇവരുടെ തുണക്കെത്തിയത്. സമീപത്തെ കുടുംബങ്ങളാണ് ഇവര്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചത്.
പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍നിന്ന് മടക്കയാത്രക്ക് രേഖകള്‍ തയാറാക്കാന്‍ എളുപ്പം സാധിച്ചുവെങ്കിലും ജവാസാത്തില്‍ അടക്കേണ്ടിയിരുന്ന പിഴ സംഖ്യ കണ്ടെത്തുക പ്രയാസമായി.
പാക്കിസ്ഥാനിലെത്തിയ ആസിഫാകട്ടെ, സ്വന്തം വീട്ടിലേക്ക് പോകാതെ മനഃപ്രയാസത്തോടെ അവിടെ സുഹൃത്തിനോടൊപ്പം കഴിയുകയായിരുന്നു. ~ഒടുവില്‍ പാക്കിസ്ഥാനികളും സമീപത്തെ മലയാളി കുടുംബങ്ങളുമൊക്കെ ചേര്‍ന്നാണ് ജവാസാത്തിലെ പിഴ അടക്കാനും ടിക്കറ്റിനുമുള്ള തുക ശേഖരിച്ചത്.





3 comments:

  1. ദുരിതമെല്ലാവര്ക്കും ഒന്നുതന്നെ

    ReplyDelete
  2. ആ കുട്ടികളുടെ മുഖം കാണുമ്പോള്‍ സങ്കടമാവുന്നു.

    ReplyDelete
  3. a very interesting blog that touches the real stories in day-to-day life of every pravasi malayali esp those in saudi.
    nasar mahin koottilangadi @ Jeddah
    പ്രവാസികളുടെ (പ്രതേകിച്ചും സൌദിയിലെ) വേദനിപ്പിക്കുന്ന സത്യങ്ങള്‍ നര്‍മത്തിലൂടെ വായനക്കാരിലെത്തിക്കുന്ന അഷ്റഫ് ഭായ്ക്ക് അനുമോദനങ്ങള്‍. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഇല്ലാണ്ടാവാന്‍ പ്രാര്‍തികുന്നതോടൊപ്പം, ഉണ്ടാവുന്ന വിഷയങ്ങള്‍ ഇത്രയും നന്നായി അതിന്റെ പേരില്‍ വേദനികുന്നവന് പോലും ആശ്വാസമായി കൊണ്ടും മറ്റുള്ളവരെ ബോധാവല്‍കരിച് കൊണ്ടും അവതരിപിക്കാനുള്ള കഴിവ് അഷ്റഫ് ഭായ്ക്ക് എന്നും ഉണ്ടാവട്ടേ എന്ന് പ്രാര്‍ഥിച് കൊണ്ട്..
    സസ്നേഹം നാസര്‍ മഹിന്‍ കൂട്ടിലങ്ങാടി

    ReplyDelete

Related Posts Plugin for WordPress, Blogger...