5/2/10

പേന്‍നോട്ടത്തിന്റെ പരിണാമം


ഒരു ഹോബിയുമില്ലാത്തയാളെ എന്തിനു കൊള്ളാം. പക്ഷേ, പേന്‍ നോട്ടമാണ് ഹോബിയെന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാനല്ലേ തോന്നുന്നത്. അതൊരു പറയാന്‍ പറ്റുന്ന ഹോബിയാണോ?
അതവിടിരിക്കട്ടെ, പ്രവാസ ലോകത്തും ഈ പേന്‍ ശല്യമുണ്ടോ? ഇവിടെ മൂട്ടശല്യം കേട്ടിട്ടുണ്ട്. മൂട്ട നിവാരണ യത്‌നത്തിനിടയില്‍ ജീവന്‍ ബലി നല്‍കേണ്ടിവന്ന മല്‍ബുകളും നിരവധിയാണ്. മൂട്ട മരുന്നു ശ്വസിച്ചുകൊണ്ടുള്ള മരണം പലപ്പോഴും വാര്‍ത്തയായി.
പേന്‍ശല്യം മൂട്ടയോളം ഗുരുതരമാണോ?
തലയുള്ളതുകൊണ്ടല്ലേ പേന്‍, അപ്പോള്‍ തലയുള്ളിടത്തെല്ലാം പേന്‍ കാണും. പിന്നെ പേനില്ലെങ്കിലും പേന്‍ നോട്ടമാകാം. വെറുതെ നേരം കൊല്ലാന്‍. പേനെടുക്കാന്‍ ഇരുന്നു കൊടുക്കുന്നവര്‍ക്കും പേനെടുക്കുന്നവര്‍ക്കും ഒരു സുഖം. ഒന്നിനെയെങ്കിലും കിട്ടുന്നതുവരെ നോക്കിക്കൊണ്ടിരിക്കാമല്ലോ? പേനെടുപ്പില്‍ വിദഗ്ധരായവര്‍ക്ക് അതൊരു ഹോബിയായി അങ്ങനെ തുടര്‍ന്നുകൊണ്ടുപോകാനായില്ലെങ്കില്‍ പ്രയാസമാകുമെന്നും അവര്‍ വിഷാദ രോഗത്തിന് അടിപ്പെടുമെന്നുമാണ് വിദഗ്ധ പഠനം. ആര് എപ്പോള്‍ പഠനം നടത്തി എന്നൊന്നും ചോദിക്കരുത്. മൂന്ന്് പേരോട് അഭിപ്രായം ചോദിച്ചാല്‍ അതൊരു പഠനമായി. പിന്നെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും വിദഗ്ധ പഠനത്തിന്റെ സ്വീകാര്യത.
കാണാന്‍ കൊള്ളാമെങ്കില്‍ കോടതിയില്‍ ജഡ്ജിയെ പോലും സ്വാധീനിക്കാമെന്നാണ് ഈയിടെ പ്രസിദ്ധീകരിച്ച ഒരു വിദഗ്ധ പഠനം. കാണാന്‍ സ്മാര്‍ട്ട് ആണെങ്കില്‍ കടുത്ത കുറ്റകൃത്യമാണെങ്കിലും കഠിന ശിക്ഷ നല്‍കാന്‍ ജഡ്ജിക്ക് മനസ്സ് വരില്ലത്രെ. ഇത്രയും സ്മാര്‍ട്ട് ആയ ഇയാള്‍ ആ കുറ്റം ചെയ്യില്ലെന്ന് ജഡ്്ജിയുടെ മനസ്സ് മന്ത്രിക്കുംപോലും. കാണാന്‍ ഒരു ചേലുമില്ലാത്തയാളാണ് പ്രതിയെങ്കില്‍ ഇവന്‍ തന്നെയായിരിക്കും കുറ്റം ചെയ്തതെന്ന് ജഡ്ജി തീരുമാനിക്കുമെന്നും പഠനം അടിവരയിടുന്നു. അപ്പോള്‍ മുദ്രാവാക്യം, സ്മാര്‍ട്ടാകൂ... ശിക്ഷ പോലും ഒഴിവാക്കൂ എന്നായി. അതിനു പിന്നാലെ വരും സ്മാര്‍ട്ടാകാനുള്ള ഉല്‍പന്നങ്ങള്‍.
പേന്‍ നോട്ടവുമായി നാട്ടില്‍ കഴിഞ്ഞിരുന്ന ഒരു മല്‍ബി ഗള്‍ഫിലെത്തി. ഫാമിലി വിസയെടുത്ത് മല്‍ബു വിളിക്കുമ്പോള്‍ അവിടെ പേന്‍നോട്ടത്തിനു തല കിട്ടുമോ എന്നൊന്നും ചോദിച്ചില്ല. ആരുടെയെങ്കിലും തല കിട്ടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയോടെ വിമാനം കയറി.
നാട്ടിലെ നൂറുകൂട്ടം തിരക്കുകളില്‍നിന്ന് സ്വതന്ത്രയായി ഗള്‍ഫിലെത്തിയപ്പോള്‍, വീട്ടു ജോലികള്‍ക്കും പിന്നീട് ടെലിവിഷനു മുന്നിലെ കുത്തിയിരിപ്പും കഴിഞ്ഞിട്ടും മല്‍ബിക്കു സമയം ബാക്കി. പ്രതീക്ഷിച്ചതുപോലെ ഭാഗ്യം കൈവിട്ടില്ല. ഒരുദിവസം മകളുടെ തലയില്‍ ഒരു പേന്‍ കണ്ടു. മല്‍ബിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പേനിനെ കണ്ടെത്തി അതിനെ കയ്യിലെടുത്ത്് നോക്കിയ ശേഷം ജീവാപായമൊന്നും വരുത്താതെ വീണ്ടും തലയില്‍തന്നെ വളരാന്‍ വിട്ടു. മറ്റൊരു പേന്‍ ഉണ്ടായി വരുന്നതുവരെ അതിനെ ദിവസം രണ്ടുനേരം തപ്പിയെടുത്ത് പിന്നെയും ജീവിക്കാന്‍ വിട്ടു. മറ്റൊരു പേന്‍ രംഗപ്രവേശം ചെയ്യുന്നതുവരെയായിരിക്കും അതിന്റെ ആയുസ്സ്. അതിനുശേഷം രണ്ടു നഖങ്ങള്‍ക്കിടയില്‍ സുഖമരണം.
നാട്ടിലെ ഇഷ്ടവിനോദം തുടരാനായതില്‍ സന്തോഷിച്ചുവെങ്കിലും മല്‍ബി അതിലേറെ ആഹ്ലാദിച്ചത് മല്‍ബുവിന് താങ്ങായി സ്വന്തം വരുമാന മാര്‍ഗം തുറന്നതോടെയാണ്.
അതെന്താ, പ്രൊഫഷണല്‍ പേന്‍നോട്ടം തുടങ്ങിയോ?
അല്ല, പേന്‍നോട്ടം പാടേ ഉപേക്ഷിച്ചതിനു ശേഷമാണ് അതു സംഭവിച്ചത്. പ്രേരണ മല്‍ബുവിന്റെ സ്ഥിരോത്സാഹം തന്നെ.
800 റിയാലിന് ബൂഫിയയിലെ ജോലിയോടെയായിരുന്നു മല്‍ബുവിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. വൈകാതെ അതേ ബൂഫിയ നടത്താന്‍ മല്‍ബുവിന് അവസരം ഒത്തു. പിന്നീട് അടിവെച്ചടിവെച്ച് കയറ്റമായിരുന്നു. ബൂഫിയയില്‍ രണ്ടുപേരെ ജോലിക്കു വെച്ചു. പിന്നെയും തുടങ്ങി മറ്റൊരു ബൂഫിയ. പിന്നെ ഒരു ബഖാല. അങ്ങനെ 800 റിയാലില്‍ തുടങ്ങിയ മല്‍ബു സ്ഥിരോത്സാഹവും കഠിനാധ്വാനവും കൈമുതലാക്കി വരുമാനത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടാക്കി.
കുടുംബ വരുമാനം കൂടിയപ്പോള്‍, ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കാനല്ല മല്‍ബിയെ പ്രേരിപ്പിച്ചത്. പകരം നാട്ടില്‍ പോയി ആറു മാസം താമസിച്ച് തയ്യല്‍ പഠിച്ചു വന്നു. അതുവഴി മികച്ചൊരു തയ്യല്‍ക്കാരിയായി.
ഇപ്പോള്‍, ആളുകള്‍ ക്യൂവാണ്. ഇന്ത്യക്കാരികളും പാക്കിസ്ഥാനികളും. പേന്‍നോട്ടത്തില്‍നിന്ന് ചുരിദാര്‍ സ്‌പെഷ്യലിസ്റ്റിലേക്കുള്ള ദൂരം എത്ര നിസ്സാരം. ചുറ്റും നോക്കിയേ, മല്‍ബുകള്‍ക്ക് തുണയേകാന്‍ സ്ഥിരോത്സാഹത്തോടെ പലതരം ജോലി നോക്കുന്ന എത്രയെത്ര മല്‍ബികള്‍.


3 comments:

  1. രക്തബന്ധുക്കള് എല്ലായിടത്തും കൊതുകും മൂട്ടയും പേനും തന്നെ. ഇങ്ങ് ദുബായിയും മോശമല്ല.

    ReplyDelete
  2. അപ്പൊ അങ്ങ് ദുഫായില്‍ പേനിന് സ്കോപ് ഉണ്ടല്ലേ

    ReplyDelete
  3. ഒഴാക്കേട്ടാ,ദുബായീ പേനിന് സ്കോപ്പുണ്ടെന്നു മാത്രമല്ല, വ്യാവസായികാടിസ്ഥാനത്തില് ഉല്പ്പാദനക്ഷമതയുള്ള പേന് നോട്ടപഠനത്തില് ഡോക്ടറേറ്റിന് വരെ സാധ്യതയുള്ളയിടമാണ്. പക്ഷേ, സാന്പത്തികമാന്ദ്യം കാരണം നാട്ടില്പ്പോകേണ്ടിവന്ന രക്തബന്ധുക്കളുടെ അഭാവത്തില് ചോരകിട്ടാതെ പലരും അലയുകയാണെന്ന് റിപോര്ട്ടുണ്ട്. ഹൌവെവര്, കുളിക്കാതെയും നടക്കാതെയും നടക്കുന്ന ചില മസ്റിപ്പെണ്ണുങ്ങളെ വച്ച് ഇവ അഡ്ജസ്റ്റ് ചെയ്യുന്നതായും പറയപ്പെടുന്നു.
    വാല്- വാര്ത്തയുടെ ആധികാരികതയെച്ചൊല്ലി ചെറിയ തര്ക്കമുണ്ട്. എന്റേത് വേദവാക്യമായെടുക്കരുത്.

    ReplyDelete

Related Posts Plugin for WordPress, Blogger...