Pages

4/4/10

രക്തനോട്ടക്കാരന്‍മല്‍ബുവിന്റെ ഞരമ്പില്‍നിന്ന് മനോഹരമായ സഞ്ചിയിലേക്ക് രക്തം വാര്‍ന്നുവീഴുകയായിരുന്നു. എത്ര മനോഹരമായ സഞ്ചി. ഇതില്‍ രക്തത്തേക്കള്‍ വില കൂടിയ എന്തെങ്കിലും സൂക്ഷിക്കാമായിരുന്നു.
അങ്ങനെ ചിന്തിക്കരുത്.
ചിലപ്പോള്‍ രക്തത്തേക്കാള്‍ വില കൂടിയ ഒന്നുമില്ലാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ആപത്ഘട്ടങ്ങളില്‍ രക്തത്തിനുവേണ്ടി പരക്കം പായുന്നവരുടെ ചിത്രം മനസ്സില്‍ സങ്കല്‍പിച്ചുനോക്കുക. അപൂര്‍വ ഗ്രൂപ്പുകളില്‍പെട്ട രക്തം കിട്ടാഞ്ഞാല്‍ ചിലപ്പോള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കാറുണ്ട്. മരണമുഖത്തുനിന്ന് രക്ഷയാകുക ചിലപ്പോള്‍ രക്തം സമയത്ത് ലഭിച്ചാലാകും.
പ്രശസ്തമായ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ മല്‍ബു വന്നിരിക്കുന്നത് അപൂര്‍വ രക്തം നല്‍കാനല്ലെങ്കിലും അത്യാസന്ന നിലയിലായ നാട്ടുകാരന് വേണ്ട അപൂര്‍വ രക്തം ലഭിക്കുന്നതിനായി തന്റെ സാദാ രക്തം സംഭാവന ചെയ്യാനാണ്. ആശുപത്രിയിലെ ബ്ലഡ് ബാങ്കുകാരുടെ വിദ്യകള്‍ എന്തെങ്കിലുമായിക്കോട്ടെ, രക്തദാനത്തിന്റെ മഹിമ അറിയുന്ന മല്‍ബു അതൊന്നും ഓര്‍ക്കേണ്ട കാര്യമില്ല. രക്തദാനത്തിനായി തന്നെ കൂട്ടിക്കൊണ്ടുവന്നയാളുടെ മുഖത്ത് വിരിയുന്ന സന്തോഷം നോക്കിയാല്‍ മതി.
കുടുംബക്കാരാരും രക്തം നല്‍കാന്‍ തയാറാകാത്തിടത്താണ് ഒരു പരിചയവുമില്ലാത്ത മല്‍ബു സ്വമേധയാ തയാറായി രക്തം നല്‍കാന്‍ എത്തിയിരിക്കുന്നത്. ഇതേ ഗ്രൂപ്പ് രക്തമുള്ള കുടുംബത്തിലെ പലരേയും സമീപിച്ചുവെങ്കിലും അവരൊക്കെ വിലയേറിയ മറുപടിയാണ് നല്‍കിയത്.
അതല്ലാ, നീ അവനെ ഇവിടെവെച്ച് ചികിത്സിക്കാനാണോ വിചാരിക്കുന്നത്? വലിയ ചെലവാകും കേട്ടോ.
പിന്നെ, അല്ലാതെ...
നാട്ടിലെ ഏതെങ്കിലും ആശുപ്രത്രിയില്‍ എത്തിക്കാന്‍ നോക്ക്.
രക്തം ദാനം ചെയ്യാമോ എന്നു ചോദിച്ചില്ലെങ്കില്‍ ഈ ഉപദേശം പോലും ലഭിക്കുമായിരുന്നില്ല.
രക്തം ഇറ്റിവീണുകൊണ്ടിരിക്കെ രക്തം എടുത്തുകൊണ്ടിരുന്നയാളുടെ ചോദ്യം. അതല്ല, എന്താ ആലോചിക്കുന്നേ, വൈകിട്ടാ ജോലി അല്ലേ?
ചോദ്യം കേട്ട്് മല്‍ബു തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല.
രക്തം നോക്കി ജോലിസമയം കണ്ടുപിടിക്കാനാകുമോ? മല്‍ബുവിന്റെ ചിന്ത ചോദ്യമായി.
എങ്ങനെ അറിയാം?
അതൊക്കെ അറിയാമെന്നേ, പകല്‍ ഇഷ്ടം പോലെ സമയം വെറുതെ കളയുകയാ അല്ലേ?
ദേ അടുത്ത യാഥാര്‍ഥ്യവും പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഭയങ്കരം തന്നെ, ഈ ടെക്‌നീഷ്യന്റെ ഒരു കാര്യം. രക്തം നോക്കി ജീവിതം പറയുന്നു. കൊള്ളാലോ വിദ്യ. ഇനിയിപ്പോ ഹസ്തരേഖയോ പക്ഷിശാസ്ത്രമോ ഒന്നും വേണ്ട. രക്തം നോക്കി ഭാവി പ്രവചിക്കാം.
നിങ്ങള്‍ ഇതുവരെ ഇവിടെയല്ലാതെ മറ്റൊരു വിദേശ രാജ്യത്തേക്കും യാത്ര പോയിട്ടില്ല. അല്ലേ, ഐ മീന്‍ അമേരിക്ക, ഗ്രീസ്, ജര്‍മനി...
ഇല്ല മാഷേ, നമുക്കിതു തന്നെ സാധിക്കുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു മാസം അവധി കിട്ടും. ഉടനെ നാട്ടിലെത്താന്‍ നോക്കും. പിന്നെ ശ്രീലങ്കയിലെ എയര്‍പോര്‍ട്ടില്‍ നാല് മണിക്കൂര്‍ ഇരുന്നിട്ടുണ്ട്. ദുബായിലെ എയര്‍പോര്‍ട്ടിലും. പുറത്തിറങ്ങിയിട്ടില്ല. വിമാനക്കൂലി കുറഞ്ഞുകിട്ടാനായി വളഞ്ഞ വഴി കയറിയപ്പോഴുള്ള കാത്തിരിപ്പ്. മറ്റെവിടെയും പോയിട്ടില്ല.
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്തൊക്കെ വിവരങ്ങളാ നിങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇതൊക്കെ രക്തം നോക്കിയിട്ടു തന്നാണോ കിട്ടുന്നത്?
ടെക്‌നീഷ്യന്റെ അടുത്ത ചോദ്യം.
പത്തിരുപത് വര്‍ഷം ജോലി ചെയ്തിട്ടും നിങ്ങള്‍ സംതൃപ്തനല്ല അല്ലേ? നിങ്ങളുടെ സേവനങ്ങളൊന്നും കമ്പനി അംഗീകരിക്കുന്നില്ല അല്ലേ? ഇതുവരെ അംഗീകാരത്തിന്റെ ഒരു മെഡല്‍ പോലും നിങ്ങള്‍ക്ക് കിട്ടിയില്ല.
ദേ പിന്നേം പറയുന്നു, നഗ്ന യാഥാര്‍ഥ്യങ്ങള്‍.
ജോലിയില്‍ താന്‍ ഒട്ടും സംതൃപ്തനല്ലെന്നും മറ്റും ഇതുവരെ ഒരാളോടും പറഞ്ഞിട്ടില്ല. അതൊക്കെ എല്ലാ പ്രവാസികളുടേയും പരാതികളല്ലേ. ആരോട് പറയാന്‍.
രക്തനോട്ടക്കാരന്റെ അടുത്ത ചോദ്യവും വൈകിയില്ല.
നിങ്ങള്‍ ഇതുവരെ നിങ്ങളുടെ കമ്പനിയുടെ ചെയര്‍മാന്റെ കൂടെ കാപ്പി കുടിച്ചിട്ടുണ്ടോ?
ഇല്ല, മാഷേ, അതൊക്കെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് തൊട്ടു മുകളിലുള്ള ബോസുമാര്‍ക്കൊക്കെ സാധിക്കുന്ന കാര്യമാ.
ആഹാ... എന്നാല്‍ കേട്ടോളൂ. ഇതൊക്കെ നിങ്ങള്‍ക്കും സാധ്യമാകും.
വിദേശ യാത്ര തരപ്പെടും. മാത്രമല്ല, കമ്പനിയുടെ ഏറ്റവും വലിയ മാനേജരോടൊപ്പം സുപ്രസിദ്ധ നഗരത്തില്‍ കാപ്പി കുടി.
20 വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് ശമ്പളമായി ലഭിച്ച തുക ഒരുമാസം കൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. നിങ്ങളുടെ സേവനങ്ങള്‍ക്ക് അംഗീകാരമായിക്കൊണ്ട് എല്ലാ മാസവും പുരസ്‌കാരങ്ങള്‍ നിങ്ങളെ തേടിയെത്തും.
പ്രവചനങ്ങള്‍ കേട്ടപ്പോള്‍, മല്‍ബുവിന് രോമാഞ്ചം കൊള്ളാനായില്ലെന്നേയുള്ളൂ. കാരണം രക്തമൊഴുകി തീര്‍ന്നിട്ടില്ല.
നിങ്ങള്‍ ക്ഷീണമൊക്കെ മാറ്റി, വൈകിട്ട് എന്നെ വന്നു കാണൂ.
രക്തമെടുത്ത സ്ഥലത്ത് അമര്‍ത്തിപ്പിടിക്കാന്‍ കോട്ടണ്‍ കൊടുത്തുകൊണ്ട് ടെക്‌നീഷ്യന്‍ പറഞ്ഞു.
പുറത്തിറങ്ങിയ മല്‍ബു രക്തനോട്ടക്കാരന്റെ കൃത്യത വിശദീകരിച്ചു കൊടുത്തപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു. മല്‍ബൂ, അതാരാണെന്ന് മനസ്സിലായോ?
ഇല്ല, അയാള്‍ പറഞ്ഞതു മുഴുവന്‍ ശരിയാ... വൈകിട്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
ചെന്നോളൂ... ഒരു അയ്യായിരം റിയാല്‍കൂടി കരുതിക്കോളൂ.
ഈ പറഞ്ഞ ആനുകൂല്യങ്ങളൊക്കെ ലഭിക്കാന്‍ നിങ്ങള്‍ അയാളുടെ കീഴില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിനു ചേരണം. ~ഒരു സാദാ ഏജന്റ്. പിന്നെ നിങ്ങള്‍ക്ക് കണ്ണികളെ കണ്ടെത്തി ഉയരങ്ങളിലേക്ക് പറക്കാം.
ഓഹോ, അങ്ങനെയാ അല്ലേ. എന്നാലും അയാള്‍ എന്റെ എല്ലാ കാര്യങ്ങളും മണിമണി പോലെ പറഞ്ഞല്ലോ.
ഈ മല്‍ബുവിന്റെ ഒരു കാര്യം. അതൊക്കെ അയാള്‍ എന്നോട് ചോദിച്ച് മനസ്സിലാക്കിയിരുന്നൂട്ടോ.

1 comment:

Related Posts Plugin for WordPress, Blogger...