രാവിലെ ഓഫീസില്‍ എത്തിയിട്ടില്ല, അതിനു മുമ്പേ തുടങ്ങി മല്‍ബിയുടെ മിസ്ഡ് കോളുകള്‍.
ഓഫീസില്‍ എത്തിയാല്‍ തിരിച്ചു വിളിക്കില്ല എന്ന് അവള്‍ക്ക് അറിയാവുന്നതാണല്ലോ.
അങ്ങനെയാണ് മല്‍ബുവും മല്‍ബിയും തമ്മിലുള്ള ധാരണ. മിസ്ഡ് കോള്‍ കണ്ടാലും രാത്രി മുറിയില്‍ തിരിച്ചെത്തിയാലേ തിരിച്ചു വിളിക്കൂ.
അപ്പോള്‍ മാത്രമാണല്ലോ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുക. ഇതിപ്പോള്‍ എല്ലാ മല്‍ബുകളുടേയും ദിനചര്യയാണ്. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഫോണിലൂടെ വീട്ടുവിശേഷങ്ങളൊക്കെ അറിയുക. ഇന്റര്‍നെറ്റിന്റെ സുഖം ഇപ്പോഴാണ് മല്‍ബു തിരിച്ചറിയുന്നത്. ഇന്നലെ രാത്രീം ഒരു മണിക്കൂര്‍ സംസാരിച്ചതാ. അവസാനം അവള്‍ സംസാരിച്ചു കുഴഞ്ഞാ ഫോണ്‍ വെച്ചത്. നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫുകാരുടെ ഇന്റര്‍നെറ്റ് ഫോണ്‍ ഇപ്പോള്‍ ഒരു ശല്യമായെന്നും പറയുന്നവരുണ്ട്. മല്‍ബൂന്റെ ഫോണ്‍ വരുന്നൂന്ന് കേട്ടാല്‍ ഓടിയൊളിക്കുന്ന കുടുംബക്കാരും സുഹൃത്തുക്കളും.
ഇതിപ്പോ രാവിലെ തന്നെ വീണ്ടും വീണ്ടും മിസ്ഡ് കോള്‍ വരണമെങ്കില്‍ എന്തെങ്കിലും അത്യാവശ്യം വേണം. തിരിച്ചു വിളിക്കാനാണെങ്കില്‍ ഫോണ്‍ കാലി. ശമ്പളം കിട്ടിയ കാശൊക്കെ ഡ്രാഫ്റ്റ് അയച്ചു തീര്‍ന്നു. ശമ്പളം കിട്ടിയ അന്നുതന്നെ അയച്ചതു നന്നായി. പിന്നെ എന്തൊരു കയറ്റായിരുന്നു രൂപക്ക്. ഒരു രണ്ടു ദിവസമെങ്കിലും ബാങ്കില്‍ കിടന്നോട്ടെ എന്നു പറഞ്ഞ് കളിയാക്കാറുണ്ട് കൂട്ടുകാര്‍.
ഡ്രാഫ്‌റ്റെടുത്ത് പോക്കറ്റ് കാലിയായാല്‍ പിന്നെ മാസാവസാനംവരെ കടം വാങ്ങുകയാ പതിവ്. കുടുംബത്തെ പോറ്റാനും വല്ലതും മിച്ചം വെക്കാനുമാണല്ലോ വിമാനം കയറിയത്. അപ്പോള്‍ പിന്നെ കിട്ടുന്നത് ഉടന്‍ തട്ടുകയല്ലാതെ എന്തു വേണം? ഇപ്പോള്‍ വിമര്‍ശിക്കുന്ന കൂട്ടുകാരും പറയും: "മല്‍ബൂ നീ അന്നുതന്നെ അയച്ചതോണ്ട് അല്‍പമെങ്കിലും മെച്ചം കിട്ടി അല്ലേ?'
ദേ വീണ്ടും മിസ്ഡ് കോള്‍. മല്‍ബി തന്നെ.
ഇനിയിപ്പോ തിരിച്ചുവിളിച്ചേ പറ്റൂ. അഞ്ചാമത്തെ മിസ്ഡ് കോളാ ഇത്. എന്തെങ്കിലും വിശേഷം കാണാതിരിക്കല്ല.
പത്ത് റിയാല്‍ കടം വാങ്ങി റീ ചാര്‍ജ് ചെയ്ത ശേഷം മല്‍ബിയെ വിളിച്ചു.
അതേയ്, ഞാന്‍ ഓഫീസിലാ. രാത്രിയേ വിശദമായി വിളിക്കാന്‍ പറ്റൂ. എന്താത്ര വിശേഷം?
വിശേഷം തെന്നയാ. ഇവിടെ ഒരുത്തന്‍ എന്നോട് തോന്ന്യാസം പറഞ്ഞിരിക്കുന്നു. അവന് ഞാനിട്ടൊന്ന് കൊടുക്കുകേം ചെയ്തു.
അയ്യോ, എന്താ സംഭവിച്ചത്? നീയൊന്ന് വേഗം പറ.
അതേയ്, രാവിലെ ഇവിടെ ഒരാള്‍ വന്നിരുന്നു.
എന്റേം മക്കളുടേം പേരും വിവരങ്ങളുമൊക്കെ ചോദിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാന്നു പറഞ്ഞതോണ്ട് ഞാന്‍ എല്ലാം വിശദമായി പറഞ്ഞുകൊടുത്തു.
മക്കളുടെയൊക്കെ മുഴുവന്‍ പേരും വയസ്സും എല്ലാ കാര്യങ്ങളും. കാനേഷുമാരി കണക്കെടുപ്പല്ലേ. വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്താല്‍ കുഴപ്പമൊന്നുമില്ലെന്ന് വിചാരിച്ചിട്ടാരുന്നു അത്.
അതൊക്കെ എഴുതിയെടുത്ത ശേഷം അയാള്‍ ചോദിക്കുവാ...
ഭര്‍ത്താവ് ഇല്ല അല്ലേ എന്ന്... എനിക്ക് സഹിക്കാനാവുന്നതായിരുന്നില്ല അത്. നിങ്ങള്‍ പ്രവാസികള്‍ ദുഃഖം കടിച്ചമര്‍ത്തുന്നു എന്നൊക്കെ പറയാറില്ലേ, ഞാന്‍ അതുപോലെ ചെയ്തുകൊണ്ട് മിണ്ടാതിരുന്നു.
ദേ വരുന്നു അയാളുടെ രണ്ടാമത്തെ ചോദ്യം.
ഭര്‍ത്താവില്ല, വേലക്കാരനുണ്ട് അല്ലേ? പിന്നെ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ കൊണ്ടുവന്ന ഒരു കട്ടിയുള്ള ചെരിപ്പില്ലേ. നല്ല ഗ്രിപ്പുണ്ടെന്ന് പറഞ്ഞ് കൊണ്ടുവന്ന ചെരിപ്പ്. അതായിരുന്നു എന്റെ കാലില്‍. മറ്റൊന്നും ആലോചിക്കാതെ, അതിങ്ങൂരി അയാളുടെ മുഖത്തിട്ടൊന്നു കൊടുത്തു.
കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഉടന്‍തന്നെ അയാളെ പിടിച്ചുകൊണ്ടുപോയി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലേ, ഇനിയിപ്പോ എന്താ സംഭവിക്കാന്ന് അറിയില്ല.
കാനേഷുമാരി ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് വലിയ കുറ്റമാകുമെന്നാ അയല്‍വാസികളൊക്കെ പറയുന്നത്. നിങ്ങള്‍ ഇത് കാര്യമാക്കുകയൊന്നും വേണ്ട. ആരെങ്കിലും ചോദിക്കാന്‍ വരട്ടെ, അപ്പോള്‍ ഞാന്‍ പറഞ്ഞോളാം. വീട്ടുടമസ്ഥന്‍ പ്രവാസിയാണെന്ന് കരുതി എന്തു തോന്ന്യാസവും ആകാന്‍ പാടില്ലല്ലോ. എന്നോട് തോന്ന്യാസം പറഞ്ഞു. ഞാനിട്ട് കൊടുത്തു, അത്ര തന്നെ.
അയ്യോ മല്‍ബീ, നീ ഇതെന്തു ഭാവിച്ചാ. പ്രവാസികളായ ഞങ്ങള്‍ കാനേഷുമാരിയില്‍നിന്ന് പുറത്താ. അതോണ്ടായിരിക്കും അയാള്‍ ഭര്‍ത്താവില്ല എന്നു തീരുമാനിച്ചത്. വേലക്കാരനുണ്ടെങ്കില്‍ അയാളേം കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തണം എന്നാണ് വ്യവസ്ഥ. കാനേഷുമാരിയില്‍ പ്രവാസികളെ ചേര്‍ക്കുന്നില്ലാന്നും പറഞ്ഞ് ഇവിടെ ബഹളങ്ങളൊക്കെയുണ്ട്. അതിനുവേണ്ടി പുതിയ സംഘടന തന്നെയുണ്ടാകാനും സാധ്യതയുണ്ട്.
പക്ഷേ, എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? തോന്ന്യാസല്ലേ അയാള്‍ പറഞ്ഞത്? മല്‍ബി വിട്ടുകൊടുക്കുന്നില്ല. പ്രവാസികള്‍ക്ക് രക്ഷ, സുരക്ഷ, പ്രത്യേക പരിഗണന എന്നൊക്കെ പറയും. വേണ്ടിടത്ത് ഒന്നുമില്ല.
അടി ഏതായാലും കൊടുത്തു. പക്ഷേ അതു സര്‍ക്കാരിനിട്ടായിരുന്നു കൊടുക്കേണ്ടത് -മല്‍ബു മല്‍ബിയെ സമാധാനിപ്പിച്ചു.
നല്ല ഒതുക്കമുള്ള എഴുത്തിഷ്ടമായി. കഥയും
ReplyDeletedont prosecute govt teachers. they are well enough to assess the expats feeling. bcs they see you people's children more than you.
ReplyDeletegood one
ReplyDeleteenikku ithil ere ishttaayathu aa gulf jeevithathinte nerchithraa..ketto
ReplyDelete