അവസാനംവരെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കണം എന്നു പറഞ്ഞോണ്ടിരുന്നയാളാ. ഇപ്പോള്‍ ഇതാ സ്വന്തം പെട്ടി തന്നെ കെട്ടുന്നു. നാട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ ഒരു പോലെ ഞെട്ടിക്കുന്നതായി മല്‍ബുവിന്റെ തീരുമാനം. ആകര്‍ഷകമായ ശമ്പളത്തില്‍ ലഭിച്ച ജോലി. കമ്പനി നല്‍കുന്ന ആനുകൂല്യങ്ങളോ, എത്രയും ആകര്‍ഷകവും. തന്റെ വിദ്യാഭ്യാസ യോഗ്യതയും പരിചയവും വെച്ച് ഒരിക്കലും മോഹിക്കാന്‍ പോലും പാടില്ലാത്തത്.
കുറേ കാലം സഹിച്ചതിനും കഷ്ടപ്പെട്ടതിനും അവന് ഒടുവില്‍ കിട്ടിയെന്നാണ് സഹമുറിയന്മാര്‍ പറഞ്ഞിരുന്നത്. ശരിയാണ്. കഷ്ടപ്പാടുകള്‍ തന്നെയായിരുന്നു മല്‍ബുവിന് ഇതുവരെ. ഓവര്‍ടൈം ജോലി ചെയ്തിട്ടു പോലും രണ്ടറ്റം കൂട്ടിമുട്ടിക്കുക പാടായിരുന്നു. അങ്ങനെയിരിക്കെയാണ്, കണ്ടു മറന്ന ഒരാള്‍ ജോലി വാഗ്ദാനവുമായി പ്രത്യക്ഷപ്പെട്ടത്. ആശ്ചര്യജനകമായിരുന്നു അയാളുടെ ടെലിഫോണ്‍ വിളിയും നാളെ തന്നെ ജോലിക്ക് അപേക്ഷിക്കാനുള്ള നിര്‍ദേശവും.
സൂപ്പര്‍ മാര്‍ക്കറ്റിലെ കഠിന ജോലി കണ്ട് അലിവ് തോന്നിയ അയാള്‍ എന്നോ നമ്പര്‍ വാങ്ങി വെച്ചതായിരുന്നു. എന്നോ പരിചയപ്പെട്ട ഒരാള്‍ ഫോണ്‍ നമ്പര്‍ സൂക്ഷിച്ച് വെച്ച്, അവസരം ഒത്തുവന്നപ്പോള്‍ കൃത്യമായി വിളിച്ചുവെന്നത് ആലോചിക്കുമ്പോള്‍ തന്നെ കുളിരുകോരുന്നു.
കാരണം, ഇന്ന് പരിചയങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍ക്കുമൊക്കെ പണ്ടത്തെ വിലയില്ലല്ലോ? ഉദാരീകരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഓരോരുത്തരും സ്വന്തം മാളത്തിലേക്ക് വലിയുന്നു. സഹൃദ്ബന്ധവും പരിചയവുമൊക്ക ആവശ്യങ്ങളെ കേന്ദ്രീകരിച്ചായി.
സ്വന്തം ആവശ്യത്തിനുവേണ്ടി വിളിക്കുമ്പോള്‍ അതോടൊപ്പം നടക്കുന്ന ഔപചാരികതയായിരിക്കുന്നു കുശലാന്വേഷണം.
മല്‍ബു ഒരുപാട് മാറിപ്പോയി. ശീലങ്ങളൊക്കെ പോയ്മറഞ്ഞു.
അങ്ങനെ വരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ കവറിലാക്കി കൊടുക്കുമ്പോള്‍ പരിചയപ്പെട്ട ഒരാള്‍ തന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുതം തന്നെയല്ലേ.
അങ്ങനെ മല്‍ബുവിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്ന് മറ്റെല്ലാവരും കരുതുന്ന ജോലിയാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആളുകള്‍ വിടുമോ?
മടങ്ങിപ്പോകുന്ന കാര്യം ചിന്തിക്കരുതെന്നും പരമാവധി ഇവിടെ തന്നെ പിടിച്ചുനില്‍ക്കണമെന്നും എല്ലാവരോടും ഉപദേശിക്കുന്ന നിങ്ങളും. ചോദ്യശരങ്ങള്‍ വീണ്ടും വീണ്ടും വന്നു.
അതിലൊരാള്‍ സ്വയം കണ്ടെത്തിയ ഉത്തരം വിചിത്രമായിരുന്നു.
ഇതേക്കാളും നല്ല ജോലി ചിലപ്പോള്‍ പണ്ടു ചെയ്തതു തന്നായിക്കാരം. വലിക്കാന്‍ കിട്ടുന്ന ചാന്‍സല്ലേ കളഞ്ഞത്. ഇപ്പോള്‍ അറിയാത്ത ജോലി കാട്ടിക്കൂട്ടി ഒപ്പിക്കുന്നു. വിവരമുള്ളവന്‍ തലപ്പത്തുണ്ടെങ്കില്‍ പണ്ടേ സ്വയം പിരിഞ്ഞു പോകേണ്ടിവന്നേനെ.
ആളുകള്‍ എന്തെങ്കിലും പറയട്ടെ, മല്‍ബു ആരോടും മറുപടി പറയാന്‍ പോയില്ല.
പ്രവാസ ജീവിതം മതിയാക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇങ്ങനെ പലരോടും മറുപടി പറയേണ്ടിവരും. കുടുംബക്കാരോടും നാട്ടുകാരോടും പിന്നെ സഹ പ്രവാസികളോടും.
അല്ലാ നീ ആലോചിച്ചിട്ടു തന്നെയല്ലേ തീരുമാനമെടുത്തത്. പോയവരൊക്കെ തിരിച്ചുവരുന്ന കാലമാണ്. അവസരങ്ങള്‍ അവിടെ കുന്നുകൂടി കിടക്കുകയാണെന്ന് പ്രധാനമന്ത്രിയും അംബാസഡറുമൊക്കെ പറയുന്നതു നേരാ. അതൊക്കെ കേട്ട് പോയവര്‍ പുതിയ വിസക്കായി കാത്തിരിക്കയാണ്.
അതുകൊണ്ട് നൂറുവട്ടം ചിന്തിക്കണം.
മല്‍ബുവിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
കാരണം ജീവിതം മുഴുവന്‍ തനിക്കുവേണ്ടി മരുഭൂമിയില്‍ ജീവിച്ചു തള്ളി മടങ്ങിപ്പോയ ബാപ്പയാണ് തന്നെ വിളിച്ചിരിക്കുന്നത്.
ഇനി നീ ഇങ്ങോട്ട് പോര്. എനിക്ക് നിന്നെ കാണാതെ ഇനി വയ്യ. എന്തു സമ്പാദ്യം നഷ്ടപ്പെട്ടാലും നീ വരണം.
കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ ബാപ്പ തീര്‍ത്തും അവശനായിരുന്നു. നീ വന്നപ്പോഴാ ഇങ്ങനെയെങ്കിലും ഒന്നു കണ്ണു തുറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും പ്രതികരണം.
ഒരു മാസത്തെ അവധി കഴിഞ്ഞ മടങ്ങാനൊരുങ്ങുമ്പോള്‍ ആ കണ്ണുകളിലേക്ക് തന്നെ കുറേനേരം നോക്കിയിരുന്നു.
ആ കണ്ണുകളില്‍ അന്നു വായിക്കാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ടെലിഫോണില്‍ കേട്ടത്.
നീ ഇനി നില്‍ക്കേണ്ട, എന്തു നഷ്ടം വന്നാലും.
പ്രവാസത്തിന്റെ ചൂടും തണുപ്പും അറിഞ്ഞ ബാപ്പ വിളിക്കുന്നത് ബാപ്പക്കു വേണ്ടിയായിരിക്കില്ല.
പണ്ട് ബാപ്പ വീട്ടിലേക്ക് എഴുതുന്ന എല്ലാ കത്തുകളുടേയും അവസാനം ഇങ്ങനെ ഒരുവരി കാണാമായിരുന്നു.
മോനോട് നല്ലവണ്ണം പഠിക്കാന്‍ പറയണം. ഒരിക്കലും ഗള്‍ഫ് സ്വപ്നം കാണരുതെന്നും.
അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുടപിടിക്കും എന്നു കേട്ടിട്ടില്ലേ, അതുപോലെ മ്മടെ മസാലപ്പീടികക്കാരന്റെ ചെയ്തികള്‍ എന്നും വായിക്കാമല്ലേ?
ReplyDeleteഹഹഹഹ....!!!!!