ഉച്ചയൂണും കഴിഞ്ഞ് ചാരുകസേരയില്‍ അല്‍പനേരം വിശ്രമിക്കുകയായിരുന്നു മല്‍ബു. ഈയിടെയായി ചിന്തയൊരല്‍പം കൂടുന്നുണ്ട്. ചിലപ്പോള്‍ അങ്ങനെയങ്ങ
ഇരുന്നു പോകും.
ചിന്ത കാടുകയറിയുള്ള ആ ഇരിപ്പിന്റെ ഫലം പിന്നെ അനുഭവിക്കുക ഓഫീസിലേക്കുള്ള നടപ്പിന്റെ വേഗം കൂടുമ്പോഴായിരിക്കും.
ഉച്ചയൂണിനുള്ള ബ്രേക്കില്‍ ഇങ്ങനെ ഒരു ചിന്താശീലമുള്ളത് കഫീലിനറിയില്ലല്ലോ? ഓടിക്കിതച്ച്, വിയര്‍ത്തു കുളിച്ച് ഓഫീസില്‍ കയറുമ്പോഴായിരിക്കും കഫീലിന്റെ മുഖത്ത് കാര്‍മേഘം.
വിയര്‍പ്പ് തുടക്കാന്‍ നില്‍ക്കാതെ, വേഗം മേശ തുറന്ന് കഫീലിന് ഏറ്റവും പ്രിയപ്പെട്ട അത്തറും പൂശി, സ്‌പെഷല്‍ ചായയുമിട്ട്, പടച്ച തമ്പുരാനേ കാക്കണേ എന്ന പ്രാര്‍ഥനയോടെ കഫീലിന്റെ കാബിനിലേക്ക്.
പടച്ചവന്‍ പ്രാര്‍ഥന കേട്ടതു പോലെ, കഫീലിന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചതും മുഖത്തെ കാര്‍മേഘം നീങ്ങി പുഞ്ചിരി പടര്‍ന്നതും ഒരേ സമയത്തായിരുന്നു. ചായ മേശപ്പുറത്തുവെച്ച് പോടോ മല്‍ബൂ എന്ന ആംഗ്യം കിട്ടിയതോടെ മല്‍ബുവിന് ദീര്‍ഘനിശ്വാസം.
പത്ത് മിനിറ്റ് വൈകിയതിനു കഫീലിനു മല്‍ബുവിനെ ശകാരിക്കാം. മല്‍ബു ആരെ പഴിക്കും. വര്‍ഷങ്ങളായി തന്നെ പോലുള്ളവര്‍ക്ക് ചിന്താശീലം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ചാരുകസേരയേയോ? കുടുസ്സുമുറിയാണെങ്കിലും ഈ ചാരുകസേര മല്‍ബുത്തറവാട്ടിന്റെ അന്തസ്സാണ്. വിശ്രമമല്ല, ചിന്താശക്തിയാണ് ഈ പുരാവസ്തു സമ്മാനിച്ചത്.
ഏതാനും ദിവസങ്ങളായി മല്‍ബുവിനെ അലട്ടുന്നത് പെന്‍ഷനെ സംബന്ധിച്ചുള്ള ചിന്തയാണ്്.
അതെന്താ, പെന്‍ഷനാകാറായോ എന്നു സംശയിക്കേണ്ട. പെന്‍ഷനാകുക എന്നതാകട്ടെ നിസ്സാര കാര്യവുമല്ല. നാട്ടില്‍ പെന്‍ഷനാവുക എന്നു പറഞ്ഞാല്‍ ജീവിതത്തിന്റെ മുക്കാല്‍ ഘട്ടം പൂര്‍ത്തിയാക്കി മരണത്തോട് അടുക്കുക എന്നു കൂടിയാണ്. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സമരത്തിലേര്‍പ്പെടുന്നവര്‍ മരണത്തെ തോല്‍പിക്കാനാണ് അങ്ങനെ ചെയ്യുന്നത്് എന്നൊക്കെ പറയുന്നത് അതിശയോക്തിയാകും.
നാട്ടുകാരും കൂടെ പഠിച്ചവരും പലരും സര്‍ക്കാരുദ്യോഗത്തിലാണ്. അവരൊക്കെ രാവും പകലും പെന്‍ഷന്‍ തുക കണക്കുകൂട്ടി തളരുമ്പോള്‍, പ്രവാസിക്ക് അങ്ങനെ പെന്‍ഷന്‍ വാങ്ങി ജീവിക്കേണ്ട ഗതികേടൊന്നുമില്ലെന്ന് നെഞ്ചുവിരിച്ചു പറഞ്ഞിട്ടുണ്ട് മല്‍ബു.
മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയ പണം കൊണ്ട് തീര്‍ത്ത മാളികയും അതിന്റെ പോര്‍ച്ചിലേക്ക് മകന്‍ അതിവേഗത്തില്‍ ഓടിച്ച് കയറ്റുന്ന കാറും സാക്ഷി നിര്‍ത്തി അവരും തിരിച്ചു പറയും അതേ, പ്രവാസിക്കെന്തിനാ പെന്‍ഷന്‍?
ഇപ്പോഴെന്താ കഥ. ആകെ കീഴ്‌മേല്‍ മറഞ്ഞിരിക്കുന്നു.
പ്രവാസികളുടെ പെന്‍ഷന്‍ മഹാ സംഭവം തന്നെ.
ഇച്ചും മാണം പെന്‍സനെന്ന് മല്‍ബുകള്‍ മുറവിളി കൂട്ടുമ്പോഴൊക്കെ പ്രതീക്ഷിച്ചിരുന്നത് കടല്‍ കടക്കുമ്പോള്‍ അവന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത കോടികളുടെ കുന്നില്‍നിന്ന് ഇത്തിരി വീതം മാസാമാസം നല്‍കുമെന്നായിരുന്നു. പക്ഷേ, വൈദ്യരുടെ ഉപായം കട്ടെടുത്തവര്‍ മല്‍ബുവിനെ വീണ്ടും പറ്റിച്ചു.
അതെന്താ വൈദ്യരുടെ ഉപായം? ആരാ കട്ടെടുത്തത്?
വൈദ്യര്‍ മറ്റാരുമല്ല, കോഴിക്കോടിനു ചിരി സമ്മാനിച്ച രാമദാസ് വൈദ്യര്‍.
വിവാഹത്തിന്റെ സില്‍വര്‍ ജൂബിലിയില്‍ രാമദാസ് വൈദ്യരോട് പ്രിയപത്‌നി നിര്‍മല ചോദിച്ചുവത്രെ. 25 വര്‍ഷമായി ഞാന്‍ നിങ്ങളെ സേവിക്കുന്നു. എന്താണ് നിങ്ങള്‍ എനിക്ക് ഇങ്ങോട്ട് തരുന്നത്്?
വൈദ്യര്‍ ഭാര്യയെ അരികില്‍ വിളിച്ചുകൊണ്ട് പറഞ്ഞു.
അതേ, പ്രിയപ്പെട്ട ഭാര്യേ, നിനക്കിതാ ഞാന്‍ പെന്‍ഷന്‍ അനുവദിക്കുന്നു. ആജീവനാന്ത സേവനത്തിനുള്ള പെന്‍ഷന്‍. മാസം ആയിരം രൂപ.
ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കിയ ശേഷം പാസ് ബുക്കും ചെക്കു ബുക്കും ഏല്‍പിച്ചു കൊണ്ടായിരുന്നു വൈദ്യരുടെ ഭാര്യക്കുള്ള പെന്‍ഷന്‍ പ്രഖ്യാപനം.
ഇതാ ബാങ്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്.
എല്ലാ മാസവും ആയിരം രൂപ വീതം എഴുതിയെടുത്തുകൊള്ളണം.
ഈ ഗുട്ടന്‍സ് കട്ടെടുത്തോണ്ടല്ലേ, സാറന്മാരെ നിങ്ങളിപ്പം പെന്‍ഷനുമായി ഇറങ്ങിത്തിരിച്ചതെന്ന് ചോദിച്ചാല്‍ ക്ഷേമനിധി ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന ഹംസ വക്കീലിന് വേണമെങ്കില്‍ അത് ഞാനല്ല മക്കളേ ഓലാ എന്ന് നീട്ടി പാടാം.
രാമദാസ് വൈദ്യര്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ തല്‍ക്കാലം ഹംസാക്കക്കും കേരളത്തിന്റെ സ്വന്തം സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് ഐസക്കിനും രക്ഷ. കോപ്പിറൈറ്റ് കേസ് പേടിക്കേണ്ടി വരില്ല. പക്ഷേ സൂക്ഷിക്കണം, പ്രവാസി പെന്‍ഷന്റെ പോരിശ ഇങ്ങനെ നീട്ടി നീട്ടി പാടിയാല്‍ സഹികെട്ട് വൈദ്യരെങ്ങാനും ഇങ്ങോട്ട് തിരിച്ചുവന്നാലോ?
ദേ ഒരു മല്‍ബു ഫോറവും നീട്ടിപ്പിടിച്ച് പോകുന്നു.
എങ്ങോട്ടാ യാത്ര? ഇതൊന്നു പൂരിപ്പിച്ച് പണമടക്കണം. നമ്മടെ ഹംസാക്കയുടെ പെന്‍ഷനുവേണ്ടിയാ.
അതിനെന്തിനാ നിങ്ങള്‍ നെട്ടോട്ടമോടുന്നേ. എല്ലാം ഏജന്റിനെ ഏല്‍പിച്ചാല്‍ പോരേ. ഫോറം പൂരിപ്പിക്കലും പണമടക്കലുമെല്ലാം അവര് നടത്തിക്കോളും. പെന്‍ഷന്‍ മാത്രം നിങ്ങള്‍ വാങ്ങിയാല്‍ മതി.
പാസ്‌പോര്‍ട്ട് പുതുക്കല്‍ പുറംവേലക്കാര്‍ ചെയ്യുന്നതു പോലെ തന്നെ.
ആഹാ, കൊള്ളാല്ലോ. മല്‍ബു പെന്‍ഷന്‍ വഴിയും ഒരു കൂട്ടര്‍ക്ക് തൊഴില്‍.
0 comments:
Post a Comment