മൂപ്പന്‍ അയമു ഇപ്പോഴും വിശ്വസിക്കുന്നത് ചക്ക തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്നാണ്. തനിക്ക്് ആദ്യമായി റാഡോ വാച്ച് സമ്മാനമായി ലഭിക്കാന്‍ കാരണം തേന്‍വരിക്ക ചക്കയായിരുന്നുവെന്ന് മറ്റൊരു മല്‍ബുവായ നാണി വിശ്വസിക്കുന്നു. ചായയിട്ടു കൊടുക്കുന്ന പണിയില്‍നിന്ന് സൂപ്പര്‍വൈസറായി ഉദ്യോഗക്കയറ്റം കിട്ടാന്‍ മധുരമൂറുന്ന ചക്ക തുണച്ചുവെന്ന വിശ്വാസക്കാരനാണ് കൂലേരി ദാമു.
ചക്കകൊണ്ട് തോറ്റുവെന്ന് കുടകുകാരന്‍ ആക്ക. ആരോ അയച്ച ചക്കച്ചുളകളുടെ ഫോട്ടോ കമ്പ്യൂട്ടറില്‍ സ്‌ക്രീന്‍ സേവറാക്കിയത് വിനയായെന്നാണ് ആക്ക പറയുന്നത്. വാഴയിലയില്‍ നിരത്തിവെച്ചിരിക്കുന്ന ആ ചക്കച്ചുളകള്‍ കണ്ടാല്‍ ആര്‍ക്കും നാവില്‍ വെള്ളമൂറും. അതു മലയാളിക്ക് മാത്രമായിരിക്കുമെന്ന തോന്നലാണ് ആക്കക്ക് പിഴച്ചത്. റിയല്‍ ചക്ക കാണേണ്ട, കൊതിയൂറാന്‍ ചക്കച്ചുളകളുടെ ചിത്രം കണ്ടാലും മതിയെന്ന് ആക്കയുടെ അനുഭവം അടിവരയിടുന്നു.
ഒരു ചക്കക്ക് ജീവിതത്തില്‍ എന്തു സ്വാധീനമാണ് ചെലുത്താനാവുകയെന്നു ചിന്തിച്ചിട്ടുണ്ടോ? ചക്ക വിഭവങ്ങള്‍ നൂറു കൂട്ടമാണ്. ചക്ക വരട്ടിയത്, ചക്ക എരിശ്ശേരി അങ്ങനെ ഓരോന്ന് കേള്‍ക്കുമ്പോള്‍ പ്രവാസികള്‍ക്കു മാത്രമല്ല, പ്ലാവുകള്‍ അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടിലും ഇപ്പോള്‍ ഗൃഹാതുരത്വമുണരും.
ജാക്ക് ഫ്രൂട്ട് എന്ന് ഇംഗ്ലീഷിലും പനസം എന്നു സംസ്‌കൃതത്തിലും പറയുന്ന നമ്മുടെ സ്വന്തം ചക്ക മൊറേസി എന്ന സസ്യകുലത്തില്‍ പെട്ടതാണ്.
എല്ലാ ചക്കവിഭവങ്ങളും വായില്‍ വെള്ളമൂറാന്‍ കാരണമാകുന്നതാണെങ്കിലും വേണ്ടാത്തതേതെന്ന് ചോദിച്ചാല്‍ ചക്കമടല്‍ എന്നു തന്നെയായിരിക്കും ഉത്തരം. മുള്ളു പോലിരിക്കുന്ന ചക്കയുടെ പുറം തൊലി മുറിച്ചെടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് പത്ത് ഗ്രാം വീതം ദിവസം രണ്ട് നേരം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു കുറവുണ്ടാകുമെന്നത് നാട്ടറിവുകളിലൊന്ന്. പിന്നെയുമുണ്ട് ചക്കയുടെ ഔഷധ ഗുണങ്ങള്‍. ചക്കയെ കുറിച്ചുള്ള നാട്ടറിവുകള്‍ ശേഖരിച്ച് ഡിജിറ്റൈസേഷന്‍ ചെയ്തതു വെറുതെയല്ല. ചക്കയുടെ മഹിമ കടലും കരയും കടക്കട്ടെ.
അപ്പോള്‍ നിസ്സാരക്കാരനല്ലാത്ത ചക്ക അയമുവിന്റെ ജീവിതത്തെ സ്വാധീനിച്ചുവെന്ന് വിശ്വസിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല. കഫീലുമായുള്ള ഇടപാടുകള്‍ പീഡനങ്ങളുടെ പര്യായമായി മാറിയപ്പോഴാണ് ഒരു തവണ മടക്കയാത്രയില്‍ അയമു ഒരു തേന്‍വരിക്ക കരുതിയത്. ആ തേനൂറും തേന്‍വരിക്ക അങ്ങനെ തന്നെ കഫീലിനു സമ്മാനിച്ചു. പിന്നീട് നാട്ടില്‍നിന്നുള്ള ഓരോ വരവില്‍ മാത്രമല്ല, വീടിനടുത്തുനിന്ന് ആരെങ്കിലും വരുമ്പോഴും ചക്ക വരുത്തിച്ച് അയമു കഫീലിന്റെ മനം കവര്‍ന്നു. പിന്നെ പിന്നെ ചക്കയും കയറ്റുമതി ഉല്‍പന്നമായതോടെ അയമുവിന് ദൗത്യം എളുപ്പമായി. പത്തോ ഇരുപതോ റിയാല്‍ കൊടുത്ത് ചക്ക വാങ്ങി കഫീലിനു കാണിക്കയാക്കി. സര്‍പ്പീലേക്ക് പോയാല്‍ മതി, ഒന്നാന്തരം ചക്ക റെഡി. ജിദ്ദയിലെ മല്‍ബുകളുടെ സ്വന്തം വ്യാപാര കേന്ദ്രമാണ് ശറഫിയ്യ എന്ന സര്‍പ്പീ.
അയമു സമ്മാനിച്ചുകൊണ്ടിരുന്ന ചക്കയുടെ ഉപഭോക്താവ് യഥാര്‍ഥത്തില്‍ കഫീലായിരുന്നില്ല, പണ്ടെങ്ങോ അയാള്‍ കെട്ടിക്കൊണ്ടുവന്ന എടവണ്ണപ്പാറക്കാരി കദീസുവായിരുന്നുവെന്ന വിവരം അയമുവിന് കിട്ടാന്‍ കഫീല്‍ ഇഹലോകവാസം വെടിയേണ്ടി വന്നു. ഒരു കടലാസിനുവേണ്ടി ചെന്നപ്പോഴാണ് പര്‍ദയണിഞ്ഞ കഫീലത്തി 'അയമൂ, നീ ആ ചക്ക മുടക്കേണ്ട' എന്നു മൊഴിഞ്ഞത്.
തേന്‍വരിക്കയുടെ മധുരത്തില്‍ നാണിയും ദാമുവും സൗഭാഗ്യങ്ങള്‍ നേടിയപ്പോള്‍ എപ്പോഴും ചക്ക കൊണ്ടുവരാന്‍ കല്‍പിക്കുന്ന മാനേജരില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ല എന്നതാണ് ആക്കയുടെ സങ്കടം.
അതെന്താ ഒരു ചക്ക എത്തിച്ചുകൊടുത്താല്‍? മാനേജരുടെ ഇഷ്ടക്കാരനാകാന്‍ പറ്റില്ലേ?
പിന്നെ, മാഫീ ഫാഇദ ഹബീബി... നയാപൈസയുടെ ഗുണമില്ലെന്ന് ആക്ക.
സ്‌ക്രീന്‍ സേവറില്‍ കണ്ട ചക്കച്ചുളയില്‍ കൊതി മൂത്ത് മാനേജര്‍ക്ക് ആദ്യത്തെ തവണ പത്ത് ചുള മാത്രമാണ് എത്തിച്ചുകൊടുത്തത്. അയാള്‍ അതില്‍ അഞ്ചെണ്ണം അപ്പോള്‍തന്നെ തട്ടി ബാക്കി അഞ്ചെണ്ണം വീട്ടില്‍ കൊണ്ടുപോയപ്പോഴാണ് നമ്മുടെ സ്വന്തം ചക്കക്ക് ആരാധകരേറിയത്. മാനേജരുടെ കുടുംബിനിക്ക് പിന്നീട് ചക്ക കിട്ടാതെ വയ്യെന്നായി. യെല്ലോ ഫ്രൂട്ടിനായി പിന്നാലെ കൂടിയ മാനേജരില്‍നിന്ന് ഫാഇദയൊന്നുമില്ലെങ്കിലും ഇത്തിരി ശല്യം കുറഞ്ഞോയെന്ന് ആക്കക്കും സംശയമുണ്ട്.
ചക്കച്ചുള കഷായം വെച്ച്് അമുക്കുരം, അടപതിയന്‍ കിഴങ്ങ്, പാല്‍മുതുക്കിന്‍ കിഴങ്ങ്, കുരുമുളക്, തിപ്പലി എന്നിവ വിധിപ്രകാരം ചേര്‍ത്ത് നെയ്യ് കാച്ചി ദിവസവും ഉപയോഗിച്ചാല്‍ ശരീരം എത്ര മെലിഞ്ഞതായാലും തടിക്കുമെന്നത് മറ്റൊരു നാട്ടറിവാണ്. എരുമ നെയ്യ് ചേര്‍ത്തതാണെങ്കില്‍ സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമെന്നതും ചേര്‍ത്തുവായിക്കണം. ഇത് ആക്കയുടെ എലുന്ത് പോലിരിക്കുന്ന ഭാര്യക്ക് ബാധകമാണെങ്കിലും മാനേജറുടെ 110 കിലോ പ്രിയതമക്ക് ഒരിക്കലും ബാധകമല്ലല്ലോ. എന്നാലും ചക്കയുടെ മഹിമക്ക് ലഭിച്ച അംഗീകാരത്തില്‍ സന്തോഷിക്കുന്ന ആക്ക മാനേജറുടെ ചക്ക മുറവിളി കൂടുമ്പോള്‍ നേരെ സര്‍പ്പീലെ കടയിലേക്ക് പോകുന്നു. തേന്‍വരിക്ക വന്നാല്‍ ഒന്നെടുത്ത് വെക്കനമെന്നഅവനോട് ശട്ടം കെട്ടിയിട്ടണ്ട്.
0 comments:
Post a Comment