നിങ്ങളുടെ മുഴുവന്‍ വിലാസവും പറയൂ.
അതേ സാര്‍, മുഴുവന്‍ വിലാസവും പറഞ്ഞുകഴിഞ്ഞു.
വിശ്വാസം വരാതെ ഉദ്യോഗസ്ഥന്‍ വീണ്ടും കമ്പ്യൂട്ടറിലേക്കും പാസ്‌പോര്‍ട്ടിലേക്കും ഒടുവില്‍ മുഖത്തേക്കും മാറി മാറി നോക്കി.
കമ്പ്യൂട്ടറിലേക്കും പാസ്‌പോര്‍ട്ടിലേക്കും എത്ര വേണമെങ്കിലും നോക്കിക്കൊള്ളട്ടെ. മുഖത്തേക്കുള്ള ഈ നോട്ടമാണ് അസഹനീയം. മോഷ്ടാവെന്ന്് ഉറപ്പായ ആളുടെ നേരെ പോലീസുകാരന്‍ പോലും ഇങ്ങനെ നോക്കില്ല.
മല്‍ബുവിന്റെ മനസ്സില്‍ പറയാന്‍ പലതും വരുന്നുണ്ടെങ്കിലും സന്ദര്‍ഭം അനുസരിച്ചു പെരുമാറണമല്ലോ? എല്ലാം മനസ്സില്‍ ഒതുക്കി. പണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അനാവശ്യ ചോദ്യം ചോദിക്കുന്നവരെ മല്‍ബു നിര്‍ത്തി പൊരിക്കുമായിരുന്നു.
എല്ലാ ജോലിയും ചെയ്ത ശേഷവും മെക്കിട്ട് കയറാന്‍ വന്ന ഒരു ബോസിന്റെ ചെകിട്ടത്ത് വെച്ചു വീക്കിയതാണ് ഏറ്റവും കുറഞ്ഞ റെക്കോര്‍ഡ്. ജോലി നഷ്ടപ്പെട്ടുവെങ്കിലും അനീതിക്കെതിരായ പോരാട്ടത്തില്‍ അങ്ങനെ പലതും സംഭവിക്കുമെന്ന് സ്വയം ന്യായം കണ്ടെത്തിയിട്ടുമുണ്ട്. ആ അവിസ്്മരണീയ സംഭവമാണ് ഒരുപക്ഷേ പ്രവാസ ലോകത്തേക്കുള്ള വാതില്‍ തുറന്നതെന്നും വേണമെങ്കില്‍ പറയാം. അതിനുശേഷമാണ് നാടു വിടുന്നതായിരിക്കും നല്ലതെന്ന്, പിതാവിനു പുറമെ ഭാര്യയും പറഞ്ഞുതുടങ്ങിയത്.
ഉടന്‍ പ്രതികരണമെന്ന സ്വഭാവവും കൊണ്ട് അങ്ങോട്ട് പോകരുതെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നുവെച്ച് അതൊക്കെ അവിടെ ഉപേക്ഷിച്ചിട്ടൊന്നുമല്ല മല്‍ബു വിമാനം കയറിയത്. മരുഭൂമി അതു സ്വീകരിച്ചില്ലെന്നു മാത്രം. ഉരുകുന്ന ചൂടില്‍ പാകപ്പെടുത്തിയെടുത്തു.
ഗള്‍ഫ് ജീവിതം സമ്മാനിച്ച ഏറ്റവും വലിയ നേട്ടമാണിത്. സ്വഭാവത്തിലുണ്ടായ മാറ്റം. ഏതു സാഹചര്യത്തെയും നേരിടാനും അവസരത്തിനൊത്ത് പെരുമാറാനുമുള്ള കഴിവ്. ആരെയും വെറുപ്പിക്കരുത്. അറിയാതെ അങ്ങനെയെങ്ങാനും ഇടവന്നാല്‍ അടുത്ത നിമിഷം തന്നെ സുഖിപ്പിക്കാനുള്ള വിദ്യ കണ്ടെത്തണം.
നിങ്ങളെ ഒന്നിനും കൊള്ളില്ല എന്ന് ഒരാളോട് പറഞ്ഞുപോയെങ്കില്‍ നിങ്ങളെ മാത്രമേ കൊള്ളൂ എന്ന് അടുത്ത നിമിഷം, അല്ലെങ്കില്‍ അടുത്ത ദിവസമെങ്കിലും പറയാനുള്ള കഴിവ് നേടിയെടുക്കാതെ പ്രവാസ ലോകത്ത് പിടിച്ചുനില്‍ക്കുക സാധ്യമേയല്ല. പിടിച്ചുനില്‍ക്കുന്നതിനുമപ്പുറം തിളങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മണിയടി കൂടി ശീലക്കണം. ആ മണിയടിയില്‍ കൂടെ ജോലി ചെയ്യുന്നവന്റെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയുമാണെന്ന ചിന്ത ഒരിക്കലും കടന്നുവരരുത്. മറ്റുള്ളവരെ കുറിച്ച് ബോസിന്റെ മനസ്സില്‍ സംശയം ജനിപ്പിക്കുമ്പോള്‍ സ്വന്തം ഇരിപ്പിടം ഉറപ്പാവുകയും ശമ്പള പാക്കറ്റിന്റെ കനം കൂടുകയും ചെയ്യും.
ഇങ്ങനെ തിയറിയും പ്രാക്ടിക്കലുമൊക്കെ പഠിച്ച് നേടിയെടുത്ത അനുഭവസമ്പത്താണ് മല്‍ബുവിന്റെ കൈമുതല്‍.
അതുകൊണ്ടുതന്നെ മേശയുടെ മറുഭാഗത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ കള്ളനെ പോലെ തനിക്കുനേരെ നോക്കുമ്പോഴും പുഞ്ചിരി തൂകാന്‍ മല്‍ബുവിന് കഴിഞ്ഞു.
പക്ഷെ, പുഞ്ചിരി മാത്രം ഇവിടെ ഫലം ചെയ്യില്ല. ഓര്‍മശക്തി കൂടി വേണം.
സ്വന്തം മേല്‍വിലാസം ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തവന് മറ്റ് എന്തു ശക്തിയുണ്ടായിട്ടെന്തു കാര്യം?
ഇവിടെ അതാണ് പരീക്ഷിക്കപ്പെടുന്നത്. വിലാസം പൂര്‍ണമായി പറഞ്ഞുകൊടുത്തിട്ടും യന്ത്രം മുന്നില്‍ വെച്ചിരിക്കുന്നയാള്‍ക്ക് സംശയം നീങ്ങുന്നില്ല.
നിങ്ങളുടെ മുഴുവന്‍ വിലാസവും പറയാതെ രക്ഷയില്ല.
ഉദ്യോഗസ്ഥന്‍ വീണ്ടും. ഞാന്‍ പറഞ്ഞുകഴിഞ്ഞു സാര്‍. ഇതെന്റെ ശരിയായ വിലാസമാണ്. പൂര്‍ണ വിലാസം.
ഉദ്യോഗസ്ഥന്റെ മുഖം തെളിയുന്നില്ല.
കമ്പ്യൂട്ടര്‍ പറയുന്നു, ഇത് താങ്കളുടെ വിലാസമല്ല. ശരിയായ വിലാസം നിങ്ങള്‍ പറയാതെ എനിക്ക് ഒന്നും ചെയ്യാനും കഴിയില്ല.
ഈ പറഞ്ഞതല്ലാതെ എനിക്ക് മറ്റൊരു വിലാസമില്ല സാര്‍.
ഉറപ്പാണോ?
അതെ, നൂറുവട്ടം ഉറപ്പാണ്.
എന്നാല്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് കള്ള പാസ്‌പോര്‍ട്ടാണ്.
നിങ്ങള്‍ വന്നിരിക്കുന്നത് മറ്റൊരാളുടെ പാസ്‌പോര്‍ട്ടിലാണ്. അല്ലെങ്കില്‍ നിങ്ങള്‍ കള്ള പാസ്‌പോര്‍ട്ട് എടുത്തിരിക്കയാണ്.
അയാളുടെ ചെകിട്ടത്തുവെക്കേണ്ട കൈവിരല്‍ മല്‍ബു സ്വന്തം മൂക്കത്തുവെച്ചു.
എന്താ കഥ. അഞ്ച് പത്ത് വര്‍ഷമായി പോയി വരുന്ന പാസ്‌പോര്‍ട്ട് വ്യജനാണത്രെ. അതിശയം തന്നെയല്ലേ ഇത്.
മാറിനില്‍ക്കണം.
മാറിനിന്ന മല്‍ബുവിന്റെ ചിന്ത പലവഴിക്കും പോയി. പണം പിടുങ്ങാനുള്ള വല്ല ഏര്‍പ്പാടുമായിരിക്കുമോ? അല്ലാതെ എന്തു ചിന്തിക്കാനാ. കള്ള പാസ്‌പോര്‍ട്ടും രണ്ടാം പാസ്‌പോര്‍ട്ടും മനസ്സില്‍ വിചാരിക്കാത്ത കാര്യമാണ്. എന്തോ ചതിയുണ്ട്.
അധികം കഴിയുന്നതിനു മുമ്പേ, മല്‍ബുവിനെ അകത്തെ മുറിയില്‍ കൊണ്ടുപോയി. ചോദ്യശരങ്ങള്‍.
രണ്ടാം പാസ്‌പോര്‍ട്ടാ അല്ലേ?
സമ്മതിച്ചാല്‍ എളുപ്പം വീട്ടില്‍ പോകാം. അല്ലെങ്കില്‍ ഇന്നു പോകാന്‍ കഴിയില്ല.
അല്ല സാര്‍, ഇതെന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ടാ.
വീണ്ടും ചോദ്യം. രണ്ടാം പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ തലമാറ്റി വന്നതായിരിക്കും അല്ലേ?
അയ്യോ സാറേ... സ്വന്തം പാസ്‌പോര്‍ട്ടില്‍ വരാന്‍ എന്തിനു തല മാറ്റണം?
ശരി. എന്നാല്‍ നിങ്ങള്‍ വിലാസം മുഴുവനായി പറയൂ.
മല്‍ബു
സണ്‍ ഓഫ് എക്‌സ് മല്‍ബു
മെലിയന്റവിടെ
ഒഴിഞ്ഞപാടം
പോസ്റ്റ് മേലേക്കര
വഴി കുറുങ്കടവ്
കണ്ണൂര്‍ ജില്ല. കേരളം, ഇന്ത്യ
വിലാസം മുഴുവന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന്‍ കള്ള പാസ്‌പോര്‍ട്ട് പിടിച്ചതിനാല്‍ വിജയശ്രീലാളിതനായി നില്‍ക്കുകയായിരുന്ന ആദ്യ ഉദ്യോഗസ്ഥനു നേരെ നോക്കി.
വിലാസം കൃത്യമാണല്ലോ
അല്ല സാര്‍, ആദ്യം ഇയാള്‍ ഒഴിഞ്ഞപാടം എന്നു പറഞ്ഞിരുന്നില്ല.
ഉദ്യോഗസ്ഥന്‍ വീണ്ടും മല്‍ബുവിനു നേരെ.
ശരിയാണോ, ആദ്യം നിങ്ങള്‍ ഒഴിഞ്ഞപാടം എന്നു പറഞ്ഞില്ലേ?
അതെന്തു പറയാനാ, ഒഴിഞ്ഞപാടമല്ലേ. ഞാനതങ്ങ് മറന്നുപോയതാ.
ശരി ഇനി പോകാം എന്നു പറഞ്ഞുകൊണ്ട് മേലുദ്യോഗസ്ഥന്‍ ചിരിച്ചെങ്കിലും മല്‍ബുവിന് അമര്‍ഷം കൂടുകയായിരുന്നു.
വീണ്ടും കിട്ടി ഒരു സോറി.
ബുദ്ധിമുട്ടായി അല്ലേ.
ചിലപ്പോള്‍ കമ്പ്യൂട്ടര്‍ പരാജയപ്പെടും. അവിടെ ഞങ്ങള്‍ക്ക് ഇതേ നിവൃത്തിയുള്ളൂ.
ഇതൊക്കെയായിരിക്കും നിയോഗം. എയര്‍പോര്‍ട്ടിനു പുറത്തു കാത്തിരിക്കുന്ന മക്കളെ കാണാനുള്ള ധിറുതിയില്‍ കിട്ടിയ സോറിയും കൊണ്ട് മല്‍ബു വേഗം വീട്ടിലേക്ക്.
potte malbhu kshami!
ReplyDeleteപിടിച്ചിരുത്തി വായിപ്പിച്ചു ഈ കുറിപ്പ്..
ReplyDeleteഅശ്റഫ് ഭായി, വ്യത്യസ്തമായ അഭിപ്രായത്തിനു നന്ദി. പാര്ക്കിങ്ങിനായി ഒരു വലിയ കെട്ടിടം വേറെത്തന്നെ ഞങ്ങള് താമസിക്കുന്ന ഫ്ളാറ്റിന്റെ ഉടമകള് പണിതിട്ടുണ്ട്. കൂടാതെ വലിയൊരു മൈതാനവും തൊട്ടടുത്ത് ഒഴിഞ്ഞുകിടപ്പുണ്ട്.എന്നിട്ടും ഇത്തരം പാവങ്ങളെപ്പോഴും (മറ്റുള്ളവരുടെ)പുറത്ത് സ്വന്തം ശകടമിടുന്നത്, ജീവിക്കാന് വേണ്ടിയാണെന്നു പറയാന് പറ്റില്ല. മറ്റുള്ളവരുടെ സ്വൈരജീവിതം നശിപ്പിക്കാനാണെന്നേ കരുതാനാവൂ. പിന്നെ, പ്രസ് എന്നെഴുതിയൊട്ടിച്ച വാഹനവുമായി ഞാന് പോയയിടങ്ങളില് ഒരാളും ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ല. കാരണം ഞാനുപയോഗിച്ചത് ബൈക്കായിരുന്നു. വലിയവാഹനത്തിന്റെ കൂട്ടുത്തരവാദിത്തമായപ്പോള് അതൊരുപക്ഷേ, പരിധികള് ലംഘിച്ചിട്ടുണ്ടാവാം. പക്ഷേ, അതിനു നീതീകരിക്കാനാവുന്ന കാരണങ്ങളുമുണ്ടായിരുന്നു. വി.ഐ.പികളെല്ലാം ഇങ്ങനെയാണെന്നു ഞാന് പറയില്ല. എന്നാല് പ്രശ്നക്കാരില് അവരുമുണ്ടെന്നു പറയും, തീര്ച്ച.
ReplyDeleteകൂട്ടിച്ചേര്ക്കാനൊന്നുകൂടി- ഒരിക്കല് കോഴിക്കോട്ടെ മുത്തശ്ശിപ്പത്രക്കാരന് ഇതുപോലൊരു പാര്ക്കിങ് പ്രശ്നത്തില് പോലിസ് സ്റ്റേഷനില് കയറിയ കഥയുമുണ്ട്. വി.ഐ.പി സ്റ്റാറ്റസ് പതിച്ചുകിട്ടാത്ത കൂട്ടരില് മുന്പിലാണു ഇവരുമെന്നത് യാഥാര്ഥ്യം.
താങ്ക്ളെ ഇനിയും ഇത്തരം പ്രതികരണങ്ങള് തുറന്ന ചര്ച്ചകളിലേക്കു നയിക്കും. വീണ്ടും വരുമല്ലോ. സ്നേഹത്തോടെ നന്ദി.